2014, ഡിസംബർ 31, ബുധനാഴ്‌ച

നന്ദിയാരോട് ഞാന്‍ ചൊല്ലേണ്ടൂ....

സംഭവബഹുലമായത് എന്ന് പറയാന്‍ പറ്റില്ലെങ്കിലും കുഴപ്പമില്ലാത്ത ഒരുവര്‍ഷം കൂടി കടന്നു പോകുന്നു.  കഴിഞ്ഞവര്‍ഷം എന്‍റെ പ്രിയപ്പെട്ട പലരും ജീവിതയാത്ര അവസാനിപ്പിച്ചു പിരിഞ്ഞുപോയത് കാരണം അതിയായ സങ്കടത്തില്‍ ചെന്ന് പെട്ടിരുന്നു.  പക്ഷെ ഈ വര്ഷം അത്രക്ക് രൂക്ഷമായി അനുഭവപ്പെട്ടില്ല.  എന്നാലും എന്‍റെ എറണാകുളം യാത്രകളിലെ സഹയാത്രികനായിരുന്ന മനോജിന്‍റെ വേര്‍പാട് തെല്ലൊന്നുമല്ല വേദന തന്നത്.


ഒരു ബ്ലോഗര്‍ എന്ന നിലയില്‍ എന്തുകൊണ്ടും നല്ല വര്‍ഷമായിരുന്നു 2014.  കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് ഈ വര്ഷം ബ്ലോഗില്‍ ഇതടക്കം 26 പോസ്റ്റുകള്‍ ഇടാന്‍ കഴിഞ്ഞു എന്നുള്ളത് സന്തോഷം ഇരട്ടിയാക്കുന്നു.  കഴിഞ്ഞവര്‍ഷം ആകെ പതിനൊന്നു പോസ്റ്റുകള്‍ മാത്രം ഇട്ട സ്ഥാനത്താണ് ഇത്.  പിന്നെ മറ്റുവിഷയങ്ങള്‍ ഒരുപരിധിവരെ ഒഴിവാക്കി സിനിമയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനായി.  പൈസ കൊടുത്ത് തിയറ്ററില്‍ പോയി കാണാത്തത് കാരണം torrent റിവ്യൂ സ്പെഷ്യലിസ്റ്റ് എന്ന ഒരു സ്ഥാനപ്പേരും ഫെസ്ബുക്കിലെ ചില മന്നവന്മാര്‍ കല്‍പ്പിച്ചു തന്നിട്ടുള്ളത് സന്തോഷത്തോടെ സ്വീകരിക്കുന്നു.

എന്‍റെ സിനിമാ സംബന്ധിയായ പോസ്റ്റുകള്‍ ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ സിനിമയോടുള്ള തങ്ങളുടെ താല്‍പര്യക്കുറവു മറച്ചുവെക്കാതെ തന്നെ എന്‍റെ ശ്രമങ്ങളെ അകമഴിഞ്ഞ് പ്രോത്സാഹിപ്പിക്കുന്ന നല്ലമനസ്സുള്ള ഒരുപാട് പേര്‍.  

ഫേസ്ബുക്ക് എന്ന സാമൂഹിക മാധ്യമത്തില്‍ കുറച്ചുകൂടി സജീവമായി എന്നുള്ളത് എടുത്തു പറയാവുന്ന ഒരു സംഗതി തന്നെയാണ്.  ഫേസ്ബുക്ക് ബ്ലോഗിനെ ബാധിക്കും എന്ന് ഉറച്ചു വിശ്വസിച്ചിരുന്ന എനിക്ക് അതിനെ അതിജീവിക്കാന്‍ കഴിഞ്ഞതിനു ഈ ഇരുപത്തിയാറു പോസ്റ്റുകള്‍ തന്നെ ധാരാളം.  ഫെസ്ബുക്കിലും അല്ലാതെയും എന്‍റെ പരിമിതമായ സൌഹൃദവലയത്തില്‍ ഉള്ളവരും എന്‍റെ നന്മ ആഗ്രഹിക്കുന്നവരുമായ പലരുടെയും പ്രോത്സാഹനം ഈ അവസരത്തില്‍ സ്മരിക്കുന്നു. 

കുറെയധികം കൂട്ടുകാര്‍ എന്‍റെ ഫെസ്ബുക്കിന്‍റെ വാതിലില്‍ മുട്ടി കടന്നുവന്നത് ഈ വര്‍ഷമാണ്‌.  സൌഹൃദത്തിന്റെ ഊഷ്മളത എന്തെന്ന് എന്നെ പഠിപ്പിച്ച ചിലര്‍.  പ്രതീക്ഷിച്ചതിനേക്കാള്‍ എന്നെ സ്വന്തം ഹൃദയത്തോട് ചേര്‍ത്ത് പിടിച്ചവര്‍. അവരില്‍ ചിലരെ ഞാന്‍ തന്നെ എന്നിലേക്ക് കൂട്ടിയതാണ്.  വലിയ പുള്ളികള്‍ എന്ന് കരുതിയ പലരും ഹൃദയവിശാലതകൊണ്ട് എന്നെ അമ്പരപ്പിച്ചു. ചിലരെയൊക്കെ നേരിട്ട് കാണാനും മറ്റുചിലരോടെല്ലാം ഫോണ്‍ വഴി സംസാരിക്കാനുമായി.  എന്നില്‍ നിന്നും എന്തുകൊണ്ടോ വിട്ടുപോയിട്ടും വീണ്ടും എന്നിലേക്ക് വീണ്ടും വന്നവര്‍.  ക്ഷമ എന്തെന്ന് എന്നെ പഠിപ്പിച്ചതരത്തില്‍ പോസ്റ്റും കമന്റും ഇടുന്ന മറ്റുചിലര്‍. നിവൃത്തികേടുകൊണ്ട് എനിക്ക് ഒഴിവാക്കേണ്ടി വന്ന ചിലര്‍ (ഇനിയും ചിലര്‍ കൂടി ബാക്കിയുണ്ട് അവരില്‍)!.  ഒരുപാട് പേര്  എന്‍റെ ലിസ്റ്റിലേക്ക് കടന്നു വന്നു. 

ഒരു വ്യക്തി എന്ന നിലയില്‍ എന്‍റെ ജീവിതത്തിന്‍റെ പല കാര്യങ്ങളും പ്ലാന്‍ ചെയ്തു എങ്കിലും ചിലത് നടപ്പാക്കാന്‍ കഴിയാതെ പോകുകയും മറ്റു ചിലത് കാലവിളംബം വരുത്തുന്നതും കണ്ട വര്‍ഷമാണ്‌ കഴിഞ്ഞുപോകുന്നത്.  പക്ഷേ എന്‍റെ വ്യക്തിജീവിതവുമായി തട്ടിച്ചുനോക്കുമ്പോള്‍ കാലവിളംബം പല സംഗതികളിലും അപ്രധാനമല്ലാത്ത ഒരു റോള്‍ കൈകാര്യം ചെയ്തിട്ടുണ്ട്.  എന്തൊക്കെയായാലും പുതിയ പലകാര്യങ്ങള്‍ ചെയ്യാന്‍ പ്ലാന്‍ ചെയ്യുകയും മുന്‍പ് വിചാരിച്ചിട്ട് നടക്കാതെപോയ പലതും ഇപ്പോള്‍ ചെയ്യാന്‍ തുടങ്ങുകയും ചെയ്തു ഈ വര്‍ഷം.  അതിലേറെ എന്നെ സ്നേഹിക്കുന്ന എന്‍റെ ഉമ്മ, സഹോദരി, ഭാര്യ, എന്‍റെ മറ്റുകുടുംബക്കാര്‍, സുഹൃത്തുക്കള്‍ എല്ലാവരോടും പറയാനുള്ളത് ഒന്ന് മാത്രം!

എല്ലാവരോടും നന്ദി പറയുന്നു - സഹകരിച്ചവര്‍ക്കും, സ്നേഹിച്ചവര്‍ക്കും, വെറുപ്പ് കാണിച്ചവര്‍ക്കും, ഉപദേശങ്ങള്‍ തന്നവര്‍ക്കും, ശാസിച്ചവര്‍ക്കും, തെറ്റുകള്‍ ചൂണ്ടിക്കാനിച്ചവര്‍ക്കും, മാനസികമായി തകര്‍ക്കാന്‍ ശ്രമിച്ചവര്‍ക്കും, എല്ലാം എല്ലാം.. ചില സന്ദര്‍ഭങ്ങളില്‍ നിങ്ങളില്ലായിരുന്നുവെങ്കില്‍ ഞാന്‍ ഒരുപക്ഷെ ഞാനല്ലാതെയയേനെ.  എല്ലാവര്ക്കും എന്‍റെയും എന്‍റെ കുടുംബത്തിന്‍റെ പേരിലും സമ്പല്‍സമൃദ്ധിയുടെ-സമാധാനത്തിന്‍റെ-പരസ്പര സഹകരണത്തിന്റെ ഒരു പുതുവര്‍ഷം നേരുന്നു.  ഹാപ്പി ന്യൂ ഇയര്‍!

2014, ഡിസംബർ 26, വെള്ളിയാഴ്‌ച

ഞാന്‍ കണ്ട സിനിമ - സപ്തമശ്രീ തസ്കരാ:

നോര്‍ത്ത് 24 കാതം എന്ന സിനിമ എന്തുകൊണ്ടും വളരെ നല്ല ഒരു അനുഭവമായിരുന്നു. സംവിധായകന്‍ അനില്‍ രാധാകൃഷണന്‍ മേനോന്‍   പക്ഷെ അതിലൂടെ കൈവന്ന കൈത്തഴക്കം എന്ന് തോന്നിച്ച സംഗതി ഈ കള്ളന്മാരുടെ സിനിമയില്‍ നിലനിര്‍ത്തിയോ എന്നൊരു സംശയം നമ്മളില്‍ തോന്നിയാല്‍ കുറ്റം പറയാനാവില്ല.


ഏഴു കള്ളന്മാരിലെ മാര്‍ട്ടിന്‍ എന്ന കള്ളന്‍ ഒരുദിവസം കാലത്ത് പള്ളിയില്‍ കുമ്പസാരിക്കാന്‍ വരുന്നിടത്താണ് കഥ തുടങ്ങുന്നത്. ആ രംഗങ്ങള്‍ വളരെ രസകരമായി മാര്‍ട്ടിന്‍ എന്ന ചെമ്പന്‍ വിനോദും ഫാദര്‍ ആയി ലിജോ ജോസ് പെല്ലിശേരിയും ചേര്‍ന്ന് അഭിനയിച്ചു ഫലിപ്പിച്ചിരിക്കുന്നു.  ആസ്വദിക്കാനായി സിനിമ കണ്ടിരിക്കുന്ന പ്രേക്ഷകരില്‍ പെട്ടെന്ന് ചിരിപടര്‍ത്തുന്ന ചില രംഗങ്ങള്‍ അവിടവിടെയുണ്ട്.

നോര്‍ത്ത് 24 കാതം എന്ന സിനിമയുമായി തട്ടിച്ചുനോക്കുമ്പോള്‍ പ്രിത്വിരാജ് എന്ന സൂപ്പര്‍താരം വന്നപ്പോള്‍ ഈ സിനിമയില്‍ സൂപ്പര്‍ താരത്തെ പൊലിപ്പിക്കാന്‍ ചെറിയ ശ്രമങ്ങള്‍ അറിഞ്ഞുകൊണ്ട് നടത്തിയിരിക്കുന്നു എന്ന് കാണാന്‍ കഴിയും.  പക്ഷെ, പ്രിത്വിയുടെ അഭിനയം മോശമാണ് എന്ന് ഇതിനു അര്‍ത്ഥമില്ല.  പറഞ്ഞുവരുമ്പോള്‍ ഇതിലെ യഥാര്‍ത്ഥ താരം ചെമ്പന്‍ മാര്‍ട്ടിന്‍ എന്ന കള്ളനെ അവതരിപ്പിച്ച ചെമ്പന്‍ വിനോദ് തന്നെ!  കിളിപോയ ലീഫ് വാസുവും ശരിക്കും സ്കോര്‍ ചെയ്തു.

കള്ളന്‍മാരുടെ ഓരോരുത്തരുടെയും ജീവചരിത്രം പ്രതിപാദിക്കുന്ന ശൈലി കുറച്ചൊക്കെ വേറിട്ട്‌ നില്‍ക്കുന്ന ഫ്ലാഷ് ബാക്കിലാണ് ചെയ്തിരിക്കുന്നത്.  കൊള്ളാം. പ്രിത്വി (കൃഷ്ണനുണ്ണി), ആസിഫ് അലി (ശബാബ്), നീരജ് മാധവ് (നാരായണന്‍ കുട്ടി മെക്കാനിക്ക്), സുധീര്‍ കരമന (കിളി പോയ ലീഫ് വാസു), സലാം ബുഖാരി (സലാം), നോബിളെട്ടന്‍ (നെടുമുടി വേണു) തുടങ്ങിയവരാണ് മാര്‍ട്ടിനെ കൂടാതെയുള്ള കള്ളന്‍മാര്‍.  പ്രൈവറ്റ് ഫിനാന്‍സ് കമ്പനി നടത്തിയ നോബിളെട്ടന്റെ ഇന്നത്തെ പ്രതിസന്ധിക്ക് കാരണം അയാളുടെ ബന്ധു പയസും (ജോയ് മാത്യു) കുടുംബവുമാണ്. കൃഷ്ണനുണ്ണിയുടെ ജയില്‍വാസവും പയസ്സുമായി ബന്ധപ്പെട്ടിരിക്കുന്നു. നോബിളെട്ടന്റെ മകള്‍ അന്നമ്മയായി സനൂഷ ( പുള്ളിക്കാരത്തി അഭിനയം പഠിച്ചു വരുന്നു!).  മുന്‍കാല നരേന്ദ്രപ്രസാദ് വേഷങ്ങള്‍ ഇന്ന് ജോയ് മാത്യുവിന്‍റെ കൈകളില്‍ ഭദ്രം.  ഇവരും പിന്നെ അവിടെയും ഇവിടെയും വന്നുപോകുന്നവരുമായ കഥാപാത്രങ്ങള്‍ തങ്ങളുടെതായ റോളുകള്‍ നന്നായി തന്നെ ചെയ്തു.  ആദ്യത്തിലും അവസാനത്തിലും സിനിമയില്‍ ഉള്ള കുഴിക്കല്‍ സീനുകള്‍ അനാവശ്യമാണ് എന്നാണു എന്‍റെ പക്ഷം.

ആര്‍ത്തി, അഴിമതി, പക പോലുള്ള സ്ഥിരം ചേരുവകളില്‍ കുരുങ്ങിക്കിടക്കുന്ന സിനിമയാണെങ്കിലും ആസ്വദിക്കാന്‍ ഉള്ള മേമ്പോടികള്‍ ധാരാളം ഉള്ളതുകൊണ്ട് ഒരിക്കലും ബോര്‍ അടിക്കില്ല.  പിന്നെ ഇറ്റാലിയന്‍ ജോബ്‌ പോലുള്ള സിനിമകള്‍ കണ്ടിട്ട് ഈ പടം ആസ്വദിക്കാന്‍ പറ്റിയില്ലെങ്കില്‍ അത് നമ്മുടെ തന്നെ കുഴപ്പമാണ്.  ബോറടിക്കാതെ 2 മണിക്കൂര്‍ 25 മിനിട്ടോളം ആസ്വദിച്ചു കണ്ടിരിക്കാം എന്നതാണ് പ്രേക്ഷകരെ ഇതിലേക്ക് ആകര്‍ഷിച്ച മുഖ്യ ഘടകം.  ലോജിക്കില്ലായ്മകള്‍ നമുക്ക് തോന്നിയാല്‍ തല്‍ക്കാലം ഇത് entertainment എന്ന നിലയില്‍ വിട്ടുകളയാം.  പൃഥ്വിരാജ് പോലുള്ളവരുടെ തൃശൂര്‍ ഭാഷ ഒഴിച്ച് നിര്‍ത്തിയാല്‍ സംഗതി ക്ലീന്‍!  തരക്കേടില്ലാത്ത ചില ഗാനങ്ങള്‍ ഉള്ളതും എടുത്തു പറയാം.

ഇതില്‍ എന്നെ ആകര്‍ഷിച്ച രണ്ടു സീനുകള്‍:-
1) എട്ടു വയസ്സുകാരിയെ പീഡിപ്പിച്ച ഒരു തടവുപുള്ളിയെ ശബാബും സംഘവും ജയില്‍ അധികൃതരുടെ ഒത്താശയോടെ ഇരുട്ടടി അടിക്കുന്ന സീന്‍.
2)  പുലിക്കളിക്കിടയില്‍ ഫ്രാങ്കോ (മുകുന്ദന്‍) ശബാബിനെ അടിക്കുമ്പോള്‍ കൊള്ളുന്നത് വിജീഷ് എന്ന് പേരായ ഒരു പുലിക്ക്!  അപ്പോള്‍ ആ പുലികള്‍ എല്ലാവരും മുകുന്ദന് നേരെ തിരിയുന്ന രംഗം!  സൂപ്പര്‍ ക്യാമറ, സൂപ്പര്‍ ഷോട്ട്!! കണ്ടു നോക്കൂ..

എന്‍റെ റേറ്റിംഗ് 7.5/102014, ഡിസംബർ 18, വ്യാഴാഴ്‌ച

ഞാന്‍ കണ്ട സിനിമ - കത്തി!

മാസ് എന്ന ലേബലില്‍ ഇറക്കുന്ന സിനിമകള്‍ പ്രേക്ഷകരെ ആഹ്ലാദിപ്പിക്കാന്‍ വേണ്ടി മാത്രം എടുക്കുന്നവ എന്ന് തീര്‍ത്തും പറയാന്‍ പറ്റില്ല എന്ന് കാട്ടിത്തരുന്ന തമിഴ് സിനിമയാണ് മുരുഗദോസ് സംവിധാനം ചെയ്ത ഇളയദളപതി വിജയ്‌ ഡബിള്‍റോളില്‍ നായകനായി വന്ന കത്തി.  

കല്‍ക്കത്ത ജയിലില്‍ തടവില്‍ കഴിയുന്ന ഒരു കുറ്റവാളിയായ കതിരേശന്‍ (വിജയ്‌-1) തടവ്ചാടിയ ഒരു സഹതടവുകാരനെ പിടിക്കാന്‍ അധികൃതരെ സഹായിക്കുന്നു.  പക്ഷെ ഇതിനിടയില്‍ തന്ത്രപൂര്‍വ്വം അയാള്‍ തന്നെ ജയില്‍ ചാടുകയും ചെന്നൈയില്‍ എത്തി കൂട്ടുകാരന്‍ രവിയുടെ സഹായത്തോടെ രക്ഷപ്പെടാന്‍ രാജ്യം വിടാന്‍ തീരുമാനിക്കുകയും ചെയ്യുന്നു.  ഇതിനിടയില്‍ കണ്ടുമുട്ടുന്ന പെണ്‍കുട്ടി അങ്കിത (സാമന്ത), തന്‍റെ തന്നെ രൂപത്തിലുള്ള ജീവാനന്ദം (വിജയ്‌-2) എന്നയാള്‍.  ഈവക കൂടിച്ചേരലുകള്‍ നടക്കുന്നിടത്ത് കത്തിയുടെ കഥ വഴിതിരിയുകയാണ്.  

സ്വന്തം ഭൂമിയില്‍ ജീവിക്കാനുള്ള അവകാശത്തിനുവേണ്ടി ഒരു ജനത നടത്തുന്ന പോരാട്ടങ്ങളില്‍ അയാള്‍ക്ക് (കതിരേശന്) പങ്കാളിയാവേണ്ടി വരുന്നു.  കോര്‍പ്പറേറ്റു താല്‍പര്യങ്ങള്‍ ജനങ്ങളുടെ സ്വൈര്യജീവിതം തകര്‍ക്കുകയും അവരെ അവരുടെ അവകാശപ്പെട്ട ഭൂമിയില്‍നിന്നും ആട്ടിയോടിക്കുകയും ചെയ്യന്ന ഇതിവൃത്തമാണ് ഇവിടെ.  പക്ഷെ സിനിമയും യാഥാര്‍ത്ഥ്യവും ഇപ്പോഴും മിക്ക സിനിമകളും തുടങ്ങുമ്പോള്‍ എഴുതിക്കാണിക്കുന്നപോലെ "യാദൃച്ഛികം" ആയി മാറ്റപ്പെടുന്നു.  കോര്‍പ്പറേറ്റുകള്‍ക്ക് എതിരെ ഉയരുന്ന ശബ്ദങ്ങളെ എങ്ങിനെ ഇല്ലാതാക്കാമോ ആ വഴിക്കെല്ലാം അവര്‍ ശ്രമിക്കുമ്പോള്‍ നിലനില്‍പ്പിനായി ജനവും പോരാട്ടഭൂമിയിലേക്ക് നീങ്ങുന്നു.

തമിഴ് സിനിമയിലെ പതിവ് മസാല ചേരുവകള്‍ ഒക്കെയുണ്ടെങ്കിലും കത്തി ഉയര്‍ത്തുന്ന ചില കാലിക പ്രസക്തമായ ചോദ്യങ്ങള്‍ നമ്മുടെ സമൂഹ മനസ്സില്‍ അവശേഷിക്കും.  അനാവശ്യമായി തിരുകി കയറ്റിയ നായികയോ, പാട്ടുകളോ തനിച്ചു നിന്ന് ഒരുപാട് പേരെ തല്ലിതകര്‍ക്കുന്ന നായകന്‍റെ വീരപരാക്രമാങ്ങളോ ഒന്നുംതന്നെ ആ ചോദ്യങ്ങളുടെ പ്രസക്തി ഇല്ലാതാക്കുന്നില്ല എന്ന് പറയാനാണ് ഞാനിഷ്ടപ്പെടുന്നത്.  ആദ്യം ഇത് തുടക്കത്തില്‍ ശരിക്കും ഒരു "കത്തി"യായിട്ടാണ് തോന്നിയത് എങ്കിലും പുരോഗമിക്കുന്തോറും എന്നെ മുഴുവനായി ഈ സിനിമ കാണാന്‍ പ്രേരിപ്പിച്ചത് ചിലപ്പോള്‍ ആ കാലിക പ്രസക്തമായ ചോദ്യങ്ങളാവാം!  അല്ലെങ്കില്‍ entertainment എന്ന് നമ്മള്‍ പറയുന്ന സംഘട്ടനങ്ങള്‍, പാട്ടുകള്‍, അതുമല്ലെങ്കില്‍ നല്ല രീതിയില്‍ ചെയ്ത പശ്ചാത്തല സംഗീതം ഇവയൊക്കെ ആകാം!!!  തീര്‍ത്തുപറയാന്‍ എനിക്കും ആവുന്നില്ല.  കണ്ടുനോക്കിയാല്‍ നിങ്ങള്‍ക്ക് ഒരുപക്ഷെ കഴിഞ്ഞേക്കും!

വിജയ്‌ എന്ന മാസ് നടന്‍റെ കരിയറിലെ നല്ലൊരു വേഷമാണ് ഈ സിനിമയില്‍.  രണ്ട് റോളുകളിലും വിജയ്‌ നന്നായി തിളങ്ങി. സമന്തയുടെ ആ നായികാ കഥാപാത്രം ഇല്ലെങ്കിലും സിനിമ മികവു നിലനിര്‍ത്തുമായിരുന്നു എന്ന് നിസ്സംശയം പറയാം.  

കാലാകാലങ്ങളില്‍ നിലവിലിരിക്കുന്ന സര്‍ക്കാരുകള്‍ രൂപപ്പെടുത്തി നടപ്പിലാക്കുന്ന നയങ്ങള്‍, അവയുടെ സ്വാധീനം, അതുകൊണ്ട് സമൂഹത്തില്‍ ഉണ്ടാകുന്ന പ്രതികരണങ്ങള്‍ പിന്നെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനങ്ങളുടെ നേര്‍ക്കുള്ള കടന്നുകയറ്റം - ഇവയെപ്പറ്റിയൊക്കെ ഈ സിനിമ കണ്ടുകൊണ്ടിരിക്കുമ്പോളോ അല്ലെങ്കില്‍ അതിനുശേഷമോ അല്‍പ്പം പ്രേക്ഷകന്‍റെ മനസ്സില്‍ ഒരു ചിന്ത രൂപപ്പെടുത്തി എടുക്കാന്‍ കഴിഞ്ഞാല്‍ അതായിരിക്കും ഈ സിനിമയുടെ യാതാര്‍ത്ഥ വിജയം!  

എന്‍റെ റേറ്റിംഗ്: 7.5/10

2014, ഡിസംബർ 8, തിങ്കളാഴ്‌ച

ഞാന്‍ കണ്ട സിനിമ - ഹോംലി മീല്‍സ്!

പുറത്ത് നിന്നും ഭക്ഷണം കഴിക്കുന്ന സമയത്ത് "ഹോംലി മീല്‍സ്" എന്നൊരു ബോര്‍ഡ് കണ്ടാല്‍ തീര്‍ച്ചയായും ഒന്ന് ശ്രമിച്ചു നോക്കാം എന്ന് കരുതും നമ്മള്‍.  സ്ഥിരം ഭക്ഷണശാലകളില്‍ നിന്നും വ്യത്യസ്തമായി വലിയ ആകര്‍ഷകത്വം ഒന്നും അവക്ക് പുറമേക്ക് കാണിക്കാന്‍ ഉണ്ടാവില്ല. പക്ഷെ അവരുടെ ഒരു തനത് രുചി ഉണ്ടാവും. മറ്റു ഭോജനശാലകളിലെ സ്ഥിരം (അ)രുചിയില്‍ നിന്നും ഒന്ന് മാറ്റിപ്പിടിക്കാന്‍ നമ്മള്‍ ഓരോരുത്തരും ആഗ്രഹിക്കാറുണ്ട്. സിനിമയുടെ കാര്യത്തില്‍ ഒന്ന് മാറ്റിപ്പിടിക്കാന്‍ അതുപോലെ ആഗ്രഹിക്കുന്നവര്‍ക്ക് മുന്നിലാണ് അനൂപ്‌ കണ്ണന്‍ സംവിധാനം ചെയ്ത "ഹോംലി മീല്‍സ്" എന്ന സിനിമ ദൃശ്യമാകുന്നത്.
ജീവിത പ്രയാണത്തിലെ ഓരോ ഘട്ടത്തിലും നമുക്ക് നേരിടേണ്ടിവരുന്ന അവഗണന, പരിഹാസം, ചതി പിന്നെ പ്രതീക്ഷിക്കാത്ത ചിലരുടെ സഹായത്താല്‍ കഠിനാധ്വാനത്തിലൂടെ നടത്തുന്ന പരിശ്രമങ്ങള്‍ക്കൊടുവില്‍ വൈകി കിട്ടുന്ന അംഗീകാരം തുടങ്ങിയവയാണ് ഹോംലി മീല്‍സിലെ ചേരുവകള്‍.  പക്ഷെ ചേരുംപടി ചേര്‍ക്കുന്നതില്‍ ചില പാളിച്ചകള്‍ സംഭവിച്ചപ്പോള്‍ അത് അല്‍പ്പം രുചി കുറഞ്ഞുപോയി എന്ന് മാത്രം.  എന്നാലും കണ്ടിരിക്കാം.  

കഥാതന്തുകൊണ്ട് ഹോംലി മീല്‍സ് കടപ്പെട്ടിരിക്കേണ്ടത് ഉദയനാണ് താരം എന്ന സൂപ്പര്‍ഹിറ്റ് സിനിമയോടാണ്.  കാഴ്ചക്ക് സുന്ദരനല്ലാത്ത അത്യാവശ്യം സാങ്കേതിക വിജ്ഞാനമുള്ള അലന്‍ (വിപിന്‍ ആറ്റ്ലി) എന്ന ചെറുപ്പക്കാരന്‍ ഒരു ടി.വി. ഷോ ചെയ്യാന്‍ വേണ്ടി ജീവിതത്തിലെ പലകാര്യങ്ങളും മറന്നും അവഗണിച്ചും നടക്കുന്നതിന്‍റെ കഥയാണ് ഇത്.  അയാളുടെ ആശയങ്ങളും മറ്റും മറ്റുള്ളവര്‍ അടിച്ചുമാറ്റി തങ്ങളുടെതാക്കി മാറ്റി അവതരിപ്പിക്കുമ്പോള്‍ ഒന്ന് പ്രതിഷേധിക്കാനോ എതിര്‍ക്കാനോ കഴിയാത്ത തരത്തില്‍ അലന്‍ നിശബ്ദനാക്കപ്പെടുകയാണ്.  ഒരു കാര്യത്തോട് അസാമാന്യമായ ആവേശം അയാള്‍ക്ക് നേരിടേണ്ടി വരുന്ന പ്രതിസന്ധികള്‍ പിന്നെ അതെങ്ങിനെ അയാള്‍ തരണം ചെയ്യുന്നു എന്നൊക്കെയാണ് ഇതിലെ വിഷയം.  പുണ്യാളന്‍ അഗര്‍ബത്തീസും ഇതെവഴിക്ക് തന്നെയുള്ള സിനിമയാണ്. (പക്ഷെ അത് അവതരിപ്പിച്ച് വിജയിക്കുന്നതില്‍ അതിന്‍റെ സംവിധായകന്‍ വിജയിച്ചു).

ജവാന്‍ ഓഫ് വെള്ളിമല എന്ന പരാജയ ചിത്രത്തിന് ശേഷം തികച്ചും പുതിയനിര താരങ്ങളെവെച്ച് ഒരു സിനിമക്ക് ഇറങ്ങിത്തിരിച്ച അനൂപ്‌ കണ്ണന്‍ പ്രകടിപ്പിച്ച ധീരത സിനിമ മികച്ചതാക്കാന്‍ വേണ്ടി കാണിച്ചില്ല എന്നും പറയാം.  സിനിമയുടെ ഗതി മുഴുവന്‍ ഒരു ടെലി-ഷോയില്‍ (ഹോംലി മീല്‍സ്) മാത്രം കുരുങ്ങികിടക്കുന്നു എന്നതാണ് ഈ സിനിമയുടെ വലിയ ന്യൂനത.  മറ്റൊന്നും ഇതില്‍ കടന്നുവരുന്നില്ല.

പിന്നെ ആകെയുള്ള ആശ്വാസം പുതുതലമുറ സിനിമകളിലെ പോലെ മ്യൂട്ട് ചെയ്ത സംഭാഷണങ്ങള്‍ പച്ചത്തെറി തുടങ്ങിയവ ഇല്ലാതെ കണ്ടിരിക്കാം എന്നതാണ്.  ജീവിതത്തിനു ചില സന്ദേശങ്ങള്‍ നല്‍കുന്നു എങ്കിലും ഒരു സിനിമ എന്ന നിലയില്‍ ചിത്രം പരാജയപ്പെടാന്‍ മുന്‍പ് പറഞ്ഞ ചില കാര്യങ്ങള്‍ തന്നെ ധാരാളം.  എന്നിരുന്നാലും ശരിക്കും ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ചില സന്ദര്‍ഭങ്ങള്‍ അവിടെയുമിവിടെയും ഒക്കെ കാണാം.

അലന്‍ ആയിവന്ന വിപിന്‍ തന്നെയാണ് ആശയം ഒരുക്കിയിരിക്കുന്നത്.  കൂടെ അറിയുന്നവരും അല്ലാത്തവരുമായ ഒരുപാട് താരങ്ങള്‍.  എല്ലാവരും നല്ലരീതിയില്‍ തന്നെ അഭിനയിച്ചു.  കൂട്ടത്തില്‍ എടുത്ത്പറയേണ്ടുന്ന അഭിനയം നീരജ് മാധവ് തന്നെ.  പക്ഷെ അവസാനവും കഥാഗതിയും ഒക്കെ സ്ഥിരം ശൈലിയില്‍ തന്നെ!  ആ ക്വട്ടേഷന്‍ ടീമിലെ അംഗങ്ങള്‍ ഒക്കെ നല്ല അഭിനയം കാഴ്ചവെച്ചു.  നല്ല ചിരി സമ്മാനിക്കുന്ന ചില രംഗങ്ങള്‍ അവിടവിടെയുണ്ട്.  ഫിലിം എഡിറ്റ്‌ ചെയ്യുന്ന ബേസില്‍ എന്ന പയ്യന്‍ ഒക്കെ ചിരിപ്പിക്കുന്ന സംഗതികളാണ്.  യഥാര്‍ത്ഥ ജീവിതത്തില്‍ നമ്മള്‍ ചില ചാനലുകളില്‍ കാണുന്ന അവതാരകര്‍ക്ക് നല്ല കൊട്ട് കൊടുക്കുന്നുമുണ്ട്‌!

(torrent ഹിറ്റ്‌ അല്ലെങ്കില്‍ ഡി.വി.ഡി. ഹിറ്റ്‌ എന്നൊക്കെ ഇതിനെ വിളിച്ചാല്‍ എന്താ പറയുക നമ്മള്‍?!)

എന്‍റെ റേറ്റിംഗ്: 5/10

2014, നവംബർ 28, വെള്ളിയാഴ്‌ച

ഞാന്‍ കണ്ട സിനിമ - "ഞാന്‍"

മലയാള സിനിമയില്‍ രഞ്ജിത്ത് എന്ന സംവിധായകന്‍ ഗൌരവമായി ചിന്തിച്ചു സിനിമയെടുത്ത് തുടങ്ങിയത് ഈ അടുത്തകാലത്താണല്ലോ.  അതില്‍പെട്ട ഒരു സിനിമയാണ് ഞാന്‍.  സംഘടനാപരമായ ചട്ടക്കൂടുകള്‍ പൊളിച്ചു ജനപക്ഷത്ത് നില്‍ക്കാന്‍ ശ്രമിച്ച് ഒന്നുമാല്ലാതായി കാലത്തിന്‍റെ യവനികക്കുള്ളില്‍ മറഞ്ഞുപോയ മനുഷ്യസ്നേഹിയുടെ കഥ.  അതാണ്‌ കെ.ടി.എന്‍. കോട്ടൂര്‍.


ദുല്‍ഖര്‍ സല്‍മാന്‍ അഭിനയം മോശമാക്കിയില്ല.  പക്ഷെ കുറച്ചുകൂടി‍ റേഞ്ച് കൂടിയ ആരെയെങ്കിലും കാസ്റ്റ് ചെയ്യാമായിരുന്നു.  ഭൂതകാലവും വര്‍ത്തമാനവും ഇടകലര്‍ത്തി കാണിച്ചിരിക്കുന്നു രഞ്ജിത്ത്.  ഓരോ കഥാപാത്രവും അനുയോജ്യമായ കാസ്റ്റിംഗ് കൂടിയായപ്പോള്‍ മനോഹരമായിരിക്കുന്നു.  ഇത് രണ്ജിത്തിനു മാത്രം കഴിയുന്നതാണ്.  ഫുള്‍ ക്രെഡിറ്റ്.

ജീവിതഗന്ധിയായ ചില സന്ദര്‍ഭങ്ങളും സംഭാഷണ ശകലങ്ങളും ഏറെ ഹൃദ്യമായി തോന്നി.  പ്രത്യയശാസ്ത്രപ്രരമായി പാര്‍ട്ടികള്‍ക്ക് ചില സന്ദേശങ്ങള്‍ കൊടുക്കുന്നുണ്ട് ഇതിലൂടെ.  സ്വാര്‍ത്ഥലാഭങ്ങള്‍ക്ക് വേണ്ടി പ്രസ്ഥാനപരമായ അല്ലെങ്കില്‍ ആശയപരമായ ഹൈജാക്കിംഗ് എല്ലാം ഇന്നത്തെപോലെ അന്നും ഉണ്ടായിരുന്നു!  അവസാനം സിനിമ തീരുമ്പോള്‍ ജാഥ നയിക്കുന്നവരെ കാണിക്കുമ്പോള്‍ നമ്മുടെ സമൂഹത്തിലെ ചിലമുഖങ്ങളെ അവര്‍ അണിഞ്ഞിരിക്കുന്ന മുഖംമൂടി സംവിധായകന്‍ വലിച്ചു കീറിതന്നെ നമുക്ക് കാണിച്ചു തരുന്നു.

പഴമയും പുതുമയും ഇഴചേര്‍ക്കുമ്പോള്‍ അതിനു നല്ല കളര്‍കോമ്പിനേഷനും അതിനനുസരിച്ച ലൊക്കേഷനും, സംഗീതവും, എല്ലാം ആ സംവിധായകനിലെ പ്രതിഭ വെളിപ്പെടുത്തുന്നു.  എല്ലാറ്റിലും ഉപരി ഇതൊരു രണ്ജിത്ത് സിനിമയാണ്.

എന്‍റെ റേറ്റിംഗ്: 7.5/10

2014, നവംബർ 23, ഞായറാഴ്‌ച

ഞാന്‍ കണ്ട സിനിമ - രാജാധിരാജ!

മമ്മൂട്ടി എന്ന മലയാളത്തിന്‍റെ അഭിമാനമായ മഹാനടനെ നശിപ്പിക്കുന്ന സിനിമകള്‍ എടുത്ത്നോക്കിയാല്‍ അതില്‍ ആദ്യത്തെ പേരുകളില്‍ ഈ സിനിമയും സ്ഥാനം പിടിക്കും എന്നുള്ള കാര്യം നൂറുതരം.  എഴുതിയുണ്ടാക്കിയത് ട്വിസ്റ്റ്‌ രംഗത്തെ ആശാന്മാരായ ഉദയകൃഷ്ണ-സിബി കെ. തോമസ്‌ ടീം ആണെന്ന് കേട്ടപ്പോള്‍ തന്നെ മനസ്സുകൊണ്ട് തീര്‍ച്ചപ്പെടുത്തിയ പോലെ തന്നെ. ഒന്നാന്തരം മടുപ്പിക്കല്‍!  മുന്നറിയിപ്പ് എന്ന സിനിമ ആ പേരുകൊണ്ട് രാജാധിരാജ എന്ന സിനിമയെക്കുറിച്ച മുന്നറിയിപ്പ് ആയിരുന്നു എന്ന് തോന്നുന്നു!
ബോംബെയിലെ (സോറി മുംബൈ) അധോലോക പരിപാടികള്‍ ഒക്കെ നിര്‍ത്തി ഉല്‍കൃഷ്ടശിരോമണിയായി ജീവിക്കുന്ന നായകന്‍ ശേഖരന്‍കുട്ടി (മമ്മൂട്ടി) ഭാര്യ രാധ (റായ് ലക്ഷ്മി-ഓള് പേര് ഒന്ന് തിരിച്ചിട്ടതാ സംശയിക്കണ്ട പഴയ ലക്ഷ്മി റായ് തന്നെടേ!) പിന്നെ സ്കൂള്‍ വിദ്യാര്‍ഥിയായ മകള്‍ എന്നിവരടങ്ങുന്ന കുടുംബം.  പെട്രോള്‍ പമ്പ് മാനേജറായി ജീവിക്കുന്ന ശേഖരന്‍കുട്ടിയുടെ ജീവിതത്തിലേക്ക് രാധയുടെ അമ്മാവന്‍റെ മകന്‍ ജോജു അവതരിപ്പിക്കുന്ന അയ്യപ്പന്‍ വരുന്നിടത്ത് നിന്നും കഥ തുടങ്ങുന്നു.  കഥയിലെ ട്വിസ്ടുകളും!  ഒന്നാന്തരം തരികിടയും തല്ലിപ്പോളിയുമായ അയ്യപ്പന്‍ ശേഖരന്‍കുട്ടിയുടെയും കുടുംബത്തിന്റെയും സമാധാന ജീവിതം അപ്പാടെ തകരാറിലാക്കുന്നു.  അനിവാര്യമായ ഒരു സമയത്ത് നായകന്‍ പഴയ കാല ജീവിതത്തിലേക്ക് തിരിച്ചുപോകാന്‍ നിര്‍ബന്ധിതനാകുന്നു.  അവിടെ കഥക്ക് പല ട്വിസ്ടുകളും..!!!

മമ്മൂട്ടിയുടെ ഈ കാറ്റഗറി സിനിമകളുടെ ചുവടു പിടിച്ചു വന്ന സിനിമ.  പോക്കിരി രാജയും മറ്റും ഇറങ്ങിയ സമയത്ത് വരേണ്ടിയിരുന്ന സിനിമ.  റബ്ബര്‍ പന്ത് അടിച്ചാല്‍ തെറിച്ചുപോകുന്നപോലെ നായകന്‍റെ അടിക്ക് തെറിച്ചുപോകുന്ന വില്ലന്മാര്‍.  ഇക്കാലം ഒക്കെ കഴിഞ്ഞു എന്ന് സിനിമയുടെ അണിയറയിലെയും അരങ്ങത്തെയും ആളുകള്‍ക്ക് തോന്നിയില്ലെങ്കിലും കണ്ടിരിക്കുന്ന പ്രേക്ഷകര്‍ക്ക് എന്തായാലും തോന്നും.  കൂടുതല്‍ എഴുതി സ്ഥലം കളയുന്നില്ല.

മമ്മൂട്ടി തന്‍റെ റോള്‍ ഭംഗിയാക്കി എന്ന് പറയാം.  പക്ഷെ ജോജു എന്ന നടന്‍റെ ഒരു തകര്‍പ്പന്‍ പെര്‍ഫോമന്‍സ് എടുത്ത് പറയാതിരിക്കാനാവില്ല.

എന്‍റെ റേറ്റിംഗ്: 3/10


2014, നവംബർ 6, വ്യാഴാഴ്‌ച

ഞാന്‍ കണ്ട സിനിമ - വിക്രമാദിത്യന്‍

ഒരുപാട് നല്ല ചേരുവകള്‍ ഉണ്ടായിട്ടും പ്രതീക്ഷിച്ചതിനു വിപരീതമായി പോയ ഒരു കലാസൃഷ്ടി എന്നുവേണേല്‍ വിക്രമാദിത്യന്‍ എന്ന ഈ സിനിമയെ നമുക്ക് വിലയിരുത്താം.  ഗുപ്ത സാമ്രാജ്യത്തിലെ ഏറ്റവും പ്രശസ്തനും ബഹുമുഖപ്രതിഭയുമായ ചന്ദ്രഗുപ്തന്‍ രണ്ടാമന്‍ എന്ന രാജാവാണ് ചരിത്രത്തിലെ വിക്രമാദിത്യന്‍ എന്ന പേരില്‍ അറിയപ്പെടുന്നതെങ്കില്‍ ഈ സിനിമയില്‍ വിക്രമനും (ഉണ്ണി മുകുന്ദന്‍) ആദിത്യനും (ദുല്‍ഖര്‍) രണ്ടുപേരാണ്.  

ഒരേ ദിവസം ഏതാണ്ട് ഒരേ സമയത്ത് ജനിക്കുന്ന വിക്രവും ആദിത്യനും പരസ്പരം മത്സരിക്കുന്നവരാണ്.  അവര്‍ക്കിടയില്‍ വരുന്ന പെണ്‍കുട്ടി ദീപിക (നമിത പ്രമോദ്).  രണ്ടുപേര്‍ക്കും അല്‍പ്പം സോഫ്റ്റ്‌ കോര്‍ണര്‍ അവളില്‍ ഉണ്ടെങ്കിലും അവള്‍ക്ക് അല്‍പ്പം കൂടുതല്‍ ഇഷ്ടം ആദിത്യനോടാണ്.  ഒരു പ്രത്യേക സാഹചര്യത്തില്‍ അച്ഛന്‍ മരണപ്പെടുന്ന വിക്രമന്‍ ഏതാണ്ട് അച്ഛന്റെ ലൈനില്‍ തന്നെയാണ് പോകുന്നത്.  (അതെന്താണെന്ന് പറയൂല!) പോലീസുകാരനായ വാസുദേവ ഷേണായ് (അനൂപ്‌ മേനോന്‍) തന്‍റെ മകന്‍ വിക്രമനെ ഒരു പോലീസുകാരന്‍ ആക്കാനുള്ള പരിശ്രമത്തിലാണ്.  പരസ്പരം മത്സരിക്കുന്ന വിക്രമനും ആദിത്യനും ഇക്കാര്യത്തിലും വ്യത്യസ്ഥത പുലര്‍ത്തുന്നില്ല.  ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തില്‍ അവര്‍ക്കിടയില്‍ വരുന്ന തടസ്സങ്ങളും അത് എങ്ങിനെ അവര്‍ അതിജീവിക്കുന്നു എന്നതുമാണ്‌ സിനിമ കാണിച്ചു തരുന്നത്.

ഇതില്‍ ഒന്നാമത് ന്യൂനതയായി പറയാവുന്നത് ലോജിക്ക് ഇല്ലായ്മ തന്നെയാണ്.  നല്ല ഒരു കഥ ഉണ്ടെങ്കിലും കഥാഗതിയും അതിലെ സംഭവ ബഹുലതയും ഒക്കെ തമ്മില്‍ അവിടവിടെ കണ്ണികള്‍ മുറിഞ്ഞുപോയാല്‍ പിന്നെ പറഞ്ഞിട്ട് കാര്യമില്ല..  ഇക്ബാല്‍ കുറ്റിപ്പുറം പൂര്‍ണ്ണമായും ഇതില്‍ ഏകാഗ്രത കാണിച്ചിരുന്നോ എന്നൊരു സംശയം വിലയിരുത്തുന്ന നമുക്ക് തോന്നിയാല്‍ തെറ്റ് പറയാന്‍ കഴിയില്ല.  തുല്യ പങ്ക് ലാല്‍ ജോസിനും ഉണ്ട്.  ലാല്‍ ജോസ് എന്‍റെ ഇഷ്ടസംവിധായകരില്‍ ഒരാളാണ് (പണ്ട് എറണാകുളം നഗരത്തില്‍ ട്രാഫിക് ബ്ലോക്കില്‍ വെച്ച് അദ്ദേഹത്തിന്‍റെ കാര്‍ കണ്ടു.  ഞങ്ങള്‍ വിഷ് ചെയ്തപ്പോള്‍ ഗ്ലാസ് തുറന്നു കൈപിടിച്ച് അഭിവാദ്യം ചെയ്തത് കൊണ്ടൊന്നും അല്ലാട്ടോ!). ഈ സിനിമ പോസ്റ്റ്‌ പ്രോഡക്ഷന്‍ നടത്തി റിലീസ് ചെയ്യിക്കേണ്ട ലാല്‍ജോസ് അന്ന് ലോക യാത്രയിലായിരുന്നു എന്നതാണ് അദ്ദേഹത്തിനു ഈ സിനിമയോട് ഉണ്ടായിരുന്ന പ്രതിബദ്ധതയില്‍ നമുക്ക് സംശയം ജനിപ്പിക്കുന്നത്!

ഈ അവലോകനത്തില്‍ ആദ്യം അല്പം ചരിത്രം പറയാന്‍ കാരണം - ചരിത്രത്തില്‍ വിക്രമാദിത്യന്‍ എന്നറിയപ്പെടുന്ന രാജാവ് ഒരു സംഭവമായിരുന്നു എങ്കില്‍ ഈ സിനിമ വിക്രമാദിത്യന്‍ ഒന്നുമല്ലാതെ പോകുന്നു എന്ന സങ്കടമാണ്.  അതും ലാല്‍ ജോസ് എന്ന സംവിധായകന്‍റെ പടം!

സാമ്പത്തിക വിജയമാണ് ഒരു സിനിമയുടെ വിജയം എന്ന് നമ്മള്‍ കരുതുന്നു എങ്കില്‍ ഈ സിനിമ വിജയചിത്രങ്ങളുടെ കൂട്ടത്തില്‍ എണ്ണാന്‍ കഴിയും.  പക്ഷെ വേണ്ടാത്ത ചില വലിച്ചു നീട്ടലുകളും അതിഭാവുകത്വം നിറഞ്ഞ സന്ദര്‍ഭങ്ങളും ഈ സിനിമ കാണുമ്പോള്‍ അല്‍പ്പം മടുപ്പ് നമുക്ക് സമ്മാനിക്കും.  

പക്ഷെ എടുത്ത് പറയാവുന്ന മനസ്സിനെ സ്പര്‍ശിക്കുന്ന ചുരുക്കം ചില സന്ദര്‍ഭങ്ങള്‍ നല്ല ഭംഗിയായി  അഭിനേതാക്കള്‍ കേമമാക്കി എന്ന് പറയാതെ വയ്യ.  ദുല്‍ഖര്‍, ഉണ്ണി, അനൂപ്‌ മേനോന്‍, ലെന, ജോയ് മാത്യു, നമിത പ്രമോദ്, പിന്നെ ആ കള്ളന്‍ കുഞ്ഞുണ്ണിയായി വന്ന നടന്‍ അങ്ങിനെ എല്ലാവരും.  പക്ഷെ ആദ്യം പറഞ്ഞപോലെ വിഭവങ്ങള്‍ ഒക്കെ ഉണ്ടായിരുന്നു പക്ഷെ അത് പാകപ്പെടുത്തി എടുക്കുന്നതില്‍ ഉത്തരവാദിത്തമുള്ളവര്‍ പരാജയപ്പെട്ടു.  ഈ സിനിമയുടെ കുഴപ്പവും അത് തന്നെ!

എന്‍റെ റേറ്റിംഗ്: 4.5/10

2014, നവംബർ 3, തിങ്കളാഴ്‌ച

ഞാന്‍ കണ്ട സിനിമ - മുന്നറിയിപ്പ്!

നമ്മുടെ നാട്ടില്‍ ഒരു ചൊല്ലുണ്ട് - വേലിയില്‍ കിടക്കുന്ന പാമ്പിനെ എടുത്ത് തോളത്തിട്ടാല്‍...!!  അതാണ്‌ ഈ സിനിമയിലെ ഹൈലൈറ്റ് എന്ന് എനിക്ക് തോന്നി ഈ പടം കണ്ടപ്പോള്‍.  തന്‍റേതായ ഒരു ലോകത്ത് അടങ്ങിയൊതുങ്ങി കഴിയുന്ന ഒരു വിഷജന്തുവിനെ പുറത്തെടുത്ത് അതിനെ തന്‍റെ വഴിക്ക് നടത്താന്‍ ശ്രമിച്ചപ്പോള്‍ കഥാനായികക്ക് നേരിടേണ്ടിവന്ന ദുരന്തമാണ് ചിത്രത്തിന്‍റെ പ്രമേയം. മംഗ്ലീഷ് എന്ന മാസ് കൂതറ സിനിമയില്‍നിന്നും മുന്നറിപ്പ് എന്ന ക്ലാസ് പടത്തില്‍ എത്തുമ്പോള്‍ മമ്മൂട്ടിയുടെ അഭിനയശേഷിയുടെ വേറൊരു തലത്തിലേക്ക് നമ്മള്‍ പ്രേക്ഷകര്‍ സഞ്ചരിക്കുകയാണ്. 


കൊലപാതകക്കേസില്‍ ശിക്ഷാകാലാവധി കഴിഞ്ഞിട്ടും വിട്ടുപോകാതെ ജയിലില്‍ തന്നെ താമസിക്കുന്ന സി.കെ. രാഘവന്‍ എന്ന വ്യക്തിയുടെ കഥയാണ് ഇത്. (ഇങ്ങിനെ ഇത്തിള്‍കണ്ണി പോലെ ജയിലില്‍ കൂടാന്‍ പറ്റുമോ എന്നൊന്നും ചോദിക്കരുത്!). അടുത്ത് വിരമിക്കാനിരിക്കുന്ന ജയില്‍ മേധാവിയുടെ (നെടുമുടി വേണു) ജീവചരിത്രക്കുറിപ്പുകള്‍ എഴുതാന്‍ നിയോഗിക്കപ്പെട്ട അഞ്ജലി അറക്കല്‍ (അപര്‍ണ്ണ ഗോപിനാഥ്) എന്ന ഫ്രീലാന്‍സ് മാധ്യമ പ്രവര്‍ത്തക ഇതിനിടയില്‍ സി.കെ. രാഘവന്‍ എന്ന ജയില്‍ പുള്ളിയെ യാദൃശ്ചികമായി കാണുന്നു.  അയാളുടെ വിവരങ്ങള്‍ അറിഞ്ഞ അഞ്ജലി ജയിലറുടെ കഥ ഉപേക്ഷിച്ചു രാഘവന്‍റെ പുറകെ പോകുകയാണ്.  രാഘവനെകൊണ്ട് അയാളുടെ കഥ എഴുതിച്ച് അത് ഒരു നല്ല ടൈറ്റില്‍ കൊടുത്ത് പുസ്തകമാക്കി സെന്‍സേഷന്‍ ഉണ്ടാക്കുകയാണ് അഞ്ജലിയുടെ ലക്‌ഷ്യം.  അതിനായി അവള്‍ പ്രസിദ്ധീകരണ രംഗത്തെ ചില വന്‍തോക്കുകളുടെ കൈയ്യില്‍ നിന്നും മുന്‍‌കൂര്‍ തുക കൈപ്പറ്റുകയും ചെയ്യുന്നു.

രാഘവനെകൊണ്ട് ആത്മകഥ എഴുതിക്കാന്‍ തീരുമാനിക്കുന്ന അഞ്ജലി അയാളെ ജയിലില്‍ നിന്ന് ഇറക്കി കൊണ്ടുവരുന്നു.  രാഘവന്‍ എന്ന വ്യക്തിയെ നമ്മള്‍ കൂടുതല്‍ മനസ്സിലാക്കുന്നത് ഇവിടം മുതലാണ്‌. തന്‍റേതായ ഒരുലോകത്ത് തന്‍റേതായ ന്യായാന്യായങ്ങള്‍ക്ക് വിധേയമായിട്ടാണ് അയാളുടെ ജീവിതം.  അതിനു തടസ്സം നിന്നിട്ടുള്ളവരെ അയാള്‍ കൊന്നുകളഞ്ഞു.  ലോക കാര്യങ്ങളില്‍ താല്പര്യം ഉണ്ടെന്നു തോന്നുന്ന സംഭാഷണങ്ങള്‍ പക്ഷെ പിന്നീടുള്ള കഥാഗതിയില്‍ സ്വാധീനം ചെലുത്തുന്നുമില്ല.  പുറത്തിറങ്ങുന്ന രാഘവന്‍ പക്ഷെ സമകാലിക ലോകത്തെ ജീവിതത്തില്‍ ഒരുതരം പുറംതിരിയല്‍ നടത്തുന്നു.  പക്ഷെ ചില പ്രത്യേക കാഴ്ചകള്‍ അയാളെ അസ്വസ്ഥനുമാക്കുന്നു.

മറുവശത്ത് രാഘവനെകൊണ്ട് ഒരു വരി പോലും എഴുതിക്കാനാകാതെ പറഞ്ഞ സമയപരിധി അടുക്കുന്തോറും അഞ്ജലിയുടെ മേല്‍ സമ്മര്‍ദ്ദം മുറുകുന്നു.  അതിന്‍റെ പര്യവസാനം വളരെ ദുരന്തപൂരിതമാകുന്നു.  നമ്മള്‍ ഒരു വ്യക്തിയുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തി അയാളെ നമ്മുടെ വഴിക്ക് കൊണ്ടുവരുന്ന സ്വാര്‍ത്ഥതയാണ് അഞ്ജലിയിലൂടെ കാണുന്നത്.  സ്വാര്‍ത്ഥത അംഗീകരിച്ചുകൊടുക്കുവാന്‍ രാഘവന്‍ തയ്യാറുമല്ല.  അയാളുടെ ഭൂതകാല ചരിത്രം പോലീസ് ഭാഷ്യത്തില്‍ പറയുന്നപോലെയേ സിനിമയില്‍ തുടര്‍ന്നും കാണുന്നുള്ളൂ.  രാഘവന്‍ എന്ന വ്യക്തിക്ക് അവള്‍ യാതൊരു സ്ഥാനവും പ്രാധാന്യവും കൊടുക്കുന്നില്ല.  തന്‍റെ ലക്ഷ്യപ്രാപ്തിക്ക് വേണ്ടിയുള്ള ഒരു ഉപകരണമായിട്ടാണ് അഞ്ജലി രാഘവനെ കാണുന്നതും അയാളോട് പെരുമാറുന്നതും.  സ്വാതന്ത്ര്യത്തിനു തന്‍റേതായ നിര്‍വ്വചനവും സക്ഷാല്‍ക്കാരവും കല്‍പ്പിച്ചു ജീവിക്കുന്ന രാഘവന് ഇതൊക്കെ അസഹനീയവും!

സി.കെ. രാഘവനായി മമ്മൂട്ടി ഒരു വല്ലാത്ത അഭിനയം തന്നെയാണ് കാഴ്ചവെച്ചിരിക്കുന്നത്.  അയാളുടെ ഓരോ ചലനങ്ങളിലും വാക്കുകളിലും അയാളില്‍ കുടികൊള്ളുന്ന ക്രൂരത ശ്രദ്ധിച്ചു നോക്കിയാല്‍ കാണാം.  രാഘവന്‍റെ കണ്ണുകളിലെ നോട്ടം തന്നെ ശ്രദ്ധിച്ചു നോക്കിയാല്‍ അതില്‍ ഒളിഞ്ഞിരിക്കുന്ന ക്രൂരത നമുക്ക് കാണാം. മനസ്സിലെ ക്രൂരത ചില അര്‍ത്ഥവ്യാപ്തിയുള്ള വാക്കുകളില്‍ പൊതിഞ്ഞാണ് രാഘവന്‍ സൂക്ഷിക്കുന്നത്.  അവസാന രംഗത്തെ രാഘവന്‍റെ കണ്ണുകളില്‍ കാണുന്ന ഭാവം!  അതിനെ ഇവിടെ പകര്‍ത്താന്‍ വാക്കുകളില്ല!!!

വാദ്യഘോഷങ്ങളും ഫാന്‍സ്‌ എന്ന മണ്ടശിരോമണികളുടെ അലമ്പും ഇല്ലാതെ നമുക്ക് ആസ്വദിച്ചു കാണാവുന്ന ഒരു സിനിമയാണ് മുന്നറിയിപ്പ്.  സ്ക്രീനില്‍ മമ്മൂട്ടി എന്ന നടനെ നമ്മള്‍ കാണുന്നില്ല.  പകരം അവിടെ സി.കെ. രാഘവനും അഞ്ജലിയും ഒക്കെയാണ്.  അഞ്ജലി അറക്കല്‍ ആയിവന്ന അപര്‍ണ്ണയും നല്ല നീതിബോധം തന്‍റെ കഥാപാത്രത്തോട് കാട്ടി.  അതിഥിതാരമായി എത്തുന്ന പ്രിത്വിരാജ്‌ അടക്കം വേറെ പലരും ഇതില്‍ അഭിനയിച്ചിട്ടുണ്ട്.  പക്ഷെ ഓരോരുത്തരെയായി എടുത്ത് നോക്കിയാല്‍ എല്ലാവരിലും ഓരോ വൈവിധ്യം നിറഞ്ഞിരിക്കുന്നു.  സിനിമയുടെ തുടക്കത്തില്‍ വാഹന പരിശോധന നടത്തുന്ന പോലീസ് സീനടക്കം ചുരുക്കം ചില സീനുകള്‍ ഒഴിവാക്കാമായിരുന്നു.

ദയ എന്ന സിനിമക്ക് ശേഷം ശ്രീ. വേണു സംവിധാനം ചെയ്ത ഈ ചിത്രം എന്തുകൊണ്ടും മലയാള സിനിമയിലെ മികച്ച സിനിമയായി എണ്ണപ്പെടും എന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ട.

എന്‍റെ റേറ്റിംഗ്: 9/10

2014, ഒക്‌ടോബർ 25, ശനിയാഴ്‌ച

ഞാന്‍ കണ്ട സിനിമ - അപ്പോത്തിക്കരി

ചികിത്സാരംഗത്തെ അനാരോഗ്യ പ്രവണതകള്‍ പല മുന്‍കാല സിനിമകളിലും നമ്മള്‍ കണ്ടിട്ടുണ്ടെങ്കിലും അവ ഇത്രയും തനിമയോടെ ചിത്രീകരിച്ചിരിക്കുന്ന വേറെ സിനിമകള്‍ ഉണ്ടോ എന്ന് സംശയമാണ് (ഞാന്‍ കാണാത്തതാവാം! എങ്കില്‍ അങ്ങ് ക്ഷമിക്ക്).  പണ്ടുകാലത്ത് ഡോക്ടര്‍ എന്ന വാക്കിന് പകരം ഉപയോഗിച്ചിരിക്കുന്ന അപ്പോത്തിക്കരി എന്ന ഈ ചിത്രത്തിന്‍റെ പേരില്‍ നിന്നുതന്നെ തുടങ്ങാം, ഗംഭീരം!

"സ്റ്റെംസെല്‍ പ്രിസര്‍വേഷന്‍" എന്ന പേരില്‍ നടക്കുന്ന ഒരു തട്ടിപ്പിന് ചികിത്സാ രംഗത്തെ തട്ടിപ്പുകള്‍ അറിയാത്ത ഒരു (മുസ്ലീം) കുടുംബം ഇരയാക്കപ്പെടുന്ന ഭാഗത്തോടെയാണ് ഈ സിനിമ തുടങ്ങുന്നത്.  അപ്പോത്തിക്കരി എന്ന പേരില്‍ അറിയപ്പെടുന്ന മള്‍ട്ടിസ്പെഷ്യാലിറ്റി ഹോസ്പിറ്റലും അതിലെ ഡോക്ടര്‍മാരും മറ്റു ജീവനക്കാരും അവിടെ ചികിത്സ തേടിയെത്തുന്ന സാധാരണക്കാരായ മനുഷ്യരും അവര്‍ നേരിടേണ്ടി വരുന്ന "പരീക്ഷണങ്ങളും" വളരെ നല്ലരീതിയില്‍ ഇതില്‍ ആവിഷ്കരിച്ചിരിക്കുന്നു.  മേല്‍വിലാസം എന്ന നാടക ശൈലിയില്‍ ഉള്ള സിനിമയുടെ സ്വാധീനം ഈ സിനിമയിലും കാണാമെങ്കിലും അത് ഇവിടെ ചേരില്ല എന്ന് ആരും പറയാന്‍ ഇടയില്ല.  മുന്‍സിനിമയില്‍നിന്ന് പാഠം പഠിച്ച് നല്ല ഹോംവര്‍ക്കും ചെയ്താണ് ശ്രീ. മാധവ് രാമദാസന്‍ ഈ സിനിമക്ക് ഇറങ്ങിത്തിരിച്ചത് എന്ന് കഥാന്ത്യത്തില്‍ നമുക്ക് തോന്നും.  


അപ്പോത്തിക്കരി ആശുപത്രിയിലെ ന്യൂറോ വിഭാഗം തലവന്‍ ഡോ. വിജയ്‌ നമ്പ്യാര്‍ (സുരേഷ്ഗോപി), അയാളുടെ ഭാര്യ ഡോക്ടര്‍ നളിനി (അഭിരാമി), ആശുപത്രിയിലെ അവസാനവാക്ക് ഡോ. ശങ്കര്‍ വാസുദേവ് (രാഘവന്‍) പിന്നെ മറ്റു ഡോക്ടര്‍മാര്‍ (എല്ലാവരുടെയും പേര് പറയാന്‍ പരിമിതികള്‍ ഉണ്ട്), അവിടെ ചികിത്സ തേടിയെത്തുന്ന സുബിന്‍ (ജയസൂര്യ) അയാളുടെ അച്ഛന്‍ ജോസഫ്, അമ്മ ക്ലാര, സഹോദരന്‍, കാമുകി ഡെയ്സി  (ഇന്ദ്രന്‍സ്, സീമ.ജി.നായര്‍, നീരജ് മാധവ്, മീരാനന്ദന്‍) പിന്നെ ആസിഫ് അലിയുടെ പ്രതാപന്‍, തുടങ്ങി പ്രധാനപ്പെട്ടതും അല്ലാത്തതുമായ ഒരുപാട് കഥാപാത്രങ്ങള്‍ ഇതില്‍ ഉണ്ട് അവരെല്ലാം ഈ സിനിമയുടെ അവിഭാജ്യ ഘടകങ്ങളുമാണ്.

കനത്ത ചികിത്സാ ചെലവു താങ്ങാനാവാതെ വരുമ്പോള്‍ ആശുപത്രി മാനേജ്മെന്‍റ് ചികിത്സാസഹായം എന്ന അവരുടെ ചിലന്തിവലയിലേക്ക് രോഗികളെ ആകര്‍ഷിച്ച് മരുന്ന് പരീക്ഷണങ്ങള്‍ക്ക് വിധേയമാക്കുന്നതാണ് ചിത്രത്തിന്‍റെ പ്രമേയം.  ആ പരീക്ഷണങ്ങള്‍കൊണ്ട് ജീവിതം തന്നെ വഴിമാറി അസാധ്യമായിത്തീര്‍ന്നു വേദന തിന്നുന്ന അല്ലെങ്കില്‍ മരിച്ചുപോയ കഥാപാത്രങ്ങളാണ് ജയസൂര്യ, ആസിഫ് അലി, കവിതാ നായര്‍ (സാബിറ) തുടങ്ങിയവര്‍ ജീവന്‍ നല്‍കിയ കഥാപാത്രങ്ങള്‍.  ഡോ. വിജയ്‌ മരുന്ന് പരീക്ഷണങ്ങള്‍ക്ക് എതിരാണെങ്കിലും ഒരുപരിധിക്ക് അപ്പുറം  അയാളും ആ പരീക്ഷണത്തിനു നേതൃത്വം കൊടുക്കാന്‍ വിധിക്കപ്പെടുകയാണ്.  അതിന്‍റെയൊക്കെ കുറ്റബോധം വിഭ്രാന്തികള്‍ അയാളില്‍ ഉണ്ടാക്കുകയും തുടര്‍ന്ന്‍ ഒരു അപകടത്തില്‍ അങ്ങേയറ്റം ഗുരുതരമായ അവസ്ഥയില്‍ താന്‍ ജോലി ചെയ്യുന്ന അപ്പോത്തിക്കരിയില്‍ പ്രവേശിപ്പിക്കപ്പെടുന്നു.  മറ്റുള്ളവരില്‍ മരുന്ന് പരീക്ഷണം നടത്തിയ ഡോക്ടറുടെ ശരീരത്തില്‍ അതേ മരുന്നുകള്‍ കുത്തിവെച്ചു പരീക്ഷണം നടത്താന്‍ ആശുപത്രി മാനേജ്മെന്‍റ് യാതൊരു മടിയും കാണിക്കുന്നില്ല!  

മരുന്ന് പരീക്ഷണം ജീവിതം മാറ്റിമറിച്ച സുബിന്‍റെ വീക്ഷണത്തില്‍ കഥപറയുന്ന ശൈലിയും അതിന്‍റെ നല്ല ആവിഷ്കാരവും ആസ്വാദകരില്‍ നല്ല ഒരു ഇഷ്ടം ജനിപ്പിക്കും.  ബോറടിയും ഇല്ല.  ചില സന്ദര്‍ഭങ്ങളില്‍ അല്‍പ്പം നാടകീയതക്ക് വേണ്ടി വലിച്ചു നീട്ടലും ഇഴചിലും അനുഭവപ്പെടുന്നത് കാര്യമാക്കാനും വേണ്ടിയില്ല.

പ്രമേയം, അതിനോട് ഇതിന്‍റെ മുന്നിലും പിന്നിലും പ്രവര്‍ത്തിച്ചവര്‍ കാണിച്ച ആത്മാര്‍ത്ഥത ഇവയെല്ലാം ഈ സിനിമയെക്കുറിച്ച് പറയുമ്പോള്‍ എടുത്ത് പറയെണ്ടുന്ന വസ്തുതകളാണ്. സുരേഷ്ഗോപി ശരിക്കും ആ കഥാപാത്രമായി ജീവിക്കുകയായിരുന്നു, പിന്നെ ജയസൂര്യ, ആസിഫ്, ഇന്ദ്രന്‍സ്, സീമ ജി. നായര്‍ തുടങ്ങി എല്ലാവരും. ഇന്ദ്രന്‍സ് ചെയ്തിട്ടുള്ള ഇതുവരെയുള്ള ഏറ്റവും നല്ല കഥാപാത്രം ഇതിലെ ജോസഫ് ആണ്.  ആസിഫ് അലിക്കും മീരാ നന്ദനും മുഖത്ത് ഭാവം വരില്ല എന്നാരും ഇനി പറയില്ല.  തിരിച്ചുവരവില്‍ അഭിരാമിക്ക് കിട്ടിയ മികച്ച കഥാപാത്രമാണ് ഇതിലെ ഡോ. നളിനി.  ഒരു നല്ല ഭാര്യ, അമ്മ റോളുകളില്‍ അവര്‍ ശരിക്കും തിളങ്ങി.

നമ്മുടെ ഭരണകൂടങ്ങള്‍ വലിയ ശ്രദ്ധകൊടുക്കാത്ത ഒരു മേഖലയാണ് ആരോഗ്യ മേഖല.  അതിലെ മരുന്ന് പരീക്ഷണങ്ങള്‍ പ്രത്യേകിച്ചും!.  ബഹുരാഷ്ട്ര കുത്തക മരുന്ന് കമ്പനികളുടെ ലാഭക്കൊതിയും അവക്ക് ചൂട്ടുപിടിക്കുന്ന ചികിത്സാ സ്ഥാപനങ്ങളും ഇവരെയെല്ലാം നിരീക്ഷിക്കാതെ കയറൂരിവിട്ടു നോക്കിയിരിക്കുന്ന ഭരണകൂടങ്ങളും.  ചിത്രം കണ്ടിറങ്ങുന്ന പ്രേക്ഷകര്‍ ഇങ്ങിനെ ചിന്തിച്ചാല്‍ നമുക്ക് കുറ്റം പറയാനാവില്ല.

ശാസ്ത്രം ഇത്രയും പുരോഗമിച്ചിട്ടും, മനുഷ്യന്‍ നിസ്സഹായന്‍ ആകുമ്പോള്‍ അവസാനം വിശ്വാസങ്ങളിലും അനുഷ്ഠാനങ്ങളിലും അഭയം പ്രാപിക്കുന്നതും ഈ സിനിമയില്‍ കാണാം.  കൂടുതല്‍ പറഞ്ഞു കുളമാക്കുന്നില്ല.  സുരേഷ്ഗോപിക്ക് ഒരു സംസ്ഥാന അവാര്‍ഡ് ഈ സിനിമയിലെ കഥാപാത്രത്തിന്‍റെ പിന്‍ബലത്തില്‍ കിട്ടിയാല്‍ ഏറ്റവും സന്തോഷിക്കുന്നവരില്‍ ഞാനും ഉണ്ടാകും എന്ന് മാത്രം പറയട്ടെ.  ഈ സിനിമ നിര്‍മ്മിച്ചിരിക്കുന്നത് രണ്ടു ഡോക്ടര്‍മാര്‍ ആണെന്നത് കൂടി ചേര്‍ത്ത് പറയുന്നു.

എന്‍റെ റേറ്റിംഗ് 9.95/10

2014, ഒക്‌ടോബർ 18, ശനിയാഴ്‌ച

ഞാന്‍ കണ്ട സിനിമ - "കൂതറ"

ആറാം തമ്പുരാന്‍, ദേവാസുരം, നരസിംഹം തുടങ്ങി മോഹന്‍ലാല്‍ എന്ന നടന്‍റെ അഭിനയ വൈവിധ്യം സംവിധായകര്‍ വേണ്ടുവോളം ആവാഹിച്ചെടുത്ത്പ്രേ ക്ഷകര്‍ക്ക് സമ്മാനിച്ച, പേരിനോട് നൂറുശതമാനവും നീതിപുലര്‍ത്തുന്ന സിനിമകള്‍ ഇറങ്ങിയിട്ടുണ്ട്.  ആ ശ്രേണിയില്‍ കൂട്ടി വായിക്കാനും എണ്ണാനും പറ്റില്ലെങ്കിലും ഇതും ഒരു സിനിമ തന്നെ, പേരുപോലെ തന്നെ!

തങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത എഞ്ചിനീയറിംഗ് കോഴ്സുകള്‍ക്ക് കുടുംബത്തിലെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി ചേരേണ്ടിവന്ന മൂന്നു ചെറുപ്പക്കാരുടെ പേരുകളുടെ ആദ്യാക്ഷരമാണ് "കൂതറ" എന്നാണു ആദ്യം പറഞ്ഞിരുന്നത്.  സിനിമ കണ്ടപ്പോള്‍ അതിലെ കഥാപാത്രമായ ഒരു പട്ടിയുടെ പേരായി "കൂതറ".  അവസാനം ഇതാ ഒറിജിനല്‍ "കൂതറ"യായി സാക്ഷാല്‍ മോഹന്‍ലാല്‍!  

കഥ ഒന്ന് മാറ്റിപ്പിടിച്ചിരുന്നുവെങ്കില്‍ നല്ല രീതിയില്‍ മുന്നേറുമായിരുന്ന സിനിമ.  ഇതില്‍ കോളേജ് കാമ്പസിലെ അലമ്പുകള്‍ തന്നെയാണ് ആദ്യ ഘട്ടത്തിലെ വിഷയം.  കള്ളുകുടി, വായ്നോട്ടം, പെണ്ണ്പിടി, പ്രണയം എന്നപേരില്‍ കാട്ടിക്കൊട്ടുന്ന "കൂതറ"ത്തരങ്ങള്‍ പ്രണയം നടിച്ചു വഞ്ചിക്കല്‍ എന്നുവേണ്ട എല്ലാത്തരം കാര്യങ്ങളും.  കഥാപാത്രങ്ങളായ മൂന്നു കൂതറകള്‍ക്ക് യാതൊരു ലക്ഷ്യവും ജീവിതത്തില്‍ ഇല്ല.  അലമ്പുകളുടെ അവസാനം കാമ്പസില്‍ നിന്നും ഡിസ്മിസ് ചെയ്യപ്പെടുന്ന മൂന്നു കൂതറകള്‍ക് മുന്നിലേക്ക് (അവരുടെ എല്ലാ കാര്യങ്ങളും അറിയുന്ന ത്രികാല ദര്‍ശി) ശരിക്കും കൂതറ എത്തുന്നതോടെ കഥ മാറുന്നു...

സിനിമയെക്കുറിച്ച് നല്ലത് ഒന്നും പറയാനില്ലെങ്കില്‍ എന്താ ചെയ്യാ?  ആ പേര് തന്നെ ധാരാളം!

കാമ്പസിലും പൊതുസമൂഹത്തിലും ഉള്ള രാഷ്ട്രീയ അതിപ്രസരവും ഈയിടെ അതിനെയെല്ലാം ചൂലുകൊണ്ട് തൂത്തെറിയുകയും ചെയ്ത (പിന്നീട് ഒന്നുമല്ലാതായ) രാഷ്ട്രീയ പാര്‍ട്ടിയുടെ ചില അടയാളങ്ങള്‍ ഈ സിനിമയില്‍ വരച്ചിട്ടത് നല്ല കാര്യമായി തോന്നി.  പിന്നെ എഞ്ചിനീയറിങ്ങിനു പഠിച്ചപ്പോള്‍ തോന്നാത്ത ലക്ഷ്യബോധം ഫിഷിംഗ് ബോട്ട് കിട്ടിയപ്പോള്‍ മാത്രമാണോ തോന്നിയത് എന്നും തോന്നിപ്പോയി.  (ഇങ്ങിനെയൊക്കെ തോന്നുന്നത് തെറ്റാണെങ്കില്‍ ക്ഷമിക്കുക).

എന്‍റെ റേറ്റിംഗ്: 3/10 

2014, ഒക്‌ടോബർ 6, തിങ്കളാഴ്‌ച

ഞാന്‍ കണ്ട സിനിമ - മംഗ്ലീഷ്!

ആദ്യകാലത്ത് മമ്മൂട്ടി എന്ന നടന്‍റെ സിനിമകള്‍ എത്ര തല്ലിപ്പൊളി ആയാലും ഇഷ്ടമായിരുന്നു കണ്ടിരിക്കാന്‍.  പക്ഷെ വെറുപ്പിച്ചത് തുറുപ്പ്ഗുലാന്‍ എന്ന സിനിമയിലെ കാലില്‍ ചിലങ്ക അണിഞ്ഞു ഡാന്‍സ് പഠിക്കാന്‍ വരുന്ന സീന്‍ മുതലാണ്‌.  അതില്‍പിന്നെ മമ്മൂട്ടി സിനിമകള്‍ ഒരു തരം അര്‍ദ്ധമനസ്സോടെയാണ് കാണുന്നത്.  ഇപ്രാവശ്യം കണ്ട സിനിമ - മംഗ്ലീഷ്!കൊച്ചി ഫിഷ്‌ ഹാര്‍ബറിലെ ഒക്ഷണര്‍ മാലിക്ക് ഭായ് (മമ്മൂട്ടി) ഭയങ്കര സംഭവമാണ്. പുള്ളിയറിയാതെ അവിടെ ഒരു ഇലപോലും അനങ്ങില്ല!  (എല്ലാം സ്ഥിരം ലൈന്‍).  അയാളുടെ സുഹൃത്തായ രാഷ്ട്രീയക്കാരന്റെ (സത്താര്‍) ഒരു ഭൂമികച്ചവടത്തില്‍ ഇടയില്‍ നില്‍ക്കാന്‍ ഒരു പ്രത്യേക സന്ദര്‍ഭത്തില്‍ ഭായിക്ക് തുനിയെണ്ടിവരികയും പിന്നെ അത് വേറൊരു തലത്തിലേക്ക് പോകുകയും ചെയ്യുന്നു.  ഇതിനിടയില്‍ വരുന്ന ഒരു മദാമ്മ (പുള്ളിക്കാരത്തി എന്തോ ഭയങ്കര രഹസ്യം ഒളിപ്പിച്ചു വെക്കുകയും അത് മാലിക്ക് ഭായിയോട് മാത്രം പറയുകയുള്ളൂ എന്ന് കൂടി പറയുമ്പോള്‍ നമ്മള്‍ പ്രേക്ഷകര്‍ ഒരുമാതിരി ശശി ലെവലിലേക്ക് പോകുന്നു).  പക്ഷെ അവര്‍ക്ക് അവരവരുടെ ഭാഷകള്‍ മാത്രം അറിയുകയുള്ളൂ.  പിന്നെന്താ വഴി?  ഇംഗ്ലീഷ് പഠിക്കുക തന്നെ!  ഉടന്‍ ഭായ് ഇംഗ്ലീഷ് കോഴ്സിനു ചേര്‍ന്ന് എല്ലാം പഠിക്കുന്നു.  മദാമ്മ മലയാളവും പഠിക്കുന്നു.  എങ്ങിനെ പഠിച്ചു എന്നുള്ളത് നമ്മള്‍ കാണുന്നില്ല.  

തുറുപ്പ്ഗുലാന്‍ എന്ന സിനിമയെക്കുറിച്ച് ആദ്യമേ പറഞ്ഞത് ഒരു മുന്‍‌കൂര്‍ ജാമ്യമല്ല.  പക്ഷെ നോക്കുക.  രണ്ടിലും കഥ ഏതാണ്ട് ഒരേ ട്രാക്കില്‍.  വിദേശത്ത് നിന്നും വരുന്ന ഇന്ത്യന്‍ നായികക്ക് പകരം ഇന്ത്യയിലേക്ക് വരുന്ന വിദേശി നായിക!.  രണ്ടുപേരുടെയും ലക്‌ഷ്യം പൂര്‍വ്വിക സ്വത്ത് വീണ്ടെടുക്കുക.  അതിനു ചൂട്ടുപിടിക്കുന്നത് നായകന്‍ (അല്ലാതെയാര്)!  

മംഗ്ലീഷ് തീര്‍ത്തും നിരാശപ്പെടുത്തുന്ന ഒരു സിനിമയാണ്.  കട്ട ഇക്ക-ഫാന്‍സിനെപോലും!  മൂന്നുതവണ ഭരത് അവാര്‍ഡ് നേടിയ ഒരു നടന്‍ ഇമ്മാതിരി വളിപ്പ് പടങ്ങളില്‍ അഭിനയിക്കുന്നത് കാണുമ്പോള്‍ അതിയായ സങ്കടമുണ്ട്.  കാരണം ഭാവാഭിനയത്തിന്‍റെ ഉത്തുംഗങ്ങളില്‍ കയറിനിന്നു നമ്മെ വിസ്മയിപ്പിച്ച മമ്മുട്ടിയും മോഹന്‍ലാലും ഒക്കെ ഇതുപോലെ "മാസ്" എന്ന പേരില്‍ വരുന്ന പെക്കൂത്തുകളുടെ ഭാഗമായിത്തീരുന്നതിന്‍റെ അനന്തരഫലം അവരുടെ credibilityയെ അവര്‍ തന്നെ നശിപ്പിക്കുന്നതിലേക്കാണ് വഴിതെളിയിക്കുന്നത്.  ഉടയാത്ത ആകാര സൌന്ദര്യം കൈമുതലായ മമ്മൂട്ടിയെ സ്ക്രീനില്‍ കണ്ടിരിക്കാന്‍ തയ്യാറായി ഇരുന്നു കാണാന്‍ ഇഷ്ടമുള്ളവര്‍ക്ക് പറ്റിയ സിനിമ.  ഒന്നുകൂടി പരത്തിപറഞ്ഞാല്‍ കഴിവുള്ള ഒരുപറ്റം അഭിനേതാക്കളെ ഒട്ടും തന്നെ ഉപയോഗിക്കാതെ ചുമ്മാ നേരമ്പോക്കിന് ഒരു സിനിമ എടുത്തു എന്ന് പറയാന്‍വേണ്ടി ഉണ്ടാക്കിയ സിനിമ.  

സോറി, ശ്രീ. സലാം ബാപ്പു. താങ്കള്‍ ചുവന്ന വീഞ്ഞ് (RED WINE) തന്നപ്പോള്‍ ഞങ്ങള്‍ അല്‍പ്പം മയങ്ങിപ്പോയി!  ഇപ്പഴാ ഉണര്‍ന്നത്.

എന്‍റെ റേറ്റിംഗ്: 2/10

2014, ഒക്‌ടോബർ 2, വ്യാഴാഴ്‌ച

ഗാന്ധിജയന്തി സ്പെഷല്‍

ഇന്നത്തെ ഗാന്ധിജയന്തി എന്തുകൊണ്ടും നല്ല ഒരു ദിവസമാണ് നമ്മുടെ ഇന്ത്യാ മഹാരാജ്യത്തിന്. കാരണങ്ങള്‍:- 

1) പതിനാറു വര്‍ഷങ്ങള്‍ക്ക് ശേഷം നമുക്ക് ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ്ണം കിട്ടി.  അതും ചിരവൈരികള്‍(?) ആയ പാക്കിസ്ഥാനെ തോല്‍പ്പിച്ചു.  (ഏതാണ്ട് ആറാം തമ്പുരാനില്‍ പതിനാറു കൊല്ലത്തിനു ശേഷം ജഗന്നാഥന്‍ അപ്ഫന്‍ തമ്പുരാനെ തരിപ്പണമാക്കി ഉത്സവം നടത്തുന്ന സ്റ്റൈലില്‍!)

2) ടിന്‍റു ലൂക്ക എന്ന പി.ടി. ഉഷയുടെ ശിഷ്യ ഉള്‍പ്പെട്ട നമ്മുടെ റിലേടീം വനിതകളുടെ 4x400 മീറ്റര്‍ റിലേയില്‍ സ്വര്‍ണ്ണം നേടി.  അതും ഗെയിംസ് റെക്കോഡ് സമയത്തില്‍.

3) ഗാന്ധിജിയെ തെറിപറഞ്ഞു നടന്നവരും കൊന്നവര്‍ക്ക് ജയ്‌ വിളിക്കുന്നവരും അടക്കം ഇന്ന് രാവിലെ ചൂലും എടുത്ത് സേവനവാരത്തിന് ഇറങ്ങിയിരിക്കുന്നു!  നല്ല കാര്യം.  കൊല്ലം മുഴുവന്‍ ഈ ആവേശം കാണണം. പെരുച്ചാഴി സില്‍മ ഇറങ്ങിയ കാരണം ആയിരിക്കാം അമേരിക്കയില്‍ ചെന്നപ്പോ ഗാന്ധിയെ ഒരാള്‍ മോഹന്‍ലാല്‍ ആക്കിയത്!

ഇതിനിടയില്‍ എന്നെ അലോസരപ്പെടുത്തിയത്:

ഇതൊന്നും കാണാതെ ചാമ്പ്യന്‍സ് ലീഗ് ക്രിക്കറ്റില്‍ ചെന്നൈ സൂപ്പര്‍ കിങ്ങ്സ് എന്ന മാഫിയ ടീമിന്‍റെ ജയത്തെ വാഴ്ത്തി അതിലെ കൊപ്പന്മാരുടെ ചിത്രങ്ങള്‍ ഇട്ടു  ഒരുപാട് പേര്‍ ഫേസ്ബുക്കില്‍ പോസ്റ്റ്‌ പൊങ്കാല നടത്തുന്നത്!!!  എന്താല്ലേ!  പുവര്‍ ബോയ്സ്!

ഇനി സര്‍ക്കാരിനോട് ഒരുവാക്ക്:
കൂതറ ക്രിക്കറ്റ് താരങ്ങള്‍ക്ക് വാരിക്കോരി കോടികള്‍ അമ്മാനമാടാന്‍ കൊടുക്കുന്ന സ്ഥാനത്ത് ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍നേടിയ താരങ്ങള്‍ക്ക്  നല്ല നിലയില്‍ അല്ലലില്ലാതെ ജീവിക്കാന്‍ ഉള്ള വകുപ്പ് എങ്കിലും ഉണ്ടാക്കി കൊടുക്കണം.  റിപ്പോര്‍ട്ടുകള്‍ പറയുന്നത് പല ഇനങ്ങളിലും ഇന്ത്യന്‍ താരങ്ങള്‍ നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.  ഒന്ന് ആഞ്ഞുപിടിച്ചിരുന്നു എങ്കില്‍ കൂടുതല്‍ മെഡലുകള്‍ നേടാമായിരുന്നു.  പിന്നെ സെമിയില്‍ എത്തുമ്പോഴേക്കും വെങ്കലം ഉറപ്പിക്കല്‍ മാധ്യമങ്ങളുടെ വക നടത്തുന്നത് അവരുടെ പ്രകടനത്തെ ബാധിക്കുന്നു എന്ന് കരുതിയാല്‍ തെറ്റില്ല.  

നിര്‍ത്തുന്നതിനു മുന്നേ ഒന്നുകൂടി പറയട്ടെ - ഇടിക്കൂട്ടില്‍ മെഡല്‍നഷ്ടം നേരിട്ട സരിതാദേവിക്ക് അച്ചടക്ക നടപടി നേരിടേണ്ടി വരുന്നു.   വേണ്ട സമയത്ത് അപ്പീല്‍ കൊടുത്ത് അവരുടെ മെഡല്‍ തിരിച്ചെടുക്കാന്‍ നോക്കിയില്ല!  500 ഡോളര്‍ കെട്ടിവെക്കണം എന്നതായിരുന്നു പ്രശ്നം.  പക്ഷെ ഇനി അവരുടെ നേര്‍ക്ക് അച്ചടക്കം എടുത്ത് ഒരു കായികതാരത്തെ എങ്ങിനെ കൊല്ലാക്കൊല ചെയ്യാം എന്ന് കാട്ടിതരികയാണോ ലക്‌ഷ്യം?!

പിന്‍കുറി: സ്വര്‍ണ്ണം നേടിയ മറ്റു താരങ്ങളെ പരാമര്‍ശിക്കാതെ ഒഴിവാക്കിയത് കരുതിക്കൂട്ടിയല്ല എന്ന് കൂടി പറയട്ടെ..

2014, സെപ്റ്റംബർ 4, വ്യാഴാഴ്‌ച

ഞാന്‍ കണ്ട സിനിമ - HOW OLD ARE YOU

മഞ്ജുവാര്യര്‍ എന്ന മലയാളികളുടെ എക്കാലത്തെയും പ്രിയ നടിയുടെ അഭിനയ രംഗത്തേക്കുള്ള തിരിച്ചുവരവ് എന്ന നിലയില്‍ ഒരുപാട് വാര്‍ത്താപ്രാധാന്യം നേടിയ സിനിമയാണ് "ഹൌ ഓള്‍ഡ്‌ ആര്‍ യു".  മാധ്യമങ്ങളുടെ പിന്തുണയോടെ ഒരുപാട് പ്രതീക്ഷകള്‍ മലയാളി പ്രേക്ഷകരില്‍ ഉയര്‍ത്തിവിട്ടു എങ്കിലും ആ പ്രതീക്ഷകള്‍ക്കൊപ്പം വളരാതെ പോയ ഒരു സിനിമ.

പ്രമേയം കൊണ്ട് നല്ല അഭിപ്രായം നേടിയെടുക്കാം എങ്കിലും അത് സിനിമയാക്കിയപ്പോള്‍ ആ അഭിപ്രായം പ്രേക്ഷകരില്‍ നിലനിര്‍ത്തുവാന്‍ സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് പരാജയപ്പെട്ടു എന്ന് പറയുന്നതിന് പകരം ഒരു പരിധിക്കപ്പുറം വിജയിക്കുന്നില്ല എന്നും പറയാം.  യു.ഡി. ക്ലര്‍ക്കായ നിരുപമ രാജീവ് (മഞ്ജുവാര്യര്‍) ഒരു ഐറിഷ് കമ്പനിയിലെ ഇന്റര്‍വ്യൂ attend ചെയ്യുന്നിടത്ത് നിന്നാണ് കഥ തുടങ്ങുന്നത്. ഭര്‍ത്താവ് അയര്ലന്റിലെക്ക് കുടിയേറാന്‍ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് ഈ പരീക്ഷണം!  പ്രായത്തിന്‍റെ പേരില്‍ അവള്‍ അവിടെ പരാജയപ്പെടുന്നു.  പരാജയപ്പെട്ട നിരുപമയെ ഭര്‍ത്താവും (കുഞ്ചാക്കോ ബോബന്‍!!!!!) മകള്‍ ലച്ചുവും (അമൃത അനില്‍) തള്ളിപ്പറയുന്നു.  ഭര്‍ത്താവും മകളും തങ്ങളുടേതായ ഒരു സ്വപ്നലോകത്താണ്.  തങ്ങളുടെ സ്വപ്നം സാക്ഷാല്‍ക്കരിക്കാന്‍ പരിശ്രമിക്കുന്ന പിതാവിനും മകള്‍ക്കും നിരുപമ എന്ന (യഥാക്രമം ഭാര്യ, അമ്മ എന്നീ നിലകളില്‍) പഴഞ്ചന്‍ ഐറ്റത്തോട് ഒരുതരം പുശ്ചമാണ്.  നിരുപമയാകട്ടെ യു.ഡി. ക്ലാര്‍ക്ക് ഉദ്യോഗം ഒക്കെ ഉണ്ടെങ്കിലും ഒരു typical മലയാളി വീട്ടമ്മ ലെവലിലും ജീവിക്കുന്നു.  

ഒരുപ്രത്യേക സന്ദര്‍ഭത്തില്‍ കേരള സന്ദര്‍ശനം നടത്തുന്ന ഇന്ത്യന്‍ പ്രസിഡണ്ടിന്റെ കൂടെ ബ്രേക്ഫാസ്റ്റ് കഴിക്കുവാന്‍ അപ്രതീക്ഷിതമായി ക്ഷണിക്കപ്പെടുന്ന നിരുപമ, സാഹചര്യ (രക്ത)സമ്മര്‍ദ്ദത്താല്‍ അദ്ദേഹത്തിന്റെ മുന്നില്‍വെച്ച്‌ തലകറങ്ങി വീഴുകയും അത് ഒരുപാട് വാര്‍ത്താപ്രാധാന്യം നേടുകയും ചെയ്യുന്നു.  തങ്ങളുടെ സ്വപ്‌നങ്ങള്‍ സാക്ഷാല്‍ക്കരിക്കാന്‍ അവസരം കൈവന്നപ്പോള്‍ രാജീവും ലച്ചുവും വിദഗ്ദമായി നിരുപമയെ ഒഴിവാക്കി വിദേശത്തേക്ക് പറക്കുന്നു.  പുറകെ നിരുപമയുടെ ജീവിതത്തിലെ നിര്‍ണ്ണായകമായ ചില സംഭവങ്ങള്‍ അരങ്ങേറുന്നു.

കാസ്റ്റിംഗ് ആണ് ഈ സിനിമയില്‍ ഏറെ പിഴച്ചത് എന്ന് വേണമെങ്കില്‍ പറയാം.  മഞ്ജുവാര്യര്‍ എന്ന നിരുപമയുടെ ഭര്‍ത്താവായി കുഞ്ചാക്കോ ബോബനെയല്ലാതെ ആരെയും കിട്ടിയില്ലേ ഇതിന്റെ സംവിധായകന് എന്ന് നമ്മളെകൊണ്ട് ചൊദിപ്പിക്കും.  ചുരുങ്ങിയത് അവര്‍ തമ്മില്‍ ഒരു മാച്ചിംഗ് പ്രേക്ഷകര്‍ക്ക് ഫീല്‍ പോലും ചെയ്യുന്നില്ല. (ഇതിനു പകരം ബിജു മേനോന്‍ ആയിരുന്നു എങ്കില്‍ കുറച്ചു കൂടി നന്നായേനെ എന്ന് പലരും അഭിപ്രായം പറഞ്ഞു.).

മഞ്ജുവാര്യര്‍ എന്ന നിരുപമ ഒരു ശരാശരി മലയാളി വീട്ടമ്മയുടെ പ്രതീകമാണ്.  അരിയുടെയും പച്ചക്കറിയുടെയും വിലകയറ്റത്തിനൊപ്പം മെഗാസീരിയലിന്‍റെ കഥാഗതിയില്‍ ആശങ്കപ്പെട്ടു ജീവിക്കുന്ന അത്യാവശ്യം കുശുമ്പും കുന്നായ്മയും ഒക്കെ വെച്ച് പുലര്‍ത്തി ഓഫീസിലെ ഗോസിപ്പ് ഫീല്‍ഡില്‍ സജീവമായി ജീവിക്കുന്ന ഒരു ശരാശരി മലയാളി വീട്ടമ്മ.  പക്ഷെ, ആ റോളില്‍ പല രംഗങ്ങളിലും ശരിയായ ഭാവം മുഖത്ത് വരുത്താന്‍ കഷ്ടപ്പെടുന്ന ഒരു മഞ്ജുവാര്യറെ നമുക്ക് കാണാം.  ഏത് മേഖലയിലായാലും ഫീല്‍ഡില്‍ നിന്നും കുറച്ചു (അധികം) കാലം വിട്ടു നിന്നാല്‍ പിന്നെ വര്‍ത്തമാനകാല സാഹചര്യങ്ങളോട് പൊരുത്തപ്പെടാന്‍ ഏതൊരാള്‍ക്കും അല്‍പ്പം പ്രയാസം ഉണ്ടാകും.  ഈ കുറവ് നമുക്ക് ആ അക്കൌണ്ടിലേക്ക് വരവ് വെക്കാം.  ഏതായാലും വേറെ ഏതോ സിനിമയിലേക്ക് അവര്‍ കരാര്‍ ചെയ്യപ്പെട്ടിട്ടുണ്ട്.  ഒരു സിനിമകൊണ്ട് അവരെ നമുക്ക് അളക്കാന്‍ പറ്റില്ല എങ്കിലും ഈ സിനിമ കണ്ടിട്ട് എനിക്ക് തോന്നിയത് ഇപ്രകാരമാണ്.

കഥാപാത്രങ്ങളില്‍ രാജീവിനെ അവതരിപ്പിച്ച കുഞ്ചാക്കോ ബോബനും അവരുടെ മകള്‍ ആയി അഭിനയിച്ച കുട്ടിയും പിന്നെ അറിയപ്പെടുന്നവരും അല്ലാത്തവരുമായ എല്ലാവരും തങ്ങളുടെ റോള്‍ ഭംഗിയാക്കി.  പ്രത്യേകിച്ച് ആ ബസ്സില്‍ യാത്രക്കാരിയായി അഭിനയിച്ച ആരോരുമില്ലാത്ത സ്ത്രീ (അവരുടെ പേരറിയില്ല).  മഞ്ജുവാര്യര്‍ എന്ന നടിയുടെ വ്യക്തിജീവിതവുമായി ചില ബന്ധങ്ങള്‍ ഈ സിനിമക്ക് ഉണ്ടെന്നു ചില ദോഷൈകദൃക്കുകള്‍ പറയുന്നുണ്ട് പക്ഷെ നമുക്ക് അത് തല്‍ക്കാലം വിടാം. ഏതായാലും ശ്രേയ ഘോഷല്‍ പാടിയ ഒരു നല്ല ഗാനം ഇതിലുണ്ട്.  മറ്റു സാങ്കേതിക വിഭാഗങ്ങളെ പരാമര്‍ശിക്കതക്കതായി തോന്നാത്തതുകൊണ്ട് വിടുന്നു.

നമ്മള്‍ ശരാശരി(!) മലയാളിയുടെ ജാഡയും മറ്റു സ്വഭാവവിശേഷങ്ങളും എല്ലാം അക്കമിട്ടു നിരത്തുന്ന ഈ സിനിമ കണ്ടിരിക്കാം.  ചുരുക്കം ചില മുഹൂര്‍ത്തങ്ങള്‍ മനസ്സിനെ സ്പര്‍ശിക്കുന്നു വല്ലാണ്ട്.  സ്ത്രീ ശാക്തീകരണമാണോ അതോ മറ്റെന്തെങ്കിലും ഒക്കെയാണോ സിനിമകൊണ്ട് ഉദ്ദേശിച്ചത് എന്ന് പറയേണ്ടത് പ്രേക്ഷകരാണ്.

എന്‍റെ റേറ്റിംഗ്: 4/10

2014, ഓഗസ്റ്റ് 12, ചൊവ്വാഴ്ച

ഞാന്‍ കണ്ട സിനിമ: മോസയിലെ കുതിരമീനുകള്‍

അനുകൂലമായോ പ്രതികൂലമായോ എഴുതിയാല്‍ ഫാന്‍സുകാര്‍ വഴിയിലിട്ടു തല്ലുന്ന ഇക്കാലത്ത് ഒരു മുന്‍‌കൂര്‍ ജാമ്യം:  ഞാന്‍ ഒരു നടന്റെയും ഫാന്‍ അല്ല.  ഒരു സിനിമ കേവലം വിനോദോപാധി എന്നതിനപ്പുറം നമുക്ക് ഓര്‍മ്മയുടെ മണിച്ചെപ്പില്‍ സൂക്ഷിക്കാന്‍ എന്തെങ്കിലും നല്‍കും എന്ന ശുഭപ്രതീക്ഷ വെച്ച് പുലര്‍ത്തുന്ന ഒരാളാണ് ഞാന്‍.  ഇത്രയും മുഖവുര.  ഇനി വിഷയത്തിലേക്ക് അതായത് ഞാന്‍ ഒടുവില്‍ കണ്ട സിനിമ - അതിലേക്ക്...

മോസയിലെ കുതിരമീനുകള്‍.
ലക്ഷദ്വീപ് കൂടി പശ്ചാത്തലമായ സിനിമകള്‍ ഇറങ്ങിയിട്ടുണ്ടോ എന്ന് അറിയില്ല.  പക്ഷെ ഇത് ഭൂരിഭാഗവും അവിടെവെച്ചു ചിത്രീകരിച്ച ഒന്നാണ്.  ആസിഫ് അലിയും സണ്ണി വെയ്നും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.  അലസജീവിതത്തിന്റെ കൈയ്യിലിരിപ്പ്‌കൊണ്ട് ജയിലില്‍ എത്തുന്ന അലെക്സ് ആണ് അസിഫലിയുടെ കഥാപാത്രം.  പിതാവിന്റെ പതിനാലാമത്തെ സന്താനം.  ജയില്‍ അയാള്‍ക്ക് പുതിയ ഒരു അനുഭവമായിരുന്നു.  ചോദിക്കാനും പറയാനും ആരുമില്ലാതെ (ഒരു അങ്കിളിനെ ആ റോളില്‍ കാണിക്കുന്നുണ്ട്.  പിന്നീട് കണ്ടില്ല) വിലസിയുരുന്ന ആള്‍ക്ക് പണി കിട്ടിയത് ജയില്‍ ജീവിതത്തിന്‍റെ രൂപത്തില്‍.  അവിടെന്നു രക്ഷപ്പെടാനുള്ള ശ്രമം തുടങ്ങുന്നു കഥാനായകന്‍.  രണ്ടു പ്രാവശ്യം ശ്രമിച്ചിട്ട് നടക്കാത്ത ജയില്‍ചാട്ടം മൂന്നാമത് നടക്കുന്നു.  ശ്രമത്തിനിടയില്‍ ഇടക്ക് ഡ്രൈനേജ് ഹോളില്‍ പെട്ടപ്പോള്‍ അയാള്‍ ദൈവത്തെ ആത്മാര്‍ത്തമായി വിളിച്ചു കേഴുമ്പോള്‍ മുന്നില്‍ പ്രത്യക്ഷപ്പെടുന്നത്  അലി (സണ്ണി വെയ്ന്‍).  അയാളും ജയിലില്‍ നിന്ന് ചാടി വരികയാണ്.  


തുടര്‍ന്നു രണ്ടാളുടെയും ജീവിതം മാറി മറിയുന്നു.  ജയിലില്‍ നിന്ന് പുറത്ത് വന്നതിനു ശേഷം അലി അലെക്സിനെ ഒഴിവാക്കുന്നതിനായി ശ്രമിക്കുന്നു.  തന്‍റേതായ ഏതോ ഒരു ലക്ഷ്യത്തിനു വേണ്ടിയുള്ള ഒരു യാത്രാവഴിയിലാണ്പ അലി.  പ്രത്യേകിച്ച് ഒരു ലക്ഷ്യവും ഇല്ലാത്ത  തന്റെ ജീവിതത്തിന്‍റെ മുന്നോട്ടുള്ള ഗതിക്ക് അലി കൂടിയേ തീരൂ അലക്സിന്.  അവിടെ നിന്ന് സിനിമ ലക്ഷദ്വീപിന്റെ പശ്ചാത്തലത്തിലേക്ക് മാറുകയാണ്.  രണ്ടു പെണ്‍കുട്ടികള്‍ കൂടി അവരുടെ ജീവിതത്തിലേക്ക് വരുന്നു.  ഡീനയും(ജനനി അയ്യര്‍) ഇസയും (സ്വാതി റെഡഡി). ആരാണ് അലി, അലെക്സിനു എന്താണ് അലിയെകൊണ്ട് കാര്യം?, ഈ രണ്ടു പെണ്‍കുട്ടികള്‍ ആരാണ്.  ഇതൊക്കെയാണ് കഥാസാരം.

ഇതില്‍ സ്വാര്‍ത്ഥതയും നിസ്വാര്‍ത്ഥതയും അടക്കിവാഴുന്ന പ്രണയമുണ്ട്. ആ പ്രണയത്തിന്‍റെ വൈകിയുള്ള സാക്ഷാല്‍ക്കാരം.  വാഗ്ദാനപാലനത്തിനായി ജീവിക്കുന്ന കഥാപാത്രങ്ങള്‍. മനോഹരമായ ലക്ഷദ്വീപ് ഒരുക്കുന്ന അത്ഭുതക്കാഴ്ചകള്‍ നിറയെയുള്ള ഈ  സിനിമ നല്ല സിനിമകളുടെ കൂട്ടത്തില്‍ തന്നെ പെടുത്തണം.  മനുഷ്യജീവിതത്തിന്റെ അപ്രതീക്ഷിതമായ ഗതിമാറിയുള്ള ഒഴുക്ക് നല്ല രീതിയില്‍ സ്പഷ്ടമായി ഇതില്‍ കാണിച്ചിരിക്കുന്നു.  സംവിധായകന്‍ അജിത്‌ പിള്ള നല്ലൊരു വാഗ്ദാനം തന്നെ. ഈ സിനിമയുടെ  ചിത്രീകരണവേളയിലെ വാര്‍ത്തകള്‍ക്കപ്പുറം ഒന്നും കേട്ടിരുന്നില്ല.  ഇറങ്ങിയത് അറിഞ്ഞതുമില്ല. സൂപ്പര്‍ നടന്മാരുടെ ആവര്‍ത്തിച്ചുള്ള വളിപ്പ് സിനിമകള്‍ക്കിടയില്‍ എന്തുകൊണ്ടും ഇത്തരം സിനിമകള്‍ക്ക് സ്ഥാനത്തിനു അര്‍ഹതയുണ്ട്.  പക്ഷെ എന്തുകൊണ്ട് ഇവ തിരസ്കരിക്കപ്പെടുന്നു?  ചിന്തിക്കേണ്ടിയിരിക്കുന്നു.

നെടുമുടിവേണു, നിഷാന്ത് സാഗര്‍, ജോജോ, പി.ബാലചന്ദ്രന്‍, ചെമ്പന്‍ വിനോദ് തുടങ്ങി പേര് ഓര്‍മ്മിക്കുന്നതും അറിയാത്തവരുമായ ഒരുപാട് പേര്‍ കഥാപാത്രങ്ങളായി വന്നു പോകുന്നു.  മനോഹരങ്ങളായ ചില സംഭാഷണ ശകലങ്ങള്‍ ഈ സിനിമയില്‍ പലയിടത്തും കാണാം.  കോട്ടയം സ്ലാങ്ങിനോട് സാമ്യതയുള്ളതത്രേ ലക്ഷദ്വീപ് സ്ലാങ്ങ്‌!  ആസിഫിന് അഭിനയിക്കാന്‍ അറിയില്ല എന്നാരാ പറഞ്ഞത്?  നല്ല റോളുകള്‍ കൊടുത്താല്‍ നമ്മള്‍ പ്രതീക്ഷിച്ച റിസള്‍ട്ട് ആ ചെറുപ്പക്കാരനില്‍ നിന്നും തീര്‍ച്ചയായും കിട്ടും.  പിന്നെ സണ്ണിവെയ്ന്‍ - അന്നയും റസൂലും, പിന്നെ നീലാകാശം.... ഈ ചിത്രങ്ങളില്‍ കാഴ്ചവെച്ചപോലെ തന്നെ മികച്ച അഭിനയം അലിയുടെ വേഷത്തില്‍ സണ്ണി തകര്‍ക്കുന്നു.  തീര്‍ച്ചയായും മലയാള സിനിമക്ക് ഒരു നല്ല പ്രതിഭ തന്നെ ഈ ചെറുപ്പക്കാരന്‍.  (കഴിഞ്ഞ ഒന്നുരണ്ടു വര്‍ഷങ്ങള്‍ നോക്കിയാല്‍ എന്നെ ഏറെ ആകര്‍ഷിച്ചിട്ടുള്ള വിരലിലെണ്ണാവുന്ന അഭിനേതാക്കളില്‍ ഒന്ന് സണ്ണിയാണ്).  പരിമിതമായ അഭിനയ സാഹചര്യങ്ങളിലും സ്വാതി റെഡഡിയും ജനനി അയ്യരും മികച്ചുനില്‍ക്കുന്നു.  സംഗീതവിഭാഗം എനിക്ക് ഇഷ്ടപ്പെട്ടില്ല.  പക്ഷെ ക്യാമറ - അതിമനോഹരം എന്നത് മിതമായ ഒരു വാക്ക് മാത്രം.  കല്ലുകടിക്കുന്ന ചില മുഹൂര്‍ത്തങ്ങള്‍ ഇതിലും ഉണ്ട്.  അവയൊക്കെ ഒഴിച്ച് നിര്‍ത്തിയാല്‍ ഒരു OK മൂവി.

എന്‍റെ റേറ്റിംഗ്: 7.5/10

2014, ജൂലൈ 31, വ്യാഴാഴ്‌ച

ഞാന്‍ കണ്ട സിനിമ: തെഗിഡി

1. തെഗിഡി (തമിഴ്)
നിരീക്ഷണത്തില്‍ നല്ല പാടവം കൈമുതലായുള്ള ക്രിമിനോളജി ബിരുദധാരി വെട്രി (അശോക്‌ ശെല്‍വന്‍) ഒരു ഡിറ്റക്ടീവ് ആകുക എന്ന ജീവിതാഭിലാഷം പൂര്ത്തീകരിക്കുവാനുള്ള പരിശ്രമത്തിലാണ്.  അയാളുടെ ആത്മാര്‍ത്ഥ സുഹൃത്ത് നമ്പി (കാലി വെങ്കട്ട്)യുടെ കൂടെ ചെന്നെയില്‍ വെട്രി താമസമാക്കുന്നു.   സാന്ദര്‍ഭികമായി അയാള്‍ക്ക് ഒരു പ്രൈവറ്റ് ഡിറ്റക്ടീവ് ഏജന്‍സിയില്‍ ജോലി ലഭിക്കുകയും അതിന്‍റെ ഭാഗമായി ചിലരെ നിരീക്ഷിക്കുവാന്‍ അയാള്‍ നിയോഗിക്കപ്പെടുകയും ചെയ്യുന്നു.  ഓരോ ജോലിയും പൂര്‍ത്തീകരിച്ചു പുതിയ ജോലിയിലേക്ക് അയാള്‍ എളുപ്പം നിയുക്തനാക്കപ്പെടുന്നു.  ഇതിനിടയില്‍ സുന്ദരിയായ മധുശ്രീ (ജനനി അയ്യര്‍) എന്ന പെണ്‍കുട്ടിയെയും നിരീക്ഷിക്കാന്‍ നിയോഗിക്കപ്പെടുന്നു.  നിരീക്ഷണം അവസാനം പ്രണയത്തില്‍ ചെന്ന് നില്‍ക്കുന്നു. നമ്പിയുടെ സഹായത്താല്‍ പ്രണയ സാക്ഷാല്‍ക്കാരത്തിനായി ശ്രമിക്കുന്ന വെട്രി ഏറ്റെടുത്ത ജോലിയില്‍ നിന്ന് ഇടക്ക് വ്യതിചലിക്കുന്നു. ഇതിനിടയില്‍ അപ്രതീക്ഷിതമായ ഞെട്ടിപ്പിക്കുന്ന ചില സംഭവങ്ങള്‍.

താന്‍ ആരെയൊക്കെ നിരീക്ഷിച്ചുവോ അവര്‍ക്കെല്ലാം അപമൃത്യു സംഭവിക്കുന്നു. ഇതില്‍ രണ്ടുപേര്‍ കൊല്ലപ്പെടുന്നത് വെട്രിയുടെ കണ്മുന്നില്‍ അതും അവരുടെ ജീവന്‍ രക്ഷിക്കാന്‍ അയാള്‍ ശ്രമിക്കുന്നതിനിടയില്‍!  ഈ സംഭവങ്ങളുടെ ഗതി നിരീക്ഷിച്ച വെട്രി അടുത്ത ഇര തന്റെ പ്രനയഭാജനമായ മധുശ്രീ ആയിരിക്കും എന്ന് മനസ്സിലാക്കുന്നു.  തുടര്‍ന്ന് അവളുടെയും തന്റെയും കൂട്ടുകാരന്റെയും ജീവന്‍ അപകടത്തിലാണെന്ന് മനസ്സിലാക്കുമ്പോള്‍ അതില്‍ നിന്ന് രക്ഷപ്പെടാനുള്ള നീക്കങ്ങളാണ് ഈ ചിത്രത്തിന്‍റെ ഇതിവൃത്തം. 

ചെറിയ ഞെട്ടലുകള്‍ ഒക്കെ പ്രേക്ഷകരില്‍ ഉണ്ടാക്കുന്ന ഈ സിനിമ, നമ്മള്‍ക്ക് ഊഹിക്കാവുന്ന തരത്തിലുള്ള സംഭവങ്ങള്‍ വരുന്നതോടെ പിന്നീട് ഒരു അയഞ്ഞ മോഡിലാണ് നീങ്ങുന്നത്.  യഥാര്‍ത്ഥ വില്ലന്‍ ആരെന്നു നമുക്ക് ഊഹിക്കാന്‍ പറ്റുന്നു.  നായികാ നായകന്മാരുടെയും അവരുടെ കൂട്ടുകാരന്റെയും അഭിനയം കൊള്ളാം.  എന്നാലും ഒരു പോരായ്മ ഫീല്‍ ചെയ്യുന്ന മൂവി.  ഒരു രണ്ടാം ഭാഗത്തിന് കൂടി സ്കോപ്പ് ഇട്ടുകൊണ്ടാണ് കഥ അവസാനിക്കുന്നത്.  അപ്പോഴും ഒരു ചെറിയ നിഗൂഡത ചൂഴ്ന്നു നില്‍ക്കുന്നു.  എടുത്ത് പറയാന്‍ ഒന്നുമില്ല എന്ന് തോന്നുന്നത്കൊണ്ട് സാങ്കേതിക-ഗാന-സംഗീത വിഭാഗങ്ങളെ ഒഴിവാക്കുന്നു.
എന്‍റെ റേറ്റിംഗ്: 6/10

2014, ജൂലൈ 26, ശനിയാഴ്‌ച

മാധ്യമങ്ങള്‍ നാറാണത്ത് ഭ്രാന്തന്മാരോ അതോ തെരുവ് നായ്ക്കൂട്ടങ്ങളോ?!

മലമുകളിലേക്ക് കല്ലുരുട്ടികയട്ടി അത് താഴേക്ക് തള്ളിയിട്ടു രസിച്ചിരുന്ന പന്തിരുകുലത്തിലെ ഭ്രാന്തനെ നമുക്ക് വെറുതെ വിടാം.  ഇന്ന് അതിലും വലിയ ഭ്രാന്തന്മാരെ നമുക്ക് മാധ്യമങ്ങളുടെയും അതിന്‍റെ പ്രവര്‍ത്തകരുടെയും  രൂപത്തില്‍ കാണാന്‍ കഴിയുന്നു.  സമൂഹത്തിനു നന്മയുണ്ടാക്കുന്ന പ്രവൃത്തികള്‍ ചെയ്യുന്നില്ല എന്നത്പോട്ടെ, വിദ്വേഷ പ്രചരണം നടത്തുന്നതില്‍നിന്നും ഒഴിഞ്ഞു നിന്നുകൂടെ?  ഇത് ഭ്രാന്ത് അല്ലെങ്കില്‍ എന്താണ്.  എല്ലാവിധ വര്‍ഗ്ഗീയതയും ഉണ്ടാക്കുന്നത് ചില താല്‍പ്പര കക്ഷികളും അവര്‍ക്ക് ചൂട്ടുപിടിക്കുന്ന ഏതാനും മാധ്യമ ഭ്രാന്തന്മാരുമാണ്.  വര്‍ഗ്ഗീയതയുടെ വിത്ത് വിതച്ച് അതിനെ മുളപ്പിച്ചു വെള്ളവും വളവും കൊടുത്ത് വളര്‍ത്തി അത് (സാമുദായിക സംഘര്‍ഷങ്ങളുടെ രൂപത്തില്‍) ഫലം തരുമ്പോള്‍ അയ്യോ ദേ വര്‍ഗ്ഗീയത, ദേ കലാപം എന്നൊക്കെ പറഞ്ഞു നിലവിളിക്കുന്ന ഈ ഭ്രാന്തമാരെ നിലക്ക് നിര്‍ത്താന്‍ ആരെങ്കിലും മുന്നിട്ടിറങ്ങണം.  അല്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടു പോകുന്ന തരത്തിലാണ് സംഗതികള്‍.

ബന്ധപ്പെട്ടവര്‍ക്ക് ഇല്ലാത്ത പ്രശ്നങ്ങള്‍ കുത്തിപ്പൊക്കി എടുക്കുവാന്‍ വ്യഗ്രത ഇവര്‍ക്കാണ്.  ചിന്താശേഷിയില്ലാത്ത മനുഷ്യമനസ്സുകളെ വാഷ് ചെയ്ത് ക്രിമിനല്‍ ചിന്ത അതില്‍ നിറക്കുവാന്‍ ഇത്തരം വാര്‍ത്തകള്‍കൊണ്ട് കഴിയും.

ഈയിടെയായി തെരുവ് നായ്ക്കളുടെ ആക്രമണം കൂടിവരുന്നതായി വിവിധ മാധ്യമങ്ങള്‍ പ്രാധാന്യപൂര്‍വ്വം റിപ്പോര്‍ട്ട് നമുക്ക് തരുന്നുണ്ട്.  തെരുവ് നായ്ക്കള്‍ അക്രമാസക്തരാവുന്നത് വളരെ പെട്ടെന്നാണ്.  അതുപോലെ തന്നെ ഇന്നത്തെ ചില മാധ്യമപ്രവര്‍ത്തകരിലും ഈ പ്രവണത കണ്ടുവരുന്നുണ്ട്.  സൈക്കിളിലും, ബൈക്കിലും പിന്നെ കാല്‍നടയായും പോകുന്ന നിരപരാധികളെ ചാടിവീണ് ഉപദ്രവിക്കുന്ന തെരുവ് നായ്ക്കളെ പോലെ തന്നെയാണ് ഈ വക വാര്‍ത്തകള്‍ പടച്ചുവിടുന്ന മാധ്യമപ്രവര്‍ത്തകരും എന്നാണു എന്‍റെ വ്യക്തിപരമായ അഭിപ്രായം.  പക്ഷെ ഇവിടെ നമ്മള്‍ മനസ്സിലാക്കെണ്ടുന്ന വസ്തുത നായ്ക്കളുടെ കടിയെല്‍ക്കുന്ന വ്യക്തികള്‍ക്കും സമൂഹത്തിനും ഉണ്ടാകുന്ന ദുരിതമാണ്.  ആയിരങ്ങള്‍ മുടക്കി എടുക്കുന്ന വേദനാജനകമായ കുത്തിവെപ്പും തുടര്‍ന്ന് വരുന്ന പരീക്ഷനകാലവും എല്ലാം കടിയെല്‍ക്കുന്നവര്‍ സഹിക്കണം.  അതുപോലെതന്നെയാണ് വര്‍ഗ്ഗീയത അറിഞ്ഞുകൊണ്ട് പടച്ചുവിട്ടു സാമുദായിക ധ്രുവീകരണം ഉണ്ടാക്കുന്നതും തുടര്‍-സംഘര്‍ഷങ്ങളിലേക്ക് വഴിവെക്കുന്നതുമെല്ലാം.  എല്ലാം കൈവിട്ടുപോകാന്‍ കേവലം അലസതയോ വിവരക്കേടോ മതിയാവും.

ജനാധിപത്യത്തിന്റെ നാലാം തൂണായി വര്‍ത്തിക്കേണ്ട പത്രസ്ഥാപനങ്ങളും അതിന്‍റെ പ്രവര്‍ത്തകരും കേവലം ക്ഷണിക നേട്ടങ്ങള്‍ മാത്രം മുന്നില്‍കണ്ട് ഇത്തരം വാര്‍ത്ത ഉണ്ടാക്കല്‍ മാത്രം ചെയ്യുന്നത് അങ്ങേയറ്റം ഖേദകരം തന്നെ.  

(മാധ്യമപ്രവര്‍ത്തകര്‍ എന്ന് ഉപയോഗിച്ചത് അവരും അവരുടെ മാനേജ്മെന്റും എന്ന വിശാലമായ അര്‍ത്ഥത്തില്‍ വായിക്കാന്‍ താല്പര്യപ്പെടുന്നു).

2014, ജൂലൈ 15, ചൊവ്വാഴ്ച

പ്രിയസുഹൃത്തിനു പ്രാര്‍ത്ഥനകളോടെ വിട...

"ഇക്കാ, നിങ്ങള് രണ്ടാളും നല്ല ചേര്‍ച്ചയാണ്.  നമുക്ക് ഒന്ന്‍ ആലോചിച്ചാലോ?!"  തെക്ക് നിന്നും പ്രത്യക്ഷപ്പെടുന്ന ഷോര്‍ണൂര്‍ പാസ്സഞ്ചര്‍ നോക്കി നോര്‍ത്ത് സ്റ്റേഷനിലെ ബെഞ്ചില്‍ ഇരിക്കുന്ന എന്‍റെ ചിന്തകളെ ഉണര്‍ത്തിയത് മനോജിന്‍റെ ഈ വാക്കുകളാണ്.  ട്രെയിന്‍ വരാന്‍ കാത്തിരിക്കുന്ന ഇടവേളകളില്‍ മനോജിന്‍റെ ഭാര്യയുടെ അടുതിരിക്കാറുള്ള തട്ടമിട്ട ആ സുന്ദരിയെ ഇടക്ക് ഒന്ന് പാളിനോക്കുന്നത് മനോജ്‌ ഇതിനകം കണ്ടുപിടിച്ചിരുന്നു.  "അതിനെന്താ മനോജേട്ടാ പെങ്ങളുടെ കല്യാണം ഒന്ന് കഴിയട്ടെ,  എന്നിട്ടാലോചിക്കാം.  ചേച്ചിയോട് ഒന്ന് ആത്മാര്‍ഥമായി ഹെല്‍പ്പ് ചെയ്യണം എന്ന് പറ"  ഇങ്ങിനെ പറഞ്ഞു എങ്കിലും അതെങ്ങിനെ പ്രാവര്‍ത്തികമാക്കും എന്ന് യാതൊരു ഐഡിയയും ഉണ്ടായിരുന്നില്ല.

വീണ്ടും പാസ്സഞ്ചറും, ചെന്നൈ-ആലപ്പി എക്സ്പ്രസ്സുമെല്ലാം ഏറണാകുളത്തിനും ചാലക്കുടിക്കും ഇടയില്‍ ചൂളം വിളിച്ചു പാഞ്ഞുകൊണ്ടിരുന്നു.  ആന്‍റപ്പനും മറ്റും പ്രോത്സാഹിപ്പിച്ചപ്പോള്‍ എനിക്കും ഉത്സാഹം കൂടി.  പക്ഷെ ആ കുട്ടി പിടി തരാതെ മാറിക്കൊണ്ടിരുന്നു.  ഒരു കല്യാണം ആലോചിക്കാനുള്ള പ്രായോഗിക പരിജ്ഞാനം ഇല്ലാത്തതിനാല്‍ മനോജിന്‍റെ ഭാര്യ ദൌത്യത്തില്‍ അത്രകണ്ട് വിജയിച്ചില്ല.  പിന്നെ ജിവിതത്തിന്റെ പ്രവാഹത്തില്‍ എപ്പോഴോ എല്ലാവരും പലവഴിക്കായി.

അവസാനം ജീവിതത്തിന്‍റെ അനിവാര്യഘട്ടത്തില്‍ യു.എ.ഇ.യിലേക്ക് വിമാനം കയറുന്നതിനു മുന്‍പ് ആന്‍റപ്പന്‍ ഒരു നമ്പര്‍ തന്നിട്ട് പറഞ്ഞു "ഇതാണ് മനോജേട്ടന്റെ നമ്പര്‍, അവിടെയെത്തി സൗകര്യംപോലെ ഒന്ന് വിളിക്ക് ഇക്കാ"
ഇവിടെയെത്തി വിളിച്ചു.  ആള്‍ ദുബായിലാണ്.  വലിയ മെച്ചമൊന്നും ഇല്ലാത്ത ജോലിയാണ്. ഇതിലും ഭേദം നാട്ടില്‍ തന്നെയെന്നു തന്നെ തനത് ശൈലിയില്‍ മനോജേട്ടന്‍ പറഞ്ഞു.  പിന്നീട് എപ്പോഴോ ആ നമ്പര്‍ എന്‍റെ ഫോണില്‍ നിന്ന് ഡിലീറ്റ് ആയി എങ്ങിനെയോ! 

പിന്നെ നാട്ടിലെത്തിയപ്പോള്‍ ഒന്നുരണ്ടു തവണ ആന്‍റപ്പനോട് ചോദിച്ചിരുന്നു.  പിന്നീട് എന്തുകൊണ്ടോ ഓര്‍ത്തില്ല.

ഇന്നലെ കൊടുങ്ങല്ലൂരില്‍ ബസ്സ്‌ ബൈക്കിനെ ഇടിച്ച് ബൈക്കില്‍ സഞ്ചരിച്ചിരുന്ന ആള്‍ മരണപ്പെട്ട വിവരം അറിഞ്ഞപ്പോഴും ഞാന്‍ അറിഞ്ഞിരുന്നില്ല അത്  ആറുവര്‍ഷത്തോളം ഒന്നിച്ചു ചാലക്കുടി-എറണാകുളം റൂട്ടില്‍ എന്നോടൊപ്പം ട്രെയിനില്‍ യാത്രചെയ്ത മനോജേട്ടന്‍ ആണെന്ന്.  ഏഴുവര്‍ഷത്തിലധികം സമയം മനോജിന്‍റെ ഫോട്ടോ തിരിച്ചറിയാന്‍ കുറച്ചു സമയം എടുക്കത്തക്കവണ്ണം ചില മാറ്റങ്ങള്‍ക്ക് വിധേയമായിരുന്നു.  ആ റിപ്പോര്‍ട്ട് ഇന്നത്തെ ഇ-പേപ്പറില്‍ ആവര്‍ത്തിച്ചു വായിച്ചപ്പോള്‍ മനസ്സില്‍ ആരോ പറയുന്നു ഇത് മനോജ്‌ ആണെന്ന്.  അങ്ങിനെ ആന്‍റപ്പനെ വിളിച്ചു ചോദിച്ചപ്പോളാണ് വേദനയോടെ അവന്‍ ഇത് പറഞ്ഞത്.  ഇന്ന് മൊത്തം ആകെ ഒരുതരം തരിപ്പായിരുന്നു മനസ്സ് നിറയെ.  ഒന്നിലും ശ്രദ്ധിക്കാന്‍ പറ്റാത്ത ഒരവസ്ഥ.  ആ ചേച്ചി രണ്ടു കൈക്കും ഒടിവ് പറ്റി ആശുപത്രിയില്‍.  വിവരം അവരെ അറിയിച്ചിട്ടില്ല.  പക്ഷെ അനിവാര്യമല്ലേ അറിയിക്കല്‍!  ഇനി അവര്‍ അതറിയുമ്പോള്‍!  ആലോചിക്കാനേ പറ്റുന്നില്ല.  അടുത്ത മാസം പത്താം തിയതി നടക്കാനിരിക്കുന്ന മൂത്തമകളുടെ കല്യാണം....
ജീവിതത്തിന്‍റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ വേണ്ടി ഓടിനടക്കുമ്പോഴും തമാശകളും മറ്റുമായി ഞങ്ങളുടെ ട്രെയിന്‍യാത്രയെ രസകരമാക്കിയ മനോജേട്ടാ ഞങ്ങളില്‍നിന്ന് എന്നെന്നേക്കുമായി അകന്നുപോയാലും ആ ഓര്‍മ്മകള്‍ എന്നും ഞങ്ങളിലുണ്ടാകും.  അകലങ്ങളിലിരുന്നു കണ്ണീരില്‍ കുതിര്‍ന്ന പ്രാര്‍ത്ഥനകള്‍ മാത്രം പകരം തരാനല്ലേ കഴിയൂ...വിട പ്രിയ സുഹൃത്തെ വിട.... 


2014, മേയ് 22, വ്യാഴാഴ്‌ച

ഞാന്‍ കണ്ട സിനിമ - വെടിവഴിപാട്

അന്തര്‍ദേശീയ പ്രശസ്തമായ "ആറ്റുകാല്‍ പൊങ്കാല" ദിവസം ഒത്തുചേര്‍ന്നു തങ്ങളുടെ ഭാര്യമാര്‍ ഇല്ലാത്ത തക്കം നോക്കി "വെടി"വഴിപാട് നടത്താന്‍ ശ്രമിക്കുന്ന ഭര്‍ത്താക്കന്മാര്‍ രാഹുല്‍ (മുരളി ഗോപി), സഞ്ജയ്‌ (സൈജു കുറുപ്പ്) പിന്നെ പ്രദീപ്‌ (ശ്രീജിത്ത്‌ രവി).  സഞ്ജയുടെ ഭാര്യ രഷ്മി (അനുശ്രീ) ഒരു പേരുകേട്ട മാധ്യമ പ്രവര്‍ത്തക,  രാഹുലിന്‍റെ ഭാര്യ രാധിക (അഞ്ജന) ഒരു പക്കാ വീട്ടമ്മ പിന്നെ പ്രദീപിന്‍റെ ഭാര്യ വിദ്യ (മൈഥിലി) ഒരു ഫ്രഞ്ച് ടീച്ചര്‍.  രാഹുല്‍ ഒരു ഗെയിം ടെസ്റ്റര്‍, സഞ്ജയ്‌ ഒരു കാഷ്യര്‍ പിന്നെ ജോസഫ് (ഇന്ദ്രജിത്ത്) എന്ന സ്റ്റോക്ക് ബ്രോക്കറുടെ കീഴില്‍ ഓഹരിവിപണിയില്‍ നിക്ഷേപത്തിന് ഇറങ്ങിത്തിരിച്ചിരിക്കുന്നു പ്രദീപ്‌.  ആദ്യം പറഞ്ഞ മൂന്നുപേരും ലൈംഗികമായ അസംതൃപ്തി ഉള്ളിലൊതുക്കി കഴിയുന്ന ഭര്‍ത്താക്കന്മാരാണ്.  അതിനൊരു പരിഹാരമായി പൊങ്കാല ദിവസം ഭാര്യമാര്‍ പൊങ്കാലക്ക് പോയ തക്കത്തിന് കുറച്ചു വഴിവിട്ടു സഞ്ചരിക്കാന്‍ ശ്രമിക്കുകയും അതിനായി സുമിത്ര എന്നൊരു (സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്താല്‍) വഴിപിഴച്ചു സഞ്ചരിക്കേണ്ടിവരുന്ന ഒരു സ്ത്രീയെ ക്ഷണിക്കുന്നതും അതില്‍ അവസാനം "കാര്യത്തോടടുക്കുമ്പോള്‍" പരാജയപ്പെടുകയും ചെയ്യുന്നതാണ് ചിത്രത്തിന്‍റെ ഇതിവൃത്തം.  
പ്രായപൂര്തിയയവര്‍ക്ക് ഉള്ള "എ" സര്‍ട്ടിഫിക്കറ്റ് കിട്ടിയിട്ടുള്ള ഈ സിനിമ പലതുകൊണ്ടും ഇന്നത്തെ മലയാളി സദാചാര ചിന്തകളെയും സങ്കല്‍പ്പങ്ങളെയും ഒക്കെ വെല്ലുവിളിക്കുന്നുണ്ട്.  സ്ത്രീപക്ഷ നിലപാടുകള്‍ ചിലയിടത്തെങ്കിലും സ്വീകരിച്ചിട്ടുണ്ട് എങ്കിലും അത് നിലനിര്‍ത്തുന്നതില്‍ സിനിമ പലയിടത്തും പരാജയപ്പെടുന്നതും കാണാം.  എന്നാലും നാം ജീവിക്കുന്ന സമൂഹത്തില്‍ നമ്മള്‍ക്കിടയില്‍ നടക്കുന്ന പലതും പല സ്ഥലങ്ങളിലും കോറിയിടുന്നുമുണ്ട്.

വിഷയം അല്‍പ്പം സദാചാരവിരുദ്ധമായതിനാല്‍ കൂടുതല്‍ ഒന്നും പറയാനും വയ്യ.  മനുഷ്യന്‍ തെറ്റുകളിലേക്ക് പോകുന്നതും അവസാനം തിരികെ ജീവിതത്തിന്‍റെ തനത് പാതയില്‍ തിരിച്ചെത്തുന്നത് അല്‍പ്പം "സ്ഥിരം" പരിവേഷം നല്‍കുന്നു.   ദാമ്പത്യ ബന്ധത്തില്‍ ഉള്ള അതൃപ്തി വഴിവിട്ട ബന്ധനങ്ങളിലെക്ക് സ്ത്രീയെയും പുരുഷനെയും ഒരുപോലെ നയിക്കുന്നു എന്നത് ചിത്രത്തില്‍ വളരെ വ്യക്തമായി കാണിച്ചിരിക്കുന്നു.  ചില സംഭാഷണ ശകലങ്ങള്‍ "മ്യൂട്ട്" ചെയ്തത് കേള്‍ക്കാന്‍ കഴിയില്ലെങ്കിലും പ്രേക്ഷകര്‍ക്ക് അത് മനസ്സിലാകും.

കിടപ്പറയില്‍ ഭാര്യയുടെ അടുത്ത് പരാജയപ്പെടുന്ന, സമൂഹത്തില്‍ വളരെ "പ്രൊഫഷനല്‍" ആയി ജീവിക്കുന്ന കള്ളും കഞ്ചാവും ആണത്ത ചിഹ്നങ്ങളായി കൊണ്ട് നടക്കുന്ന സര്‍വ്വോപരി വീരശൂര പരാക്രമികളായി സമൂഹത്തില്‍ പരസ്പര പരദൂഷണം ഒക്കെ പറഞ്ഞു നമ്മുടെ മുന്നില്‍ ജീവിക്കുന്ന ആണുങ്ങള്‍ ശരിക്കും "പ്രൊഫഷനല്‍" ആയ ഒരു സ്ത്രീയുടെ (സുമിത്ര-അനുമോള്‍)  മുന്നില്‍ ഒന്നുമാകുന്നില്ല എന്നത് ഈ ചിത്രത്തില്‍ കാണിച്ചില്ലാ എങ്കിലും ഒരു പരമാര്‍ത്ഥമാണ്.  വഴിതെറ്റി പോകുന്ന കാര്യത്തില്‍ സ്ത്രീയും പുരുഷനും ഒരേ പാളത്തില്‍ ഓടുന്ന വണ്ടികള്‍ തന്നെ ചിത്രത്തില്‍.  പക്ഷെ നിലനില്‍പ്പിനു വേണ്ടി സ്ത്രീകള്‍ പ്രതിരോധിക്കാനും തയ്യാറാവുന്ന ചിത്രങ്ങള്‍ ഉണ്ട് സിനിമയില്‍.  വേറെയും രസകരങ്ങളായ കഥാപാത്രങ്ങള്‍ ഉണ്ട്.  സാത്വികനായി ദൈവമാര്‍ഗ്ഗത്തില്‍ ജീവിക്കുകയും അതേസമയം പെട്ടെന്ന് ദേഷ്യം വരികയും മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് ആവശ്യമില്ലാതെ എത്തിനോക്കുകയും ചെയ്യുന്ന മത്തായിച്ചന്‍ (സുനില്‍ സുഗദ) നമുക്കിടയില്‍ തന്നെ ഒരു നല്ല കഥാപാത്രമാണ്.  ഒടുവില്‍ വള്ളിപൊട്ടിയ ചെരുപ്പ് ശരിയാക്കാന്‍ കൈയ്യിലെടുത്ത സുമിത്രയുടെ കൈകളിലേക്ക് പൊങ്കാലയുടെ പ്രസാദം നല്‍കുന്നത് കേവലം ആ ഒരു സീനില്‍ മാത്രം അതിഥി താരമായി വരുന്ന പ്രവീണയാണ് എന്നത് ഒരു കേവല യാദൃശ്ചികതായി കാണാന്‍ കഴിയുമോ?  പ്രത്യേകിച്ചും പ്രവീണ എന്ന ദേവീരൂപം മലയാള സ്ത്രീമാനസ്സുകളില്‍ കുടിയിരുത്തപ്പെട്ടിരിക്കുമ്പോള്‍.  വിശ്വാസികള്‍ക്കും നാസ്ഥികര്‍ക്കും അത് വ്യക്തമായ ചില സന്ദേശം നല്‍കുന്നില്ലേ?  സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്താല്‍ പൊങ്കാലയിടാന്‍ പോകുന്ന വിദ്യ യഥാര്‍ത്ഥത്തില്‍ എത്തുന്നത് ഏകനായി താമസിക്കുന്ന തോമസിന്‍റെ ഫ്ലാട്ടിലേക്കാണ്.  സകല തിരക്കുകളും മാറ്റിവെച്ചു അയാള്‍ അവള്‍ക്കായി പൊങ്കാലയോരുക്കുന്നു.  പൊങ്കാലക്ക് വെയില്‍ കൊള്ളുന്നത്‌ പോലും അസഹ്യമാകുന്ന ചില പ്രതിരൂപങ്ങളും ഉണ്ട്.  കേരളീയ ജീവിതത്തിന്‍റെ തനത് രൂപഭാവങ്ങളായ ജാതി സ്പിരിറ്റും മറ്റു ജാടകളും ഒക്കെ ഇതിലുണ്ട്.

അഭിനേതാക്കള്‍ എല്ലാം മികച്ച പ്രകടനം ഈ ചിത്രത്തില്‍ പ്രേക്ഷകര്‍ക്ക് തരുന്നുണ്ട്.  പക്ഷെ സിനിമാഗതി അവസാനം ആ "സ്ഥിരം" ദിശയിലേക്ക് തന്നെ പോകുന്നു.  പ്രായപൂര്‍ത്തി ആയവര്‍ക്ക് മാത്രം കാണാവുന്നതും  കേള്‍ക്കാവുന്നതുമായ  ചില സംഭാഷണ ശകലങ്ങളും സന്ദര്‍ഭങ്ങളും  ചിത്രത്തില്‍ അവിടവിടെ ഉണ്ട്.  ഇല്ലെങ്കില്‍ എങ്ങിനെ ന്യൂ ജനറേഷന്‍ ആകും അല്ലേ!?  എലാം സദാചാര പുതപ്പിട്ടു മൂടിവെക്കാന്‍ ഇഷ്ടപ്പെടുന്ന നമ്മള്‍ മലയാളിയുടെ മേലില്‍ നിന്ന് ആ പുതപ്പ് ബലമായി മാറ്റുന്നു ഈ ചിത്രം പലപ്പോഴും.  സൈജു, ശ്രീജിത്ത്, ഇന്ദ്രന്‍, മുരളിഗോപി, മൈഥിലി, അഞ്ജന, അനുശ്രീ തുടങ്ങി സുനില്‍ സുഗദ, ഇന്ദ്രന്‍സ് തുടങ്ങി വലുപ്പചെറുപ്പമില്ലാതെ എല്ലാവരും നല്ല അഭിനയം കാഴ്ചവെച്ചു.  ഏറ്റവും നല്ല അഭിനയം അനുമോളുടെതാണ്.  സാധാരണ ഒരു നടി ചെയാന്‍ തെല്ലൊന്നു മടിക്കുന്ന കഥാപാത്രം അവരുടെ കൈയില്‍ ഭദ്രമാണ്.

 തന്‍റെതല്ലാത്ത കാരണങ്ങളാല്‍ ചില ഉണ്ണാക്കന്മാരായ ഭര്‍ത്താക്കന്മാരെ ജീവിതം മുഴുവന്‍ പേറേണ്ടിവരുന്ന സ്ത്രീകളും പണമുണ്ടാക്കാനുള്ള ഓട്ടത്തില്‍ ഭര്‍ത്താവിന്റെ ധര്‍മ്മം മറന്നു പോകുന്ന അല്ലെങ്കില്‍ അതിനു കഴിയാതെ പോകുന്ന കഴിവുകേട് ഒന്നുകൊണ്ടു അങ്ങിനെയായിപോകുന്ന പുരുഷന്മാരും കിട്ടേണ്ടത് കിട്ടാതെ വരുമ്പോള്‍ അത് എവിടെ കിട്ടും എന്ന് തേടിപ്പിടിക്കാന്‍ തയ്യാറാവുന്ന ഭാര്യമാരും കണ്ടിരിക്കേണ്ട സിനിമ.  ചിത്രം പ്രായപൂര്‍ത്തി വന്നവര്‍ക്ക് മാത്രം കാണാന്‍ ഉചിതമാണ് എന്ന അര്‍ത്ഥത്തിലാണ് "എ" സര്‍ട്ടിഫിക്കറ്റ് കൊടുത്തിരിക്കുന്നത് എങ്കിലും അതും നമ്മുടെ കേരളീയ സമൂഹത്തില്‍ എത്രകണ്ട് പ്രായോഗികമാണ് എന്ന് കണ്ടറിയണം (പ്രത്യേകിച്ചും പീഡനങ്ങള്‍ക്ക് പ്രായം ഒരു പ്രശ്നമല്ലാതായി മാറിയ ഇക്കാലത്ത്). 

എന്‍റെ റേറ്റിംഗ്. 6.5

2014, മേയ് 4, ഞായറാഴ്‌ച

ഞാന്‍ കണ്ട സിനിമ - ഹൈവേ (ഹിന്ദി)

വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ക്കിടയില്‍ ഒരു രാത്രി തന്‍റെ പ്രതിശ്രുത വരനുമായി നഗരം ചുറ്റാനിറങ്ങി ഒരു പെട്രോള്‍ പമ്പില്‍വെച്ച് അപതീക്ഷിതമായി തട്ടിക്കൊണ്ടു പോകപ്പെടുന്ന വീര ത്രിപാഠി എന്ന പെണ്‍കുട്ടിയുടെയും അവളെ തട്ടിക്കൊണ്ടു പോകുന്ന മഹാബീറിന്റെയും കഥയാണ് ഹൈവേ.  ദില്ലിയിലെ വരേണ്യ വര്‍ഗ്ഗത്തെ പ്രതിനിധാനം ചെയ്യുന്ന പെണ്‍കുട്ടിയും കൊള്ളയും കൊലയും തട്ടിക്കൊണ്ടുപോകലും ഒക്കെ തൊഴിലായി സ്വീകരിച്ച നായകനും (വില്ലനും).


ഭരണതലത്തിലും മറ്റും ഉന്നത സ്ഥാനങ്ങളില്‍ സ്വാധീനമുള്ള അച്ഛന്‍ ത്രിപാഠിയുടെ പേര് കേട്ടപ്പോള്‍ തന്നെ കിഡ്നാപ്പ് ഗ്രൂപ്പിലുള്ളവര്‍ക്ക് മുട്ട് വിറച്ചുതുടങ്ങുന്നു.  പക്ഷെ മഹാബീര്‍ അവളെ ഏതെങ്കിലും ചുവന്ന തെരുവില്‍ വില്‍ക്കും എന്നുള്ള നിശ്ചയത്തിലായിരുന്നു.  ആകസ്മികമായ സംഭവങ്ങളില്‍ ഭയന്നുപോയ വീര പിന്നെ ആ അടിമത്വം ഒരു അനുഭൂതിയായി കണ്ടും അനുഭവിച്ചും തുടങ്ങുന്നു. സമ്പന്നജീവിത സംസ്കാരത്തിന്‍റെ ആചാരാനുഷ്ഠാനങ്ങളും മാമൂലുകളും വിട്ടു അവള്‍ക്ക് അതൊരു പുതിയ ജീവിതാനുഭവം സമ്മാനിക്കുന്നു.  ശരിക്കും പറഞ്ഞാല്‍ ശുദ്ധവായു ജീവിതത്തില്‍ ആദ്യമായി അവള്‍ ശ്വസിച്ചു തുടങ്ങുന്നു. പോലീസിന്റെ കണ്ണ് വെട്ടിക്കാന്‍ അവര്‍ പഴഞ്ചന്‍ വാഹനത്തില്‍ സംസ്ഥാനാന്തര യാത്രകള്‍ നടത്തുകയാണ്. പരുക്കനും കഠിനഹൃദയനുമായ മഹാബീര്‍ ഒടുവില്‍ നായികയുടെ സ്നേഹത്തിനു മുന്നില്‍ പരാജയം സമ്മതിക്കുന്നു.  പക്ഷെ അപ്പോഴേക്കും കാര്യങ്ങള്‍ വൈകിപ്പോയിരുന്നു.

 ഈ ചിത്രത്തിലെ ഹൈലൈറ്റ് വീര(ആലിയ ഭട്ട്)യുടെ അഭിനയം തന്നെ. ഞാന്‍ ആദ്യമായിട്ടാണ് ഇവരുടെ സിനിമ കാണുന്നത്.  നല്ല ഒതുക്കമാര്‍ന്ന അഭിനയത്തിലൂടെ അവര്‍ പ്രേക്ഷകരുടെ ഹൃദയം കവരുകയല്ല മറിച്ച് അവിടെ സ്ഥിരപ്രതിഷ്ഠ നേടുകയാണ്‌ ചെയ്യുന്നത്. മഹാബീറിനെ അവതരിപ്പിച്ച രന്‍ദീപ് ഹൂഡ തന്റെ മുന്‍കാല കഥാപാത്രങ്ങളില്‍ നിന്നും അല്‍പ്പം വ്യത്യസ്ഥത പുലര്‍ത്തി എന്ന് പറയാം. ഇതിലെ ലൊക്കേഷനുകള്‍ തെരഞ്ഞെടുത്തതില്‍ സംവിധായകനും അവ അണിയിച്ചൊരുക്കിയത്തില്‍ പിന്നണിയില്‍ പ്രവര്‍ത്തിച്ച മറ്റുള്ളവരും എല്ലാം തങ്ങളുടെ ജോലി ഭംഗിയായി നിറവേറ്റിയിരിക്കുന്നു.  സാധാരണ ഹിന്ദി (മസാല) ചിത്രങ്ങളില്‍നിന്ന് വ്യത്യസ്തമായി ഈയിടെ ഇറങ്ങുന്ന ചില പടങ്ങളെങ്കിലും സമ്പന്നതയുടെ അന്തരീക്ഷത്തില്‍നിന്നും യഥാര്‍ത്ഥ ഗ്രാമീണതയിലേക്ക് വഴിമാറി സഞ്ചരിച്ചു ഉത്തരേന്ത്യയുടെ തനത് പ്രദേശങ്ങളും അവിടങ്ങളിലെ ജീവിതവും ഒപ്പിയെടുത്ത് നമ്മള്‍ പ്രേക്ഷകരെ കാണിക്കുന്നു എന്നത് നല്ല കാര്യം തന്നെ.

സ്ത്രീകളുടെ നേരെ നടക്കുന്ന അതിക്രമങ്ങള്‍ പ്രത്യക്ഷമായും പരോക്ഷമായും ഈ ചിത്രത്തില്‍ നല്ല പ്രാധാന്യത്തോടെതന്നെ പരാമര്‍ശിക്കുന്നുണ്ട്.  ചെറുപ്രായത്തില്‍ തന്റെ അമ്മാവനാല്‍ സ്വഭവനത്തില്‍ വെച്ച് പീഡിപ്പിക്കപ്പെടുന്ന വീര അത് തന്‍റെ അമ്മയോട് പറഞ്ഞിട്ടും ഉത്തരവാദിത്തമുള്ള ഒരു അമ്മയാവാന്‍ ആ സ്ത്രീ തയ്യാറായില്ല എന്നത് വര്‍ത്തമാനകാല സംഭാവങ്ങളുമായി കൂട്ടിവായിക്കണം.  എന്തിന് - തട്ടിയെടുക്കപ്പെട്ട അവസ്ഥയിലും അവള്‍ സുരക്ഷിതയാവുന്നില്ല.  ചെറുപ്പത്തില്‍ തന്റെ അമ്മയുടെ ഏറ്റവും പ്രിയപ്പെട്ട മകനായിരുന്ന മഹാബീര്‍ ഈ അവസ്ഥയില്‍ എത്തിയത് ജീവിത സാഹചര്യങ്ങളിലെ ചെളി പുരണ്ട ഏടുകളില്‍ എവിടയോ വെച്ചാണ്.

ഈ ചിത്രത്തിന്‍റെ എടുത്തുപറയാവുന്ന പ്രത്യേകതകള്‍ ഇതിന്‍റെ സംഗീതവും, ശബ്ദ മിശ്രണവും ഒക്കെ തന്നെയാണ്.  എ.ആര്‍. റഹ്മാനും മലയാളികളുടെ സ്വന്തം റസൂല്‍ പൂക്കുട്ടിയും അതെല്ലാം മികവുറ്റതാക്കിയിരിക്കുന്നു.  വീരയുടെയും മഹാബീറിന്റെയും യാത്രാപഥങ്ങളിലെ സംഗീതം അവിടത്തെ തനത് സംഗീതമാണ്.  എ.ആര്‍. റഹ്മാന്റെ പ്രതിഭ വെളിവാകുന്നത് ഇവിടെയാണ്‌.  അതേപോലെ ഓരോ സീനുകളിലും പശ്ചാത്തല ശബ്ദങ്ങള്‍ വളരെ റിയലിസ്റ്റിക്ക് ആയി പൂക്കുട്ടി സന്നിവേശിപ്പിച്ചിരിക്കുന്നു. സഞ്ചാരപഥങ്ങള്‍ ജീവിതയാത്രയുടെ ഒരു പ്രതിരൂപമായി നമ്മള്‍ പ്രേക്ഷകര്‍ക്ക് തോന്നുക തന്നെചെയ്യും.

ചിത്രത്തിന്‍റെ അവസാനമാകുമ്പോഴേക്കും കാര്യങ്ങള്‍ സംവിധായകന്‍ ഇംതിയാസ് അലിക്ക് കാര്യങ്ങള്‍ കൈവിട്ടു പോകുന്നു.  ഇതെങ്ങിനെ അവസാനിക്കും എന്ന് പ്രേക്ഷകന് ഊഹിക്കത്തക്ക രീതിയില്‍ കഥ പാളംതെറ്റി സഞ്ചരിക്കുകയാണ്.  എന്നാലും മറ്റെല്ലാ ഘടകങ്ങളും ചേര്‍ത്തുവെച്ചു നോക്കുമ്പോള്‍ നല്ല ഒരു ആസ്വാദനം സമ്മാനിക്കുന്നു "ഹൈവേ".  തട്ടിക്കൊണ്ടുപോകല്‍ എന്നൊക്കെ കേള്‍ക്കുമ്പോള്‍ കുറെ അടി-വെടി-ഐറ്റം ഡാന്‍സ് ഇതൊക്കെ പ്രതീക്ഷിക്കുന്നവര്‍ നിരാശരാകും.  അല്ലാത്തവര്‍ക്ക് സധൈര്യം കാണാം.

എന്‍റെ റേറ്റിംഗ്: 7.5/10

2014, ഏപ്രിൽ 24, വ്യാഴാഴ്‌ച

ഞാന്‍ കണ്ട സിനിമ - പുണ്യാളന്‍ അഗര്‍ബത്തീസ്

തൃശൂര്‍ക്കാരന്‍  ജോയ് താക്കോല്‍ക്കാരന്‍ (ജയസൂര്യ) എന്ന യുവ സംരഭകന്റെ കഥ.  കഥ നടക്കുന്നത് തൃശൂര്‍ തന്നെ.  ആനപിണ്ടത്തില്‍ നിന്നും സുഗന്ധം പരത്തുന്ന ചന്ദനത്തിരി ഉണ്ടാക്കുന്ന ബിസിനസ് തുടങ്ങിയ നായകന്‍ അതിനു വേണ്ട അസംസ്കൃത വസ്തു (ആനപിണ്ടം) നല്‍കാമെന്നു ഏറ്റിരുന്ന ദേവസ്വം വാക്ക് മാറിയതിലൂടെ ഉണ്ടായ പ്രതിസന്ധി തരണം ചെയ്യാനുള്ള തത്രപ്പാടിനിടയില്‍ പുതിയ പ്രതിസന്ധികളും വെല്ലുവിളികളും അയാളുടെ ജീവിതത്തിലേക്ക് കടന്നു വരികയാണ്.  അവ തരണം ചെയ്യാന്‍ ജോയ് സ്വീകരിക്കുന്ന ചില "തരികിട" വഴികള്‍ വിപരീതഫലവും ചെയ്യുന്നു.  കേരളത്തില്‍ ജീവിക്കുന്ന ഒരു സാധാരണക്കാരന്റെ ജീവിതത്തിലെ ഒഴിച്ചുകൂടാന്‍ പറ്റാത്ത സംഭവ്യമായ  ചിലകാര്യങ്ങള്‍ - ഹര്‍ത്താല്‍, മറ്റു ജീവിത പ്രാരബ്ധങ്ങള്‍, കേസ്, കോടതി, ജപ്തി നോട്ടീസ്  - ഇവയൊക്കെ വളരെ രസകരമായി ഒരു പരിധി വരെ ഈ ചിത്രത്തില്‍ സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍ കോറിയിടുന്നു.  തൃശൂര്‍ പെരുമ വിളിച്ചറിയിക്കുന്ന ഒരു ഗാനത്തോടെ തുടങ്ങുന്ന ചിത്രം അവസാനിക്കുമ്പോള്‍ മോശമല്ലാത്ത ഒരു സിനിമ കണ്ട ഫീല്‍ പ്രേക്ഷകരില്‍ ഉണ്ടാക്കുന്നുണ്ട്.  നാടന്‍ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന സത്യന്‍ അന്തിക്കാട് പോലുള്ള പ്രതിഭാധനര്‍ക്ക്പോലും ചുവടുകള്‍ പിഴക്കുമ്പോള്‍ രഞ്ജിത്ത് ശങ്കര്‍ പോലെയുള്ള ആളുകള്‍ ചുവടുറപ്പിക്കുന്നത് ആശാവഹമാണ്‌.

വിദ്യാസമ്പന്നനായ ജോയിക്ക് ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളില്‍ ആകെ ഒരു പകപ്പാണ്.  ആവശ്യവും അനാവശ്യവുമായ ടെന്‍ഷന്‍.  മൊബൈല്‍ കമ്പനി ജീവനക്കാരിയായ ഭാര്യ അനുവും (നൈല) വലിയ വ്യത്യാസമൊന്നുമില്ല.  ജോയിയുടെ വാലായി ഗ്രീനു (അജു വര്‍ഗ്ഗീസ്) സന്തോഷത്തിലും പ്രതിസന്ധികളിലും കൂടെയുണ്ട്.  എന്നാല്‍ കഥാപാത്രങ്ങളില്‍ വളരെ വ്യത്യസ്തമായി തകര്‍ത്തഭിനയിച്ചത് ശ്രീജിത്ത് രവിയാണ്.  അന്നാഹസാരെ ലൈനില്‍ ഒരു സത്യാഗ്രഹിയായി ടി.ജി. രവിയും (മാഷ്) ഈ സിനിമയില്‍ ഉണ്ട്. 

മോഹന്‍ലാല്‍ അഭിനയിച്ച മിഥുനം സിനിമയില്‍ ഒരു ബിസ്കറ്റ് കമ്പനി തുടങ്ങാന്‍ ഇറങ്ങിത്തിരിക്കുന്ന നായകന് നേരിടേണ്ടിവരുന്ന ബ്യൂറോക്രാറ്റിക്ക് പ്രശ്നങ്ങളാണ് പറഞ്ഞതെങ്കില്‍ അതിനോട് ചേര്‍ന്ന് നില്‍ക്കുന്നു എന്ന് തോന്നുമെങ്കിലും അല്‍പ്പം കൂടി വ്യത്യസ്തമായ ഒരു തലമാണ് പുണ്യാളന്‍ നമുക്ക് നല്‍കുന്നത്.  തീം, പിന്നെ ലൊക്കേഷന്‍, കാസ്റ്റിംഗ് എല്ലാം മേന്മ പുലര്‍ത്തുന്നു.  സുനില്‍ സുഗദ (ജഡ്ജി), രചന നാരായണന്‍കുട്ടി (അഡ്വ. സായി), ഇടവേള ബാബു (കെ.സി.), ശിവജി ഗുരുവായൂര്‍ (വക്കീല്‍), ഗ്രീനു (അജു വര്‍ഗ്ഗീസ്), തുത്തുരു തുമ്പി-അഭയകുമാര്‍  (ശ്രീജിത്ത് രവി), ആന പപ്പാന്‍ അയ്യപ്പന്‍ (മാള അരവിന്ദന്‍), അപ്പാപ്പന്‍ (ഇന്നസെന്റ്), ജോലിയെടുക്കാതെ Angry Birds കളിച്ചിരിക്കുന്ന രണ്ടു തൊഴിലാളികള്‍, കെ.സി.യുമായി ചുറ്റിക്കളി നടത്തുന്ന പൊന്നമ്മ ബാബുവിന്റെ കഥാപാത്രം തുടങ്ങി വെറും രണ്ടു സീനില്‍ വന്നുപോകുന്ന സുധീര്‍ കരമന (പാര്‍ട്ടി ലീഡര്‍ കൊല്ലൂര്‍ ജയപ്രകാശ്), കാട്ടാളന്‍ ജോസ് (ജയരാജ് വാര്യര്‍), ദേവസ്വം പ്രസിടണ്ട്, എല്ലാവരും തങ്ങളുടെ റോള്‍ ഭംഗിയാക്കി.  അല്‍പ്പം കല്ലുകടി തോന്നിയത് ജോയ് തക്കൊല്‍ക്കാരന്റെ ഭാര്യാ റോളില്‍ വന്ന നൈലയുടെ അഭിനയമാണ്. കാര്യമായി ഒന്നും ചെയ്യാന്‍ നൈലക്കായില്ല!

സംഭാഷണങ്ങളിലെ തൃശൂര്‍ ശൈലി നല്ല സുഖം നല്‍കുന്നു. "മൊതലാളി" എന്ന വിളി  പലരും പല വിധത്തില്‍ വിളിക്കുന്നത് ഈ സിനിമയുടെ മറ്റൊരു ഹൈലൈറ്റാണ് -  അഭയയകുമാര്‍, പിന്നെ കമ്പനിയിലെ തൊഴിലാളില്കള്‍. ആത്മവിശ്വാസവും കഠിനാധ്വാനവും കൊണ്ട് ഏത് പ്രതിസന്ധിയും കുറച്ചു സമയമെടുതിട്ടായാലും നമുക്ക് തരണംചെയ്യുവാന്‍ കഴിയും എന്ന് വളരെ വ്യക്ത്മായി ഈ സിനിമ കാണിച്ചു തരുന്നു.  അവസാനം കഥാഗതിയില്‍ വരുന്ന "ട്വിസ്റ്റ്‌" അല്‍പ്പം വ്യത്യസ്തത പുലര്‍ത്തുന്നു.  ടൈറ്റില്‍ ഗാനവും അതിന്‍റെ ചിത്രീകരണവും നല്ല മികവു പുലര്‍ത്തി.  അടുത്ത ഗാനം "ആശിച്ചവനാകാശത്ത് നിന്ന് ഒരാനേ കിട്ടി" പിന്നീടും നമ്മള്‍ ഒന്ന് മൂളിയെക്കാം!

 കൂടുതല്‍ ചിരി നമ്മളില്‍ ഉണ്ടാക്കുന്നത് ഇതിലെ കോടതി സീനുകളാണ്. എയര്പിടിചിരുന്നുള്ള കോടതി സീനുകളില്‍നിന്നും വ്യത്യസ്തമായി വളരെ റിലാക്സ് ആയി ഇരുന്നു അവ നമുക്ക് കാണാം.   സുനില്‍ സുഗദ സ്കോര്‍ ചെയ്യുന്നത്ന്യൂ ഇവിടെയാണ്‌. ജനറേഷന്‍ എന്ന പേരില്‍ കാട്ടുന്ന വളിപ്പുകളോ, പഴയകാല സിനിമകളുടെ മുഖമുദ്രകാളായ കൊലവിളി, പ്രതികാരം ഇവയൊന്നും ഇല്ലാതെ കുടുംബസമേതം കണ്ടിരിക്കാവുന്ന ഒരു നല്ല സിനിമ. അത്ര മാത്രം കുറിക്കട്ടെ!

പടം തീരുമ്പോള്‍ എഴുതിക്കാണിക്കുന്ന വാചകം - "ആത്മവിശ്വാസം ണ്ടായാ മതീട്ടാ...പിന്നെ ഈ ലോകം മ്മടെ കയ്യ്ലാ". എനിക്കിഷ്ടപ്പെട്ടു.

ആത്മഗതം: ചെറുപ്പത്തില്‍ കല്യാണം കഴിക്കാനുള്ള കാരണം ജോയ്  ഗ്രീനുവിനോട് വിശദീകരിക്കുന്ന ഒരു രംഗമുണ്ട് ഇതില്‍.  --- ഫയങ്കരം! എന്നേ അതിനെ പറയാനാകൂ!

എന്‍റെ റേറ്റിംഗ്: 8/10

2014, ഏപ്രിൽ 22, ചൊവ്വാഴ്ച

നാം നമ്മോട് ചെയ്യുന്നത്!

കുട്ടികള്‍ ഒരു രാജ്യത്തിന്‍റെ സ്വത്താണ്, അതിന്‍റെ  ഭാവിയാണ്.  കുടുംബാന്തരീക്ഷത്തിലെ ചായപ്പകര്‍ച്ചകള്‍ കുട്ടികളുടെ സ്വഭാവരൂപീകരണത്തിന് ചെറുതല്ലാത്ത പങ്കാണ് വഹിക്കുന്നത്. ചെറുപ്പത്തിലേ പിടികൂടി പ്രത്യയശാസ്ത്രപരമായ മസ്തിഷ്ക പ്രക്ഷാളനം (BRAIN WASH) നടത്തുവാന്‍ ഒരുപാട് ശ്രമങ്ങള്‍ പണ്ട് നടന്നത്  ചരിത്രം രേഖപ്പെടുത്തിയതും ഇന്ന് നടക്കുന്നത്  നമ്മുടെ വര്‍ത്തമാന കാലത്തിലേക്കും  ഭാവിയിലേക്കും ഉള്ള ചൂണ്ടു പലകയാണ്.  

ഇത്രയും ആമുഖമായി എഴുതാന്‍ കാരണം ഈയിടെ വാര്‍ത്തകളില്‍ വരുന്ന ചില സംഭവങ്ങളാണ്.  മനുഷ്യന്‍ ഒരു സാമൂഹിക ജീവിയാണെന്ന് ചെറിയ ക്ലാസ്സുകള്‍ മുതല്‍ നമ്മള്‍ പഠിക്കുന്നു.  പക്ഷെ എല്ലാം ഒരു ചെവിയിലൂടെ കേട്ട് മറ്റേ ചെവിയിലൂടെ പുറത്തു പോകുന്നു.  അടുത്ത ആഴ്ചകളിലായി കുടുംബപരമായ പല അസ്വസ്ഥതകളും കൊടുംകൊലപാതകങ്ങളില്‍ ചെന്നെത്തുന്ന പല വാര്‍ത്തകളും നമ്മളിലേക്ക് വന്നെത്തുന്നു.  ഇവയില്‍ മിക്കവയും ബാധിക്കുന്നത് കുട്ടികളെയാണ്.  മാതാപിതാക്കള്‍ ചെയ്യുന്ന അല്ലെങ്കില്‍ ചെയ്യാന്‍ നിര്‍ബന്ധിതമാകുന്ന തെറ്റുകള്‍ക്ക് കുട്ടികള്‍ ഇരകളാകുന്ന സ്ഥിതി!  മാതാപിതാക്കള്‍ അങ്ങിനെ പ്രവര്‍ത്തിക്കുന്നതിനുള്ള കാരണങ്ങള്‍ ഇവിടെ ചികയുന്നില്ല.  പക്ഷെ, സ്വന്തം കണ്മുന്നില്‍ ഒരു കൊലപാതകം നടക്കുമ്പോള്‍ ആ സംഭവം ആ കുട്ടികളില്‍ ഉണ്ടാക്കുന്ന പ്രത്യാഘാതത്തെ കുറിച്ച് നമ്മള്‍ ചിന്തിക്കുന്നുണ്ടോ?! കണ്മുന്നില്‍ വെച്ച് അമ്മയോ, അച്ഛനോ അല്ലെങ്കില്‍ മറ്റാരെങ്കിലുമോ ആക്രമിക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്യുമ്പോള്‍ കുട്ടിമനസ്സുകളില്‍ ഉണ്ടാകുന്ന വികാരവിചാരങ്ങളെയും മന:സംഘര്‍ഷങ്ങളെയും പറ്റി നമ്മള്‍ വ്യാകുലപ്പെടെണ്ടിയിരിക്കുന്നു.


മുതിര്‍ന്നവര്‍ നേരിടേണ്ടി വരുന്ന നിര്‍ഭാഗ്യകരമായ സംഭവങ്ങളില്‍ നിന്നും ഒരുപരിധിവരെ അവരില്‍ പലരും അതിജീവനം എളുപ്പം കൈവരിക്കുന്നു. ഭാവിയിലേക്ക് വാഗ്ദാനങ്ങളായി മാറേണ്ട നമ്മുടെ കുട്ടികള്‍ ഇത്തരം സംഭവങ്ങള്‍ക്ക് ദൃസാക്ഷികളാകുമ്പോള്‍ അതിന്‍റെ ആഘാതം വര്‍ഷങ്ങളോളം ആ മനസ്സുകളില്‍ കുടിയിരുത്തപ്പെടും.  അതുവഴി ആ കുട്ടികള്‍ നേടേണ്ട വിദ്യയും അവര്‍ക്ക് കൈവരിക്കേണ്ട ജീവിത നേട്ടങ്ങളും ഇല്ലാതാകുകയാണ് ചെയ്യുന്നത്.  അവരില്‍ പലരും ഇത്തരം സംഭവങ്ങളിലൂടെ അനാഥരാക്കപ്പെടുകയോ അല്ലെങ്കില്‍ സമൂഹത്തിലെ മുഖ്യധാരയില്‍ നിന്നും അകറ്റി നിര്‍ത്തപ്പെടുകയോ ചെന്നെത്തിപ്പെടാന്‍ പാടില്ലാത്തതായ പരിതസ്ഥിതികളില്‍ അകപ്പെടുകയോ ചെയ്യുന്നു.  നിയമങ്ങള്‍ക്ക് ഒരു പഞ്ഞവുമില്ലാത്ത നമ്മുടെ നാട്ടില്‍ കുട്ടികളെ സംരക്ഷിക്കാനും കാണും ചിലതൊക്കെ, എന്നാല്‍ അത് പാലിക്കാന്‍ എല്ലാവരും വിമുഖത കാട്ടുകയാണ്.

ഇതുപോലെ സമൂഹത്തില്‍ നിന്നും തങ്ങളുടെതല്ലാത്ത കാരണങ്ങളാല്‍ അന്യരാവുന്ന കുട്ടികളെ തിരികെ നമ്മുടെ ഇടയിലേക്ക് കൊണ്ടുവരാന്‍ ഉള്ള ശ്രമം നടക്കുന്നുണ്ടോ? ഇല്ല എന്നാണു ലളിതമായ ഉത്തരം!  തങ്ങളുടെ കുടുംബത്തില്‍ ഉണ്ടാകുന്ന നിര്‍ഭാഗ്യകരമായ സംഭവങ്ങള്‍ കുടുംബത്തെ തന്നെ തകര്‍ത്തെറിയുമ്പോള്‍ ഈ കുട്ടികള്‍ എവിടേക്ക് പോകുന്നു എന്ന് അന്വേഷിക്കുവാന്‍ നമ്മള്‍ തയ്യാറാവണം.  അങ്ങിനെ നമുക്കിടയില്‍ നിന്നും അന്യരാക്കപ്പെടുന്നവരെ കണ്ടെത്തി അവര്‍ക്ക് ആവശ്യമായ കൌണ്സിലിംഗ്, വിദ്യാഭ്യാസം എന്നിവയൊക്കെ നല്‍കി അവരുടെ കൂടെ നമ്മള്‍ ഉണ്ടെന്നുള്ള അല്ലെങ്കില്‍ അവരും നമ്മളിലുള്ളവര്‍ തന്നെ എന്ന ബോധം സൃഷ്ടിക്കേണ്ടത് ഓരോ പൌരന്മാരുടെയും അവരെ ഭരിക്കുന്ന ഭരണകൂടങ്ങളുടെയും കടമ എന്നതിലുപരി ഒരു ബാധ്യതയാണ്.

ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ ഇത്തരം വിഷയങ്ങളില്‍ ഇടപെടുന്നത് വളരെ നല്ല ഒരു കാര്യമാണ്.  പക്ഷെ അത് പലപ്പോഴും ചില ബന്ധപ്പെട്ട കുടുംബങ്ങളുടെ അടുക്കളപ്പുറത്ത് നടന്ന പൈങ്കിളി സംഭവങ്ങളിലേക്കാണ് സഞ്ചരിക്കുന്നത്.  അതിന്‍റെ പൊടിപ്പും തൊങ്ങലും വെച്ച പോസ്റ്റുകള്‍ കൊണ്ടും അതിനു കിട്ടുന്ന ലൈക്കും കമന്റും കൊണ്ട്  ഫേസ്ബുക്ക് പേജുകളും ചുമരുകളും വൃത്തികേടാവുന്നതില്‍ നമുക്കുള്ള ഉത്തരവാദിത്തം നിഷേധിക്കാന്‍ സാധ്യമല്ല.

നമ്മുടെ നാട്ടില്‍ സംഭവിക്കുന്ന ഓരോ കാര്യത്തിനും വിദേശ രാജ്യങ്ങളിലെ അനുകരണീയ മാതൃകകള്‍   ചൂണ്ടിക്കാട്ടി ദേ അങ്ങോട്ട്‌ നോക്കൂ.. എന്നൊക്കെ ഓരോ അവസരത്തിലും ആവേശംകൊള്ളുമ്പോള്‍ ഈ വിഷയത്തില്‍ അവയില്‍ ചിലത് സ്വീകരിച്ചിരിക്കുന്ന നിയമ സംവിധാനങ്ങള്‍ നമ്മള്‍ക്കും അനുകരണീയമാണ്.  കുട്ടികള്‍ക്കും മുതിര്‍ന്ന പൌരന്മാരുടെതിനു ഏതാണ്ട് തുല്യമായ അവകാശങ്ങളും അവ നിഷേധിക്കപ്പെട്ടാല്‍ പരാതിപ്പെടാനുള്ള സംവിധാനവും ഒക്കെ അവിടെ ഉണ്ട്.  ചില രാജ്യങ്ങളില്‍ മാതാപിതാക്കള്‍ വഴക്ക് പറഞ്ഞാല്‍പോലും കുട്ടികള്‍ക്ക് പരാതിപ്പെടാന്‍ വകുപ്പുണ്ടെന്നാണ്‌ കേള്‍ക്കുന്നത്! നമ്മുടെ ഇടയില്‍ ബാല-ബാലികാ (ലൈംഗിക) പീഡനത്തിനു വിധേയരായാല്‍  സമയത്ത് പരാതിപ്പെടാനും നടപടി എടുക്കാനും ഒക്കെ വര്‍ത്തമാനകാലത്ത് സംവിധാനമുണ്ടെങ്കിലും ഇതുപോലുള്ള കുടുംബത്തിലെ സംഘര്‍ഷങ്ങളില്‍ ഇരയാക്കപ്പെടുന്ന കുട്ടികള്‍ക്ക് യാതൊരു സംരക്ഷണവും കിട്ടുന്നില്ല എന്നുള്ളതാണ് സത്യം! സ്കൂളുകളിലെ പി.ടി.എ. പിന്നെ  അയല്‍ക്കൂട്ടം പോലെയുള്ള സാമൂഹിക കൂട്ടായ്മകള്‍  അതുപോലെ നല്ല പ്രവര്‍ത്തനം കാഴ്ചവെക്കുന്ന ക്ലബ്ബുകളും മറ്റു സന്നദ്ധ സംഘടനകളും ഇതിനുവേണ്ടി മുന്നിട്ടിറങ്ങണം.   എന്നിട്ട് ആ കുട്ടികളുടെ പുനരധിവാസം, പഠനം തുടങ്ങിയ ചെലവുകള്‍ ഏറ്റെടുക്കണം,  പറ്റില്ലെങ്കില്‍ അതിനു കഴിയുന്ന സ്പോണ്‍സര്‍മാരെ കണ്ടെത്തണം.  സര്‍ക്കാരിന്‍റെ കൈയ്യില്‍ പണമില്ല! എന്നുള്ള പല്ലവി ആവര്‍ത്തിക്കും എന്നുള്ളതുകൊണ്ട് ആ വഴിക്ക് ചിന്തിക്കേണ്ട.  പക്ഷെ ആവശ്യമായ നിയമങ്ങള്‍ ഉണ്ടാക്കി അത് കര്‍ശനമായി നടപ്പാക്കാനുള്ള ഒരു ചട്ടക്കൂട് ഉണ്ടാക്കാനുള്ള ഉത്തരവാദിത്തത്തില്‍നിന്നും ഒഴിഞ്ഞുമാറുവാന്‍ നമ്മള്‍ ഭരണകൂടത്തെ അനുവദിക്കുകയും ചെയ്യരുത്.

സ്വാര്‍ത്ഥ താല്‍പര്യങ്ങളുടെ പുറകേ ഓടിനടക്കുന്ന നമുക്ക് ഇനിയെങ്കിലും ഈ വിഷയത്തെപ്പറ്റി ചിന്തിക്കാന്‍ കുറച്ചെങ്കിലും സമയം കണ്ടെത്തണം.  കുട്ടികള്‍ നമ്മുടെ രാജ്യത്തിന്‍റെ സ്വത്താണ്.  അവരിലാണ് നമ്മുടെ രാജ്യത്തിന്‍റെ ഭാവി.  ഒരിക്കല്‍ക്കൂടി ഈ ചിന്ത നമ്മുടെ മനസ്സുകളില്‍ അരക്കിട്ട് ഉറപ്പിക്കാം നമുക്ക്.

2014, ഏപ്രിൽ 6, ഞായറാഴ്‌ച

ഞാന്‍ കണ്ട സിനിമ - ഫിലിപ്സ് ആന്‍ഡ്‌ ദ മങ്കി പെന്‍

 ഫിലിപ്സ് ആന്‍ഡ്‌ ദ മങ്കി പെന്‍
യാതൊരു മുന്‍ധാരണയും ഇല്ലാതെയാണ് ഈ സിനിമ കാണാനിരുന്നത്.  സാധാരണ സിനിമകളുടെ കഥാഗതി ഏകദേശം ഒക്കെ അറിയാറുണ്ട്.  എന്നാല്‍ ഇത് കുട്ടികളുമായി ബന്ധപ്പെട്ട ഒരു സിനിമയാണ് എന്ന് മാത്രം ഒരു ഏകദേശ ഐഡിയ കൈമുതലായിട്ടുണ്ടായിരുന്നു താനും.

മിശ്രവിവാഹിതരായ ദമ്പതികളുടെ ഏക മകന്‍ റയാന്‍ ഫിലിപ്പ് (സനൂപ് സന്തോഷ്‌), അവന്‍റെ അച്ഛന്‍ റോയ് ഫിലിപ്പ് (ജയസൂര്യ) ഉമ്മ സമീറ റോയ് (രമ്യ നമ്പീശന്‍).  പക്വതയില്ലാത്ത പ്രായത്തില്‍ പ്രണയിച്ച് വിവാഹിതരായ ദമ്പതിമാര്‍.  റയാന്‍ ഫിലിപ്പ് സ്കൂളിലെ അല്‍പ്പസ്വല്‍പ്പം കുരുത്തക്കേട് ഒക്കെയുള്ള കൂട്ടത്തിലാണ്.  ക്ലാസ്സിലെ അദ്ധ്യാപകന്‍ ഒരു പിന്തിരിപ്പന്‍ മൂരാച്ചിയാണ് -പപ്പന്‍ മാഷ്‌ (സിനിമയുടെ നിര്‍മ്മാതാക്കളില്‍ ഒരാളായ വിജയ്‌ ബാബു).  കുട്ടികളോട് എങ്ങിനെ പെരുമാറണം എന്നറിയാത്ത ഒരു അവതാരം.  റയാന്‍ ഫിലിപ്പിന് കണക്ക് എന്ന് കേള്‍ക്കുമ്പോഴേക്കും മുള്ളാന്‍ മുട്ടും.  അതിനോടനുബന്ധിച് ഒരു വിളിപ്പേരും അവനു കിട്ടിയിട്ടുണ്ട്.  കപ്പിത്താനായ അപ്പാപ്പന്റെ (ജോയ് മാത്യു) കൈയില്‍ നിന്നും കിട്ടിയ മങ്കിപെന്നും പിന്നെ ഇന്നസെന്റു അവതരിപ്പിക്കുന്ന ദൈവവും കൂടി അവനെ കണക്ക് ഹോംവര്‍ക്ക് ചെയ്ത് കൊടുക്കുന്നതും പിന്നെ അവനിലെ കഴിവുകളും മറ്റും പുറത്തുകൊണ്ടുവരുന്നതുമാണ് കഥ.

ഒരു പെണ്‍കുട്ടി പ്രണയിനിയായി ഉണ്ടായാല്‍ സ്ഥിരമായി ഹോംവര്‍ക്ക് ചെയ്യാന്‍ ആളായി! എന്നുള്ള ഒരു സൂത്രവാക്യം ഈ സിനിമ ഉല്‍പ്പാദിപ്പിച്ചു വിടുന്നുണ്ട്.  അതിനായി പരതുന്ന  റയാന്‍ ഫിലിപ്പിന്റെ കണ്ണില്‍ ജുവാന്‍ (ദിയ) എന്ന കുട്ടിയാണ് ഉടക്കി നില്‍ക്കുന്നത്.  അവള്‍ക്ക് അവനെ കാര്യവുമല്ല.

മങ്കി പേനയുടെ പിന്നിലുള്ള കഥയും ഇതില്‍ പറയുന്നുണ്ട്.  കൊച്ചിയില്‍ പണ്ട് വെല്ലിംഗ്ടന്‍ ഐലന്റ് ഉണ്ടാക്കിയ കഥയാണ് അത്.  വെള്ളക്കാരുടെ വംശീയതാ മനോഭാവത്തിന്റെ ചില സ്ഫുരണങ്ങള്‍ ആ കഥപറയുന്ന രംഗങ്ങളില്‍ ഇല്ലേ എന്ന് നമുക്ക് തോന്നിയാല്‍ തെറ്റില്ല.  കുട്ടികളുടെ കാര്യത്തില്‍ മാതാപിതാക്കളും അധ്യാപകരും സ്വീകരിക്കുന്ന അനാരോഗ്യപരമായ ചില നിലപാടുകളെ ഈ ചിത്രം പലയിടത്തും കോറിയിടുന്നുണ്ട്.  (കാണുന്ന പലര്‍ക്കും അത് പലവിധത്തില്‍ തോന്നാം).

ലക്ഷ്യത്തിലേക്കുള്ള മാര്‍ഗ്ഗമല്ല, ലക്ഷ്യമാണ്‌ പ്രധാനം എന്ന് ഈ ചിത്രം വിളിച്ചു പറയുന്നുണ്ട്.  കുട്ടിക്കാലത്ത് ചെയ്യുന്നത് "സ്മാര്‍ട്ട്നെസ്സ്" എന്ന പേരിട്ടു വിളിക്കുന്ന പലതും എത്രത്തോളം ആ കുട്ടിയില്‍ പില്‍ക്കാലത്ത് സ്വാധീനം ചെലുത്തും എന്ന് ചിന്തിക്കേണ്ടതാണ്.  തെറ്റായ ഒരു പ്രവൃത്തിയെ ന്യായീകരിക്കാനോ മറച്ചുപിടിക്കാണോ ശ്രമിക്കുമ്പോള്‍ ചെയ്യുന്ന കാര്യങ്ങള്‍..ഇതെല്ലാം നമ്മള്‍ പ്രേക്ഷകര്‍ ചിന്താവിഷയമാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.  കുട്ടികളാണ് ശരിക്കും ഒരു രാഷ്ട്രത്തിന്റെ സ്വത്ത്.  ഇന്നത്തെ കുട്ടികള്‍ വളരുമ്പോള്‍ അവരുള്‍പ്പെട്ട കുടുംബമായും ആ കുടുംബം സമൂഹമായും (സമുദായമായും) ഒരു രാജ്യമായും ഒക്കെ മാറുന്നത് ശരിയായ ദിശയിലല്ലെങ്കില്‍ കുഴപ്പമാണ്.  കുട്ടികളെ എങ്ങിനെ വളര്‍ത്തണം എന്ന ചിന്തക്ക് ഈ സിനിമ ഒരു പ്രചോദനമാകുമോ എന്നൊന്നും ഞാന്‍ പറയുന്നില്ല.  പക്ഷെ ഇത് കാണുന്നവര്‍ ശരിക്കും "കണ്ണുകള്‍ തുറന്നു പിടിച്ചു" തന്നെ കാണണം.  സാധാരണ വാണിജ്യ സിനിമകളിലെ രചയിതാവിന്റെയും സംവിധായകന്റെയും നായകന്റെയും കണ്ണുകളില്‍ കൂടി നമ്മള്‍ കാണാന്‍ ശ്രമിക്കരുത്.

ഇതിലെ അഭിനയം - റയാന്‍ ഫിലിപ്പിന്റെ മാത്രം സ്വന്തം!  ബാക്കിയുള്ളവര്‍ അഭിനയിച്ചില്ല എന്ന് പറയുന്നില്ല.  തങ്ങളുടെ ഭാഗം ഓരോരുത്തരും ഭംഗിയാക്കി.  പക്ഷെ ഈ കുട്ടി ഫീല്‍ഡില്‍ തന്നെ ഉണ്ടെങ്കില്‍ ഭാവിവാഗ്ദാനമാണ് എന്ന കാര്യത്തില്‍ സംശയം ഒട്ടും വേണ്ട. എല്ലാവരും കണ്ടിരിക്കേണ്ട ഒരു സിനിമയാണ്.  കുട്ടികളും, മാതാപിതാക്കളും പിന്നെ അധ്യാപകരും എല്ലാം..  കണ്ടതിനു ശേഷം നമ്മുടെതായ ഭാഗത്ത് നിന്ന് കൊണ്ട് വേണം ഇതിനെ വിലയിരുത്താന്‍.  അത് നിങ്ങള്‍ക്ക് വിടുന്നു.

എന്‍റെ റേറ്റിംഗ്. 8/10

ഈ പോസ്റ്റിനു പ്രത്യേക കടപ്പാട് : ബ്ലോഗ്‌ രംഗത്തെ രണ്ടു പുലികള്‍ക്ക്
1) ശ്രീ. രാകേഷ് മനോഹരന്‍ - http://www.movieholicviews.blogspot.in
2) ശ്രീ. ഫൈസല്‍ ബാബു - http://www.oorkkadavu.blogspot.ae

2014, ഏപ്രിൽ 3, വ്യാഴാഴ്‌ച

ഞാന്‍ കണ്ട സിനിമകള്‍ (ഗ്രാവിറ്റി, ഒരു ഇന്ത്യന്‍ പ്രണയകഥ)

ഗ്രാവിറ്റി
ഒരു ഫിക്ഷന്‍ കഥ! എന്ന് പറയാവുന്ന സിനിമയാണ് ഗ്രാവിറ്റി.  പ്രതീക്ഷിച്ച അത്ര ഇല്ല എങ്കിലും കണ്ടിരിക്കാം.  റയാന്‍ സ്റ്റോണ്‍  എന്ന സാന്ദ്ര ബുള്ളക്ക് (ഇതിലെ നായിക.  അല്ലാതെ സാന്ദ്ര എന്ന പേരുള്ള കാളയല്ല!) മാറ്റ് കൊവല്‍സ്കി (ജോര്‍ജ്ജ് ക്ലൂണി) എന്നിവര്‍ ചേര്‍ന്ന് നടത്തുന്ന ഒരു ബഹിരാകാശ ദൌത്യം.  സ്പെയ്സ് വാക്ക് ചെയ്യുന്നതിനിടയില്‍ ഒരു റഷ്യന്‍ മിസൈല്‍ ഇതുമായി ബന്ധപ്പെട്ട ഒരു ഉപഗ്രഹത്തില്‍ കൊണ്ടത് കാരണം അവരുടെ ദൌത്യത്തിന് തടസ്സം നേരിടുകയും ശൂന്യാകാശത്തെ പാഴ്വസ്തുക്കള്‍ പലതും തങ്ങളുടെ സ്റ്റേഷന് നേരെ പാഞ്ഞുവന്നു അതിനെ തകരാറിലാക്കുകയും ചെയ്യുന്നു.  താമസിയാതെ ഭൂമിയുമായുള്ള ബന്ധം അവര്‍ക്ക് നഷ്ടപ്പെടുന്നു. 

പിന്നീട് മാറ്റും, റയാനും അടുത്തുള്ള ഒരു ചൈനീസ് സ്പെയ്സ് സ്റ്റെഷനിലെക്ക് എത്തിപ്പെടാന്‍ ശ്രമിക്കുന്നു എങ്കിലും ഒരു അനിവാര്യമായ സന്ദര്‍ഭത്തില്‍ മാറ്റ്  നിയന്ത്രണം വിടുവിച്ചു റയാനില്‍ നിന്ന് അനന്തതയിലേക്ക് അകന്നു പോകുന്നു.  ഒറ്റക്കാവുന്ന റയാന്‍ മിഷന്‍ കണ്ട്രോളുമായി അറ്റുപോയ ബന്ധം പുനസ്ഥാപിക്കാനും  തിരികെ ഭൂമിയിലെത്താനും നടത്തുന്ന ഒറ്റയാള്‍ ശ്രമങ്ങളാണ് ചിത്രത്തില്‍ കാണിച്ചിരിക്കുന്നത്.
ബഹിരാകാശ ദൌത്യം എന്നുള്ളത് നമ്മള്‍ കേട്ടിട്ടേയുള്ളൂ എങ്കിലും ഇതിലെ സെറ്റും, ഗുരുത്വകര്‍ഷണ ബലമില്ലാത്ത അവസ്ഥ (സീറോ ഗ്രാവിറ്റി) ചിത്രീകരിചിരിക്കുന്നതും ഒക്കെ കിടിലനായി തന്നെ.  പക്ഷെ എന്തൊക്കെയോ ചില അപാകതകള്‍ ഇല്ലേ എന്ന് ഒരു സംശയം!  നമുക്കിടയില്‍ ആ വഴി പോയ ആരെങ്കിലും ഉണ്ടായിരുന്നു എങ്കില്‍ സംശയം തീര്‍ക്കാമായിരുന്നു!  (വിമാനത്തിലും കപ്പലിലും ഒക്കെയുള്ള സംഗതിയായിരുന്നു എങ്കില്‍ നമുക്ക് വിശ്വസിക്കാം.  ഇതിപ്പോ..!!!!!).  ചുരുക്കി പറയാം എനിക്ക് അത്രക്കങ്ങ്‌ ഇഷ്ടപ്പെട്ടില്ല. (3-D ഫോര്‍മാറ്റില്‍ കാണാന്‍ കഴിയാത്തതിന്‍റെ പരിമിതി ഇവിടെ വിസ്മരിക്കുന്നില്ല).

പരസ്പരം ബന്ധിച്ചിരുന്ന റോപ്പ് അറുത്ത് മാറ്റി മാറ്റ് അനന്തതയിലേക്ക് അകന്നു പോകുന്ന ആ ഒരു സീന്‍ നമുക്ക് ഒരു നൊമ്പരം നല്‍കും.  തീര്‍ച്ച!
എന്‍റെ റേറ്റിംഗ് 6/10


ഒരു ഇന്ത്യന്‍ പ്രണയകഥ

ചില ബേക്കറി നടത്തുന്നവരുടെ അവസ്ഥയാണ് മലയാളത്തിലെ സംവിധായകന്‍ സത്യന്‍ അന്തിക്കാടിന് ഇന്ന്.  ബേക്കറിയില്‍ വില്‍പ്പനക്ക് വെക്കുന്ന ഭക്ഷണം അവര്‍ കാലാവധി തീര്‍ന്നാല്‍ എടുത്തുമാറ്റി അതുകൊണ്ട് മറ്റുപല ഉല്‍പ്പന്നങ്ങളും ഉണ്ടാക്കി വില്‍ക്കാറുണ്ട്.  ഈ സിനിമ ഏതാണ്ട് അതേ ശ്രേണിയില്‍ പെടുത്താം!  കഥയിലും കഥാപാത്രങ്ങളിലും ഒന്നും യാതൊരു പുതുമയും ഇല്ല.  സന്ദേശം സിനിമയിലെ പ്രകാശനെ അയ്മനം സിദ്ധാര്‍ത്ഥന്‍ ആക്കി മാറ്റിയിരിക്കുന്നു.  സംഗതി കോണ്ഗ്രസ് (അല്ലെങ്കില്‍ കേരള കോണ്ഗ്രസ്സ്) രാഷ്ട്രീയം തന്നെ.  എമ്മെല്ലെയാവാന്‍ നടക്കുന്ന സിദ്ധുവിനെ ഹൈക്കമാണ്ട് വെട്ടി നിരത്തുന്നു.  അധികാര രാഷ്ട്രീയത്തിന്‍റെ ലൈന്‍ നഷ്ടപ്പെടുമ്പോള്‍ ആകെ നിരാശനാകുന്ന അയാളെ പാര്‍ട്ടി ലീഡര്‍ പുതിയ ഒരു ദൌത്യം ഏല്‍പ്പിക്കുന്നു.  ദിവസം രണ്ടായിരം രൂപ കിട്ടും എന്ന് കേട്ടപ്പോള്‍ അയാള്‍ അത് ഏറ്റെടുക്കുന്നു.  കാനഡയില്‍ നിന്നും വന്ന ഐറീന്‍ എന്ന പെണ്‍കുട്ടിയെ സഹായിക്കലാണ് ദൌത്യം.  ഐറീന്‍ പ്രത്യക്ഷത്തില്‍ ഒരു ഡോക്യുമെന്‍ഡറി ഒക്കെ എടുക്കാനാണ് വന്നതെങ്കിലും അവള്‍ക്ക് മറ്റു പല ലക്ഷ്യങ്ങളും ഉണ്ടായിരുന്നു എന്ന് സിദ്ധു വൈകിയാണ് മനസ്സിലാക്കുന്നത്.

പുതുതലമുറ സിനിമകളുടെ തനത് പ്രത്യേകതകളായ ദ്വയാര്‍ത്ഥ പ്രയോഗവും മറ്റും ഇല്ലാതെ രണ്ടുമണിക്കൂര്‍ തിയറ്ററില്‍ ഇരുന്നു ചുമ്മാ സമയം കളയാം എന്നല്ലാതെ യാതൊരു ഗുണവും ഈ സിനിമക്കില്ല എന്ന് സങ്കടത്തോടെ പറയട്ടെ.  കഥാപാത്രങ്ങള്‍ ചില സീനുകളില്‍ "അഭിനയം" മുഖത്ത് വരുത്താന്‍ പെടാപ്പാട് പെടുന്നുണ്ട്.  മിക്കവാറും കഥാസന്ദര്‍ഭങ്ങള്‍ നമുക്ക് തന്നെ ഊഹിക്കാന്‍ കഴിയും.  അപ്രതീക്ഷിതമായ ട്വിസ്റ്റ് ഒന്നും തന്നെയില്ല.  കരച്ചില്‍, സെന്റിമെന്റ്സ് സീനുകള്‍ വളരെ കുറവ്.  സംഗീത വിഭാഗം എടുത്ത് പറയാന്‍ വേണ്ടിയൊന്നും ഇല്ല.

സത്യന്‍ അന്തിക്കാടിന്‍റെ സ്റ്റോക്ക് ഏതാണ്ട് തീര്‍ന്നു.  കാലത്തിനൊത്ത് മാറിയില്ലെങ്കില്‍ നിലനില്‍ക്കാന്‍ ബുദ്ധിമുട്ടും.  ഇമ്മാതിരി പടംസ് എടുക്കുന്നതിലും നല്ലത് പുള്ളിക്ക് ഈ പണി തന്നെ നിര്‍ത്തുന്നതാണ്.

എന്‍റെ റേറ്റിംഗ്: 3.5/10

അഭിപ്രായങ്ങള്‍ താഴെ രേഖപ്പെടുത്തുമല്ലോ..

2014, മാർച്ച് 27, വ്യാഴാഴ്‌ച

ഞാന്‍ കണ്ട സിനിമകള്‍ (രാംലീല, 101 ചോദ്യങ്ങള്‍, സൈലന്‍സ്, ക്യാപ്റ്റന്‍ ഫിലിപ്സ്).

ഈയിടെയായി സിനിമ കാണലും കണ്ടത് എഴുതലും അല്പം "പണി"യായി അനുഭവപ്പെടുന്നു.  ഒന്നുരണ്ടു വര്‍ഷത്തോളമായി വിടാതെ കൂടെയുള്ള മടി എല്ലാറ്റിനും വിലങ്ങുതടിയായി നില്‍ക്കുകയും ചെയ്യുന്നു.  ഒടുവില്‍ കണ്ട സിനിമകള്‍:

1)  ഗോലിയോ കാ രാസ ലീല - രാംലീല:

പുറത്തിറങ്ങുന്നതിനു മുന്നേ തന്നെ (ബോളിവുഡ് ശൈലിയില്‍) കുറച്ചു വിവാദങ്ങളൊക്കെ ഉണ്ടാക്കിക്കൊണ്ടായിരുന്നു ഈ പടം റിലീസ് ചെയ്തത്.  "രാംലീല" എന്ന പേരിനു മുന്നില്‍ ചില കൂട്ടിചേര്‍ക്കലുകള്‍ അങ്ങിനെ സംഭവിച്ചു! സഞ്ജയ്‌ ലീല ബന്‍സാലി എടുത്ത ഒരു സിനിമ പ്രണയം എത്രകണ്ട് വരച്ചിടുന്നു എന്ന് എല്ലാവര്ക്കും അറിയുന്ന കാര്യമാണ്. നിസ്സാര കാരണങ്ങള്‍ക്ക് പോലും കലഹിക്കുന്ന (അത് വന്‍ കലാപങ്ങള്‍ക്ക് വരെ കാരണമാകുന്നു-ശരിക്കും ടിപ്പിക്കല്‍ ഉത്തരേന്ത്യ സ്റ്റൈല്‍) രണ്ടു വ്യത്യസ്ഥ ഗോത്രങ്ങളുടെ ശത്രുതയാണ് കഥയുടെ പശ്ചാത്തലം.  മൂലകഥ വില്യംഷേക്സ്പിയര്‍.  പക്ഷെ ഞാന്‍ ആ കൃതി വായിച്ചിട്ടില്ല.  കഥയുടെ ഏകദേശ രൂപമേ അറിയൂ. 

വര്‍ണ്ണങ്ങള്‍ നല്ല കോമ്പിനേഷനില്‍ വാരി വിതറി വലിയ ഒരു കാന്‍വാസില്‍ വരച്ച മനോഹരമായ ഒരു ചിത്രം എന്ന് ഇതിനെ പറഞ്ഞാല്‍ ഒട്ടും അതിശയോക്തിയാവില്ല.  അഭിനയത്തില്‍ ദീപികയും രന്‍വീറും മത്സരിച്ചാണ്‌ അഭിനയിച്ചിരിക്കുന്നത്.  (ഇരുവരെയും ചേര്‍ത്ത് ഈ സിനിമാ ചിത്രീകരണസമയത്ത് തുടങ്ങിയ ഗോസിപ്പുകള്‍ കൂട്ടിവായിച്ചാല്‍ പ്രണയത്തിന്റെ കാണാപ്പുറം അന്വേഷിക്കലാകും അത്).  മേക്കപ്പ്, വസ്ത്രാലങ്കാരം, ഗാനങ്ങള്‍, സംഗീതം, നൃത്തസംവിധാനം, സംഭാഷണങ്ങള്‍ എല്ലാം ഒന്നിനൊന്നു മെച്ചപ്പെട്ടു തന്നെ നില്‍ക്കുന്നു.  പരസ്പരം ഒന്നാവേണ്ട രണ്ടു ഹൃദയങ്ങള്‍ക്കിടയില്‍ സാമൂഹികമായ ഇടപെടലുകളും അവസാനം അനിവാര്യമായ ദുരന്തത്തില്‍ അത് അവസാനിക്കുമ്പോള്‍ എന്ത് നേടി എന്ന ചോദ്യവും അവശേഷിപ്പിച്ചാണ് ഈ സിനിമ അവസാനിക്കുന്നത്.  ഷേക്സ്പിയര്‍ കൃതിക്ക് ഇന്ത്യന്‍ വേര്‍ഷന്‍ ചമക്കുമ്പോള്‍ ഉണ്ടാവുന്ന കല്ലുകടികള്‍ അപൂര്‍വ്വം ചിലയിടത്ത് കാണാമെങ്കിലും, മൊത്തത്തില്‍ നന്നായിട്ടുണ്ട്.  സംഭവബഹുലത ഷേക്സ്പിയര്‍ കൃതികളില്‍ എന്നും ഉണ്ടാകും, ഇതിലും അതേ പ്രത്യേകത നമുക്ക് ദര്‍ശിക്കാം. പടം ഇഷ്ടപ്പെട്ടില്ലെങ്കിലും സ്ക്രീനിലെ ദീപിക-രന്‍വീര്‍ പ്രണയം നമ്മെ സീറ്റില്‍ പിടിച്ചിരുത്തും, തീര്‍ച്ച! 
എന്‍റെ റേറ്റിംഗ്. : 8.5/10

2)  101 ചോദ്യങ്ങള്‍.

ഇത് ജീവിതങ്ങളുടെ, ജീവിത സമരങ്ങളുടെ, അധ്വാനിക്കുന്ന തൊഴിലാളി വര്‍ഗ്ഗത്തിന്റെ (അവരെ വഞ്ചിക്കുന്ന നേതാക്കളുടെ), പ്രത്യയശാസ്ത്രങ്ങളുടെ എല്ലാം കഥയാണ്.  നമുക്ക് ചുറ്റിലും നടക്കുന്ന പലതും ഇതിലുണ്ട്.  ഒച്ചയും ബഹളവും ഇല്ലാതെ ജീവിക്കുന്ന സമാധാനം ഇഷ്ടപ്പെടുന്ന അന്നന്നത്തെ അന്നത്തിനായി പണിയെടുത്ത് കഷ്ടപ്പെടുന്ന ആളുകളുടെ കഥയാണ് 101 ചോദ്യങ്ങള്‍. 

ഒരു തൊഴില്‍ സമരത്തെത്തുടര്‍ന്ന് ഷുഗര്‍ മില്ലില്‍ ഉണ്ടായിരുന്ന ഒരു ജോലി നഷ്ടപ്പെട്ട ശിവരാമനെ കേന്ദ്രീകരിച്ചു തുടങ്ങുന്ന ഈ സിനിമ പിന്നീട് അയാളുടെ മകന്‍ "ബൊക്കാറോ" എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന അനില്‍കുമാര്‍ എന്ന സ്കൂള്‍ കുട്ടിയിലേക്ക് ഫോക്കസ് ചെയ്യുന്നു.  ജോലിയില്ലാത്ത ശിവരാമനും, ബൊക്കാറോ അനില്‍കുമാറും, പിന്നെ അസുഖബധിതയായി ജീവിക്കുന്ന മകള്‍ എന്നിവരടങ്ങിയ കുടുംബത്തെ പോറ്റാന്‍ കഷ്ടപ്പെടുന്ന ലെന അവതരിപ്പിക്കുന്ന ഭാര്യ.  അതിനിടയില്‍ "ബൊക്കാറോ"ക്ക് ഒരു ജോലി ഏല്‍പ്പിച്ചു കൊടുക്കുന്ന ഇന്ദ്രജിത്ത് അവതരിപ്പിക്കുന്ന അധ്യാപക കഥാപാത്രം.  താന്‍ പുറത്തിറക്കാന്‍ പോകുന്ന 101 ചോദ്യങ്ങള്‍ എന്ന പുസ്തകത്തിലേക്ക് വേണ്ടി 101 ചോദ്യങ്ങള്‍ സൃഷ്ടിച്ച് കൊണ്ട് ചെല്ലലാണ് ജോലി.  അതിനു ഒരു "പ്രതിഫലവും" ഉണ്ട്.  ചൂഷണത്തിന്റെ മറ്റൊരു മുഖം.  അല്ലെങ്കില്‍ ബാലവേല എന്നും വേണമെങ്കില്‍ പറയാം!. 


മനുഷ്യന്‍ ഒരു സാമൂഹിക ജീവിയാണ് എന്ന് നമ്മള്‍ ചെറിയ ക്ലാസുകളില്‍ പഠിച്ചതിനു നേരെ കുറെ ചോദ്യങ്ങള്‍ ഈ ചിത്രം ചോദിക്കുന്നുണ്ട്.  ആശയങ്ങള്‍ക്കും ആദര്‍ശങ്ങള്‍ക്കും അപ്പുറം വിരുദ്ധ ചേരികളുടെ ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തിനിടയില്‍ വിസ്മരിക്കപ്പെടുന്ന കഷ്ടപ്പെടുന്ന ജനവിഭാഗത്തിന്‍റെ ചെറിയ ഒരു ഭാഗം തുറന്നു കാട്ടാനായി ഈ ചിത്രത്തിന് എന്നത് എണ്ണപ്പെടെണ്ടുന്ന ഒരു വസ്തുതയാണ്.  എല്ലാറ്റിലുമുപരി "ബൊക്കാറോ" തന്‍റെ അച്ഛന് നല്‍കുന്ന സ്നേഹവും ബഹുമാനവും.  അതാണ്‌ ഈ സിനിമയുടെ ഹൈലൈറ്റ്.  ആ പേരുപോലും കുട്ടികള്‍ കളിയാക്കി വിളിക്കുമ്പോള്‍ അവനു യാതൊരു അരോചകത്വവും അനുഭവപ്പെടാത്തത്തിന്റെ കാരണം അച്ഛനോടുള്ള സ്നേഹം തന്നെ കാരണം.
എന്‍റെ റേറ്റിംഗ്: 9/10

3)  ദി പവര്‍ ഓഫ് സൈലന്‍സ് 
 
സച്ചിന്‍-ഗാംഗുലി കാലഘട്ടത്തിലെ ക്രിക്കറ്റ് മത്സരത്തെ ഓര്‍മ്മിപ്പിക്കുന്ന ഒരു സിനിമയാണ് "ദി പവര്‍ ഓഫ് സൈലന്‍സ്".  തുടക്കം ഗംഭീരം.  അവസാനം പരിതാപകരം! പകുതിക്ക് തോട്ടുമുന്നെ തന്നെ നമുക്ക് കല്ലുകടി അനുഭവപ്പെട്ടു തുടങ്ങും. 


കര്‍ണ്ണാടക ഹൈക്കോടതിയിലെ നിയുക്ത ജഡ്ജിയാണ് കഥാനായകന്‍ മമ്മൂട്ടി.  ഭാര്യയും രണ്ടു കുട്ടികളുമായി നല്ലരീതിയില്‍ ജീവിച്ചുപോകുന്ന അയാളെ തേടി അനോണിമസ് ഫോണ്‍ കോളുകള്‍ എത്തുകയാണ്.  അയാള്‍ ജഡ്ജി ഉദ്യോഗത്തിന് യോഗ്യനല്ല! എന്നാണ് കോളുകളുടെ ഉള്ളടക്കം.  തുടര്‍ന്ന് അയാളുടെ ഭാര്യക്കും കുട്ടികള്‍ക്കും ചില അപകടകരമായ സാഹചര്യങ്ങളെ നേരിടേണ്ടിവരുന്നു. തന്റെ ഭൂതകാലത്തെ തൊഴില്ജീവിതത്തിലെ ഏതോ സംഭവവുമായി ബന്ധപ്പെട്ട ഒന്നാണ് അത് എന്ന് മാത്രം ഊഹിക്കാനേ അയാള്‍ക്ക് കഴിയുന്നുള്ളൂ.  അതിലപ്പുറം തനിക്ക് പിഴവ് പറ്റിയിട്ടില്ല എന്ന് ഉറച്ചു വിശ്വസിക്കുന്ന കഥാപാത്രമായി നായകന്‍ തിളങ്ങി നില്‍ക്കുന്നു.  ആ അനോണിമസ് കോളിനെ പിന്തുടര്‍ന്ന് ഇറങ്ങിത്തിരിക്കുന്ന അയാള്‍ക്ക് നേരിടേണ്ടി വന്നത് തികച്ചും അപ്രതീക്ഷിതമായ സംഭവങ്ങളെയാണ്.

മേല്‍പറഞ്ഞപോലെ ആദ്യം നന്നായി എങ്കിലും പിന്നീട് കഥ എങ്ങിനെ കൊണ്ടുപോകണം എന്നറിയാതെ ഇതിലെ ടീം ഉഴറിയതായി (ഉഴപ്പി എന്ന് പറയുന്നതാകും നല്ലത്!) കാണാം.  അവസാനം എങ്ങിനെയൊക്കെയോ കൊണ്ടുചെന്നു അവസാനിപ്പിച്ചിരിക്കുന്നു.  ന്യൂജനറേഷന്‍ സംവിധായകനായി ലേബല്‍ അടിക്കപ്പെട്ട വി.കെ. പ്രകാശ് & മമ്മുട്ടി ടീം എന്ന രീതിയില്‍ വന്ന പരസ്യങ്ങള്‍ ഒരുപാട് പ്രതീക്ഷ (വാനോളം!) പ്രേക്ഷകരില്‍ ഉണര്‍ത്തിവിട്ടു.  പക്ഷെ അവസാനം എല്ലാം കുളമാക്കി.
എന്‍റെ റേറ്റിംഗ്: 4.5/10

4)  ക്യാപ്റ്റന്‍ ഫിലിപ്സ്.

വിമാനയാത്ര ഇന്നത്തെ കാലത്ത് ചെയ്യാത്തവര്‍ ചുരുങ്ങി വരികയാണ്, പല കാരണങ്ങള്‍കൊണ്ടും!  പക്ഷെ കപ്പല്‍ യാത്ര ചെയ്യാത്തവര്‍ ഒരുപാടുണ്ട്.  സോമാലിയന്‍ കടലില്‍ നടക്കുന്ന കപ്പല്‍ കൊള്ളയെക്കുറിച്ച് മാധ്യമങ്ങളിലൂടെ നമ്മള്‍ ഒരുപാട് അറിഞ്ഞിട്ടുണ്ട്.  സോമാലിയന്‍ കപ്പല്‍കൊള്ള വിഷയമാക്കി ഹോളിവുഡില്‍ ഇറങ്ങിയ സിനിമയാണ് ക്യാപ്റ്റന്‍ ഫിലിപ്സ്.

വിമാന റാഞ്ചല്‍ വിഷയമായി ഒരുപാട് സിനിമകള്‍ നമ്മള്‍ കണ്ടിട്ടുണ്ട് പക്ഷെ കപ്പല്‍ കൊള്ള വിഷയമായി അധികം സിനിമകള്‍ ഇറങ്ങിയിട്ടുണ്ടോ എന്നറിയില്ല..  സ്വന്തക്കാരെയും ബന്ധക്കാരെയും ഒക്കെ പിരിഞ്ഞു ആഴ്ചകളോ മാസങ്ങളോ അനന്തമായി പറന്നു കിടക്കുന്ന കടല്‍പരപ്പിലൂടെ കേവലം നാമമാത്രമായ സുരക്ഷാ ഉപകരണങ്ങള്‍ മാത്രം കൈവശം വെച്ചുകൊണ്ട് ഒരുപാട് ജീവനക്കാരെയും കപ്പലിനെയും മുന്നോട്ടു നയിച്ച്‌ നടത്തുന്ന ഒരു സാഹസിക യാത്രയാണ് കപ്പല്‍ യാത്ര.  പ്രക്ഷുബ്ധമായ കടലിനേക്കാള്‍ ഒരുപക്ഷെ അവര്‍ക്ക് നേരിടേണ്ടി വരിക ആരും ക്ഷണിക്കാതെ വന്നുചേരുന്ന ക്രൂരന്മാരായ സകലവിധ ആയുധങ്ങളും കൈയിലുള്ള കടല്‍ക്കൊള്ളക്കാരെയാണ്. അറ്റകൈക്ക് ആകെ ചെയ്യാവുന്നത് കരയിലേക്ക് ഒരു അപായ സന്ദേശം അയക്കുക.  അത് മനസ്സിലാക്കി ഏതെങ്കിലും രാജ്യത്തെ സൈനിക വിഭാഗം രക്ഷാപ്രവര്ത്തനതിനു എത്തുമ്പോഴേക്കും കാര്യങ്ങള്‍ വൈകും.  ടോം ഹാങ്ക്സ് നായകനായി അഭിനയിച്ച ഈ സിനിമ നമ്മളെ ശരിക്കും ഒരു കപ്പല്‍ യാത്രക്കാരനാക്കും.  സമചിത്തത കൈവിടാതെ തന്റെ ജീവന്‍ അപകടപ്പെടുത്തി കപ്പലിനെയും അതിലെ ജീവനക്കാരെയും സുരക്ഷിതരാക്കി അദ്ദേഹം ഒരു കൈവിട്ട കളിക്ക് മുതിരുകയാണ്.  അവസാനം അമേരിക്കന്‍ നേവി സീലുകള്‍ എത്തി സംഗതി ക്ലീന്‍ ആക്കുന്നു.

 A Captain's Duty എന്ന പേരില്‍റിച്ചാര്‍ഡ് ഫിലിപ്സ് (സ്റ്റെഫാന്‍ ടാള്‍ട്ടിയുമായി ചേര്‍ന്ന്)എഴുതിയ സ്വന്തം അനുഭവമാണ് ഈസിനിമക്ക് ആധാരം. നായകനായി ടോം ഹാങ്ക്സും സോമാലിയന്‍ കപ്പല്‍ കൊള്ളക്കാരുടെ വേഷമിട്ടവരും തകര്‍ത്തു എന്ന് പറയുന്നതാണ് ശരി.  കൊള്ളക്കാരുടെ നേതാവിനെ എനിക്ക് നന്നേ ബോധിച്ചു!  (പാവം അമേരിക്കയിലേക്ക് പോകാന്‍ ഒരുപാട് ആഗ്രഹിച്ചു അവസാനം അങ്ങോട്ട്‌ തന്നെ പോയി!).

എന്‍റെ റേറ്റിംഗ്: 8/10

അഭിപ്രായങ്ങള്‍ കമന്റുബോക്സില്‍ അറിയിക്കുമല്ലോ. നന്ദി, വരവിനും വായനക്കും.