2014, സെപ്റ്റംബർ 4, വ്യാഴാഴ്‌ച

ഞാന്‍ കണ്ട സിനിമ - HOW OLD ARE YOU

മഞ്ജുവാര്യര്‍ എന്ന മലയാളികളുടെ എക്കാലത്തെയും പ്രിയ നടിയുടെ അഭിനയ രംഗത്തേക്കുള്ള തിരിച്ചുവരവ് എന്ന നിലയില്‍ ഒരുപാട് വാര്‍ത്താപ്രാധാന്യം നേടിയ സിനിമയാണ് "ഹൌ ഓള്‍ഡ്‌ ആര്‍ യു".  മാധ്യമങ്ങളുടെ പിന്തുണയോടെ ഒരുപാട് പ്രതീക്ഷകള്‍ മലയാളി പ്രേക്ഷകരില്‍ ഉയര്‍ത്തിവിട്ടു എങ്കിലും ആ പ്രതീക്ഷകള്‍ക്കൊപ്പം വളരാതെ പോയ ഒരു സിനിമ.

പ്രമേയം കൊണ്ട് നല്ല അഭിപ്രായം നേടിയെടുക്കാം എങ്കിലും അത് സിനിമയാക്കിയപ്പോള്‍ ആ അഭിപ്രായം പ്രേക്ഷകരില്‍ നിലനിര്‍ത്തുവാന്‍ സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് പരാജയപ്പെട്ടു എന്ന് പറയുന്നതിന് പകരം ഒരു പരിധിക്കപ്പുറം വിജയിക്കുന്നില്ല എന്നും പറയാം.  യു.ഡി. ക്ലര്‍ക്കായ നിരുപമ രാജീവ് (മഞ്ജുവാര്യര്‍) ഒരു ഐറിഷ് കമ്പനിയിലെ ഇന്റര്‍വ്യൂ attend ചെയ്യുന്നിടത്ത് നിന്നാണ് കഥ തുടങ്ങുന്നത്. ഭര്‍ത്താവ് അയര്ലന്റിലെക്ക് കുടിയേറാന്‍ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് ഈ പരീക്ഷണം!  പ്രായത്തിന്‍റെ പേരില്‍ അവള്‍ അവിടെ പരാജയപ്പെടുന്നു.  പരാജയപ്പെട്ട നിരുപമയെ ഭര്‍ത്താവും (കുഞ്ചാക്കോ ബോബന്‍!!!!!) മകള്‍ ലച്ചുവും (അമൃത അനില്‍) തള്ളിപ്പറയുന്നു.  ഭര്‍ത്താവും മകളും തങ്ങളുടേതായ ഒരു സ്വപ്നലോകത്താണ്.  തങ്ങളുടെ സ്വപ്നം സാക്ഷാല്‍ക്കരിക്കാന്‍ പരിശ്രമിക്കുന്ന പിതാവിനും മകള്‍ക്കും നിരുപമ എന്ന (യഥാക്രമം ഭാര്യ, അമ്മ എന്നീ നിലകളില്‍) പഴഞ്ചന്‍ ഐറ്റത്തോട് ഒരുതരം പുശ്ചമാണ്.  നിരുപമയാകട്ടെ യു.ഡി. ക്ലാര്‍ക്ക് ഉദ്യോഗം ഒക്കെ ഉണ്ടെങ്കിലും ഒരു typical മലയാളി വീട്ടമ്മ ലെവലിലും ജീവിക്കുന്നു.  

ഒരുപ്രത്യേക സന്ദര്‍ഭത്തില്‍ കേരള സന്ദര്‍ശനം നടത്തുന്ന ഇന്ത്യന്‍ പ്രസിഡണ്ടിന്റെ കൂടെ ബ്രേക്ഫാസ്റ്റ് കഴിക്കുവാന്‍ അപ്രതീക്ഷിതമായി ക്ഷണിക്കപ്പെടുന്ന നിരുപമ, സാഹചര്യ (രക്ത)സമ്മര്‍ദ്ദത്താല്‍ അദ്ദേഹത്തിന്റെ മുന്നില്‍വെച്ച്‌ തലകറങ്ങി വീഴുകയും അത് ഒരുപാട് വാര്‍ത്താപ്രാധാന്യം നേടുകയും ചെയ്യുന്നു.  തങ്ങളുടെ സ്വപ്‌നങ്ങള്‍ സാക്ഷാല്‍ക്കരിക്കാന്‍ അവസരം കൈവന്നപ്പോള്‍ രാജീവും ലച്ചുവും വിദഗ്ദമായി നിരുപമയെ ഒഴിവാക്കി വിദേശത്തേക്ക് പറക്കുന്നു.  പുറകെ നിരുപമയുടെ ജീവിതത്തിലെ നിര്‍ണ്ണായകമായ ചില സംഭവങ്ങള്‍ അരങ്ങേറുന്നു.

കാസ്റ്റിംഗ് ആണ് ഈ സിനിമയില്‍ ഏറെ പിഴച്ചത് എന്ന് വേണമെങ്കില്‍ പറയാം.  മഞ്ജുവാര്യര്‍ എന്ന നിരുപമയുടെ ഭര്‍ത്താവായി കുഞ്ചാക്കോ ബോബനെയല്ലാതെ ആരെയും കിട്ടിയില്ലേ ഇതിന്റെ സംവിധായകന് എന്ന് നമ്മളെകൊണ്ട് ചൊദിപ്പിക്കും.  ചുരുങ്ങിയത് അവര്‍ തമ്മില്‍ ഒരു മാച്ചിംഗ് പ്രേക്ഷകര്‍ക്ക് ഫീല്‍ പോലും ചെയ്യുന്നില്ല. (ഇതിനു പകരം ബിജു മേനോന്‍ ആയിരുന്നു എങ്കില്‍ കുറച്ചു കൂടി നന്നായേനെ എന്ന് പലരും അഭിപ്രായം പറഞ്ഞു.).

മഞ്ജുവാര്യര്‍ എന്ന നിരുപമ ഒരു ശരാശരി മലയാളി വീട്ടമ്മയുടെ പ്രതീകമാണ്.  അരിയുടെയും പച്ചക്കറിയുടെയും വിലകയറ്റത്തിനൊപ്പം മെഗാസീരിയലിന്‍റെ കഥാഗതിയില്‍ ആശങ്കപ്പെട്ടു ജീവിക്കുന്ന അത്യാവശ്യം കുശുമ്പും കുന്നായ്മയും ഒക്കെ വെച്ച് പുലര്‍ത്തി ഓഫീസിലെ ഗോസിപ്പ് ഫീല്‍ഡില്‍ സജീവമായി ജീവിക്കുന്ന ഒരു ശരാശരി മലയാളി വീട്ടമ്മ.  പക്ഷെ, ആ റോളില്‍ പല രംഗങ്ങളിലും ശരിയായ ഭാവം മുഖത്ത് വരുത്താന്‍ കഷ്ടപ്പെടുന്ന ഒരു മഞ്ജുവാര്യറെ നമുക്ക് കാണാം.  ഏത് മേഖലയിലായാലും ഫീല്‍ഡില്‍ നിന്നും കുറച്ചു (അധികം) കാലം വിട്ടു നിന്നാല്‍ പിന്നെ വര്‍ത്തമാനകാല സാഹചര്യങ്ങളോട് പൊരുത്തപ്പെടാന്‍ ഏതൊരാള്‍ക്കും അല്‍പ്പം പ്രയാസം ഉണ്ടാകും.  ഈ കുറവ് നമുക്ക് ആ അക്കൌണ്ടിലേക്ക് വരവ് വെക്കാം.  ഏതായാലും വേറെ ഏതോ സിനിമയിലേക്ക് അവര്‍ കരാര്‍ ചെയ്യപ്പെട്ടിട്ടുണ്ട്.  ഒരു സിനിമകൊണ്ട് അവരെ നമുക്ക് അളക്കാന്‍ പറ്റില്ല എങ്കിലും ഈ സിനിമ കണ്ടിട്ട് എനിക്ക് തോന്നിയത് ഇപ്രകാരമാണ്.

കഥാപാത്രങ്ങളില്‍ രാജീവിനെ അവതരിപ്പിച്ച കുഞ്ചാക്കോ ബോബനും അവരുടെ മകള്‍ ആയി അഭിനയിച്ച കുട്ടിയും പിന്നെ അറിയപ്പെടുന്നവരും അല്ലാത്തവരുമായ എല്ലാവരും തങ്ങളുടെ റോള്‍ ഭംഗിയാക്കി.  പ്രത്യേകിച്ച് ആ ബസ്സില്‍ യാത്രക്കാരിയായി അഭിനയിച്ച ആരോരുമില്ലാത്ത സ്ത്രീ (അവരുടെ പേരറിയില്ല).  മഞ്ജുവാര്യര്‍ എന്ന നടിയുടെ വ്യക്തിജീവിതവുമായി ചില ബന്ധങ്ങള്‍ ഈ സിനിമക്ക് ഉണ്ടെന്നു ചില ദോഷൈകദൃക്കുകള്‍ പറയുന്നുണ്ട് പക്ഷെ നമുക്ക് അത് തല്‍ക്കാലം വിടാം. ഏതായാലും ശ്രേയ ഘോഷല്‍ പാടിയ ഒരു നല്ല ഗാനം ഇതിലുണ്ട്.  മറ്റു സാങ്കേതിക വിഭാഗങ്ങളെ പരാമര്‍ശിക്കതക്കതായി തോന്നാത്തതുകൊണ്ട് വിടുന്നു.

നമ്മള്‍ ശരാശരി(!) മലയാളിയുടെ ജാഡയും മറ്റു സ്വഭാവവിശേഷങ്ങളും എല്ലാം അക്കമിട്ടു നിരത്തുന്ന ഈ സിനിമ കണ്ടിരിക്കാം.  ചുരുക്കം ചില മുഹൂര്‍ത്തങ്ങള്‍ മനസ്സിനെ സ്പര്‍ശിക്കുന്നു വല്ലാണ്ട്.  സ്ത്രീ ശാക്തീകരണമാണോ അതോ മറ്റെന്തെങ്കിലും ഒക്കെയാണോ സിനിമകൊണ്ട് ഉദ്ദേശിച്ചത് എന്ന് പറയേണ്ടത് പ്രേക്ഷകരാണ്.

എന്‍റെ റേറ്റിംഗ്: 4/10