2010, ഒക്‌ടോബർ 11, തിങ്കളാഴ്‌ച

അലിക്കാ.. താങ്കള്‍ ജനങ്ങളുടെ പ്രതിനിധിയാണ്.

ഒരുപാട് അനിശ്ചിതത്വത്തിനും വാദപ്രതിവാദ വിവാദങ്ങള്‍ക്കും വിരാമമിട്ട് മങ്കട എം.എല്‍.എ.  ശ്രീ. മഞ്ഞളാംകുഴി അലി തന്റെ സ്ഥാനമാനങ്ങള്‍ രാജിവച്ചിരിക്കുന്നു.  അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിനു ഒരു വര്‍ഷത്തില്‍ താഴെ മാത്രം ബാക്കിയുള്ള സമയത്ത് സ്ഥാന ത്യാഗം നടത്തുക വഴി താന്‍ ഉള്‍പെട്ട മുന്നണിക്ക് തന്നോട് ചെയ്ത(?!) ക്രൂരതകള്‍ക്ക് പകരം വീട്ടുവാന്‍ ത്രിതല ജനവിധിയുടെ സമയം തന്നെ തെരഞ്ഞെടുത്തത് അദ്ദേഹത്തിന്റെ മനസ്സിനേറ്റ മുറിവിന്റെ ആഴം വ്യക്തമാക്കുന്നു.  പച്ചപുതച്ചു കിടന്ന മലപ്പുറത്തിന്റെ രാഷ്ട്രീയ ബോധത്തെ ഒരു പരിധിവരെ ചെമ്പട്ട് പുതപ്പിക്കാന്‍ ശ്രീ. അലി വഹിച്ച പങ്ക് ചെറുതല്ല്.  

എന്നിട്ടും തനിക്ക് അര്‍ഹമായ പരിഗണന മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍ നിന്നും ഇടതു മുന്നണിയില്‍ നിന്നും കിട്ടിയില്ല എന്ന കരച്ചില്‍ ശ്രീ. അലി ഒരുപാട് തവണ നടത്തിയിട്ടുണ്ട്.  ഈ അവസരത്തില്‍ അദ്ദേഹത്തിന്റെ രാജി വേണമായിരുന്നോ എന്ന ഒരു ചോദ്യം സ്വഭാവികമായും ഏതെങ്കിലും വോട്ടര്‍ ചിന്തിച്ചാല്‍ നമുക്ക് കുറ്റപ്പെടുതാനാവില്ല. കാരണം, നിയമസഭാ തെരഞ്ഞെടുപ്പിനു ഇനി മാസങ്ങളുടെ അകലം മാത്രം.  അദ്ദേഹം ആ സാമാജിക സ്ഥാനം 5 വര്‍ഷം മുഴുവനാക്കിയിട്ട്, അന്തസ്സായി ഞാന്‍ ഇടതുമുന്നണി വിടുകയാണ്‌ എന്ന് പ്രഖ്യാപിച്ചിരുന്നു എങ്കില്‍ ഒരു പക്ഷെ അതൊരു രാഷ്ട്രീയ മര്യാദയാകുമായിരുന്നു.  അദ്ദേഹം ഒരു പാര്‍ട്ടിയിലും മെമ്പര്‍ അല്ല.  ഇടതു മുന്നണിക്ക് പിന്തുണ കൊടുക്കുന്ന ഒരു സാമാജികന്‍ മാത്രം.  കാര്യങ്ങള്‍ ഇങ്ങിനെയിരിക്കെ ഒരു പാര്‍ട്ടിയെയും പേടിക്കേണ്ട ആവശ്യമില്ല.  നേരെ മറിച്ച് അലിക്ക ഒരു പാര്‍ട്ടി മെമ്പറായിരിക്കുകയും ആ പാര്‍ട്ടി അദ്ദേഹത്തോടെ അരുതാത്തത് പ്രവര്‍ത്തിക്കുകയും ചെയ്താല്‍ അതില്‍ പ്രതിഷേധിക്കുകയും തുടര്‍ന്ന് അവരോട് ഒത്തുപോവാന്‍ പറ്റില്ല എന്ന് പരസ്യമായി പറഞ്ഞുകൊണ്ട് രാജിവെക്കുകയും ചെയ്യാം-ആരും എതിരു പറയുകയില്ല. കാരണം അദ്ദേഹത്തിന്റെ എം.എല്‍.എ. സ്ഥാനം പാര്‍ട്ടിയുടെ ഒരു ഔദാര്യമായിട്ടേ കാണാന്‍ പറ്റുമായിരുന്നുള്ളൂ.  സ്വാഭാവികമായും പാര്‍ട്ടിയെ ധിക്കരിക്കേണ്ടി വന്നാല്‍ പാര്‍ട്ടി മുഖേനെ കിട്ടിയ സ്ഥാനമാനങ്ങള്‍ തിരികെ കൊടുക്കേണ്ടത് ഒരു ധാര്‍മ്മികമായ കടമയാകും.

എന്നാല്‍ ഇവിടെ അദ്ദേഹം ഒരു സ്വതന്ത്ര ജനപ്രതിനിധിയാണ്.  അദ്ദേഹത്തെ പാര്‍ട്ടി പിന്തുണക്കുകയാണ്‌ ചെയ്തത്.  ആ നിലക്ക് പാര്‍ട്ടിയുമായി എന്തെങ്കിലും അസ്വാരസ്യങ്ങളുണ്ടെങ്കില്‍ തല്‍ക്കാലം രംഗം വഷളാക്കാതെ അടുത്ത നിയമസഭാ ജനവിധിവരെ കാത്ത് ഇപ്പോള്‍ എടുത്ത തീരുമാനം അന്നത്തെ സാഹചര്യത്തിനനുസരിച്ച് പ്രഖ്യാപിക്കുകയായിരുന്നു വേണ്ടിയിരുന്നത്.

എം.എല്‍.എ. സ്ഥാനത്തിനൊപ്പം താന്‍ കൈകാര്യം ചെയ്തിരുന്ന് മറ്റു സ്ഥനമാനങ്ങള്‍ അദ്ദേഹത്തിനു രാജിവക്കേണ്ടത് അനിവാര്യമായിരുന്നു. കാരണം അവയെല്ലാം മുന്നണിയിലംഗമായതുകൊണ്ട് കിട്ടിയതാണ്.  പക്ഷെ, ഒരു മണ്ഡലത്തിലെ ജനങ്ങള്‍ അദ്ദേഹത്തെ തെരഞ്ഞെടുത്തത് 5 വര്‍ഷത്തേക്കാണ്.  അതിനാല്‍ ആ 5 വര്‍ഷ കാലയളവില്‍ അദ്ദേഹം തനിക്ക് വോട്ടിട്ട് ജയിപ്പിച്ച ജനങ്ങളോട് കടപ്പെട്ടിരിക്കുന്നു.  മങ്കട എന്ന മണ്ഡലത്തിലെ ജനങ്ങള്‍ക്ക് എന്തെങ്കിലും ഒരു അത്യാവശ്യകാര്യത്തിനായി ഈ കാലയളവില്‍ തങ്ങളുടെ ജനപ്രതിനിധിയെ ആശ്രയിക്കേണ്ടി വന്നാല്‍ അവര്‍ ആരുടെ അടുത്തേക്ക് പോകും??!!  പാര്‍ട്ടി മെമ്പറായ ജനപ്രതിനിധി പാര്‍ട്ടിയോട് പിണങ്ങി രാജിവക്കേണ്ടി വന്നിട്ടാണ്‌ അത്തരം ഒരു സാഹചര്യം സംജാതമാകുന്നതെങ്കില്‍ വലിയൊരളവില്‍ അതിനുത്തരവാദി പാര്‍ട്ടിയാണെന്ന് നമുക്ക് നിസ്സംശയം പറയാം.  എന്നാല്‍ കേവലം "സര്‍വ്വതന്ത്ര സ്വതന്ത്ര"നായ അലിക്കാക്ക് രാജിവക്കേണ്ട വല്ല കാര്യവുമുണ്ടായിരുന്നോ?  ഒരുവേള അദ്ദേഹത്തിന്റെ മനസ്സില്‍ പാര്‍ട്ടിയെ ഒരു പാഠം പഠിപ്പിക്കണം ഈ തദ്ദേശ തിരഞ്ഞെടുപ്പ് കഴിയുമ്പോഴേക്ക് എന്ന് തോന്നിയിരിക്കാം.

ശ്രീ. അലിയുടെ രാജി രാഷ്ട്രീയ മര്യാദകളുടെ അളവുകോല്‍ വച്ച് വിലയിരുത്തേണ്ടത് കാലഘട്ടത്തിന്റെ അത്യാവശ്യമാണ്.  അല്ലാത്തപക്ഷം പോസ്റ്ററൊട്ടികുകയും ജയ് വിളിക്കുകയും തെരഞ്ഞെടുപ്പിന്റെ അന്ന് അനുസരണയോടെ പോയി വോട്ടിടുകയും ചെയ്യുന്ന പൊതുജനത്തിനു കഴുത എന്ന വിശേഷണം തലയില്‍ നിന്നും ചുമലില്‍ നിന്നും തട്ടിയിടുവാന്‍ കഴിയില്ല.

2010, ഒക്‌ടോബർ 6, ബുധനാഴ്‌ച

ഫോട്ടങ്ങള്‍

മഴയത്തെ ഒരു ചിത്രം. എടുക്കാന്‍ ശ്രമിച്ചപ്പോള്‍ ഇങ്ങിനെയായിപ്പോയി.

വണ്ട് ആ പൂവിനുള്ളില്‍ കയറുന്നതും നോക്കി കുറെ കാത്തിരുന്നു.  പിന്നെ ക്ഷമകെട്ട് ഒറ്റ ക്ലിക്ക്! അതാണ്‌ ഇത്.


കാലത്തിന്റെ തഴുകലേറ്റ്...

ഒഴുക്കും കുഞ്ഞോളവും

ഒരു തല്ലിപ്പൊളി കാമറയിലൂടെ ഞാന്‍ കണ്ടവയാണ്‌ മുകളിലെ ചിത്രങ്ങള്‍.