2009, ഡിസംബർ 31, വ്യാഴാഴ്‌ച

!!!പുതുവല്‍സരാശംസകള്‍!!!

!!!പുതുവല്‍സരാശംസകള്‍!!!

കൊണ്ടും, കൊടുത്തും, അന്വേഷിച്ചും അറിഞ്ഞും, കണ്ടെത്തിയും, ചതിച്ചുവീഴ്ത്തിയും, വെട്ടിപ്പിടിച്ചും, സ്നേഹിച്ചും, കീഴടക്കിയും, സന്തോഷിച്ചും, സങ്കടപ്പെട്ടും തമ്മില്‍ തല്ലിയും ... അങ്ങിനെയങ്ങിനെ 2009 ഇവിടെ വിടപറയുന്നു. ഇനി 2010 ന്റെ നാളുകള്‍...എല്ലാവര്‍ക്കും പുതുവല്‍സരാശംസകള്‍ നേരുന്നു.

2009, ഡിസംബർ 28, തിങ്കളാഴ്‌ച

എയര്‍ ഇന്ത്യയുടെ ക്രൂര വിനോദങ്ങള്‍. ഒരു തുടര്‍കഥ..ആയിരങ്ങള്‍ നഷ്ടത്തിന്റെ പട്ടികയില്‍ എഴുതിക്കൂട്ടിയിട്ടും പോരാ പോരാ എന്ന് മുറവിളി കൂട്ടുന്ന എയര്‍ ഇന്ത്യ മനേജ്മെന്റും തൊഴിലാളികളും വീണ്ടും ജനദ്രോഹ നടപടികളിലേക്ക് കടക്കുകയാണ്. ഇക്കഴിഞ്ഞ ക്രിസ്മസ് തലേന്ന് മുതല്‍ വിമാനം റദ്ദക്കല്‍ എന്ന ക്രൂരവിനോദം ഒരു ചെറിയ ഇടവേളക്ക് ശേഷം അവര്‍ പുനരാനംഭിച്ചിരിക്കുന്നു. യൂറോപ്പിലേക്കും അമേരിക്കയിലെക്കും മറ്റുമുള്ള സര്‍വീസുകള്‍മൂലമുണ്ടാവുന്ന വന്‍ നഷ്ടം നികത്തിക്കൊടുക്കുന്ന ഗള്‍ഫ് സെക്ടര്‍ യാത്രക്കാരോട് എന്നത്തെയും പോലെ ചിറ്റമ്മ നയമാണ്. ഗള്‍ഫ് യാത്രക്കാരോട് എന്ത് അനീതി കാണിച്ചാലും ആരും ചോദിക്കനും പറയാനും ഉണ്ടാവില്ല എന്ന ധൈര്യത്തിലാണ്, നമ്മുടെ ദേശീയ വിമാനകമ്പനി ഈ കളി കളിക്കുന്നത്. ആണ്ടില്‍ പലകുറി ഗള്‍ഫില്‍ സന്ദര്‍ശനം നടത്തി (പിരിവിനും മറ്റും) താരങ്ങള്‍ ചമയുന്ന രാഷ്ട്രീയക്കാരെ അവിടെയെങ്ങും കാണില്ല.

സാങ്കേതികമായി എയര്‍ ഇന്ത്യ ചാര്‍ട്ടേര്‍സ് ലിമിറ്റഡ് എന്ന ഒരു കമ്പനിയാണ്, സര്‍വീസുകള്‍ നിയന്ത്രിക്കുന്നത്. ഗള്‍ഫ് മലയാളികളില്‍ നല്ലൊരു ശതമാനം പേരും നാമമാത്ര ശമ്പളത്തിനും മറ്റ് ആനുകൂല്യങ്ങള്‍ക്കും വേണ്ടി തൊഴിലെടുക്കുന്ന ദരിദ്ര നാരായണന്മാരാണ്. അവരാണ്, എയര്‍ ഇന്ത്യയിലെ യാത്രക്കാരില്‍ ഭൂരിഭാഗവും. ചില കാലങ്ങളില്‍ ഇതുപോലെയുള്ള സര്‍വീസ് പ്രശ്നങ്ങള്‍ ഉണ്ടായപ്പോള്‍ "എയര്‍ ഇന്ത്യയെ ബഹിഷ്കരിക്കുക" എന്ന ഒരു മുദ്രാവാക്യം ഉയര്‍ന്നു കേട്ടിരുന്നു എങ്കിലും കാലക്രമത്തില്‍ അത് ഉയര്‍ത്തിയവര്‍ തന്നെ വിഴുങ്ങുകയായിരുന്നു. പ്രവസിമലയാളികള്‍ക്ക് അതില്ല, ഇതില്ല മറ്റേതില്ല..എന്നൊക്കെ മുറവിളി കൂട്ടുന്ന രാഷ്ട്രീയപാര്‍ട്ടികള്‍ ഈ പ്രശ്നം വരുമ്പോള്‍ ഓടിയൊളിക്കുന്നു.  ഒരുമാതിരിപെട്ട രാഷ്ട്രീയപാര്‍ട്ടികള്‍ക്കൊക്കെയും ഗള്‍ഫില്‍ പോഷകസംഘടനയും കൂടാതെ സ്വന്തം നിലക്കുള്ള നൂറുകണക്കിനു സംഘടനകളും മിക്ക ഗള്‍ഫ് രാജ്യങ്ങളിലും പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും അതെല്ലാം ചില തല്‍പരകക്ഷികള്‍ക്ക് അഴകിയ രാവണന്‍ സ്റ്റൈലില്‍ "ഷോ" നടത്താന്‍ വേണ്ടിമാത്രമായി അധ:പതിച്ചിരിക്കുന്നു.  പ്രവാസികള്‍ക്ക് വേണ്ടി ഒരു വകുപ്പും മന്ത്രിയും കേന്ദ്രത്തിലും കേരളത്തിലും നമുക്കുണ്ട്. (വയലാര്‍ രവി & വി.എസ്.), പക്ഷെ എന്തുപ്രവാസികാര്യമാണ്, അവര്‍ നിര്‍വഹിക്കുന്നത് എന്ന് നോക്കിയാല്‍ വാ പൊളിച്ചിരിക്കാനേ നമുക്കു കഴിയൂ.  ഈ നേതാക്കള്‍ ഗള്‍ഫിലേക്ക് വരുന്നതും പോകുന്നതും ഏത് ഫ്ലൈറ്റിലാണെന്ന് ആരും ചിന്തിക്കുന്നില്ല. അതെല്ലാം സര്‍ക്കാര്‍ ചെലവാക്കുന്ന ഗള്‍ഫ് മലയാളിയുടെ ചോരയും നീരും അലിഞ്ഞുചേര്‍ന്നിട്ടുള്ള നികുതിപ്പണത്തിലൂടെയാണെന്ന് ആരും ചിന്തിക്കുന്നില്ല.  എയര്‍ഇന്ത്യ എക്സ്പ്രസില്‍ 1998 ഏപ്രില്‍ മാസം യാത്ര ചെയ്തിട്ടുള്ള ഒരു അനുഭവം മാത്രമേ എനിക്കുള്ളൂ. അന്ന് തന്നെ ജീവനക്കാരുടെ യാത്രക്കാരോടുള്ള മനോഭാവം കണ്ടറിഞ്ഞു. ചില പ്രത്യേക യാത്രക്കാര്‍ക്ക് ലഗേജിലും മറ്റും അനാവശ്യ ആനുകൂല്യങ്ങള്‍ നല്കുന്നത് അന്ന് ശ്രദ്ദയില്‍ പെട്ടു. ക്ലാസ് വിവേചനമില്ലാത്ത എയര്‍ ഇന്ത്യാ എക്സുപ്രസില്‍ നിന്നും പല തല്പരകക്ഷികളും അനാവശ്യ അനര്‍ഹ ആനുകൂല്യങ്ങള്‍ കൈപറ്റുന്നു.  ഓണ്‍ബോര്‍ഡില്‍ ഇവര്‍ പെരുമാറുന്നത് അനവസരത്തില്‍ തങ്ങളുടെ മുന്നില്‍ കൈനീട്ടിവരുന്ന ഭിക്ഷക്കാരോടെന്ന പോലെയാണ്.  വിദ്യാഭ്യാസപരമായി പിന്നോക്കം നില്‍ക്കുന്ന ചില യാത്രികര്‍ എമ്പാര്‍ക്കേഷന്‍ കാര്‍ഡ് പൂരിപ്പിക്കാനും മറ്റും അവരോട് സഹായം ചോദിച്ചാല്‍ ആ തിരുമുഖം ഒന്നു കാണെണ്ടതു തന്നെ. (തങ്ങളുടെ അടുത്ത് ബലം പിടിച്ചിരിക്കുന്ന സഹയാത്രികരോട് ചോദിക്കുന്നതിലും ഭേദം കാബിന്‍ ക്രൂവിന്റെ ദുര്‍മുഖം കാണലാണ്, ഒരു കണക്കിനു നല്ലത്).

കാര്യങ്ങള്‍ ഇങ്ങിനെയൊക്കെയായിട്ടും മലയാളിമക്കള്‍ എയര്‍ഇന്ത്യ(എക്സ്പ്രസ്സ്)യെ തന്നെ പ്രണയിക്കുന്നു. അതിലൊരുകാരണം നേരിട്ടുള്ള അതിന്റെ സര്‍വീസു തന്നെ. മറ്റുരാജ്യങ്ങളുടെ ഫ്ലൈറ്റൂകളില്‍ പോയാല്‍ ആ രാജ്യങ്ങളില്‍ ചെന്ന് കണക്ഷനു കാത്ത് കിടക്കുന്നത് ഒഴിവാക്കാം. നാട്ടിലേക്ക് തിരിക്കുന്നവര്‍ എത്രയും പെട്ടെന്ന് തങ്ങളുടെ പ്രിയപ്പെട്ടവരുടെ അടുത്ത് എത്തിപ്പെടാനാണല്ലോ പ്രഥമ പരിഗണന നല്‍കുക.  എന്നെ തല്ലെണ്ട ഞാന്‍ നന്നാവില്ല എന്ന് എയര്‍ ഇന്ത്യ പറയുമ്പോള്‍, ഞങ്ങളെ തല്ലണ്ട ഞങ്ങള്‍ നന്നാവില്ല എന്ന് നമ്മള്‍ യാത്രക്കാരും പറയുന്നു. നമ്മള്‍ എത്രയൊക്കെ അപമാനങ്ങള്‍ സഹിച്ചാലും എയര്‍ ഇന്ത്യ എന്ന അഹങ്കാരിയായ പ്രണയിനിയെ കൈവിടാന്‍ തയ്യാറാവുന്നില്ല.

നമ്മുടെ സിവില്‍ ഏവിയേഷന്‍ മന്ത്രാലയം ഈ വിഷയത്തില്‍ തീര്‍ത്തും കണ്ണടക്കുകയാണ്. മുന്‍പ് ഇന്ത്യന്‍ എയര്‍ലൈന്‍സും എയര്‍ ഇന്ത്യ ലിമിറ്റഡും സര്‍വീസ് നടത്തിയിരുന്ന മിക്കവാറും ഗള്‍ഫ് സെക്ടറുകളില്‍ അവര്‍ എയര്‍ ഇന്ത്യ എക്സ്പ്രസ്സിനെ കുടിയിരിത്തിയിരിക്കുന്നു. ഇതിന്റെ പിന്നിലെ ദുരുദ്ദേശം പകല്‍പോലെ വ്യക്തമാണ്. ഗള്‍ഫ് മലയാളിയെ കൊള്ള ചെയ്യുക. കൊള്ളക്കാര്‍ക്കും പിടിച്ചുപറിക്കാര്‍ക്കും അല്പം മാന്യതയുണ്ട്. കാരണം അവരുടെ തൊഴില്‍ അതാണ്, അവര്‍ നിലനില്പ്പിനു വേണ്ടിയാണ്, അതു ചെയ്യുന്നത്. അവര്‍ തോക്ക്, കത്തി മറ്റു മാരകായുധങ്ങള്‍ എന്നിവ കാണിച്ച് ഭീഷണിപ്പെടുത്തിയാണ്, കൊള്ള ചെയ്യുന്നത്. പക്ഷെ ഇന്ത്യാ ഗവണ്‍മെന്റും സിവില്‍ ഏവിയേഷന്‍ വകുപ്പും, എയര്‍ഇന്ത്യയും എല്ലാം ചില നിയമങ്ങള്‍ക്കു പുറത്താണ്, കൊള്ളചെയ്യാന്‍ ഇറങ്ങിതിരിക്കുന്നത്. ഇവര്‍ നിയമം കാണിച്ച് നമ്മളെ കൊള്ള ചെയ്യുന്നു. ഇതില്‍ ഏതാണ്, മാന്യത എന്ന് യാത്രക്കാരായ നമ്മള്‍ ആലോചിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

6 കേന്ദ്രമന്ത്രിമാരടക്കം ഇരുപതിലധികം എംപിമാര്‍ നമ്മുടെ ചെലവില്‍ പാര്‍ലമെന്റില്‍ കയറിയിറങ്ങുന്നുണ്ട്. എന്നാല്‍ ഇവരാരും തന്നെ ഗള്‍ഫ് യാത്രാ പ്രശ്നത്തെ മൈന്‍ഡ് ചെയ്യുന്നില്ല എന്നത് പൊറുക്കാന്‍ പാടില്ലാത്ത വലിയ ഒരു അപരാധം തന്നെയാണ്.  തങ്ങള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങല്‍ എണ്ണിവാങ്ങി തങ്ങള്‍ പ്രതിനിധാനം ചെയ്യുന്നവരുടെ പ്രാഥമിക അവകാശങ്ങള്‍ പോലും ചവിട്ടി മെതിക്കാന്‍ ഇവര്‍ക്ക് യാതൊരു മനസാക്ഷിക്കുത്തുമില്ല. പാര്‍ലമെന്റില്‍ ചോദ്യം ചോദിക്കാന്‍ എഴുതിക്കൊടുത്തിട്ട് ചോദ്യോത്തര വേളയില്‍ ദില്ലി തെരുവുകളില്‍ വായ്നോക്കാന്‍ ഇറങ്ങുന്ന എംപിമാരില്‍ നിന്നും നമ്മള്‍ക്ക് എന്തെങ്കിലും കൂടുതല്‍ പ്രതീക്ഷിക്കാന്‍ പറ്റുമോ?  മന്ത്രിസ്ഥാനം കിട്ടിയപ്പോഴേക്കും കാസര്‍ഗോഡ് നിന്നും അനന്തപുരിയിലേക്ക് യാത്ര നടത്തിയ തീവണ്ടിമന്ത്രി ഓരൊ ആഴ്ചയും ഓരൊ തീവണ്ടി എന്ന കണക്കിനു ഫ്ലാഗ് ഓഫ് ചെയ്ത് ടൂത്ത്പേസ്റ്റിന്റെ പരസ്യത്തിലെന്ന പോലെ ചിരിച്ചു നില്‍ക്കുന്ന പടം പത്രത്തിലും മറ്റും നിറയുന്നു. എന്നാല്‍ കൂടുതല്‍ തീവണ്ടിയോടിക്കുന്നതിലല്ല, ഉള്ള തീവണ്ടികളിലെ സൌകര്യങ്ങള്‍ നേരാംവണ്ണം നല്‍കുന്നതിലും കൂടുതല്‍ ആളെ ഉള്‍ക്കൊള്ളാന്‍ വേണ്ടി ബോഗികളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിലുമാണു ശ്രദ്ധിക്കേണ്ടത് എന്ന സത്യം മൂപ്പര്‍ വിസമരിക്കുന്നു (യാത്രക്കാര്‍ക്ക് തെന്നി വീഴാന്‍ ചില സ്റ്റേഷനുകളില്‍ മിനുസമുള്ള മാര്‍ബിള്‍ ഇട്ടുകൊടുക്കുന്നുണ്ട്.). ഈ അവസരത്തില്‍ തീവണ്ടികാര്യം പറയാന്‍ കാരണം മൂപ്പര്‍ പണ്ട് വിദേശ സഹമന്ത്രിയായിരുന്നല്ലോ, ആണ്ടില്‍ 12 മാസവും ക്രിത്യമായ ഇടവേളകളില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ഉടനീളം സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിയിരുന്ന അഴകിയരാവണന്മാരില്‍ ഒരാളാണ്, അദ്ദേഹം. അതിനാല്‍ കുറെയൊക്കെ പ്രശ്നങ്ങള്‍ അദ്ദേഹത്തിനു മുന്നിലും എത്തിക്കാണും എന്നത് 3 തരം.

നമ്മുടെ മാധ്യമ സിണ്ടിക്കേറ്റുകള്ക്കു ഈ പ്രശ്നങ്ങള്‍ തല്‍ക്കാലത്തെ ഒരു ഫ്ലാഷ് അല്ലെങ്കില്‍ ബ്രേക്കിങ്ങ് ന്യൂസില്‍ ഒതുക്കാനാണു താല്പര്യം. അവര്‍ മദനിയുടെയും അയാളുടെ പെണ്ണുമ്പിള്ളയുടെയും പിന്നെ മറ്റു ചില സംഭവങ്ങളുടെയും വ്യക്തികളുടെയും പുറകെ മണപ്പിച്ചു നടക്കുന്നു. 

ഈ അവസരത്തില്‍ ഇത്തരം സര്‍വ്വീസ് മുടങ്ങലുകളെ പറ്റി വിശദമായ അന്വേഷണമാണു വേണ്ടത്. ക്രിസ്മസ് ന്യൂ ഇയര്‍ അവധി എടുത്ത് വിദേശി വൈമാനികര്‍ സ്ഥലം വിട്ടതാണ്, പ്രശ്നത്തിന്റെ കാരണമെന്ന് അധികാരികള്‍ പറയുമ്പോള്‍ വിദേശികള്‍ പറത്തുന്ന വിദേശ വിമാനങ്ങള്‍ യാതൊരു മുടക്കവും കൂടാതെ വന്നു പോകുന്നു. ഇനി ഒരു വേള അവരെ സഹായിക്കാന്‍ വേണ്ടി നമ്മുടെ ആളുകള്‍ അവരുമായി ഒത്തുകളിക്കുകയാണോ എന്നും അന്വേഷിച്ച് കണ്ടെത്തേണ്ടിരിക്കുന്നു. അല്ലെങ്കിലും പണ്ടുമുതല്‍ ഒത്തുകളിയില്‍ ഭാരതീയര്‍ മോശമല്ലല്ലോ!!!!


2009, ഡിസംബർ 21, തിങ്കളാഴ്‌ച

പാപം ചെയ്യാത്തവര്‍ ഉണ്ണിത്താനെ കല്ലെറിയട്ടെ!

കോണ്ഗ്രെസ്സ് പാര്‍ട്ടിയിലെ ഒരു "പുലി"യായിരുന്ന രാജ്മോഹന്‍ ഉണ്ണിത്താന്‍ മലപ്പുറത്ത് വച്ച് പെണ്ണുകേസില്‍ പിടിയിലായി. ഉണ്ണിത്താനെതിരെ നടപടിയെടുക്കണമെന്ന് വനിതാ നേതാവ് ഷാനിമോള്‍ ഉസ്മാന്‍ പ്രസ്താവിച്ചിരിക്കുന്നു. ലിങ്ക് http://www.kaumudiplus.com/news.php?nid=4854417254fa352c8deea7c55ed11dd2&mcid=32&msid=.
ഈ അവസരത്തില്‍ സ്ത്രീകള്‍ക്കു നേരെയുള്ള കടന്നാക്രമണമാണു അദ്ദേഹം നടത്തിയിരിക്കുന്നത് എന്നാണെത്രെ അവരുതെ നിരീക്ഷണം. നൊയമ്പെടുത്ത് ശബരിമല ചവിട്ടി അയ്യപ്പന്റെ അനുഗ്രഹം വാങ്ങി നേരെ പോയത് അനാശാസ്യത്തിന്. പക്ഷെ ഉണ്ണിത്താന്‍ അത്ര വലിയ തെറ്റുകാരനാണൊ? ഏതൊരു കൊണ്ഗ്രസ്സുകാരനെയും പൊലെ അദ്ദെഹത്തിനും കാണില്ലെ വികാരങ്ങളും വിചാരങ്ങളും. ഷാനിമോള്‍ ഒരു കാര്യം ഓറ്ക്കുന്നതു നന്നയിരിക്കും. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്പു അവരുടെ കോമ്പ്ളാന്‍ ബൊയ് നേതാവായ രാഹുല്‍ കുമരകത്ത് ഒരു റിസോര്‍ട്ടില്‍ തന്റെ ഗേള്‍ഫ്രന്റുമായി രാപ്പാര്‍ത്തത്, അതും 24 മണിക്കൂര്‍ ബ്ലാക്ക് ക്യാറ്റ് സുരക്ഷയില്‍. അന്നാരും അയാള്ക്കെതിരെ നടപടി ആവശ്യപ്പെട്ടുമില്ല, തടഞ്ഞുവച്ചു പോലീസില്‍ ഏല്പ്പിച്ചുമില്ല.


പിന്നെ ഇത് സ്ത്രീകള്ക്കെതിരെയുള്ള കടന്നാക്രമണമാണെന്ന് എങ്ങിനെ ഷാനിമോള്‍ക്ക് പറയാന്‍ കഴിയും?


2009, ഡിസംബർ 12, ശനിയാഴ്‌ച

ചാനലുകളേ സ്തുതി!

വീണ്ടും നമ്മുടെ മാധ്യമ തൊഴിലാളികള്‍ക്ക് ആഘോഷിക്കുവാന്‍ ഒരു വ്യക്തിയെ കിട്ടിയിരിക്കുന്നു, തല്ക്കാലം ഓം പ്രകാശും പി. രാജേഷും കാരി-കൂരികളുമെല്ലാം ജയിലില്‍ കിടന്ന് ബിരിയാണി തിന്നട്ടെ, അവര്‍ക്ക് പുറത്തിറങ്ങാനുള്ള വഴി ഏമാന്മാര്‍ തന്നെ ശരിയാക്കുന്നുണ്ടെന്നാണു കേള്‍വി. കോട്ടൂരിയ അച്ചന്മാരെയും കന്യാചര്‍മ്മം വച്ചുപിടിപ്പിച്ച സിസ്റ്റെറെയും എല്ലാം തല്ക്കാലം നമുക്ക് മറക്കാം.

ഇനി ആടാം പാടാം തടിയന്റവിട നസീറിന്‍ വീര കഥകള്, അതു കഴിഞ്ഞു വെരൊരു സംഭവം ഉണ്ടാകുന്നതു വരെ നമുക്ക് ഇതില്‍ കടിച്ചു തൂങ്ങിക്കളിക്കാം. ശ്രീകാന്ത് പുരോഹിതിനെയുമ്, തീവ്രവാദി സന്യാസിനിയെയും അവരുടെ പുണ്യാശ്രമത്തെയും തല്ക്കാലത്തേക്ക് നമുക്ക് വിസ്മരിക്കാം.ഇടക്ക് ശ്രീശാന്തിന്റെ പന്നിപ്പനിയെയും അവന്റെ അമ്മയുടെ പ്രാര്ത്ഥനയും മേമ്പൊടിക്ക് ചേര്ക്കാം.

ചാനലുകളേ സ്തുതി!

2009, ഡിസംബർ 10, വ്യാഴാഴ്‌ച

പ്രവാസ ജീവിതത്തിലെ കാണാകാഴ്ചകള്‍

പ്രവാസവുമായി ബന്ധപ്പെട്ട ബ്ലൊഗ് എഴുതുമ്പോള്‍ പലതും പലര്‍ക്കും വിഷയീഭവിക്കാറുണ്ട്. ഒറ്റപ്പെടല്‍, മാനസിക വ്യാപാരങ്ങള്‍, എന്നിവയെല്ലാം. പക്ഷെ ന്യൂനപക്ഷമായ ചില മനോരോഗികളെ കുറിച്ച് എഴുതാതിരിക്കാന്‍ വയ്യ. അതുകൊണ്ടു മാത്രം ഇതെഴുതുന്നു. ഒരാള്‍ തന്റെ കീഴില്‍ വന്നാല്‍ അയാള്‍ എന്നെന്നേക്കും തന്റെ കീഴില്‍ തന്നെ കഴിഞ്ഞു കൊള്ളണം എന്ന് ആഗ്രഹിക്കുന്ന ചില വിഷമനസ്സുള്ളവരെ പറ്റിയാണു പറഞ്ഞു വരുന്നത്.

ഇത്തരക്കാര്‍ പഴയകാലത്ത് തല്സ്ഥാപനങ്ങളില്‍ കീഴാള ജോലിയിലായിരിക്കും കയറിക്കൂടിയിട്ടുണ്ടാവുക. പക്ഷെ കാര്യങ്ങള്‍ പെട്ടെന്ന് ഗ്രഹിച്ചെടുക്കാനുള്ള ഒരു "പവര്‍" അവര്‍ക്കുണ്ടാവും. അതുപയോഗിച്ചു പരമാവധി സ്വായത്തമാക്കിയെടുക്കും. പാദസേവയുടെയും സ്തുതിപാടലിന്റേയും ഫലമായി ഒരവസരം കിട്ടുമ്പോള്‍ അവര്‍ കുറച്ചു കൂടി നല്ല ഒരു പൊസിഷനില്‍ എത്തിപ്പെടുന്നു.വ്യക്തിപരമായി എനിക്ക് ഇത്തരം കാര്യങ്ങളോടൊന്നും യാതൊരു എതിര്‍പ്പുമില്ല. പക്ഷെ മറ്റുള്ളവരുടെ നിഴലില്‍ കഴിഞ്ഞ ഇവര്‍ ഗ്രഹണ സമയത്ത് വിഷം വച്ച നീര്‍ക്കൊലികളായി മറ്റുള്ളവരുടെ അത്താഴം മുടക്കുവാന്‍ ഒരു കടി കടിക്കുവാന്‍ തക്കം പാര്‍ത്തിരിക്കുന്നു. ഇതിനോടാണ്‍ എനിക്ക് എതിര്‍പ്പ്.

മൂക്കില്ലാ രാജ്യത്ത് രാജാവായ ഈ മുറിമൂക്കന്മാര്‍ തനിക്കു കീഴില്‍ ഒരാള്‍ വന്നു പണിയെടുത്തു തുടങ്ങുമ്പൊളാണ്‍ തങ്ങളുടെ തനി സ്വഭാവം കാണിക്കാന്‍ തുടങ്ങുന്നത്. പ്രത്യേകിച്ചും അവര്‍ സാങ്കേതികമായും അക്കാദമിക്കലായും തങ്ങളേക്കാള്‍ കുറെ മുന്നിലാണെന്ന് കാണുമ്പോള്‍ !
ഒരേ കാബിനില്‍ മുഖാമുഖം ഇരുന്നു ഒരേ ജോലി ചെയ്യുന്ന ഇവര്‍ മനസ്സുകൊണ്ടു മറ്റവനെ തെറിപറയുകയും തരം കിട്ടിയാല്‍ പാര വക്കുകയും ചെയ്യുന്നു. മേല്പറഞ്ഞ കുല്സിത മാര്‍ഗ്ഗങ്ങളിലൂടെ നേടിയെടുത്ത തങ്ങളുടെ സ്ഥാനം ലവന്‍ തട്ടി തെറിപ്പിക്കുമോ എന്ന ഒരു ഭയം അവരെ പിടികൂടാന്‍ അധികം താമസമില്ല. കൂടാതെ ലവന്റെ കഴിവുകളില്‍ ത്രിപ്തിപ്പെട്ട ആരെങ്കിലും ലവനെകൊണ്ടു എന്തെങ്കിലും ജോലി ചെയ്യിക്കാന്‍ കൂടെക്കൂടെ വരികയൊ, ലവനുമായി ഇടപഴകുകയോ ചെയ്യുന്നത് കൂടി കണ്ടാല്‍ പിന്നെ പറയുകയും വേണ്ട. പിന്നെ മറ്റുള്ളവരുടെ മുന്നില്‍ ലവനെ തരം താഴ്ത്തി കാണിക്കുവാനായിരിക്കും അവരുടെ വ്യഗ്രത. ലവന്‍ ആദ്യം ഒന്നും അറിയാത്ത വട്ടപൂജ്യമായിരുന്നു, ഇപ്പോള്‍ "ഓവര്‍ സ്മാര്‍ട്ട്‌" ആവാന്‍ ശ്രമിക്കുന്നു എന്നും മറ്റും പറഞ്ഞു നടക്കുന്നു.ലവന്റെ കഴിവുകള്ക്കുള്ള അംഗീകാരമായി വല്ല കമ്പ്യൂട്ടര്‍ അപ്ഗ്രേഡിങ്ങോ മറ്റോ സ്ഥാപനത്തിന്റെ മേലധികാരികളില്‍ നിന്നും ഉണ്ടായാല്‍ പിന്നെ പരസ്പരം മിണ്ടാതെ, ഉരിയാടാതെ നടക്കുന്നു. അതെസമയം വിഷവ്യാപനം തടസ്സമേതുമില്ലാതെ നടത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.

ഇത്തരക്കാരെ എങ്ങിനെ നേരെയാക്കാം എന്നു ചില അവസരങ്ങളിലെങ്കിലും ഞാന്‍ ആലോചിച്ചിട്ടുണ്ട്. പക്ഷെ പിന്നീട് എപ്പോഴോ അത് എന്റെ ദൌത്യം അല്ല എന്ന സത്യം മനസ്സിലാക്കി പിന്മാറുകയാണുണ്ടായത്.

നമ്മള്‍ നമ്മുടെ കക്കൂസ് ക്ലീന്‍ ചെയ്യാറുണ്ട്, പക്ഷെ സെപ്റ്റിക് ടാങ്ക് ക്ലീന്‍ ചെയ്യാന്‍ ശ്രമിക്കാറില്ല, അതില്‍ സാധാരണ ഗതിയില്‍ ആര്‍ക്കും താല്പര്യം ഉണ്ടാകാറില്ലല്ലോ!

പ്രവാസ ജീവിതത്തില്‍ കാണുന്ന ചില ഇരുകാലി ജീവികളുടെ കഥയാണു്‌ മേല്പറഞ്ഞത്, ആരെയും വിഷമിപ്പിക്കാന്‍ ഒരു താല്പര്യവും ഇല്ല. ആര്‍ക്കെങ്കിലും തങ്ങളാണു്‌ മേല്പറഞ്ഞ വിഷലിപ്തമായ മനസ്സുള്ള ആള്‍ എന്നു തോന്നിയാല്‍ ദയവായി മുഖം ഒന്നു മിനുക്കിയ ശേഷം കണ്ണാടിയില്‍ നോക്കുക

2009, ഡിസംബർ 9, ബുധനാഴ്‌ച

ബാബറി മസ്ജിദ് - വാക്കു പാലിച്ചത് ആര്?

ബാബരി മസ്ജിദ് എല്ലാ വര്ഷവും ഒരു വഴിപാടു പൊലെ പാര്‍ലമെന്റിന്റെ ഇരു സഭകളിലും ഒരു ചര്‍ച്ചാവിഷയമാക്കുന്നതില്‍ വിവിധ രാഷ്ട്രീയ കക്ഷികളുടെ പങ്കു വലുതാണ്. കുറെ ഒച്ചപ്പാട്, പരസ്പരമുള്ള ചെളിവാരി എറിയല്‍, സഭ സ്തംഭിപ്പിക്കല്‍ അവസാനം പതിവു പോലെ ഇറങ്ങിപോക്ക് എന്നത് കാലാകാലങ്ങളില്‍ നമ്മള്‍ കണ്ടുവരുന്നു. എന്നാല്‍ ഈ വര്‍ഷം ഡിസം. 6 ഞായറാഴ്ചയായതിനാല്‍ അതൊന്നും ഉണ്ടായില്ല. പക്ഷെ അതിനു മുന്പ് തന്നെ ലിബര്‍ഹാന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ചര്‍ച്ചാവിഷയമായിക്കഴിഞ്ഞിരുന്നു.

വിചാരിച്ചപോലെ ബി.ജെ.പി - പരിവാര്‍ നേതാക്കളെയെല്ലാം കുറ്റപ്പെടുത്തുന്ന ഒരുപാട് പരാമറ്ശങ്ങള്‍ അതില്‍ ഉണ്ടായിരുന്നു. പാര്‍ലമെന്റില്‍ വക്കുന്നതിനു മുന്പു തന്നെ അത് ചോരുകയും ചെയ്തു! (ആരാ ചോര്‍ത്തിയത് എന്നത് ദുരൂഹം). ബി.ജെ.പിക്കു അവരുടെ മിത(കപട)വാദി നേതാവും മുന്‍പ്രധാനമന്ത്രിയുമായ വാജ്പേയി തിരുമനസ്സിനെ കുറ്റപ്പെടുതിയതിലാണ്‍ കൂടുതല്‍ പ്രതിഷേധം. പണ്ടൊരു പരിവാര്‍ മഹാന്‍ വാജ്പേയി ഒരു മുഖമൂടി ധരിച്ച നേതാവാണെന്നു്‌ പ്രസ്താവിച്ച് മാധ്യമ ശ്രധ നേടിയത് ഈ അവസരത്തില്‍ ഓറ്ക്കുക.

കാര്യങ്ങള്‍ എന്തൊക്കെയായാലും ഒന്നു്‌ നമുക്കെല്ലാം ഉറപ്പിക്കാം - ഈ കേസില്‍ ആരും ശിക്ഷിക്കപ്പെടാന്‍ പോകുന്നില്ല. ജുഡിഷ്യല്‍ കമ്മീഷ്നെ നിയൊഗിക്കുന്നതു്‌ കാലാകാലങ്ങളിലുള്ള സര്‍ക്കാറുകള്‍ക്ക് ആ പ്രശ്നത്തില്‍ നിന്നും മുഖം രക്ഷിക്കുവാനും ഒരു വേള അതില്‍ നിന്നും രക്ഷപ്പെടാനും മാത്രമാണു്‌.ഇപ്പോള്‍ ലിബര്‍ഹാന്‍ കമ്മീഷണ്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തിയിരിക്കുന്ന നേതാക്കളില്‍ ആരും തന്നെ ശിക്ഷിക്കപ്പെടില്ല എന്നതാണു്‌ സത്യം. എതാനും ചില വറ്ഷങ്ങള്‍ക്കു ശേഷം മരണപ്പെടുമ്പോള്‍ എല്ലാവിധ സര്‍ക്കാര്‍ ബഹുമതികളോടും കൂടി സര്ക്കാറിന്റെ ചെലവില്‍ അവര്‍ക്ക് പട്ടടയും സ്മാരകങ്ങളും ഉയര്‍ത്തുകയും ചെയ്യും. അവര്‍ നടത്തിയ കലാപ യാത്രകളുടെ ഇരകളെയൊ, ആ കലാപങ്ങള്‍ കാരണം ഉണ്ടായ പൊതുമുതല്‍ നഷ്ടത്തെയൊ പറ്റി ആരും ഓര്‍ക്കുകയും ഇല്ല.എല്ലാവരും ദേശീയ വ്യക്തിത്വങ്ങളായി വാഴ്ത്തപ്പെടും.ഇനി ഈ പ്രശ്നം അത്ര കണ്ട് ജനങ്ങളില്‍ ഏശുകയില്ല എന്ന് ബി.ജെ.പി നേതാക്കള്‍ തന്നെ പരസ്യമായി സമ്മതിക്കാന്‍ തുടങ്ങിയിരിക്കുന്നു.

ഒരു തരത്തില്‍ പറഞ്ഞാല്‍ ബി.ജെ.പി. - പരിവാര്‍ നേതാക്കള്‍ വാക്കുപാലിച്ചു എന്നു നമുക്ക് പറയാം. കാരണം അവര്‍ ബാബറി പള്ളി (തര്‍ക്കമന്ദിരം എന്ന് അവര്‍ പറയും) പൊളിക്കും എന്ന് പറഞ്ഞു, അതവര്‍ പൊളിക്കുകയും ചെയ്തു. ഇനി അമ്പലം പണി തല്ക്കാളം മാറ്റി വച്ചിരിക്കുകയാണു്‌. വേറെ ഒന്നും കൊണ്ടല്ല, സാഹചര്യം അനുകൂലമല്ല - അത്ര തന്നെ! തമ്മിലടി കൊണ്ടു അവരും പൊറുതിമുട്ടിയിരിക്കുകയാണ്. തക്കം കിട്ടിയാല്‍ വീണ്ടും ഭാരതത്തിന്റെ തെരുവുകലില്‍ രാമരഥങ്ങള്‍ വീണ്ടും ഉരുളും, ചോരപ്പുഴകള്‍ വീണ്ടും ഒഴുകും.

ലിബര്‍ഹാന്‍ റിപ്പോര്‍ട്ട് ചോറ്ന്ന സമയത്തെ മറ്റൊരു സംഭവ വികാസതിലേക്കു കൂടി ഒന്നു കണ്ണോടിക്കുന്നത് നന്നായിരിക്കും. ഇതേ സമയത്താണു്‌ നമ്മുടെ "ദുര്‍ബലനായ പ്രധാനമന്ത്രി" സിങ്ജി അമേരിക്കന്‍ പ്രസിഡെന്റ് ഒബാമയുമായി കൂടിക്കാഴ്ച്ച നടത്തുന്നത്. ഏതാനും ചില കരാറുകളില്‍ അവര്‍ ഒപ്പു വച്ചു എന്ന് കേള്‍ക്കുന്നു. അതെന്തൊക്കെയാണെന്ന് ഇപ്പൊഴും ദുരൂഹമായി തുടരുന്നു. ഭാരത സര്‍ക്കാര്‍ ഉദ്ദേശിച്ചതു തന്നെയായിരിക്കണം നടന്നത്. എല്ലാവരും ബാബറി ലിബര്‍ഹാന്‍ ബഹളത്തില്‍ മുഴുകിയിരിക്കുമ്പോള്‍ ചുളുവില്‍ സംഗതി ഒപ്പിക്കുക. അല്ലെങ്കിലും പിന്‍വാതിലിലൂടെ (രാജ്യസഭ) പാര്‍ലമെന്റില്‍ കയറിപ്പ്റ്റി പ്രധാനമന്ത്രി ആയ ഒരു നേതാവു നയിക്കുന്ന ഒരു സര്‍ക്കാറിനു്‌ ജനാധിപത്യത്തെയും ജനങ്ങളെയും തെല്ലും വിലയില്ലാ എന്നു്‌ ഇതിനകം തെളിയിക്കുകയും ചെയ്തിട്ടുണ്ടല്ലോ! ഈ വക ദുരൂഹതകള്‍ തേടി ഒരു മാധ്യമപ്രവര്‍ത്തകരും പോയിക്കണ്ടില്ല. പിണറായി പറഞ്ഞ മാധ്യമ സിന്‍ഡിക്കേറ്റിന്റെ കാര്യം ഇവിടെയാണ്- പ്രസക്തമാവുന്നത്. എല്ലാം കാലാകാലങ്ങളില്‍ ചില സിന്‍ഡിക്കേറ്റുകളാണു നിയന്ത്രിക്കുന്നതും കൈയ്യാളുന്നതും.

മന്ത്രിസഭയെയും, സര്‍ക്കാരിനെയും തേജൊവധം ചെയ്യുവാന്‍ പ്രതിപക്ഷവും, പ്രതിപക്ഷത്തിന്റെ ദുര്‍ബല പ്രധിരോധത്തെ ഒന്നു കൂടി ദുര്‍ബലമാക്കുവാനും, ഇല്ലാതാക്കുവാനും സര്‍ക്കാരുകളും മാധ്യമങ്ങളെ സമര്‍ഥമായി ഉപയോഗിക്കുന്നുണ്ട്. ആര്‍ക്കും ജനകീയ പ്രശ്നങ്ങളും അതിന്റെ പരിഹാര മാര്‍ഗ്ഗങ്ങളും ചിന്തിക്കാനും പറയാന്‍ നേരമില്ല. രാഷ്ട്രീയ നേതാക്കള്‍ എന്ന വര്‍ഗ്ഗം കേവലം ചാനലുകളിലെ ന്യൂസ് റൂമിലെ ഉരഗ ജീവികളായി തരം താഴ്ന്നിരിക്കുന്നു.