2011, ഡിസംബർ 31, ശനിയാഴ്‌ച

2011 - വിട പറയുമ്പോള്‍..........

കലണ്ടറിലെ ഒരു വര്ഷം കൂടി നമുക്ക് നഷ്ടപ്പെടുന്നു.  മുന്നൂറ്റി അറുപത്തി അഞ്ചു ദിവസങ്ങളുടെ ഒരു വയസ്സ്.  തീരുമാനങ്ങളെടുക്കാനും അവ ലംഘിക്കാനും ഒരു വര്ഷം കൂടി.  2011 എന്താണ് നമ്മള്‍ നേടിയത്?  എന്നെ സംബന്ധിച്ചിടത്തോളം വ്യക്തിപരമായ ഒരു വലിയ നഷ്ടത്തിന്റെ വര്‍ഷമായിരുന്നു.  ജനിക്കുന്നതിനു മുന്നേ ഞങ്ങളുടെ മകന്‍ ഞങ്ങളോട് യാത്ര പറഞ്ഞു.  ഇതെഴുതുമ്പോഴും കണ്ണുനീര്‍ കാരണം മോണിട്ടറിലെ അക്ഷരങ്ങള്‍ ഇടയ്ക്കു മങ്ങുന്നു.  പ്രിയതമയെ ആശ്വസിപ്പിക്കേണ്ട ഞാന്‍ ഇവിടെ മണലാരണ്യത്തിലെ മേലധികാരികളുടെ ഉത്തരവനുസരിച്ച് വിങ്ങുന്ന ഹൃദയവുമായി വേദന കടിച്ചമര്‍ത്തി കഴിഞ്ഞു.  ശേഷം ലഭിച്ച അവധിയില്‍ സ്വന്തം സങ്കടം മറ്റുള്ളവര്‍ക്ക് മുന്നില്‍ മറച്ചു വച്ചു കഴിച്ചുകൂട്ടി.  ഇന്നും ഓരോ മാത്രകളും അതെക്കുറിച്ചുള്ള ഓര്‍മ്മകള്‍ തികട്ടി വരുന്നു.  അവന്‍ ജനിച്ചിരുന്നു എന്ന്കില്‍ ഇപ്പോള്‍ ആറു മാസം പ്രായമാകുമായിരുന്നു.  ഹോ!..വയ്യ..ഓര്‍മ്മകള്‍ക്ക് വിരാമമിടാന്‍.  വിടാതെ പിന്തുടരുന്ന ദുര്‍വിധികള്‍.  എല്ലാ ശക്തികളിലും ഉള്ള വിശ്വാസങ്ങള്‍ നഷ്ടപ്പെടുന്നു എന്നൊരു തോന്നല്‍.  ഒരു ദുരന്തം അതിജീവിച്ചു അതിന്റെ അലയൊലികള്‍ അടങ്ങി വരുമ്പോള്‍ മറ്റൊന്ന്.  അവ എന്നെ തുടര്‍ച്ചയായി വേട്ടയാടുന്നു എന്നൊരു തോന്നല്‍.  ഒരു ദുരന്തമായിരുന്നു എന്നെ ഇവിടെ എത്തിച്ചത്.  അതിന്റെ കെടുതികള്‍ വിട്ടു മാറും മുന്നേ മറ്റൊരെണ്ണം കൂടി!... സാക്ഷാല്‍ക്കരിക്കാന്‍ സ്വപ്‌നങ്ങള്‍ ഇനിയും ബാക്കി....

ബൂലോഗത്ത്‌ നിന്നും വളരെ അകന്നു കഴിഞ്ഞ നാളുകള്‍.  ഉള്ളിലെ പ്രതികരണങ്ങള്‍ വീണ്ടും ഇങ്ങോട്ട് എത്തിച്ചിരിക്കുന്നു.  നിയോഗങ്ങളെ ഒരിക്കലും നമുക്ക് അവഗണിക്കാനാവില്ല.

ഈ വര്‍ഷത്തിന്റെ അവസാനത്തെ പ്രതീകമാക്കി ചില ചിത്രങ്ങള്‍ ഇവിടെ പോസ്റ്റുന്നു...  എല്ലാം അഴീക്കോട് മുനാക്കല്‍ ബീച്ചില്‍ നിന്നും എടുത്തത്. അസ്തമയത്തിന്റെ രണ്ടു ദ്രിശ്യങ്ങള്‍.
കൂടണയാന്‍ വെമ്പുന്ന പക്ഷികളെ നോക്കി എന്തോ ചോദിക്കുന്ന ചീനവലകള്‍...

അന്തിച്ചുവപ്പ്‌.


 ഓര്‍മ്മകളുടെ മുറിപ്പാടില്‍ പെയ്തിറങ്ങുന്ന മഞ്ഞിന്റെ നനവില്‍ വീണ്ടും പ്രതീക്ഷകളുടെ ഒരു വര്ഷം ആരംഭിക്കാന്‍ ഏതാനും മണിക്കൂറുകള്‍ മാത്രം...പ്രത്യാശയോടെ പ്രാര്‍ഥനയോടെ ആശംസകളോടെ എല്ലാവര്ക്കും പുതുവത്സരാശംസകള്‍!!!!
2011, ഡിസംബർ 27, ചൊവ്വാഴ്ച

അബുദാബി ചില രാത്രി ദൃശ്യങ്ങള്‍...

അബുദാബിയിലെ ചില രാത്രി ദൃശ്യങ്ങള്‍.  ക്യാമറ അത്ര നല്ലതല്ലാത്തതു കാരണം ഫോട്ടോകള്‍ക്ക് സാങ്കേതികവും കലാപരവുമായ മേന്മയൊന്നും ഉണ്ടാവില്ല. (എന്റെ കൈയിലുള്ള ഒരു സദാ ഡിജിറ്റല്‍ ക്യാമറ വച്ച് ഷൂട്ട്‌ ചെയ്തത്).  ക്ഷമിക്കുക..  ചിത്രങ്ങളില്‍ ക്ലിക്കിയാല്‍ വലുതായി കാണാം.


2011, ഡിസംബർ 14, ബുധനാഴ്‌ച

മുല്ലപ്പെരിയാര്‍ - തടിയൂരുന്ന രാഷ്ട്രീയക്കാര്‍

പ്രധാനമന്ത്രിയുടെ ഉറപ്പില്‍(!) വിശ്വസിച്ച് കുഞ്ഞൂഞ്ഞും അച്ചുമാമനും വെറും കൈയോടെ തിരിച്ചു പോന്നു.  സ്വതവേ ബലഹീനനായ പ്രധാനമന്ത്രി ഈ വിഷയത്തില്‍ എത്രകണ്ട് തന്റെ നിഷ്ക്രിയത്വം വെടിയുമെന്ന് കാണാന്‍ നമുക്ക് കണ്ണില്‍ എന്നയോഴിക്കാതെ കാത്തിരിക്കാം.  നാടോടിക്കാറ്റ് സിനിമയില്‍ പറഞ്ഞ പോലെ "പവനായി ശവമായി".  എന്തൊക്കെ ബഹളമായിരുന്നു. പ്രകടനം, സമ്മേളനം, ഉപവാസം, നിരാഹാരം....അവസാനം എല്ലാം തലൈവിയും മക്കളും പിടിചിടത്ത് തന്നെ കിട്ടി.  പണ്ടൊരു സത്യന്‍ അന്തിക്കാട്‌ സിനിമയില്‍ ഇന്നസെന്‍റ് പാര്‍ഥിപനെ അടിക്കാന്‍ കുറെ ആളുകളുമായി വന്നിട്ട് അടികൊണ്ടു അവസാനം ഏത്തമിട്ടു കുറ്റം ഏറ്റുപറയുന്ന ഒരു സീനുണ്ട്.  അതുപോലെ ഇതും ആയിത്തീര്‍ന്നു.

തമിഴന്റെ സമ്മര്‍ദ്ദത്തിനു മുന്നില്‍ നമുക്ക്‌ മറ്റു വഴികളില്ല.  ഇത് ആരും തുറന്നു പറയുന്നില്ല എന്ന് മാത്രം.  അവസാനം പത്ത് ദിവസത്തെ അന്ത്യശാസനം മാണിസാര്‍ ഭേദഗതി ചെയ്തു ഒരു മാസമാക്കി.  അപ്പോഴേക്കും പിറവം ഉത്സവം കൊടിയേറിയിരിക്കും. പിന്നെ വീണ്ടും ഒരുമാസം നീട്ടുകയുമാവാം.  പിറവം സ്വപ്നം കണ്ടിരിക്കുന്ന ലീഗുകാരുടെ കാര്യം പറയുകയും വേണ്ട.  പിറവത്ത്‌ എങ്ങിനെയെങ്കിലും അനൂപ്‌ തോറ്റാലും വേണ്ടില്ല അഞ്ചാം മന്ത്രിയെ കിട്ടുമല്ലോ.  ജേക്കബിന്റെ മന്ത്രിസ്ഥാനം യാത്തീമാവാതെ ഓര് ശരിയാക്കിക്കൊള്ളും. 

രാഷ്ട്രീയ നേതാക്കന്മാരെ വിശ്വസിച്ച് സമരത്തിനിറങ്ങിയ ഇടുക്കിക്കാരുടെ ഗതി ഇനി എന്താവുമോ ആവോ?!  ഉദ്യോഗസ്ഥ-ഭരണകൂട തലങ്ങളില്‍ നടന്ന (ഗൂഡ) ആലോചനകളുടെ ഫലമായിരിക്കാം ഇപ്പോഴത്തെ രാഷ്ട്രീയ കക്ഷികളുടെ പിന്മാറ്റത്തിന് പിന്നില്‍.  എ.ജി. ഇതിനൊരു നിമിത്തമായി എന്ന് മാത്രം. 
ഈ സമരം കൊണ്ടു നഷ്ടമുണ്ടായത് കേരളത്തിനും മലയാളികള്‍ക്കുമാണ്.  പാണ്ടി നാട്ടിലെ മലയാളി അണ്ണന്മാര്‍ പേടിച്ചു വിറച്ചു കഴിയുമ്പോള്‍ കേരളത്തിലെ അണ്ണാച്ച്ചികള്‍ക്ക് യാതൊന്നും പേടിക്കേണ്ട.  ഇവിടെ അവര്‍ക്ക് നേരെ ആക്രമണമോ, കല്ലേറോ (തോക്ക് സാമിയെ വിട്ടുകള!) കൊള്ളയടിയോ നടക്കുന്നില്ല.  അവരുടെ വാഹനങ്ങള്‍ കേരളത്തില്‍ യഥേഷ്ടം വന്നു പോകുന്നു.  എന്നാല്‍ കേരളത്തിന്റെ വാഹനങ്ങള്‍ പ്രത്യേകിച്ച് തമിഴ്നാട്ടിലേക്ക് സര്‍വീസ് നടത്തുന്ന കെ.എസ്‌.ആര്‍.ടി.സി. ബസ്സുകള്‍ യാത്ര ഇടയ്ക്കു വച്ച് അവസാനിപ്പിച്ചു പേടിച്ചു തിരികെ പോരുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.  ഇനി തമിഴ്നാട്ടിലെ ബസ് സ്റെഷനുകളില്‍ എത്തിയാല്‍ തന്നെ ആളുകള്‍ ആനവണ്ടിയില്‍ കയറുവാന്‍ മടിക്കുകയാണ്.  വഴിയില്‍ വെച്ച് വിവരമില്ലാത്ത പാണ്ടികള്‍ തടഞ്ഞു നിര്‍ത്തി ഉപദ്രവിക്കുന്നത് ഒഴിവാക്കാന്‍ ആനവണ്ടിയെ യാത്രക്കാര്‍ ഒഴിവാക്കുന്നു. ശബരിമല സീസണ്‍ പ്രമാണിച്ച് ഒന്ന് ഉഷാറായി വന്ന കോര്പരെഷനെ ഇത് തെല്ലൊന്നുമല്ല ക്ഷീണിപ്പിക്കുന്നത്.  ഇതിനെതിരെ സര്‍ക്കാര്‍ തലത്തില്‍ നടപടി ഒന്നും ഉണ്ടാവുന്നില്ല. എല്ലാം തമിഴരെ പേടിച്ച്.  എന്തിനേറെ സ്വന്തമായിട്ടുണ്ടായതെല്ലാം നഷ്ടപ്പെട്ട തമിഴ്നാട്ടിലെ മലയാളികള്‍ക്ക് വേണ്ടി ഒരു എമ്മെല്ലെയൊ, എം.പിയൊ മന്ത്രിയോ സംസാരിച്ചിട്ടില്ല. 
 
മലയാളികള്‍ തമിഴരെയും തമിഴ്നാടിനെയും ആശ്രയിച്ചു ജീവിക്കുന്നു എന്നത് പരമാര്‍ത്ഥമെങ്കില്‍ തമിഴരുടെ കേരളത്തെ ആശ്രയിച്ചുള്ള ജീവിതം ഏതാണ്ട് അവസാനിച്ച മട്ടാണ്.  തലൈവര്‍ വക 1 രൂപയുടെ അരി, കളര്‍ റ്റി.വി. എന്നിവ ജയാമ്മ വന്നപ്പൊള്‍ ഫ്രീ അരി, മിക്സി/ഫാന്‍/ഗ്രൈന്‍റ്റര്‍ പിന്നെ പഠിക്കുന്ന പിള്ളേര്‍ക്ക് ലാപ്ടോപ്പ് വരെ എത്തിയിരിക്കുന്നു. (റ്റി.വി. മുന്‍പ് കേരളത്തിലേക്ക് കടത്തി വിറ്റു കാശാക്കുന്നു എന്ന് ഒരു ചാനലില്‍ (മനോരമ) കാണിച്ചിരുന്നു).  ചുരുക്കിപറഞ്ഞാല്‍ അണ്ണന്‍മാര്‍ക്ക് പണിക്കു പോയില്ലെങ്കിലും ഉണ്ടുറങ്ങി കഴിയാനുള്ള വക അവിടത്തെ സര്‍ക്കാരുകള്‍ ഒരുക്കിക്കൊടുക്കുന്നുണ്ട്. ഇവിടെയോ?! ഇതിന്റെ ഫലമായി ശരാശരി തമിഴന്മാര്‍ വന്നു പണിയെടുത്തിരുന്ന മേഖലകളില്‍ (കേബിള്‍കുഴിക്കല്‍ മുതലായവ..)അവരെ കിട്ടാതായപ്പോള്‍ നമ്മള്‍ ബംഗാളികളെയും ബീഹാറികളെയും കൊണ്ടുവന്നു. ഇനി ആകെ കേരളത്തില്‍ ജോലി ആവശ്യാര്‍ത്ഥം വരുന്നത് ഗോവിന്ദച്ചാമിമാര്‍ ആയിരിക്കും. ബംഗാളിലും കേരളത്തിലും ജനങ്ങള്‍ ബുദ്ധിയുള്ളവരാണെന്നും തമിഴന്‍മാര്‍ കഴുതപ്പാല്‍ കുടിച്ചു വളരുന്നവര്‍ ആയതു കാരണം ബുദ്ധിയില്ലാത്തവരാണെന്നും ഉള്ള ധാരണ മലയാളികള്‍ മാറ്റേണ്ട സമയം ഓവറായിരിക്കുന്നു.
 
ഇന്നസെന്റു സിനിമയില്‍ തമിഴ്നാട്ടുകാരന്റെ മുന്നില്‍ എത്തമിടുന്നത് നമ്മള്‍ മലയാളികല്ല തമിഴരല്ല ഇന്ത്യാക്കാരാണ് എന്ന് പറഞ്ഞാണ്.  ഇവിടെ നമ്മുടെ നേതാക്കന്മാര്‍ "ഞങ്ങള്‍ മലയാളികള്‍ നിങ്ങള്‍ തമിഴരെ പേടിച്ചു കൊള്ളാം, മുല്ലപ്പെരിയാറിലെ വെള്ളം കൊണ്ട് കുടിക്കുകയോ കുളിക്കുകയോ ആയിക്കോളൂ" എന്ന് ഏറ്റുപറഞ്ഞിട്ടാണ് എന്നാ വ്യത്യാസം.

നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക എന്നാ സത്യന്‍ അന്തിക്കാട്‌ ചിത്രത്തിലെ മേല്പറഞ്ഞ രംഗം താഴെ കാണാം.  കഥാപാത്രങ്ങള്‍ക്ക് സമകാലീന നേതാക്കന്മാരുടെ രൂപം സങ്കല്‍പ്പിച്ച് നോക്കുക.

2011, ഡിസംബർ 13, ചൊവ്വാഴ്ച

കേരളത്തിലെ അണ്ണാച്ചിമാരെ നിലക്ക് നിര്‍ത്തുക സര്‍ക്കാരേ!

ചാനല്‍ വാര്‍ത്തകള്‍ എല്ലാം അങ്ങ് കണ്ണടച്ചു വിശ്വസിക്കാന്‍ കഴിയില്ലെങ്കിലും ദ്രിശ്യ സഹിതമുള്ള വാര്‍ത്തകള്‍ നമുക്ക്‌ വിശ്വസിച്ച്ച്ചേ പറ്റൂ.  ഇന്ന് രാവിലെ മൂന്നാര്‍ ടൌണില്‍ ഓട്ടോ-ടാക്സി ഡ്രൈവര്‍മാരായ അണ്ണാച്ചിമാര്‍ ഇടുക്കി ജില്ലയെ തമിഴ്നാട്ടില്‍ ലയിപ്പിക്കണം എന്ന് പറഞ്ഞു ഒരു പ്രകടനം നടത്തി.  പ്രകടനം എന്ന് പറഞ്ഞാല്‍ തികച്ചും പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് അവര്‍ നടന്നു നീങ്ങിയത്.

മൂന്നാര്‍ ടൌണിനെ ചുറ്റി നടത്തിയ പ്രകടനത്തില്‍ മുന്നൂറോ അതിലധികമോ അണ്ണന്മാര്‍ പങ്കെടുത്തു എന്ന് പറയുന്നു.  ഇന്നലെ തമിഴ്നാട്ടിലെ ഏതോ ഒരു വിവരം കേട്ട എം.പി. ഇടുക്കിയെ തമിഴ്നാട്ടില്‍ ലയിപ്പിക്കണം എന്ന് പ്രസ്ഥാവിച്ചതിന്റെ ചുവടു പിടിച്ചാണ് ഇന്ന് കേരളത്തിന്റെ മണ്ണില്‍ കേരളത്തിന്റെ ഉപ്പും ചോറും തിന്നു ജീവിച്ചുകൊണ്ട് തന്നെ കേരളത്തിനെതിരെ മുദ്രാവാക്യം വിളിക്കാന്‍ ധൈര്യം കാണിച്ചത്.  കേരളത്തിലെ പോലീസും മറ്റു ഭരണയന്ത്രങ്ങളും സ്ഥിരം സമാധാന ശാന്തി മന്ത്രങ്ങള്‍ ഊരുവിട്ടകൊണ്ട് "എനിക്ക് കണ്ട്രോള് തരൂ ഈശ്വരാ" എന്ന് പ്രാര്‍ത്ഥിച്ചു കഴിച്ചുകൂട്ടി എന്നാണു വാര്‍ത്തകളില്‍ കാണുന്നത്.

കേരളത്തിനു അനുകൂലമായി തമിഴ്നാട്ടില്‍ ഇതേ പോലെ മലയാളികള്‍ ഒരു പ്രകടനം നടത്തുന്ന കാര്യം നമുക്ക്‌ ഓര്‍ക്കാന്‍ കൂടി ആവില്ല.  ഇനി നടത്തിയാല്‍ തന്നെ അവരെ ചുട്ടു കൊല്ലും എന്ന കാര്യം ഉറപ്പ്‌.  കേരളത്തിലെ അതായത്‌ മൂന്നാറിലെ കേവലം ടാക്സി ഓട്ടോ ഡ്രൈവര്‍മാരായ ഇവര്‍ക്ക്‌ കേരളാ ഭരണകൂടത്തിന്റെ നിഷ്ക്രിയത്വവും പ്രചോദനമായി എന്നത് ഒരു സത്യമാണ്.  സമരക്കാര്‍ക്ക്‌ എതിരെ ഇനിയെങ്കിലും നടപടിയെടുക്കണം.  മൂന്നാര്‍ ടൌണില്‍ വണ്ടിയോടിക്കാനുള്ള ലൈസന്‍സ്‌ ക്യാന്‍സല്‍ ചെയ്തു ഇവരെ അതിര്‍ത്തി കടത്തി വിടുകയാണ് വേണ്ടത്‌.  മലയാളി സമൂഹത്തിലെ കാക്കത്തൊള്ളായിരം രാഷ്ട്രീയ - മത - സാംസ്കാരിക സംഘടനകള്‍ തങ്ങളുടെ നിലപാട്‌ ഈ വിഷയത്തില്‍ വ്യക്തമാക്കി ഈ തിരുട്ടു പയലുകള്‍ക്ക് തക്കതായ മുന്നറിയിപ്പ്‌ കൊടുക്കേണ്ടതാണ് എന്നാണു ഈയുള്ളവന്റെ എളിയ അഭിപ്രായം.

2011, ഡിസംബർ 11, ഞായറാഴ്‌ച

കേന്ദ്രത്തിനും കേരളത്തിനും വലിപ്പിക്കാനറിയാം അല്ലേ?!

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഒരു പോസ്റ്റ് ഇടുവാന്‍ സാങ്കേതികമായി ആ വിഷയത്തെ പറ്റിയുള്ള പരിമിത അറിവ് ഒരു തടസ്സമായി നില്‍ക്കുന്നു.  എന്നാല്‍ ഈയുള്ളവന്റെ പിന്തുണ മറ്റു ബ്ലോഗ് പോസ്റ്റുകളിലും ഓണ്‍ലൈന്‍ പത്രങ്ങളിലും കമന്റുകളായി ഇട്ടുപോരുന്നു. 

രാഷ്ട്രീയക്കരെല്ലാം ചേര്‍ന്നു മുല്ലപ്പെരിയാറിനും ഇടുക്കി ഡാമിനും ഇടയിലുള്ള ജനങ്ങളെ മാത്രമല്ല ദുരിതം നേരിടേണ്ടി വന്നേക്കാവുന്ന മൊത്തം ജനങ്ങളെ മണ്ടന്മാരാക്കനുള്ള കളികളാണു നടത്തിക്കൊണ്ടിരിക്കുന്നത്.  കോടതിയില്‍ സര്‍ക്കാര്‍ വക വക്കീല്‍ മേലാളന്റെ (എ.ജി) പ്രസ്താവനയും തുടര്‍ന്ന് ഭരണ-പ്രതിപക്ഷ ഭേദമന്യേ ഉള്ള കള്ളനും പൊലീസ് കളിയും ഇപ്പോള്‍ മുതലെടുപ്പിനായി നിരാഹാര മഹാമഹവും!!.

കേരളത്തിലെ നേതാക്കന്‍മാര്‍ ഏതാണ്ട് ഒറ്റക്കെട്ടായി ഈ വിഷയത്തില്‍ അണിനിരക്കുമ്പോള്‍ കേരളത്തില്‍ നിന്നും കേന്ദ്രമന്ത്രിമാരായി പോയിട്ടുള്ള ചിലര്‍ ഇപ്പോഴും വേറെ ഏതോ ലോകത്ത് ബോധമില്ലാതെയിരിക്കുകയാണെന്ന് പറയാതെ വയ്യ.  ഈ അടുത്ത ദിവസം രക്ഷാമന്ത്രിയായ ധര്‍മ്മപുത്രര്‍(?) പറഞ്ഞതാണു തമാശ "കേന്ദ്രത്തിനു സംസ്ഥാനത്തോട് കല്‍പ്പിക്കാന്‍ കഴിയില്ല" എന്ന്.  പിന്നെ എന്താണാവോ നിങ്ങളെക്കൊണ്ടു പറ്റുന്നത്?  തമിഴ്നാട് അതാരു ഭരിച്ചാലും ന്യായവും അന്യായവും ആയ മാര്‍ഗ്ഗങ്ങളിലൂടെയെല്ലാം അവര്‍ ലക്ഷ്യമിട്ടത് നേടിയെടുക്കുക തന്നെ ചെയ്യും.  മുന്‍കാല ചരിത്രവും ഇപ്പൊഴത്തെ ചരിത്രവും പരിശോധിച്ചാല്‍ അതു മനസ്സിലാവും.  അതിനു കേന്ദ്രമന്ത്രിമാരും, എം.പി.മാരും സംസ്ഥാനത്തെ ഭരണ-പ്രതിപക്ഷവുമെല്ലാം ഒറ്റക്കെട്ടാണ്.

ജയലളിത എന്ന വനിത പ്രതിപക്ഷ അവര്‍ മുഖ്യമന്ത്രിയുടെയോ പ്രതിപക്ഷ നേതാവിന്റെയോ ആരുടെ വേഷമിട്ടു വന്നു നിന്നാലും കരുണാനിധിക്കും, മന്‍മോഹനും ആന്‍റ്റണിക്കും എല്ലാം മുട്ടിടിക്കും. ജയലളിത ഇടഞ്ഞാല്‍ ഒരു ആന ഇടഞ്ഞതിനു സമമാണ്. അവര്‍ ഇക്കഴിഞ്ഞ ദിവസം മലയാളികള്‍ക്ക് മാധ്യമങ്ങള്‍ മുഖേന ഒരു കത്ത് പ്രസിദ്ധീകരിച്ചു. നന്നായി ഹോംവര്‍ക്ക് ചെയ്ത് തയ്യാറാക്കിയതാണത് എന്നതില്‍ സംശയമില്ല. എന്നാല്‍ ഈ ജയലളിതാപരാക്രമങ്ങള്‍ കണ്ട് ആകെ അന്തം വിട്ടു നില്‍ക്കുകയാണ്‌ മലയാളികളും അവരുടെ നേതാക്കളും. ആകെ പറ്റുന്നത് കുറെ പ്രസ്ഥാവനാ ഗീര്‍വാണങ്ങള്‍ കത്തിച്ചു വിടുക. അതും പോരാഞ്ഞു നിരാഹാരം കിടക്കുക. കേന്ദ്രത്തിലും ഹൈക്കമാന്റിലും നിര്‍ണ്ണായക(??????!!!!!!) സ്വാധീനമുണ്ടെന്നു പറയുന്ന ആളുള്‍പ്പെടുന്ന മന്ത്രിമാര്‍ ഈ വിഷയം അറിഞ്ഞ മട്ടില്ല. ഒരാള്‍ പറയുന്നത് ഞാന്‍ കേരളത്തിന്റെ മാത്രം മന്ത്രിയല്ലെന്ന്! പിന്നെ ആരാണാവോ താങ്കളെ തെരഞ്ഞെടുത്ത് വിടുന്നത്? മറ്റൊരാള്‍ പറയുന്നത് കേന്ദ്രത്തിനു കല്‍പ്പിക്കാനാവില്ലെന്ന്!


രാഷ്ട്രീയ കോമരങ്ങളായ നിങ്ങള്‍ക്ക് പിന്നെ എന്താണാവോ അറിയുന്നത്?  നൂറ്റാണ്ടു പിന്നിട്ട ഒരു അണക്കെട്ടും അതിന്റെ കാക്കത്തൊള്ളായിരം കൊല്ലത്തേക്കുള്ള കരാറും കാലഹരണപ്പെട്ടതാണെന്നും പ്രഖ്യാപിച്ച് അത് ഡീകമ്മീഷന്‍ ചെയ്യാനുള്ള ഒരു നിയമം പാസ്സാക്കാന്‍ പറ്റിയില്ലെങ്കില്‍ പിന്നെ കേരള നിയമസഭയും അവിടെയുള്ള 140 അംഗങ്ങളും എന്തിനാണെന്ന് നമ്മള്‍ ചോദിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
 
 

2011, ഡിസംബർ 9, വെള്ളിയാഴ്‌ച

ശ്രദ്ധിച്ച് വാഹനമോടിക്കുക - അപകടം ഒഴിവാക്കുക!

ഇന്ന് രാവിലെ അബുദാബിയില്‍ ഉണ്ടായ ഒരു വാഹനാപകടത്തിന്റെ ദൃശങ്ങള്‍ - ചിത്രങ്ങള്‍ താഴെ കാണാം.

അപകടം നടന്നു തൊട്ടടുത്ത നിമിഷം എടുത്ത ചിത്രം.

പുറകെ വന്ന വാഹനങ്ങള്‍ പകച്ചു നോക്കുന്നു, ആളുകള്‍ ചുറ്റും കൂടുന്നു.

പോലീസും ആംബുലന്‍സും എത്തി....  വാഹനങ്ങള്‍ വഴിതിരിച്ചു വിടുന്നു. ഫാസ്റ്റ് എയിഡ്‌ നല്‍കുന്നു.

ഫയര്‍ഫോഴ്‌സ്‌, ക്രെയിന്‍ എത്തി, ബസ്സ്‌ ഉയര്‍ത്താനുള്ള ശ്രമം.  അപകടത്തില്‍ പെട്ട കാര്‍ ഇതിനകം സ്പോട്ടില്‍ നിന്നും നീക്കം ചെയ്തു.

ബസ്സ്‌ ഉയര്‍ത്തുന്നു.....

ഉയര്‍ത്തിയതിനു ശേഷം റിക്കവറി പുറകില്‍ കൊളുത്തുന്നു, റിക്കവറി ഡ്രൈവര്‍ ബസ്സിന്റെ സ്റ്റിയറിംഗ് നേരെയാക്കാന്‍ ബാസ്സിനുള്ളിലെക്ക് കയറുന്നു.....

കൊളുത്തി വലിച്ചു കൊണ്ടുപോകുവാന്‍ റെഡി...

കുറച്ചുകൂടി വലിയ ഒരു ദൃശ്യം.


നമ്മള്‍ എത്ര ശ്രദ്ധിച്ചാലും ഒഴിവാക്കാന്‍ ശ്രമിച്ചാലും അപകടം നടക്കാനുള്ളത് നടക്കുക തന്നെ ചെയ്യും.  എന്നാലും നമ്മുടെ കഴിവിന്റെ പരമാവധി ശ്രദ്ധിച്ച് വാഹനമോടിക്കുക.


2011, ഡിസംബർ 1, വ്യാഴാഴ്‌ച

യു.എ.ഇ. ദേശീയദിന ആശംസകള്‍

നാല്പതു സംവത്സരങ്ങള്‍ പിന്നിട്ട യു.എ.ഇ. നാടിന്റെ ദേശീയ ദിനം നാളെ ഡിസംബര്‍ രണ്ടിന്.  എല്ലാവര്ക്കും ആശംസകള്‍ നേരുന്നു.  പ്രവാസികളായ ഞങ്ങളെ അനുഭാവപൂര്‍വം ഒരു ജീവിതമാര്‍ഗ്ഗം തന്നു സംരക്ഷിക്കുന്ന ഈ നാടിനോടുള്ള കടപ്പാട് എന്നും പ്രവാസികളും അവരെ ആശ്രയിച്ചു കഴിയുന്ന കുടുംബങ്ങളും എന്നും സ്മരിക്കുക.  ഇവിടത്തെ ഭരണകൂടത്തോടുള്ള നന്ദി എന്നും മനസ്സിലുണ്ടാവുക.


ഫ്രാന്‍സും റോമാനിയയും പിന്നെ പോര്‍ച്ചുഗലും!!. ഏയ്‌ ഇല്ലന്നെ!

വിഷയം വളച്ചു കെട്ടാതെ പറയാം, എന്റെ യാഹൂ മെയില്‍ ഹാക് ചെയ്യപ്പെട്ടു. സംഭവം നടന്നിരിക്കുന്നത് യുറോപ്പില്‍ നിന്നുമാണ്. യാഹൂ അക്കൌണ്ട് തുറക്കുമ്പോള്‍ ഒരു വാണിംഗ് മെസേജ് പാസ് വേഡ് മാറ്റുവാന്‍ ആവശ്യപ്പെട്ടു വരും. അതില്‍ പറഞ്ഞിരിക്കുന്നത് യാഹൂവിന് (എനിക്കല്ല!) നിങ്ങളുടെ അക്കൌണ്ടില്‍ ചില ദുരൂഹ ഇടപെടലുകള്‍ നടന്നതായി ശ്രദ്ധയില്‍ പെട്ടു എന്നും (നമ്മുടെ) സുരക്ഷക്കായി പാസ് വേഡ് മാറ്റുക എന്നുമാണ്.   നമ്മുടെ അക്കൌടില്‍, അക്കൌണ്ട് ഇന്ഫോര്‍മേഷനിലെ  ഒടുവിലത്തെ ലോഗിന്‍ വിവരങ്ങള്‍ തെരഞ്ഞാല്‍ നമുക്ക് അവിടെയൊക്കെ നമ്മുടെ അക്കൌണ്ട് ലോഗിന്‍ ചെയ്യപ്പെട്ടിടുണ്ട് എന്നതിന്റെ വിവരം കിട്ടും. ഐ.പി. അഡ്രസ്സും, എന്തിലാണ് (മെസ്സെഞ്ചര്‍ / മെയില്‍) ലോഗിന്‍ ചെയ്തത്, എപ്പോള്‍, ഇതു രാജ്യത്തു വച്ച് എന്നെല്ലാം ഉള്ള വിവരം കിട്ടും. എനിക്ക് കിട്ടിയ വിവരം താഴെ കാണാം. അതില്‍ പറഞ്ഞിരിക്കുന്നത് ഫ്രാന്‍സ്, റൊമാനിയ പിന്നെ പോര്‍ച്ചുഗല്‍ - ലത് ചിത്രത്തിലില്ല എന്നിവിടങ്ങളില്‍ വച്ച് എന്റെ മെയില്‍ തുറന്നിട്ടുണ്ട് എന്നാണ്. നാട്ടില്‍ നിന്ന് വന്നതില്‍ പിന്നെ അബൂദാബി വിട്ടു എവിടെയും പോയിട്ടില്ല കേട്ടോ! പിന്നല്ലേ ഫ്രാന്‍സും റോമാനിയയും പിന്നെ പോര്‍ച്ചുഗലും.

അതുകൊണ്ട് യാഹൂ മെയില്‍ ഉള്ളവര്‍ ദയവായി നിങ്ങളുടെ പാസ് വേഡ് സുരക്ഷിതമാക്കണം അല്ലെങ്കില്‍ മാറ്റണം എന്ന ഒരു അഭ്യര്‍ത്ഥന മുന്നോട്ടു വെക്കുന്നു. കൂടാതെ ബ്രൌസറിലെ ടൂള്‍സ് മെനുവില്‍ പോയി ബ്രൌസിംഗ് ഹിസ്റ്ററി ഡിലീറ്റ് ചെയ്യുവാനും ശ്രദ്ധിക്കുക. (ഡിലീറ്റ് ഹിസ്റ്ററി ഓണ്‍ എക്സിറ്റ് എന്ന ഓപ്ഷന്‍ ആക്ടീവ് ആക്കിയാല്‍ കൂടുതല്‍ നല്ലത്). പിന്നെ നല്ല ആന്റി വൈറസ് സോഫ്റ്റ്‌വെയര്‍ ഏതെങ്കിലും (ഇത്തരം ആക്രമണങ്ങളെ തടയുന്നവ!) നിങ്ങളുടെ സിസ്ടത്തില്‍ ഇന്സ്ടാല്‍ ചെയ്യുമല്ലോ. (ഫ്രീ വേര്‍ഷന്‍ വേണ്ട, കാശ് കൊടുത്തു തന്നെ വാങ്ങണം, എന്നാലേ നമ്മള്‍ ഉദ്ദേശിച്ച ഫലം കിട്ടൂ!). അതുകൊണ്ട് എല്ലാവരും ജാഗ്രതൈ!!