2018, മേയ് 2, ബുധനാഴ്‌ച

Estadio Santiago Bernabéu കണ്ണീരണിഞ്ഞു ബയേണ്‍, ആശ്വസിച്ച് റയല്‍!

റയല്‍ ആരാധകര്‍ക്ക് വലിയ പ്രതീക്ഷയായിരുന്നു, ഏകപക്ഷീയ വിജയം അവര്‍ സ്വപ്നം കണ്ടിരുന്നു. എന്നാല്‍ ആദ്യ പാദത്തില്‍ നിന്നും വ്യത്യസ്തമായി ബയേണ്‍ കുറച്ചുകൂടി അറ്റാക്കിംഗ് ആയിരുന്നു. കഴിഞ്ഞ മത്സരത്തിന്‍റെ ഏതാണ്ട് റീപ്ലേ ആയിരുന്നു ആദ്യ ഗോള്‍ കിമ്മിച്ച് അടിക്കുന്നത് വരെ, കുറെ നാളായി സിദാന്‍റെ അരുമ എന്ന് പഴി ഏറെ കേള്‍ക്കേണ്ടി വന്ന ഏതാണ്ട് ഫോം ഔട്ട്‌ ആയ ബെന്‍സിമ മഴ്സലോയുടെ അത്യുഗ്രന്‍ ക്രോസില്‍ തലവെച്ചു ഗോള്‍ നേടിയപ്പോള്‍ സ്റ്റെഡിയം അക്ഷരാര്‍ത്ഥത്തില്‍ ത്രസിച്ചു!

പിന്നീടങ്ങോട്ട് ആക്രമണ പ്രത്യാക്രമണങ്ങള്‍. നവാസ് നടത്തിയ ചില അതുഗ്രന്‍ സെവുകള്‍! റയല്‍ പ്രത്യാക്രമണങ്ങള്‍. ആകെ സംഭവ ബഹുലമായിരുന്നു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ പന്തിന്‍റെ നീക്കം മനസ്സില്‍ കൂട്ടിയ കണക്ക് ഒരു സ്കൂള്‍ കുട്ടിയുടെ പിഴവ് എന്ന് പറയാം. ബയേണ്‍ ഗോളിക്ക് പറ്റിയത് അതായിരുന്നു. ഫലം റയലിനും ബെന്‍സിമക്കും രണ്ടാം ഗോള്‍. കഴിഞ്ഞ മത്സരത്തിലെ തുടര്‍ച്ചയായിരുന്നു ഹമിസ് റോഡ്രിഗസ് ഈ മത്സരത്തിലും തിളങ്ങിയത്. അടിച്ച ഗോളിന് അമിത ആഹ്ലാദ പ്രകടനം നടത്താതെ റൊണാള്‍ഡോ ജുവന്‍റെസ് തട്ടകത്തില്‍ നടത്തിയ പോലെ ഒരു കൂപ്പുകൈ തന്‍റെ പഴയ ഇഷ്ടക്കാര്‍ക്ക് ഉള്ള ഒരു ക്ഷമാപണം ആയിരുന്നോ? ഇത്തവണ കുറച്ചുകൂടി ആക്രമിച്ചു തന്നെ കളിച്ചു. റയല്‍ നിരയില്‍ റൊണാള്‍ഡോ ഒരിക്കല്‍ കൂടി നിറം മങ്ങി. റയലിന്‍റെ പ്രതിരോധം അങ്ങേയറ്റം പരിതാപകരമായ അവസ്ഥയിലാണ് എന്ന് പറയാതെ വയ്യ! കൂടുതല്‍ ഗോള്‍ വീഴാതെ പോയത് ആരുടെയോ ഭാഗ്യം!

അവസാന നിമിഷം വരെ റയല്‍ വിറച്ചുപോയി എന്ന് സംശയം ഏതുമില്ലാതെ പറയാം. പാസ്സുകളിലെ കൃത്യത ബയേണിന്‍റെ ഒരു പ്രത്യേകതയാണ്. റയലിന് ഇനി അടുത്ത ഞായര്‍ രാത്രി ഒരു അഗ്നിപരീക്ഷണമാണ് കാത്തിരിക്കുന്നത്. സീസണിലെ രണ്ടാം എല്‍ ക്ലസ്സിക്കോ! അതും ബാഴ്സ തട്ടകത്തില്‍. ലീഗില്‍ കിരീടം ഉറപ്പിച്ച ബാഴ്സ ഈ കളി ജയിച്ചാല്‍ റയലിന് UCL കിരീട പോരാട്ടത്തിനു മുന്‍പ് കിട്ടുന്ന ഒരു അടിയായിരിക്കും. നേരെ തിരിച്ചാണെങ്കില്‍ UCL ഫൈനലില്‍ അവരുടെ ആത്മവിശ്വാസം അങ്ങേയറ്റം ഉയരുകയും ചെയ്യും.