2012, നവംബർ 28, ബുധനാഴ്‌ച

ഫ്ലൈറ്റ്‌ ലാന്‍റ് ചെയ്യുമ്പോള്‍....

സുഹൃത്തുക്കളെ, ബൂലോഗത്തേക്ക് വീണ്ടും വന്നിട്ട് രണ്ടു പോസ്റ്റ്‌ ഇട്ടിട്ട് മൂന്നാമത്‌ ഒന്നിടാന്‍ പല കാരണങ്ങള്‍ കൊണ്ടും കുറച്ചു വൈകി.  ഇത്തവണയും ചിത്രങ്ങള്‍ തന്നെ..(സഹിക്കുക..അല്ലെങ്കില്‍ ഓടി രക്ഷപ്പെടുക!).
 
നാട്ടില്‍ വേണ്ടപ്പെട്ടവരെ വിട്ടു പിരിഞ്ഞിട്ടുള്ള ആ ഹാങ്ങ്‌ഓവര്‍ മാറ്റുന്നത് വിമാന ജാലകത്തിലൂടെ പുറത്തേക്ക് നോക്കിയിരുന്നാണ്.  ഒരു പക്ഷെ ജീവിതത്തില്‍ ഏറ്റവും ആത്മാര്‍ഥമായി തന്നെ പടച്ച തമ്പുരാനെ നമ്മള്‍ സ്മരിക്കുന്നതും വേണ്ടപ്പെട്ടവരേയും മറ്റും  ഏറ്റവും കൂടുതല് സ്നേഹിക്കുന്നതും, കിട്ടിയ സ്നേഹത്തെ തിരിച്ചു കൊടുക്കാന്‍ കഴിയാത്തതില്‍ നോമ്പരപ്പെടുന്നതും കിട്ടാത്ത സ്നേഹത്തെക്കുറിച്ച് വ്യാകുലപ്പെടുന്നതും ‍ ആ ഒരു ഇരിപ്പിലായിരിക്കും.  കാരണം മുപ്പത്തി ആറായിരം അടി മുകളില്‍ വെച്ച് എന്തെങ്കിലും സംഭവിച്ചാല്‍......(ഹോ! ആലോചിക്കാനേ പറ്റില്ല..റബ്ബേ കാത്തുകൊള്ളേണമേ...).  ഭൂലോകം (ബ്ലോഗ്‌ ലോകം അല്ല!) ഉണ്ടായത്‌ മുതല്‍ സകല കാര്യങ്ങളെ പറ്റിയും നമ്മള്‍ ആ സമയത്ത് ചിന്തിക്കും.  കാരണം ജീവിതം ഒരു അനിശ്ചിതമായ ഇത്തരം സമയങ്ങളില്‍ നമ്മള്‍ അതൊക്കെ ചിന്തിക്കും.  അല്ലാത്തപ്പോള്‍ ആര്‍ക്കു നേരം!!
 
കത്തി വെച്ച് സമയം കളയുന്നില്ല.  രാത്രി വിമാനം ലാന്‍റ് ചെയ്യുന്ന സമയത്ത് എടുത്ത ചില ചിത്രങ്ങളാണ് ഇവിടെ പോസ്റ്റുന്നത്. ആലോചനയില്‍ നിന്നും ഉണര്‍ന്നത്‌ "നമ്മള്‍ അബുദാബിയില്‍ ലാന്‍റ്‌ ചെയ്യാന്‍ തുടങ്ങുന്നു" എന്ന പൈലറ്റിന്റെ അനൌണ്സ്മെന്റ് കേട്ടിട്ടാണ്.  ജാലകത്തിലൂടെ താഴെ നക്ഷത്രങ്ങള്‍ വാരി വിതറിയ കാഴ്ച.  തിടുക്കത്തില്‍ കാമറ എടുത്തു.  സെറ്റിംഗ്സ് ഒന്നും ശരിയാക്കാതെ ഒറ്റ ക്ലിക്ക്‌....ശ്ശെ! ആകെ മൊത്തം കുളമായീന്നു പറഞ്ഞാല്‍ മതി!  ദാ കണ്ടില്ലേ...
പേടിക്കേണ്ട, വിമാനം തലകീഴായി മറിഞ്ഞതൊന്നുമല്ല.  അല്ലെങ്കിലും ഒരു ചെറിയ കാമറ,  പോരാത്തതിന് സെറ്റിംഗ്സ് ശരിയാക്കിയിട്ടുമില്ല പിന്നെ എങ്ങിനെ പടം ശരിയാവും!!  എന്തായാലും സ്വിച്ചുകളില്‍ കുറച്ചു ഞെക്കി കുത്തി അടുത്ത ക്ലിക്ക്....ഇത്തവണ കുറച്ചു ഭേദപ്പെട്ടു...
 
വീണ്ടും ചില കുത്തിതിരിപ്പുകള്‍ നടത്തി.  അടുത്ത ക്ലിക്ക്‌.  ഇത്തവണ കാര്യങ്ങള്‍ കുറച്ചു കൈപ്പിടിയില്‍ എത്തിയെന്ന് തോന്നുന്നു..
കുറച്ചു നേരത്തെ ശ്രമഫലമായി കൈവിട്ടു എന്ന് കരുതിയതു വീണ്ടെടുത്തു.  ആറു മെഗാപിക്സല്‍ സാധാ കാമറയില്‍ രാത്രി കാഴ്ചകള്‍ ക്ലിക്ക് ചെയ്യുന്നതിന്റെ പരിമിതികള്‍ ഒരു പരിധി വരെയേ അതിജീവിക്കാന്‍ പറ്റൂ..  പിന്നെ സമയം കളഞ്ഞില്ല, ഫ്ലൈറ്റ്‌ നിലം തൊടുന്നതിനു മുന്‍പ്‌ കഴിയുന്നത്ര ക്ലിക്കി...ആ ചിത്രങ്ങള്‍ ഇതാ താഴെ കൊടുക്കുന്നു. 
 
 
 
 
 
 
 
 
ചിത്രങ്ങള്‍ വാക്കുകളേക്കാള്‍ വാചാലമാകും എന്ന് പറയുന്നത് ഇവിടെയും ബാധമാണോ എന്നറിയില്ല.  അതുകൊണ്ട് വെറുതെ അതുമിതും പറഞ്ഞു ബോറടിപ്പിക്കുന്നില്ല..കണ്ടതിനു ശേഷം അഭിപ്രായം അറിയിക്കുമല്ലോ...

2012, നവംബർ 3, ശനിയാഴ്‌ച

വീണ്ടും ചില ചിത്രങ്ങള്‍

വീണ്ടും ചില ചിത്രങ്ങള്‍ നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു.  ഇത്തവണ വീടുപണി സംബന്ധമായ തിരക്കില്‍ പെട്ടതുകൊണ്ട്, ഒരു യാത്ര നടത്താന്‍ പറ്റിയില്ല.  (ഒട്ടും ഉറപ്പില്ലത്തത് കാരണം പ്ലാനിംഗ് ഉണ്ടായില്ല).  എന്നാലും വീണുകിട്ടിയ ചില ഇടവേളകളില്‍ ഞങ്ങള്‍ ചെറായി-അഴീക്കോട്‌ ബീച്ചുകള്‍ കാണാന്‍ പോയി. കുറെ നാളുകള്‍ക്ക് ശേഷമാണു അഴീക്കോട് നിന്നും മുനമ്പത്തേക്ക് പുഴ മുറിച്ചു കടന്നു യാത്ര ചെയ്യുന്നത്.  ജങ്കാര്‍ സര്‍വ്വീസ് തുടങ്ങി എന്ന് പറഞ്ഞിട്ട് ഇതുവരെ കയറിയിട്ടില്ലായിരുന്നു.

ജങ്കാറില്‍ ആളുകളും വാഹനങ്ങളും കയറുന്നതിനിടയില്‍ എടുത്ത ചിത്രം.

ജങ്കാര്‍ പുറപ്പെട്ടു കഴിഞ്ഞ സമയത്ത് എടുത്ത ചിത്രങ്ങള്‍.  ഇവിടെയാണ്‌ ഇക്കഴിഞ്ഞ ദിവസം നാല് യുവാക്കള്‍ കാര്‍ സഹിതം പുഴയില്‍ വീണു മരണമടഞ്ഞത്.

നിലക്കാത്ത ഓളങ്ങള്‍ കീറിമുറിച്ചുകൊണ്ട് പോകുന്ന മീന്‍പിടുത്ത ബോട്ട്.(താഴെ)..

സൂര്യാസ്തമയം കാണുവാനാണ് ഞങ്ങള്‍ ചെറായിക്ക് പോയത്.  തമിഴ്നാട്ടിലെ ഏതോ എന്ജിനീയറിംഗ് കോളേജില്‍ നിന്നുമുള്ള പെണ്‍കുട്ടികള്‍ നാല് ബസ്സുകളിലായി വന്നിരിക്കുന്നു.  അവരുടെ കലപില ശബ്ദങ്ങള്‍ക്കിടയില്‍ ഞങ്ങളും നടന്നു.  ബീച്ചിലെ തിരക്ക് അത്രയൊന്നും ഇല്ല.  സവാരിക്കായി രണ്ടു കുതിരകള്‍ പുതുതായി വന്നതൊഴിച്ചാല്‍ മറ്റു പുതുമകള്‍ ഒന്നും തന്നെ അവിടെ കാണാന്‍ കഴിഞ്ഞില്ല.

തിരക്കുകളില്‍ നിന്നും ഒഴിഞ്ഞു അടുത്തുള്ള ബീച്ചില്‍ വൈകുന്നേരങ്ങളില്‍ വന്നിരുന്നു ജീവിതത്തിന്റെ കഴിഞ്ഞകാലം ഓര്‍ത്തിരിക്കുക എന്നത് ഓരോ അവധിക്കാലത്തും മുടങ്ങാതെ ചെയ്തുപോരുന്ന കാര്യമാണ്.  ചുരുങ്ങിയത് ഒരു പത്തു തവണയെങ്കിലും ഓരോ വര്‍ഷവും പോകാറുള്ള സ്ഥാനത്ത് ഇത്തവണ രണ്ടു തവണ മാത്രമാണ് പോകാന്‍ കഴിഞ്ഞത്.  പടിപടിയായി സൂര്യന്‍ പടിഞ്ഞാറെ ചക്രവാളത്തില്‍ മറയുമ്പോള്‍ ജീവിതത്തിന്റെ അന്ത്യ കാലത്തെയാണ് ഓര്‍മ്മിപ്പിക്കുന്നത്.  ജീവിതത്തില്‍ നമ്മള്‍ എന്ത് നേടി എന്ന് ഓരോ തവണ അസ്തമയം കാണുമ്പോഴും സ്വയം ചോദിക്കാറുണ്ട്.  ഉത്തരം ഒരു ചോദ്യചിഹ്നമാണ്...

പ്രവാസ ജീവിതത്തില്‍ വീണുകിട്ടുന്ന ഇടവേളകളില്‍ അസ്തമയം കാണാന്‍ പോകുന്നത് അബുദാബി കോര്‍ണിഷിലാണ്.  പക്ഷെ നാട്ടിലെ അസ്തമയത്തിന്റെ മാസ്മരികത ഇവിടെ ഇല്ലെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത് (അങ്ങിനെ തോന്നാത്തവര്‍ ദയവായി ക്ഷമിക്കുക!).  മടുപ്പിക്കുന്തോറും നമ്മെ ഇവിടെ തന്നെ പിടിച്ചു നിര്‍ത്തുന്ന ഒന്നാണല്ലോ പ്രവാസം.  തിരകളടങ്ങിയ കടലാണ് ഇവിടെ കണ്ടിട്ടുള്ളത്.  നാട്ടിലെ കടലിന്റെ ഭാവം വേറെയാണല്ലോ.

 ഇത്തവണ അസ്തമയം മുഴുവനായി കാണാന്‍ പറ്റിയില്ല.  മേഘചിന്തുകള്‍ മറച്ചുകളഞ്ഞ അസ്തമയത്തിന്റെ കിട്ടാവുന്ന ചിത്രങ്ങള്‍ ക്യാമറയിലാക്കി ഞങ്ങള്‍ തിരിച്ചു.  മുനമ്പത്ത് എത്തിയ സമയത്ത് തന്നെ ജങ്കാര്‍ പുറപ്പെടാന്‍ തയ്യാറായി നില്‍ക്കുന്നു  ജങ്കാറില്‍ നില്‍ക്കുമ്പോഴും  വാനത്തിലെ ചുവപ്പ് മാഞ്ഞുതീര്‍ന്നിട്ടില്ല.  ക്യാമറയുടെ പരിമിതികള്‍ അറിഞ്ഞുകൊണ്ട് തന്നെ ചില ക്ലിക്കുകള്‍...ചില ഫോട്ടോസ് തീര്‍ത്തും മോശമായി.  അല്ലാതെ കിട്ടിയതില്‍ നല്ലതെന്ന് തോന്നിയവ ഇതാ ഇവിടെ...

ചിത്രങ്ങള്‍ നിങ്ങള്‍ക്ക് ഇഷ്ടമാകും എന്നുതന്നെ കരുതുന്നു.  അഭിപ്രായങ്ങള്‍ കമന്റുകളായി അറിയിക്കുക.

2012, നവംബർ 1, വ്യാഴാഴ്‌ച

കഥയറിയാതെ...

ഇക്കഴിഞ്ഞ ഇരുപത്തി എഴാംതിയതി നാട്ടില്‍ നിന്നും പോരാന്‍ ഒമാന്‍ എയര്‍ ഫ്ലൈറ്റില്‍ ഇരിക്കുമ്പോള്‍ കണ്ട ദൃശ്യം...


ഒരിടവേളക്ക് ശേഷം ബ്ലോഗ്‌ ലോകത്തേക്ക് തിരിച്ചു വന്നിരിക്കുകയാണ്..നിങ്ങളുടെ പ്രോത്സാഹനങ്ങള്‍ പ്രതീക്ഷിക്കുന്നു.