2014, ഏപ്രിൽ 24, വ്യാഴാഴ്‌ച

ഞാന്‍ കണ്ട സിനിമ - പുണ്യാളന്‍ അഗര്‍ബത്തീസ്

തൃശൂര്‍ക്കാരന്‍  ജോയ് താക്കോല്‍ക്കാരന്‍ (ജയസൂര്യ) എന്ന യുവ സംരഭകന്റെ കഥ.  കഥ നടക്കുന്നത് തൃശൂര്‍ തന്നെ.  ആനപിണ്ടത്തില്‍ നിന്നും സുഗന്ധം പരത്തുന്ന ചന്ദനത്തിരി ഉണ്ടാക്കുന്ന ബിസിനസ് തുടങ്ങിയ നായകന്‍ അതിനു വേണ്ട അസംസ്കൃത വസ്തു (ആനപിണ്ടം) നല്‍കാമെന്നു ഏറ്റിരുന്ന ദേവസ്വം വാക്ക് മാറിയതിലൂടെ ഉണ്ടായ പ്രതിസന്ധി തരണം ചെയ്യാനുള്ള തത്രപ്പാടിനിടയില്‍ പുതിയ പ്രതിസന്ധികളും വെല്ലുവിളികളും അയാളുടെ ജീവിതത്തിലേക്ക് കടന്നു വരികയാണ്.  അവ തരണം ചെയ്യാന്‍ ജോയ് സ്വീകരിക്കുന്ന ചില "തരികിട" വഴികള്‍ വിപരീതഫലവും ചെയ്യുന്നു.  കേരളത്തില്‍ ജീവിക്കുന്ന ഒരു സാധാരണക്കാരന്റെ ജീവിതത്തിലെ ഒഴിച്ചുകൂടാന്‍ പറ്റാത്ത സംഭവ്യമായ  ചിലകാര്യങ്ങള്‍ - ഹര്‍ത്താല്‍, മറ്റു ജീവിത പ്രാരബ്ധങ്ങള്‍, കേസ്, കോടതി, ജപ്തി നോട്ടീസ്  - ഇവയൊക്കെ വളരെ രസകരമായി ഒരു പരിധി വരെ ഈ ചിത്രത്തില്‍ സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍ കോറിയിടുന്നു.  തൃശൂര്‍ പെരുമ വിളിച്ചറിയിക്കുന്ന ഒരു ഗാനത്തോടെ തുടങ്ങുന്ന ചിത്രം അവസാനിക്കുമ്പോള്‍ മോശമല്ലാത്ത ഒരു സിനിമ കണ്ട ഫീല്‍ പ്രേക്ഷകരില്‍ ഉണ്ടാക്കുന്നുണ്ട്.  നാടന്‍ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന സത്യന്‍ അന്തിക്കാട് പോലുള്ള പ്രതിഭാധനര്‍ക്ക്പോലും ചുവടുകള്‍ പിഴക്കുമ്പോള്‍ രഞ്ജിത്ത് ശങ്കര്‍ പോലെയുള്ള ആളുകള്‍ ചുവടുറപ്പിക്കുന്നത് ആശാവഹമാണ്‌.

വിദ്യാസമ്പന്നനായ ജോയിക്ക് ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളില്‍ ആകെ ഒരു പകപ്പാണ്.  ആവശ്യവും അനാവശ്യവുമായ ടെന്‍ഷന്‍.  മൊബൈല്‍ കമ്പനി ജീവനക്കാരിയായ ഭാര്യ അനുവും (നൈല) വലിയ വ്യത്യാസമൊന്നുമില്ല.  ജോയിയുടെ വാലായി ഗ്രീനു (അജു വര്‍ഗ്ഗീസ്) സന്തോഷത്തിലും പ്രതിസന്ധികളിലും കൂടെയുണ്ട്.  എന്നാല്‍ കഥാപാത്രങ്ങളില്‍ വളരെ വ്യത്യസ്തമായി തകര്‍ത്തഭിനയിച്ചത് ശ്രീജിത്ത് രവിയാണ്.  അന്നാഹസാരെ ലൈനില്‍ ഒരു സത്യാഗ്രഹിയായി ടി.ജി. രവിയും (മാഷ്) ഈ സിനിമയില്‍ ഉണ്ട്. 

മോഹന്‍ലാല്‍ അഭിനയിച്ച മിഥുനം സിനിമയില്‍ ഒരു ബിസ്കറ്റ് കമ്പനി തുടങ്ങാന്‍ ഇറങ്ങിത്തിരിക്കുന്ന നായകന് നേരിടേണ്ടിവരുന്ന ബ്യൂറോക്രാറ്റിക്ക് പ്രശ്നങ്ങളാണ് പറഞ്ഞതെങ്കില്‍ അതിനോട് ചേര്‍ന്ന് നില്‍ക്കുന്നു എന്ന് തോന്നുമെങ്കിലും അല്‍പ്പം കൂടി വ്യത്യസ്തമായ ഒരു തലമാണ് പുണ്യാളന്‍ നമുക്ക് നല്‍കുന്നത്.  തീം, പിന്നെ ലൊക്കേഷന്‍, കാസ്റ്റിംഗ് എല്ലാം മേന്മ പുലര്‍ത്തുന്നു.  സുനില്‍ സുഗദ (ജഡ്ജി), രചന നാരായണന്‍കുട്ടി (അഡ്വ. സായി), ഇടവേള ബാബു (കെ.സി.), ശിവജി ഗുരുവായൂര്‍ (വക്കീല്‍), ഗ്രീനു (അജു വര്‍ഗ്ഗീസ്), തുത്തുരു തുമ്പി-അഭയകുമാര്‍  (ശ്രീജിത്ത് രവി), ആന പപ്പാന്‍ അയ്യപ്പന്‍ (മാള അരവിന്ദന്‍), അപ്പാപ്പന്‍ (ഇന്നസെന്റ്), ജോലിയെടുക്കാതെ Angry Birds കളിച്ചിരിക്കുന്ന രണ്ടു തൊഴിലാളികള്‍, കെ.സി.യുമായി ചുറ്റിക്കളി നടത്തുന്ന പൊന്നമ്മ ബാബുവിന്റെ കഥാപാത്രം തുടങ്ങി വെറും രണ്ടു സീനില്‍ വന്നുപോകുന്ന സുധീര്‍ കരമന (പാര്‍ട്ടി ലീഡര്‍ കൊല്ലൂര്‍ ജയപ്രകാശ്), കാട്ടാളന്‍ ജോസ് (ജയരാജ് വാര്യര്‍), ദേവസ്വം പ്രസിടണ്ട്, എല്ലാവരും തങ്ങളുടെ റോള്‍ ഭംഗിയാക്കി.  അല്‍പ്പം കല്ലുകടി തോന്നിയത് ജോയ് തക്കൊല്‍ക്കാരന്റെ ഭാര്യാ റോളില്‍ വന്ന നൈലയുടെ അഭിനയമാണ്. കാര്യമായി ഒന്നും ചെയ്യാന്‍ നൈലക്കായില്ല!

സംഭാഷണങ്ങളിലെ തൃശൂര്‍ ശൈലി നല്ല സുഖം നല്‍കുന്നു. "മൊതലാളി" എന്ന വിളി  പലരും പല വിധത്തില്‍ വിളിക്കുന്നത് ഈ സിനിമയുടെ മറ്റൊരു ഹൈലൈറ്റാണ് -  അഭയയകുമാര്‍, പിന്നെ കമ്പനിയിലെ തൊഴിലാളില്കള്‍. ആത്മവിശ്വാസവും കഠിനാധ്വാനവും കൊണ്ട് ഏത് പ്രതിസന്ധിയും കുറച്ചു സമയമെടുതിട്ടായാലും നമുക്ക് തരണംചെയ്യുവാന്‍ കഴിയും എന്ന് വളരെ വ്യക്ത്മായി ഈ സിനിമ കാണിച്ചു തരുന്നു.  അവസാനം കഥാഗതിയില്‍ വരുന്ന "ട്വിസ്റ്റ്‌" അല്‍പ്പം വ്യത്യസ്തത പുലര്‍ത്തുന്നു.  ടൈറ്റില്‍ ഗാനവും അതിന്‍റെ ചിത്രീകരണവും നല്ല മികവു പുലര്‍ത്തി.  അടുത്ത ഗാനം "ആശിച്ചവനാകാശത്ത് നിന്ന് ഒരാനേ കിട്ടി" പിന്നീടും നമ്മള്‍ ഒന്ന് മൂളിയെക്കാം!

 കൂടുതല്‍ ചിരി നമ്മളില്‍ ഉണ്ടാക്കുന്നത് ഇതിലെ കോടതി സീനുകളാണ്. എയര്പിടിചിരുന്നുള്ള കോടതി സീനുകളില്‍നിന്നും വ്യത്യസ്തമായി വളരെ റിലാക്സ് ആയി ഇരുന്നു അവ നമുക്ക് കാണാം.   സുനില്‍ സുഗദ സ്കോര്‍ ചെയ്യുന്നത്ന്യൂ ഇവിടെയാണ്‌. ജനറേഷന്‍ എന്ന പേരില്‍ കാട്ടുന്ന വളിപ്പുകളോ, പഴയകാല സിനിമകളുടെ മുഖമുദ്രകാളായ കൊലവിളി, പ്രതികാരം ഇവയൊന്നും ഇല്ലാതെ കുടുംബസമേതം കണ്ടിരിക്കാവുന്ന ഒരു നല്ല സിനിമ. അത്ര മാത്രം കുറിക്കട്ടെ!

പടം തീരുമ്പോള്‍ എഴുതിക്കാണിക്കുന്ന വാചകം - "ആത്മവിശ്വാസം ണ്ടായാ മതീട്ടാ...പിന്നെ ഈ ലോകം മ്മടെ കയ്യ്ലാ". എനിക്കിഷ്ടപ്പെട്ടു.

ആത്മഗതം: ചെറുപ്പത്തില്‍ കല്യാണം കഴിക്കാനുള്ള കാരണം ജോയ്  ഗ്രീനുവിനോട് വിശദീകരിക്കുന്ന ഒരു രംഗമുണ്ട് ഇതില്‍.  --- ഫയങ്കരം! എന്നേ അതിനെ പറയാനാകൂ!

എന്‍റെ റേറ്റിംഗ്: 8/10

2014, ഏപ്രിൽ 22, ചൊവ്വാഴ്ച

നാം നമ്മോട് ചെയ്യുന്നത്!

കുട്ടികള്‍ ഒരു രാജ്യത്തിന്‍റെ സ്വത്താണ്, അതിന്‍റെ  ഭാവിയാണ്.  കുടുംബാന്തരീക്ഷത്തിലെ ചായപ്പകര്‍ച്ചകള്‍ കുട്ടികളുടെ സ്വഭാവരൂപീകരണത്തിന് ചെറുതല്ലാത്ത പങ്കാണ് വഹിക്കുന്നത്. ചെറുപ്പത്തിലേ പിടികൂടി പ്രത്യയശാസ്ത്രപരമായ മസ്തിഷ്ക പ്രക്ഷാളനം (BRAIN WASH) നടത്തുവാന്‍ ഒരുപാട് ശ്രമങ്ങള്‍ പണ്ട് നടന്നത്  ചരിത്രം രേഖപ്പെടുത്തിയതും ഇന്ന് നടക്കുന്നത്  നമ്മുടെ വര്‍ത്തമാന കാലത്തിലേക്കും  ഭാവിയിലേക്കും ഉള്ള ചൂണ്ടു പലകയാണ്.  

ഇത്രയും ആമുഖമായി എഴുതാന്‍ കാരണം ഈയിടെ വാര്‍ത്തകളില്‍ വരുന്ന ചില സംഭവങ്ങളാണ്.  മനുഷ്യന്‍ ഒരു സാമൂഹിക ജീവിയാണെന്ന് ചെറിയ ക്ലാസ്സുകള്‍ മുതല്‍ നമ്മള്‍ പഠിക്കുന്നു.  പക്ഷെ എല്ലാം ഒരു ചെവിയിലൂടെ കേട്ട് മറ്റേ ചെവിയിലൂടെ പുറത്തു പോകുന്നു.  അടുത്ത ആഴ്ചകളിലായി കുടുംബപരമായ പല അസ്വസ്ഥതകളും കൊടുംകൊലപാതകങ്ങളില്‍ ചെന്നെത്തുന്ന പല വാര്‍ത്തകളും നമ്മളിലേക്ക് വന്നെത്തുന്നു.  ഇവയില്‍ മിക്കവയും ബാധിക്കുന്നത് കുട്ടികളെയാണ്.  മാതാപിതാക്കള്‍ ചെയ്യുന്ന അല്ലെങ്കില്‍ ചെയ്യാന്‍ നിര്‍ബന്ധിതമാകുന്ന തെറ്റുകള്‍ക്ക് കുട്ടികള്‍ ഇരകളാകുന്ന സ്ഥിതി!  മാതാപിതാക്കള്‍ അങ്ങിനെ പ്രവര്‍ത്തിക്കുന്നതിനുള്ള കാരണങ്ങള്‍ ഇവിടെ ചികയുന്നില്ല.  പക്ഷെ, സ്വന്തം കണ്മുന്നില്‍ ഒരു കൊലപാതകം നടക്കുമ്പോള്‍ ആ സംഭവം ആ കുട്ടികളില്‍ ഉണ്ടാക്കുന്ന പ്രത്യാഘാതത്തെ കുറിച്ച് നമ്മള്‍ ചിന്തിക്കുന്നുണ്ടോ?! കണ്മുന്നില്‍ വെച്ച് അമ്മയോ, അച്ഛനോ അല്ലെങ്കില്‍ മറ്റാരെങ്കിലുമോ ആക്രമിക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്യുമ്പോള്‍ കുട്ടിമനസ്സുകളില്‍ ഉണ്ടാകുന്ന വികാരവിചാരങ്ങളെയും മന:സംഘര്‍ഷങ്ങളെയും പറ്റി നമ്മള്‍ വ്യാകുലപ്പെടെണ്ടിയിരിക്കുന്നു.


മുതിര്‍ന്നവര്‍ നേരിടേണ്ടി വരുന്ന നിര്‍ഭാഗ്യകരമായ സംഭവങ്ങളില്‍ നിന്നും ഒരുപരിധിവരെ അവരില്‍ പലരും അതിജീവനം എളുപ്പം കൈവരിക്കുന്നു. ഭാവിയിലേക്ക് വാഗ്ദാനങ്ങളായി മാറേണ്ട നമ്മുടെ കുട്ടികള്‍ ഇത്തരം സംഭവങ്ങള്‍ക്ക് ദൃസാക്ഷികളാകുമ്പോള്‍ അതിന്‍റെ ആഘാതം വര്‍ഷങ്ങളോളം ആ മനസ്സുകളില്‍ കുടിയിരുത്തപ്പെടും.  അതുവഴി ആ കുട്ടികള്‍ നേടേണ്ട വിദ്യയും അവര്‍ക്ക് കൈവരിക്കേണ്ട ജീവിത നേട്ടങ്ങളും ഇല്ലാതാകുകയാണ് ചെയ്യുന്നത്.  അവരില്‍ പലരും ഇത്തരം സംഭവങ്ങളിലൂടെ അനാഥരാക്കപ്പെടുകയോ അല്ലെങ്കില്‍ സമൂഹത്തിലെ മുഖ്യധാരയില്‍ നിന്നും അകറ്റി നിര്‍ത്തപ്പെടുകയോ ചെന്നെത്തിപ്പെടാന്‍ പാടില്ലാത്തതായ പരിതസ്ഥിതികളില്‍ അകപ്പെടുകയോ ചെയ്യുന്നു.  നിയമങ്ങള്‍ക്ക് ഒരു പഞ്ഞവുമില്ലാത്ത നമ്മുടെ നാട്ടില്‍ കുട്ടികളെ സംരക്ഷിക്കാനും കാണും ചിലതൊക്കെ, എന്നാല്‍ അത് പാലിക്കാന്‍ എല്ലാവരും വിമുഖത കാട്ടുകയാണ്.

ഇതുപോലെ സമൂഹത്തില്‍ നിന്നും തങ്ങളുടെതല്ലാത്ത കാരണങ്ങളാല്‍ അന്യരാവുന്ന കുട്ടികളെ തിരികെ നമ്മുടെ ഇടയിലേക്ക് കൊണ്ടുവരാന്‍ ഉള്ള ശ്രമം നടക്കുന്നുണ്ടോ? ഇല്ല എന്നാണു ലളിതമായ ഉത്തരം!  തങ്ങളുടെ കുടുംബത്തില്‍ ഉണ്ടാകുന്ന നിര്‍ഭാഗ്യകരമായ സംഭവങ്ങള്‍ കുടുംബത്തെ തന്നെ തകര്‍ത്തെറിയുമ്പോള്‍ ഈ കുട്ടികള്‍ എവിടേക്ക് പോകുന്നു എന്ന് അന്വേഷിക്കുവാന്‍ നമ്മള്‍ തയ്യാറാവണം.  അങ്ങിനെ നമുക്കിടയില്‍ നിന്നും അന്യരാക്കപ്പെടുന്നവരെ കണ്ടെത്തി അവര്‍ക്ക് ആവശ്യമായ കൌണ്സിലിംഗ്, വിദ്യാഭ്യാസം എന്നിവയൊക്കെ നല്‍കി അവരുടെ കൂടെ നമ്മള്‍ ഉണ്ടെന്നുള്ള അല്ലെങ്കില്‍ അവരും നമ്മളിലുള്ളവര്‍ തന്നെ എന്ന ബോധം സൃഷ്ടിക്കേണ്ടത് ഓരോ പൌരന്മാരുടെയും അവരെ ഭരിക്കുന്ന ഭരണകൂടങ്ങളുടെയും കടമ എന്നതിലുപരി ഒരു ബാധ്യതയാണ്.

ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ മീഡിയകള്‍ ഇത്തരം വിഷയങ്ങളില്‍ ഇടപെടുന്നത് വളരെ നല്ല ഒരു കാര്യമാണ്.  പക്ഷെ അത് പലപ്പോഴും ചില ബന്ധപ്പെട്ട കുടുംബങ്ങളുടെ അടുക്കളപ്പുറത്ത് നടന്ന പൈങ്കിളി സംഭവങ്ങളിലേക്കാണ് സഞ്ചരിക്കുന്നത്.  അതിന്‍റെ പൊടിപ്പും തൊങ്ങലും വെച്ച പോസ്റ്റുകള്‍ കൊണ്ടും അതിനു കിട്ടുന്ന ലൈക്കും കമന്റും കൊണ്ട്  ഫേസ്ബുക്ക് പേജുകളും ചുമരുകളും വൃത്തികേടാവുന്നതില്‍ നമുക്കുള്ള ഉത്തരവാദിത്തം നിഷേധിക്കാന്‍ സാധ്യമല്ല.

നമ്മുടെ നാട്ടില്‍ സംഭവിക്കുന്ന ഓരോ കാര്യത്തിനും വിദേശ രാജ്യങ്ങളിലെ അനുകരണീയ മാതൃകകള്‍   ചൂണ്ടിക്കാട്ടി ദേ അങ്ങോട്ട്‌ നോക്കൂ.. എന്നൊക്കെ ഓരോ അവസരത്തിലും ആവേശംകൊള്ളുമ്പോള്‍ ഈ വിഷയത്തില്‍ അവയില്‍ ചിലത് സ്വീകരിച്ചിരിക്കുന്ന നിയമ സംവിധാനങ്ങള്‍ നമ്മള്‍ക്കും അനുകരണീയമാണ്.  കുട്ടികള്‍ക്കും മുതിര്‍ന്ന പൌരന്മാരുടെതിനു ഏതാണ്ട് തുല്യമായ അവകാശങ്ങളും അവ നിഷേധിക്കപ്പെട്ടാല്‍ പരാതിപ്പെടാനുള്ള സംവിധാനവും ഒക്കെ അവിടെ ഉണ്ട്.  ചില രാജ്യങ്ങളില്‍ മാതാപിതാക്കള്‍ വഴക്ക് പറഞ്ഞാല്‍പോലും കുട്ടികള്‍ക്ക് പരാതിപ്പെടാന്‍ വകുപ്പുണ്ടെന്നാണ്‌ കേള്‍ക്കുന്നത്! നമ്മുടെ ഇടയില്‍ ബാല-ബാലികാ (ലൈംഗിക) പീഡനത്തിനു വിധേയരായാല്‍  സമയത്ത് പരാതിപ്പെടാനും നടപടി എടുക്കാനും ഒക്കെ വര്‍ത്തമാനകാലത്ത് സംവിധാനമുണ്ടെങ്കിലും ഇതുപോലുള്ള കുടുംബത്തിലെ സംഘര്‍ഷങ്ങളില്‍ ഇരയാക്കപ്പെടുന്ന കുട്ടികള്‍ക്ക് യാതൊരു സംരക്ഷണവും കിട്ടുന്നില്ല എന്നുള്ളതാണ് സത്യം! സ്കൂളുകളിലെ പി.ടി.എ. പിന്നെ  അയല്‍ക്കൂട്ടം പോലെയുള്ള സാമൂഹിക കൂട്ടായ്മകള്‍  അതുപോലെ നല്ല പ്രവര്‍ത്തനം കാഴ്ചവെക്കുന്ന ക്ലബ്ബുകളും മറ്റു സന്നദ്ധ സംഘടനകളും ഇതിനുവേണ്ടി മുന്നിട്ടിറങ്ങണം.   എന്നിട്ട് ആ കുട്ടികളുടെ പുനരധിവാസം, പഠനം തുടങ്ങിയ ചെലവുകള്‍ ഏറ്റെടുക്കണം,  പറ്റില്ലെങ്കില്‍ അതിനു കഴിയുന്ന സ്പോണ്‍സര്‍മാരെ കണ്ടെത്തണം.  സര്‍ക്കാരിന്‍റെ കൈയ്യില്‍ പണമില്ല! എന്നുള്ള പല്ലവി ആവര്‍ത്തിക്കും എന്നുള്ളതുകൊണ്ട് ആ വഴിക്ക് ചിന്തിക്കേണ്ട.  പക്ഷെ ആവശ്യമായ നിയമങ്ങള്‍ ഉണ്ടാക്കി അത് കര്‍ശനമായി നടപ്പാക്കാനുള്ള ഒരു ചട്ടക്കൂട് ഉണ്ടാക്കാനുള്ള ഉത്തരവാദിത്തത്തില്‍നിന്നും ഒഴിഞ്ഞുമാറുവാന്‍ നമ്മള്‍ ഭരണകൂടത്തെ അനുവദിക്കുകയും ചെയ്യരുത്.

സ്വാര്‍ത്ഥ താല്‍പര്യങ്ങളുടെ പുറകേ ഓടിനടക്കുന്ന നമുക്ക് ഇനിയെങ്കിലും ഈ വിഷയത്തെപ്പറ്റി ചിന്തിക്കാന്‍ കുറച്ചെങ്കിലും സമയം കണ്ടെത്തണം.  കുട്ടികള്‍ നമ്മുടെ രാജ്യത്തിന്‍റെ സ്വത്താണ്.  അവരിലാണ് നമ്മുടെ രാജ്യത്തിന്‍റെ ഭാവി.  ഒരിക്കല്‍ക്കൂടി ഈ ചിന്ത നമ്മുടെ മനസ്സുകളില്‍ അരക്കിട്ട് ഉറപ്പിക്കാം നമുക്ക്.

2014, ഏപ്രിൽ 6, ഞായറാഴ്‌ച

ഞാന്‍ കണ്ട സിനിമ - ഫിലിപ്സ് ആന്‍ഡ്‌ ദ മങ്കി പെന്‍

 ഫിലിപ്സ് ആന്‍ഡ്‌ ദ മങ്കി പെന്‍
യാതൊരു മുന്‍ധാരണയും ഇല്ലാതെയാണ് ഈ സിനിമ കാണാനിരുന്നത്.  സാധാരണ സിനിമകളുടെ കഥാഗതി ഏകദേശം ഒക്കെ അറിയാറുണ്ട്.  എന്നാല്‍ ഇത് കുട്ടികളുമായി ബന്ധപ്പെട്ട ഒരു സിനിമയാണ് എന്ന് മാത്രം ഒരു ഏകദേശ ഐഡിയ കൈമുതലായിട്ടുണ്ടായിരുന്നു താനും.

മിശ്രവിവാഹിതരായ ദമ്പതികളുടെ ഏക മകന്‍ റയാന്‍ ഫിലിപ്പ് (സനൂപ് സന്തോഷ്‌), അവന്‍റെ അച്ഛന്‍ റോയ് ഫിലിപ്പ് (ജയസൂര്യ) ഉമ്മ സമീറ റോയ് (രമ്യ നമ്പീശന്‍).  പക്വതയില്ലാത്ത പ്രായത്തില്‍ പ്രണയിച്ച് വിവാഹിതരായ ദമ്പതിമാര്‍.  റയാന്‍ ഫിലിപ്പ് സ്കൂളിലെ അല്‍പ്പസ്വല്‍പ്പം കുരുത്തക്കേട് ഒക്കെയുള്ള കൂട്ടത്തിലാണ്.  ക്ലാസ്സിലെ അദ്ധ്യാപകന്‍ ഒരു പിന്തിരിപ്പന്‍ മൂരാച്ചിയാണ് -പപ്പന്‍ മാഷ്‌ (സിനിമയുടെ നിര്‍മ്മാതാക്കളില്‍ ഒരാളായ വിജയ്‌ ബാബു).  കുട്ടികളോട് എങ്ങിനെ പെരുമാറണം എന്നറിയാത്ത ഒരു അവതാരം.  റയാന്‍ ഫിലിപ്പിന് കണക്ക് എന്ന് കേള്‍ക്കുമ്പോഴേക്കും മുള്ളാന്‍ മുട്ടും.  അതിനോടനുബന്ധിച് ഒരു വിളിപ്പേരും അവനു കിട്ടിയിട്ടുണ്ട്.  കപ്പിത്താനായ അപ്പാപ്പന്റെ (ജോയ് മാത്യു) കൈയില്‍ നിന്നും കിട്ടിയ മങ്കിപെന്നും പിന്നെ ഇന്നസെന്റു അവതരിപ്പിക്കുന്ന ദൈവവും കൂടി അവനെ കണക്ക് ഹോംവര്‍ക്ക് ചെയ്ത് കൊടുക്കുന്നതും പിന്നെ അവനിലെ കഴിവുകളും മറ്റും പുറത്തുകൊണ്ടുവരുന്നതുമാണ് കഥ.

ഒരു പെണ്‍കുട്ടി പ്രണയിനിയായി ഉണ്ടായാല്‍ സ്ഥിരമായി ഹോംവര്‍ക്ക് ചെയ്യാന്‍ ആളായി! എന്നുള്ള ഒരു സൂത്രവാക്യം ഈ സിനിമ ഉല്‍പ്പാദിപ്പിച്ചു വിടുന്നുണ്ട്.  അതിനായി പരതുന്ന  റയാന്‍ ഫിലിപ്പിന്റെ കണ്ണില്‍ ജുവാന്‍ (ദിയ) എന്ന കുട്ടിയാണ് ഉടക്കി നില്‍ക്കുന്നത്.  അവള്‍ക്ക് അവനെ കാര്യവുമല്ല.

മങ്കി പേനയുടെ പിന്നിലുള്ള കഥയും ഇതില്‍ പറയുന്നുണ്ട്.  കൊച്ചിയില്‍ പണ്ട് വെല്ലിംഗ്ടന്‍ ഐലന്റ് ഉണ്ടാക്കിയ കഥയാണ് അത്.  വെള്ളക്കാരുടെ വംശീയതാ മനോഭാവത്തിന്റെ ചില സ്ഫുരണങ്ങള്‍ ആ കഥപറയുന്ന രംഗങ്ങളില്‍ ഇല്ലേ എന്ന് നമുക്ക് തോന്നിയാല്‍ തെറ്റില്ല.  കുട്ടികളുടെ കാര്യത്തില്‍ മാതാപിതാക്കളും അധ്യാപകരും സ്വീകരിക്കുന്ന അനാരോഗ്യപരമായ ചില നിലപാടുകളെ ഈ ചിത്രം പലയിടത്തും കോറിയിടുന്നുണ്ട്.  (കാണുന്ന പലര്‍ക്കും അത് പലവിധത്തില്‍ തോന്നാം).

ലക്ഷ്യത്തിലേക്കുള്ള മാര്‍ഗ്ഗമല്ല, ലക്ഷ്യമാണ്‌ പ്രധാനം എന്ന് ഈ ചിത്രം വിളിച്ചു പറയുന്നുണ്ട്.  കുട്ടിക്കാലത്ത് ചെയ്യുന്നത് "സ്മാര്‍ട്ട്നെസ്സ്" എന്ന പേരിട്ടു വിളിക്കുന്ന പലതും എത്രത്തോളം ആ കുട്ടിയില്‍ പില്‍ക്കാലത്ത് സ്വാധീനം ചെലുത്തും എന്ന് ചിന്തിക്കേണ്ടതാണ്.  തെറ്റായ ഒരു പ്രവൃത്തിയെ ന്യായീകരിക്കാനോ മറച്ചുപിടിക്കാണോ ശ്രമിക്കുമ്പോള്‍ ചെയ്യുന്ന കാര്യങ്ങള്‍..ഇതെല്ലാം നമ്മള്‍ പ്രേക്ഷകര്‍ ചിന്താവിഷയമാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.  കുട്ടികളാണ് ശരിക്കും ഒരു രാഷ്ട്രത്തിന്റെ സ്വത്ത്.  ഇന്നത്തെ കുട്ടികള്‍ വളരുമ്പോള്‍ അവരുള്‍പ്പെട്ട കുടുംബമായും ആ കുടുംബം സമൂഹമായും (സമുദായമായും) ഒരു രാജ്യമായും ഒക്കെ മാറുന്നത് ശരിയായ ദിശയിലല്ലെങ്കില്‍ കുഴപ്പമാണ്.  കുട്ടികളെ എങ്ങിനെ വളര്‍ത്തണം എന്ന ചിന്തക്ക് ഈ സിനിമ ഒരു പ്രചോദനമാകുമോ എന്നൊന്നും ഞാന്‍ പറയുന്നില്ല.  പക്ഷെ ഇത് കാണുന്നവര്‍ ശരിക്കും "കണ്ണുകള്‍ തുറന്നു പിടിച്ചു" തന്നെ കാണണം.  സാധാരണ വാണിജ്യ സിനിമകളിലെ രചയിതാവിന്റെയും സംവിധായകന്റെയും നായകന്റെയും കണ്ണുകളില്‍ കൂടി നമ്മള്‍ കാണാന്‍ ശ്രമിക്കരുത്.

ഇതിലെ അഭിനയം - റയാന്‍ ഫിലിപ്പിന്റെ മാത്രം സ്വന്തം!  ബാക്കിയുള്ളവര്‍ അഭിനയിച്ചില്ല എന്ന് പറയുന്നില്ല.  തങ്ങളുടെ ഭാഗം ഓരോരുത്തരും ഭംഗിയാക്കി.  പക്ഷെ ഈ കുട്ടി ഫീല്‍ഡില്‍ തന്നെ ഉണ്ടെങ്കില്‍ ഭാവിവാഗ്ദാനമാണ് എന്ന കാര്യത്തില്‍ സംശയം ഒട്ടും വേണ്ട. എല്ലാവരും കണ്ടിരിക്കേണ്ട ഒരു സിനിമയാണ്.  കുട്ടികളും, മാതാപിതാക്കളും പിന്നെ അധ്യാപകരും എല്ലാം..  കണ്ടതിനു ശേഷം നമ്മുടെതായ ഭാഗത്ത് നിന്ന് കൊണ്ട് വേണം ഇതിനെ വിലയിരുത്താന്‍.  അത് നിങ്ങള്‍ക്ക് വിടുന്നു.

എന്‍റെ റേറ്റിംഗ്. 8/10

ഈ പോസ്റ്റിനു പ്രത്യേക കടപ്പാട് : ബ്ലോഗ്‌ രംഗത്തെ രണ്ടു പുലികള്‍ക്ക്
1) ശ്രീ. രാകേഷ് മനോഹരന്‍ - http://www.movieholicviews.blogspot.in
2) ശ്രീ. ഫൈസല്‍ ബാബു - http://www.oorkkadavu.blogspot.ae

2014, ഏപ്രിൽ 3, വ്യാഴാഴ്‌ച

ഞാന്‍ കണ്ട സിനിമകള്‍ (ഗ്രാവിറ്റി, ഒരു ഇന്ത്യന്‍ പ്രണയകഥ)

ഗ്രാവിറ്റി
ഒരു ഫിക്ഷന്‍ കഥ! എന്ന് പറയാവുന്ന സിനിമയാണ് ഗ്രാവിറ്റി.  പ്രതീക്ഷിച്ച അത്ര ഇല്ല എങ്കിലും കണ്ടിരിക്കാം.  റയാന്‍ സ്റ്റോണ്‍  എന്ന സാന്ദ്ര ബുള്ളക്ക് (ഇതിലെ നായിക.  അല്ലാതെ സാന്ദ്ര എന്ന പേരുള്ള കാളയല്ല!) മാറ്റ് കൊവല്‍സ്കി (ജോര്‍ജ്ജ് ക്ലൂണി) എന്നിവര്‍ ചേര്‍ന്ന് നടത്തുന്ന ഒരു ബഹിരാകാശ ദൌത്യം.  സ്പെയ്സ് വാക്ക് ചെയ്യുന്നതിനിടയില്‍ ഒരു റഷ്യന്‍ മിസൈല്‍ ഇതുമായി ബന്ധപ്പെട്ട ഒരു ഉപഗ്രഹത്തില്‍ കൊണ്ടത് കാരണം അവരുടെ ദൌത്യത്തിന് തടസ്സം നേരിടുകയും ശൂന്യാകാശത്തെ പാഴ്വസ്തുക്കള്‍ പലതും തങ്ങളുടെ സ്റ്റേഷന് നേരെ പാഞ്ഞുവന്നു അതിനെ തകരാറിലാക്കുകയും ചെയ്യുന്നു.  താമസിയാതെ ഭൂമിയുമായുള്ള ബന്ധം അവര്‍ക്ക് നഷ്ടപ്പെടുന്നു. 

പിന്നീട് മാറ്റും, റയാനും അടുത്തുള്ള ഒരു ചൈനീസ് സ്പെയ്സ് സ്റ്റെഷനിലെക്ക് എത്തിപ്പെടാന്‍ ശ്രമിക്കുന്നു എങ്കിലും ഒരു അനിവാര്യമായ സന്ദര്‍ഭത്തില്‍ മാറ്റ്  നിയന്ത്രണം വിടുവിച്ചു റയാനില്‍ നിന്ന് അനന്തതയിലേക്ക് അകന്നു പോകുന്നു.  ഒറ്റക്കാവുന്ന റയാന്‍ മിഷന്‍ കണ്ട്രോളുമായി അറ്റുപോയ ബന്ധം പുനസ്ഥാപിക്കാനും  തിരികെ ഭൂമിയിലെത്താനും നടത്തുന്ന ഒറ്റയാള്‍ ശ്രമങ്ങളാണ് ചിത്രത്തില്‍ കാണിച്ചിരിക്കുന്നത്.
ബഹിരാകാശ ദൌത്യം എന്നുള്ളത് നമ്മള്‍ കേട്ടിട്ടേയുള്ളൂ എങ്കിലും ഇതിലെ സെറ്റും, ഗുരുത്വകര്‍ഷണ ബലമില്ലാത്ത അവസ്ഥ (സീറോ ഗ്രാവിറ്റി) ചിത്രീകരിചിരിക്കുന്നതും ഒക്കെ കിടിലനായി തന്നെ.  പക്ഷെ എന്തൊക്കെയോ ചില അപാകതകള്‍ ഇല്ലേ എന്ന് ഒരു സംശയം!  നമുക്കിടയില്‍ ആ വഴി പോയ ആരെങ്കിലും ഉണ്ടായിരുന്നു എങ്കില്‍ സംശയം തീര്‍ക്കാമായിരുന്നു!  (വിമാനത്തിലും കപ്പലിലും ഒക്കെയുള്ള സംഗതിയായിരുന്നു എങ്കില്‍ നമുക്ക് വിശ്വസിക്കാം.  ഇതിപ്പോ..!!!!!).  ചുരുക്കി പറയാം എനിക്ക് അത്രക്കങ്ങ്‌ ഇഷ്ടപ്പെട്ടില്ല. (3-D ഫോര്‍മാറ്റില്‍ കാണാന്‍ കഴിയാത്തതിന്‍റെ പരിമിതി ഇവിടെ വിസ്മരിക്കുന്നില്ല).

പരസ്പരം ബന്ധിച്ചിരുന്ന റോപ്പ് അറുത്ത് മാറ്റി മാറ്റ് അനന്തതയിലേക്ക് അകന്നു പോകുന്ന ആ ഒരു സീന്‍ നമുക്ക് ഒരു നൊമ്പരം നല്‍കും.  തീര്‍ച്ച!
എന്‍റെ റേറ്റിംഗ് 6/10


ഒരു ഇന്ത്യന്‍ പ്രണയകഥ

ചില ബേക്കറി നടത്തുന്നവരുടെ അവസ്ഥയാണ് മലയാളത്തിലെ സംവിധായകന്‍ സത്യന്‍ അന്തിക്കാടിന് ഇന്ന്.  ബേക്കറിയില്‍ വില്‍പ്പനക്ക് വെക്കുന്ന ഭക്ഷണം അവര്‍ കാലാവധി തീര്‍ന്നാല്‍ എടുത്തുമാറ്റി അതുകൊണ്ട് മറ്റുപല ഉല്‍പ്പന്നങ്ങളും ഉണ്ടാക്കി വില്‍ക്കാറുണ്ട്.  ഈ സിനിമ ഏതാണ്ട് അതേ ശ്രേണിയില്‍ പെടുത്താം!  കഥയിലും കഥാപാത്രങ്ങളിലും ഒന്നും യാതൊരു പുതുമയും ഇല്ല.  സന്ദേശം സിനിമയിലെ പ്രകാശനെ അയ്മനം സിദ്ധാര്‍ത്ഥന്‍ ആക്കി മാറ്റിയിരിക്കുന്നു.  സംഗതി കോണ്ഗ്രസ് (അല്ലെങ്കില്‍ കേരള കോണ്ഗ്രസ്സ്) രാഷ്ട്രീയം തന്നെ.  എമ്മെല്ലെയാവാന്‍ നടക്കുന്ന സിദ്ധുവിനെ ഹൈക്കമാണ്ട് വെട്ടി നിരത്തുന്നു.  അധികാര രാഷ്ട്രീയത്തിന്‍റെ ലൈന്‍ നഷ്ടപ്പെടുമ്പോള്‍ ആകെ നിരാശനാകുന്ന അയാളെ പാര്‍ട്ടി ലീഡര്‍ പുതിയ ഒരു ദൌത്യം ഏല്‍പ്പിക്കുന്നു.  ദിവസം രണ്ടായിരം രൂപ കിട്ടും എന്ന് കേട്ടപ്പോള്‍ അയാള്‍ അത് ഏറ്റെടുക്കുന്നു.  കാനഡയില്‍ നിന്നും വന്ന ഐറീന്‍ എന്ന പെണ്‍കുട്ടിയെ സഹായിക്കലാണ് ദൌത്യം.  ഐറീന്‍ പ്രത്യക്ഷത്തില്‍ ഒരു ഡോക്യുമെന്‍ഡറി ഒക്കെ എടുക്കാനാണ് വന്നതെങ്കിലും അവള്‍ക്ക് മറ്റു പല ലക്ഷ്യങ്ങളും ഉണ്ടായിരുന്നു എന്ന് സിദ്ധു വൈകിയാണ് മനസ്സിലാക്കുന്നത്.

പുതുതലമുറ സിനിമകളുടെ തനത് പ്രത്യേകതകളായ ദ്വയാര്‍ത്ഥ പ്രയോഗവും മറ്റും ഇല്ലാതെ രണ്ടുമണിക്കൂര്‍ തിയറ്ററില്‍ ഇരുന്നു ചുമ്മാ സമയം കളയാം എന്നല്ലാതെ യാതൊരു ഗുണവും ഈ സിനിമക്കില്ല എന്ന് സങ്കടത്തോടെ പറയട്ടെ.  കഥാപാത്രങ്ങള്‍ ചില സീനുകളില്‍ "അഭിനയം" മുഖത്ത് വരുത്താന്‍ പെടാപ്പാട് പെടുന്നുണ്ട്.  മിക്കവാറും കഥാസന്ദര്‍ഭങ്ങള്‍ നമുക്ക് തന്നെ ഊഹിക്കാന്‍ കഴിയും.  അപ്രതീക്ഷിതമായ ട്വിസ്റ്റ് ഒന്നും തന്നെയില്ല.  കരച്ചില്‍, സെന്റിമെന്റ്സ് സീനുകള്‍ വളരെ കുറവ്.  സംഗീത വിഭാഗം എടുത്ത് പറയാന്‍ വേണ്ടിയൊന്നും ഇല്ല.

സത്യന്‍ അന്തിക്കാടിന്‍റെ സ്റ്റോക്ക് ഏതാണ്ട് തീര്‍ന്നു.  കാലത്തിനൊത്ത് മാറിയില്ലെങ്കില്‍ നിലനില്‍ക്കാന്‍ ബുദ്ധിമുട്ടും.  ഇമ്മാതിരി പടംസ് എടുക്കുന്നതിലും നല്ലത് പുള്ളിക്ക് ഈ പണി തന്നെ നിര്‍ത്തുന്നതാണ്.

എന്‍റെ റേറ്റിംഗ്: 3.5/10

അഭിപ്രായങ്ങള്‍ താഴെ രേഖപ്പെടുത്തുമല്ലോ..