2014, ഒക്‌ടോബർ 25, ശനിയാഴ്‌ച

ഞാന്‍ കണ്ട സിനിമ - അപ്പോത്തിക്കരി

ചികിത്സാരംഗത്തെ അനാരോഗ്യ പ്രവണതകള്‍ പല മുന്‍കാല സിനിമകളിലും നമ്മള്‍ കണ്ടിട്ടുണ്ടെങ്കിലും അവ ഇത്രയും തനിമയോടെ ചിത്രീകരിച്ചിരിക്കുന്ന വേറെ സിനിമകള്‍ ഉണ്ടോ എന്ന് സംശയമാണ് (ഞാന്‍ കാണാത്തതാവാം! എങ്കില്‍ അങ്ങ് ക്ഷമിക്ക്).  പണ്ടുകാലത്ത് ഡോക്ടര്‍ എന്ന വാക്കിന് പകരം ഉപയോഗിച്ചിരിക്കുന്ന അപ്പോത്തിക്കരി എന്ന ഈ ചിത്രത്തിന്‍റെ പേരില്‍ നിന്നുതന്നെ തുടങ്ങാം, ഗംഭീരം!

"സ്റ്റെംസെല്‍ പ്രിസര്‍വേഷന്‍" എന്ന പേരില്‍ നടക്കുന്ന ഒരു തട്ടിപ്പിന് ചികിത്സാ രംഗത്തെ തട്ടിപ്പുകള്‍ അറിയാത്ത ഒരു (മുസ്ലീം) കുടുംബം ഇരയാക്കപ്പെടുന്ന ഭാഗത്തോടെയാണ് ഈ സിനിമ തുടങ്ങുന്നത്.  അപ്പോത്തിക്കരി എന്ന പേരില്‍ അറിയപ്പെടുന്ന മള്‍ട്ടിസ്പെഷ്യാലിറ്റി ഹോസ്പിറ്റലും അതിലെ ഡോക്ടര്‍മാരും മറ്റു ജീവനക്കാരും അവിടെ ചികിത്സ തേടിയെത്തുന്ന സാധാരണക്കാരായ മനുഷ്യരും അവര്‍ നേരിടേണ്ടി വരുന്ന "പരീക്ഷണങ്ങളും" വളരെ നല്ലരീതിയില്‍ ഇതില്‍ ആവിഷ്കരിച്ചിരിക്കുന്നു.  മേല്‍വിലാസം എന്ന നാടക ശൈലിയില്‍ ഉള്ള സിനിമയുടെ സ്വാധീനം ഈ സിനിമയിലും കാണാമെങ്കിലും അത് ഇവിടെ ചേരില്ല എന്ന് ആരും പറയാന്‍ ഇടയില്ല.  മുന്‍സിനിമയില്‍നിന്ന് പാഠം പഠിച്ച് നല്ല ഹോംവര്‍ക്കും ചെയ്താണ് ശ്രീ. മാധവ് രാമദാസന്‍ ഈ സിനിമക്ക് ഇറങ്ങിത്തിരിച്ചത് എന്ന് കഥാന്ത്യത്തില്‍ നമുക്ക് തോന്നും.  


അപ്പോത്തിക്കരി ആശുപത്രിയിലെ ന്യൂറോ വിഭാഗം തലവന്‍ ഡോ. വിജയ്‌ നമ്പ്യാര്‍ (സുരേഷ്ഗോപി), അയാളുടെ ഭാര്യ ഡോക്ടര്‍ നളിനി (അഭിരാമി), ആശുപത്രിയിലെ അവസാനവാക്ക് ഡോ. ശങ്കര്‍ വാസുദേവ് (രാഘവന്‍) പിന്നെ മറ്റു ഡോക്ടര്‍മാര്‍ (എല്ലാവരുടെയും പേര് പറയാന്‍ പരിമിതികള്‍ ഉണ്ട്), അവിടെ ചികിത്സ തേടിയെത്തുന്ന സുബിന്‍ (ജയസൂര്യ) അയാളുടെ അച്ഛന്‍ ജോസഫ്, അമ്മ ക്ലാര, സഹോദരന്‍, കാമുകി ഡെയ്സി  (ഇന്ദ്രന്‍സ്, സീമ.ജി.നായര്‍, നീരജ് മാധവ്, മീരാനന്ദന്‍) പിന്നെ ആസിഫ് അലിയുടെ പ്രതാപന്‍, തുടങ്ങി പ്രധാനപ്പെട്ടതും അല്ലാത്തതുമായ ഒരുപാട് കഥാപാത്രങ്ങള്‍ ഇതില്‍ ഉണ്ട് അവരെല്ലാം ഈ സിനിമയുടെ അവിഭാജ്യ ഘടകങ്ങളുമാണ്.

കനത്ത ചികിത്സാ ചെലവു താങ്ങാനാവാതെ വരുമ്പോള്‍ ആശുപത്രി മാനേജ്മെന്‍റ് ചികിത്സാസഹായം എന്ന അവരുടെ ചിലന്തിവലയിലേക്ക് രോഗികളെ ആകര്‍ഷിച്ച് മരുന്ന് പരീക്ഷണങ്ങള്‍ക്ക് വിധേയമാക്കുന്നതാണ് ചിത്രത്തിന്‍റെ പ്രമേയം.  ആ പരീക്ഷണങ്ങള്‍കൊണ്ട് ജീവിതം തന്നെ വഴിമാറി അസാധ്യമായിത്തീര്‍ന്നു വേദന തിന്നുന്ന അല്ലെങ്കില്‍ മരിച്ചുപോയ കഥാപാത്രങ്ങളാണ് ജയസൂര്യ, ആസിഫ് അലി, കവിതാ നായര്‍ (സാബിറ) തുടങ്ങിയവര്‍ ജീവന്‍ നല്‍കിയ കഥാപാത്രങ്ങള്‍.  ഡോ. വിജയ്‌ മരുന്ന് പരീക്ഷണങ്ങള്‍ക്ക് എതിരാണെങ്കിലും ഒരുപരിധിക്ക് അപ്പുറം  അയാളും ആ പരീക്ഷണത്തിനു നേതൃത്വം കൊടുക്കാന്‍ വിധിക്കപ്പെടുകയാണ്.  അതിന്‍റെയൊക്കെ കുറ്റബോധം വിഭ്രാന്തികള്‍ അയാളില്‍ ഉണ്ടാക്കുകയും തുടര്‍ന്ന്‍ ഒരു അപകടത്തില്‍ അങ്ങേയറ്റം ഗുരുതരമായ അവസ്ഥയില്‍ താന്‍ ജോലി ചെയ്യുന്ന അപ്പോത്തിക്കരിയില്‍ പ്രവേശിപ്പിക്കപ്പെടുന്നു.  മറ്റുള്ളവരില്‍ മരുന്ന് പരീക്ഷണം നടത്തിയ ഡോക്ടറുടെ ശരീരത്തില്‍ അതേ മരുന്നുകള്‍ കുത്തിവെച്ചു പരീക്ഷണം നടത്താന്‍ ആശുപത്രി മാനേജ്മെന്‍റ് യാതൊരു മടിയും കാണിക്കുന്നില്ല!  

മരുന്ന് പരീക്ഷണം ജീവിതം മാറ്റിമറിച്ച സുബിന്‍റെ വീക്ഷണത്തില്‍ കഥപറയുന്ന ശൈലിയും അതിന്‍റെ നല്ല ആവിഷ്കാരവും ആസ്വാദകരില്‍ നല്ല ഒരു ഇഷ്ടം ജനിപ്പിക്കും.  ബോറടിയും ഇല്ല.  ചില സന്ദര്‍ഭങ്ങളില്‍ അല്‍പ്പം നാടകീയതക്ക് വേണ്ടി വലിച്ചു നീട്ടലും ഇഴചിലും അനുഭവപ്പെടുന്നത് കാര്യമാക്കാനും വേണ്ടിയില്ല.

പ്രമേയം, അതിനോട് ഇതിന്‍റെ മുന്നിലും പിന്നിലും പ്രവര്‍ത്തിച്ചവര്‍ കാണിച്ച ആത്മാര്‍ത്ഥത ഇവയെല്ലാം ഈ സിനിമയെക്കുറിച്ച് പറയുമ്പോള്‍ എടുത്ത് പറയെണ്ടുന്ന വസ്തുതകളാണ്. സുരേഷ്ഗോപി ശരിക്കും ആ കഥാപാത്രമായി ജീവിക്കുകയായിരുന്നു, പിന്നെ ജയസൂര്യ, ആസിഫ്, ഇന്ദ്രന്‍സ്, സീമ ജി. നായര്‍ തുടങ്ങി എല്ലാവരും. ഇന്ദ്രന്‍സ് ചെയ്തിട്ടുള്ള ഇതുവരെയുള്ള ഏറ്റവും നല്ല കഥാപാത്രം ഇതിലെ ജോസഫ് ആണ്.  ആസിഫ് അലിക്കും മീരാ നന്ദനും മുഖത്ത് ഭാവം വരില്ല എന്നാരും ഇനി പറയില്ല.  തിരിച്ചുവരവില്‍ അഭിരാമിക്ക് കിട്ടിയ മികച്ച കഥാപാത്രമാണ് ഇതിലെ ഡോ. നളിനി.  ഒരു നല്ല ഭാര്യ, അമ്മ റോളുകളില്‍ അവര്‍ ശരിക്കും തിളങ്ങി.

നമ്മുടെ ഭരണകൂടങ്ങള്‍ വലിയ ശ്രദ്ധകൊടുക്കാത്ത ഒരു മേഖലയാണ് ആരോഗ്യ മേഖല.  അതിലെ മരുന്ന് പരീക്ഷണങ്ങള്‍ പ്രത്യേകിച്ചും!.  ബഹുരാഷ്ട്ര കുത്തക മരുന്ന് കമ്പനികളുടെ ലാഭക്കൊതിയും അവക്ക് ചൂട്ടുപിടിക്കുന്ന ചികിത്സാ സ്ഥാപനങ്ങളും ഇവരെയെല്ലാം നിരീക്ഷിക്കാതെ കയറൂരിവിട്ടു നോക്കിയിരിക്കുന്ന ഭരണകൂടങ്ങളും.  ചിത്രം കണ്ടിറങ്ങുന്ന പ്രേക്ഷകര്‍ ഇങ്ങിനെ ചിന്തിച്ചാല്‍ നമുക്ക് കുറ്റം പറയാനാവില്ല.

ശാസ്ത്രം ഇത്രയും പുരോഗമിച്ചിട്ടും, മനുഷ്യന്‍ നിസ്സഹായന്‍ ആകുമ്പോള്‍ അവസാനം വിശ്വാസങ്ങളിലും അനുഷ്ഠാനങ്ങളിലും അഭയം പ്രാപിക്കുന്നതും ഈ സിനിമയില്‍ കാണാം.  കൂടുതല്‍ പറഞ്ഞു കുളമാക്കുന്നില്ല.  സുരേഷ്ഗോപിക്ക് ഒരു സംസ്ഥാന അവാര്‍ഡ് ഈ സിനിമയിലെ കഥാപാത്രത്തിന്‍റെ പിന്‍ബലത്തില്‍ കിട്ടിയാല്‍ ഏറ്റവും സന്തോഷിക്കുന്നവരില്‍ ഞാനും ഉണ്ടാകും എന്ന് മാത്രം പറയട്ടെ.  ഈ സിനിമ നിര്‍മ്മിച്ചിരിക്കുന്നത് രണ്ടു ഡോക്ടര്‍മാര്‍ ആണെന്നത് കൂടി ചേര്‍ത്ത് പറയുന്നു.

എന്‍റെ റേറ്റിംഗ് 9.95/10

2014, ഒക്‌ടോബർ 18, ശനിയാഴ്‌ച

ഞാന്‍ കണ്ട സിനിമ - "കൂതറ"

ആറാം തമ്പുരാന്‍, ദേവാസുരം, നരസിംഹം തുടങ്ങി മോഹന്‍ലാല്‍ എന്ന നടന്‍റെ അഭിനയ വൈവിധ്യം സംവിധായകര്‍ വേണ്ടുവോളം ആവാഹിച്ചെടുത്ത്പ്രേ ക്ഷകര്‍ക്ക് സമ്മാനിച്ച, പേരിനോട് നൂറുശതമാനവും നീതിപുലര്‍ത്തുന്ന സിനിമകള്‍ ഇറങ്ങിയിട്ടുണ്ട്.  ആ ശ്രേണിയില്‍ കൂട്ടി വായിക്കാനും എണ്ണാനും പറ്റില്ലെങ്കിലും ഇതും ഒരു സിനിമ തന്നെ, പേരുപോലെ തന്നെ!

തങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത എഞ്ചിനീയറിംഗ് കോഴ്സുകള്‍ക്ക് കുടുംബത്തിലെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി ചേരേണ്ടിവന്ന മൂന്നു ചെറുപ്പക്കാരുടെ പേരുകളുടെ ആദ്യാക്ഷരമാണ് "കൂതറ" എന്നാണു ആദ്യം പറഞ്ഞിരുന്നത്.  സിനിമ കണ്ടപ്പോള്‍ അതിലെ കഥാപാത്രമായ ഒരു പട്ടിയുടെ പേരായി "കൂതറ".  അവസാനം ഇതാ ഒറിജിനല്‍ "കൂതറ"യായി സാക്ഷാല്‍ മോഹന്‍ലാല്‍!  

കഥ ഒന്ന് മാറ്റിപ്പിടിച്ചിരുന്നുവെങ്കില്‍ നല്ല രീതിയില്‍ മുന്നേറുമായിരുന്ന സിനിമ.  ഇതില്‍ കോളേജ് കാമ്പസിലെ അലമ്പുകള്‍ തന്നെയാണ് ആദ്യ ഘട്ടത്തിലെ വിഷയം.  കള്ളുകുടി, വായ്നോട്ടം, പെണ്ണ്പിടി, പ്രണയം എന്നപേരില്‍ കാട്ടിക്കൊട്ടുന്ന "കൂതറ"ത്തരങ്ങള്‍ പ്രണയം നടിച്ചു വഞ്ചിക്കല്‍ എന്നുവേണ്ട എല്ലാത്തരം കാര്യങ്ങളും.  കഥാപാത്രങ്ങളായ മൂന്നു കൂതറകള്‍ക്ക് യാതൊരു ലക്ഷ്യവും ജീവിതത്തില്‍ ഇല്ല.  അലമ്പുകളുടെ അവസാനം കാമ്പസില്‍ നിന്നും ഡിസ്മിസ് ചെയ്യപ്പെടുന്ന മൂന്നു കൂതറകള്‍ക് മുന്നിലേക്ക് (അവരുടെ എല്ലാ കാര്യങ്ങളും അറിയുന്ന ത്രികാല ദര്‍ശി) ശരിക്കും കൂതറ എത്തുന്നതോടെ കഥ മാറുന്നു...

സിനിമയെക്കുറിച്ച് നല്ലത് ഒന്നും പറയാനില്ലെങ്കില്‍ എന്താ ചെയ്യാ?  ആ പേര് തന്നെ ധാരാളം!

കാമ്പസിലും പൊതുസമൂഹത്തിലും ഉള്ള രാഷ്ട്രീയ അതിപ്രസരവും ഈയിടെ അതിനെയെല്ലാം ചൂലുകൊണ്ട് തൂത്തെറിയുകയും ചെയ്ത (പിന്നീട് ഒന്നുമല്ലാതായ) രാഷ്ട്രീയ പാര്‍ട്ടിയുടെ ചില അടയാളങ്ങള്‍ ഈ സിനിമയില്‍ വരച്ചിട്ടത് നല്ല കാര്യമായി തോന്നി.  പിന്നെ എഞ്ചിനീയറിങ്ങിനു പഠിച്ചപ്പോള്‍ തോന്നാത്ത ലക്ഷ്യബോധം ഫിഷിംഗ് ബോട്ട് കിട്ടിയപ്പോള്‍ മാത്രമാണോ തോന്നിയത് എന്നും തോന്നിപ്പോയി.  (ഇങ്ങിനെയൊക്കെ തോന്നുന്നത് തെറ്റാണെങ്കില്‍ ക്ഷമിക്കുക).

എന്‍റെ റേറ്റിംഗ്: 3/10 

2014, ഒക്‌ടോബർ 6, തിങ്കളാഴ്‌ച

ഞാന്‍ കണ്ട സിനിമ - മംഗ്ലീഷ്!

ആദ്യകാലത്ത് മമ്മൂട്ടി എന്ന നടന്‍റെ സിനിമകള്‍ എത്ര തല്ലിപ്പൊളി ആയാലും ഇഷ്ടമായിരുന്നു കണ്ടിരിക്കാന്‍.  പക്ഷെ വെറുപ്പിച്ചത് തുറുപ്പ്ഗുലാന്‍ എന്ന സിനിമയിലെ കാലില്‍ ചിലങ്ക അണിഞ്ഞു ഡാന്‍സ് പഠിക്കാന്‍ വരുന്ന സീന്‍ മുതലാണ്‌.  അതില്‍പിന്നെ മമ്മൂട്ടി സിനിമകള്‍ ഒരു തരം അര്‍ദ്ധമനസ്സോടെയാണ് കാണുന്നത്.  ഇപ്രാവശ്യം കണ്ട സിനിമ - മംഗ്ലീഷ്!കൊച്ചി ഫിഷ്‌ ഹാര്‍ബറിലെ ഒക്ഷണര്‍ മാലിക്ക് ഭായ് (മമ്മൂട്ടി) ഭയങ്കര സംഭവമാണ്. പുള്ളിയറിയാതെ അവിടെ ഒരു ഇലപോലും അനങ്ങില്ല!  (എല്ലാം സ്ഥിരം ലൈന്‍).  അയാളുടെ സുഹൃത്തായ രാഷ്ട്രീയക്കാരന്റെ (സത്താര്‍) ഒരു ഭൂമികച്ചവടത്തില്‍ ഇടയില്‍ നില്‍ക്കാന്‍ ഒരു പ്രത്യേക സന്ദര്‍ഭത്തില്‍ ഭായിക്ക് തുനിയെണ്ടിവരികയും പിന്നെ അത് വേറൊരു തലത്തിലേക്ക് പോകുകയും ചെയ്യുന്നു.  ഇതിനിടയില്‍ വരുന്ന ഒരു മദാമ്മ (പുള്ളിക്കാരത്തി എന്തോ ഭയങ്കര രഹസ്യം ഒളിപ്പിച്ചു വെക്കുകയും അത് മാലിക്ക് ഭായിയോട് മാത്രം പറയുകയുള്ളൂ എന്ന് കൂടി പറയുമ്പോള്‍ നമ്മള്‍ പ്രേക്ഷകര്‍ ഒരുമാതിരി ശശി ലെവലിലേക്ക് പോകുന്നു).  പക്ഷെ അവര്‍ക്ക് അവരവരുടെ ഭാഷകള്‍ മാത്രം അറിയുകയുള്ളൂ.  പിന്നെന്താ വഴി?  ഇംഗ്ലീഷ് പഠിക്കുക തന്നെ!  ഉടന്‍ ഭായ് ഇംഗ്ലീഷ് കോഴ്സിനു ചേര്‍ന്ന് എല്ലാം പഠിക്കുന്നു.  മദാമ്മ മലയാളവും പഠിക്കുന്നു.  എങ്ങിനെ പഠിച്ചു എന്നുള്ളത് നമ്മള്‍ കാണുന്നില്ല.  

തുറുപ്പ്ഗുലാന്‍ എന്ന സിനിമയെക്കുറിച്ച് ആദ്യമേ പറഞ്ഞത് ഒരു മുന്‍‌കൂര്‍ ജാമ്യമല്ല.  പക്ഷെ നോക്കുക.  രണ്ടിലും കഥ ഏതാണ്ട് ഒരേ ട്രാക്കില്‍.  വിദേശത്ത് നിന്നും വരുന്ന ഇന്ത്യന്‍ നായികക്ക് പകരം ഇന്ത്യയിലേക്ക് വരുന്ന വിദേശി നായിക!.  രണ്ടുപേരുടെയും ലക്‌ഷ്യം പൂര്‍വ്വിക സ്വത്ത് വീണ്ടെടുക്കുക.  അതിനു ചൂട്ടുപിടിക്കുന്നത് നായകന്‍ (അല്ലാതെയാര്)!  

മംഗ്ലീഷ് തീര്‍ത്തും നിരാശപ്പെടുത്തുന്ന ഒരു സിനിമയാണ്.  കട്ട ഇക്ക-ഫാന്‍സിനെപോലും!  മൂന്നുതവണ ഭരത് അവാര്‍ഡ് നേടിയ ഒരു നടന്‍ ഇമ്മാതിരി വളിപ്പ് പടങ്ങളില്‍ അഭിനയിക്കുന്നത് കാണുമ്പോള്‍ അതിയായ സങ്കടമുണ്ട്.  കാരണം ഭാവാഭിനയത്തിന്‍റെ ഉത്തുംഗങ്ങളില്‍ കയറിനിന്നു നമ്മെ വിസ്മയിപ്പിച്ച മമ്മുട്ടിയും മോഹന്‍ലാലും ഒക്കെ ഇതുപോലെ "മാസ്" എന്ന പേരില്‍ വരുന്ന പെക്കൂത്തുകളുടെ ഭാഗമായിത്തീരുന്നതിന്‍റെ അനന്തരഫലം അവരുടെ credibilityയെ അവര്‍ തന്നെ നശിപ്പിക്കുന്നതിലേക്കാണ് വഴിതെളിയിക്കുന്നത്.  ഉടയാത്ത ആകാര സൌന്ദര്യം കൈമുതലായ മമ്മൂട്ടിയെ സ്ക്രീനില്‍ കണ്ടിരിക്കാന്‍ തയ്യാറായി ഇരുന്നു കാണാന്‍ ഇഷ്ടമുള്ളവര്‍ക്ക് പറ്റിയ സിനിമ.  ഒന്നുകൂടി പരത്തിപറഞ്ഞാല്‍ കഴിവുള്ള ഒരുപറ്റം അഭിനേതാക്കളെ ഒട്ടും തന്നെ ഉപയോഗിക്കാതെ ചുമ്മാ നേരമ്പോക്കിന് ഒരു സിനിമ എടുത്തു എന്ന് പറയാന്‍വേണ്ടി ഉണ്ടാക്കിയ സിനിമ.  

സോറി, ശ്രീ. സലാം ബാപ്പു. താങ്കള്‍ ചുവന്ന വീഞ്ഞ് (RED WINE) തന്നപ്പോള്‍ ഞങ്ങള്‍ അല്‍പ്പം മയങ്ങിപ്പോയി!  ഇപ്പഴാ ഉണര്‍ന്നത്.

എന്‍റെ റേറ്റിംഗ്: 2/10

2014, ഒക്‌ടോബർ 2, വ്യാഴാഴ്‌ച

ഗാന്ധിജയന്തി സ്പെഷല്‍

ഇന്നത്തെ ഗാന്ധിജയന്തി എന്തുകൊണ്ടും നല്ല ഒരു ദിവസമാണ് നമ്മുടെ ഇന്ത്യാ മഹാരാജ്യത്തിന്. കാരണങ്ങള്‍:- 

1) പതിനാറു വര്‍ഷങ്ങള്‍ക്ക് ശേഷം നമുക്ക് ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ്ണം കിട്ടി.  അതും ചിരവൈരികള്‍(?) ആയ പാക്കിസ്ഥാനെ തോല്‍പ്പിച്ചു.  (ഏതാണ്ട് ആറാം തമ്പുരാനില്‍ പതിനാറു കൊല്ലത്തിനു ശേഷം ജഗന്നാഥന്‍ അപ്ഫന്‍ തമ്പുരാനെ തരിപ്പണമാക്കി ഉത്സവം നടത്തുന്ന സ്റ്റൈലില്‍!)

2) ടിന്‍റു ലൂക്ക എന്ന പി.ടി. ഉഷയുടെ ശിഷ്യ ഉള്‍പ്പെട്ട നമ്മുടെ റിലേടീം വനിതകളുടെ 4x400 മീറ്റര്‍ റിലേയില്‍ സ്വര്‍ണ്ണം നേടി.  അതും ഗെയിംസ് റെക്കോഡ് സമയത്തില്‍.

3) ഗാന്ധിജിയെ തെറിപറഞ്ഞു നടന്നവരും കൊന്നവര്‍ക്ക് ജയ്‌ വിളിക്കുന്നവരും അടക്കം ഇന്ന് രാവിലെ ചൂലും എടുത്ത് സേവനവാരത്തിന് ഇറങ്ങിയിരിക്കുന്നു!  നല്ല കാര്യം.  കൊല്ലം മുഴുവന്‍ ഈ ആവേശം കാണണം. പെരുച്ചാഴി സില്‍മ ഇറങ്ങിയ കാരണം ആയിരിക്കാം അമേരിക്കയില്‍ ചെന്നപ്പോ ഗാന്ധിയെ ഒരാള്‍ മോഹന്‍ലാല്‍ ആക്കിയത്!

ഇതിനിടയില്‍ എന്നെ അലോസരപ്പെടുത്തിയത്:

ഇതൊന്നും കാണാതെ ചാമ്പ്യന്‍സ് ലീഗ് ക്രിക്കറ്റില്‍ ചെന്നൈ സൂപ്പര്‍ കിങ്ങ്സ് എന്ന മാഫിയ ടീമിന്‍റെ ജയത്തെ വാഴ്ത്തി അതിലെ കൊപ്പന്മാരുടെ ചിത്രങ്ങള്‍ ഇട്ടു  ഒരുപാട് പേര്‍ ഫേസ്ബുക്കില്‍ പോസ്റ്റ്‌ പൊങ്കാല നടത്തുന്നത്!!!  എന്താല്ലേ!  പുവര്‍ ബോയ്സ്!

ഇനി സര്‍ക്കാരിനോട് ഒരുവാക്ക്:
കൂതറ ക്രിക്കറ്റ് താരങ്ങള്‍ക്ക് വാരിക്കോരി കോടികള്‍ അമ്മാനമാടാന്‍ കൊടുക്കുന്ന സ്ഥാനത്ത് ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍നേടിയ താരങ്ങള്‍ക്ക്  നല്ല നിലയില്‍ അല്ലലില്ലാതെ ജീവിക്കാന്‍ ഉള്ള വകുപ്പ് എങ്കിലും ഉണ്ടാക്കി കൊടുക്കണം.  റിപ്പോര്‍ട്ടുകള്‍ പറയുന്നത് പല ഇനങ്ങളിലും ഇന്ത്യന്‍ താരങ്ങള്‍ നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.  ഒന്ന് ആഞ്ഞുപിടിച്ചിരുന്നു എങ്കില്‍ കൂടുതല്‍ മെഡലുകള്‍ നേടാമായിരുന്നു.  പിന്നെ സെമിയില്‍ എത്തുമ്പോഴേക്കും വെങ്കലം ഉറപ്പിക്കല്‍ മാധ്യമങ്ങളുടെ വക നടത്തുന്നത് അവരുടെ പ്രകടനത്തെ ബാധിക്കുന്നു എന്ന് കരുതിയാല്‍ തെറ്റില്ല.  

നിര്‍ത്തുന്നതിനു മുന്നേ ഒന്നുകൂടി പറയട്ടെ - ഇടിക്കൂട്ടില്‍ മെഡല്‍നഷ്ടം നേരിട്ട സരിതാദേവിക്ക് അച്ചടക്ക നടപടി നേരിടേണ്ടി വരുന്നു.   വേണ്ട സമയത്ത് അപ്പീല്‍ കൊടുത്ത് അവരുടെ മെഡല്‍ തിരിച്ചെടുക്കാന്‍ നോക്കിയില്ല!  500 ഡോളര്‍ കെട്ടിവെക്കണം എന്നതായിരുന്നു പ്രശ്നം.  പക്ഷെ ഇനി അവരുടെ നേര്‍ക്ക് അച്ചടക്കം എടുത്ത് ഒരു കായികതാരത്തെ എങ്ങിനെ കൊല്ലാക്കൊല ചെയ്യാം എന്ന് കാട്ടിതരികയാണോ ലക്‌ഷ്യം?!

പിന്‍കുറി: സ്വര്‍ണ്ണം നേടിയ മറ്റു താരങ്ങളെ പരാമര്‍ശിക്കാതെ ഒഴിവാക്കിയത് കരുതിക്കൂട്ടിയല്ല എന്ന് കൂടി പറയട്ടെ..