2011, ഡിസംബർ 31, ശനിയാഴ്‌ച

2011 - വിട പറയുമ്പോള്‍..........

കലണ്ടറിലെ ഒരു വര്ഷം കൂടി നമുക്ക് നഷ്ടപ്പെടുന്നു.  മുന്നൂറ്റി അറുപത്തി അഞ്ചു ദിവസങ്ങളുടെ ഒരു വയസ്സ്.  തീരുമാനങ്ങളെടുക്കാനും അവ ലംഘിക്കാനും ഒരു വര്ഷം കൂടി.  2011 എന്താണ് നമ്മള്‍ നേടിയത്?  എന്നെ സംബന്ധിച്ചിടത്തോളം വ്യക്തിപരമായ ഒരു വലിയ നഷ്ടത്തിന്റെ വര്‍ഷമായിരുന്നു.  ജനിക്കുന്നതിനു മുന്നേ ഞങ്ങളുടെ മകന്‍ ഞങ്ങളോട് യാത്ര പറഞ്ഞു.  ഇതെഴുതുമ്പോഴും കണ്ണുനീര്‍ കാരണം മോണിട്ടറിലെ അക്ഷരങ്ങള്‍ ഇടയ്ക്കു മങ്ങുന്നു.  പ്രിയതമയെ ആശ്വസിപ്പിക്കേണ്ട ഞാന്‍ ഇവിടെ മണലാരണ്യത്തിലെ മേലധികാരികളുടെ ഉത്തരവനുസരിച്ച് വിങ്ങുന്ന ഹൃദയവുമായി വേദന കടിച്ചമര്‍ത്തി കഴിഞ്ഞു.  ശേഷം ലഭിച്ച അവധിയില്‍ സ്വന്തം സങ്കടം മറ്റുള്ളവര്‍ക്ക് മുന്നില്‍ മറച്ചു വച്ചു കഴിച്ചുകൂട്ടി.  ഇന്നും ഓരോ മാത്രകളും അതെക്കുറിച്ചുള്ള ഓര്‍മ്മകള്‍ തികട്ടി വരുന്നു.  അവന്‍ ജനിച്ചിരുന്നു എന്ന്കില്‍ ഇപ്പോള്‍ ആറു മാസം പ്രായമാകുമായിരുന്നു.  ഹോ!..വയ്യ..ഓര്‍മ്മകള്‍ക്ക് വിരാമമിടാന്‍.  വിടാതെ പിന്തുടരുന്ന ദുര്‍വിധികള്‍.  എല്ലാ ശക്തികളിലും ഉള്ള വിശ്വാസങ്ങള്‍ നഷ്ടപ്പെടുന്നു എന്നൊരു തോന്നല്‍.  ഒരു ദുരന്തം അതിജീവിച്ചു അതിന്റെ അലയൊലികള്‍ അടങ്ങി വരുമ്പോള്‍ മറ്റൊന്ന്.  അവ എന്നെ തുടര്‍ച്ചയായി വേട്ടയാടുന്നു എന്നൊരു തോന്നല്‍.  ഒരു ദുരന്തമായിരുന്നു എന്നെ ഇവിടെ എത്തിച്ചത്.  അതിന്റെ കെടുതികള്‍ വിട്ടു മാറും മുന്നേ മറ്റൊരെണ്ണം കൂടി!... സാക്ഷാല്‍ക്കരിക്കാന്‍ സ്വപ്‌നങ്ങള്‍ ഇനിയും ബാക്കി....

ബൂലോഗത്ത്‌ നിന്നും വളരെ അകന്നു കഴിഞ്ഞ നാളുകള്‍.  ഉള്ളിലെ പ്രതികരണങ്ങള്‍ വീണ്ടും ഇങ്ങോട്ട് എത്തിച്ചിരിക്കുന്നു.  നിയോഗങ്ങളെ ഒരിക്കലും നമുക്ക് അവഗണിക്കാനാവില്ല.

ഈ വര്‍ഷത്തിന്റെ അവസാനത്തെ പ്രതീകമാക്കി ചില ചിത്രങ്ങള്‍ ഇവിടെ പോസ്റ്റുന്നു...  എല്ലാം അഴീക്കോട് മുനാക്കല്‍ ബീച്ചില്‍ നിന്നും എടുത്തത്. അസ്തമയത്തിന്റെ രണ്ടു ദ്രിശ്യങ്ങള്‍.
കൂടണയാന്‍ വെമ്പുന്ന പക്ഷികളെ നോക്കി എന്തോ ചോദിക്കുന്ന ചീനവലകള്‍...

അന്തിച്ചുവപ്പ്‌.


 ഓര്‍മ്മകളുടെ മുറിപ്പാടില്‍ പെയ്തിറങ്ങുന്ന മഞ്ഞിന്റെ നനവില്‍ വീണ്ടും പ്രതീക്ഷകളുടെ ഒരു വര്ഷം ആരംഭിക്കാന്‍ ഏതാനും മണിക്കൂറുകള്‍ മാത്രം...പ്രത്യാശയോടെ പ്രാര്‍ഥനയോടെ ആശംസകളോടെ എല്ലാവര്ക്കും പുതുവത്സരാശംസകള്‍!!!!
2011, ഡിസംബർ 27, ചൊവ്വാഴ്ച

അബുദാബി ചില രാത്രി ദൃശ്യങ്ങള്‍...

അബുദാബിയിലെ ചില രാത്രി ദൃശ്യങ്ങള്‍.  ക്യാമറ അത്ര നല്ലതല്ലാത്തതു കാരണം ഫോട്ടോകള്‍ക്ക് സാങ്കേതികവും കലാപരവുമായ മേന്മയൊന്നും ഉണ്ടാവില്ല. (എന്റെ കൈയിലുള്ള ഒരു സദാ ഡിജിറ്റല്‍ ക്യാമറ വച്ച് ഷൂട്ട്‌ ചെയ്തത്).  ക്ഷമിക്കുക..  ചിത്രങ്ങളില്‍ ക്ലിക്കിയാല്‍ വലുതായി കാണാം.


2011, ഡിസംബർ 14, ബുധനാഴ്‌ച

മുല്ലപ്പെരിയാര്‍ - തടിയൂരുന്ന രാഷ്ട്രീയക്കാര്‍

പ്രധാനമന്ത്രിയുടെ ഉറപ്പില്‍(!) വിശ്വസിച്ച് കുഞ്ഞൂഞ്ഞും അച്ചുമാമനും വെറും കൈയോടെ തിരിച്ചു പോന്നു.  സ്വതവേ ബലഹീനനായ പ്രധാനമന്ത്രി ഈ വിഷയത്തില്‍ എത്രകണ്ട് തന്റെ നിഷ്ക്രിയത്വം വെടിയുമെന്ന് കാണാന്‍ നമുക്ക് കണ്ണില്‍ എന്നയോഴിക്കാതെ കാത്തിരിക്കാം.  നാടോടിക്കാറ്റ് സിനിമയില്‍ പറഞ്ഞ പോലെ "പവനായി ശവമായി".  എന്തൊക്കെ ബഹളമായിരുന്നു. പ്രകടനം, സമ്മേളനം, ഉപവാസം, നിരാഹാരം....അവസാനം എല്ലാം തലൈവിയും മക്കളും പിടിചിടത്ത് തന്നെ കിട്ടി.  പണ്ടൊരു സത്യന്‍ അന്തിക്കാട്‌ സിനിമയില്‍ ഇന്നസെന്‍റ് പാര്‍ഥിപനെ അടിക്കാന്‍ കുറെ ആളുകളുമായി വന്നിട്ട് അടികൊണ്ടു അവസാനം ഏത്തമിട്ടു കുറ്റം ഏറ്റുപറയുന്ന ഒരു സീനുണ്ട്.  അതുപോലെ ഇതും ആയിത്തീര്‍ന്നു.

തമിഴന്റെ സമ്മര്‍ദ്ദത്തിനു മുന്നില്‍ നമുക്ക്‌ മറ്റു വഴികളില്ല.  ഇത് ആരും തുറന്നു പറയുന്നില്ല എന്ന് മാത്രം.  അവസാനം പത്ത് ദിവസത്തെ അന്ത്യശാസനം മാണിസാര്‍ ഭേദഗതി ചെയ്തു ഒരു മാസമാക്കി.  അപ്പോഴേക്കും പിറവം ഉത്സവം കൊടിയേറിയിരിക്കും. പിന്നെ വീണ്ടും ഒരുമാസം നീട്ടുകയുമാവാം.  പിറവം സ്വപ്നം കണ്ടിരിക്കുന്ന ലീഗുകാരുടെ കാര്യം പറയുകയും വേണ്ട.  പിറവത്ത്‌ എങ്ങിനെയെങ്കിലും അനൂപ്‌ തോറ്റാലും വേണ്ടില്ല അഞ്ചാം മന്ത്രിയെ കിട്ടുമല്ലോ.  ജേക്കബിന്റെ മന്ത്രിസ്ഥാനം യാത്തീമാവാതെ ഓര് ശരിയാക്കിക്കൊള്ളും. 

രാഷ്ട്രീയ നേതാക്കന്മാരെ വിശ്വസിച്ച് സമരത്തിനിറങ്ങിയ ഇടുക്കിക്കാരുടെ ഗതി ഇനി എന്താവുമോ ആവോ?!  ഉദ്യോഗസ്ഥ-ഭരണകൂട തലങ്ങളില്‍ നടന്ന (ഗൂഡ) ആലോചനകളുടെ ഫലമായിരിക്കാം ഇപ്പോഴത്തെ രാഷ്ട്രീയ കക്ഷികളുടെ പിന്മാറ്റത്തിന് പിന്നില്‍.  എ.ജി. ഇതിനൊരു നിമിത്തമായി എന്ന് മാത്രം. 
ഈ സമരം കൊണ്ടു നഷ്ടമുണ്ടായത് കേരളത്തിനും മലയാളികള്‍ക്കുമാണ്.  പാണ്ടി നാട്ടിലെ മലയാളി അണ്ണന്മാര്‍ പേടിച്ചു വിറച്ചു കഴിയുമ്പോള്‍ കേരളത്തിലെ അണ്ണാച്ച്ചികള്‍ക്ക് യാതൊന്നും പേടിക്കേണ്ട.  ഇവിടെ അവര്‍ക്ക് നേരെ ആക്രമണമോ, കല്ലേറോ (തോക്ക് സാമിയെ വിട്ടുകള!) കൊള്ളയടിയോ നടക്കുന്നില്ല.  അവരുടെ വാഹനങ്ങള്‍ കേരളത്തില്‍ യഥേഷ്ടം വന്നു പോകുന്നു.  എന്നാല്‍ കേരളത്തിന്റെ വാഹനങ്ങള്‍ പ്രത്യേകിച്ച് തമിഴ്നാട്ടിലേക്ക് സര്‍വീസ് നടത്തുന്ന കെ.എസ്‌.ആര്‍.ടി.സി. ബസ്സുകള്‍ യാത്ര ഇടയ്ക്കു വച്ച് അവസാനിപ്പിച്ചു പേടിച്ചു തിരികെ പോരുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.  ഇനി തമിഴ്നാട്ടിലെ ബസ് സ്റെഷനുകളില്‍ എത്തിയാല്‍ തന്നെ ആളുകള്‍ ആനവണ്ടിയില്‍ കയറുവാന്‍ മടിക്കുകയാണ്.  വഴിയില്‍ വെച്ച് വിവരമില്ലാത്ത പാണ്ടികള്‍ തടഞ്ഞു നിര്‍ത്തി ഉപദ്രവിക്കുന്നത് ഒഴിവാക്കാന്‍ ആനവണ്ടിയെ യാത്രക്കാര്‍ ഒഴിവാക്കുന്നു. ശബരിമല സീസണ്‍ പ്രമാണിച്ച് ഒന്ന് ഉഷാറായി വന്ന കോര്പരെഷനെ ഇത് തെല്ലൊന്നുമല്ല ക്ഷീണിപ്പിക്കുന്നത്.  ഇതിനെതിരെ സര്‍ക്കാര്‍ തലത്തില്‍ നടപടി ഒന്നും ഉണ്ടാവുന്നില്ല. എല്ലാം തമിഴരെ പേടിച്ച്.  എന്തിനേറെ സ്വന്തമായിട്ടുണ്ടായതെല്ലാം നഷ്ടപ്പെട്ട തമിഴ്നാട്ടിലെ മലയാളികള്‍ക്ക് വേണ്ടി ഒരു എമ്മെല്ലെയൊ, എം.പിയൊ മന്ത്രിയോ സംസാരിച്ചിട്ടില്ല. 
 
മലയാളികള്‍ തമിഴരെയും തമിഴ്നാടിനെയും ആശ്രയിച്ചു ജീവിക്കുന്നു എന്നത് പരമാര്‍ത്ഥമെങ്കില്‍ തമിഴരുടെ കേരളത്തെ ആശ്രയിച്ചുള്ള ജീവിതം ഏതാണ്ട് അവസാനിച്ച മട്ടാണ്.  തലൈവര്‍ വക 1 രൂപയുടെ അരി, കളര്‍ റ്റി.വി. എന്നിവ ജയാമ്മ വന്നപ്പൊള്‍ ഫ്രീ അരി, മിക്സി/ഫാന്‍/ഗ്രൈന്‍റ്റര്‍ പിന്നെ പഠിക്കുന്ന പിള്ളേര്‍ക്ക് ലാപ്ടോപ്പ് വരെ എത്തിയിരിക്കുന്നു. (റ്റി.വി. മുന്‍പ് കേരളത്തിലേക്ക് കടത്തി വിറ്റു കാശാക്കുന്നു എന്ന് ഒരു ചാനലില്‍ (മനോരമ) കാണിച്ചിരുന്നു).  ചുരുക്കിപറഞ്ഞാല്‍ അണ്ണന്‍മാര്‍ക്ക് പണിക്കു പോയില്ലെങ്കിലും ഉണ്ടുറങ്ങി കഴിയാനുള്ള വക അവിടത്തെ സര്‍ക്കാരുകള്‍ ഒരുക്കിക്കൊടുക്കുന്നുണ്ട്. ഇവിടെയോ?! ഇതിന്റെ ഫലമായി ശരാശരി തമിഴന്മാര്‍ വന്നു പണിയെടുത്തിരുന്ന മേഖലകളില്‍ (കേബിള്‍കുഴിക്കല്‍ മുതലായവ..)അവരെ കിട്ടാതായപ്പോള്‍ നമ്മള്‍ ബംഗാളികളെയും ബീഹാറികളെയും കൊണ്ടുവന്നു. ഇനി ആകെ കേരളത്തില്‍ ജോലി ആവശ്യാര്‍ത്ഥം വരുന്നത് ഗോവിന്ദച്ചാമിമാര്‍ ആയിരിക്കും. ബംഗാളിലും കേരളത്തിലും ജനങ്ങള്‍ ബുദ്ധിയുള്ളവരാണെന്നും തമിഴന്‍മാര്‍ കഴുതപ്പാല്‍ കുടിച്ചു വളരുന്നവര്‍ ആയതു കാരണം ബുദ്ധിയില്ലാത്തവരാണെന്നും ഉള്ള ധാരണ മലയാളികള്‍ മാറ്റേണ്ട സമയം ഓവറായിരിക്കുന്നു.
 
ഇന്നസെന്റു സിനിമയില്‍ തമിഴ്നാട്ടുകാരന്റെ മുന്നില്‍ എത്തമിടുന്നത് നമ്മള്‍ മലയാളികല്ല തമിഴരല്ല ഇന്ത്യാക്കാരാണ് എന്ന് പറഞ്ഞാണ്.  ഇവിടെ നമ്മുടെ നേതാക്കന്മാര്‍ "ഞങ്ങള്‍ മലയാളികള്‍ നിങ്ങള്‍ തമിഴരെ പേടിച്ചു കൊള്ളാം, മുല്ലപ്പെരിയാറിലെ വെള്ളം കൊണ്ട് കുടിക്കുകയോ കുളിക്കുകയോ ആയിക്കോളൂ" എന്ന് ഏറ്റുപറഞ്ഞിട്ടാണ് എന്നാ വ്യത്യാസം.

നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക എന്നാ സത്യന്‍ അന്തിക്കാട്‌ ചിത്രത്തിലെ മേല്പറഞ്ഞ രംഗം താഴെ കാണാം.  കഥാപാത്രങ്ങള്‍ക്ക് സമകാലീന നേതാക്കന്മാരുടെ രൂപം സങ്കല്‍പ്പിച്ച് നോക്കുക.

2011, ഡിസംബർ 13, ചൊവ്വാഴ്ച

കേരളത്തിലെ അണ്ണാച്ചിമാരെ നിലക്ക് നിര്‍ത്തുക സര്‍ക്കാരേ!

ചാനല്‍ വാര്‍ത്തകള്‍ എല്ലാം അങ്ങ് കണ്ണടച്ചു വിശ്വസിക്കാന്‍ കഴിയില്ലെങ്കിലും ദ്രിശ്യ സഹിതമുള്ള വാര്‍ത്തകള്‍ നമുക്ക്‌ വിശ്വസിച്ച്ച്ചേ പറ്റൂ.  ഇന്ന് രാവിലെ മൂന്നാര്‍ ടൌണില്‍ ഓട്ടോ-ടാക്സി ഡ്രൈവര്‍മാരായ അണ്ണാച്ചിമാര്‍ ഇടുക്കി ജില്ലയെ തമിഴ്നാട്ടില്‍ ലയിപ്പിക്കണം എന്ന് പറഞ്ഞു ഒരു പ്രകടനം നടത്തി.  പ്രകടനം എന്ന് പറഞ്ഞാല്‍ തികച്ചും പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് അവര്‍ നടന്നു നീങ്ങിയത്.

മൂന്നാര്‍ ടൌണിനെ ചുറ്റി നടത്തിയ പ്രകടനത്തില്‍ മുന്നൂറോ അതിലധികമോ അണ്ണന്മാര്‍ പങ്കെടുത്തു എന്ന് പറയുന്നു.  ഇന്നലെ തമിഴ്നാട്ടിലെ ഏതോ ഒരു വിവരം കേട്ട എം.പി. ഇടുക്കിയെ തമിഴ്നാട്ടില്‍ ലയിപ്പിക്കണം എന്ന് പ്രസ്ഥാവിച്ചതിന്റെ ചുവടു പിടിച്ചാണ് ഇന്ന് കേരളത്തിന്റെ മണ്ണില്‍ കേരളത്തിന്റെ ഉപ്പും ചോറും തിന്നു ജീവിച്ചുകൊണ്ട് തന്നെ കേരളത്തിനെതിരെ മുദ്രാവാക്യം വിളിക്കാന്‍ ധൈര്യം കാണിച്ചത്.  കേരളത്തിലെ പോലീസും മറ്റു ഭരണയന്ത്രങ്ങളും സ്ഥിരം സമാധാന ശാന്തി മന്ത്രങ്ങള്‍ ഊരുവിട്ടകൊണ്ട് "എനിക്ക് കണ്ട്രോള് തരൂ ഈശ്വരാ" എന്ന് പ്രാര്‍ത്ഥിച്ചു കഴിച്ചുകൂട്ടി എന്നാണു വാര്‍ത്തകളില്‍ കാണുന്നത്.

കേരളത്തിനു അനുകൂലമായി തമിഴ്നാട്ടില്‍ ഇതേ പോലെ മലയാളികള്‍ ഒരു പ്രകടനം നടത്തുന്ന കാര്യം നമുക്ക്‌ ഓര്‍ക്കാന്‍ കൂടി ആവില്ല.  ഇനി നടത്തിയാല്‍ തന്നെ അവരെ ചുട്ടു കൊല്ലും എന്ന കാര്യം ഉറപ്പ്‌.  കേരളത്തിലെ അതായത്‌ മൂന്നാറിലെ കേവലം ടാക്സി ഓട്ടോ ഡ്രൈവര്‍മാരായ ഇവര്‍ക്ക്‌ കേരളാ ഭരണകൂടത്തിന്റെ നിഷ്ക്രിയത്വവും പ്രചോദനമായി എന്നത് ഒരു സത്യമാണ്.  സമരക്കാര്‍ക്ക്‌ എതിരെ ഇനിയെങ്കിലും നടപടിയെടുക്കണം.  മൂന്നാര്‍ ടൌണില്‍ വണ്ടിയോടിക്കാനുള്ള ലൈസന്‍സ്‌ ക്യാന്‍സല്‍ ചെയ്തു ഇവരെ അതിര്‍ത്തി കടത്തി വിടുകയാണ് വേണ്ടത്‌.  മലയാളി സമൂഹത്തിലെ കാക്കത്തൊള്ളായിരം രാഷ്ട്രീയ - മത - സാംസ്കാരിക സംഘടനകള്‍ തങ്ങളുടെ നിലപാട്‌ ഈ വിഷയത്തില്‍ വ്യക്തമാക്കി ഈ തിരുട്ടു പയലുകള്‍ക്ക് തക്കതായ മുന്നറിയിപ്പ്‌ കൊടുക്കേണ്ടതാണ് എന്നാണു ഈയുള്ളവന്റെ എളിയ അഭിപ്രായം.

2011, ഡിസംബർ 11, ഞായറാഴ്‌ച

കേന്ദ്രത്തിനും കേരളത്തിനും വലിപ്പിക്കാനറിയാം അല്ലേ?!

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഒരു പോസ്റ്റ് ഇടുവാന്‍ സാങ്കേതികമായി ആ വിഷയത്തെ പറ്റിയുള്ള പരിമിത അറിവ് ഒരു തടസ്സമായി നില്‍ക്കുന്നു.  എന്നാല്‍ ഈയുള്ളവന്റെ പിന്തുണ മറ്റു ബ്ലോഗ് പോസ്റ്റുകളിലും ഓണ്‍ലൈന്‍ പത്രങ്ങളിലും കമന്റുകളായി ഇട്ടുപോരുന്നു. 

രാഷ്ട്രീയക്കരെല്ലാം ചേര്‍ന്നു മുല്ലപ്പെരിയാറിനും ഇടുക്കി ഡാമിനും ഇടയിലുള്ള ജനങ്ങളെ മാത്രമല്ല ദുരിതം നേരിടേണ്ടി വന്നേക്കാവുന്ന മൊത്തം ജനങ്ങളെ മണ്ടന്മാരാക്കനുള്ള കളികളാണു നടത്തിക്കൊണ്ടിരിക്കുന്നത്.  കോടതിയില്‍ സര്‍ക്കാര്‍ വക വക്കീല്‍ മേലാളന്റെ (എ.ജി) പ്രസ്താവനയും തുടര്‍ന്ന് ഭരണ-പ്രതിപക്ഷ ഭേദമന്യേ ഉള്ള കള്ളനും പൊലീസ് കളിയും ഇപ്പോള്‍ മുതലെടുപ്പിനായി നിരാഹാര മഹാമഹവും!!.

കേരളത്തിലെ നേതാക്കന്‍മാര്‍ ഏതാണ്ട് ഒറ്റക്കെട്ടായി ഈ വിഷയത്തില്‍ അണിനിരക്കുമ്പോള്‍ കേരളത്തില്‍ നിന്നും കേന്ദ്രമന്ത്രിമാരായി പോയിട്ടുള്ള ചിലര്‍ ഇപ്പോഴും വേറെ ഏതോ ലോകത്ത് ബോധമില്ലാതെയിരിക്കുകയാണെന്ന് പറയാതെ വയ്യ.  ഈ അടുത്ത ദിവസം രക്ഷാമന്ത്രിയായ ധര്‍മ്മപുത്രര്‍(?) പറഞ്ഞതാണു തമാശ "കേന്ദ്രത്തിനു സംസ്ഥാനത്തോട് കല്‍പ്പിക്കാന്‍ കഴിയില്ല" എന്ന്.  പിന്നെ എന്താണാവോ നിങ്ങളെക്കൊണ്ടു പറ്റുന്നത്?  തമിഴ്നാട് അതാരു ഭരിച്ചാലും ന്യായവും അന്യായവും ആയ മാര്‍ഗ്ഗങ്ങളിലൂടെയെല്ലാം അവര്‍ ലക്ഷ്യമിട്ടത് നേടിയെടുക്കുക തന്നെ ചെയ്യും.  മുന്‍കാല ചരിത്രവും ഇപ്പൊഴത്തെ ചരിത്രവും പരിശോധിച്ചാല്‍ അതു മനസ്സിലാവും.  അതിനു കേന്ദ്രമന്ത്രിമാരും, എം.പി.മാരും സംസ്ഥാനത്തെ ഭരണ-പ്രതിപക്ഷവുമെല്ലാം ഒറ്റക്കെട്ടാണ്.

ജയലളിത എന്ന വനിത പ്രതിപക്ഷ അവര്‍ മുഖ്യമന്ത്രിയുടെയോ പ്രതിപക്ഷ നേതാവിന്റെയോ ആരുടെ വേഷമിട്ടു വന്നു നിന്നാലും കരുണാനിധിക്കും, മന്‍മോഹനും ആന്‍റ്റണിക്കും എല്ലാം മുട്ടിടിക്കും. ജയലളിത ഇടഞ്ഞാല്‍ ഒരു ആന ഇടഞ്ഞതിനു സമമാണ്. അവര്‍ ഇക്കഴിഞ്ഞ ദിവസം മലയാളികള്‍ക്ക് മാധ്യമങ്ങള്‍ മുഖേന ഒരു കത്ത് പ്രസിദ്ധീകരിച്ചു. നന്നായി ഹോംവര്‍ക്ക് ചെയ്ത് തയ്യാറാക്കിയതാണത് എന്നതില്‍ സംശയമില്ല. എന്നാല്‍ ഈ ജയലളിതാപരാക്രമങ്ങള്‍ കണ്ട് ആകെ അന്തം വിട്ടു നില്‍ക്കുകയാണ്‌ മലയാളികളും അവരുടെ നേതാക്കളും. ആകെ പറ്റുന്നത് കുറെ പ്രസ്ഥാവനാ ഗീര്‍വാണങ്ങള്‍ കത്തിച്ചു വിടുക. അതും പോരാഞ്ഞു നിരാഹാരം കിടക്കുക. കേന്ദ്രത്തിലും ഹൈക്കമാന്റിലും നിര്‍ണ്ണായക(??????!!!!!!) സ്വാധീനമുണ്ടെന്നു പറയുന്ന ആളുള്‍പ്പെടുന്ന മന്ത്രിമാര്‍ ഈ വിഷയം അറിഞ്ഞ മട്ടില്ല. ഒരാള്‍ പറയുന്നത് ഞാന്‍ കേരളത്തിന്റെ മാത്രം മന്ത്രിയല്ലെന്ന്! പിന്നെ ആരാണാവോ താങ്കളെ തെരഞ്ഞെടുത്ത് വിടുന്നത്? മറ്റൊരാള്‍ പറയുന്നത് കേന്ദ്രത്തിനു കല്‍പ്പിക്കാനാവില്ലെന്ന്!


രാഷ്ട്രീയ കോമരങ്ങളായ നിങ്ങള്‍ക്ക് പിന്നെ എന്താണാവോ അറിയുന്നത്?  നൂറ്റാണ്ടു പിന്നിട്ട ഒരു അണക്കെട്ടും അതിന്റെ കാക്കത്തൊള്ളായിരം കൊല്ലത്തേക്കുള്ള കരാറും കാലഹരണപ്പെട്ടതാണെന്നും പ്രഖ്യാപിച്ച് അത് ഡീകമ്മീഷന്‍ ചെയ്യാനുള്ള ഒരു നിയമം പാസ്സാക്കാന്‍ പറ്റിയില്ലെങ്കില്‍ പിന്നെ കേരള നിയമസഭയും അവിടെയുള്ള 140 അംഗങ്ങളും എന്തിനാണെന്ന് നമ്മള്‍ ചോദിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
 
 

2011, ഡിസംബർ 9, വെള്ളിയാഴ്‌ച

ശ്രദ്ധിച്ച് വാഹനമോടിക്കുക - അപകടം ഒഴിവാക്കുക!

ഇന്ന് രാവിലെ അബുദാബിയില്‍ ഉണ്ടായ ഒരു വാഹനാപകടത്തിന്റെ ദൃശങ്ങള്‍ - ചിത്രങ്ങള്‍ താഴെ കാണാം.

അപകടം നടന്നു തൊട്ടടുത്ത നിമിഷം എടുത്ത ചിത്രം.

പുറകെ വന്ന വാഹനങ്ങള്‍ പകച്ചു നോക്കുന്നു, ആളുകള്‍ ചുറ്റും കൂടുന്നു.

പോലീസും ആംബുലന്‍സും എത്തി....  വാഹനങ്ങള്‍ വഴിതിരിച്ചു വിടുന്നു. ഫാസ്റ്റ് എയിഡ്‌ നല്‍കുന്നു.

ഫയര്‍ഫോഴ്‌സ്‌, ക്രെയിന്‍ എത്തി, ബസ്സ്‌ ഉയര്‍ത്താനുള്ള ശ്രമം.  അപകടത്തില്‍ പെട്ട കാര്‍ ഇതിനകം സ്പോട്ടില്‍ നിന്നും നീക്കം ചെയ്തു.

ബസ്സ്‌ ഉയര്‍ത്തുന്നു.....

ഉയര്‍ത്തിയതിനു ശേഷം റിക്കവറി പുറകില്‍ കൊളുത്തുന്നു, റിക്കവറി ഡ്രൈവര്‍ ബസ്സിന്റെ സ്റ്റിയറിംഗ് നേരെയാക്കാന്‍ ബാസ്സിനുള്ളിലെക്ക് കയറുന്നു.....

കൊളുത്തി വലിച്ചു കൊണ്ടുപോകുവാന്‍ റെഡി...

കുറച്ചുകൂടി വലിയ ഒരു ദൃശ്യം.


നമ്മള്‍ എത്ര ശ്രദ്ധിച്ചാലും ഒഴിവാക്കാന്‍ ശ്രമിച്ചാലും അപകടം നടക്കാനുള്ളത് നടക്കുക തന്നെ ചെയ്യും.  എന്നാലും നമ്മുടെ കഴിവിന്റെ പരമാവധി ശ്രദ്ധിച്ച് വാഹനമോടിക്കുക.


2011, ഡിസംബർ 1, വ്യാഴാഴ്‌ച

യു.എ.ഇ. ദേശീയദിന ആശംസകള്‍

നാല്പതു സംവത്സരങ്ങള്‍ പിന്നിട്ട യു.എ.ഇ. നാടിന്റെ ദേശീയ ദിനം നാളെ ഡിസംബര്‍ രണ്ടിന്.  എല്ലാവര്ക്കും ആശംസകള്‍ നേരുന്നു.  പ്രവാസികളായ ഞങ്ങളെ അനുഭാവപൂര്‍വം ഒരു ജീവിതമാര്‍ഗ്ഗം തന്നു സംരക്ഷിക്കുന്ന ഈ നാടിനോടുള്ള കടപ്പാട് എന്നും പ്രവാസികളും അവരെ ആശ്രയിച്ചു കഴിയുന്ന കുടുംബങ്ങളും എന്നും സ്മരിക്കുക.  ഇവിടത്തെ ഭരണകൂടത്തോടുള്ള നന്ദി എന്നും മനസ്സിലുണ്ടാവുക.


ഫ്രാന്‍സും റോമാനിയയും പിന്നെ പോര്‍ച്ചുഗലും!!. ഏയ്‌ ഇല്ലന്നെ!

വിഷയം വളച്ചു കെട്ടാതെ പറയാം, എന്റെ യാഹൂ മെയില്‍ ഹാക് ചെയ്യപ്പെട്ടു. സംഭവം നടന്നിരിക്കുന്നത് യുറോപ്പില്‍ നിന്നുമാണ്. യാഹൂ അക്കൌണ്ട് തുറക്കുമ്പോള്‍ ഒരു വാണിംഗ് മെസേജ് പാസ് വേഡ് മാറ്റുവാന്‍ ആവശ്യപ്പെട്ടു വരും. അതില്‍ പറഞ്ഞിരിക്കുന്നത് യാഹൂവിന് (എനിക്കല്ല!) നിങ്ങളുടെ അക്കൌണ്ടില്‍ ചില ദുരൂഹ ഇടപെടലുകള്‍ നടന്നതായി ശ്രദ്ധയില്‍ പെട്ടു എന്നും (നമ്മുടെ) സുരക്ഷക്കായി പാസ് വേഡ് മാറ്റുക എന്നുമാണ്.   നമ്മുടെ അക്കൌടില്‍, അക്കൌണ്ട് ഇന്ഫോര്‍മേഷനിലെ  ഒടുവിലത്തെ ലോഗിന്‍ വിവരങ്ങള്‍ തെരഞ്ഞാല്‍ നമുക്ക് അവിടെയൊക്കെ നമ്മുടെ അക്കൌണ്ട് ലോഗിന്‍ ചെയ്യപ്പെട്ടിടുണ്ട് എന്നതിന്റെ വിവരം കിട്ടും. ഐ.പി. അഡ്രസ്സും, എന്തിലാണ് (മെസ്സെഞ്ചര്‍ / മെയില്‍) ലോഗിന്‍ ചെയ്തത്, എപ്പോള്‍, ഇതു രാജ്യത്തു വച്ച് എന്നെല്ലാം ഉള്ള വിവരം കിട്ടും. എനിക്ക് കിട്ടിയ വിവരം താഴെ കാണാം. അതില്‍ പറഞ്ഞിരിക്കുന്നത് ഫ്രാന്‍സ്, റൊമാനിയ പിന്നെ പോര്‍ച്ചുഗല്‍ - ലത് ചിത്രത്തിലില്ല എന്നിവിടങ്ങളില്‍ വച്ച് എന്റെ മെയില്‍ തുറന്നിട്ടുണ്ട് എന്നാണ്. നാട്ടില്‍ നിന്ന് വന്നതില്‍ പിന്നെ അബൂദാബി വിട്ടു എവിടെയും പോയിട്ടില്ല കേട്ടോ! പിന്നല്ലേ ഫ്രാന്‍സും റോമാനിയയും പിന്നെ പോര്‍ച്ചുഗലും.

അതുകൊണ്ട് യാഹൂ മെയില്‍ ഉള്ളവര്‍ ദയവായി നിങ്ങളുടെ പാസ് വേഡ് സുരക്ഷിതമാക്കണം അല്ലെങ്കില്‍ മാറ്റണം എന്ന ഒരു അഭ്യര്‍ത്ഥന മുന്നോട്ടു വെക്കുന്നു. കൂടാതെ ബ്രൌസറിലെ ടൂള്‍സ് മെനുവില്‍ പോയി ബ്രൌസിംഗ് ഹിസ്റ്ററി ഡിലീറ്റ് ചെയ്യുവാനും ശ്രദ്ധിക്കുക. (ഡിലീറ്റ് ഹിസ്റ്ററി ഓണ്‍ എക്സിറ്റ് എന്ന ഓപ്ഷന്‍ ആക്ടീവ് ആക്കിയാല്‍ കൂടുതല്‍ നല്ലത്). പിന്നെ നല്ല ആന്റി വൈറസ് സോഫ്റ്റ്‌വെയര്‍ ഏതെങ്കിലും (ഇത്തരം ആക്രമണങ്ങളെ തടയുന്നവ!) നിങ്ങളുടെ സിസ്ടത്തില്‍ ഇന്സ്ടാല്‍ ചെയ്യുമല്ലോ. (ഫ്രീ വേര്‍ഷന്‍ വേണ്ട, കാശ് കൊടുത്തു തന്നെ വാങ്ങണം, എന്നാലേ നമ്മള്‍ ഉദ്ദേശിച്ച ഫലം കിട്ടൂ!). അതുകൊണ്ട് എല്ലാവരും ജാഗ്രതൈ!!2011, നവംബർ 23, ബുധനാഴ്‌ച

നോക്കുകൂലി ഞങ്ങള്‍ കൊണ്ഗ്രസ്സിനു പുളിക്കത്തില്ലാട്ടോ!

കേരളത്തിലെ വ്യാവസായിക വികസനത്തിന്‌ തടസ്സം പ്രധാനമായും ഇടതുപക്ഷ പ്രസ്ഥാനങ്ങളാണ് എന്നാണു വലതു പക്ഷ കോണ്‍ഗ്രസും മറ്റു പാര്‍ട്ടികളും പ്രചരണം നടത്തി വരുന്നത്. ട്രേഡ് യുനിയന്‍ പ്രവര്‍ത്തനവും, തൊഴില്‍ സമരങ്ങളും കൂടാതെ നോക്കു കൂലി എന്ന തെണ്ടിത്തരവും ഇടതുയുനിയനുകളുടെ ഭാഗത്ത്‌ നിന്നും നല്ലൊരു അളവില്‍ ഈ ആരോപണങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. അവയെല്ലാം നല്ലൊരു പരിധിവരെ ശരിയുമാണ്. ട്രേഡ് യുനിയന്‍ ഗുണ്ടായിസം (എല്ലാ പാര്‍ട്ടികളുടെയും പോഷക യുനിയനുകളുടെ വക) ഒരു വസ്തുതയാണ്.

എന്നാല്‍ കാര്യങ്ങള്‍ ഒരു പരിധിവരെ മാറിയിട്ടുണ്ട്. കഴിഞ്ഞ കാല സര്‍ക്കാരുകളും ഇപ്പോഴത്തെ സര്‍ക്കാരും നോക്കുകൂലി എന്ന പ്രതിഭാസത്തെ ഇല്ലാതാക്കുവാന്‍ കഴിവിന്റെ പരമാവധി പരിശ്രമിച്ചു. എന്നാലും ചിലയിടതെല്ലാം അത് നിലനില്കുകയും ചെയ്യുന്നു. നോക്കു കൂലി എന്ന് കേട്ടാല്‍ "ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍" എന്ന മട്ടിലാണ് വലതു പക്ഷം ഇടതു യുനിയനുകളുടെ മേല്‍ ചാടി വീഴുന്നത്. എന്നാല്‍ ഇന്നത്തെ മാതൃഭൂമി ഓണ്‍ലൈന്‍ ന്യൂസില്‍ ഒരു വാര്‍ത്ത വന്നിരിക്കുന്നത് ഇതിനെല്ലാം വിരുദ്ധമാണ്. കുടിവെള്ള പദ്ധതിക്ക് കൊണ്ടുവന്ന പൈപ്പ് ഇറക്കുവാന്‍ നോക്കുകൂലി ചോദിച്ചത് ഈ വാര്‍ത്ത പ്രകാരം ഇടതു പക്ഷ യുനിയനുകളല്ല, മറിച്ച് ഐ.എന്‍.ടി.യു.സി എന്ന കോണ്ഗ്രസ് പോഷക സംഘടനയാണ്. വാര്‍ത്ത ഇവിടെ ക്ലിക്കിയാല്‍ വായിക്കാം. നോക്കുകൂലിയുടെ പേരില്‍ ഇടതുപക്ഷ ട്രേഡ്യുനിയനുകളുടെ മേല്‍ ചാടി വീഴുന്നതിനു മുന്പ് ഈ സംഭവം ഓര്‍ക്കുന്നത് കൊണ്ഗ്രസ്സുകാര്‍ക്ക് ഗുണം ചെയ്യും. (ഞാന്‍ ഇടതുപക്ഷ പ്രവര്‍ത്തകനല്ല എന്നുകൂടി പറയട്ടെ).


2011, നവംബർ 12, ശനിയാഴ്‌ച

ജയരാജനും ഗോവിന്ദചാമിയും - നീതി നിര്‍വഹണത്തിന്റെ രണ്ടു മുഖങ്ങള്‍.

ന്യായാധിപനെ അധിക്ഷേപിച്ചു എന്ന കാരണത്താല്‍ ജയരാജനെ ജയിലിലേക്കയച്ച ഹൈക്കോടതി ഇനി ഗോവിന്ദചാമി എന്ന അണ്ണാച്ചി തിരുട്ടു റാസ്കലിനെ എന്താണ് വിധിക്കാന്‍ പോകുന്നതോ എന്തോ? ഇനി ഹൈക്കോടതി, സുപ്രീം കോടതി, അപ്പീല്‍, റിവ്യൂ ഹര്‍ജി, ദയാ ഹര്‍ജി തുടങ്ങിയവ വരാനിരിക്കുന്നു. സൌമ്യ വധം അപ്പോഴേക്കും ജനം മറന്നു കഴിഞ്ഞിട്ടുണ്ടാവും. അല്ലെങ്കില്‍ മറ്റു സൌമ്യമാര്‍ രക്തസാക്ഷിത്വം വരിച്ചിട്ടുണ്ടാവും, നമ്മുടെ സമൂഹത്തില്‍  അതുമല്ലെങ്കില്‍  ക്രൂരന്മാരായ ഗോവിണ്ടാചാമിമാര്‍ സമൂഹത്തില്‍ ഉദയം ചെയ്തിട്ടുണ്ടാവും.
ഗോവിന്ദചാമി നാളെ തൂക്കിലേറ്റപ്പെടും എന്ന് ആരും അതിര് കടന്നു പ്രത്യാശിക്കേണ്ടതില്ല. കാരണം ഒന്നുകില്‍ അയാള്‍ നീതി വിചാരണ എന്ന നീണ്ട പ്രക്രിയയില്‍ ഒരു വേള ജീവപര്യന്തം ശിക്ഷിക്കപ്പെടുവാനോ അല്ലെങ്കില്‍ വിട്ടയക്കപ്പെടുവാണോ സാധ്യത ഏറെയാണ്. ഇനി ഒരുപക്ഷെ സുപ്രീം കോടതി തന്നെ ശിക്ഷ ശരിവച്ചു എന്ന് കരുതുക. എന്നാലും രാഷ്ട്രപതിക്ക് ദയാഹര്‍ജി സമര്‍പ്പിക്കാം. രാജീവ് ഗാന്ധി വധക്കേസില്‍ വധശിക്ഷ കിട്ടി കഴിയുന്ന തമിഴ് തീവ്രവാദികളും, പാര്‍ലമെന്റ് ആക്രമിച്ചവരും എല്ലാം ദയാഹര്‍ജി തീര്‍പ്പാകുന്നതും കാത്തു കഴിയുന്നു. ഇതില്‍ ഒന്നിനെയെങ്കിലും തൂക്കി ശിക്ഷ നടപ്പാക്കാന്‍ കഴിയാത്ത നിയമ വ്യവസ്ഥയാണ് നമ്മുടെ നാട്ടില്‍ നില നില്‍ക്കുന്നത്.

ജയരാജനെ ഉടന്‍ ജയിളിലയക്കാന്‍ വ്യഗ്രത കാട്ടിയ കോടതി (അതേ കോടതി തെന്നെയല്ല കേട്ടോ) അണ്ണാച്ചിയെ തൂക്കുന്നത് ഹൈക്കോടതി അനുമതിയോടെ കൂടി വേണമെന്ന് നിബന്ധന വച്ചു. ഹൈക്കോടതിയില്‍ തമിഴന്റെ വക്കീല്‍ അപ്പീല്‍ പോകുമെന്ന് ഇതിനകം വ്യക്തവുമായിക്കഴിഞ്ഞു.

കൂടാതെ വികലാംഗന്‍ എന്ന ആനുകൂല്യവും പ്രതിക്ക് കിട്ടുവാന്‍ സാധ്യതയുണ്ട്. (പണ്ടു കണ്ട ജോഷി ചിത്രം "ധ്രുവം" ഓര്‍മ്മ വരുന്നു).

ന്യായാധിപനെ ശുംഭന്‍ എന്ന് വിളിച്ച ജയരാജനെ നമ്മള്‍ ഭാവിയില്‍ അനുകൂലിച്ചു നിലപാട് മാറ്റാന്‍ സാധ്യത ഏറെയാണ്‌ ഈ വിഷയത്തില്‍. ബാക്കി നിങ്ങള്‍ സങ്കല്‍പ്പിക്കുക. എന്തെങ്കിലും എഴുതി നടപടി നേരിടാന്‍ വയ്യേ!
 
ഇത്തരം നികൃഷ്ടമായ കുറ്റകൃത്യം ചെയ്തവരുടെ കാര്യത്തിലെങ്കിലും അപ്പീല്‍ അനുവദിക്കാതെ ശിക്ഷ നടപ്പാക്കുവാനുള്ള വകുപ്പ് ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയില്‍ എഴുതി ചേര്‍ക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്ന് മാത്രം ഈ അവസരത്തില്‍ കുറിക്കുന്നു.


2011, ഒക്‌ടോബർ 21, വെള്ളിയാഴ്‌ച

സമര ഭീഷണിക്കു മുന്നില്‍ മുട്ടുമടക്കി സംസ്ഥാന സര്‍ക്കാര്‍.

ജനാധിപത്യപരവും അല്ലാത്തതുമായ സമരങ്ങളുടെ സ്വന്തം നാടായ കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശൂരില്‍ ഇക്കഴിഞ്ഞ ദിവസം ഒരു സ്വകാര്യ ബസ്‌ സമരം നടക്കുമെന്ന് ബസ്സുടമകള്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.  എന്നാല്‍ തൊട്ടു മുന്‍ദിവസം തിരുവനന്തപുരത്ത് വച്ച് ഗതാഗത മന്ത്രിയുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ സമരം പിന്‍വലിച്ചു.  സാധാരണ സ്വകാര്യ ബസ്സ്‌ സമരം മുഖ്യമായി നടക്കുന്നത് ചില സ്ഥിരം ആവശ്യങ്ങളില്‍ ഊന്നിയാണ്. (ഡീസല്‍ വിലവര്‍ധന വഴി ബസ്ചാര്‍ജ്ജ് വര്‍ധിപ്പിക്കല്‍ - വിദ്യാര്‍ത്ഥി കണ്‍സെഷന്‍ നിരക്കുകള്‍ വര്‍ധിപ്പിക്കല്‍ തുടങ്ങിയവ അവയില്‍ പ്രധാനമാണ്).  എന്നാല്‍ ഇത്തവണ ആവശ്യം വളരെ വിചിത്രമായിരുന്നു.  ബസ്സുകള്‍ വാതിലുകള്‍ സ്ഥാപിക്കണം അന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം അട്ടിമാരിക്കുവാനായിരുന്നു ബസ്സുടമാ സംഘം സമരപ്രഖ്യാപനം നടത്തിയത്‌.

തൃശൂര്‍ ജില്ലയില്‍ സ്വകാര്യ ബസ്സുകളുടെ വാതിലില്‍ കൂടി വീണു ഒരു വിദ്യാര്‍ഥി ഉള്‍പ്പെടെ രണ്ടാള്‍ മരണമടഞ്ഞത് ഈയിടെ റിപ്പോര്‍ട്ട് വന്നിരുന്നു.  ഒരു പാടു വിമര്‍ശനം പൊതു സമൂഹത്തില്‍ നിന്നും ഉയര്‍ന്ന വിഷയമായിരുന്നു.  നമ്മുടെ നാട്ടിലെ ഒരു നടപ്പനുസരിച്ചു എന്തെങ്കിലും നിര്‍ഭാഗ്യകരമായ സംഭവം ഉണ്ടായിക്കഴിയുമ്പോള്‍ ഉണരുന്ന ഭരണകൂടം ഇത്തവണ ഉറച്ചു തന്നെ ഇറങ്ങി.  വാതിലില്ലാത്ത ബസ്സുകളെ പിടികൂടുകയും മുന്നറിയിപ്പ്‌ നല്‍കുകയും പിന്‍വാതില്‍ അടക്കം രങ്ങു വാതിലുകള്‍ ഘടിപ്പിച്ചു സര്‍വ്വീസ്‌ നടത്താന്‍ ഒരു സമയപരിധി കൊടുക്കുകയും ചെയ്തു.  മുന്പത്തെതില്‍ നിന്നും വ്യത്യസ്തമായി വ്യാപകമായ പരിശോധനകള്‍ പോലീസ്‌ - ഗതാഗത വകുപ്പുകളില്‍ നിന്നും ഉണ്ടായത്‌ ബാസ്സുടമകളുടെ പ്രതീക്ഷകള്‍ക്ക്‌ വിപരീതമായിരുന്നു.  പല തരത്തിലും ബന്ധപ്പെട്ട ഉദ്ദ്യോഗസ്ഥരെ സ്വാധീനിക്കുവാന്‍ കിണഞ്ഞു ശ്രമിച്ചെങ്കിലും സ്വന്തം ജോലിയോടുള്ള ആത്മാര്‍ഥത പുലര്‍ത്തുന്ന ഉദ്യോഗസ്ഥരുടെ മുന്നില്‍ അതൊന്നും വിലപ്പോയില്ല.

അവസാനം അറ്റകൈപ്രയോഗം എന്ന മട്ടില്‍ മാധ്യമങ്ങളെ കണ്ടു. "സ്വകാര്യ ബസ്സുടമകളും തൊഴിലാളികളും പീഡിപ്പിക്കപ്പെടുന്നു, സ്വകാര്യബസ്സ്‌ സര്‍വ്വീസ്‌ അസാധ്യമായിരിക്കുന്നു" എന്നീ വാദങ്ങള്‍ ഉന്നയിച്ചപ്പോള്‍ അത് ഏറ്റുപാടാന്‍ ചില മാധ്യമങ്ങളും തയ്യാറായി.  പത്തൊന്‍പതാം തിയതി മുതല്‍ അനിശ്ചിതകാലത്തേക്ക് സര്‍വ്വീസുകള്‍ നിര്‍ത്തി വക്കുകയാനെന്നു പ്രഖ്യാപിച്ചു.  തുടര്‍ന്ന്‍ തിരുവനന്തപുരത്ത് ഗതാഗത വകുപ്പ്‌ മന്ത്രി ശ്രീ. ശിവകുമാരുമായി നടത്തിയ ചര്‍ച്ചയില്‍ തങ്ങളുടെ നിലപാടില്‍ ഉറച്ചു നില്‍ക്കുകയും മന്ത്രി ഇടപെട്ടു ബസ്സുകളില്‍ വാതിലുകള്‍ ഘടിപ്പിക്കാനുള്ള നിര്‍ദ്ദേശം തല്‍ക്കാലത്തേക്ക് മരവിപ്പിക്കുകയും ചെയുതു. (കാര്യങ്ങള്‍ പഠിക്കാന്‍ പോകുന്നു എന്നും കേള്‍ക്കുന്നു). അവസാനം പതിവുപോലെ ബസ്സുടമകള്‍ വിജയിക്കുകയും ചെയ്തു.

ഈ അവസ്ഥയില്‍ ഗൌരവമായി ചിന്തിക്കേണ്ട ചില വിഷയങ്ങളുണ്ട്.  ചില ഈര്‍ക്കില്‍ സംഘടനകള്‍ വിരട്ടുംപോഴേക്കും മാറ്റാനുല്ലതാണോ സര്‍ക്കാര്‍ തീരുമാനങ്ങള്‍ ?! എന്നതാണ് ഒരു വിഷയം.  രണ്ടാമത്‌ ഉദ്യോഗസ്ഥര്‍ മര്യാദക്ക് ജോലി ചെയ്യാന്‍ തയ്യാറായി ചെയ്യുന്ന കാര്യങ്ങള്‍ അട്ടിമാറിക്കുവാന്‍ മന്ത്രി തലത്തില്‍ ഉണ്ടാകുന്ന തീരുമാനങ്ങള്‍ കാരണമായി തീരുന്നു എന്നതാണ്.  മൂന്നാമത് സര്‍ക്കാര്‍ - ബസ്സുടമ ഒത്തുകളിയില്‍ അപകടതിലാവുന്നത് ജനങ്ങളുടെ സുരക്ഷയാണ് എന്നതാണ്. 

തൃശൂര്‍ ജില്ലയില്‍ പ്രധാനമായും സ്വകാര്യ ബസ്സ് സര്‍വ്വീസിനെ ആശ്രയിക്കുകയാണ് ഭൂരിപക്ഷം ജനങ്ങളും.  വളരെ നല്ല രീതിയില്‍ ലാഭകരമായി ഉള്‍പ്രദേശങ്ങളെ പോലും ബന്ധിപ്പിക്കുന്ന ഒരു പാടു ബസ്സ്‌ സര്‍വ്വീസുകള്‍ ഈ ജില്ലയില്‍ കാണാന്‍ സാധിക്കും.  ഇതെല്ലാം ജനോപകാരപ്രടമെന്നു സമ്മതിക്കുന്നതോടൊപ്പം ചില അനാശാസ്യ പ്രവണതകള്‍ എടുത്തു പറയുക തന്നെ വേണം.  വിദ്യാര്തികലോടുള്ള സമീപനം, മത്സരയോട്ടം, കയറുന്നതിനു മുന്‍പ്‌ ബെല്ലടിച്ചു വിടല്‍ തുടങ്ങിയവ അതില്‍ ചിലത് മാത്രം.  പോലീസും ബന്ധപ്പെട്ട അധികാരികളും ഇത്തരം കാര്യങ്ങള്‍ കണ്ടാല്‍ മിക്കവാറും കണ്ണടയ്ക്കും.  (പോലീസുകാര്‍ക്ക്‌ സ്വകാര്യ ബസ്സില്‍ "സൌജന്യ" യാത്ര അവര്‍ നല്‍കും ഇല്ലെങ്കില്‍ വിവരമറിയും.).  ഒട്ടും സഹിച്ചുകൂടാത്തത് കയറുന്നതിനു മുന്നേയുള്ള ബെല്ലടിയാണ്.  പലവിധ ആരോഗ്യപ്രശ്നങ്ങലുള്ള പ്രത്യേകിച്ച് വയസ്സായവര്‍ക്ക് ഇത് ഒരുപാടു വൈഷമ്യം ഉണ്ടാക്കുന്നു.  ഒരുപാടു അപകടങ്ങള്‍ ഇതുകാരണം ഉണ്ടായിട്ടുണ്ട്.  പലരും പരിക്കേല്‍ക്കുകയും മരണമടയുകയും ഉണ്ടായിട്ടുണ്ട്. 

ഇതിനെല്ലാം ഒരു പരിധി വരെ പരിഹാരം ഉണ്ടാവുമെന്ന് കണ്ടുകൊണ്ടാണ് വാതിലുകള്‍ ഘടിപ്പിക്കുവാന്‍ ബന്ധപ്പെട്ടവര്‍ നിര്‍ദ്ദേശിച്ചത്‌.  ഒരു കണ്ടക്ടറും ഡ്രൈവറും മാത്രം ഉള്ള KSRTC രണ്ടു വാതിലുമായി സര്‍വ്വീസ്‌ നടത്തുമ്പോള്‍ ഒരു കണ്ടക്ടറും, ഡ്രൈവറും ഒന്നോ രണ്ടോ "കിളി"കളും ഉള്ള സ്വകാര്യ ബസുകള്‍ക്ക്‌ വാതില്‍ ഘടിപ്പിക്കാന്‍ സാധ്യമല്ല പോലും!!!!  സ്വകാര്യ ബസ്സുകളില്‍ ലിമിറ്റഡ്‌ സ്റ്റോപ്പ്‌ ബസ്സുകള്‍ ഉള്‍പ്പെടെ ചില വണ്ടികള്‍ക്ക് രണ്ടു വാതിലുകള്‍ ഉള്ളത് വിസ്മരിക്കുന്നില്ല.  നാഴികക്ക് നാല്പതു വട്ടം സര്‍വ്വീസ്‌ നഷ്ടം എന്ന് പറയുന്ന സ്വകാര്യ ബസ്സ്‌ സര്‍വ്വീസുകളെ ഒന്ന് നിരീക്ഷിച്ചാല്‍ അതിലെ കള്ളത്തരവും പൊള്ളത്തരവും മനസ്സിലാവും.  കേരളത്തിലെ ഏറ്റവും സുന്ദരങ്ങളായ സ്വകാര്യ ബസ്സുകള്‍ തൃശൂര്‍ ജില്ലയിലാണ്.  ഒരു ഗ്രൂപ്പിന് തന്നെ ഒന്നിലധികം ബസ്സുകള്‍.  ഉള്ളതോ സകല വിധ ആഡംബരങ്ങളും ഘടിപ്പിച്ചത്.  ഈയിടെ തൃശൂരില്‍ നിന്നും കൊടുങ്ങല്ലൂരിലേക്ക് ഒരു ലിമിറ്റഡ്‌ സ്റ്റോപ്പ്‌ ബസ്സില്‍ വന്നതില്‍ ഡി.വി.ഡി.യില്‍ "ശ്രീധരന്റെ ഒന്നാം തിരുമുറിവ്‌" എന്ന മലയാള പടം ഓടുന്നു.  അതിനു മുന്‍പ്‌ ഗുരുവായൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് പോയപ്പോള്‍ "ദേവാസുരം" എന്ന പടം ആ ബസ്സില്‍.  പരമാവധി പൈസ ചെലവാക്കി നിര്‍മ്മിച്ചിരിക്കുന്ന ഇത്തരം ബസ്സുകളുടെ ഒരു പ്രധാന ന്യൂനത സീറ്റിലിരുന്നാല്‍ മുട്ടുകാല്‍ മുന്‍പിലെ സീറ്റില്‍ മുട്ടും എന്നതാണ്.  ഈ ബസ്സുകള്‍ക്ക്‌ ആരാണ് പെര്‍മിറ്റ്‌ കൊടുക്കുന്നത്?  ഫിറ്റ്‌നസ് പരിശോധന എന്ന ഒരു പരിപാടി ആരൊക്കെയോ ചേര്‍ന്ന് അട്ടിമറിക്കുന്നു.  സര്‍വ്വീസുകള്‍ നഷ്ടത്തിലാണെന്ന് പറയുന്ന ബസുടമകള്‍ ഓരോ വര്‍ഷവും ബസ്സുകളുടെ എണ്ണം കൂട്ടുകയും പുതിയ ട്രിപ്പ്കള്‍ തുടങ്ങി ലാഭം കൊയ്യുകയും ചെയ്യുന്നു.

രാഷ്ട്രീയ പാര്‍ട്ടികളുടെ വിവിധങ്ങളായ ഫണ്ടുകള്‍ നിറക്കുന്നതില്‍  സ്വകാര്യ ബാസ്സുടമാകലുടെ പങ്ക് നിസ്തുലമാണ്.  പൊന്മുട്ടയിടുന്ന താറാവിനെ കൊല്ലാന്‍ ഒരിക്കലും നമ്മുടെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ തയ്യാറാവില്ലല്ലോ.  ജനങ്ങളുടെ സുരക്ഷയാണ് പ്രധാനം നിങ്ങളുടെ ആവശ്യം അംഗീകരിക്കുവാന്‍ പറ്റില്ല, സമരം നടത്തിയാല്‍ നടത്തുന്നവന്റെ പെര്‍മിറ്റ്‌ നിയമാനുസ്രിതമായി റദ്ദാക്കുമെന്ന് പറയുവാന്‍ മന്ത്രിക്ക്‌ കഴിയാത്തത്‌ ബസ്സുടമകളെന്ന സമ്മര്‍ദ്ധ ഗ്രൂപ്പിനെ പിണക്കാന്‍ കഴിയാത്തതിന്റെ നിസ്സഹായതയാണ്.  വിദ്യാര്‍ഥി കണ്‍സെഷന്‍ കൂട്ടുമെന്നു പറയുമ്പോഴേക്കും സമരം ചെയ്യുന്ന സംഘടനകള്‍ക്കോ അവരെ വളര്‍ത്തുന്ന മാതൃ സംഘടനകള്‍ക്കോ ഇക്കാര്യങ്ങളിലൊന്നും യാതൊരു താല്പര്യവുമില്ല.‌

2011, ഒക്‌ടോബർ 12, ബുധനാഴ്‌ച

പാരകള്‍ക്കിടയില്‍ അതിവേഗം ബഹുദൂരം!മലയാളികള്‍ ഈ കാണുന്ന ചിത്രം ഇനി കുറച്ച്ചുകാലത്തെക്ക് മറക്കാനിടയില്ല.  കേരളത്തിന്റെ പോക്ക്കണ്ടാല്‍ ഈ ചെറിയ തോക്കിന് പകരം എ.കെ -നാല്പത്തി ഏഴു തന്നെ പോലീസിനു പ്രയോഗിക്കേണ്ടി വരുമെന്ന് തീര്‍ച്ച.  മൂന്നു പേരുടെ ഭൂരിപക്ഷത്തില്‍ ഭരിക്കുന്ന ഉമ്മന്ചാണ്ടി ഇപ്പോള്‍ രണ്ടാമതൊന്നു ആലോചിക്കുന്നു എന്ന് ഉറപ്പിച്ച് പറയാം.  ബാലകൃഷ്ണപിള്ള ആശുപത്രിയില്‍ സുഖവാസം അനുഭവിക്കുന്നതിന്റെ പ്രശ്നം ഒന്നോതുങ്ങിയാതെ ഉള്ളൂ അപ്പോഴേക്കും അങ്ങേരു കയറി ചാനലുകാരുടെ ഫോണ്‍ വിളിക്ക് ഉത്തരം നല്‍കിയതിലൂടെ കൂടുതല്‍ പ്രശ്നമായി.  അധ്യാപകന്റെ അപകടം വരുത്തി വച്ച ദുരൂഹതക്ക് അന്ത്യം വരുത്താന് പോലീസ്‌ ആവുന്നത് ശ്രമിച്ചിട്ടും കഴിഞ്ഞിട്ടില്ല.  ഇതിനിടയില്‍ കോഴിക്കോട് ഒരു അസി. കമ്മീഷണര്‍ സുരേഷ്ഗോപി കളിച്ചു.  അറിഞ്ഞിടത്തോളം ഒരു പോലീസുകാരന് വേണ്ട എല്ലാ "യോഗ്യത"കളും തികഞ്ഞ ആളാണ്‌ ശ്രീ. രാധാകൃഷ്ണ പിള്ള.  കുഞാപ്പാക്ക് പണ്ടത്തെ ഐസ്ക്രീം കേസില്‍ മൂപ്പര്‍ ഉപകാരം ചെയ്തുകൊടുത്തത് മുന്‍നിര്‍ത്തി നല്ല സുരക്ഷ ഭരണതലത്തില്‍ നിന്നും കോഴിക്കോട് സംഭവത്തില്‍ ലഭിച്ചു എന്നതിന് തെളിവുണ്ട്.  അതല്ലേ ഇത്രയുമായിട്ടും അദ്ദേഹം സസ്പെന്റു ചെയ്യപ്പെടാതെ നില്‍ക്കുന്നത്‌.

ഇതിനിടയില്‍ തോക്ക് പിടിച്ചു ഫോട്ടത്ത്തില്‍ വരാത്ത മറ്റൊരു പോലീസുകാരന്‍ (നമ്മുടെ സുധാകരന്‍ എം.പി.യുടെ തോക്കുകാരന്‍ കാവല്‍ക്കാരന്‍!) ഒരു ബസ്സ്‌ യാത്രക്കിടയില്‍ തെറ്റിദ്ധാരണയുടെ പുറത്ത്‌ ഒരു പാവത്തിനെ ലവനും മറ്റു രണ്ടു പേരും ചേര്‍ന്ന് തല്ലിക്കൊന്നിരിക്കുന്നു.  ഈ വിഷയത്തില്‍ എന്തായാലും നടപടി ഉണ്ടായി.  ലവനെ സസ്പെന്റു ചെയ്യുകയും മരിച്ച നിരപരാധിയുടെ കുടുംബത്തിന് പത്തുലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കുവാനും അയാളുടെ ഭാര്യക്ക്‌ ജോലി നല്‍കുവാനും മന്ത്രിസഭായോഗം തീരുമാനിച്ചു.  (സസ്പെന്‍ഷനും മറ്റും കഴിഞ്ഞാല്‍ ലവന്‍ കൂളായി ഊരിപ്പോരുമെന്നും ഒരു പ്രമോഷനും മുഖ്യമന്ത്രിയുടെ പോലീസ്‌ മെഡലും ഭാവിയില്‍ ഒപ്പിച്ച്ചെടുക്കുമെന്നും നമുക്ക്‌ പ്രത്യാശിക്കാം).  അതാണല്ലോ കാലാകാലങ്ങളായി കേരളത്തിലും ഇന്ത്യയിലും നടന്നുപോരുന്നത്.

മേല്പറഞ്ഞ പോലീസുകാരനും പൊതുമുതല്‍ നശിപ്പിച്ചു സമരം ചെയ്യുന്ന ആളുകളും ഞാനും ഇത് വായിക്കുന്ന സമൂഹവും എല്ലാം എത്ത്തിപ്പെട്ടിരിക്കുന്ന ഒരു പ്രതിസന്ധിയിലേക്കാണ് ഇപ്പോഴത്തെ സംഭവങ്ങള്‍ വിരല്‍ ചൂണ്ടുന്നത്.  എല്ലാറ്റിനും വ്യവസ്ഥാപിതമായ മാര്‍ഗ്ഗങ്ങള്‍ ഉണ്ടെന്ന സത്യം ഉത്തരവാദിത്തപ്പെട്ടവര്‍ വിസ്മരിക്കുന്നു.  ഓര്‍മ്മിപ്പിക്കാന്‍ കടപ്പെട്ടവര്‍ അത് ചെയ്യുന്നില്ല.  എല്ലാവര്ക്കും സ്വന്തം നിലക്കുള്ള കൈവിട്ട കളി കളിക്കാന്‍ അതിയായ താല്പര്യമാണ്.  കേരളീയ സമൂഹത്തില്‍ ഇത് ഒരു രോഗലക്ഷനമല്ല.  അതിനെ ബാധിച്ചിരിക്കുന്ന രോഗം തന്നെയാണ്.  ഇതിനുള്ള ചികില്‍സ നാമെല്ലാം ഗൌരവമായി ചെയ്യേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

2011, സെപ്റ്റംബർ 21, ബുധനാഴ്‌ച

യു.പി.എ. സര്‍ക്കാര്‍ ആസ്‌ഥാനം ജയിലിലേക്ക്‌ മാറ്റേണ്ടിയിരിക്കുന്നു.

ഏറവും ഒടുവിലത്തെ റിപ്പോര്‍ട്ട്‌ പ്രകാരം കേന്ദ്ര ആഭ്യന്തര മന്ത്രിയായ പി. ചിദംബരം ജയിലെക്കുള്ള വഴിയില്‍ ആണോന്നു സംശയിക്കേണ്ടിയിരിക്കുന്നു.  സ്പെക്ട്രം അഴിമതി അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ജനതാപാര്‍ട്ടി നേതാവ്‌ സുബ്രമണ്യം സ്വാമി കേസ്‌ നടത്തുന്നതിനിടയില്‍ കോടതിക്ക്‌ മുന്‍പാകെ സമര്‍പ്പിച്ച ഒരു രേഖയാണ് ഇപ്പോള്‍ നിര്ന്നായകമായിരിക്കുന്നത്.  സ്പെക്ട്രം ലൈസന്‍സുകള്‍ സ്വന്തം അപ്പന്റെ വക പോലെ അനുവദിച്ചപ്പോള്‍ ധനമന്ത്രിയായിരുന്ന ചിദംബരം ഒന്ന് നെറ്റി ചുളിച്ചിരുന്നു എങ്കില്‍ അതിന്റെ പേരില്‍ നടന്ന അഴിമതി ഒഴിവാക്കാമായിരുന്നു എന്നാണു തെളിഞ്ഞ്ഞ്ഞു വരുന്നത്.

അഴിമതി പ്രതാപത്തിന്റെ അടയാളമായി കാണുന്ന മന്ത്രിമാരും (പ്രധാനമന്ത്രിയും) ഇതൊരു പ്രശ്നമായിട്ടെടുത്ത്ത മട്ടില്ല.  എങ്കിലും പ്രതിപക്ഷം ചിദംബരന്‍ അണ്ണാച്ചിയുടെ രാജി ആവശ്യപ്പെട്ടു കഴിഞ്ഞ്ഞ്ഞു.  ഈ നിലക്ക് പോയാല്‍ എല്ലാം പ്രധാനമന്ത്രിയില്‍ ചെന്ന് നില്‍ക്കും.  തന്റെ കീഴിലുള്ള മന്ത്രി പുംഗവന്മാര്‍ അഴിമതി നടത്തിയത്‌ പൂച്ച പാല്‍ കുടിക്കുന്നത്‌ പോലെ കണ്ണടച്ച് കണ്ടിട്ട് ഞാനൊന്നും അരിഞ്ഞ്ഞ്ഞില്ല എന്നമാട്ടിളിരിക്കാന്‍ സര്‍ദാര്‍ജിക്ക് എത്ര നാളുകള്‍ കൂടി സാധിക്കും എന്നത് കണ്ടറിയണം.

തീഹാര്‍ ജയിലില്‍ ഒരു തമിഴ്നാട് ബ്ലോക്ക്‌ എത്രയും വേഗം സജ്ജമാക്കാന്‍ ബന്ധപ്പെട്ട അധികാരികളോട് ഈ അവസരത്തില്‍ അപേക്ഷിക്കുന്നു.  അല്ലെങ്കില്‍ യു.പി.എ. സര്‍ക്കാരിന്റെ ആസ്ഥാനം തീഹാര്‍ ജയിലിലേക്ക്‌ മാറ്റേണ്ടിയിരിക്കുന്നു.

2011, സെപ്റ്റംബർ 17, ശനിയാഴ്‌ച

വീണിതല്ലോ കിടക്കുന്നു ധരണിയില്‍ (ധോണിയും കൂട്ടരും!)

ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീമിന്റെ ഇംഗ്ലീഷ്‌ പര്യടനം ഒരു അന്തര്‍ദേശീയ വിജയം പോലുമില്ലാതെ അവസാനിച്ചിരിക്കുന്നു.  ഈ അടുത്ത കാലത്തൊന്നും ഇത്ര കനത്ത ഒരു പരാജയ പരമ്പര ഇന്ത്യന്‍ ടീം അഭിമുഖീകരിച്ച്ചിട്ടുണ്ടോ എന്ന് സംശയമാണ്.  പേസിനെ അകമഴിഞ്ഞ്ഞ്ഞു തുണക്കുന്ന സായിപ്പിന്റെ നാട്ടിലെ പിച്ചുകളില്‍ കേവലം സ്പിന്നിനെ "അതി വിദഗ്ദമായി" നേരിടാനറയുന്ന ‌"ലോകോത്തര"(?!) നിറയും കൊണ്ട്ട് ധോണി ഇരുട്ടില്‍ തപ്പുകയായിരുന്നു.  ഐ.പി.എല്ലും മറ്റും മൂലമുണ്ടായ പരിക്കിനെ വെളിവാക്കാതെ മറച്ചു വച്ച് ലങ്ടനിലേക്ക് വിമാനം കയറിയ താരങ്ങള്‍ മാപ്പര്‍ഹിക്കുന്നുന്റൊയെന്നു ബി.സി.സി.ഐ. വിലയിരുത്തണം.  ആദ്യ ടെസ്റ്റ്‌ മല്‍സരങ്ങളില്‍ പരിക്ക് മൂലം മാറി നിന്നിരുന്ന സെവാഗ് അവസാന ടെസ്റ്റുകളില്‍ കളിച്ചെങ്കിലും ഫോമിന്റെ നാല് പോയിട്ട്‌ ഏഴയലത്ത് പോലും എത്തിയില്ല.  (പുള്ളിക്ക് കേള്വിക്കുറവ് എന്നാണ്‌ അറിയാന്‍ കഴിഞ്ഞത്! യഥാര്‍ത്തത്തില്‍ കാഴ്ച്ചക്കുരവാനെന്നു ആരും സംശയിക്കും അയാളുടെ ബാറ്റിംഗ് കണ്ടാല്‍).  ഹര്‍ഭജന്‍ എന്നാ പല്ലുകൊഴിഞ്ഞ സിംഹവും അദേഹത്തിന് പകരം കൊണ്ടു വന്നവരും എല്ലാം കണക്ക് തന്നെ.  മറ്റ് ക്രിക്കറ്റ്‌ കളിക്കുന്ന രാജ്യങ്ങള്‍ വ്യക്തമായ പ്ലാനിംഗ് നടത്തി ഒരു പരമ്പര നടത്തുമ്പോള്‍ ഇന്ത്യന്‍ ബോര്‍ഡ്‌ തങ്ങളുടെ ഇഷ്ടക്കാരെ കുത്തി നിറച്ച് ടീം ഉണ്ടാക്കി സാമ്പത്തിക വിജയത്തിനായി പരമാവധി മല്‍സരങ്ങള്‍ സംഘടിപ്പിക്കുന്നു.  ആവശ്യമായ വിശ്രമമോ മത്സരങ്ങല്‍ക്കിടയിലെ ഇടവേലയോ നല്‍കാതെ കളിക്കാരെ പരമാവധി ചൂഷണം ചെയ്യുന്നു. 

ഈ വ്യവസ്ഥിതി മാറ്റിഎടുക്കുവാന്‍ ആരും തയ്യാറാവുന്നില്ല.  എല്ലാവര്ക്കും  പണമാണ് പ്രശ്നം.  ബോര്‍ഡിനും വേണം പണം, താരങ്ങള്‍ക്കും വേണം പണം!

(വാര്‍ത്ത - ശ്രീശാന്തും ഷാജി കൈലാസും ആറന്മുളയില്‍ വള്ളസദ്യ വഴിപാട് നടത്തി.  ശ്രീശാന്തിന് അടുത്ത പരമ്പരയും ഷാജിക്ക്‌ "കിംഗ് & കംമ്മീഷനാര്‍ സിനിമയുടെ റിലീസും ആസന്നമായിരിക്കുന്നു.)

2011, ഓഗസ്റ്റ് 27, ശനിയാഴ്‌ച

വീണ്ടുമൊരു വെക്കേഷന്‍

വീണ്ടും വെക്കേഷന്‍, നാട്ടിലേക്ക്. ഒരു പ്രവാസിയെ സംബന്ധിച്ചിടത്തോലം ഒരു ആവേശമാണ്‌ ഓരൊ വെക്കേഷനും. പിരിഞ്ഞിരിക്കുന്ന മാതാ-പിതാക്കളെ, ഭാര്യാ-ഭര്‍ത്താക്കന്മാരെ, മക്കളെ, ബന്ധുക്കളെ എല്ലാം വീണ്ടും നേരില്‍ കാണാനും പിറന്ന നാടിന്റെ ഗന്ധം ശ്വസിക്കാനും ഉള്ള ആവേശം.ഷോപ്പിംഗ് മാളുകളില്‍ നിന്നും അനവധി കാരി ബാഗുകളുമായി പുറത്തേക്ക് നടക്കുന്ന ഒരു ശരാശരി പ്രവാസിയെ കണ്ടാല്‍ മനസ്സിലാവും നാട്ടിലുള്ള പ്രിയപ്പെട്ടവര്‍ക്കുള്ള സ്നേഹസമ്മാനങ്ങളാണവയെന്ന്. എയര്‍പോട്ടിലെ ബോര്‍ഡിംഗ് പാസ്-എമിഗ്രേഷന്‍-സെക്യൂരിറ്റി ചെക്കിംഗ് തുടങ്ങിയവയുടെ ക്യൂവില്‍ നില്‍ക്കുന്നവരുടെ മുഖത്തുള്ള അക്ഷമ അത് വിളിച്ചു പറയുന്നു. ഡ്യൂട്ടി ഫ്രീയിലെ സ്വീറ്റ്സും മദ്യവും സിഗരറ്റും എത്ര വിലകൂടിയതായാലും പ്രവാസിക്ക് അതൊരു പ്രശ്നമല്ല.  ഫ്ലൈറ്റ് ഉയരുന്നതിനു തൊട്ടുമുന്പ് വരെ പ്രിയപ്പെട്ടവരോട് മൊബൈലില്‍ സംസാരിക്കുന്ന ശീലം പ്രവാസിക്ക് എന്നുമുണ്ടാവും. ഫ്ലൈറ്റ് ലാന്റു ചെയ്ത് കഴിയുമ്പോഴേക്കും മിക്കവാറും സീറ്റുകളില്‍ നിന്നും മൊബൈലിന്റെ വെല്‍ക്കം ടോണ്‍ ഉയര്‍ന്ന് കേള്‍ക്കാം. (സുരക്ഷാപരമായി ഇത് അങ്ങേയറ്റത്ത് അപരാധമാണെന്നു കൂടി പറയട്ടെ.) 
 
ഫ്ലൈറ്റിന്റെ മൂവ് മെന്റു നിന്നയുടന്‍ എല്ലാവരും സീറ്റുകളില്‍ നിന്നും ചാടിയെഴുന്നേല്‍ക്കുന്നു. ഇരിക്കുന്ന യാത്രക്കാരുടെ ചുമലുകളിലും തലയിലും സ്പര്‍ശിച്ച് തങ്ങളുടെ ലഗേജുകള്‍ അവര്‍ താഴേക്ക് വലിച്ചിറക്കുന്നു. ഫ്ലൈറ്റിന്റെ വാതില്‍ തുറന്നാല്‍ ഒരോട്ടമാണ്. എമിഗ്രേഷന്‍ കൌണ്ടറിനുള്ളിലെ ഏമാന്മാരുടെ തുറിച്ചുനോട്ടവും പിന്നിട്ട് ബാഗേജ് ക്ലൈമിംഗ് ഏരിയയില്‍ വീണ്ടും കാത്തിരിപ്പ്. കണ്‍വെയര്‍ ബെല്‍റ്റിലൂടെ വരുന്ന ബാഗുകളില്‍ നിന്നും തങ്ങളുടെത് വലിച്ചെടുത്ത് ട്രോളിയില്‍ വച്ച് പുറത്തേക്ക് വരുമ്പോള്‍ പലപ്പോഴും എംബാര്‍ക്കേഷന്‍ കാര്‍ഡിന്റെ ടൊക്കന്‍ നല്‍കാന്‍ മറന്നുപോവുന്നു. പുറത്ത് ആകാംക്ഷയോടെ കാത്തു നില്‍ക്കുന്ന ഒരായിരം കണ്ണുകള്‍. വേണ്ടപ്പെട്ടവരുടെ മുഖങ്ങള്ക്കിടയില്‍ നിന്ന് തങ്ങള്‍ തേടിയവരെ കാണുമ്പോള്‍!...ഹൊ..ആലോചിച്ചിട്ടു തന്നെ ഒരു ഇത്...
 
അങ്ങിനെ ഇനി 2 ദിവസം ബാക്കി.. 29നു ഞാനും നാട്ടിലേക്ക്...
 
**********************എല്ലാവര്‍ക്കും ഈദ്-ഓണം ആശംസകള്‍!!!**********************

2011, ഓഗസ്റ്റ് 14, ഞായറാഴ്‌ച

ഇംഗ്ലീഷുകാര്‍ വീണ്ടും ഇന്ത്യ കീഴടക്കി!.

(പേടിക്കേണ്ട ക്രിക്കറ്റിലാ...)

ഇംഗ്ലീഷുകാരില്‍ നിന്നും സ്വാതന്ത്ര്യം നേടിയതിന്റെ വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ ക്രിക്കറ്റില്‍ ഇന്ത്യയുടെ ഒന്നാം റാങ്ക് അവര്‍ക്ക് "ടീം ഇന്ത്യ" അടിയറ വച്ചിരിക്കുന്നു. ലോകോത്തര "പുലി"കളായ ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാര്‍ ഒന്നടങ്കം ഉത്തരവാദിത്തമില്ലാതെ കളിച്ച് ഒന്നു പൊരുതാന്‍ പോലുമാവാതെ കീഴടങ്ങി. (ദ്രാവിഡിന്റെ ചെറുത്തുനില്പ് മറക്കുന്നില്ല).

പേസ് ബൌളിങ്ങിനെയും സ്വിങ്ങിനെയും നന്നായി തുണക്കുന്ന വിക്കറ്റുകളില്‍ എങ്ങിനെ ബാറ്റ് ചെയ്യണമെന്ന് ഇനിയും പഠിക്കേണ്ടിയിരുക്കുന്നു നമ്മുടെ ടീം. (അവര്‍ മുട്ടിനും അരക്കും ഇടയില്‍ പന്തിനെ കുത്തിയുയര്‍ത്തുന്ന ഇന്ത്യന്‍ വിക്കറ്റുകളില്‍ സംഹാര രൂപികളായി താണ്ഡവമാടും!).

പരിക്കേറ്റ കളിക്കാരും അവരുടെ സ്ഥാനത്ത് റീപ്ലേസ്മെന്റില്‍ വരുന്ന കളിക്കാരും (നമ്മുടെ ഗോപുമോന്‍ തന്നെ!) എല്ലാം ചേര്‍ന്ന് ആകെ കുട്ടിച്ചോറാക്കി. മൂലകാരണം ഈ പരാജയത്തിനു നാം തേടുകയാണെങ്കില്‍ അത് ഐ.പി.എല്ലില്‍ ചെന്നു നില്‍ക്കും.  ആവശ്യത്തിലധികം പണവും മദ്യ-മദിരാക്ഷി ലഭ്യതയുമെല്ലാം ചേര്‍ന്ന് ഐ.പി.എല്ലിനെ ആകര്‍ഷകമാക്കിയപ്പോള്‍ ആ തീയിലേക്ക് വന്നു വീഴുന്ന ഈയലുകളായി താരങ്ങള്‍. തുടര്‍ച്ചയായ മല്‍സരങ്ങളില്‍ ക്ഷീണിതരാകുന്ന താരങ്ങള്‍ക്ക് മതിയായ വിശ്രമ സമയം അടുത്ത അന്താരാഷ്ട്ര ഷോഡ്യൂളിനു മുന്നേ ലഭിക്കുന്നില്ല. പരിക്കുണ്ടെങ്കിലും അത് മറച്ച് വച്ച് അടുത്ത മല്‍സരത്തിനിറങ്ങുന്നവരും ഉണ്ട്. (സഹീര്‍-സെവാഗ് ഉദാഹരണം).

ഐ.പി.എല്‍ ടെസ്റ്റ് - ഏകദിനങ്ങളെ കൊല്ലുമെന്ന് ആരൊക്കെയോ വിലപിച്ചത് നാം ഓര്‍ക്കുന്നുണ്ടാവും.  ഐ.പി.എല്ലിന്റെ നീരാളികൈകളില്‍ നിന്ന് "ക്രിക്കറ്റിലെ ദൈവങ്ങള്‍" എന്ന് നാം വിളിക്കുന്ന താരങ്ങള്‍ പോലും മുക്തരല്ല.  ബൌണ്‍സ് ചെയുന്ന പന്ത് കളിക്കാനറിയാത്തവരാണ്‌ ഇന്ത്യന്‍ കളിക്കാരെന്ന് ഒരിക്കല്‍ കൂടി പര്യടനം തെളിയിച്ചു. റെയ്ന, യുവരാജ് തുടങ്ങിയവര്‍ ഉദാഹരണം. ബൌളിങ്ങിലെ കാര്യം കട്ടപ്പൊക. സഹീര്‍ പോയപ്പോള്‍ ഭാരം ചുമലിലേറ്റിയ പ്രവീണും, ഇഷാന്തും തീരെ മങ്ങിപ്പോയി. ഗോപുമോന്റെ കാര്യം പറയുകയും വേണ്ട. ഹര്‍ഭജന്‍ ഒരു പല്ലുകൊഴിഞ്ഞ സിംഹമായിക്കഴിഞ്ഞു. പകരം വന്നയാളും തഥൈവ! പാര്‍ട്ട്-ടൈമര്‍മാര്‍ ഒന്നിനും കൊള്ളത്തുമില്ല.

മറിച്ച് ഇംഗ്ളീഷ് നിരയില്‍ എല്ലാം ചിട്ടയായിട്ടായിരുന്നു നീങ്ങിയിരുന്നത്. സ്ടോസും കുക്കും ഒരാള്‍ പരാജയപ്പെട്ടാല്‍ മറ്റൊരാള്‍ തിളങ്ങും. പിന്നെ പീറ്റേഴ്സണ്‍, ദ്രാവിഡ് സ്റ്റൈലില്‍ കളിക്കുന്ന് ബെല്‍, ട്രോറ്റ്, മോര്‍ഗന്‍, നല്ലൊരു വിക്കറ്റ് കീപ്പറും ബാറ്റ്സ്മാനുമായ പ്രയര്‍, ബൌളിങ്ങിലും ബാറ്റിങ്ങിലും ഒരുപോലെ തിളങ്ങുന്ന (ഇവരല്ലേ ഓള്‍ റൌണ്ടര്‍!) ബ്രെസ്നാന്‍, ബ്രോഡ്, പിന്നെ നല്ല ലൈനിലും ലെങ്ത്തിലും പന്തെറിയുന്ന ആന്‍ഡേഴ്സണ്‍ ഇവരെല്ലാം നല്ല നിലവാരമുള്ള കളിയാണു കാഴ്ചവച്ചത്.  ഗ്രെയം ​സ്വാന്‍ എന്ന അവരുടെ സ്പിന്നറ്, സ്പിന്നിനെതിരെ രാജാക്കന്മാരാണെന്ന് അവകാശപ്പെടുന്ന ഇന്ത്യന്‍ നിരയെ ശരിക്കും വെള്ളം കുടിപ്പിക്കുക തന്നെ ചെയ്തു. 
 
പരിക്കു പറ്റി ഒരാള്‍ പുറത്തുപോയാല്‍ ആ വിടവ് നികത്തുന്ന "ബാക്ക് - അപ്പ്" ഇംഗ്ളണ്ട് കരുതിവച്ചിട്ടൂണ്ട്. അതിനുദാഹരണമാണ്‌ ട്രെംലറ്റ് പുറത്തു പോയപ്പോള്‍ വന്ന ബ്രെസ്നാന്‍ ട്രോറ്റ് പുറത്തുപോയപ്പോള്‍ വന്ന മോര്‍ഗന്‍ തുടങ്ങിയവര്‍. സ്റ്റീവന്‍ ഫിന്‍ എന്ന മഗ്രാത്തിനെ അനുസ്മരിപ്പിക്കുന്ന ഒരു ബൌളര്‍ പിന്‍നിരയില്‍ ഉണ്ട്. ഇന്ത്യയാണെങ്കിലോ സെവാഗ് പോയപ്പോള്‍ വന്നയാള്‍ ഠിം!. ഗംഭീര്‍ പോയപ്പോള്‍ വരാനാളില്ല! ദ്രാവിഡിനു ഓപ്പണിംഗ് ചുമതല. ധോണി ഇടക്ക് ഗ്ളൌസും പാഡും ദ്രാവിഡിന്‍ നല്‍കി ബൌളറുമാവുന്നു. സഹീറിനു പകരം വന്ന ഗോപുമോന്‍ ഒരു 3 വിക്കറ്റ് വീഴ്ത്തിയപ്പോ എന്തായിരുന്നു പുകില്‍. കൈകളിലെ ചരടുകളില്‍ കുടിയിരുത്തിയ മൂര്‍ത്തികളൊന്നും തന്നെ അവരെ തുണക്കുന്നില്ല.

മറിച്ച് ഇംഗ്ളീഷ് ബൌളര്‍മാരെ നോക്കുക. ഓരോ പോയിന്റും കണ്ടറിഞ്ഞ് അവര്‍ എറിയുന്നു. വിക്കറ്റ് വീഴ്ത്തുകയും ചെയ്യുന്നു. അവര്‍ സ്വന്തം നാടിന്റെ അനുകൂല സാഹചര്യം മുതലെടുക്കുകയാണെന്ന് വേണമെങ്കില്‍ ചിലര്‍ക്ക് വാദിക്കാം.  ഒരു യാഥാര്‍ത്ഥ കളിക്കാരന്‍ ഏതൊരു സാഹചര്യത്തിലും തിളങ്ങുന്നവനാകണം! അതിവിടെ പ്രസക്തമാണ്.
 
പുള്‍ഷോട്ട്:  സച്ചിന്‍ ചിലപ്പോള്‍ നൂറാമത് ശതകം അടുത്ത ടെസ്റ്റില്‍ അടിക്കും, അല്ലെങ്കില്‍ നാട്ടിലെത്തിയാലുള്ള പരമ്പരയില്‍ തീര്‍ച്ച!  (അതങ്ങിനെയാ..!!!)

2011, ജൂൺ 14, ചൊവ്വാഴ്ച

എണ്ണപ്പാട വികസനത്തിലെ അംബാനി തട്ടിപ്പുകള്‍.

സ്വകാര്യ പെട്രോളിയം കമ്പനികളെ യു.പി.എ. സര്‍ക്കാര്‍ "വഴിവിട്ട്" സഹായിച്ചതായി കംട്രോളര്‍ & ഓഡിറ്റര്‍ ജനറല്‍ (സി.എ.ജി) റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. മുകേഷ് അംബാനിയുടെ റിലയന്‍സ് അടക്കമുള്ള സ്വകാര്യ എണ്ണ കമ്പനികളെ ഇന്ത്യാ ഗവണ്‍മെന്റ് പൊതു ഖജനാവിന്‌ നഷ്ടമുണ്ടാക്കിക്കൊണ്ട് സഹായിച്ചതായാണ്‌ പുറത്ത് വന്ന വാര്‍ത്തകള്‍ നല്‍കുന്ന സൂചന.

കൃഷ്ണാ-ഗോദാവരി തടത്തിലെ എണ്ണ നിക്ഷേപം പുറത്തെടുക്കാന്‍ നിയമിക്കപ്പെട്ടത് മുകേഷിന്റെ റിലയന്‍സ് ആണ്. പൊതുമുതല്‍ കൊള്ള ചെയ്ത് സ്വകാര്യ കുത്തക മുതലാളിമാര്‍ ലാഭമെടുക്കുന്നതിന്റെ പത്ര വാര്‍ത്തകള്‍ ഇവിടെ (മാതൃഭൂമി) വായിക്കാം. മനോരമ വാര്‍ത്ത ഇവിടെയും മാധ്യമത്തിന്റെ റിപ്പോര്‍ട്ട് ഇവിടെയും ക്ലിക്കിയാല്‍ വായിക്കാം.
 
അധികാര ദുര്‍വിനിയോഗത്തിന്റെ കാര്യത്തില്‍ ഇതുവരെ കേട്ടുവന്ന ആരോപണങ്ങളെയൊക്കെ വെല്ലുവിളിക്കുന്ന തരത്തിലുള്ള പുതിയ തരം ആരോപണങ്ങള്‍ ആഴ്ചകണക്കിനു പുറത്തു വന്നുകൊണ്ടിരിക്കുന്നു. ബലഹീനനായ പ്രധാനമന്ത്രി ഇതെല്ലാം കേട്ടിട്ടും യാതൊരു കുലുക്കവുമില്ലാതെ നിലകൊള്ളുന്നു. അഴിമതി തടയാന്‍ തന്റെ കൈയില്‍ മാന്ത്രിക വടിയൊന്നുമില്ലെന്നാണ്‌ ടിയാന്റെ വാദം. അഥവാ പ്രധാനമന്ത്രിയെ അദ്ദേഹത്തിന്റെ നിഷ്ക്രിയതയുടെ പേരില്‍ ആരെങ്കിലും വിമര്‍ശിച്ചാല്‍ അവര്‍ എന്തോ അതിഭയങ്കരമായ അപരാധം ചെയ്യുന്ന മട്ടിലാണ്‌ കോണ്‍ഗ്രസ്സിലെ ചില നേതാക്കളും വക്താക്കളൂം പ്രതികരിക്കുന്നത്.

എണ്ണക്കമ്പനികള്‍ക്ക് വില സ്വന്തം നിലക്ക് നിശ്ചയിക്കാനുള്ള അധികാരം നല്‍കിയത് തന്നെ ഇപ്പോള്‍ വെളുക്കാന്‍ തേച്ചത് പാണ്ടായ പോലെയാണ്. 3-4 വര്‍ഷം മുന്‍പ് നാട്ടില്‍ പോയപ്പോള്‍ റിലയന്‍സിന്റെ പമ്പുകള്‍ പൂട്ടിയിട്ടിരിക്കുകയായിരുന്നു.  ഭാരത സര്‍ക്കാരിന്റെ വിലക്കനുസരിച്ച് നാട്ടുകാര്‍ക്ക് എണ്ണ നല്‍കിയാല്‍ തങ്ങള്‍ക്ക് നഷ്ടമാവും എന്ന ന്യായത്തിലായിരുന്നു അത്.  അന്ന് പെട്രോള്‍ ഏകദേശം 50-51 രൂപയിലായിരുന്നു കേരളത്തില്‍.  പൂട്ടിയിട്ട റിലയന്‍സ് പമ്പില്‍ കാണപ്പെട്ട അവസാന വില നിലവാരം 56-57 രൂപയിലായിരുന്നു.  ഇതിനിടയിലൊക്കെ കാലാകാലങ്ങളായി പൊതു-സ്വകാര്യ മേഖലാഭേദമന്യേ എല്ലാ കമ്പനികളും വില നിയന്ത്രണത്തിലുള്ള കുത്തകക്ക് വേണ്ടി നടത്തുന്ന മുറവിളികള്‍ മുഴങ്ങുന്നുണ്ടായിരുന്നു.  ബി.ജെ.പി മുന്നണി ഭരിച്ചിരുന്നപ്പോഴും സര്‍ക്കാര്‍ എണ്ണ വില നിയന്ത്രണം എടുത്ത് കളയും എന്ന് ഉരുവിട്ടിരുന്നുവെങ്കിലും പൊതുജനത്തെ ഭയന്നാകാം അതിനു മുതിര്‍ന്നില്ല.  പിന്നീട് വന്ന ഒന്നാം യു.പി.എ. സര്‍ക്കാരിന്‌ നിര്‍ണ്ണായ പിന്തുണ കൊടുത്തിരുന്നത് ഇടതുപക്ഷമായിരുന്നത് കൊണ്ട് ഇക്കാര്യത്തില്‍ "റിസ്ക്" എടുക്കുവാന്‍ അവര്‍ തയ്യാറായില്ല.  ഇടതന്മാര്‍ പാലം വലിക്കുമോ എന്ന പേടി ഊണിലും ഉറക്കത്തിലും സര്‍ക്കാരിനെ അലട്ടിയിരുന്നു.  2009ലെ പൊതു തെരഞ്ഞെടുപ്പില്‍ ഇടതന്മാരുമായി പിണങ്ങി മറ്റു പല പ്രാദേശിക പാര്‍ട്ടികളുമായി ചേര്‍ന്ന് അധികാരത്തില്‍ തുടരാന്‍ കഴിഞ്ഞത് എന്തു ജനദ്രോഹവും ചെയ്യുവാനുള്ള ഒരു ലൈസന്‍സ് അവര്‍ക്ക് കിട്ടിയതു പോലെയായി.  ഇതിനിടയില്‍ വീണ്ടും എണ്ണ വില നിയന്ത്രണ വിഷയം കമ്പനികള്‍ ഉന്നയിച്ചു കൊണ്ടിരുന്നു.  വില നിയന്ത്രണം എടുത്ത് കളയുമെന്ന ഊഹാപോഹങ്ങള്‍ക്കിടയില്‍ മുകേഷ് അംബാനി നേരിട്ട് പ്രധാനമന്ത്രിയെ കണ്ടു.  എണ്ണവില പ്രശ്നം ഉന്നയിക്കുകയും ചെയ്തു.  ഒരു രണ്ടാഴ്ച കഴിഞ്ഞപ്പോഴേക്കും സര്‍ക്കാര്‍ പ്രഖ്യാപനം വന്നു. പെട്രോള്‍ വില നിയന്ത്രണം സര്‍ക്കാരില്‍ നിന്നുമെടുത്ത് കളഞ്ഞു.  ഡീസല്‍ മണ്ണെണ്ണ ഗ്യാസ് വിലകള്‍ സര്‍ക്കാര്‍ തന്നെ കൈകാര്യം ചെയ്യും-അതും തല്‍ക്കാലത്തേക്ക്.  പൊതുജനമെന്ന കഴുതകളുടെ മേല്‍ അതൊരു ടെസ്റ്റ് ഡോസായിരുന്നു.  ഏറെ കഴിയാതെ പെട്രോള്‍ വില കമ്പനികള്‍ തോന്നിയപോലെ കൂട്ടാന്‍ തുടങ്ങി.  വിലനിയന്ത്രണം എടുത്തു കളഞ്ഞ ശേഷം പ്രധാനമന്ത്രി പ്രതികരിച്ചത് "കുറെകഴിയുമ്പോള്‍ ജനങ്ങള്‍ക്ക് ഇതൊരു ശീലമായിക്കോളും" എന്നാണ്.  ശരിയാണ്‌ ഇടക്കിടെ നല്ല അടി കിട്ടിയാല്‍ ആദ്യമൊക്കെ വേദന തോന്നുമെങ്കിലും പിന്നീട് അതിനെയും സഹിക്കാന്‍ പഠിക്കും പൊതുജനം എന്നായിരിക്കാം അദ്ദേഹം ഉദ്ദേശിച്ചത്.

ഇത്രയും പറഞ്ഞത് രാജ്യത്തെ വ്യവസായ-ബിസിനസ് ലോബി സര്‍ക്കാരിനുമേല്‍ എത്രകണ്ട് സ്വാധീനവും സമ്മര്‍ദ്ദവും ചൊലുത്തുന്നുണ്ട് എന്ന് വ്യക്തമാക്കാനാണ്.  75 ശതമാനം ആളുകളും 20 രൂപ പ്രതിദിന വരുമാനം മാത്രം നേടുന്ന ഒരു ജനാധിപത്യ മതേതര രാജ്യമാണ്‌ നമ്മുടെ ഇന്ത്യ!  ഭരണഘടനാനുസൃതമായി പക്ഷഭേദമില്ലാതെ പ്രവര്‍ത്തിക്കും എന്ന് സത്യം ചെയ്ത് അധികാരത്തിലേറുന്ന ഭരണവര്‍ഗ്ഗം എത്രകണ്ട് സ്വജന പക്ഷപാതം കാണിക്കാമെന്നുള്ളതിന്റെ ഉദാഹരണമാണ്‌ ഇപ്പോള്‍ സി.എ.ജി പുറത്ത് വിട്ടിരിക്കുന്ന റിപ്പോര്‍ട്ട്.  മുന്‍ യു.പി.എ. സര്‍ക്കരില്‍ ആദ്യകാലത്ത് പെട്രോളിയം വകുപ്പ് കൈകാര്യം ചെയ്തിരുന്ന മണിശങ്കരയ്യരെ അദ്ദേഹം ഇറാനില്‍ നിന്നും പാക്കിസ്ഥാന്‍ വഴി ഇന്ത്യയിലേക്ക് പൈപ്പ് ലൈനിലൂടെ പ്രകൃതി വാതകം കൊണ്ടു വരാനുള്ള ആശയത്തെയും പദ്ധതിയേയും പിന്തുണച്ചതിന്റെ പേരില്‍ രാവുക്കു രാമാനം നഗരവികസന വകുപ്പിലേക്ക് സ്ഥലം മാറ്റി ഒതുക്കി ഇപ്പോഴത്തെ മന്ത്രി മുരളി ദേവ്റയെ പ്രതിഷ്ഠിച്ചത് ഇതിനോട് കൂട്ടിവായിക്കേണ്ടതാണ്.  ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന റിപ്പോര്‍ട്ട് ശരിയാണെങ്കില്‍ കളിച്ചത് മന്ത്രിയും റിലയന്‍സ് അടക്കമുള്ള എണ്ണ ലോബികളും തന്നെ.  സര്‍ക്കാരിന്റെ തലവനായ പ്രധാനമന്ത്രി ഇതൊന്നുമറിഞ്ഞില്ലന്ന് ഇനി പറയാന്‍ കഴിയുമോ?

ഈ ചൂഷക വര്‍ഗ്ഗങ്ങള്‍ക്ക് നികുതി നല്‍കുകയും ചുമന്നു നടുവൊടിയുകയും ചെയ്യുന്ന നമ്മള്‍ എന്ന പൊതു ജനത്തിന്റെ കണ്ണില്‍ പൊടിയിടുന്ന പ്രസ്ഥാവനകള്‍ക്കായി കാത്തിരിക്കാം.

2011, ജൂൺ 9, വ്യാഴാഴ്‌ച

മുടിയും വിശ്വാസികളും.

അന്ത്യപ്രവാചകന്‍ മുഹമ്മദ് (സ) നബിയുടെ മുടിയാണെന്ന് പറഞ്ഞ് കാന്തപുരം അബൂബക്കര്‍ മുസലിയാര്‍ കാത്തു സൂക്ഷിച്ചിരിക്കുന്ന സംഗതിയുടെ പേരില്‍ സുന്നികള്‍ തമ്മില്‍ അടി മൂത്തിരിക്കുകയാണ്. അതില്‍ കക്ഷി ചേരാനായി സമുദായത്തിലെ പ്രബലരും അല്ലാത്തവരും മുന്നോട്ട് വന്നുകൊണ്ടിരിക്കുന്നു.

ഒരു മുടിയുടെ പേരില്‍ മുസ്ലീം സമുദായത്തില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ഇവരൊക്കെ വിചാരിച്ചിട്ട് ഒരു പരിധി വരെ നടന്നു. ഈ മുടിയുടെ ആധികാരികത വ്യക്തമാക്കുവാന്‍ കാന്തപുരം മതിയായ രേഖകള്‍ ഹാജരാക്കിയിട്ടില്ല. എന്നാല്‍ മുടി വ്യാജമാണെന്ന് വ്യക്തമാക്കുന്ന ചില രേഖകളുമായി എതിര്‍ വിഭാഗം രംഗം കൊഴുപ്പിക്കുന്നു. ഇതില്‍ പാണക്കാട് ഹൈദരലി തങ്ങള്‍ തന്നെയും എതിരഭിപ്രായം കാന്തപുരത്തിനെതിരെ പ്രകടിപ്പിക്കുകയുണ്ടായി.

ഈ സാഹചര്യത്തില്‍ പ്രസ്തുത മുടിയുടെ ആധികാരികത(?!) ഉറവിടം എന്നിവയെ സംബന്ധിച്ച കാര്യങ്ങള്‍ ശാസ്ത്രീയമായി തെളിയിക്കപ്പെടേണ്ടതുണ്ട്.  പ്രവാചക തിരുമേനി (സ) ജീവിച്ചിരുന്നത് നൂറ്റാണ്ടുകള്‍ക്ക് മുന്‍പായതുകൊണ്ട് അവിടുത്തെ തിരുശേഷിപ്പെന്ന് പറഞ്ഞ് കൊണ്ടുവന്ന് ഹാജരാക്കിയ സാധനം അതെന്തുതന്നെയായാലും ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കി സത്യാവസ്ഥ വിശ്വാസികളെ ബോധ്യപ്പെടുത്തേണ്ടതാണ്.  അല്ലാത്ത പക്ഷം അത് പാവം വിശ്വാസികള്‍ തമ്മിലുള്ള ഏറ്റുമുട്ടലുകളിലേക്ക് നയിക്കുകയും കേരളത്തിലെ ഒരു ക്രമസമാധാന പ്രശ്നമായി മാറുകയും ചെയ്യുന്ന അവസ്ഥ അതി വിദൂരമല്ല.  ഇത്തരത്തില്‍ ഒരു സംഭവം എറണാകുളം ജില്ലയില്‍ ഒരു മന്ത്രി സന്നിധനായിരുന്ന യോഗത്തില്‍ പോലുമുണ്ടായി.  വിശ്വാസികളുടെ തമ്മിലടികണ്ട് പുരോഹിത വര്‍ഗ്ഗം ഊറിച്ചിരിച്ചുകൊണ്ട് പിന്നണിയിലിരിക്കുകയുള്ളൂ.  മുടിയുടെ വാണിജ്യപരമായ സാധ്യതകള്‍ തിരിച്ചറിഞ്ഞ പണ്ഡിത ശൈഖുനമാര്‍ക്ക് അല്ലാതെന്തുചെയ്യാന്‍ കഴിയും.  അവര്‍ക്ക് വേണ്ടത് മതത്തിന്റെ പേരില്‍ ഭിന്നതയുണ്ടാക്കുക അതുവഴി തങ്ങളുടെ ബിസിനസ് താല്‍പര്യങ്ങള്‍ സംരക്ഷിക്കുക.  അല്ലെങ്കില്‍ കേരളത്തില്‍ എത്ര സഹോദരിമാര്‍ കല്യാണപ്രായം കഴിഞ്ഞ് പലവിധ കാരണങ്ങളാല്‍ വീടുകളില്‍ നില്‍ക്കുന്നു, എത്ര കുടുംബങ്ങള്‍ സ്വന്തമായി ഒരു തുണ്ട് ഭൂമിയോ വീടോ ഇല്ലാതെ കഷ്ടപ്പെടുന്നു, പലവിധ വ്യാധികള്‍ മൂലം എത്ര അബാല വൃദ്ധം ജനങ്ങള്‍ കഷ്ടപ്പെടുന്നു, തുടങ്ങി എത്രയോ പ്രശ്നങ്ങള്‍ മുസ്ലീങ്ങളും അല്ലാത്തവരുമായ ജനവിഭാഗങ്ങള്‍ അഭിമുഖീകരിക്കുന്നു.  മനസ്സു വച്ചാല്‍ ഇതിനെല്ലാം ഒരു പരിധിവരെ പരിഹാരം ജാതിമത-ഗ്രൂപ്പ് ഭേദമന്യേ ഒന്നിച്ചു നിന്നു പ്രവര്‍ത്തിച്ചാല്‍ കണ്ടെത്താവുന്നതേയുള്ളൂ.  അതിനു പകരം എവിടെന്നോ (അബുദാബിയില്‍!) കൊണ്ടു വന്ന ഒരു മുടി വച്ച് പൂജിക്കാന്‍ വേണ്ടി 40 കോടി ചെലവിട്ട് ഒരു പള്ളി നിര്‍മ്മിക്കാന്‍ പോകുന്നു. മുടിപൂജക്കാര്‍ ഒന്ന് മനസ്സിലാക്കുക തിരുനബി (സ) തങ്ങളെ നമ്മള്‍ നമ്മുടെ മനസ്സില്‍ വച്ചിട്ട് അതിയായി സ്നേഹിക്കുകയും അദ്ധേഹത്തിന്റെ ചര്യകള്‍ (സുന്നത്തുകള്‍) കഴിയാവുന്നത്ര പിന്‍പറ്റുകയുമാണ്‌ വേണ്ടത്. "അല്ലാഹുവല്ലാതെ ഒരു ആരാധ്യനില്ല, നിശ്ചയം മുഹമ്മദ് (സ) അല്ലാഹുവിന്റെ ദൂതരാണ്" എന്ന് നമ്മള്‍ ആരാധനയിലും അല്ലാതെയും മനസ്സിലുറപ്പിച്ച് ഊരുവിടുന്നതിന്‌ ഒരു വിലയുമില്ലാത്ത അവസ്ഥ വരരുത്.

മുസ്ലീം സമുദായത്തില്‍ എത്രയോ അനാരോഗ്യ പ്രവണതകള്‍ നിലനില്‍ക്കുന്നു. മദ്യം, മയക്കുമരുന്ന്, സ്ത്രീധനം, വ്യഭിചാരം, മായം ചേര്‍ക്കല്‍ നടത്തിയുള്ള കച്ചവടം തുടങ്ങി എത്രയെത്ര അനാശാസ്യങ്ങള്‍ ഈ പണ്ഡിത ശ്രേഷ്ഠര്‍ അറിഞ്ഞും അറിയാതെയും നില നില്‍ക്കുന്നു. ഇതിനെതിരെ ചെറുവിരലു പോലുമനക്കാത്ത മത നേതൃത്വം വിശ്വാസികളുടെ മതവിശ്വാസത്തെ ചൂഷണം ചെയ്ത് ബിസിനസ്സ് ചെയ്യാനായി ഇറങ്ങിത്തിരിച്ചിരിക്കുകയാണ്.


2011, ജൂൺ 4, ശനിയാഴ്‌ച

ഈ പിള്ള ഇതെന്തിന്റെ പുറപ്പാടാ?!

തന്റെ മന്ത്രിസഭയിലും മറ്റും അഴിമതി നടത്തുന്നവരെയും മറ്റും വച്ചുപൊറുപ്പിക്കില്ലെന്ന് പ്രഖ്യാപിച്ച് ഭരണം നടത്തുന്ന ശ്രീ. ഉമ്മന്‍ ചാണ്ടിയെ ആരും സംശയിക്കില്ല. പക്ഷെ അദ്ദേഹത്തെ വെട്ടിലാക്കുന്ന ഒരു ആവശ്യം ആര്‍. ബാലകൃഷ്ണപിള്ളയെന്ന അദ്ദേഹത്തിന്റെ മുന്നണിയിലെ പ്രമുഖനും മുന്‍മന്ത്രിയുമായ ആളില്‍ നിന്നുമുണ്ടായിരിക്കുന്നു. പണ്ട് കരുണാകരനെ ഏതോക്കെ തരത്തില്‍ മന:സ്സമാധാനം കൊടുത്തില്ല ആ തരത്തിലെല്ലാം നമ്മുടെ കുഞ്ഞൂഞ്ഞിനും വരാനിരിക്കുന്ന ദിനങ്ങള്‍ ആവുമെന്നാണ്‌ കാര്യങ്ങളുടെ പോക്ക് കണ്ടിട്ട് തോന്നുന്നത്.

അഴിമതി കേസില്‍ ശിക്ഷിക്കപ്പെട്ട് ജയില്‍ ശിക്ഷ അനുഭവിക്കുന്ന ശ്രീ പിള്ള സര്‍ക്കാരിന്റെ മുമ്പാകെ തന്റെ ശിക്ഷ റദ്ദാക്കാന്‍ ഗവര്‍ണ്ണറോട് ശുപാര്‍ശ ചെയ്യണമെന്നാവശ്യമാണ്‌ ഉന്നയിച്ചിരിക്കുന്നത്. ബാലകൃഷ്ണപിള്ളക്ക് സുപ്രീം കോടതി ശിഷ വിധിച്ചതും അതിനെ തുടര്‍ന്നുണ്ടായ കോലാഹലങ്ങളും നമ്മള്‍ അത്ര പെട്ടെന്ന് മറക്കില്ല.  അഴിമതിയില്‍ ശിക്ഷിക്കപെട്ട തങ്ങളുടെ നേതാവിന്‌ "ഗംഭീര സ്വീകരണം" നല്‍കിക്കൊണ്ടായിരുന്നു യു.ഡി.എഫും വിശിഷ്യാ കോണ്‍ഗ്രസ്സും പ്രതികരിച്ചത്.  ആ യോഗത്തില്‍ മേലേക്കിടയിലുള്ള നേതാക്കന്‍മാര്‍ മുതല്‍ ഞാഞ്ഞൂലുകള്‍ വരെ വി.എസ്. അച്ചുതാനന്ദനാണ്‌ പിള്ളയെ ജയിലിലടച്ചത് എന്ന മട്ടില്‍ വളരെ പ്രകോപനപരമായി പ്രസ്ഥാവനകള്‍ നടത്തുകയുണ്ടായി.  സിന്‍ഡിക്കേറ്റ് മാധ്യമങ്ങളില്‍ നല്ലൊരു പങ്കും ഇതിനെ മഹത്വവല്‍ക്കരിച്ചു.  എന്നാല്‍ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനുണ്ടായിരുന്ന(?!) അല്ലെങ്കില്‍ ഉണ്ടാവുമായിരുന്ന മേല്‍ക്കൈ ഇല്ലാതാക്കി ഇപ്പോഴത്തെ "ദയനീയ വിജയ"ത്തിലെത്തിച്ചത് യുഡിഎഫിന്റെയും അതിന്റെ നേതാക്കന്മാരുടെയും പക്കല്‍ നിന്നുമുണ്ടായ ഈ നീക്കമായിരുന്നു.  അവസാനം റിവ്യൂ ഹര്‍ജിയും തള്ളിപ്പോയി ജയില്‍ ഉറപ്പായപ്പോള്‍ മാധ്യമങ്ങള്‍ ഈ വിഷയം ഒരു മൂലക്കൊതുക്കി.  തെറ്റു ചെയ്തയാളെ ശിക്ഷിച്ച ഇന്ത്യന്‍ നീതി പീഠത്തിന്റെ മഹത്വത്തിനെ വാഴ്ത്താന്‍ ഒരാളുമുണ്ടായില്ല.  ഇത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ദയനീയ മുഖമാണ്‌ കാണിക്കുന്നത്.  അല്ലെങ്കില്‍ കുഞ്ഞാലിക്കുട്ടിയെപോലുള്ളവര്‍ ഇത്രക്ക് മൃഗീയ ഭൂരിപക്ഷത്തിന്‌ ജയിക്കില്ലല്ലോ!  ഉത്തരേന്ത്യയിലും മറ്റും പറഞ്ഞു കേട്ടിട്ടുള്ള കാര്യങ്ങള്‍ പലതും നമ്മുടെ ദൈവത്തിന്റെ സ്വന്തം നാട്ടിലും സംഭവിക്കുന്നതിന്റെ മുന്നോടിയായി നമുക്കിതിനെയൊക്കെ കാണാം.

ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ കേട്ടുകേള്‍വിയില്ലാത്ത ഒരാവശ്യത്തിന്‌ എന്തിനാണ്‌ പിള്ളയദ്ധേഹം സര്‍ക്കാരിനു മേലെ സമ്മര്‍ദ്ദം ചൊലുത്തുന്നത്?  കോടതി ശിക്ഷിച്ചാല്‍ ജയിലില്‍ കിടക്കുമെന്ന് മുന്പ് വിണ്‍വാക്കു പറഞ്ഞ പിള്ളയെ ആ വാക്കുകള്‍ വീണ്ടും ഓര്‍മ്മിപ്പിച്ച് ആശ്വസിപ്പിക്കുകയാണ്‌ ഉമ്മന്‍ചാണ്ടിയെന്ന മുഖ്യമന്ത്രി ചെയ്യേണ്ടത്. 

ഇപ്പോള്‍ തന്നെ ഒരു തടവുകാരന്‌ ഒരു വര്‍ഷത്തെ ശിക്ഷാ കാലാവധിക്കുള്ളില്‍ ലഭിക്കേണ്ട 45 ദിവസത്തെ പരോള്‍ പിള്ളക്ക് ലഭിച്ചു കഴിഞ്ഞു.  അതും തുടര്‍ച്ചയായി ചുരുങ്ങിയ കാലം കൊണ്ട്.  ഇത്തരുണ്ടത്തില്‍ നമ്മള്‍ ഒരു സാധാരണ തടവുകാരനായിരുന്നു ഇപ്രകാരം പരോള്‍ അപേക്ഷ നല്‍കിയിരുന്നുവെങ്കില്‍ എന്തു നടപടിയാണ്‌ ബന്ധപ്പെട്ടവരില്‍ നിന്നുമുണ്ടാവുമായിരുന്നത് എന്ന് ചിന്തിക്കണം.  ശ്രീ. പിള്ള യു.ഡി.എഫി.ന്റെ ഒരു നേതാവും, ഒരു മന്ത്രിയുടെ പിതാവുമൊക്കെയാണ്.  ഒരു സാധാരണ തടവുകാരന്റെ അവകാശങ്ങള്‍ ഏതൊക്കെ ഏമാന്‍മാരുടെ ചവിട്ടിമെതിക്കലുകള്‍ക്ക് വിധേയമായിട്ടായിരിക്കും പാസ്സാവുക.  അതും എത്ര ദിവസത്തേക്ക്?  എന്നാല്‍ ഭരണമുന്നണിയില്‍ നിര്‍ണ്ണായക സ്വാധീനമുള്ള ഇദ്ദേഹം അതു മുതലെടുക്കാനുള്ള പുറപ്പാടിലാണെന്നതില്‍ സംശയം വേണ്ട.  അല്ലെങ്കില്‍ തന്നെ കിട്ടിയ വകുപ്പ് വേണ്ടെന്ന് വച്ച് വനം വകുപ്പ് സ്വന്തം മകനു വാങ്ങിക്കൊടുത്തപ്പോള്‍ തന്നെ പല കേന്ദ്രങ്ങളില്‍ നിന്നും സംശയങ്ങളുയര്‍ന്നു കഴിഞ്ഞു.

തുടക്കത്തില്‍ തന്നെ കുഞ്ഞാലിക്കുട്ടിയും ലീഗും സര്‍ക്കാര്‍ വകുപ്പുകള്‍ ഹൈജാക്ക് ചെയ്തു.  അതും പോരാഞ്ഞ് വകുപ്പുകള്‍ വെട്ടിമുറിച്ച് പാണക്കാട്ടെ കോഴിബിരിയാണി പോലെ പങ്കുവെച്ചു കഴിഞ്ഞു.  മാണിസാറും തന്നാലാവും വിധമെല്ലാം ശ്രമിക്കുന്നുണ്ട്.  കൂടാതെ  മകള്‍ക്ക് മെഡിക്കല്‍ കോളേജ് പ്രവേശനം കിട്ടിയതുമായി ബന്ധപ്പെട്ട് മന്ത്രിയാവുന്നതിനു മുന്‍പ് തന്നെ ഇപ്പോഴത്തെ ആരോഗ്യ മന്ത്രി ശ്രമിക്കുകയും അതു വഴി ഏതാനും സാധാരണ വിദ്യാര്‍ത്ഥികള്‍ക്ക് പഠനാവസരം നിഷേധിക്കപ്പെടുകയും ചെയ്തു എന്ന് പറഞ്ഞു കേള്‍ക്കുന്നു.  യു.ഡി.എഫ് അധികാരത്തിലെത്തുകയും താന്‍ ജയിക്കുകയും ചെയ്താല്‍ താന്‍ തന്നെ ആരോഗ്യ മന്ത്രിയാവും എന്ന നിലക്കായിരുന്നു അദ്ദേഹം കാര്യങ്ങള്‍ നീക്കിയത് എന്ന് പറഞ്ഞ് കേള്‍ക്കുന്നു.  ഇതെല്ലാം ശരിയാണെങ്കില്‍ ബഹുമാനപ്പെട്ട മുഖ്യമന്ത്രി നിശ്ശബ്ദനായിരിക്കരുത്. 

അനാവശ്യ സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാന്‍ അദ്ദേഹത്തിനു കഴിയണം.  അദ്ദേഹം കേരളത്തിന്റെ മുഖ്യമന്ത്രിയാണ്.  അല്ലാതെ കോണ്‍ഗ്രസ്സിന്റെയോ യു.ഡി.എഫിന്റെയോ മാത്രമല്ല.  തനിക്ക് അല്ലെങ്കില്‍ തങ്ങളുടെ മുന്നണിക്ക് വോട്ടിട്ടവന്റെയും മറിച്ച് കുത്തിയവന്റെയും താല്‍പര്യങ്ങളെയും വികാരങ്ങളെയും ഒരു നല്ല ഭരണകര്‍ത്താവ് അറിയണം അവയോട് അനുഭാവം പ്രകടിപ്പിക്കണം.  അല്ലാതെ പരമ്പരാഗത് കോണ്‍ഗ്രസ്സ് ശൈലിയില്‍ "മുന്നണി സംവിധാനത്തില്‍ ഇതൊക്കെ സ്വാഭാവികം" എന്ന് പറഞ്ഞൊഴിഞ്ഞ തന്റെ സഹപ്രവര്‍ത്തകന്റെ തലത്തിലേക്ക് അധ:പതിക്കും. 

അതുകൊണ്ട് ശ്രീ. പിള്ളയുടെ അപേക്ഷ (അങ്ങിനെയൊന്ന് ഔദ്യോഗികമായി) സര്‍ക്കാരിന്റെ മുന്നില്‍ വന്നാല്‍ അത് നിഷ്കരുണം തള്ളിക്കളയുകയാണ്‌ ബഹു. കേരളാ മുഖ്യമന്ത്രി ചെയ്യേണ്ടത്.  ഇന്ത്യന്‍ ഭരണഘടന പ്രകാരം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്ത മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നും മറിച്ചൊരു നടപടി ഉണ്ടവില്ലെന്ന് നമുക്ക് പ്രതീക്ഷിക്കാം.

2011, ജൂൺ 1, ബുധനാഴ്‌ച

പ്രവാസിയെന്നാല്‍...

പ്രവാസ ജീവിതത്തിന്റെ നാലു വര്‍ഷങ്ങള്‍ പിന്നിട്ട സമയത്ത് തികച്ചും അപ്രതീക്ഷിതമാണ്‌ "പ്രവാസി" എന്ന വാക്കിനെ ഏതൊക്കെ വിധത്തില്‍ വിശദീകരിക്കാം എന്ന ഈ ലിങ്ക് മാധ്യമം ഓണ്‍ലൈനില്‍ കണ്ടത്.  സലീം കുമാറിന്റെ ഭാഷ കടമെടുത്ത് പറയട്ടെ ദിവിടെ ഞെക്കിയാല്‍ ദവിടെ പോകാം. 

കടപ്പാട് :  മാധ്യമം ഓണ്‍ലൈന്‍ എഡിഷന്‍

2011, മാർച്ച് 26, ശനിയാഴ്‌ച

അയ്യേ സൌത്താഫ്രിക്ക!

"അങ്ങിനെ പവനായി ശവമായി", നാടോടിക്കാറ്റ് സിനിമയിലെ പ്രശസ്തമായ ഒരു സംഭാഷണ ശകലമാണിത്. ലോകകപ്പില്‍ നിന്ന് പുറത്തായ സൌത്താഫ്രിക്കയെയാണ്‌ ഉദ്ദേശിച്ചത്. മലപോലെ വന്നു. എലിപോലെ പോയി. ഇക്കൊല്ലവും സൌത്താഫ്രിക്ക പതിവു തെറ്റിച്ചില്ല. പടിക്കല്‍ കൊണ്ട് കലമുടച്ചു.

പ്രാരംഭ ഘട്ടത്തിലെ മല്‍സരങ്ങളിലെല്ലാം (ഇംഗ്ലണ്ടിനെതിരെ മാത്രം പരുങ്ങി) അത്യുഗ്രന്‍ പ്രകടനം കാഴ്ചവച്ച സ്മിത്തും സംഘവും ക്വാര്‍ട്ടര്‍ എന്ന കടമ്പ കടക്കാനാവാതെ നാട്ടിലേക്ക് മടങ്ങുമ്പോള്‍ പറയാവുന്നത് ഒരേ ഒരു വാക്ക്..അയ്യേ.....

പിന്‍കുറി:  സചിന്‍ ഈ ലോകകപ്പില്‍ നൂറാം സെഞ്ച്വറിയടിക്കില്ലെന്ന് പാക് നായകന്‍ അഫ്രീദി!!.. ---  മോനെ ഞങ്ങള്‍ക്ക് അതാണ്‌ വേണ്ടത്.  കുറഞ്ഞത് ഈ ലോകകപ്പ് കഴിയുന്നത് വരെയെങ്കിലും നൂറടിക്കരുത്.  വേണമെങ്കില്‍ 99 വരെ പൊയ്ക്കോ.  സച്ചിന്‍ 100 അടിച്ച ഏറ്റവും ഒടുവിലത്തെ 2 മല്‍സരങ്ങളില്‍ ഇന്ത്യക്ക് ജയിക്കാന്‍ കഴിഞ്ഞിട്ടില്ല.  (ആദ്യം ഇംഗ്ലീഷുകാരുമായി "ടൈ" പിന്നെ ആഫ്രിക്കക്കാരോട് തോല്‍വി!).  ഇനിയൊരു സെഞ്ച്വറി താങ്ങാനാവില്ല അഫ്രീദി മോനെ ഞങ്ങള്‍ കോടികള്‍ വരുന്ന് ഇന്ത്യക്കാര്‍ക്ക്.  സച്ചിന്റെ സെഞ്ച്വറി ബാക്കി നിര്‍ത്തിയിട്ട് വേണം ഞങ്ങള്‍ക്ക് വാങ്കടെയില്‍ കപ്പുയര്‍ത്താന്‍...(ചുമ്മാ..)

2011, മാർച്ച് 21, തിങ്കളാഴ്‌ച

സൌമ്യ വധം കേസ് വഴിതിരിയുമോ?!

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ എല്ലാവരുടെയും ശ്രദ്ധ വി.എസ്-പിണറായി-ചാണ്ടി-ചെന്നിത്തല കളിലേക്ക് മാറിയിരിക്കുകയാണല്ലോ. നാളുകള്‍ക്ക് മുമ്പ് മൃഗീയമായി (ട്രെയിന്‍ യാത്രക്കിടെ) വധിക്കപ്പെട്ട സൌമ്യയുടെ ഘാതകനെ പിടികൂടി ജയിലിലിട്ടിരിക്കുകയാണല്ലോ. ഈയടുത്ത ദിവസം ഇതുമായി ബന്ധപ്പെട്ട് ലീഗ് മുഖപത്രമായ ചന്ദ്രികയില്‍ ഒരു വാര്‍ത്ത വന്നിരിക്കുന്നു.അറസ്റ്റിലായ ഗോഗിന്ദച്ചാമിക്ക് വേണ്ടി വക്കാലത്തെടുക്കുവാന്‍ മുംബൈ ഹൈക്കോടതിയിലെ പുലി(?)കളായ ചില അഭിഭാഷകര്‍ എത്തി അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നു. ചിത്രത്തില്‍ ക്ലിക്കിയാല്‍ വലുതായി കാണാം.  (ചന്ദ്രികയോട് ചോദിക്കാതെ എടുത്തതാണ്. നല്ലൊരു ഉദ്ദേശത്തിനായതിനാല്‍ റൈറ്റ്സ് ഒന്നും പ്രശ്നമാവില്ലെന്ന് കരുതുന്നു). കോടതികളുടെയും ന്യായാധിപന്‍മാരുടെയും അവരുടെ വിധികളുടെയും വിശ്വസനീയത തന്നെ ചോദ്യം ചെയ്യപ്പെടുന്ന ഇക്കാലത്ത് ഈ വാര്‍ത്ത പെട്ടെന്ന് വിഴുങ്ങാന്‍ നമുക്കാവുമോ?  മറ്റേതെങ്കിലും മാധ്യമത്തില്‍ ഇത് വന്നിട്ടുണ്ടൊ എന്നറിയില്ല.  എങ്കിലും ചന്ദ്രികക്ക് അഭിനന്ദനങ്ങള്‍!


പെണ്‍വാണിഭക്കാരെ കൈയാമം വച്ച് നടത്തിക്കുമെന്ന് ദിനംപ്രതി ഉരുവിടുന്ന സഖാവ്. വി.എസ്. ഈ വാര്‍ത്ത കണ്ടിട്ടുണ്ടോ ആവോ?

2011, മാർച്ച് 13, ഞായറാഴ്‌ച

ധോണി..ഇത് പറയാതെ വയ്യ.

ഇന്ത്യ-ദക്ഷിണാഫ്രിക്ക ലോകകപ്പ് മല്‍സരത്തെപറ്റിയാണെഴുതുന്നത്. കടലാസ് പുലികളായ ഇന്ത്യക്കാര്‍ ആഫ്രിക്കന്‍ കരുത്തിനു മുന്നില്‍ ഒരിക്കല്‍ കൂടി അടിയറവു പറഞ്ഞു. തങ്ങളുടെ ക്വാര്‍ട്ടര്‍ ബര്‍ത്ത് ഉറപ്പാക്കി കഴിഞ്ഞ ഇന്ത്യക്ക് ഇതൊരു പ്രെസ്റ്റീജ് ഇഷ്യൂ ഒന്നുമായിരുന്നില്ല. എന്നാല്‍ ആഫ്രിക്കക്കാര്‍ക്ക് ഇംഗ്ളണ്ടില്‍ നിന്നുമേറ്റ അപ്രതീക്ഷിത ഷോക്ക് ട്രീറ്റ്മെന്റില്‍ നിന്നുമൊരു മോചനം അതായിരുന്നു.

സച്ചിന്‍, സെവാഗ്, ഗംഭീര്‍ ത്രയങ്ങള്‍ എല്ലാം അതിമനോഹരമായി ചെയ്തു നിര്‍ത്തിയിടത്ത് നിന്നു പിന്നാലെ വന്നവര്‍ക്ക് ചെയ്ത് തീര്‍ക്കാനായില്ല. യൂസഫിനെ ഇന്നലെ നേരത്തെ ഇറക്കേണ്ടായിരുന്നു. യുവരാജ് കുറച്ചുകൂടി ഉത്തരവാദിത്തം കാണിക്കണമായിരുന്നു. യൂസഫ് പത്താനെ ഇറക്കിയതിനു പകരം വിരാട് കോഹ്‌ലി ആ സ്ഥാനത്ത് കുറച്ച് കംഫര്‍ട്ടബിള്‍ ആയേനെ. തുടര്‍ന്ന് യുവരാജ്, ധോണി. യൂസഫ് പത്താന്‍ 45 ഓവറിനു ശേഷമാണ്‌ വന്നിരുന്നതെങ്കില്‍ കുറച്ചുകൂടി റണ്‍സ് ഇന്ത്യക്ക് ബോര്‍ഡില്‍ കിട്ടിയേനെ.   വാലറ്റക്കാര്‍ക് ഒരു പ്രചോദനമായി മാറാന്‍ ഒരാളും ഉണ്ടായിരുന്നില്ല.  വല്ലവിധേനെയും ഒന്ന് വിക്കറ്റ് കൊടുത്തു പോവണം എന്ന ഭാവമായിരുന്നു ഇന്ത്യന്‍ വാലറ്റത്തിന്.
 
ഇന്ത്യന്‍ ബൌളിംഗില്‍ സഹീര്‍ മാത്രം മികച്ച് നിന്നു.  മുനാഫ് കുറച്ചൊക്കെ ഭംഗിയായി തുടങ്ങിയെങ്കിലും പിന്നീട് തകര്‍ന്നു.  നെഹ്റ സമ്പൂര്‍ണ്ണ പരാജമായിരുന്നു.  സ്പിന്നര്‍മാരില്‍ ഹര്‍ഭജന്റെ റോള്‍ ഏതാണ്ട് കഴിഞ്ഞ മട്ടാണ്.  വൈവിധ്യമില്ലാത്ത പന്തുകളില്‍ ബാറ്റ്സ്മാന്‍മാര്‍ വിക്കറ്റ് സമ്മാനിക്കുന്നത് അവരുടെ ശ്രദ്ധക്കുറവുകൊണ്ടു മാത്രമാണ്.  പിയൂഷ് ചൌളക്കും ഫലപ്രദമായി ഒന്നും പറ്റുന്നില്ല. 
 
പാര്‍ട്ട് ടൈമര്‍മാരെ ആശ്രയിച്ചാണ്‌ ഇന്ത്യന്‍ ബൌളിംഗ് നിലനില്‍ക്കുന്നത്. ഈ അവസരത്തിലാണ്‌ ചില "ആള്‍ട്ടര്‍നേറ്റ്" മാര്‍ഗ്ഗങ്ങളെ പറ്റി ധോണിയിലെ നായകന്‍ ചിന്തിക്കേണ്ടിയിരുന്നത്. സച്ചിന്‍, സെവാഗ്, ഗംഭീര്‍ ഇവരിലാര്‍ക്കെങ്കിലും ഒന്ന് വിശ്രമം നല്‍കാമായിരുന്നു. പകരം പുറത്ത് നില്‍ക്കുന്ന സുരേഷ് റെയ്നക്ക് ഒരു അവസരം നല്‍കേണ്ടതായിരുന്നു. ആഫ്രിക്കന്‍ പര്യടനത്തിലെ പരാജയം മൂലം ഒതുക്കപ്പെട്ട റെയ്നക്ക് ഇന്നലെ ഒരു അവസരം നല്‍കി നോക്കാമായിരുന്നു. കൂടാതെ ബൌളിംഗിലും റെയ്ന കുറച്ചൊക്കെ മികവ് കാണിക്കാറുമുണ്ട്. സ്പിന്‍ ഡിപ്പാര്‍ട്ട്മെന്റില്‍ ആര്‍. അശ്വിന്‍ എന്ന താരത്തിന്റെ "പൊട്ടെന്‍ഷ്യല്‍" എത്രയുണ്ടെന്ന് ഒന്നു ടെസ്റ്റ് ചെയ്യാമായിരുന്നു. ദക്ഷിണാഫ്രിക്കയെ സംബന്ധിച്ചിടത്തോളം അശ്വിന്‍ തികച്ചും ഒരു അപരിചിതന്‍ തന്നെയാവുമായിരുന്നു.

സീനിയര്‍ താരങ്ങള്‍ക്ക് അപ്രധാന മല്‍സരങ്ങളില്‍ വിശ്രമമനുവദിച്ച് പുതുമൊഖ താരങ്ങളിലെ കഴിവിനെ ഒന്നളന്നു നോക്കേണ്ടതായിരുന്നു. 

സീനിയര്‍ താരങ്ങളെ തൊട്ടു കളിക്കാന്‍ ഒരു പക്ഷെ ധോണിക്ക് അല്‍പ്പം പേടിയുണ്ടാവും. കാരണം അവരെല്ലാം മേല്‍ജാതിക്കാരാണല്ലോ (അവരുടെ കഴിവിനെ ഒരിക്കലും കുറച്ചു കാണുന്നില്ല). ക്യാപ്റ്റനെന്ന നിലയിലുള്ള തന്റെ പ്രാരംഭ കാലത്തെ ധോണി ഇന്ന് വിദൂരകാഴ്ചയില്‍ പോലും വരുന്നില്ല. അനുമോദനങ്ങളും ആദരവുകളും പതിയെ കല്ലേറുകള്‍ക്ക് വഴിമാറുകയാണെന്ന് തോന്നുന്നു.  മിസ്റ്റര്‍ കൂള്‍ ആയിരുന്ന ധോണി ഇപ്പോള്‍ മിസ്റ്റര്‍ കോള്‍ഡ് ആയിട്ടുണ്ടെന്നാണ്‌ കാണാന്‍ കഴിയുന്നത്.

ഇനി കരീബിയക്കാരുമായിട്ടുള്ള ഒരു മല്‍സരം കൂടി ബാക്കിയുണ്ട്. അതിലെങ്കിലും ധോണി കുറച്ച് പരീക്ഷണങ്ങള്‍ നടത്തിയാല്‍ നല്ലത്. അതു കഴിഞ്ഞാല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ നോക്കൌട്ടാണ്. ഇടി കിട്ടി പുറത്താവണോ അതോ ഇടിച്ച് വീഴ്ത്തി ജേതാവാകണോ എന്ന് അവിടെ തീരുമാനിക്കപ്പെടും.

ഇനി ആഫ്രിക്കന്‍ പക്ഷം നോക്കിയാല്‍ അവരുടെ ഭാഗത്ത് കാലിസാണ്‌ പരിചയ സമ്പന്നന്‍.  സച്ചിനെയോ സെവാഗിനെയൊ പോലുള്ള പ്രഗല്‍ഭമതികളവരുടെ നിരയില്‍ ഉണ്ടാവില്ല.  പക്ഷെ ഒരു കളി ജയിപ്പിക്കാനുള്ള ശേഷി അവരുടെ വാലറ്റത്തിനുണ്ടെന്ന് ഇന്നലത്തെ മല്‍സരം വ്യക്തമാക്കുന്നു.  ഹാഷിം ആംല എന്ന താടിക്കാരന്‍ - പണ്ട് അദ്ദേഹത്തിന്‌ അവസരം കിട്ടിയ നാളുകളില്‍ ക്രീസില്‍ ഒരുപാട് ബുദ്ധിമുട്ടിയാണ്‌ അല്‍പ്പസമയം ഉണ്ടായിരുന്നത്.  ഉടനെ ഔട്ടുമാവും. ആംലയുടെ കരിയറിന്റെ ആദ്യത്തില്‍ ഒട്ടും തിളക്കമുണ്ടായിരുന്നില്ല.  എന്നാല്‍ സ്മിത്തിലെ ക്യാപ്റ്റന്‍ ആംലയില്‍ വിശ്വാസമര്‍പ്പിച്ച് നല്‍കിയ പ്രോല്‍സാഹനം അദ്ദേഹത്തെ ഇന്നത്തെ ഒരു ഒന്നാന്തരം ലോകോത്തര കളിക്കാരനാക്കിയിരുന്നു.  ഏകദിനത്തിലും ടെസ്റ്റിലും കാലിസ് കഴിഞ്ഞാല്‍ അല്ലെങ്കില്‍ കാലിസോളം ആംലയും അവര്‍ക്ക് പ്രധാനി തന്നെ.  പിന്നീട് വരുന്ന ഡിവില്ലിയേഴ്സ്, ഡുമിനി, പുതുമുഖം ഡുപ്ളെസിസ് തുടങ്ങിയവരും നല്ല കളിക്കാരാണ്.  ഇന്ത്യയിലെ സ്ലോ പിച്ചില്‍ പോലും വേഗം കൊണ്ട് മികവ് കാട്ടാന്‍ സ്റ്റേയിനിനും കൂട്ടുകാര്‍ക്കുമാവുന്നു (അല്പം അടി കൊണ്ടിട്ടാണെങ്കിലും!).  സ്റ്റെയിനു പോലും ബാറ്റുകൊണ്ട് ഒരു പത്തിരുപത് റണ്‍സെങ്കിലും എടുത്ത് കൊണ്ട അടിക്ക് പ്രായശ്ചിത്തം ചെയ്യാന്‍ കഴിവുണ്ട്.  എന്നാല്‍ ഇന്ത്യന്‍ ബൌളര്‍മാര്‍ക്ക് ആകെ അറിയാവുന്നത് ഓടിവന്ന് അടിക്കാന്‍ പാകത്തിന്‌ പന്തെറിയലാണ്.  ബാറ്റിങ്ങിലെ അവരുടെ സമീപനം പാടെ മാറേണ്ടിയിരുക്കുന്നു.  ചിലര്‍ എങ്ങിനെ ഔട്ടാവാമെന്ന് ഗവേഷണം നടത്തുകയാണെന്ന് തോന്നിപ്പോകുന്നു. 

വാല്‍ക്കഷണം : ഗോപുമോനെ പറ്റി പറയാതിരുന്നത് മനപൂര്‍വ്വം തന്നെ. വെറുതെ എന്തിനാ...

2011, ഫെബ്രുവരി 15, ചൊവ്വാഴ്ച

സുധീരനെതിരെ അബ്ദുല്ലകുട്ടി..രാജാവിനേക്കാള്‍ വലിയ രാജ ഭക്തന്‍!

നിലപാടുകള്‍ കൊണ്ടാണ്‌ രാഷ്ട്രീയ പാര്‍ട്ടികള്‍ ശ്രദ്ധിക്കപ്പെടുന്നതും ജന പിന്തുണ നേടുന്നതും.  എന്നാല്‍ എല്ലാ രാഷ്ട്രീയ നേതാക്കളും പിന്തുണ നേടുന്നത് ജാതി-മത ശക്തികളുടെയും വന്‍ കുത്തക മുതലാളിമാരുടെയും സഹായം കൊണ്ടാണെന്ന് ഈയടുത്ത കാലത്ത് തെളിഞ്ഞുകൊണ്ടിരിക്കുന്നു.  കോണ്‍ഗ്രസ് എന്ന പാര്‍ട്ടി എല്ലാ വിഭാഗങ്ങള്‍ക്കും വേണ്ടി പ്രസംഗിക്കുകയും സാധാരണ ജനങ്ങളെ അവഗണിച്ച് വന്‍ കോര്‍പ്പറേറ്റ് ശക്തികള്‍ക്ക് വേണ്ടി നിലകൊള്ളുകയും ചെയ്യുന്നു എന്നത് ഓരൊ ഇന്ത്യന്‍ പൌരനും പുതുമയല്ല.  തൊഴിലാളി വര്‍ഗ്ഗ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ തങ്ങളെ വളര്‍ത്തി വലുതാക്കിയ ജനതയെ വിട്ട് കുത്തക ബൂര്‍ഷ്വാ മൂരാച്ചി വിഭാഗത്തിന്റെ പ്രായോജകരും ഗുണഭോക്താക്കളുമായി മാറി കഴിഞ്ഞു.  ഭാരതാംബക്ക് ജയ് വിളിക്കുന്ന കാവി ധാരികളെ പറ്റി പറയാതിരിക്കുകയാണ്‌ ഭേദം. കേരളത്തില്‍ ഉള്ള നാലു വോട്ട് വിറ്റു കാശാക്കി ദേശീയ തലത്തിലെത്തുമ്പോള്‍ അവര്‍ കൂടി അംഗങ്ങളായ സംഘപരിവാറിനു തന്നെ പങ്കാളിത്തമുള്ള വിധ്വംസക പ്രവര്‍ത്തങ്ങളുടെ തെളിവുകളാണ്‌ അവരെ നോക്കി പരിഹസിക്കുന്നത്.

അതുകൊണ്ട് സാധാരണ ജനതക്ക് വോട്ടിടുന്നതിലുള്ള ആവേശം പണ്ടത്തെപോലെ ഇല്ല പ്രത്യേകിച്ച് നഗരവാസികള്‍ക്ക്.  എന്നാല്‍ ചില നേതാക്കള്‍ എടുത്തു പറയേണ്ടുന്ന വ്യക്തിത്വങ്ങളാണ്.  അവര്‍ സംശുദ്ധ ജീവിതത്തിന്റെ ഉടമകളാണ്.  കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നാണെങ്കില്‍ അവരില്‍ കാപട്യത്തിന്റെ മൂടുപടത്തിനു പിന്നിലെ ആദര്‍ശ ധീരന്മാരും, അതിവേഗ ബഹുദൂരന്‍മാരും, ആശ്രിതവല്‍സലരുംം മറ്റു ഏറാന്‍ മൂളികളുമെല്ലാം ധാരാളം (ലിസ്റ്റ് മുഴുവനാക്കുന്നില്ല).  എന്നാല്‍ എം.എല്‍.എ. എം.പി., മന്ത്രി, നിയമ സഭാ സ്പീക്കര്‍ എന്നീ നിലകളില്‍ സ്തുത്യര്‍ഹമായ സേവനങ്ങള്‍ കാഴ്ചവച്ച് അവസാനം തങ്ങളുടെ സ്വാര്‍ത്ഥമോഹങ്ങള്‍ക്കും താല്‍പര്യങ്ങള്‍ക്കും "പാര"യാവുമെന്ന് ഭയന്ന് മുന്നണി-പാര്‍ട്ടി യജമാനന്‍മാരാല്‍ ഒതുക്കപ്പെട്ട് കഴിയുന്ന ശ്രീ. വി.എം. സുധീരന്‍ അതില്‍ നിന്നെല്ലാം വളരെയേറെ വ്യത്യസ്ഥനാണ്.  കോണ്ഗ്രസ് ജനുസ്സില്‍ ഇത്തരം നേതാക്കള്‍ വേറെയുണ്ടാകുമോ എന്നത് നിങ്ങള്‍ ചിന്തിക്കുക.  തന്റെ സംശുദ്ധ ജീവിതവും പ്രവര്‍ത്തനവും പോലെ തന്നെയാണ്‌ അദ്ദേഹത്തിന്റെ നിലപാടുകളും.  പൊതുജന താല്‍പര്യങ്ങള്‍ക്ക് എതിരെയുള്ള സര്‍ക്കാര്‍ നിലപാടുകള്‍ക്കും തല്‍ഫലമായിട്ടുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്കും അദ്ദേഹത്തിന്റെ നിലപാടുകളും തുറന്നടിച്ചുള്ള അഭിപ്രായ പ്രകടനങ്ങള്‍ ചില്ലറ പ്രശ്നങ്ങളൊന്നുമല്ല ഉണ്ടാക്കിയിട്ടുള്ളത്.  അതിനൊരുദാഹരണമാണ്‌ കഴിഞ്ഞ യു.ഡി.ഏഫ്. ഭരണ കാലത്ത് ആലപ്പുഴയിലെ കരിമണല്‍ ഖനനത്തിനെതിരെ അദ്ദേഹം സമര രംഗത്ത് അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന വി.എസ്. അച്ചുതാനന്ദനു പിന്തുണ പ്രഖ്യാപിച്ച് രംഗത്തിറങ്ങിയത്.  തല്‍ഫലമായി ആലപ്പുഴയില്‍ പാര്‍ട്ടിയാലും മുന്നണിയാലും കാലുവാരപ്പെട്ട് അദ്ദേഹം പരാജയപ്പെട്ടു.  അദ്ദേഹത്തെ തോല്‍പ്പിച്ച ഡോ.കെ.എസ്. മനോജ് എന്ന സഖാവ് പിന്നീട് കോണ്ഗ്രസിലെത്തിയെന്നത് ചരിത്രം.

പ്രലോഭങ്ങള്‍ക്ക് വശംവദരാകാത്ത കേരളത്തിലെ കോണ്ഗ്രസ്സ് നേതാക്കളുടെ കണക്കെടുത്താല്‍ അദ്ദേഹത്തിന്റെ പേരായിരിക്കും ആദ്യം. (അതു കഴിഞ്ഞാല്‍ ആരെങ്കിലും അല്ലെങ്കില്‍ ആരൊക്കെ ഉണ്ടാവും എന്നത് നമ്മള്‍ സ്വയം വിലയിരുത്തുക).  അത്തരത്തിലുള്ള ശ്രീ. സുധീരന്‍ വികസന കോണ്‍ഗ്രസ്സില്‍ നടത്തിയ പ്രസംഗമാണ്‌ ഇന്നലെ കോണ്‍ഗ്രസ്സിലേക്ക് വന്ന കേവലം ഒരു ഞാഞ്ഞൂല്‍ മാത്രമായ അബ്ദുല്ലകുട്ടിയെ ചൊടിപ്പിച്ചതത്രെ?!  സുധീരന്‍ ധീരമായി പറഞ്ഞത് ദേശീയ പാത വികസനം ഇന്നത്തെ അവസ്ഥയില്‍ മുന്നേറിയാല്‍ അധികം വൈകാതെ തന്നെ നമ്മള്ക്ക് സ്പെക്ട്രം അഴിമതിയെ കടത്തി വെട്ടുന്ന രീതിയിലുള്ള അഴിമതിയെ പറ്റിയുള്ള വാര്‍ത്തകളായിരിക്കും കേള്‍ക്കാന്‍ കഴിയുക എന്നാണ്.  അതില്‍ യാതൊരു സംശയവുമില്ല എന്ന തരത്തിലാണ്‌ കാര്യങ്ങളുടെ പോക്കെന്ന് അദ്ദേഹം പറയുമ്പോള്‍ അതില്‍ യാഥാര്‍ത്യമുണ്ട്.  ബി.ഒ.ടി. അടിസ്ഥാനത്തില്‍ കരാറെടുത്തിരിക്കുന്ന കമ്പനികളുടെ താല്‍പര്യത്തിനു വഴങ്ങിയാണ്‌ ഇതിന്റെ വ്യവസ്ഥകളെന്ന് മുന്പേ തന്നെ ആക്ഷേപമുയര്‍ന്നിരുന്നു.  എന്നാല്‍ സര്‍വ്വകക്ഷി യോഗം എന്ന ഒരു വഴിപാട് നടത്തി എല്ലാ വ്യവസ്ഥകളും അംഗീകരിക്കുകയാണ്‍ നമ്മുടെ സര്‍ക്കാര്‍ ചെയ്തത്.  പാത വന്നാല്‍ കുടിയൊഴിപ്പിക്കപ്പെടുന്നവരുടെ പ്രതിനിധികളാരും തന്നെ സര്‍വ്വകഷിയോഗത്തിലേക്ക് ക്ഷണിക്കപ്പെട്ടിരുന്നില്ല.  അതുകൊണ്ട് തന്നെ അവരുടെ എതിര്‍പ്പുകള്‍ക്ക് കേവലം വനരോദനമാവാനായിരുന്നു വിധി.  ഇപ്പോള്‍ തന്നെ നടന്നിട്ടുള്ള വികസന പ്രവര്‍ത്തനങ്ങളുടെ (വല്ലാര്‍പാടം മുതലായ...) പേരില്‍ കുടിയൊഴിപ്പിക്കപ്പെട്ട സാധാരണ ജനങ്ങള്‍ക്ക് മതിയായ പുനരധിവാസ സൌകര്യങ്ങളൊരുക്കാന്‍ അതിന്റെ യജമാനന്‍മാര്‍ക്ക് കഴിഞ്ഞിട്ടില്ല എന്നുള്ള വസ്തുതയും സുധീരന്‍ എടുത്തു പറഞ്ഞു.

ഇതെല്ലാമാണ്‌ അബ്ദുള്ളകുട്ടിയെ പ്രകോപിപ്പിച്ചത്.  ക്രിക്കറ്റില്‍ ശ്രീശാന്തിനെ പോലെയാണ്‌ അബ്ദുല്ലകുട്ടി പെരുമാറുന്നത്.  അവസരം കിട്ടുമ്പോഴൊക്കെ മറ്റുള്ളവര്‍ക്കിട്ട് പണിയുക.  (ഹര്‍ഭജനിട്ടു പണിതപ്പോള്‍ ശ്രീക്ക് നല്ല തല്ലു കിട്ടി.  അതുപോലെ ഇപ്പോള്‍ അബ്ദുള്ളകുട്ടിക്കും കിട്ടി)കൊത്തി കൊത്തി മുറത്തില്‍ കയറി കൊത്തി എന്നു പറഞ്ഞപോലെയായി കാര്യങ്ങളിപ്പോള്‍.  ദുബായിലും മറ്റും ജനവാസമില്ലാത്ത മരുഭൂമിയില്‍ നാലുവരിയും ആറുവരിയുമൊക്കെയായിട്ടുള്ള പാതകള്‍ കണ്ടിട്ട് ജനനിബിഡമായ നമ്മുടെ കേരളത്തില്‍ അതുപോലെ വേണമെന്ന് വാശിപിടിക്കുന്ന ഒരു കുരുത്തം കെട്ട കുട്ടിയാണ്‌ അദ്ദേഹം.  പറഞ്ഞു പറഞ്ഞു മോഡി മോഡല്‍ വികസനത്തെപറ്റി പറഞ്ഞപ്പോളാണ്‌ സി.പി.എമ്മില്‍ നിന്ന്‌ പുറത്താവുന്നത്.  സി.പി.എമ്മിന്റെ റീസൈക്കിള്‍ ബിന്നില്‍ നിന്നും പെറുക്കിയെടുക്കുന്ന വേസ്റ്റുകള്‍ കോണ്ഗ്രസ്സില്‍ പുതിയ അന്തക വിത്തുകളായും അവയുടെ ഉല്‍പന്നങ്ങളായും രൂപാന്തരപ്പെടുകയാണ്.  അതിന്റെ ഉത്തമോദാഹരണമത്രെ ഈ കുട്ടി.  സുധീരനെപോലുള്ള പാരമ്പര്യമുള്ള കോണ്‍ഗ്രസ്സുകാരെ വരട്ടു വാദികള്‍ (ശരിക്കും വാക്കെനിക്കറിയില്ല) എന്ന് വിളിച്ച് അധിക്ഷേപിക്കാന്‍ ഇയാള്‍ക്ക് എവിടെ നിന്നാണ്‌ ധൈര്യം കിട്ടിയത്?

തെറ്റുപറ്റിയത് കേരളത്തിലെ കോണ്‍ഗ്രസ്സ് നേതൃത്വത്തിനാണ്. സുധീരന്‍ പറഞ്ഞ പോലെ ഇന്നലെ മറ്റു പാര്‍ട്ടികളില്‍ നിന്നും വന്നവര്‍ക്ക് കോണ്‍ഗ്രസ്സ് മുന്നും പിന്നും നോക്കാതെ സീറ്റൂകൊടുത്ത് ജയിപ്പിച്ച് എം.എല്‍.എയാക്കേണ്ട വല്ല കാര്യവുമുണ്ടായിരുന്നോ? വീട്ടുകാരെ ഭരിക്കാന്‍ വിരുന്നുകാര്‍ ആയിട്ടില്ല എന്ന് സുധീരന്‍ പറഞ്ഞെങ്കില്‍ അത് പച്ച പരമാര്‍ത്ഥം.

ഈ വക ഞാഞ്ഞൂലുകള്‍ അനാവശ്യമായ കാര്യങ്ങളില്‍ അനവസരത്തിലും അനാവശ്യമായ സ്ഥലത്ത് വച്ച് അഭിപ്രായം പറയുന്നതിനെതിരെ കേരളാ പ്രദേശ് കോണ്ഗ്രസ് കമ്മിറ്റി ബോധവാന്‍മാരാകണം, ഈ പ്രവണത ഇനിയും വച്ചു പൊറുപ്പിക്കാതെ മുളയിലേ നുള്ളുകയാണ്‌ വേണ്ടത്.

2011, ഫെബ്രുവരി 6, ഞായറാഴ്‌ച

ഇന്ത്യന്‍ റെയില്‍വേയുടെ നിരുത്തരവാദിത്തത്തിന്റെ ഒരു രക്തസാക്ഷി കൂടി

ട്രെയിന്‍ എന്നു പറഞ്ഞാല്‍ ഈയുള്ളവനു ഭയങ്കര പേടിയും വെറുപ്പുമായിരുന്നു.  ട്രെയിന്‍ ദുരന്തങ്ങളെപറ്റിയുള്ള വാര്‍ത്തകള്‍ ചെറുപ്പത്തില്‍ വായിച്ചിട്ടായിരുന്നു അത്.  എന്നാല്‍ ജീവിതത്തിലെ ഒരു പ്രത്യേക കാലഘട്ടത്തില്‍ ഉപജീവനാര്‍ത്ഥം 6 വര്‍ഷത്തോളം ട്രെയിനിലായിരുന്നു യാത്ര.  യാത്രക്കു സുഖമാണെങ്കിലും അതിന്റെ വൈകിയുള്ള ആഗമനങ്ങള്‍ കാരണം ഒരുപാട് മേലുദ്യോഗസ്ഥരുടെ വഴക്ക് കേട്ടിട്ടുള്ളവനാണ്‌ ഈയുള്ളവന്‍.  റെയില്‍വേയുടെ യാത്രക്കാരുടെ മേലുള്ള ഉത്തരവാദിത്തം എത്രത്തോളമുണ്ടെന്ന് പലപ്പോഴും മനസ്സിലാക്കാനും കഴിഞ്ഞിട്ടുണ്ട് ഈ യാത്രകളില്‍.

പ്ലാറ്റ്ഫോമില്‍ കയറണമെങ്കില്‍ പോലും ടിക്കറ്റ് എടുത്ത് വേണം.  അല്ലെങ്കില്‍ ഫൈന്‍.  ട്രാക്ക് മുറിച്ച് കടന്നാല്‍ ഫൈന്‍.  ഓടുന്ന വണ്ടിയില്‍ ചാടിക്കയറിയാല്‍ ഫൈന്‍.  എന്നു തുടങ്ങി ഒരുപാട് കര്‍ശന നിയമങ്ങള്‍ നടപ്പാക്കുന്ന(???!!!) സ്ഥാപനമാണ്‌ ഇന്ത്യന്‍ റെയില്‍വേ.  എന്നാല്‍ ടിക്കറ്റ് എടുത്ത് യാത്ര ചെയ്യുന്ന യാത്രികരുടെ സുരക്ഷക്ക വേണ്ടി അവര്‍ എന്താണ്‌ ചെയ്യുന്നത്? ഒരുപാട് നാള്‍ കൊച്ചിന്‍-ഷോര്‍ണ്ണൂര്‍ പാസ്സ്ഞ്ചര്‍ ട്രെയിനില്‍ യാത്രചെയ്തിട്ടുള്ളതിനാല്‍ അതിന്റെ മന്ദഗതി നേരിട്ടറിയാം.  മിക്കവാറും ദിവസങ്ങളില്‍ വൈകിയാണ്‌ വണ്ടി എറണാകുളം വിടുന്നത്.  ചെറുതും വലുതുമായ എല്ലാ സ്റ്റേഷനുകളിലും അത് നിര്‍ത്തുന്നു.  ഇടക്ക് ദീര്‍ഘദൂര വണ്ടികള്‍ക്ക് വേണ്ടി അത് ചിലയിടങ്ങളിലെല്ലാം പിടിച്ചിടപ്പെടുകയും ചെയ്യുന്നത് പതിവു സംഭവമാണ്‌.

ഈയടുത്ത ദിവസം ഷോര്‍ണ്ണൂര്‍ സ്വദേശിനിയായ ഒരു സഹോദരി റെയില്‍വേയുടെ കുറ്റകരമായ അനാസ്ഥ കാരണം വളരെ ക്രൂരമായ രീതിയില്‍ മാനഭംഗപ്പെടുത്തപ്പെടുകയും തുടര്‍ന്ന് ഇന്ന് ഉച്ചയോടെ മരണപ്പെടുകയും ചെയ്തിരിക്കുന്നു.  ജീവിതപ്രാരാബ്ദങ്ങളുടെ ഭാഗമായി എറണാകുളത്ത് ജോലി ചെയ്തിരിക്കെ, തന്നെ പെണ്ണുകാണാന്‍ ആള്‍ വരുന്നു എന്നു വീട്ടുകാര്‍ അറിയിച്ചതനുസരിച്ച് ആ സഹോദരി ഒരുപാട് മധുരസ്വപനങ്ങളുമായിട്ടാവണം എറണാകുളത്ത് നിന്ന് തിരിച്ചത്.  ട്രെയിന്‍ ഓരോ സ്റ്റേഷനില്‍ എത്തുമ്പോഴും വീട്ടുകാരുമായി ആ പാവം മൊബൈലിലൂടെ ബന്ധപ്പെടുന്നുണ്ടായിരുന്നു.  ഷോര്‍ണ്ണൂരില്‍ അവസാന സ്റ്റോപ്പ് ആയതിനാല്‍ സഹയാത്രികരായി ആരും ഉണ്ടായിരുന്നില്ല.  ഈ കുട്ടി ഒഴികെ എല്ലാവരും മുന്പ് ഇറങ്ങിപോയിരുന്നു.  ഈ തക്കം നോക്കി നരാധമനായ ഒരു തമിഴന്‍ വനിതാ കമ്പാര്‍ട്ട്മെന്റില്‍ അതിക്രമിച്ച് കയറി ആ കുട്ടിയുടെ കൈയിലുള്ള ബാഗ് തട്ടിയെടുക്കാന്‍ ശ്രമിച്ചു.  പ്രതിഷേധിച്ച ആ കുട്ടിയെ ട്രെയിനിന്റെ കുറഞ്ഞ വേഗത മുതലെടുത്ത് പുറത്തേക്ക് തള്ളിയിടുകയും അയാള്‍ ചാടിയിറങ്ങുകയും ചെയ്തു.  (ഇത്തരക്കാര്‍ക്ക് ട്രെയില്നില്‍ നിന്നും ചാടിയിറങ്ങാനും ട്രെയിനിലേക്ക് ചാടികയറുവാനും പ്രത്യേഗ വൈദഗ്ദ്യം തന്നെയുണ്ട്).  ബാഗില്‍ നിന്ന് കേവലം 100ല്‍ താഴെ രൂപ മാത്രമാണ്‍ കിട്ടിയത്.  വീഴ്ചയുടെ ആഘാതത്തില്‍ പരിക്കേറ്റ ആ കുട്ടിയെ ഒറ്റകൈയനായിരുന്നിട്ടും ബലവാനായ ആ ക്രൂരന്‍ തൊട്ടടുത്ത കുറ്റിക്കാട്ടിലേക്ക് തന്റെ തോളിലെടുത്തിട്ട് കൊണ്ടുപൊയി തള്ളി മനഭംഗപ്പെടുത്തിയെന്നാണ്‌ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.  ഈ സമയത്ത് ട്രെയിനിലെ യാത്രക്കാരായ ചിലരുടെ ശ്രദ്ധയില്‍ രണ്ടാളുകള്‍ ട്രെയിനില്‍ നിന്ന് വീഴുന്നത് പെട്ടിരുന്നു.  എന്നാല്‍ സഹയാത്രികരോട് പറഞ്ഞിട്ടും ആരും ചെവികൊണ്ടില്ല.  ആരെങ്കിലും ചെയിന്‍ വലിച്ച് വണ്ടി നിര്‍ത്തിയിരുന്നുവെങ്കില്‍ എന്ന് ആഗ്രഹികാനേ നമുക്ക് പറ്റൂ.  അവസാനം മറ്റുപലരും പറഞ്ഞറിഞ്ഞ് പൊതുജനങ്ങളിലെ ചില നല്ല മനുഷ്യര്‍ നടത്തിയ തെരച്ചിലിലാണ്‌ മൃതപ്രായയായി കിടന്നിരുന്ന കുട്ടിയെ കാണുന്നതും ആശുപത്രിയിലെത്തിക്കുന്നതും.അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ആ സഹോദരി ഒടുവില്‍ മരണത്തിനു കീഴടങ്ങി. 

ഈ സംഭവത്തിനു ആരാണ്‌ ഉത്തരവാദി?  ഒറ്റ നോട്ടത്തില്‍ റെയില്‍വേ എന്നുത്തരം കിട്ടുമെങ്കിലും അതുകൊണ്ടു മുഴുവനാവുന്നില്ല.  രണ്ടാള്‍ വീഴുന്നത് കണ്ട ആളുകള്‍ എന്തുകൊണ്ട് ട്രെയിന്‍ ചങ്ങല വലിച്ചില്ല?  അവര്‍ പറയുന്നത് കേട്ട സഹയാത്രികര്‍ എന്തുകൊണ്ട് അത് ചെവികൊണ്ടില്ല.  എല്ലാവര്‍ക്കും തങ്ങളുടേതായ സ്വാര്‍ത്ഥത.  അതിന്റെ പുറകേ പോയി എന്തിനു പുലിവാലു പിടിക്കണം എന്ന് ഒരുവേള ചിന്തിച്ചിരിക്കാം.  എന്നാല്‍ ട്രെയിനിന്റെ ഏറ്റവും പുറകിലെ കമ്പാര്‍ട്ട്മെന്റിന്റെ അറ്റത്തുള്ള ഒരു മുറിയില്‍ ഗാര്‍ഡ് എന്ന ഓമനപ്പേരിലൊരു മനുഷ്യന്‍(?) വെള്ളകുപ്പായവും വെള്ള പാന്റും ഒക്കെയിട്ട് കയിലൊരു കൊടിയും വിളക്കുമൊക്കെയായി ഉണ്ടാവാറുണ്ട്.  അയാള്ക്ക് എന്താണ്‌ പണി.  ആരെങ്കിലും ട്രെയിനില്‍ നിന്നും കൊഴിഞ്ഞുവീഴുന്നത് കണ്ടാലോ മറ്റുള്ളവര്‍ അറിയിച്ചാലോ ട്രെയിന്‍ നിര്‍ത്തിച്ച് അന്വേഷിപ്പാന്‍ ടിയാന്‍ അധികാരപ്പെട്ടവനാണെന്ന് റെയില്‍വേ നിയമങ്ങള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു.എന്നാല്‍ യാത്രക്കാര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടും ട്രെയിന്‍ നിര്‍ത്താന്‍ അയാള്‍ ഒന്നും ചെയ്തില്ല എന്നാണ്‌ അറിയാന്‍ കഴിയുന്നത്.    ഇത്തരുണത്തില്‍ അയാളും കുറ്റക്കാരനല്ലേ?ഇത്തരുണത്തില്‍ അയാളും കുറ്റക്കാരനല്ലേ?

ഒട്ടുമിക്ക സ്റ്റേഷനുകളിലും വണ്ടി വന്നു നില്‍ക്കുമ്പോള്‍ വനിതാ കമ്പാര്‍ട്ട്മെന്റ് ഏറ്റവും പുറകിലായിരിക്കും.  അപ്പോഴൊക്കെ പ്ലാറ്റ്ഫോം ഉണ്ടാവുകയുമില്ല അവിടെ.  വണ്ടിയില്‍ കയറിപറ്റുവാന്‍ സ്ത്രീകള്‍ പെടാപ്പാട് പെടേണ്ടിവരുന്നത് കാണാം.  ഓടിപ്പിടഞ്ഞെത്തുമ്പോഴേക്കും വണ്ടി അനങ്ങിത്തുടങ്ങിയിരിക്കും.  അപ്പോഴൊക്കെ കയറാന്‍ ശ്രമിച്ച് വീണവരും അംഗഭംഗം സംഭവിച്ചവരും മരണപ്പെട്ടവരും നിരവധി.  എന്നാല്‍ അധികാരികള്‍ക്ക് ഇതെല്ലാം പുല്ലുവില.  ഈയിടെ തുരന്തോ എക്സ്പ്രസ് എന്ന ട്രെയിനിന്റെ കന്നിയാത്രയില്‍ ഭക്ഷ്യ വിഷബാധയേറ്റ്‌ കുറെ യാത്രക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു.  ഇതേപറ്റി ചോദിച്ചപ്പോള്‍ അന്നത്തെ റെയില്‍വേ സഹമന്ത്രി (ഇന്നത്തെ വിദേശകാര്യ സഹന്‍!) പറഞ്ഞത് "റെയില്‍വേ എന്നാല്‍ ലക്ഷക്കണക്കിനു  യാത്രക്കാരും ആയിരക്കണക്കിനു സ്റ്റേഷനുകളും പതിനായിരക്കണക്കിനു തൊഴിലാളികളുമുള്ള ഒരു സ്ഥാപനമാണ്‌, അപ്പൊ ഇത്തരം സംഭവങ്ങള്‍ സാധാരണമാണ്" എന്നാണ്.  എന്തൊരു ന്യായം! ഉത്തരവാദിത്തപ്പെട്ട ഒരു കേന്ദ്ര(സഹ)മന്ത്രി ഇങ്ങിനെതന്നെ പറയണം.  സാമുദായിക രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ വീതം വെപ്പുകള്‍ക്കിടയില്‍ പകുത്തു കിട്ടുന്ന സ്ഥാനങ്ങളോട് അവര്‍ നീതി പുലര്‍ത്തണം എന്ന് കരുതുന്ന നമ്മളേക്കാള്‍ വലിയ മണ്ടന്മാര്‍ ഉണ്ടോ?  കുറെ നാള്‍ മുന്പ് തൊന്തരവ് എന്ന ബ്ലോഗ് എഴുതുന്ന ഷിബുവേട്ടന്റെ ബ്ലോഗില്‍ റെയില്‍വേയെ പറ്റി ചില കാര്യങ്ങള്‍ ഉണ്ടായിരുന്നു. ഞാന്‍ ആ ബ്ലോഗിന്റെ ഒരു ലിങ്ക് മുന്‍പറഞ്ഞ കേന്ദ്ര മന്ത്രിക്ക് പാര്‍ലമെന്റിന്റെ സൈറ്റില്‍ നിന്നും കിട്ടിയ ഒരു ഇ-മെയിലില്‍ അയച്ചു കൊടുത്തു.  യാതൊരു പ്രതികരണവുമുണ്ടായില്ല.

ഇതാണ്‌ അധികാരപ്പെട്ടവരുടെ മനോഭാവമെങ്കില്‍ നമ്മളെന്താണ്‌ ചെയ്യുക?  ഈ വകുപ്പിന്റെ അധികാരിയായ മന്ത്രി മമതാ ബാനര്‍ജിയെ കാണാന്‍ തനിക്ക് മന്ത്രിക്കു സമയം അവര്‍ അനുവദിക്കുന്നില്ല എന്ന് കേരളത്തിലെ റെയില്‍വേകാര്യങ്ങളുടെ ചുമതലയുള്ള മന്ത്രി വിജയകുമാര്‍ പറഞ്ഞത് കുറച്ച് നാള്‍ മുന്പാണ്.  മമതാ ബാനര്‍ജി ആഴ്ചയിലൊരിക്കലാണ്‌ ഇന്ദ്രപ്രസ്ഥത്തില്‍ ഹാജരുണ്ടാവുന്നത്.  ബാക്കി ആറു ദിവസവും കല്‍ക്കത്തയിലാണ്.  വരാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളിലെ മുഖ്യമന്ത്രിയാകുക എന്ന തന്റെ സ്വപ്ന സാക്ഷാല്‍ക്കാരത്തിന്റെ വഴിയിലാണ്‌ അവര്‍!  അവര്‍ക്ക് റെയില്‍വേ കാര്യങ്ങള്‍ നോക്കാന്‍ എവിടെ സമയം.  ഈ അവസരത്തില്‍ പ്രസ്തുത വകുപ്പ് കൈകാര്യം ചെയ്ത ലാലു യാദവ് കുറച്ചുകൂടെ പ്രശംസ അര്‍ഹിക്കുന്നു.  അദ്ദേഹം റെയില്‍വേയുടെ വരുമാന കൂട്ടുന്ന നടപടികളെടുത്തതോടൊപ്പം തന്നെ സുരക്ഷാ കാര്യങ്ങളില്‍ ചില നടപടികള്‍ തുടങ്ങി വക്കുകയും ചെയ്തിരുന്നു.ട്രെയിനുകളുടെ കൂട്ടിയിടി ഒഴിവാക്കാന്‍ വിദേശ സങ്കേതിക സഹായത്തോടെയുള്ള ഉപകരണം ഘടിപ്പിക്കുമെന്ന് ലാലു മന്ത്രി പ്രഖ്യാപിച്ചിരുന്നതാണ്.  എന്നാല്‍ തൊട്ടടുത്ത തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി തെറ്റി തനിച്ച് മല്‍സരിച്ച് ഉള്ള മന്ത്രി സ്ഥാനം കളഞ്ഞു കുളിച്ച ലാവുവിന്‌ ഇപ്പോള്‍ കുറ്റബോധം തോന്നുന്നുണ്ടാവാം.  ലാലു എടുത്ത ഈ തീരുമാനം മമത അധികാരമേറ്റെടുത്തയുടെന്‍ പിന്‍വലിക്കുകയുണ്ടായി. വിദേശ സാങ്കേതിക വിദ്യക്ക് പകരം ചെലവുകുറഞ്ഞ സ്വദേശി വിദ്യ എന്നാണ്‌ "ദീദി" പറഞ്ഞത്.  എന്തായാലും മമത അധികാരമേറ്റെടുത്തതിനു ശേഷം തുടര്‍ച്ചയായി കുറെ കൂട്ടിയിടികള്‍ ഇന്ത്യന്‍ റെയില്‍വെക്ക് നേരിടേണ്ടി വന്നു.  അതിലൂടെ വന്‍ നഷ്ടവും.  എന്തിനേറെ പറയുന്നു കഴിഞ്ഞ യു.പി.എ. സര്‍ക്കരിന്റെ കാലത്താണ്‌ കേരളത്തിന്റെ ഡിവിഷന്‍ വെട്ടിമുറിച്ച് തമിഴ്നാടിന്റെ ഭാഗമാക്കിയത്.  കേവലം ഒരു സഹമന്ത്രി വേലുവിന്റെ വേലത്തരമായിരുന്നു അത്.  എന്നാല്‍ കേരളത്തിനു പില്‍ക്കാലത്ത് ഒരു സഹമന്ത്രിയെ കിട്ടിയപ്പോള്‍ ആ വെട്ടിമുറിച്ച കഷണങ്ങള്‍ തിരിച്ചെടുത്ത് സംയോജിപ്പിക്കാന്‍ നമുക്ക് കഴിഞ്ഞോ?  (മുല്ലപെരിയാറിന്റെ കാര്യവും ഇതു തന്നെ സ്ഥിതി). 

കച്ചവടക്കാരുടെയും യാചകരുടെയും സാന്നിധ്യം.  കുളിക്കാതെയും നനക്കാതെയും മുഷിഞ്ഞ് നാറിയ വസ്ത്രങ്ങള്‍ ധരിച്ച് കാണുന്ന കമ്പാര്‍ട്ടുമെന്റുകളിലെല്ലാം പലരൂപത്തിലും ഭാവത്തിലും ഇത്തരക്കാര്‍ വലിഞ്ഞു കയറുന്നു.  അബദ്ധത്തില്‍ ടിക്കറ്റെടുക്കാതെ കയറിപ്പോവുന്ന യാത്രക്കാരെ ഷര്‍ട്ടിനു കുത്തിപ്പിടിക്കുന്ന റെയില്‍വേ സ്വാഡുകളും ടിക്കറ്റു പരിശോധകരും ഇത്തരക്കാരെ വെറുതെ വിടുന്നു.  ഒരുവേള അവരുടെ പിച്ചചട്ടി(സോറി..ഡെയിലി കളക്ഷന്‍)യില്‍ നിന്നും അധികാരപ്പെട്ടവരും കൈയിട്ടു വാരുന്നുണ്ടാവാം.  മേല്പറഞ്ഞ രീതിയില്‍ ടിക്കറ്റെടുക്കാതെ കയറിപ്പോവുന്ന (അബദ്ധത്തില്‍) ആളുകളെ റെയില്‍വേ കൈകാര്യം ചെയ്യുന്നത് മനുഷ്യാവകാശങ്ങള്‍ പോലും മാനിക്കാതെയാണ്.  കഴുത്തിനു കുത്തിപിടിക്കുക, ഭീഷണിപ്പെടുത്തുക, പഴ്സ്, മൊബൈല്‍ ഫോണ്‍ തുടങ്ങി അവരുടെ വസ്തുവകകള്‍ ബലമായി പിടിച്ചെടുക്കുക, റെയില്‍വേ കോടതി-ജയില്‍ എന്നൊക്കെ പറഞ്ഞ് മാനസികമായി പീഡിപ്പിക്കുക ഇവയെല്ലാം പരിശോധകരുടെ കലാപരിപാടികളാണ്.

ഇത്രയും പറഞ്ഞത് റെയില്‍വേക്ക് യാത്രക്കാരുടെ കാര്യത്തില്‍ എത്ര ശ്രദ്ധയുണ്ടെന്ന് കാണിക്കാനാണ്.  ഷൊര്‍ണ്ണൂര്‍ സംഭവത്തിന്‌ തൊട്ടു തലേദിവസം വെടിക്കെട്ടപകടം നടന്നപ്പോള്‍ അതിലേ പോകുകയായിരുന്ന ഒരു അന്യ സംസ്ഥാന തൊഴിലാളിക്ക് പൊട്ടിത്തെറിയുടെ ആഘാതത്തില്‍ വണ്ടിയില്‍ നിന്ന് തെറിച്ചുള്ള വീഴ്ചയില്‍ കാല്‍ നഷ്ടപ്പെടുകയുണ്ടായി.  ആ സാധുവിനെ യാത്രാ ടിക്കറ്റ് കൈവശമുണ്ടായിരുന്നിട്ടുപോലും റെയില്‍വേ തിരിഞ്ഞു നോക്കുകയുണ്ടായില്ല.  ഇതാണ്‌ റെയില്‍വേ. 

അനധികൃതമായി ട്രെയിനില്‍ കയറുന്ന അന്യ സംസ്ഥാനക്കാരടക്ക്മുള്ള ക്രിമിനലുകളെയും യാചകരെയും നിയന്ത്രിക്കുവാനും സ്ത്രീകളടക്കമുള്ള യാത്രക്കാരുടെ സുരക്ഷക്കും റെയില്‍വേ സത്വര നടപടികള്‍ സ്വീകരിക്കേണ്ടത് ഇന്നത്തെ അനിവാര്യതയാണ്.  അന്യ സംസ്ഥാനത്ത് നിന്നും പ്രത്യേകിച്ച് തമിഴ് നാടില്‍ നിന്നും വരുന്ന "തിരുട്ടു റാസ്കലുകളെ" നിലക്ക് നിര്‍ത്താന്‍ കേരളാ ഗവണ്‍മെന്റിന്റെ ഭാഗത്തു നിന്നും അടിയന്തിര നടപടികള്‍ ഉണ്ടായേ പറ്റൂ. അവരെ പിടികൂടി ജയിലിലടക്കുകയോ അല്ലെങ്കില്‍ വല്ല കോളര്‍ ബെല്‍റ്റ് (അമേരിക്കന്‍ മോഡല്‍) പിടിപ്പിച്ച് അതിര്‍ത്തിക്കപ്പുറത്തേക്ക് നാടുകടത്തുകയോ വേണ്ടതാണ്.  അതോടൊപ്പം വനിതാ യാത്രികരോടൊരു വാക്ക് കഴിയുന്നതും ഒറ്റക്കാവുമെന്ന് കണ്ടാല്‍ ജനറല്‍ കമ്പാര്‍ട്ട്മെന്റിലേക്ക് കയറുക.

ഭരണ പ്രതിപക്ഷഭേദമന്യേ എല്ലാവരും ഈ വിഷയത്തില്‍ സത്വരമായ ഒരു നടപടി അധികാരികളെകൊണ്ട് എടുപ്പിക്കാന്‍ കാലവിളംബം വരുത്താതെ ശ്രമിക്കേണ്ടതാണ്.  ഐസ്ക്രീമെല്ലാം കഴിക്കാനും ബോംബുകള്‍ പൊട്ടിക്കാനും അതു വായും പൊളിച്ചിരുന്നു ചാനലുകളില്‍ കണ്ടു രസിക്കാനും ഇനിയും സമയമുണ്ട്.

കുറിപ്പ്:  ഈയുള്ളവനു കിട്ടിയ പരിമിതമായ വിവങ്ങള്‍ വച്ച് തട്ടിക്കൂട്ടിയതാണ്‌ ഈ പോസ്റ്റ്.  എന്തെങ്കിലും വിട്ടുപോയിട്ടോ തെറ്റിയിട്ടോ ഉണ്ടെങ്കില്‍ ചൂണ്ടിക്കാണിച്ചു തരിക..ക്ഷമിക്കുക.
2011, ഫെബ്രുവരി 1, ചൊവ്വാഴ്ച

വഴിയോര കാഴ്ചകള്‍ - 1

ചില ഒഴിവു ദിനങ്ങള്‍ വിരസങ്ങളാവുമ്പോള്‍ ബൈക്കുമെടുത്ത് ഒരു കറക്കം.  എങ്ങോട്ടെന്നില്ലാതെ, നാട്ടിന്‍പുറത്തിന്റെ മനോഹാരിത ആസ്വദിച്ച് ശുദ്ധവായു ശ്വസിച്ച് ഒരു യാത്ര.  അത്തരം ദിനങ്ങളിലൊന്നില്‍ നിന്നും..ഒരു കണക്കിനു കൂടെയാരുമില്ലാത്തതാണ്‌ നല്ലത്.  കാരണം നമുക്ക് നമ്മുടെ ചുറ്റുപാടുകളോട് തോന്നുന്ന കാര്യങ്ങള്‍ നിശ്ശബ്ദമായി പറയാന്‍ കൂടെയൊരാളില്ലാത്തതാണ്‌ നല്ലത്.

ഇരിങ്ങാലക്കുട പടിഞ്ഞാറു ഭാഗം - പേരറിയില്ല സ്ഥലത്തിന്റെ.


കൃഷ്ണന്‍കോട്ട ചര്‍ച്ച് (മാള-കൃഷ്ണന്‍കോട്ട റോഡ്)


ശാന്തം സുന്ദരം

കുഴിപ്പിള്ളി - ഏറണാകുളം ജില്ല.

2011, ജനുവരി 29, ശനിയാഴ്‌ച

കുഞ്ഞാലിക്കുട്ടി സ്റ്റ്റൈക്സ് എഗൈന്‍!

കേരളത്തിലെ മാധ്യമ ജീവികള്‍ക്ക് 28നു രാവിലെ വീണു കിട്ടിയ ഒരു വാര്‍ത്ത കുഞ്ഞാലിക്കുട്ടിയുടെ വാര്‍ത്താ സമ്മേളനമാണ്. ടിയാന്‍ എന്തിനിത് നടത്തി എന്നത് ഇപ്പോഴും ദുരൂഹമായി അവശേഷിക്കുന്നു. യു.ഡി.എഫിന്റെ കേരള മോചനയാത്ര അനന്തപുരി ലക്ഷ്യമാക്കി പാഞ്ഞു പോകുന്നത് കണ്ട് അന്തം വിട്ടുനിന്നിരുന്ന ജനം കുഞ്ഞാലിക്കുട്ടിയുടെ ഈ ഏറ്റുപറച്ചില്‍ കണ്ട് അന്തം വിട്ടു നിന്നില്ലെങ്കിലേ അതിശയമുള്ളൂ! ഒരുവിധപ്പെട്ട മുസ്ലീങ്ങളെല്ലാം വെള്ളിയാഴ്ച ദിവസം ജുമുഅ (ഉച്ച നമസ്കാരം) കഴിഞ്ഞിട്ടേ എന്തിനും തുനിഞ്ഞിറങ്ങൂ. എന്നിട്ടും രാവിലെ തന്നെ ചാനല്‍ കാമറക്കു മുന്നില്‍ വച്ച് ഈ വെടി പൊട്ടിക്കാന്‍ കുഞ്ഞാലിക്കുട്ടിയെ പ്രേരിപ്പിച്ചതെന്താണ്.തന്റെ ജീവനു ഭീഷണിയാണെന്ന് പറയപ്പെടുന്ന റൌഫ് ടിയാന്റെ വലം കൈയായിരുന്ന കാര്യം എല്ലാവര്‍ക്കും അറിയാവുന്നതാണ്.കുഞ്ഞാലിക്കുട്ടിയുടെ മുന്‍ സാരഥിയെ (ഡ്രൈവര്‍) ചിലര്‍ (മാധ്യമ ചാനല്‍ പ്രവര്‍ത്തകര്‍!)രഹസ്യ കാമറയുപയോഗിച്ച് അഭിമുഖം നടത്തുവാന്‍  ശ്രമിച്ചതാണ്‌ കുഞ്ഞാലിക്കുട്ടിയെ പ്രകോപിപ്പിച്ചതെന്ന് പറയപ്പെടുന്നു.  ഈ ഒളികാമറാ ഓപ്പറേഷനെകുറിച്ചുള്ള വാര്‍ത്തകള്‍ ഇതുവരെ പുറത്ത് കേട്ടിട്ടില്ല.
 
 
അതെല്ലാം എന്തുമാവട്ടെ കുഞ്ഞാലിക്കുട്ടിയുടെ "കുമ്പസാര"സ്വഭാവമുള്ള പ്രസ്താവനയിലേക്ക് വരാം.  താന്‍ വഴിവിട്ട് ("അവിഹിതമായി") യാതൊന്നും തന്നെ അയാള്‍ക്കെന്നല്ല (റൌഫിന്) ആര്‍ക്കും ഇനി ജീവിതത്തില്‍ ചെയ്തുകൊടുക്കില്ലെന്നാണ്‌ ടിയാന്‍ പറഞ്ഞത്.  എന്താണിതിനര്‍ത്ഥം?  എം.എല്‍.എയും മന്ത്രിയുമൊക്കെയായിരുന്നിട്ടുള്ള ഒരു ഉത്തരവാദിത്തപ്പെട്ട ജനപ്രതിനിധിയായിരുന്നിട്ടുള്ള ഒരു വ്യക്തി ഇതുപോലെ ഒരു ഏറ്റു പറച്ചില്‍ നടത്തിയാല്‍ എന്താണ്‌ പൊതുവെ കരുതുക? പ്രഥമ ദൃഷ്ട്യാല്‍ തന്നെ സത്യപ്രതിജ്ഞാ ലംഘനം നടന്നിരിക്കുന്നു.  ഈയൊരു പ്രസ്താവന തന്നെ മതി അയാളെ പ്രോസിക്യൂട്ട് ചെയ്യാനുള്ള നടപടികള്‍ ഉത്തരവാദപ്പെട്ട(?) ഒരു സര്‍ക്കാറിനു കൈക്കൊള്ളാന്‍.
 
 
എന്തൊക്കെ അവിഹിതങ്ങളാണ്‌ താന്‍ മന്ത്രിയായിരുന്നപ്പോള്‍ നടത്തിയുട്ടുള്ളതെന്നും മറ്റുള്ളവര്‍ക്ക് ചെയ്തുകൊടുത്തിട്ടുള്ളതെന്നും വ്യക്തമായിപറയുവാന്‍ ടിയാന്‍ ബാധ്യസ്ഥനാണ്. കൂടാതെ അദ്ദേഹാം ആരുടെ കീഴിലൊക്കെ മന്ത്രിയായിരുന്നോ ആ മുന്മുഖ്യമന്ത്രി പുംഗവന്മാരും ഇതിനു സമാധാനം പറഞ്ഞേ തീരൂ.  കുറ്റസമ്മതത്തെ അഭിനന്ദിച്ചതുകൊണ്ട് ജാഥാ ക്യാപ്റ്റന്‍ ഉമ്മന്‍ ചാണ്ടിക്ക് അതില്‍ നിന്നും ഒഴിയാനൊരിക്കലും കഴിയില്ല.  ഉമ്മന്‍ചാണ്ടിക്കും മുഖ്യമന്ത്രി എന്ന നിലയില്‍ ഇതിനെപറ്റി അറിവുണ്ടായിരുന്നിട്ടും നടപടി എടുക്കാന്‍ കഴിഞ്ഞില്ല എന്നത് സത്യമാണ്, അതിന്‌ കാരണം എന്തൊക്കെയായാലും.  (ഒരുവേള പാണക്കാട്ട് നിന്നും കഴിച്ച കോഴിബിരിയാണിയായിരിക്കാം).  അല്ലെങ്കിലും കോണ്‍ഗ്രസ്സിനു പറയാന്‍ എന്തിനും ഒരു ന്യായമുണ്ടാവും .  "മുന്നണി രാഷ്ട്രീയത്തിന്റെ പരിമിതികള്‍".  എ. രാജയുടെ പ്രശ്നത്തിലും ഇതേ പല്ലവി തന്നെ നമ്മള്‍ കേട്ടു.
 
ഇടക്കാലത്ത് ലീഗും സി.പി.എമ്മും തമ്മിലും ചില അഡ്ജസ്റ്റ്മെന്റുകള്‍ നടന്നതായി വാര്‍ത്തകളുണ്ടായിരുന്നു.  പ്രത്യേകിച്ചും നായനാര്‍ ഭരണകാലത്ത് റെജീനയുമായി ബന്ധപ്പെട്ട കേസന്വേഷണം നടക്കുന്ന സമയത്ത്. അന്ന് എല്‍.ഡി.എഫ് സര്‍ക്കാര്‍ തുടക്കമിട്ട ജനകീയാസൂത്രണത്തെ ലീഗ് പതിവിനു വിപരീതമായി അകമഴിഞ്ഞു പിന്തുണച്ചതും ഇതോട് ചേര്‍ത്ത് വായിക്കുക.
 
മാറാട് കലാപ കേസുകള്‍ കേന്ദ്രാന്വേഷണ ബ്യൂറോയെകൊണ്ട് അന്വേഷിക്കണമെന്ന് അഭിപ്രായമുയര്‍ന്നപ്പോള്‍ എതിര്‍ക്കാന്‍ മുന്‍നിരയിലുണ്ടായിരുന്നത് കുഞ്ഞാലിക്കുട്ടി!  "ബാക്കിയുള്ളവരെയൊക്കെ പിടിച്ച് ഓര് ജയിലിലിടും" എന്ന് കുഞ്ഞാലിക്കുട്ടി വിലപിച്ചത് ചാനലിലൂടെ നമ്മളെല്ലാം കണ്ടതാണ്.  കുഞ്ഞാലിക്കുട്ടിയുടെയും എന്‍.ഡി.എഫിന്റെയും ബാന്ധവം ഒരു കാലത്ത് ചര്‍ച്ചാവിഷയമായതാണ്.  തെരഞ്ഞെടുപ്പ് കാലത്ത് എന്‍.ഡി.എഫ് പോലുള്ള വര്‍ഗ്ഗീയ സംഘര്‍ഷാധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന ഒരു സംഘടനകളുടെയും വോട്ട് തങ്ങള്‍ക്ക് (ലീഗിന്) വേണ്ട എന്ന് പറയുവാന്‍ എം.കെ. മുനീര്‍ (ഓനാണ്‌ ആങ്കുട്ടി) തയ്യാറായപ്പോള്‍ "ഞങ്ങള്‍ ആരുടെയും വോട്ട് വേണ്ടെന്ന് പറയില്ല" എന്ന മറുപടിയാണ്‌ കുഞ്ഞാലിക്കുട്ടിയില്‍ നിന്നുണ്ടായത്. ഇവിടെയും കുഞ്ഞാലിക്കുട്ടി സംശയത്തിന്റെ മുനയില്‍ തന്നെയാണ്.
 
പടച്ചവന്റെ നാമത്തില്‍ പ്രതിജ്ഞയെടുത്ത് അധികാരമേറ്റെടുത്ത തങ്ങളുടെ മുന്‍ മന്ത്രിയായ ഇപ്പോഴത്തെ ജനറല്‍ സെക്രട്ടറി മുന്പ് വഴിവിട്ട പലതും പലര്‍ക്കും ചെയ്തുകൊടുത്ത് എന്ന് കുറ്റസമ്മതം നടത്തിയപ്പോഴും അളിയന്‍ റൌഫ് ആരോപണങ്ങള്‍ ഉയര്‍ത്തിയപ്പോളും ലീഗ് പറയുന്ന മറുപടിയാണ്‌ രസകരം. "ലീഗ് ഇതിനെ ഒറ്റക്കെട്ടായി നേരിടും".  അധികാര ദുര്‍വിനിയോഗത്തെ വെള്ളപൂശല്ല്ലെങ്കില്‍ പിന്നെന്താണിത്?.  ചുരുങ്ങിയപക്ഷം അധികാര ദുര്‍വിനിയോഗം നടത്തിയിട്ടുണ്ടെങ്കില്‍ അത് തെറ്റായിപ്പോയി എന്നു പറയാനുള്ള ചങ്കൂറ്റം ലീഗിനില്ലാതെപോയി. (അല്ലെങ്കിലും സംസ്ഥാന പ്രസിഡണ്ട് ദേശീയ പ്രസിഡണ്ടിനും മുകളില്‍ വരുന്ന പാര്‍ട്ടിയല്ലേ).
 
ഈ വിഷയം ഒരു പക്കാ ലീഗുകാരനുമായി പങ്കുവച്ച് സംസാരിച്ചപ്പോ ഓന്‍ പറഞ്ഞത് "ഓന്‍ അന്ന് (റെജീന സംഭവം) അന്ന് മക്കത്ത് നിന്നും വന്നിട്ട് സത്യം ചെയ്ത് പറഞ്ഞത് ഞാന്‍ "അങ്ങിനെയൊന്നും ചെയ്തിട്ടില്ലാ" എന്നാണ്.  ലീഗുകാരനു 200% ശതമാനം ഉറപ്പാണ്‌ കുഞ്ഞാലിക്കുട്ടി ശുദ്ധനാണെന്ന്.  ഓനാണ്‌ ജമാഅത്ത്, എന്‍.ഡി. എഫ്. തുടങ്ങിയ സംഘടനകളെ നിയന്ത്രിച്ചത്, എ.പി.-ഇ.കെ വിഭാഗങ്ങളെ ഒന്നിപ്പിച്ചത്(??), സി.പി.എമ്മിനെ മലപ്പുറത്ത് കെട്ടുകെട്ടിച്ചത്(?! ഇത്രയും നാള്‍ അത് മഞ്ഞളാംകുഴിയെന്ന കീടമായിരുന്നു) എന്നൊക്കെ പറഞ്ഞ മേല്പറഞ്ഞ ലീഗുകാരന്‍ കത്തികയറുകയാണ്.  അപ്പോള്‍ ഈയുള്ളവനൊരു ചോദ്യം ചോദിച്ചു "സര്‍വ്വ ശക്തനായ അല്ലാഹുവിന്റെ" നാമത്തില്‍ സത്യം ചെയ്ത് അധികാരമേറ്റെടുത്തിട്ട് അത് തെറ്റിച്ച് സ്വജനപക്ഷപാതവും "അവിഹിത"ങ്ങളും ചെയ്യുകയും ചെയ്തുകൊടുത്തു എന്നും പറയുന്ന ഒരാളുടെ (റെജീന വിഷയത്തിലുള്ള) സത്യം ചെയ്യല്‍ വിശ്വസിക്കാന്‍ പറ്റുമോ ഇക്കാ?
 
 
ഇതു കേട്ട ലീഗനുഭാവി വളരെ ക്ഷുഭിതനായി പറഞ്ഞത് ഇവിടെ കുറിക്കാന്‍ കൊള്ളില്ല. അല്ലെങ്കിലും ഇങ്ങള്‍ ****കമ്യൂണിസ്റ്റുകാര്‍ക്ക് ഓന്റെ നെലേം ബെലേം(????) (നിലയും വിലയും)കാണുമ്പോ അസൂയയാ.." ഈ വാചകം അതിന്റെ ഒരു ഭാഗം മാത്രം.


ഇതാണ്‌ ലീഗിനും ലീഗുകാര്‍ക്കും പറ്റുന്ന കുഴപ്പം. തങ്ങളുടെ നേതാക്കന്മാര്‍ തെറ്റുകാരാണെന്ന് ഒരുക്കലും സമ്മതിക്കില്ല - അതവര്‍ സമ്മതിച്ചാല്‍ പോലും.