2014, ജൂലൈ 31, വ്യാഴാഴ്‌ച

ഞാന്‍ കണ്ട സിനിമ: തെഗിഡി

1. തെഗിഡി (തമിഴ്)
നിരീക്ഷണത്തില്‍ നല്ല പാടവം കൈമുതലായുള്ള ക്രിമിനോളജി ബിരുദധാരി വെട്രി (അശോക്‌ ശെല്‍വന്‍) ഒരു ഡിറ്റക്ടീവ് ആകുക എന്ന ജീവിതാഭിലാഷം പൂര്ത്തീകരിക്കുവാനുള്ള പരിശ്രമത്തിലാണ്.  അയാളുടെ ആത്മാര്‍ത്ഥ സുഹൃത്ത് നമ്പി (കാലി വെങ്കട്ട്)യുടെ കൂടെ ചെന്നെയില്‍ വെട്രി താമസമാക്കുന്നു.   സാന്ദര്‍ഭികമായി അയാള്‍ക്ക് ഒരു പ്രൈവറ്റ് ഡിറ്റക്ടീവ് ഏജന്‍സിയില്‍ ജോലി ലഭിക്കുകയും അതിന്‍റെ ഭാഗമായി ചിലരെ നിരീക്ഷിക്കുവാന്‍ അയാള്‍ നിയോഗിക്കപ്പെടുകയും ചെയ്യുന്നു.  ഓരോ ജോലിയും പൂര്‍ത്തീകരിച്ചു പുതിയ ജോലിയിലേക്ക് അയാള്‍ എളുപ്പം നിയുക്തനാക്കപ്പെടുന്നു.  ഇതിനിടയില്‍ സുന്ദരിയായ മധുശ്രീ (ജനനി അയ്യര്‍) എന്ന പെണ്‍കുട്ടിയെയും നിരീക്ഷിക്കാന്‍ നിയോഗിക്കപ്പെടുന്നു.  നിരീക്ഷണം അവസാനം പ്രണയത്തില്‍ ചെന്ന് നില്‍ക്കുന്നു. നമ്പിയുടെ സഹായത്താല്‍ പ്രണയ സാക്ഷാല്‍ക്കാരത്തിനായി ശ്രമിക്കുന്ന വെട്രി ഏറ്റെടുത്ത ജോലിയില്‍ നിന്ന് ഇടക്ക് വ്യതിചലിക്കുന്നു. ഇതിനിടയില്‍ അപ്രതീക്ഷിതമായ ഞെട്ടിപ്പിക്കുന്ന ചില സംഭവങ്ങള്‍.

താന്‍ ആരെയൊക്കെ നിരീക്ഷിച്ചുവോ അവര്‍ക്കെല്ലാം അപമൃത്യു സംഭവിക്കുന്നു. ഇതില്‍ രണ്ടുപേര്‍ കൊല്ലപ്പെടുന്നത് വെട്രിയുടെ കണ്മുന്നില്‍ അതും അവരുടെ ജീവന്‍ രക്ഷിക്കാന്‍ അയാള്‍ ശ്രമിക്കുന്നതിനിടയില്‍!  ഈ സംഭവങ്ങളുടെ ഗതി നിരീക്ഷിച്ച വെട്രി അടുത്ത ഇര തന്റെ പ്രനയഭാജനമായ മധുശ്രീ ആയിരിക്കും എന്ന് മനസ്സിലാക്കുന്നു.  തുടര്‍ന്ന് അവളുടെയും തന്റെയും കൂട്ടുകാരന്റെയും ജീവന്‍ അപകടത്തിലാണെന്ന് മനസ്സിലാക്കുമ്പോള്‍ അതില്‍ നിന്ന് രക്ഷപ്പെടാനുള്ള നീക്കങ്ങളാണ് ഈ ചിത്രത്തിന്‍റെ ഇതിവൃത്തം. 

ചെറിയ ഞെട്ടലുകള്‍ ഒക്കെ പ്രേക്ഷകരില്‍ ഉണ്ടാക്കുന്ന ഈ സിനിമ, നമ്മള്‍ക്ക് ഊഹിക്കാവുന്ന തരത്തിലുള്ള സംഭവങ്ങള്‍ വരുന്നതോടെ പിന്നീട് ഒരു അയഞ്ഞ മോഡിലാണ് നീങ്ങുന്നത്.  യഥാര്‍ത്ഥ വില്ലന്‍ ആരെന്നു നമുക്ക് ഊഹിക്കാന്‍ പറ്റുന്നു.  നായികാ നായകന്മാരുടെയും അവരുടെ കൂട്ടുകാരന്റെയും അഭിനയം കൊള്ളാം.  എന്നാലും ഒരു പോരായ്മ ഫീല്‍ ചെയ്യുന്ന മൂവി.  ഒരു രണ്ടാം ഭാഗത്തിന് കൂടി സ്കോപ്പ് ഇട്ടുകൊണ്ടാണ് കഥ അവസാനിക്കുന്നത്.  അപ്പോഴും ഒരു ചെറിയ നിഗൂഡത ചൂഴ്ന്നു നില്‍ക്കുന്നു.  എടുത്ത് പറയാന്‍ ഒന്നുമില്ല എന്ന് തോന്നുന്നത്കൊണ്ട് സാങ്കേതിക-ഗാന-സംഗീത വിഭാഗങ്ങളെ ഒഴിവാക്കുന്നു.
എന്‍റെ റേറ്റിംഗ്: 6/10

2014, ജൂലൈ 26, ശനിയാഴ്‌ച

മാധ്യമങ്ങള്‍ നാറാണത്ത് ഭ്രാന്തന്മാരോ അതോ തെരുവ് നായ്ക്കൂട്ടങ്ങളോ?!

മലമുകളിലേക്ക് കല്ലുരുട്ടികയട്ടി അത് താഴേക്ക് തള്ളിയിട്ടു രസിച്ചിരുന്ന പന്തിരുകുലത്തിലെ ഭ്രാന്തനെ നമുക്ക് വെറുതെ വിടാം.  ഇന്ന് അതിലും വലിയ ഭ്രാന്തന്മാരെ നമുക്ക് മാധ്യമങ്ങളുടെയും അതിന്‍റെ പ്രവര്‍ത്തകരുടെയും  രൂപത്തില്‍ കാണാന്‍ കഴിയുന്നു.  സമൂഹത്തിനു നന്മയുണ്ടാക്കുന്ന പ്രവൃത്തികള്‍ ചെയ്യുന്നില്ല എന്നത്പോട്ടെ, വിദ്വേഷ പ്രചരണം നടത്തുന്നതില്‍നിന്നും ഒഴിഞ്ഞു നിന്നുകൂടെ?  ഇത് ഭ്രാന്ത് അല്ലെങ്കില്‍ എന്താണ്.  എല്ലാവിധ വര്‍ഗ്ഗീയതയും ഉണ്ടാക്കുന്നത് ചില താല്‍പ്പര കക്ഷികളും അവര്‍ക്ക് ചൂട്ടുപിടിക്കുന്ന ഏതാനും മാധ്യമ ഭ്രാന്തന്മാരുമാണ്.  വര്‍ഗ്ഗീയതയുടെ വിത്ത് വിതച്ച് അതിനെ മുളപ്പിച്ചു വെള്ളവും വളവും കൊടുത്ത് വളര്‍ത്തി അത് (സാമുദായിക സംഘര്‍ഷങ്ങളുടെ രൂപത്തില്‍) ഫലം തരുമ്പോള്‍ അയ്യോ ദേ വര്‍ഗ്ഗീയത, ദേ കലാപം എന്നൊക്കെ പറഞ്ഞു നിലവിളിക്കുന്ന ഈ ഭ്രാന്തമാരെ നിലക്ക് നിര്‍ത്താന്‍ ആരെങ്കിലും മുന്നിട്ടിറങ്ങണം.  അല്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടു പോകുന്ന തരത്തിലാണ് സംഗതികള്‍.

ബന്ധപ്പെട്ടവര്‍ക്ക് ഇല്ലാത്ത പ്രശ്നങ്ങള്‍ കുത്തിപ്പൊക്കി എടുക്കുവാന്‍ വ്യഗ്രത ഇവര്‍ക്കാണ്.  ചിന്താശേഷിയില്ലാത്ത മനുഷ്യമനസ്സുകളെ വാഷ് ചെയ്ത് ക്രിമിനല്‍ ചിന്ത അതില്‍ നിറക്കുവാന്‍ ഇത്തരം വാര്‍ത്തകള്‍കൊണ്ട് കഴിയും.

ഈയിടെയായി തെരുവ് നായ്ക്കളുടെ ആക്രമണം കൂടിവരുന്നതായി വിവിധ മാധ്യമങ്ങള്‍ പ്രാധാന്യപൂര്‍വ്വം റിപ്പോര്‍ട്ട് നമുക്ക് തരുന്നുണ്ട്.  തെരുവ് നായ്ക്കള്‍ അക്രമാസക്തരാവുന്നത് വളരെ പെട്ടെന്നാണ്.  അതുപോലെ തന്നെ ഇന്നത്തെ ചില മാധ്യമപ്രവര്‍ത്തകരിലും ഈ പ്രവണത കണ്ടുവരുന്നുണ്ട്.  സൈക്കിളിലും, ബൈക്കിലും പിന്നെ കാല്‍നടയായും പോകുന്ന നിരപരാധികളെ ചാടിവീണ് ഉപദ്രവിക്കുന്ന തെരുവ് നായ്ക്കളെ പോലെ തന്നെയാണ് ഈ വക വാര്‍ത്തകള്‍ പടച്ചുവിടുന്ന മാധ്യമപ്രവര്‍ത്തകരും എന്നാണു എന്‍റെ വ്യക്തിപരമായ അഭിപ്രായം.  പക്ഷെ ഇവിടെ നമ്മള്‍ മനസ്സിലാക്കെണ്ടുന്ന വസ്തുത നായ്ക്കളുടെ കടിയെല്‍ക്കുന്ന വ്യക്തികള്‍ക്കും സമൂഹത്തിനും ഉണ്ടാകുന്ന ദുരിതമാണ്.  ആയിരങ്ങള്‍ മുടക്കി എടുക്കുന്ന വേദനാജനകമായ കുത്തിവെപ്പും തുടര്‍ന്ന് വരുന്ന പരീക്ഷനകാലവും എല്ലാം കടിയെല്‍ക്കുന്നവര്‍ സഹിക്കണം.  അതുപോലെതന്നെയാണ് വര്‍ഗ്ഗീയത അറിഞ്ഞുകൊണ്ട് പടച്ചുവിട്ടു സാമുദായിക ധ്രുവീകരണം ഉണ്ടാക്കുന്നതും തുടര്‍-സംഘര്‍ഷങ്ങളിലേക്ക് വഴിവെക്കുന്നതുമെല്ലാം.  എല്ലാം കൈവിട്ടുപോകാന്‍ കേവലം അലസതയോ വിവരക്കേടോ മതിയാവും.

ജനാധിപത്യത്തിന്റെ നാലാം തൂണായി വര്‍ത്തിക്കേണ്ട പത്രസ്ഥാപനങ്ങളും അതിന്‍റെ പ്രവര്‍ത്തകരും കേവലം ക്ഷണിക നേട്ടങ്ങള്‍ മാത്രം മുന്നില്‍കണ്ട് ഇത്തരം വാര്‍ത്ത ഉണ്ടാക്കല്‍ മാത്രം ചെയ്യുന്നത് അങ്ങേയറ്റം ഖേദകരം തന്നെ.  

(മാധ്യമപ്രവര്‍ത്തകര്‍ എന്ന് ഉപയോഗിച്ചത് അവരും അവരുടെ മാനേജ്മെന്റും എന്ന വിശാലമായ അര്‍ത്ഥത്തില്‍ വായിക്കാന്‍ താല്പര്യപ്പെടുന്നു).

2014, ജൂലൈ 15, ചൊവ്വാഴ്ച

പ്രിയസുഹൃത്തിനു പ്രാര്‍ത്ഥനകളോടെ വിട...

"ഇക്കാ, നിങ്ങള് രണ്ടാളും നല്ല ചേര്‍ച്ചയാണ്.  നമുക്ക് ഒന്ന്‍ ആലോചിച്ചാലോ?!"  തെക്ക് നിന്നും പ്രത്യക്ഷപ്പെടുന്ന ഷോര്‍ണൂര്‍ പാസ്സഞ്ചര്‍ നോക്കി നോര്‍ത്ത് സ്റ്റേഷനിലെ ബെഞ്ചില്‍ ഇരിക്കുന്ന എന്‍റെ ചിന്തകളെ ഉണര്‍ത്തിയത് മനോജിന്‍റെ ഈ വാക്കുകളാണ്.  ട്രെയിന്‍ വരാന്‍ കാത്തിരിക്കുന്ന ഇടവേളകളില്‍ മനോജിന്‍റെ ഭാര്യയുടെ അടുതിരിക്കാറുള്ള തട്ടമിട്ട ആ സുന്ദരിയെ ഇടക്ക് ഒന്ന് പാളിനോക്കുന്നത് മനോജ്‌ ഇതിനകം കണ്ടുപിടിച്ചിരുന്നു.  "അതിനെന്താ മനോജേട്ടാ പെങ്ങളുടെ കല്യാണം ഒന്ന് കഴിയട്ടെ,  എന്നിട്ടാലോചിക്കാം.  ചേച്ചിയോട് ഒന്ന് ആത്മാര്‍ഥമായി ഹെല്‍പ്പ് ചെയ്യണം എന്ന് പറ"  ഇങ്ങിനെ പറഞ്ഞു എങ്കിലും അതെങ്ങിനെ പ്രാവര്‍ത്തികമാക്കും എന്ന് യാതൊരു ഐഡിയയും ഉണ്ടായിരുന്നില്ല.

വീണ്ടും പാസ്സഞ്ചറും, ചെന്നൈ-ആലപ്പി എക്സ്പ്രസ്സുമെല്ലാം ഏറണാകുളത്തിനും ചാലക്കുടിക്കും ഇടയില്‍ ചൂളം വിളിച്ചു പാഞ്ഞുകൊണ്ടിരുന്നു.  ആന്‍റപ്പനും മറ്റും പ്രോത്സാഹിപ്പിച്ചപ്പോള്‍ എനിക്കും ഉത്സാഹം കൂടി.  പക്ഷെ ആ കുട്ടി പിടി തരാതെ മാറിക്കൊണ്ടിരുന്നു.  ഒരു കല്യാണം ആലോചിക്കാനുള്ള പ്രായോഗിക പരിജ്ഞാനം ഇല്ലാത്തതിനാല്‍ മനോജിന്‍റെ ഭാര്യ ദൌത്യത്തില്‍ അത്രകണ്ട് വിജയിച്ചില്ല.  പിന്നെ ജിവിതത്തിന്റെ പ്രവാഹത്തില്‍ എപ്പോഴോ എല്ലാവരും പലവഴിക്കായി.

അവസാനം ജീവിതത്തിന്‍റെ അനിവാര്യഘട്ടത്തില്‍ യു.എ.ഇ.യിലേക്ക് വിമാനം കയറുന്നതിനു മുന്‍പ് ആന്‍റപ്പന്‍ ഒരു നമ്പര്‍ തന്നിട്ട് പറഞ്ഞു "ഇതാണ് മനോജേട്ടന്റെ നമ്പര്‍, അവിടെയെത്തി സൗകര്യംപോലെ ഒന്ന് വിളിക്ക് ഇക്കാ"
ഇവിടെയെത്തി വിളിച്ചു.  ആള്‍ ദുബായിലാണ്.  വലിയ മെച്ചമൊന്നും ഇല്ലാത്ത ജോലിയാണ്. ഇതിലും ഭേദം നാട്ടില്‍ തന്നെയെന്നു തന്നെ തനത് ശൈലിയില്‍ മനോജേട്ടന്‍ പറഞ്ഞു.  പിന്നീട് എപ്പോഴോ ആ നമ്പര്‍ എന്‍റെ ഫോണില്‍ നിന്ന് ഡിലീറ്റ് ആയി എങ്ങിനെയോ! 

പിന്നെ നാട്ടിലെത്തിയപ്പോള്‍ ഒന്നുരണ്ടു തവണ ആന്‍റപ്പനോട് ചോദിച്ചിരുന്നു.  പിന്നീട് എന്തുകൊണ്ടോ ഓര്‍ത്തില്ല.

ഇന്നലെ കൊടുങ്ങല്ലൂരില്‍ ബസ്സ്‌ ബൈക്കിനെ ഇടിച്ച് ബൈക്കില്‍ സഞ്ചരിച്ചിരുന്ന ആള്‍ മരണപ്പെട്ട വിവരം അറിഞ്ഞപ്പോഴും ഞാന്‍ അറിഞ്ഞിരുന്നില്ല അത്  ആറുവര്‍ഷത്തോളം ഒന്നിച്ചു ചാലക്കുടി-എറണാകുളം റൂട്ടില്‍ എന്നോടൊപ്പം ട്രെയിനില്‍ യാത്രചെയ്ത മനോജേട്ടന്‍ ആണെന്ന്.  ഏഴുവര്‍ഷത്തിലധികം സമയം മനോജിന്‍റെ ഫോട്ടോ തിരിച്ചറിയാന്‍ കുറച്ചു സമയം എടുക്കത്തക്കവണ്ണം ചില മാറ്റങ്ങള്‍ക്ക് വിധേയമായിരുന്നു.  ആ റിപ്പോര്‍ട്ട് ഇന്നത്തെ ഇ-പേപ്പറില്‍ ആവര്‍ത്തിച്ചു വായിച്ചപ്പോള്‍ മനസ്സില്‍ ആരോ പറയുന്നു ഇത് മനോജ്‌ ആണെന്ന്.  അങ്ങിനെ ആന്‍റപ്പനെ വിളിച്ചു ചോദിച്ചപ്പോളാണ് വേദനയോടെ അവന്‍ ഇത് പറഞ്ഞത്.  ഇന്ന് മൊത്തം ആകെ ഒരുതരം തരിപ്പായിരുന്നു മനസ്സ് നിറയെ.  ഒന്നിലും ശ്രദ്ധിക്കാന്‍ പറ്റാത്ത ഒരവസ്ഥ.  ആ ചേച്ചി രണ്ടു കൈക്കും ഒടിവ് പറ്റി ആശുപത്രിയില്‍.  വിവരം അവരെ അറിയിച്ചിട്ടില്ല.  പക്ഷെ അനിവാര്യമല്ലേ അറിയിക്കല്‍!  ഇനി അവര്‍ അതറിയുമ്പോള്‍!  ആലോചിക്കാനേ പറ്റുന്നില്ല.  അടുത്ത മാസം പത്താം തിയതി നടക്കാനിരിക്കുന്ന മൂത്തമകളുടെ കല്യാണം....
ജീവിതത്തിന്‍റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ വേണ്ടി ഓടിനടക്കുമ്പോഴും തമാശകളും മറ്റുമായി ഞങ്ങളുടെ ട്രെയിന്‍യാത്രയെ രസകരമാക്കിയ മനോജേട്ടാ ഞങ്ങളില്‍നിന്ന് എന്നെന്നേക്കുമായി അകന്നുപോയാലും ആ ഓര്‍മ്മകള്‍ എന്നും ഞങ്ങളിലുണ്ടാകും.  അകലങ്ങളിലിരുന്നു കണ്ണീരില്‍ കുതിര്‍ന്ന പ്രാര്‍ത്ഥനകള്‍ മാത്രം പകരം തരാനല്ലേ കഴിയൂ...വിട പ്രിയ സുഹൃത്തെ വിട....