2015, ജനുവരി 21, ബുധനാഴ്‌ച

ഞാന്‍ കണ്ട സിനിമ PK

സിനിമയും മറ്റു കലാരൂപങ്ങളും ഒരു മതത്തെയോ, അതിന്‍റെ വിശ്വാസത്തെയോ ഏതൊക്കെ തരത്തില്‍ ഹനിക്കുന്നു, വ്രണപ്പെടുത്തുന്നു  അല്ലെങ്കില്‍ ഇതൊന്നും ചെയ്യാതെ സിനിമ എടുക്കാന്‍ പറ്റുമോ എന്നൊക്കെ ചര്‍ച്ചകള്‍ക്കും പഠനങ്ങള്‍ക്കും വിധേയമാക്കേണ്ട വിഷയമാണ്.  പക്ഷെ PK എന്ന അമീര്‍ഖാന്‍-അനുഷ്ക ശര്‍മ്മ താരജോടിയുടെ സിനിമയിലൂടെ സംവിധായകന്‍ രാജ്കുമാര്‍ ഹിറാനി യാതൊരുവിധ മതവികാരങ്ങളും വ്രണപ്പെടുത്തിയിട്ടില്ല എന്നുതന്നെയാണ് എന്‍റെ വിശ്വാസം.  മറിച്ച്, നിഷ്പക്ഷമായി ചിന്തിക്കുന്ന ഏതൊരു മനുഷ്യനും തോന്നാവുന്ന കൌതുകം കലര്‍ന്ന യുക്തിപരമായ ചില ചോദ്യശരങ്ങളും വിശ്വാസികള്‍ക്ക് നേരെ PK തോടുത്തുവിടുന്നു.
ലവ്-ജിഹാദ്, ഘര്‍ വാപ്പസി, (മതപരിവര്‍ത്തനം ലക്ഷ്യമാക്കി മറ്റുമതങ്ങളില്‍ നിന്നും) "മരുമകളെ കൊണ്ടുവരൂ,  (മറ്റുമതസ്ഥരെ പ്രണയിക്കാതെ) സ്വന്തം പെണ്മക്കളെ സംരക്ഷിക്കൂ"  തുടങ്ങിയ മുദ്രാവാക്യങ്ങളാലും ചുംബനസമരം പോലുള്ള സമരമുറകളാലും അത്യന്തം കലുഷിതമായ സാമൂഹികാന്തരീക്ഷതിലാണ് PK യുടെ കടന്നുവരവ്.  നായകനായി, ദൈവങ്ങളുടെ വിവിധ ചിത്രങ്ങള്‍ WANTED ചേര്‍ത്ത നോട്ടീസുമായി  കടന്നുവരുന്ന PK എന്ന അന്യഗ്രഹജീവിയായ ഒരു വ്യക്തിയെ തന്നെ സൃഷ്ടിച്ചെടുത്തത് സംവിധായകന്‍റെ ഒരു ബോധപൂര്‍വ്വമുള്ള പ്രവൃത്തിയായിട്ടു തന്നെ നമ്മള്‍ കാണണം. കാരണം, റിയലിസ്റ്റിക് ആയ നാമവും ദേശ-ഭാഷാ സംസ്കാരവും പേറുന്ന ഒരു വ്യക്തി കേന്ദ്രസ്ഥാനത്ത് വന്നിരുന്നുവെങ്കില്‍ ഈ സിനിമ ഇത്രക്ക് വിജയിക്കുമായിരുന്നോ എന്ന് സംശയിക്കുന്നതിലുപരി ഇതിലും വളരെയധികം വിവാദങ്ങളും സംഘര്‍ഷങ്ങളും ഉണ്ടാക്കുമായിരുന്നു എന്ന് തീര്‍ത്തുപറയാം.  അതുവഴി നമ്മള്‍ ഭാരതീയരില്‍ വ്രണപ്പെടാന്‍ വേണ്ടി മുട്ടിനില്‍ക്കുന്ന ഒരുപാട് വികാരങ്ങളെ സംവിധായകന്‍ സമര്‍ത്ഥമായി വെല്ലുവിളിക്കുകയാണ്.  അതിലുപരി നമ്മള്‍ മനുഷ്യന്റെ (ശരാശരി ഇന്ത്യാക്കാരന്റെ എന്ന് കുറച്ചു ഇടുങ്ങിയ തലത്തില്‍ ചിന്തിച്ചാല്‍!) ദൈവത്തിലുള്ള വിശ്വാസം, ഭക്തി, അന്വേഷണം ഇവയെ യാഥാര്‍ത്ഥ്യത്തിന്‍റെ കണ്ണിലൂടെയുള്ള കാഴ്ചയാണ് ഈ സിനിമ.

ഗാന്ധി ചിത്രമുള്ള കറന്‍സി കൊടുത്തപ്പോള്‍ കിട്ടുന്നത് (ഭക്ഷണം) മഹാതമാവിന്‍റെ ചിത്രം പേറുന്ന കടലാസും പുസ്തകവും കൊടുത്തപ്പോള്‍ കിട്ടാതിരിക്കുന്നത് ചിത്രീകരിച്ചിരിക്കുന്നത് സമൂഹത്തിലെ ചില പ്രവണതകളെ തന്നെയാണ്. മഹാത്മാഗാന്ധി എന്ന രാഷ്ട്രപിതാവിനെ ഇത്തരത്തിലാണ് സമൂഹം ഉള്‍ക്കൊള്ളുന്നത് എന്ന് പറയാതെ പറയുന്ന സീനാണ് നമ്മള്‍ കാണുന്നത്. താന്‍ വന്നുപെട്ട സമൂഹത്തിലെ ഓരോ അംശങ്ങളെയും അല്‍പ്പം ബുദ്ധിമുട്ടിയിട്ടുകൂടി തന്നിലേക്ക് സ്വാംശീകരിക്കാന്‍ PK ശ്രമിക്കുകയും അതില്‍ വളരെ നല്ലോരളവ്‌ വിജയിക്കുകയും ചെയ്യുന്നു.  അതിനു PKക്ക് സഹായിയായി വര്‍ത്തിക്കുന്നത് ആള്‍ദൈവത്തോട്  അങ്ങേയറ്റത്തെ ഭക്തി പ്രകടിപ്പിക്കുന്ന മാതാപിതാക്കളുടെ മകളായി വരുന്ന ജഗ്ഗുവാണ് (അനുഷ്ക ശര്‍മ്മ).  തന്റെ വിദേശവാസത്തിനിടയില്‍ സര്‍ഫറാസ് (Sushanth Singh Rajput) എന്ന പാക്കിസ്ഥാനി സുന്ദരനെ പ്രണയിച്ചിരുന്ന ജഗ്ഗു ആ പ്രണയം ഒരു പ്രത്യേക ഘട്ടത്തില്‍ കൈവിട്ടുപോയപ്പോള്‍ നിരാശപ്പെട്ടിരിക്കുകയാണ്.  അവിടെ നിന്ന് ദില്ലിയില്‍ ഒരു ടെലിവിഷന്‍ റിപ്പോര്‍ട്ടര്‍ ആയി ജീവിക്കുന്ന ജഗ്ഗുവിന്‍റെ മുന്നിലേക്ക് എത്രതന്നെ പ്രാര്‍ത്ഥിച്ചിട്ടും തന്‍റെ നഷ്ടപ്പെട്ടുപോയ റിമോട്ട് തിരിച്ചു തരാത്ത ദൈവത്തെ തേടി അലയുന്ന  PK യാദൃശ്ചികമായി എത്തുമ്പോഴാണ് കഥ വഴി തിരിയുന്നത്.

ശരിക്കും വല്ലാത്തൊരു സിനിമതന്നെയാണ് PK.  നാനാത്വത്തില്‍ ഏകത്വം പേറുന്ന ഭാരത സമൂഹത്തിലെ "മഹത്തായ പാരമ്പര്യം" എന്ന പേരില്‍ കൊട്ടിഘോഷിക്കപ്പെടുന്ന പല പുഴുക്കുത്തുകളെയും പ്രേക്ഷകരെ ഇരുത്തി ചിന്തിപ്പിക്കുന്ന തരത്തിലാണ് ആവിഷ്കരിച്ചിട്ടുള്ളത്.  കൂടാതെ പാക്കിസ്ഥാന്‍കാരനായ ഒരു കാമുകനെ ആവിഷ്കരിച്ചതിലൂടെ ഇന്ത്യാ-പാക്ക് ബന്ധം ഊഷ്മളമാക്കെണ്ടാതിന്‍റെ പ്രാധാന്യവും ചിത്രീകരിച്ചിരിക്കുന്നു.  ഒരുപക്ഷെ ഇതൊക്കെ തന്നെയാവാം പരിമിതമായ തോതിലെങ്കിലും "സംഘി-മങ്കികളെ" തല്‍ക്കാലത്തേക്ക് പ്രകോപിപ്പിച്ചത്.  ശ്രദ്ധേയമായ മറ്റൊരു കാര്യം ഇതില്‍ ദൈവത്തെ കേവലം പ്രതീകാത്മകമായി മാത്രമേ പറയുന്നുള്ളൂ, പക്ഷെ ദൈവത്തിന്‍റെ പേരില്‍ നടക്കുന്ന എല്ലാ തരികിടകള്‍ക്കു നേരെയും ഒരു കണ്ണാടി കാണിക്കുകയും ചെയ്യുന്നു.

നല്ലപോലെ ഹോംവര്‍ക്ക് ചെയ്ത് സൃഷ്ടിച്ചെടുത്ത ഒരു തിരക്കഥയാണ് ഈ സിനിമയുടെ ശക്തി.  നല്ല ചില ഗാനങ്ങളും, സീനുകള്‍ക്ക് യോജിച്ച BGMഉം എല്ലാം രാജ്കുമാര്‍ ഹിരാനി സംവിധാനം ചെയ്തപ്പോള്‍ ഒരു മികച്ച സിനിമയായി മാറി.  ഇനിയും എഴുതി ബോറടിപ്പിക്കുന്നില്ല.  ഏതാനും കാര്യങ്ങള്‍ മാത്രമാണ് ഇവിടെ പറഞ്ഞിട്ടുള്ളത്.  പക്ഷെ ഈ സിനിമക്ക് പ്രേക്ഷകരായ നിങ്ങളോട് ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ട്.  അത് കണ്ടുതന്നെ മനസ്സിലാക്കണം എന്ന് ഇത്തരുണത്തില്‍ ഉണര്‍ത്തികൊള്ളട്ടെ.

ഒരേയൊരു കാര്യത്തില്‍ മാത്രം നെഗറ്റീവ് ഇവിടെ രേഖപ്പെടുത്തുന്നു - Dancing Car-ല്‍ നിന്നും പണവും വസ്ത്രങ്ങളും pk അപഹരിക്കുന്ന രംഗം.  കുടുംബവുമൊത്ത് പോയിക്കാനുമ്പോള്‍ കുട്ടികളില്‍ പലര്‍ക്കും ഉണ്ടാകാന്‍ സാധ്യതയുള്ള ആ കാറിനെപറ്റിയുള്ള സംശയം! (ഉത്തരം പറയാന്‍ നമ്മുടെകൈയില്‍ ഉണ്ടെങ്കില്‍ കുട്ടികളെയും കൂട്ടി കാണാം).

ഈ സിനിമ കണ്ടതിനു ശേഷം ആര്‍ക്കെങ്കിലും "ദൈവം" അല്ലെങ്കില്‍ "ഭഗവാന്‍" ആരെന്നു സ്വയമൊന്നു ചോദിക്കാന്‍ എന്തെങ്കിലും തരത്തില്‍ ഒരു പ്രേരണ തോന്നിയാല്‍ അവിടെയാണ് അതിന്‍റെ വിജയം എന്ന് മാത്രം പറഞ്ഞു നിരത്തുന്നു.

എന്‍റെ റേറ്റിംഗ്: 8/10