2015, ഡിസംബർ 23, ബുധനാഴ്‌ച

നബിദിനം - ചില ഓര്‍മ്മകള്‍


മദ്രസാ വിദ്യാഭ്യാസ കാലത്താണ് നബിദിനം എന്ന ആഘോഷ ചടങ്ങുകളില്‍ പങ്കാളിയാകുന്നത്.  അന്ന് ക്ലാസ്സിലെ എല്ലാര്‍ക്കും മത്സരിക്കാന്‍ എന്തെങ്കിലും ഒക്കെ ഇനങ്ങള്‍ തരംതിരിച്ചു ഉസ്താദ് നല്‍കും.  എന്‍റെ ഓര്‍മ്മയില്‍ ഏതാണ്ട് 1985ലെ നബിദിനമാണ് മറക്കാതെയുള്ളത്.  അന്ന് പ്രസംഗം, പാട്ട്, ഖുര്‍ആന്‍ പാരായണം എന്നിവയില്‍ ഞാന്‍ മത്സരിച്ചു, ഒന്നില്‍ മൂന്നാം സ്ഥാനം, മറ്റൊന്നില്‍ രണ്ട് അടുത്തതില്‍ ഒന്ന് എന്നീ നിലകളില്‍ സമ്മാനം കിട്ടി.  വര്‍ണ്ണമനോഹരമായ കടലാസിലെ സമ്മാനപൊതികളില്‍ എന്താണ് എന്നറിയുവാന്‍ അത് കിട്ടി വീട്ടിലെത്തുന്നത് വരെ മനസ്സിന് വല്ലാത്ത വ്യഗ്രതയായിരുന്നു.  അന്ന് കിട്ടിയ സമ്മാനങ്ങളില്‍ ഒന്ന്, ഒരു കപ്പും സോസറും, ഇന്നും വീട്ടില്‍ സൂക്ഷിക്കുന്നുണ്ട്.  ആദ്യത്തെയും അവസാനത്തെയും മത്സരവും, സമ്മാനവും അത് തന്നെയായിരുന്നു എന്‍റെ ജീവിതത്തില്‍.പിന്നെ നബിദിനം എന്ന് കേള്‍ക്കുമ്പോള്‍ ഓര്‍മ്മ വരുന്നത് അന്ന് മദ്രസയില്‍ കൊടുക്കുന്ന നെയ്ച്ചോറും ബീഫുമാണ്.  അന്ന് ഇന്നത്തെപോലെ വിപുലമായ ആഘോഷങ്ങള്‍ ഇല്ല എന്ന് തന്നെ പറയാം.  രാവിലെ പതാക ഉയര്‍ത്തല്‍, പിന്നെ ഓത്ത് കുട്ടികളും ഉസ്താദുമാരും പിന്നെ മറ്റുള്ളവരും കൂടി ചേര്‍ന്ന് ഘോഷയാത്ര.  ജീവിതത്തില്‍ ആദ്യമായി കൊടി പിടിച്ചത് അന്നാണ്.  വെയില്‍ മൂക്കുന്നതിനു മുന്‍പ് മദ്രസയില്‍ തിരിച്ചെത്തിയാല്‍ പിന്നെ മൌലിദ് പാരായണം.  ഉച്ചക്ക് നെയ്ച്ചോറും ബീഫും.  അന്നത്തെ കാലത്ത് നെയ്ച്ചോറും ബീഫും കഴിക്കാന്‍ വേണ്ടി അതിനു മുന്‍പുള്ള ഘോഷയാത്രപോലുള്ള കാര്യങ്ങള്‍ക്ക്  ഇറങ്ങി തിരിക്കാന്‍ ഇഷ്ടമില്ലെങ്കിലും യാതൊരു ബുദ്ധിമുട്ടും തോന്നിയിരുന്നില്ല.  കാരണം അന്ന് ഇന്നത്തെപോലെ ഇഷ്ടം പോലെ നെയ്ച്ചോറും, ബിരിയാണിയും കിട്ടുന്ന ഒരു സാമൂഹിക, സാമ്പത്തിക സാഹചര്യം നാട്ടില്‍ ഇല്ലായിരുന്നു.

നബിദിനം ഒരു ആഘോഷം അല്ലാത്ത സൌദിയില്‍ ചെന്നപ്പോള്‍ നബിദിനം കടന്നു പോയത് യാതൊരു ചലനവും ഉണ്ടാക്കാതെയായിരുന്നു എന്നത് ഇന്നും ഓര്‍ക്കുന്നു.  പക്ഷെ ഇവിടെ UAEയില്‍ ഒരുദിവസത്തെ അവധി നല്ലൊരു അനുഭവമാണ്.  ആഘോഷങ്ങളിലെ പൊള്ളത്തരങ്ങള്‍ മനസ്സിലാക്കി അതില്‍നിന്നെല്ലാം വിട്ടു നില്‍ക്കുന്ന ഇക്കാലത്തും നബിദിനം എന്ന് കേള്‍ക്കുമ്പോള്‍ എന്നിലെ ആ പഴയ മദ്രസാ വിദ്യാര്‍ത്ഥി തലപോക്കുന്നുണ്ട്.  നബിദിനാഘോഷം നല്ലതോ ചീത്തയോ എന്നുള്ള വിവാദങ്ങളില്‍ എനിക്ക് യാതൊരു താല്‍പര്യവും ഇല്ല.  ഈ അവസരത്തില്‍ എന്‍റെ ചില ചിന്തകള്‍ പങ്കുവെച്ചു എന്ന് മാത്രം ഓര്‍മ്മിപ്പിക്കുന്നു.