2012, ജനുവരി 28, ശനിയാഴ്‌ച

പരാജയം സമ്പൂര്‍ണ്ണം!

4-0  തോല്‍വി വഴങ്ങി ഇന്ത്യന്‍ ടെസ്റ്റ്‌ ക്രിക്കറ്റ് ടീം നാണം കെട്ടു.  വിരാട് കോഹ്ലി എന്ന പയ്യന്‍ ഉണ്ടായിരുന്നില്ലെങ്കില്‍ നാലാം ദിവസം തന്നെ ഇന്ത്യ കളി അവസാനിപ്പിക്കുമായിരുന്നു. ഫോളോ ഓണിനു നിര്‍ബന്ധിക്കുന്നതിന് പകരം തങ്ങളുടെ ബൌളര്‍മാര്‍ക്ക് വിശ്രമം അനുവദിച്ച മൈക്കല്‍ ക്ലാര്‍ക്കിനെയും നമുക്ക് സ്തുതിക്കാം.  അല്ലെങ്കില്‍ ഒരു ഇന്നിങ്ങ്സ് പരാജയം നേരത്തെ സംഭവിച്ചേനെ.  (പണ്ട് സ്റ്റീവ് വോ ഇന്ത്യയെ ഫോളോ ഓണ്‍ ചെയ്യാന്‍ വിട്ടതിനു കൊല്‍ക്കത്തയില്‍ കനത്ത വില നല്‍കിയത് അവരെ ഇപ്പോഴും വേട്ടയാടുന്നുണ്ട്‌.  അതില്‍പിന്നെ എതിരാളികളെ കംഗാരുക്കള്‍ ഫോളോ ഓണിനു വിട്ടിട്ടില്ല എന്നാണറിവ്).

ഒരു പൊളിച്ചു പണിക്ക് (അഴിച്ചു പണിയല്ല) സമയമായിരിക്കുന്നു.  ക്രിക്കറ്റിലെ ദൈവങ്ങള്‍ എന്ന് വിളിക്കുന്ന പ്രതിരൂപങ്ങളെ കൈവിട്ട് പുതു തലമുറയെ ടീമിലേക്ക് പ്രവേശിപ്പിക്കാന്‍ സമയമായി.  സച്ചിന്‍, ദ്രാവിഡ്, ലക്ഷ്മണ്‍, ഗംഭീര്‍, ധോണി ഗംഭീര്‍ പിന്നെ സെവാഗ് തുടങ്ങിയവരെല്ലാം തിണ്ണമിടുക്ക് കാട്ടാന്‍ നാട്ടില്‍ ഫോമിലാവും എന്നല്ലാതെ വിദേശത്ത ഒരു വേഗതയുള്ള പിച്ചില്‍ ചെന്നാല്‍ മുട്ട് വിറച്ചു ഔട്ട്‌ ആകുന്ന കാഴ്ചകളാണ് സമീപ കാലത്ത് കാണുന്നത്.  അടിയന്തിര പ്രാധാന്യത്തോടെ ചില നടപടികള്‍ തുടങ്ങി വെച്ചാലെ ഇന്ത്യന്‍ ക്രിക്കറ്റിനെ രക്ഷിക്കാന്‍ കഴിയൂ.

ഐ.പി.എല്ലില്‍ നിന്നാണ് തുടങ്ങേണ്ടത്.  കുട്ടിക്രിക്കറ്റ് വന്ന കാലം മുതലാണ്‌ ഇന്ത്യന്‍ ക്രിക്കറ്റിന്റെ ശനിദശ തുടങ്ങിയത് എന്ന് വേണമെങ്കില്‍ പറയാം.  ഒരു ദിവസം 90 ഓവറുകള്‍ ടെസ്റ്റില്‍ കളിക്കേണ്ട സ്ഥാനത്ത് മണിക്കൂറുകള്‍ക്കുള്ളില്‍ ഇരുപത് ഓവറുകളില്‍ കളിയും കഴിഞ്ഞു കൈ നിറയെ പണവുമായി മടങ്ങാന്‍ പറ്റിയാല്‍ പിന്നെ ആരാണ് ടെസ്റിന് വേണ്ടി മേലനങ്ങുക?  ഇന്ത്യന്‍ ടീമിലെ ഒട്ടുമിക്ക താരങ്ങളും ഐ.പി.എല്ലിനായി മാനസിക തയ്യാറെടുപ്പുകള്‍ തുടങ്ങി കഴിഞ്ഞു എന്ന് വേണം കരുതാന്‍.  എതിര്‍ ടീമിന്റെ ഇരുപത് വിക്കറ്റുകള്‍ വീഴ്ത്താന്‍ പഞ്ച ദിന മത്സരങ്ങളില്‍ ഇന്ത്യക്ക് കഴിയുന്നില്ല.  ബൌളര്‍മാരെല്ലാം ലക്ഷ്യബോധമില്ലാതെ എറിയുന്നു. 

അടുത്ത ഘട്ടം നടപടി ക്രിക്കറ്റ് സെലക്ഷന്‍ കമ്മറ്റിയില്‍ നിന്നാണ് തുടങ്ങേണ്ടത്.  ശ്രീകാന്തിനെ ആദ്യം മാറ്റണം.  എവിടെ പര്യടനത്തിനു പോയാലും തന്റെ സ്വന്തക്കാരായ ചില താരങ്ങളെ ടീമില്‍ തിരുകി വെക്കുവാന്‍ ടിയാന്‍ പ്രത്യേകം ശ്രദ്ധിക്കുന്നു.  ഈ തോല്‍വിയിലും അക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. 

വയസ്സന്‍ താരങ്ങള്‍ക്ക് ഒരു സ്വയം വിരമിക്കല്‍ പദ്ധതി ഏര്‍പ്പെടുത്തണം.  ടെസ്റ്റിലും ഏകദിനത്തിലും ടീം തെരഞ്ഞെടുക്കുമ്പോള്‍ ഐ.പി.എല്‍ ഒരിക്കലും അടിസ്ഥാനമാക്കരുത്.  സീനിയര്‍ താരങ്ങളെ കമന്ററി പോലുള്ള മേഖലകളിലേക്ക് (ഉദാ. രവി ശാസ്ത്രി, സഞ്ജയ്‌ മഞ്ജരേക്കാര്‍..) തിരിച്ചു വിട്ടു പുനരധിവസിപ്പിക്കണം.  കൂടാതെ മുഴുവന്‍ സമയ രാഷ്ട്രീയക്കാര്‍ ബി.സി.സി.ഐ.യിലേക്ക് മത്സരിച്ചു ജയിക്കുന്ന പ്രവണത അവസാനിപ്പിക്കണം.

ഇത്രയെങ്കിലും ക്രിക്കറ്റിനെ കുറച്ചു ഇഷ്ടപ്പെടുന്ന ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നു.  അതിവിടെ കുറിച്ച് കൊള്ളുന്നു.


2012, ജനുവരി 18, ബുധനാഴ്‌ച

തളര്‍ത്തുന്ന ചിന്തകള്‍.

രാവിലെ എഴരക്ക്‌ വണ്ടി വരും, ഓഫീസിലേക്ക് ഞങ്ങളെ എടുക്കാന്‍.  ഡ്രസ്സ്‌ ചെയ്ത് സോക്സ്‌ കാലില്‍ തിരുകി കയട്ടുന്നതിനിടയില്‍ മൊബൈല്‍ ചിലക്കുന്നു.  രാവിലെ ഡ്യൂട്ടി കഴിഞ്ഞു വന്ന ചങ്ങാതിയെ ഉണര്‍ത്താതെ പെട്ടെന്ന് തന്നെ എടുത്തു.  അളിയന്റെ നമ്പര്‍!  ആള്‍ രാവിലെ തന്നെ വിളിക്കാറില്ല.  പിന്നെന്തേ?! 

അല്‍പ്പം പരിഭ്രമത്തോടെ ഫോണെടുത്തു.  സലാം പറഞ്ഞതിന് ശേഷം "എന്താ അളിയാ? രാവിലെ" "നമ്മുടെ .....ഇക്ക മരണപ്പെട്ടു".  ഇന്ന് രാവിലെ.  (ഇന്നാ ലില്ലാഹി ...)കാന്‍സര്‍ വന്നു കുറെ നാളായി കിടപ്പിലായിരുന്നു.  അളിയന്റെ അളിയന്‍ ........എന്നയാളുടെ വാപ്പയയിരുന്നു പ്രസ്തുത വ്യക്തി.  എന്നോട് ഒരു പ്രത്യേക സ്നേഹം എന്നുമുണ്ടായിരുന്നു.  കഴിഞ്ഞ തവണ ഞാന്‍ ലീവിന് പോയപ്പോള്‍ കാണാന്‍ പോയിരുന്നു.  അന്ന് ചികിത്സയും കീമോയും കഴിഞ്ഞു കിട്ടിയ ഇടവേളയായിരുന്നു.  ഒരുപാട് നേരം ആ വീടിന്റെ കൊലയില്‍ സംസാരിച്ചിരുന്നു.  എന്റെ ജീവിതത്തിലെ പ്രതിസന്ധികളില്‍ ഒരുപാട് പിന്തുണച്ചിട്ടുള്ള ആളാണ്‌.  സംസാരിച്ചു തിരികെ പോരുന്ന നേരം സലാം പറഞ്ഞു കൈകൊടുത്ത സമയത്ത് അതില്‍ തടഞ്ഞ നോട്ടിനെ അദ്ദേഹം തിരസ്കരിച്ചത് തെല്ലു ജാള്യത എന്നിലുണ്ടാക്കി.  ഒരുപാട് നിര്‍ബന്ധിച്ചപ്പോള്‍ അദ്ദേഹം അത് വാങ്ങി.  വണ്ടിയെടുത് പോന്നു കുറച്ചകലെ മാറി വഴിയിലോതുക്കി, മനസ്സിനെ ഒന്ന് നിയന്ത്രിക്കാന്‍ വേണ്ടി.  അടുത്ത വര്‍ഷവും ലീവിന് പോകുമ്പോള്‍ കാണാന്‍ യോഗമുണ്ടാവാന്‍ പ്രാര്‍ത്ഥിച്ചു.  പക്ഷെ ഇനി....  സത്യങ്ങള്‍ ഉള്‍ക്കൊണ്ടല്ലേ പറ്റൂ.

ഓഫീസില്‍ വന്നു സ്ഥിരം വായിക്കുന്ന പത്രത്തിന്റെ ചരമ കോളം കണ്ണോടിച്ചു.  പെട്ടെന്ന് ഒരു പേരും സ്ഥലപ്പേരും കണ്ണിലുടക്കി.  എന്റെ അമ്മാവന്റെ വീടിനടുത്തുള്ള ഒരു വ്യക്തി.  അദ്ദേഹവും നമ്മളെ വിട്ടുപിരിഞ്ഞിരിക്കുന്നു.  സീറ്റിലേക്ക് അമര്‍ന്നിരുന്നു ഒന്നാലോചിച്ചു.  മരണം എല്ലാവരുടെയും പിന്നാലെയുണ്ട്.   ഒരിക്കല്‍ അത് നമ്മളെ തേടിയെത്തും. 

കളികളുടെ ശൈശവവും ബാല്യവുംകഴിഞ്ഞു കൌതുകത്തിന്റെ കൌമാരവും സാഹസികതയുടെ യൌവനവും
ഉത്തരവാദിത്തത്തിന്റെ  മധ്യവയസ്സും  തിരസ്കരണത്തിന്റെ വാര്‍ദ്ധക്യവും എല്ലാം മരണത്തിനു  ഒന്നുപോലെ.  എപ്പോള്‍ വേണമെങ്കിലും ഈ അവസ്ഥകളിലോന്നില്‍ അത് നമ്മളെ തേടിയെത്തും.  ദിനംപ്രതി കാണുന്ന പത്രവര്തകളില്‍ എത്രയെത്ര മരണങ്ങള്‍.  ചിലത് പകുതി വായിക്കുമ്പോഴേക്കും കണ്ണില്‍ രൂപം കൊള്ളുന്ന കണ്ണുനീര്‍ കാഴ്ചയെ മങ്ങിപ്പിക്കുംപോള്‍ അവിടെ നിര്‍ത്തും.

ചിലപ്പോളൊക്കെ ഓര്‍ക്കാറുണ്ട്.  മരിക്കാതിരിക്കാനാവില്ലേ എന്ന്.  ഒരിക്കല്‍ അത് ഒരാളോട് പങ്കു വെച്ചപ്പോള്‍ കിട്ടിയ മറുപടി പിന്നെ അതുപോലെ ചിന്തിപ്പിച്ചിട്ടില്ല.  ചെറുപ്പം മുതല്‍ പഠിച്ച മരണാനന്തര കാര്യങ്ങള്‍ വീണ്ടും ഓര്‍മ്മയിലേക്ക് വന്നു.  ഖബര്‍, ‍അന്ത്യ വിചാരണ, ശിക്ഷ ...എന്നിങ്ങനെ..  സത്യത്തില്‍ ഉള്ളതാണോ ഇതെല്ലാം?  ആര്‍ക്കറിയാം.  വിശ്വാസി അതൊന്നും ചോദ്യം ചെയ്യാന്‍ പാടില്ല എന്ന് മനസ്സ് പറഞ്ഞു.  ചിന്തകള്‍ ആകെ തളര്‍ത്തുന്നു.

കാലം നീങ്ങും, ഇനിയുമൊരുപാട്, മരണം അതിനിയും സംഭവിക്കും ഒരുനാള്‍ നമ്മളെയും തേടി വരും.  കാത്തിരിക്കുക....ഭയപ്പെട്ടിട്ടു കാര്യമില്ല.  രക്ഷപെടാന്‍ പറ്റില്ല അത് തന്നെ കാര്യം.

2012, ജനുവരി 12, വ്യാഴാഴ്‌ച

മൂന്നാറിലേക്ക് - 1

കഴിഞ്ഞ വര്‍ഷത്തെ വെക്കേഷനില്‍ പോകാന്‍ പ്ലാന്‍ ചെയ്യുകയും പിന്നീട് പല സ്വകാര്യ കാരണങ്ങള്‍ കൊണ്ടു വേണ്ടെന്നു വച്ച മൂന്നാര്‍ യാത്ര ഇത്തവണ നടത്തണം എന്നുറപ്പിച്ചു തന്നെയാണ് നാട്ടിലെത്തിയത്. നാല് ദിവസത്തോളം വീട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ പറ്റാത്ത തരത്തിലുള്ള മഴ. സുലൈമാനിയും നല്ല കപ്പ പുഴുങ്ങിയതും കഴിച്ചു മഴ ആസ്വദിച്ചു വരാന്തയില്‍ ഇരിക്കുമ്പോള്‍ ഓര്‍ത്തു, ഈ സമയത്ത് തന്നെ വന്നത് വെറുതെയായില്ല! ചെയ്തു തീര്‍ക്കുവാനുള്ള കാര്യങ്ങള്‍ക്ക് അവധി കൊടുത്തു മഴ ആസ്വദിച്ചു പരമാവധി. കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞപോള്‍ മഴ തീര്‍ത്തും വിട്ടുനിന്നു. ഇനി യാത്രക്ക് സമയമായി - മനസ്സ് മന്ത്രിച്ചു. മൂന്നാര്‍ എന്നും മനസ്സിനെ വല്ലാതെ വശീകരിക്കുന്ന ഒരു പ്രതിഭാസമാണ്. വ്യക്തിപരമായ കടമകള്‍ ഒട്ടുമിക്കതും പൂര്ത്തീകരിച്ചതിനു ശേഷം യാത്ര ദിവസം തീരുമാനിച്ചു. സെപ്തംബര്‍ 25 ഞായര്‍. ശനിയാഴ്ച തന്നെ സഹോദരിയുടെ വീട്ടില്‍ തമ്പടിച്ചു. അവിടെ നിന്നും രാവിലെ യാത്ര പുറപ്പെടാനുള്ള സൌകര്യത്തിനു വേണ്ടിയാണ് അങ്ങിനെ ചെയ്തത്. രാവിലെ ടെലിവിഷനില്‍ കണ്ടത് ഒരു "ബ്രേക്കിംഗ് ന്യൂസ്"! ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ലോക്കല്‍ നേതാവിനെ കൊടുങ്ങല്ലൂരിനു സമീപം കുത്തിക്കൊന്നു. ഇന്ന് കൊടുങ്ങല്ലൂര്‍ ഹര്‍ത്താല്‍! ഹര്‍ത്താലിനെ എന്നും പിന്തുണച്ചിട്ടുള്ള എന്റെ ഒരു കാര്യം വന്നപ്പോള്‍ തെന്നെ പണി കിട്ടിയിരിക്കുന്നു! പിന്നാലെ സ്ക്രോളിംഗ് ന്യൂസ് ലോക്കല്‍ ചാനല വക. "ഹര്‍ത്താല്‍ കട കമ്പോളങ്ങള്‍ മാത്രം"! ഹാവൂ സമാധാനമായി!

രാവിലെ എട്ടുമണിക്ക് തന്നെ വീട്ടില്‍ നിന്നിറങ്ങി. ഞാനും ശ്രീമതിയും. ബസ്സ് (ഗൂഗിളിന്റെയല്ല കേട്ടോ! നമ്മുടെ സര്‍ക്കാരിന്റെ തന്നെ) മാര്‍ഗ്ഗമാണ് യാത്രക്ക് തെരഞ്ഞെടുത്തിരിക്കുന്നത്. ചെലവു പരമാവധി കുറയ്ക്കുക തന്നെ ലക്‌ഷ്യം. 

ഓട്ടോയില്‍ കൊടുങ്ങല്ലൂരിലെക്കും  പിന്നെ KSRTC വണ്ടിയില്‍ എറണാകുളതെക്കും യാത്ര. പത്തു മണിക്ക് എറണാകുളം KSRTC സ്റ്റാണ്ടില്‍, അരമണിക്കൂര്‍ ഇടവിട്ട്‌ മൂന്നാറിന് ബസ്സുണ്ട്. (ഇപ്പോള്‍  ഇതുള്‍പ്പെടെ പകല്‍ സമയ ദീര്‍ഘദൂര ബസ്സുകള്‍ വൈറ്റില ഹബ്ബിള്‍ നിന്നാണ്).  അടുത്ത വണ്ടിയില്‍ കയറിയിരുന്നു.  മുന്നാറില്‍ എത്തുന്ന സമയം കണ്ടക്ടരോട് ചോദിച്ചു. - മൂന്നു പതിനഞ്ചു.  ബസ്സ് ആലുവ - പെരുമ്പാവൂര്‍ - കോതമംഗലം വഴി ഹൈരെഞ്ചിലേക്ക് പ്രവേശിച്ചു.  നേര്യമംഗലം എന്ന സ്ഥലത്ത് നിന്നും കാടിന്റെ ഭംഗി കണ്ടു തുടങ്ങി. നല്ല വിശപ്പുണ്ട് രണ്ടാള്‍ക്കും.  മൂന്നാറില്‍ എത്താരായ സമയത്ത് ഒരു KSRTC വണ്ടി ആലുവ - കൊടുങ്ങല്ലൂര്‍ ബോര്‍ഡു വച്ച് മലയിറങ്ങുന്നു!  ഛെ! കൊടുങ്ങല്ലൂര്‍ നിന്നും വണ്ടി മൂന്നാറിനുണ്ടായിരുന്നിട്ടും അത് മനസ്സിലാക്കാതെ വെറുതെ എറണാകുളത്തിന് പോയി.  ഒരു മാതിരി വളഞ്ഞു മൂക്ക് പിടിക്കുന്ന ഇടപാട്! പറ്റിപ്പോയി, പോയ ബുദ്ധിയെ ആനയെക്കൊണ്ടു പിടിപ്പിച്ചാലും കിട്ടില്ലല്ലോ!.  (എറണാകുളം-ആലുവ ‍  KSRTC  എന്ക്വയരിയില്‍ വിളിച്ചു ചോദിച്ചിരുന്നു..മൂന്നാറിന് അവിടെ നിന്നും വണ്ടിയുണ്ടോ എന്ന്, പക്ഷെ മുറ്റത്തെ മുല്ലയായ കൊടുങ്ങല്ലൂരിലെ KSRTC ആപ്പീസിലെക്ക് ഒന്ന് വിളിക്കാന്‍ തോന്നിയില്ലല്ലോ!! മുറ്റത്തെ മുല്ലക്ക് അല്ലെങ്കിലും നമുക്ക് മണം തോന്നില്ലല്ലോ.) ബസ്സിലിരുന്നുകൊണ്ടു തന്നെ താമസം ബുക്കുചെയ്തിരിക്കുന്ന "തെരെസ്യന്‍ കോട്ടേജ്"ലേക്ക് വിളിച്ചു.  മെയിന്‍ ബസ് സ്റ്റാന്റിലിറങ്ങിയിട്ട്* ഒരു ഓട്ടോ വിളിച്ച് വന്നാല്‍ മതി എന്നു പറഞ്ഞു തന്നു.

ബസ്സില്‍ നിന്നുള്ള ദൃശ്യങ്ങള്‍


മൂന്നു മണി ആയപ്പോഴേക്കും മൂന്നാറിന്റെ സ്വന്തം തേയിലത്തോട്ടങ്ങള്‍ കണ്ടു തുടങ്ങി.  കാലാവസ്ഥ എയര്‍കണ്ടിഷന്‍ ആയി. തേയിലതോട്ടങ്ങള്‍ക്ക് നടുവിലൂടെ കേരളത്തിന്റെ തനത് ശൈലിയിലുള്ള തകര്‍ന്ന റോഡുകള്.  സര്‍ക്കാര്‍ വണ്ടി സാമാന്യം ഭേദമായി തന്നെ ഓരോ ഗട്ടരിന്റെയും  ‍ആഴം അളക്കുന്നു.  അതിന്റെ ഗമ ഡ്രൈവറുടെ മുഖത്തില്ല. (നമ്മുടെ KSRTC യുടെ കുഴപ്പം പ്രധാനമായും അതിന്റെ ബോഡി ബില്‍ഡിങ്ങിലാനെന്നു തോന്നുന്നു.  കാരണം, വണ്ടി നല്ല കരുത്ത്തോട് കൂടി തന്നെയാണ് പണിതിരിക്കുന്നത് പക്ഷെ, ഓടി തുടങ്ങിയാല്‍ ബോഡി മൊത്തം തുള്ളി വിറക്കും.  ദീര്‍ഘദൂര യാത്രക്ക് സുരക്ഷയെ കരുതി നല്ലൊരു ശതമാനം യാത്രക്കാര്‍ KSRTC  വണ്ടി തെരഞ്ഞെടുക്കുന്നു. എന്നാല്‍ അതില്‍ കയറി സുഖമായി യാത്ര ചെയ്യാമെന്ന് കരുതിയാല്‍ തെറ്റി! വണ്ടിയുടെ എഞ്ചിനും ബോഡിയും "ഞാന്‍ കൂടുതല്‍ വിറക്കും, യാത്രക്കരെ മൊത്തം വിറപ്പിക്കും" എന്ന മട്ടിലുള്ള തുള്ളിക്കളിയാണ്.  സര്‍ക്കാരും KSRTC ജീവനക്കാരും ഇത് ശ്രദ്ധിച്ചാല്‍ കുറച്ചു കൂടി നന്നായിരുന്നു).   മെയിന്‍ ബസ് സ്റ്റാന്റില്‍* ഇറങ്ങിയപ്പോഴേക്കും ഓട്ടോ-ടാക്സി ഡ്രെവര്‍മാര്‍ പൊതിഞ്ഞു..."സര്‍ ടാക്സി..ഓട്ടോ...ഹോംസ്റ്റേ..ഹോട്ടല്‍..സൈറ്റ് സീയിംഗ്.." ആളുകളെ കാന്‍വാസ് ചെയ്യാനുള്ള ശ്രമം.  രജനികാന്തിന്റെ "ബാഷ" സ്റ്റൈലില്‍ യുനിഫോമിട്ട തമിഴന്‍ ഓട്ടോ ഡ്രൈവര്‍മാര്‍. അവരുടേ വാമൊഴികളിലെ പ്രലോഭനങ്ങളെ അതിജീവിച്ച് ഞങ്ങള്‍ നടന്നു.  വിശന്നു വയര്‍ കത്തുന്നു.  എന്തെങ്കിലും കഴിച്ചിട്ട് തന്നെ കാര്യം.  കുറച്ചു നേരത്തെ തെരച്ചിലിനു ശേഷം ഭേദമെന്ന് തോന്നുന്ന ഒരു റെസ്റ്റോറന്റ് കണ്ടുപിടിച്ചു. (അതിന്റെ പേരു മറന്നുപോയി). ചോറും സാമ്പാറും തൈരും പപ്പടവും എല്ലാമുള്ള ഊണിനു നല്ല രുചി.  അവിടെ സപ്ലൈ ചെയ്യുന്ന ഒരാളും ചോദിച്ചു "സര്‍ റൂം വേണോ? ബുക്കിംഗ് ഇറുക്കാ"  തമിഴ്കലര്‍ന്ന മലയാളത്തിലുള്ള ചോദ്യം.  അയാളെ നിരാശരാക്കേണ്ടി വന്നു.  പുറത്തിറങ്ങി ഒരു ഓട്ടോ വിളിച്ചു.  ഒരു തമിഴന്‍ ഓട്ടോ ഡ്രൈവര്‍. പേര്‍ "ഭാഗ്യം"! സ്ഥലം പറഞ്ഞു, തെല്ലു സംശയിച്ചു നിന്ന അയാള്‍ക്ക് ഹോംസ്റ്റേയിലെ മാഡത്തിനെ വിളിച്ചു കണക്റ്റ് ചെയ്തു കൊടുത്തു.  സ്ഥലം മനസ്സിലാക്കിയ അയാള്‍ ഞങ്ങളേയും കൊണ്ടു കുതിച്ചു. ധന്യശ്രീ ഹോട്ടലിന്റെ അടുത്താണ്‌ ഹോംസ്റ്റേ.  തെരേസ്യന്‍ കോട്ടേജ് എന്ന ബോര്‍ഡ് അടുത്തെത്തിയാല്‍ കാണാം. 20 രൂപ വാടക വാങ്ങുമ്പോള്‍ ഭാഗ്യത്തിന്റെ ചോദ്യം "സാര്‍ റ്റുമാറോ എന്ന പ്രോഗ്രാം..വണ്ടി വേണമാ".  നാളെ പറയാമെന്നു പറഞ്ഞു ഭാഗ്യത്തിന്റെ നമ്പര്‍ മൊബൈലില്‍ ഫീഡ് ചെയ്തു.

മൂന്നാറിലെ പുലര്‍കാലം

തണുപ്പും ചൂടും അല്ലാത്ത ഒരു അന്തരീക്ഷം. നല്ല സുഖകരമായ കാലാവസ്ഥ.  ചുറ്റും മലനിരകളും അവിടവിടെ കോടമഞ്ഞിന്റെ ആവരണങ്ങളും.  മൂന്നാര്‍ ഒരു സംഭവം തന്നെ.  രണ്ടു ദിവസത്തെ വാടക മുന്‍‌കൂര്‍ കൊടുത്തു ചെക്ക്-ഇന്‍ ചെയ്തു.  മൂന്നാറിലും ചുറ്റിലും പോയി കാണാനുള്ള സ്ഥലങ്ങളുടെ ഒരു പട്ടിക ആ ചേച്ചി തന്നു.  മറയൂര്‍ വരെ പോകുവാനാണ് ഞങ്ങള്‍ തീരുമാനിച്ചത്.  പിറ്റേ ദിവസം കാഴ്ച കാണാന്‍ മറയൂരിലേക്ക്  പോകുവാന്‍ ഒരു വണ്ടി വേണമെന്ന് പറഞ്ഞത് പ്രകാരം രാവിലെ ഒരു വണ്ടിയും അവര്‍ ഏര്‍പ്പാടാക്കി തന്നു. തിരക്കിനിടയിലും ശ്രദ്ധിക്കാതിരിക്കാന്‍ കഴിയാത്ത ഒന്നുണ്ട്.  മൂന്നാറിലെ മലിനീകരണം.  എല്ലായിടത്തും പ്ലാസ്ടിക്ക് വസ്തുക്കള്‍ വലിച്ചെറിഞ്ഞിട്ടിരിക്കുന്നു.  മെയിന്‍ ബസ് സ്റ്റാന്ടിന്റെ* അടുത്ത് കൂടി ഒഴുകുന്ന ഒരു അരുവി(?) അതോ ആറോ..മൊത്തം മാലിന്യം അതിലാണ്‌ നിക്ഷേപിക്കുന്നത്. ജൈവ-മനുഷ്യ നിര്‍മ്മിതങ്ങളായ മൊത്തം മാലിന്യങ്ങളും വഹിച്ചു കൊണ്ട് വീര്‍പ്പുമുട്ടി അതൊഴുകുന്നു.  അതോടൊപ്പം മൂന്നാറില്‍ ടൂറിസം തഴച്ചു വളരുകയും ചെയ്യുന്നു. 

ഇന്റര്‍നെറ്റിലെ തെരച്ചില്‍ പരിപാടിയില്‍ കണ്ടെത്തിയ പേരാണ്‌ "തെരേസ്യന്‍ കോട്ടേജ്". ഒരു ദിവസം 800 രൂപ വാടക. ഡബിള്‍ റൂം വിത്ത് അറ്റാച്ച്‌ട് ബാത്ത് റൂം.  ചൂടുവെള്ളം പകലും രാത്രിയും. (ചൂടുവെള്ളം വരുന്നത് കുറച്ച് സ്പീഡ് കുറവിലാണെന്ന് മാത്രം!). നല്ല പതുപതുത്ത മെത്തയും ബ്ലാങ്കറ്റും. പിന്നെ ഒരു ടി.വി. (റിമോട്ട് കണ്ടില്ല!) ഒരു 2സീറ്റര്‍ ബെന്ച് പിന്നെ ഒരു ഡ്രസ്സിംഗ് ടേബിളും കണ്ണാടിയും.  റൂമിന്റെ അറ്റത്ത് ഒരു വാഷ്ബേസിന്‍. ടൈല്‍സിട്ട തറ. മുകളില്‍ തട്ടടിച്ച് നന്നായി പോളീഷ് ചെയ്തിരിക്കുന്നു.  ഇതാണ്‌ ഞങ്ങളുടെ റൂം.  800 രൂപക്ക് വലിയ കുഴപ്പമില്ല. വളരെ ആലോചനകള്‍ക്കു ശേഷമാണ്‌ "ഹോംസ്റ്റേ" താമസത്തിനു തെരഞ്ഞെടുത്തത്.  ഹോട്ടല്‍ - ലോഡ്ജ് ഇവ മിക്കവാറും വളരെ തിരക്കുള്ളതായിരിക്കും.  തന്നെയുമല്ല ആളുകള്‍ പലവിധം.  മദ്യപിക്കുന്നവരും മറ്റു ശല്യങ്ങള്‍ ഉണ്ടാക്കുന്നവരും എല്ലാവരും ഉണ്ടാകും.  പക്ഷെ ഒരു സാധാരണ ഹോംസ്റ്റേയില്‍ പരമാവധി 5 റൂമുകളേ ഉണ്ടാവൂ (എന്നാണ്‌ എന്റെ അറിവ്). അതുകൊണ്ട് തിരക്കും അതുമൂലമുള്ള ബുദ്ധിമുട്ടുകളും പരമാവധി കുറവായിരിക്കും.  പിന്നെ സാമ്പത്തിക വശം! അതാണ്‌ എന്നെപ്പോലുള്ളവര്‍ക്ക് പ്രധാനം.  എന്തായാലും 800 രൂപക്ക് മൊശമില്ല.

മൂന്നാറിലെ ഇനിയുള്ള യാത്രകള്‍ അടുത്ത പോസ്റ്റ്‌ വരെ കാത്തിരിക്കുക, കൂടുതല്‍ നല്ല ചിത്രങ്ങള്‍ക്കും.....

* മെയിന്‍ ബസ് സ്റ്റാന്റ് എന്ന് പറയുന്നത് ഒരു ബസ് സ്റ്റേഷന്റെ ലക്ഷണമില്ല. ഒരു ജങ്ങ്ഷന്‍.  അവിടെ വരികയും പോവുകയും ചെയ്യുന്ന ബസ്സുകള്‍ നിരത്തുന്നു.  KSRTC ക്ക് സ്വന്തമായി സ്ടാണ്ടുണ്ട്.

അതിരപ്പിള്ളിക്ക്‌ ഒരിക്കല്‍ നടത്തിയ യാത്ര ഇവിടെ ഞെക്കി വായിക്കാംഭാഗം ഒന്ന് & ഭാഗം രണ്ടു.

2012, ജനുവരി 9, തിങ്കളാഴ്‌ച

കൊലവെറി ബഹിഷ്കരിക്കുന്ന ഗായകന്‍ ജയചന്ദ്രന്‍

അമൃത ടി.വി. റിയാലിറ്റി ഷോ "സുപ്പര്‍ സ്റാര്‍ അല്ട്ടിമെറ്റ്‌" ല്‍ ധനുഷിന്റെ ഹിറ്റ്‌(?) പാട്ട് കൊലവെറി ഒരു മത്സരാര്‍ത്ഥി അവതരിപ്പിച്ചതില്‍ ദേഷ്യം വന്നു പ്രശസ്ത ഗായകന്‍ ജയചന്ദ്രന്‍ ഇറങ്ങിപ്പോകുന്ന രംഗം യുട്യൂബില്‍ കാണാം.  റിയാലിറ്റി ഷോകളില്‍ തങ്ങള്‍ക്കിഷ്ടപ്പെട്ട ഗാനം തന്നെ പാടണം എന്ന് ജഡ്ജിംഗ് പാനളിലുല്ലവര്‍ക്ക് വാഷിപിടിക്കാമോ?  നിലവാരമുള്ള പാട്ടുകള്‍ മാത്രം പാടണം എന്ന് നിയമമുണ്ടോ? എന്നെല്ലാം തരത്തിലുള്ള ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നു.  അമൃത ടി.വി.ക്കാര്‍ അറിഞ്ഞുകൊണ്ട് ഒരു നാടകം കളിച്ച് പരിപാടി ജനപ്രിയമാക്കാന്‍ ശ്രമിച്ചതാണെന്ന് ഒരു കൂട്ടര്‍.  ജയചന്ദ്രന്‍ ചെയ്തത് ശരിയായില്ല എന്ന് മറ്റൊരു കൂട്ടര്‍.  കൊലവെറി പാടിയതു ഒരു അക്രമമായിപ്പോയി എന്ന് വേറൊരു കൂട്ടര്‍.  എന്തായാലും പ്രസ്തുത രംഗം വരാന്‍ പോകുന്ന ഒരു എപ്പിസോഡിന്റെ പ്രോമോഷനായിട്ടാണ് അമ്രിതക്കാര്‍ കാണിച്ചത്‌.  രംഗം ഇവിടെ കാണാം.

വരും ദിവസങ്ങളില്‍ ഒരു വിവാദത്തിനുള്ള എല്ലാ ചേരുവകളും അടങ്ങിയിട്ടുണ്ട് ഈ രംഗത്തില്‍.  അവസാനം "വെള്ളം കുടിക്കുന്ന" പാര്ട്ടിസിപ്പെന്റിനെയും കാണാം.

 

2012, ജനുവരി 7, ശനിയാഴ്‌ച

എന്തിനു സംയുക്ത നിയന്ത്രണം?!

മുല്ലപ്പെരിയാര്‍ ഡാമിന് പകരം വരുന്ന പുതിയ ഡാമിന്റെ നിയന്ത്രണം കേരളവും തമിഴ്നാടും കൂടി സംയുക്തമായി ഏറ്റെടുക്കണം എന്നുള്ളതിന്റെ യുക്തി ഒരു സാമാന്യ മലയാളിക്ക്‌ ഒരിക്കലും മനസ്സിലാവില്ല.  നമ്മുടെ മണ്ണില്‍ നമ്മുടെ ചെലവില്‍ ഡാം പണിത്‌ അതിലെ വെള്ളം മുഴുവന്‍ അണ്ണാച്ചികള്‍ക്ക് നല്‍കികൊള്ളാം എന്ന് ഉമ്മന്‍ചാണ്ടിയും മാണിയും ഒക്കെ എന്തെങ്കിലും നേര്ച്ച നേര്ന്നിട്ടുണ്ടോ? 999 കൊല്ലത്തെ കരാര്‍ മാറ്റി പുതിയ ഒന്ന് ഉണ്ടാക്കുന്ന കാര്യമൊന്നും ഇവരൊന്നും മിണ്ടിയിട്ടില്ല ഇതുവരെ എന്നുള്ളത് ആശങ്കയ്ക്ക് വക നല്‍കുന്നു.

വിഷയം ഇത്തരത്തിലൊരു വഴിത്തിരിവിലെത്തി നില്‍ക്കുന്ന അവസരത്തില്‍ ഇത് എവിടെ വെച്ചാണ് വഴി തിരിഞ്ഞത് എന്ന് നമുക്ക്‌ ചിന്തിക്കേണ്ടിയിരിക്കുന്നു.  മുല്ലപ്പെരിയാര്‍ സമരം കൊടുമ്പിരികൊണ്ടിരിക്കുന്ന സമയത്ത് ജയലളിത പുറത്തെടുത്ത ബ്ലാക്മെയില്‍ തന്ത്രമാണ് ഇവിടെ വഴിത്തിരിവായത്‌.  മുല്ലപ്പെരിയാറിലെ വെള്ളമുപയോഗിച്ച് കൃഷി ചെയ്യുന്ന തമിഴ്നാട്ടിലെ ജില്ലകളിലുള്ള മലയാളി നേതാക്കന്മാരുടെ കൃഷി ഭൂമിയെപറ്റി എല്ലാ വിവരങ്ങളും പുറത്ത് വിടും എന്ന് അവര്‍ ഒരു പത്ര സമ്മേളനം നടത്തി പ്രഖ്യാപിക്കുകയുണ്ടായി.   ഈ ഭീഷണി കൊള്ളേണ്ട കേന്ദ്രങ്ങളില്‍ കൊണ്ടപ്പോള്‍ എല്ലാം വഴിതിരിഞ്ഞു.  ഉടന്‍ സമര മുഖത്ത്തുണ്ടായിരുന്നവരെല്ലാം പ്രധാന മന്ത്രിയെ കണ്ടു കൂടിയാലോചന എന്ന നടക്കാത്ത കാര്യത്തിനു മുന്നില്‍ നിശബ്ദരായി.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തീര്‍ത്തും നിഷേധാത്മകമായ നിലപാട് സ്വീകരിച്ചിട്ടുള്ളത് തമിഴ്നാടാണ്.  പുതിയ ഡാം എന്നാ ആശയത്തെ പറ്റി അവര്‍ ചിന്തിക്കുന്നുപോലുമില്ല.  രാജഭരണ കാലത്തെ ഒരു പിഴവിന് കനത്ത വില നാം കൊടുത്തുകൊണ്ടിരിക്കുകയാണ്.  പറ്റിയ പിഴവ് തിരുത്തുവാന്‍ ഉത്തരവാദിത്തപ്പെട്ട ഒരു ഭരണാധികാരിയും മനസ്സ് വെക്കുന്നില്ല.  നമ്മുടെ മുഖ്യമന്ത്രി ഔദ്യോഗികമായി അയച്ച കത്തുകള്‍ക്ക് ഒരു മറുപടി തമിഴ്നാട് മുഖ്യമന്ത്രിയുടെയും മറ്റു ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരുടെ ഭാഗത്ത്‌ നിന്നും ഉണ്ടായിട്ടില്ല എന്നുള്ളത് ഒരു വസ്തുതയാണ്. ഇടതും വലതും ഈ വിഷയം പിറവം തെരഞ്ഞെടുപ്പില്‍ വോട്ടാക്കി മാറ്റാന്‍ പറ്റുമോ എന്നുള്ള ഗവേഷണത്തിലാണ്. 

വിഷയം കത്തിനിന്ന സമയത്ത് കേരളത്തില്‍ തമിഴന്മാരുടെ നേരെ ആക്രമങ്ങള്‍ ഉണ്ടായി എന്ന കള്ളപ്രചാരണങ്ങള്‍ തമിഴ്നാട്ടില്‍ എമ്പാടും ഉണ്ടായി.  ഇതിന്റെ ഫലമായി മലയാളികള്‍ അവിടെ ആക്രമിക്കപ്പെടുകയും അവരുടെ വസ്തു വകകള്‍ കൊള്ളയടിക്കപ്പെട്ടു അവര്‍ക്ക് പലായനം ചെയ്യേണ്ടിയും വന്നു.  തമിഴന്മാരുടെ നേരെയുള്ള ആക്രമണം അവസാനിപ്പിക്കാന്‍ ജയലളിത ഉള്‍പ്പെടെയുള്ള നേതാക്കന്മാര്‍ നമ്മുടെ മുഖ്യമന്ത്രിക്ക് കത്ത്തയച്ചുകൊണ്ട് ആവശ്യപ്പെടുകയുമുണ്ടായി.  ഒരു തമിഴ് പത്രത്തില്‍ കേരളത്തില്‍ നിന്നും തമിഴ്നാടിലെക്ക് രക്ഷപ്പെട്ട് ഓടിപ്പോകുന്ന തമിഴ് സ്ത്രീകളെ മലയാളികള്‍ മാനഭംഗം നടത്തി എന്ന് വരെ വാര്‍ത്ത വന്നു.  അതാണ്‌ മലയാളികളുടെ നേരെ ഇത്രയധികം ആക്രമണങ്ങള്‍ നടക്കാന്‍ ഒരു കാരണം.  ഈ വാര്ത്തക്കെതിരെ ഉത്തരവാദപ്പെട്ടവര്‍ യാതൊരു പ്രതികരണവും നടത്തികണ്ടില്ല.   മാധ്യമങ്ങളുടെ മേലെ പ്രസ് കൌണ്‍സില്‍ എന്നൊരു സ്ഥാപനം ഇതൊന്നും അറിഞ്ഞ മട്ടുപോലും കാണിച്ചില്ല. 

999 വര്‍ഷത്തെ കരാര്‍ അസാധുവാക്കുവാന്‍ വല്ല വഴിയും ഉണ്ടോ എന്ന് ആരും ചിന്തിച്ചിട്ടില്ല.  സ്വതന്ത്ര ഇന്ത്യയില്‍ ഈ കരാറിന്റെ പ്രസക്തി കാലാകാലങ്ങളില്‍ മാറി വന്ന സര്‍ക്കാരുകളുടെ കാര്യമാണ് പറഞ്ഞത്.  എന്നാല്‍ ഈ വൈകിയ വേളയിലെങ്കിലും അത് ആലോചിക്കേണ്ടിയിരിക്കുന്നു.  പുതിയ ഡാം എന്ന ആശയത്തെ അണ്ണന്മാര്‍ എതിര്‍ക്കുന്നതിന്റെ കാരണം പുതിയ കരാറും അതിന്‍പ്രകാരം ഉണ്ടാക്കേണ്ടി വരും എന്നുള്ള വസ്തുതയാണ്.  പുതിയ കരാര്‍ ഉണ്ടാക്കിയാല്‍ ആയിരക്കണക്കിന് കോടി രൂപ വര്‍ഷാവര്‍ഷം കേരളത്തിന്റെ കീശയിലേക്ക്‌ കപ്പമായി നല്‍കേണ്ടിയും വരും.  അപ്പോള്‍ പുതിയ ഡാമിനെ എതിര്‍ക്കുക തന്നെ വഴി!  അതിനായി അവര്‍ ഏതറ്റം വരെയും പോകും എന്നുള്ളത് ഇതിനകം വ്യക്തമായി കഴിഞ്ഞു. 
 
കേന്ദ്ര സര്‍ക്കാരിന്റെ കാര്യം നോക്കുക.  കേരള നേതാക്കന്മാര്‍ കാണാന്‍ ചെല്ലുമ്പോള്‍ അവര്‍ക്ക് പ്രധാനമന്ത്രിയുടെ അടുത്തേക്ക് എത്തുവാന്‍ ഒരു പാട് കടമ്പകളും കടക്കണം കൂടാതെ ദില്ലിയിലെ മഞ്ഞും കൊള്ളണം.  എന്നിട്ടോ കേരളത്തിന്റെ ആവശ്യങ്ങള്‍ നേരാംവണ്ണം കേള്‍ക്കുക പോലും ചെയ്യാതെ വേഗം സ്ഥലം വിട്ടോളാന്‍ പറയുകയും ചെയ്യുന്നു.  ഇതേ പ്രധാനമന്ത്രി തമിഴ്നാട്ടില്‍ ചെന്ന് ജയലളിതയുടെ പൊന്നാടയും ഏറ്റുവാങ്ങി കരുണാനിധിയെ കണ്ടപ്പോള്‍ ഡാമില്‍ സുരക്ഷക്കായി കേന്ദ്ര സേനയെ വിന്യസിക്കുന്ന ഉറപ്പും ഏതാണ്ട് നല്‍കി.  നോക്കുക, പക്ഷഭേദം കൂടാതെ എല്ലാവരെയും ഒരേപോലെ കണ്ടു ഭരിക്കും എന്ന് പ്രതിജ്ഞ ചെയ്തു അധികാരമേറ്റ ഒരു ഭരണാധികാരി ചെയ്തത്.
 
തമിഴന്റെ പഴം പച്ചക്കറി ഉപരോധം പൊളിഞ്ഞു പാളീസായത് നമ്മള്‍ കണ്ടതാണ്.  അവര്‍ അയക്കുന്നത് നിര്‍ത്തിയപ്പോള്‍ കര്‍ണ്ണാടകത്തില്‍ നിന്നും മഹാരാഷ്ട്രയില്‍ നിന്നുമൊക്കെ പച്ചക്കറികള്‍ കേരളത്തിലേക്ക് വന്നു.  പ്രചരിപ്പിച്ച പോലെ ക്രിസ്തുമസ് പ്രമാണിച്ചു  വില കയറിയുമില്ല. 
 
ഇനി നമ്മള്‍ ചെയ്യേണ്ടത് 999 വര്‍ഷത്തെ കരാര്‍ റദ്ദു ചെയ്തു ഡാം ഡീ കമ്മീഷന്‍ ചെയ്യാന്‍ ഒരു നിയമസഭയില്‍ നിയമം 140 എമ്മെല്ലെമാരും ഒറ്റക്കെട്ടായി   പാസ്സാക്കി ചീഫ് സെക്രട്ടരിയെകൊണ്ട് ഉത്തരവ് ഗസറ്റില്‍ പബ്ലിഷ് ചെയ്യലാണ്.  തമിഴ്നാട്ടിലെ നേതാക്കന്മാര്‍ ശരവേഗത്തില്‍ ദില്ലിക്ക് വച്ച് പിടിക്കുകയും പ്രധാനമന്ത്രി, ചിദംബരം, ജയലളിത, കരുണാനിധി തുടങ്ങി വൈകോയും വിജയകന്തുമെല്ലാം കേരള സര്‍ക്കാരിന്റെ കാലു പിടിക്കാന്‍ തിരുവനന്തപുരത്തെക്കു പാഞ്ഞു വരുന്നത് നമുക്ക് കാണാന്‍ കഴിയും.  കാരണം വെള്ളം നമ്മുടെ ആവശ്യമല്ല, അത് തമിഴ്നാടിന്റെ ആവശ്യമാണല്ലോ.  (തമിഴ്നാട്ടില്‍ കൃഷി ചെയ്യുന്ന മലയാളി ഭൂവുടമകളുടെയും ആവശ്യമെന്ന് വേണമെങ്കില്‍ പറയാം).  തമിഴന്റെ സമ്മര്‍ദ്ധ തന്ത്രം അതെ നാണയത്തില്‍ നമുക്ക് എന്തുകൊണ്ട് തിരിച്ചു പ്രയോഗിച്ചുകൂട?