2012, ഡിസംബർ 31, തിങ്കളാഴ്‌ച

വര്‍ഷാവസാന കുറിപ്പുകള്‍..

ഏതാനും മണിക്കൂറുകള്‍...ഒരു വര്ഷം കൂടി വിടപറയുന്നു. നമ്മുടെ ജീവിതത്തിലെ വിലപിടിച്ച ഒരു വയസ്സ് കുറഞ്ഞുകഴിഞ്ഞു. 

വന്നുപോയ തെറ്റുകളും വീഴ്ചകളും ഇനി ആവര്‍ത്തിക്കില്ല എന്ന് നമുക്ക് ആത്മാര്‍ഥമായി തീരുമാനമെടുക്കാം.  പറ്റിയ തെറ്റ് വീണ്ടും ആവര്‍ത്തിക്കാതെ നമുക്ക് ശ്രമിക്കാം. നഷ്ടപ്പെട്ടതിനെ കുറിച്ച് ഓര്‍ത്ത് വിലപിക്കാതെ നാളെ നമുക്ക് എന്ത് നേടാന്‍ കഴിയും എന്ന് തീരുമാനമെടുക്കുക.

കൂടുതല്‍ പറഞ്ഞു മടുപ്പിക്കുന്നില്ല...രണ്ടു ചിത്രങ്ങള്‍, നിങ്ങള്‍ക്കായി....
 
  
 
എല്ലാ സുഹൃത്തുക്കള്‍ക്കും സ്നേഹത്തോടെ എന്റെയും കുടുംബത്തിന്റെയും പുതുവര്‍ഷാശംസകള്‍...

2012, ഡിസംബർ 22, ശനിയാഴ്‌ച

ചില കുറിപ്പുകള്‍

നാട്ടിലുള്ളപ്പോള്‍ കുറച്ചു നേരം ഒറ്റക്കിരിക്കാന്‍ തോന്നുമ്പോള്‍ പോകാറുള്ള സ്ഥലമാണ് അഴീക്കോട്‌ മുനക്കല്‍ ബീച്ച്.  വര്‍ഷങ്ങള്‍ക്ക് മുന്പ് മത്സ്യം ഉണക്കാന്‍ മാത്രം ഉപയോഗിച്ചിരുന്ന വിശാലമായ കടപ്പുറം ഇന്ന് വിശേഷാവസരങ്ങളില്‍ ആയിരങ്ങളെ ആകര്‍ഷിക്കുന്ന ഒരു "ഹോട്ട് സ്പോട്ട്" ആയി മാറിക്കഴിഞ്ഞിരിക്കുന്നു ഇവിടം.  മുന്‍പുണ്ടായ ചൂളമരങ്ങള്‍ അതേപടി അവിടെതന്നെയുണ്ട്‌.  പുതുതായി നടപ്പാതയും ആളുകള്‍ക്ക് കയറി നില്‍ക്കാനുള്ള ചെറിയ കെട്ടിടങ്ങളും പിന്നെ പാര്‍ക്കിംഗ് ഗ്രൌണ്ടും എല്ലാമായി ഇന്നത് വികസിച്ചുകൊണ്ടിരിക്കുന്നു.  കുറച്ചു വര്‍ഷങ്ങളായി ഡിസംബര്‍ മാസത്തില്‍ ഒരു ബീച്ച് ഫെസ്റ്റിവല്‍ ഇവിടെ നടന്നു വരുന്നുണ്ട്.  പക്ഷെ ഇതുവരെ പോകാനായിട്ടില്ല. 
ഇവിടേക്ക് എന്നെ കൂടുതല്‍ ആകര്‍ഷിക്കുന്നത് ചീനവലകള്‍ തന്നെ.  കേരളത്തില്‍ അന്യം നിന്നുപോകുന്ന ഒന്നായി അറിയപ്പെടുന്ന ചീനവലകള്‍ പലതുണ്ട് ഈ ബീച്ചില്‍.  നാലോ അഞ്ചോ ആളുകള്‍ ചേര്‍ന്ന് വല കായലിലേക്ക് ഇറക്കുന്നതും ഉയര്‍ത്തുന്നതും നല്ല കാഴ്ചയാണ്.  മിക്കവാറും അതില്‍ ഒന്നും തന്നെ കുടുങ്ങി കണ്ടിട്ടില്ല.  ഒന്ന് രണ്ടു വട്ടം ചില ഇടത്തരം മീനുകള്‍ (രണ്ടോ മൂന്നോ) അതില്‍ കിടന്നു പിടക്കുന്നത് കണ്ടിട്ടുണ്ട്.  ബാലന്‍സ് നഷ്ടപ്പെടാതിരിക്കാന്‍ വേണ്ടി വലിച്ചു കെട്ടിയിരിക്കുന്ന കയറില്‍ പിടിച്ചു വലയില്‍ കുടുങ്ങിയ മീനുകളെ ഒരാള്‍ ചിത്രശലഭങ്ങളെ പിടിക്കാനുള്ള തരത്തിലുള്ള ഒരു കോരുവല ഉപയോഗിച്ച് ചീനവലയില്‍ നിന്നും കോരിയെടുക്കുന്ന കാഴ്ച നല്ല രസമുള്ളതാണ്‌.  മിക്കവാറും സമയങ്ങളില്‍ മീനുകള്‍ വലയില്‍ കാണാറില്ല എങ്കിലും അത് ഓപ്പറേറ്റ് ചെയ്യുന്നവരുടെ മുഖത്ത് സ്ഥായിയായ ഒരു തരം നിസ്സംഗതയാണ് കളിയാടുന്നത്.  ചെറിയ ഒരു  കാര്യം പോലും ശ്രമിച്ചിട്ട് നടന്നില്ലെങ്കില്‍ നമ്മള്‍ എന്തുമാത്രം ദേഷ്യവും നിരാശയും പ്രകടിപ്പിക്കാറുണ്ട്.  ഇതൊന്നും ഞങ്ങളെ ബാധിക്കുന്ന പ്രശ്നമല്ല എന്ന മട്ടില്‍ അവര്‍ വീണ്ടും വലയെറിയുന്നു.  ജീവിതത്തില്‍ കഠിനാധ്വാനതിനുള്ള ഒരു പ്രചോദനം അല്ലെങ്കില്‍ ഒരു തരം പോസിറ്റിവ് എനര്‍ജി ലഭിക്കുന്നു ഈ കാഴ്ചയില്‍ നിന്നും.
വലക്കാരുടെ അധ്വാനവും കണ്ടു പലപല കാര്യങ്ങള്‍ ചിന്തിച്ചിരിക്കാന്‍ വല്ലാത്ത ഒരു രസമാണ്.  കടലിലേക്ക് തള്ളിനില്‍ക്കുന്ന (കടല്‍ക്ഷോഭം തടയാനിട്ടിട്ടുള്ള)പ്രത്യേക തരം കോണ്ക്രീറ്റ് കട്ടകളില്‍ കയറി നിന്ന് ചൂണ്ടയിടുന്ന ആളുകള്‍, മീന്‍പിടുത്തം കഴിഞ്ഞു മടങ്ങുന്ന ബോട്ടുകള്‍.  ധാരാളമായി വന്നെത്തുന്ന പലതരത്തിലുള്ള സന്ദര്‍ശകര്‍.   അവിടവിടെ വട്ടമിട്ടു പറക്കുന്ന കാക്കകള്‍, ചീനവലക്കാരെ ചുറ്റിപ്പറ്റി നില്‍ക്കുന്ന പൂച്ചകള്‍, ഐസ്ക്രീം കച്ചവടക്കാര്‍..തുടങ്ങി ഒരുപാടു കാഴ്ചകള്‍ നമുക്ക് സമ്മാനിക്കുന്നു ഇവിടം. 

(വേറൊരു പോസ്റ്റ്‌ മനസ്സില്‍ കരുതി എഴുതി തുടങ്ങിയതാണ്‌...അപ്രതീക്ഷിതമായി വിഷയം ആകെ മാറി....വായിച്ചു അഭിപ്രായം പറയുമല്ലോ...) 

2012, ഡിസംബർ 3, തിങ്കളാഴ്‌ച

ടേക്ക് ഓഫ് കാഴ്ചകള്‍....

കഴിഞ്ഞ പോസ്റ്റ്‌ ലാന്റിംഗ് കാഴ്ചകളായിരുന്നു.  ഇതാ ചില ടേക്ക് ഓഫ് കാഴ്ചകള്‍:-  


നെടുംബാശ്ശേരി വിമാനത്താവളത്തില്‍ നിന്നും ടേക്ക് ഓഫിനു തയ്യാറെടുക്കുന്നു...

മെല്ലെ അതിനു അനക്കം വെക്കുകയാണ്‌. ഒരു യാത്ര തുടങ്ങുകയായി. വിടപറയലിന്റെ ഗദ്ഗദങ്ങള്‍ ഉള്ളിലൊതുക്കി ആകാശപക്ഷിയുടെ ഉള്ളിലിരിക്കുമ്പോള്‍ മുറിവേറ്റ മനസ്സില്‍ എവിടെയൊക്കെയോ ചില നീറ്റലുകള്‍. ഒരു വിടപറയല്‍ കഴിഞ്ഞുള്ള യാത്ര. നോവും, നൊമ്പരവും, പ്രണയവും തുടങ്ങി വികാരങ്ങള്‍  എല്ലാം ഉള്ളിലൊതുക്കി ഒരു വേര്‍പാട്.  യാത്രികരുടെതില്‍ നിന്ന്  വ്യത്യസ്തമായി കാബിന്‍ ക്രൂസിന്റെ മുഖത്ത് മാത്രം കൃത്രിമമായ ഒരു
സന്തോഷം കാണാം. നാട്ടില്‍ വന്നിറങ്ങുന്നതു  കൂടിച്ചേരലിന്റെ ഒരു ത്രില്ലില്‍ ആയിരിക്കും. പോകാന്‍ ദിവസങ്ങള്‍ അടുക്കുമ്പോള്‍ ഉള്ളില്‍ ഒരു ആളിച്ചയാണ്, പ്രത്യേകിച്ച് പോകുന്ന ദിവസത്തെ യാത്രപറച്ചില്‍ ഓര്‍ക്കുമ്പോള്‍. എങ്കിലും ആ സങ്കടങ്ങള്‍ ആരെയും കാണിക്കാതെ ഉള്ളിലൊതുക്കി വെക്കും. ഒരിക്കല്‍ ഒന്നുമറിയാതെ സുഖരാത്രിയുടെ അനുഭൂതി നുകര്‍ന്ന് ഉറങ്ങുന്ന പ്രിയതമയെ നോക്കി കിടന്നപ്പോള്‍ കണ്ണുകള്‍ ജലാര്‍ദ്രമായി. ആ നനവ്‌ തുടക്കാതെ അവളെ ഉണര്‍ത്താതെ ആ കവിളില്‍ ഒരു പ്രണയമുദ്ര നല്കാന്‍ ശ്രമിച്ചപ്പോള്‍ കണ്ണുകളില്‍ നിന്ന് കവിളില്‍ എത്തിയിരുന്ന നനവ് അറിഞ്ഞിട്ടാവണം അവള്‍ ഞെട്ടിയുണര്‍ന്നു ചോദിച്ച ചോദ്യങ്ങള്‍ക്ക് ആദ്യമായി മൌനം കൊണ്ടാണ് മറുപടി പറഞ്ഞത്.  കൂടുതല്‍ ചോദ്യങ്ങള്‍ ഒഴിവാക്കാന്‍ ആമുഖം പിടിച്ചു നെഞ്ചോടു ചേര്‍ത്തുവെച്ചു കിടക്കുമ്പോള്‍ ആ മിഴികളിലെ നനവ് നെഞ്ചിനെയും വല്ലാതെ നനച്ചു.

ഇതാ ടേക്ക് ഓഫ് ചെയ്തു കഴിഞ്ഞു.  പിറന്ന നാടിനോട് താല്‍ക്കാലികമായി വിട..
എവിടെനിന്നോ വന്നു തഴുകി കടന്നു പോയ ഒരു മേഘപാളി കാഴ്ചകള്‍ അല്പം മങ്ങിച്ചു.


പടിഞ്ഞാറന്‍ മാനത്തെ സൂര്യ ബിംബം അല്പം താഴെ ഒഴുകുന്ന പുഴയില്‍ കാണാം.  ഇനിയെന്നാണ് ഈ പുഴയും ഹരിതഭൂമിയും കുളിര്‍കാറ്റും തഴുകുന്ന നാട്ടിലേക്ക് തിരികെ വരുവാന്‍ കഴിയുക?!  ഉത്തരം കിട്ടാത്ത ഒരു ചോദ്യമാണ് എന്നറിഞ്ഞിട്ട്കൂടി വീണ്ടും മനസ്സ് അത് ചോദിച്ചുകൊണ്ടിരുന്നു.  അറിയാതെ കണ്ണില്‍ നിന്നും അരിച്ചിറങ്ങിയ നീര്‍മണികള്‍ അടര്‍ന്നു വീഴും മുന്‍പേ ടിഷ്യൂ പേപ്പറില്‍ ഒപ്പിയെടുത്തു - അടുത്ത സീറ്റിലെ യാത്രക്കാര്‍ കാണരുതല്ലോ!   

ഇത്തവണ നാട്ടില്‍ നിന്ന് പോരുമ്പോള്‍ അനുഭവിച്ച മാനസിക സംഘര്‍ഷത്തില്‍ നിന്നും ഉണ്ടായതാണ് ഈ പോസ്റ്റ്‌. വായിച്ച് കണ്ടു അഭിപ്രായം കമന്റുമല്ലോ...