2014, ഡിസംബർ 31, ബുധനാഴ്‌ച

നന്ദിയാരോട് ഞാന്‍ ചൊല്ലേണ്ടൂ....

സംഭവബഹുലമായത് എന്ന് പറയാന്‍ പറ്റില്ലെങ്കിലും കുഴപ്പമില്ലാത്ത ഒരുവര്‍ഷം കൂടി കടന്നു പോകുന്നു.  കഴിഞ്ഞവര്‍ഷം എന്‍റെ പ്രിയപ്പെട്ട പലരും ജീവിതയാത്ര അവസാനിപ്പിച്ചു പിരിഞ്ഞുപോയത് കാരണം അതിയായ സങ്കടത്തില്‍ ചെന്ന് പെട്ടിരുന്നു.  പക്ഷെ ഈ വര്ഷം അത്രക്ക് രൂക്ഷമായി അനുഭവപ്പെട്ടില്ല.  എന്നാലും എന്‍റെ എറണാകുളം യാത്രകളിലെ സഹയാത്രികനായിരുന്ന മനോജിന്‍റെ വേര്‍പാട് തെല്ലൊന്നുമല്ല വേദന തന്നത്.


ഒരു ബ്ലോഗര്‍ എന്ന നിലയില്‍ എന്തുകൊണ്ടും നല്ല വര്‍ഷമായിരുന്നു 2014.  കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് ഈ വര്ഷം ബ്ലോഗില്‍ ഇതടക്കം 26 പോസ്റ്റുകള്‍ ഇടാന്‍ കഴിഞ്ഞു എന്നുള്ളത് സന്തോഷം ഇരട്ടിയാക്കുന്നു.  കഴിഞ്ഞവര്‍ഷം ആകെ പതിനൊന്നു പോസ്റ്റുകള്‍ മാത്രം ഇട്ട സ്ഥാനത്താണ് ഇത്.  പിന്നെ മറ്റുവിഷയങ്ങള്‍ ഒരുപരിധിവരെ ഒഴിവാക്കി സിനിമയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനായി.  പൈസ കൊടുത്ത് തിയറ്ററില്‍ പോയി കാണാത്തത് കാരണം torrent റിവ്യൂ സ്പെഷ്യലിസ്റ്റ് എന്ന ഒരു സ്ഥാനപ്പേരും ഫെസ്ബുക്കിലെ ചില മന്നവന്മാര്‍ കല്‍പ്പിച്ചു തന്നിട്ടുള്ളത് സന്തോഷത്തോടെ സ്വീകരിക്കുന്നു.

എന്‍റെ സിനിമാ സംബന്ധിയായ പോസ്റ്റുകള്‍ ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ സിനിമയോടുള്ള തങ്ങളുടെ താല്‍പര്യക്കുറവു മറച്ചുവെക്കാതെ തന്നെ എന്‍റെ ശ്രമങ്ങളെ അകമഴിഞ്ഞ് പ്രോത്സാഹിപ്പിക്കുന്ന നല്ലമനസ്സുള്ള ഒരുപാട് പേര്‍.  

ഫേസ്ബുക്ക് എന്ന സാമൂഹിക മാധ്യമത്തില്‍ കുറച്ചുകൂടി സജീവമായി എന്നുള്ളത് എടുത്തു പറയാവുന്ന ഒരു സംഗതി തന്നെയാണ്.  ഫേസ്ബുക്ക് ബ്ലോഗിനെ ബാധിക്കും എന്ന് ഉറച്ചു വിശ്വസിച്ചിരുന്ന എനിക്ക് അതിനെ അതിജീവിക്കാന്‍ കഴിഞ്ഞതിനു ഈ ഇരുപത്തിയാറു പോസ്റ്റുകള്‍ തന്നെ ധാരാളം.  ഫെസ്ബുക്കിലും അല്ലാതെയും എന്‍റെ പരിമിതമായ സൌഹൃദവലയത്തില്‍ ഉള്ളവരും എന്‍റെ നന്മ ആഗ്രഹിക്കുന്നവരുമായ പലരുടെയും പ്രോത്സാഹനം ഈ അവസരത്തില്‍ സ്മരിക്കുന്നു. 

കുറെയധികം കൂട്ടുകാര്‍ എന്‍റെ ഫെസ്ബുക്കിന്‍റെ വാതിലില്‍ മുട്ടി കടന്നുവന്നത് ഈ വര്‍ഷമാണ്‌.  സൌഹൃദത്തിന്റെ ഊഷ്മളത എന്തെന്ന് എന്നെ പഠിപ്പിച്ച ചിലര്‍.  പ്രതീക്ഷിച്ചതിനേക്കാള്‍ എന്നെ സ്വന്തം ഹൃദയത്തോട് ചേര്‍ത്ത് പിടിച്ചവര്‍. അവരില്‍ ചിലരെ ഞാന്‍ തന്നെ എന്നിലേക്ക് കൂട്ടിയതാണ്.  വലിയ പുള്ളികള്‍ എന്ന് കരുതിയ പലരും ഹൃദയവിശാലതകൊണ്ട് എന്നെ അമ്പരപ്പിച്ചു. ചിലരെയൊക്കെ നേരിട്ട് കാണാനും മറ്റുചിലരോടെല്ലാം ഫോണ്‍ വഴി സംസാരിക്കാനുമായി.  എന്നില്‍ നിന്നും എന്തുകൊണ്ടോ വിട്ടുപോയിട്ടും വീണ്ടും എന്നിലേക്ക് വീണ്ടും വന്നവര്‍.  ക്ഷമ എന്തെന്ന് എന്നെ പഠിപ്പിച്ചതരത്തില്‍ പോസ്റ്റും കമന്റും ഇടുന്ന മറ്റുചിലര്‍. നിവൃത്തികേടുകൊണ്ട് എനിക്ക് ഒഴിവാക്കേണ്ടി വന്ന ചിലര്‍ (ഇനിയും ചിലര്‍ കൂടി ബാക്കിയുണ്ട് അവരില്‍)!.  ഒരുപാട് പേര്  എന്‍റെ ലിസ്റ്റിലേക്ക് കടന്നു വന്നു. 

ഒരു വ്യക്തി എന്ന നിലയില്‍ എന്‍റെ ജീവിതത്തിന്‍റെ പല കാര്യങ്ങളും പ്ലാന്‍ ചെയ്തു എങ്കിലും ചിലത് നടപ്പാക്കാന്‍ കഴിയാതെ പോകുകയും മറ്റു ചിലത് കാലവിളംബം വരുത്തുന്നതും കണ്ട വര്‍ഷമാണ്‌ കഴിഞ്ഞുപോകുന്നത്.  പക്ഷേ എന്‍റെ വ്യക്തിജീവിതവുമായി തട്ടിച്ചുനോക്കുമ്പോള്‍ കാലവിളംബം പല സംഗതികളിലും അപ്രധാനമല്ലാത്ത ഒരു റോള്‍ കൈകാര്യം ചെയ്തിട്ടുണ്ട്.  എന്തൊക്കെയായാലും പുതിയ പലകാര്യങ്ങള്‍ ചെയ്യാന്‍ പ്ലാന്‍ ചെയ്യുകയും മുന്‍പ് വിചാരിച്ചിട്ട് നടക്കാതെപോയ പലതും ഇപ്പോള്‍ ചെയ്യാന്‍ തുടങ്ങുകയും ചെയ്തു ഈ വര്‍ഷം.  അതിലേറെ എന്നെ സ്നേഹിക്കുന്ന എന്‍റെ ഉമ്മ, സഹോദരി, ഭാര്യ, എന്‍റെ മറ്റുകുടുംബക്കാര്‍, സുഹൃത്തുക്കള്‍ എല്ലാവരോടും പറയാനുള്ളത് ഒന്ന് മാത്രം!

എല്ലാവരോടും നന്ദി പറയുന്നു - സഹകരിച്ചവര്‍ക്കും, സ്നേഹിച്ചവര്‍ക്കും, വെറുപ്പ് കാണിച്ചവര്‍ക്കും, ഉപദേശങ്ങള്‍ തന്നവര്‍ക്കും, ശാസിച്ചവര്‍ക്കും, തെറ്റുകള്‍ ചൂണ്ടിക്കാനിച്ചവര്‍ക്കും, മാനസികമായി തകര്‍ക്കാന്‍ ശ്രമിച്ചവര്‍ക്കും, എല്ലാം എല്ലാം.. ചില സന്ദര്‍ഭങ്ങളില്‍ നിങ്ങളില്ലായിരുന്നുവെങ്കില്‍ ഞാന്‍ ഒരുപക്ഷെ ഞാനല്ലാതെയയേനെ.  എല്ലാവര്ക്കും എന്‍റെയും എന്‍റെ കുടുംബത്തിന്‍റെ പേരിലും സമ്പല്‍സമൃദ്ധിയുടെ-സമാധാനത്തിന്‍റെ-പരസ്പര സഹകരണത്തിന്റെ ഒരു പുതുവര്‍ഷം നേരുന്നു.  ഹാപ്പി ന്യൂ ഇയര്‍!

2014, ഡിസംബർ 26, വെള്ളിയാഴ്‌ച

ഞാന്‍ കണ്ട സിനിമ - സപ്തമശ്രീ തസ്കരാ:

നോര്‍ത്ത് 24 കാതം എന്ന സിനിമ എന്തുകൊണ്ടും വളരെ നല്ല ഒരു അനുഭവമായിരുന്നു. സംവിധായകന്‍ അനില്‍ രാധാകൃഷണന്‍ മേനോന്‍   പക്ഷെ അതിലൂടെ കൈവന്ന കൈത്തഴക്കം എന്ന് തോന്നിച്ച സംഗതി ഈ കള്ളന്മാരുടെ സിനിമയില്‍ നിലനിര്‍ത്തിയോ എന്നൊരു സംശയം നമ്മളില്‍ തോന്നിയാല്‍ കുറ്റം പറയാനാവില്ല.


ഏഴു കള്ളന്മാരിലെ മാര്‍ട്ടിന്‍ എന്ന കള്ളന്‍ ഒരുദിവസം കാലത്ത് പള്ളിയില്‍ കുമ്പസാരിക്കാന്‍ വരുന്നിടത്താണ് കഥ തുടങ്ങുന്നത്. ആ രംഗങ്ങള്‍ വളരെ രസകരമായി മാര്‍ട്ടിന്‍ എന്ന ചെമ്പന്‍ വിനോദും ഫാദര്‍ ആയി ലിജോ ജോസ് പെല്ലിശേരിയും ചേര്‍ന്ന് അഭിനയിച്ചു ഫലിപ്പിച്ചിരിക്കുന്നു.  ആസ്വദിക്കാനായി സിനിമ കണ്ടിരിക്കുന്ന പ്രേക്ഷകരില്‍ പെട്ടെന്ന് ചിരിപടര്‍ത്തുന്ന ചില രംഗങ്ങള്‍ അവിടവിടെയുണ്ട്.

നോര്‍ത്ത് 24 കാതം എന്ന സിനിമയുമായി തട്ടിച്ചുനോക്കുമ്പോള്‍ പ്രിത്വിരാജ് എന്ന സൂപ്പര്‍താരം വന്നപ്പോള്‍ ഈ സിനിമയില്‍ സൂപ്പര്‍ താരത്തെ പൊലിപ്പിക്കാന്‍ ചെറിയ ശ്രമങ്ങള്‍ അറിഞ്ഞുകൊണ്ട് നടത്തിയിരിക്കുന്നു എന്ന് കാണാന്‍ കഴിയും.  പക്ഷെ, പ്രിത്വിയുടെ അഭിനയം മോശമാണ് എന്ന് ഇതിനു അര്‍ത്ഥമില്ല.  പറഞ്ഞുവരുമ്പോള്‍ ഇതിലെ യഥാര്‍ത്ഥ താരം ചെമ്പന്‍ മാര്‍ട്ടിന്‍ എന്ന കള്ളനെ അവതരിപ്പിച്ച ചെമ്പന്‍ വിനോദ് തന്നെ!  കിളിപോയ ലീഫ് വാസുവും ശരിക്കും സ്കോര്‍ ചെയ്തു.

കള്ളന്‍മാരുടെ ഓരോരുത്തരുടെയും ജീവചരിത്രം പ്രതിപാദിക്കുന്ന ശൈലി കുറച്ചൊക്കെ വേറിട്ട്‌ നില്‍ക്കുന്ന ഫ്ലാഷ് ബാക്കിലാണ് ചെയ്തിരിക്കുന്നത്.  കൊള്ളാം. പ്രിത്വി (കൃഷ്ണനുണ്ണി), ആസിഫ് അലി (ശബാബ്), നീരജ് മാധവ് (നാരായണന്‍ കുട്ടി മെക്കാനിക്ക്), സുധീര്‍ കരമന (കിളി പോയ ലീഫ് വാസു), സലാം ബുഖാരി (സലാം), നോബിളെട്ടന്‍ (നെടുമുടി വേണു) തുടങ്ങിയവരാണ് മാര്‍ട്ടിനെ കൂടാതെയുള്ള കള്ളന്‍മാര്‍.  പ്രൈവറ്റ് ഫിനാന്‍സ് കമ്പനി നടത്തിയ നോബിളെട്ടന്റെ ഇന്നത്തെ പ്രതിസന്ധിക്ക് കാരണം അയാളുടെ ബന്ധു പയസും (ജോയ് മാത്യു) കുടുംബവുമാണ്. കൃഷ്ണനുണ്ണിയുടെ ജയില്‍വാസവും പയസ്സുമായി ബന്ധപ്പെട്ടിരിക്കുന്നു. നോബിളെട്ടന്റെ മകള്‍ അന്നമ്മയായി സനൂഷ ( പുള്ളിക്കാരത്തി അഭിനയം പഠിച്ചു വരുന്നു!).  മുന്‍കാല നരേന്ദ്രപ്രസാദ് വേഷങ്ങള്‍ ഇന്ന് ജോയ് മാത്യുവിന്‍റെ കൈകളില്‍ ഭദ്രം.  ഇവരും പിന്നെ അവിടെയും ഇവിടെയും വന്നുപോകുന്നവരുമായ കഥാപാത്രങ്ങള്‍ തങ്ങളുടെതായ റോളുകള്‍ നന്നായി തന്നെ ചെയ്തു.  ആദ്യത്തിലും അവസാനത്തിലും സിനിമയില്‍ ഉള്ള കുഴിക്കല്‍ സീനുകള്‍ അനാവശ്യമാണ് എന്നാണു എന്‍റെ പക്ഷം.

ആര്‍ത്തി, അഴിമതി, പക പോലുള്ള സ്ഥിരം ചേരുവകളില്‍ കുരുങ്ങിക്കിടക്കുന്ന സിനിമയാണെങ്കിലും ആസ്വദിക്കാന്‍ ഉള്ള മേമ്പോടികള്‍ ധാരാളം ഉള്ളതുകൊണ്ട് ഒരിക്കലും ബോര്‍ അടിക്കില്ല.  പിന്നെ ഇറ്റാലിയന്‍ ജോബ്‌ പോലുള്ള സിനിമകള്‍ കണ്ടിട്ട് ഈ പടം ആസ്വദിക്കാന്‍ പറ്റിയില്ലെങ്കില്‍ അത് നമ്മുടെ തന്നെ കുഴപ്പമാണ്.  ബോറടിക്കാതെ 2 മണിക്കൂര്‍ 25 മിനിട്ടോളം ആസ്വദിച്ചു കണ്ടിരിക്കാം എന്നതാണ് പ്രേക്ഷകരെ ഇതിലേക്ക് ആകര്‍ഷിച്ച മുഖ്യ ഘടകം.  ലോജിക്കില്ലായ്മകള്‍ നമുക്ക് തോന്നിയാല്‍ തല്‍ക്കാലം ഇത് entertainment എന്ന നിലയില്‍ വിട്ടുകളയാം.  പൃഥ്വിരാജ് പോലുള്ളവരുടെ തൃശൂര്‍ ഭാഷ ഒഴിച്ച് നിര്‍ത്തിയാല്‍ സംഗതി ക്ലീന്‍!  തരക്കേടില്ലാത്ത ചില ഗാനങ്ങള്‍ ഉള്ളതും എടുത്തു പറയാം.

ഇതില്‍ എന്നെ ആകര്‍ഷിച്ച രണ്ടു സീനുകള്‍:-
1) എട്ടു വയസ്സുകാരിയെ പീഡിപ്പിച്ച ഒരു തടവുപുള്ളിയെ ശബാബും സംഘവും ജയില്‍ അധികൃതരുടെ ഒത്താശയോടെ ഇരുട്ടടി അടിക്കുന്ന സീന്‍.
2)  പുലിക്കളിക്കിടയില്‍ ഫ്രാങ്കോ (മുകുന്ദന്‍) ശബാബിനെ അടിക്കുമ്പോള്‍ കൊള്ളുന്നത് വിജീഷ് എന്ന് പേരായ ഒരു പുലിക്ക്!  അപ്പോള്‍ ആ പുലികള്‍ എല്ലാവരും മുകുന്ദന് നേരെ തിരിയുന്ന രംഗം!  സൂപ്പര്‍ ക്യാമറ, സൂപ്പര്‍ ഷോട്ട്!! കണ്ടു നോക്കൂ..

എന്‍റെ റേറ്റിംഗ് 7.5/102014, ഡിസംബർ 18, വ്യാഴാഴ്‌ച

ഞാന്‍ കണ്ട സിനിമ - കത്തി!

മാസ് എന്ന ലേബലില്‍ ഇറക്കുന്ന സിനിമകള്‍ പ്രേക്ഷകരെ ആഹ്ലാദിപ്പിക്കാന്‍ വേണ്ടി മാത്രം എടുക്കുന്നവ എന്ന് തീര്‍ത്തും പറയാന്‍ പറ്റില്ല എന്ന് കാട്ടിത്തരുന്ന തമിഴ് സിനിമയാണ് മുരുഗദോസ് സംവിധാനം ചെയ്ത ഇളയദളപതി വിജയ്‌ ഡബിള്‍റോളില്‍ നായകനായി വന്ന കത്തി.  

കല്‍ക്കത്ത ജയിലില്‍ തടവില്‍ കഴിയുന്ന ഒരു കുറ്റവാളിയായ കതിരേശന്‍ (വിജയ്‌-1) തടവ്ചാടിയ ഒരു സഹതടവുകാരനെ പിടിക്കാന്‍ അധികൃതരെ സഹായിക്കുന്നു.  പക്ഷെ ഇതിനിടയില്‍ തന്ത്രപൂര്‍വ്വം അയാള്‍ തന്നെ ജയില്‍ ചാടുകയും ചെന്നൈയില്‍ എത്തി കൂട്ടുകാരന്‍ രവിയുടെ സഹായത്തോടെ രക്ഷപ്പെടാന്‍ രാജ്യം വിടാന്‍ തീരുമാനിക്കുകയും ചെയ്യുന്നു.  ഇതിനിടയില്‍ കണ്ടുമുട്ടുന്ന പെണ്‍കുട്ടി അങ്കിത (സാമന്ത), തന്‍റെ തന്നെ രൂപത്തിലുള്ള ജീവാനന്ദം (വിജയ്‌-2) എന്നയാള്‍.  ഈവക കൂടിച്ചേരലുകള്‍ നടക്കുന്നിടത്ത് കത്തിയുടെ കഥ വഴിതിരിയുകയാണ്.  

സ്വന്തം ഭൂമിയില്‍ ജീവിക്കാനുള്ള അവകാശത്തിനുവേണ്ടി ഒരു ജനത നടത്തുന്ന പോരാട്ടങ്ങളില്‍ അയാള്‍ക്ക് (കതിരേശന്) പങ്കാളിയാവേണ്ടി വരുന്നു.  കോര്‍പ്പറേറ്റു താല്‍പര്യങ്ങള്‍ ജനങ്ങളുടെ സ്വൈര്യജീവിതം തകര്‍ക്കുകയും അവരെ അവരുടെ അവകാശപ്പെട്ട ഭൂമിയില്‍നിന്നും ആട്ടിയോടിക്കുകയും ചെയ്യന്ന ഇതിവൃത്തമാണ് ഇവിടെ.  പക്ഷെ സിനിമയും യാഥാര്‍ത്ഥ്യവും ഇപ്പോഴും മിക്ക സിനിമകളും തുടങ്ങുമ്പോള്‍ എഴുതിക്കാണിക്കുന്നപോലെ "യാദൃച്ഛികം" ആയി മാറ്റപ്പെടുന്നു.  കോര്‍പ്പറേറ്റുകള്‍ക്ക് എതിരെ ഉയരുന്ന ശബ്ദങ്ങളെ എങ്ങിനെ ഇല്ലാതാക്കാമോ ആ വഴിക്കെല്ലാം അവര്‍ ശ്രമിക്കുമ്പോള്‍ നിലനില്‍പ്പിനായി ജനവും പോരാട്ടഭൂമിയിലേക്ക് നീങ്ങുന്നു.

തമിഴ് സിനിമയിലെ പതിവ് മസാല ചേരുവകള്‍ ഒക്കെയുണ്ടെങ്കിലും കത്തി ഉയര്‍ത്തുന്ന ചില കാലിക പ്രസക്തമായ ചോദ്യങ്ങള്‍ നമ്മുടെ സമൂഹ മനസ്സില്‍ അവശേഷിക്കും.  അനാവശ്യമായി തിരുകി കയറ്റിയ നായികയോ, പാട്ടുകളോ തനിച്ചു നിന്ന് ഒരുപാട് പേരെ തല്ലിതകര്‍ക്കുന്ന നായകന്‍റെ വീരപരാക്രമാങ്ങളോ ഒന്നുംതന്നെ ആ ചോദ്യങ്ങളുടെ പ്രസക്തി ഇല്ലാതാക്കുന്നില്ല എന്ന് പറയാനാണ് ഞാനിഷ്ടപ്പെടുന്നത്.  ആദ്യം ഇത് തുടക്കത്തില്‍ ശരിക്കും ഒരു "കത്തി"യായിട്ടാണ് തോന്നിയത് എങ്കിലും പുരോഗമിക്കുന്തോറും എന്നെ മുഴുവനായി ഈ സിനിമ കാണാന്‍ പ്രേരിപ്പിച്ചത് ചിലപ്പോള്‍ ആ കാലിക പ്രസക്തമായ ചോദ്യങ്ങളാവാം!  അല്ലെങ്കില്‍ entertainment എന്ന് നമ്മള്‍ പറയുന്ന സംഘട്ടനങ്ങള്‍, പാട്ടുകള്‍, അതുമല്ലെങ്കില്‍ നല്ല രീതിയില്‍ ചെയ്ത പശ്ചാത്തല സംഗീതം ഇവയൊക്കെ ആകാം!!!  തീര്‍ത്തുപറയാന്‍ എനിക്കും ആവുന്നില്ല.  കണ്ടുനോക്കിയാല്‍ നിങ്ങള്‍ക്ക് ഒരുപക്ഷെ കഴിഞ്ഞേക്കും!

വിജയ്‌ എന്ന മാസ് നടന്‍റെ കരിയറിലെ നല്ലൊരു വേഷമാണ് ഈ സിനിമയില്‍.  രണ്ട് റോളുകളിലും വിജയ്‌ നന്നായി തിളങ്ങി. സമന്തയുടെ ആ നായികാ കഥാപാത്രം ഇല്ലെങ്കിലും സിനിമ മികവു നിലനിര്‍ത്തുമായിരുന്നു എന്ന് നിസ്സംശയം പറയാം.  

കാലാകാലങ്ങളില്‍ നിലവിലിരിക്കുന്ന സര്‍ക്കാരുകള്‍ രൂപപ്പെടുത്തി നടപ്പിലാക്കുന്ന നയങ്ങള്‍, അവയുടെ സ്വാധീനം, അതുകൊണ്ട് സമൂഹത്തില്‍ ഉണ്ടാകുന്ന പ്രതികരണങ്ങള്‍ പിന്നെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനങ്ങളുടെ നേര്‍ക്കുള്ള കടന്നുകയറ്റം - ഇവയെപ്പറ്റിയൊക്കെ ഈ സിനിമ കണ്ടുകൊണ്ടിരിക്കുമ്പോളോ അല്ലെങ്കില്‍ അതിനുശേഷമോ അല്‍പ്പം പ്രേക്ഷകന്‍റെ മനസ്സില്‍ ഒരു ചിന്ത രൂപപ്പെടുത്തി എടുക്കാന്‍ കഴിഞ്ഞാല്‍ അതായിരിക്കും ഈ സിനിമയുടെ യാതാര്‍ത്ഥ വിജയം!  

എന്‍റെ റേറ്റിംഗ്: 7.5/10

2014, ഡിസംബർ 8, തിങ്കളാഴ്‌ച

ഞാന്‍ കണ്ട സിനിമ - ഹോംലി മീല്‍സ്!

പുറത്ത് നിന്നും ഭക്ഷണം കഴിക്കുന്ന സമയത്ത് "ഹോംലി മീല്‍സ്" എന്നൊരു ബോര്‍ഡ് കണ്ടാല്‍ തീര്‍ച്ചയായും ഒന്ന് ശ്രമിച്ചു നോക്കാം എന്ന് കരുതും നമ്മള്‍.  സ്ഥിരം ഭക്ഷണശാലകളില്‍ നിന്നും വ്യത്യസ്തമായി വലിയ ആകര്‍ഷകത്വം ഒന്നും അവക്ക് പുറമേക്ക് കാണിക്കാന്‍ ഉണ്ടാവില്ല. പക്ഷെ അവരുടെ ഒരു തനത് രുചി ഉണ്ടാവും. മറ്റു ഭോജനശാലകളിലെ സ്ഥിരം (അ)രുചിയില്‍ നിന്നും ഒന്ന് മാറ്റിപ്പിടിക്കാന്‍ നമ്മള്‍ ഓരോരുത്തരും ആഗ്രഹിക്കാറുണ്ട്. സിനിമയുടെ കാര്യത്തില്‍ ഒന്ന് മാറ്റിപ്പിടിക്കാന്‍ അതുപോലെ ആഗ്രഹിക്കുന്നവര്‍ക്ക് മുന്നിലാണ് അനൂപ്‌ കണ്ണന്‍ സംവിധാനം ചെയ്ത "ഹോംലി മീല്‍സ്" എന്ന സിനിമ ദൃശ്യമാകുന്നത്.
ജീവിത പ്രയാണത്തിലെ ഓരോ ഘട്ടത്തിലും നമുക്ക് നേരിടേണ്ടിവരുന്ന അവഗണന, പരിഹാസം, ചതി പിന്നെ പ്രതീക്ഷിക്കാത്ത ചിലരുടെ സഹായത്താല്‍ കഠിനാധ്വാനത്തിലൂടെ നടത്തുന്ന പരിശ്രമങ്ങള്‍ക്കൊടുവില്‍ വൈകി കിട്ടുന്ന അംഗീകാരം തുടങ്ങിയവയാണ് ഹോംലി മീല്‍സിലെ ചേരുവകള്‍.  പക്ഷെ ചേരുംപടി ചേര്‍ക്കുന്നതില്‍ ചില പാളിച്ചകള്‍ സംഭവിച്ചപ്പോള്‍ അത് അല്‍പ്പം രുചി കുറഞ്ഞുപോയി എന്ന് മാത്രം.  എന്നാലും കണ്ടിരിക്കാം.  

കഥാതന്തുകൊണ്ട് ഹോംലി മീല്‍സ് കടപ്പെട്ടിരിക്കേണ്ടത് ഉദയനാണ് താരം എന്ന സൂപ്പര്‍ഹിറ്റ് സിനിമയോടാണ്.  കാഴ്ചക്ക് സുന്ദരനല്ലാത്ത അത്യാവശ്യം സാങ്കേതിക വിജ്ഞാനമുള്ള അലന്‍ (വിപിന്‍ ആറ്റ്ലി) എന്ന ചെറുപ്പക്കാരന്‍ ഒരു ടി.വി. ഷോ ചെയ്യാന്‍ വേണ്ടി ജീവിതത്തിലെ പലകാര്യങ്ങളും മറന്നും അവഗണിച്ചും നടക്കുന്നതിന്‍റെ കഥയാണ് ഇത്.  അയാളുടെ ആശയങ്ങളും മറ്റും മറ്റുള്ളവര്‍ അടിച്ചുമാറ്റി തങ്ങളുടെതാക്കി മാറ്റി അവതരിപ്പിക്കുമ്പോള്‍ ഒന്ന് പ്രതിഷേധിക്കാനോ എതിര്‍ക്കാനോ കഴിയാത്ത തരത്തില്‍ അലന്‍ നിശബ്ദനാക്കപ്പെടുകയാണ്.  ഒരു കാര്യത്തോട് അസാമാന്യമായ ആവേശം അയാള്‍ക്ക് നേരിടേണ്ടി വരുന്ന പ്രതിസന്ധികള്‍ പിന്നെ അതെങ്ങിനെ അയാള്‍ തരണം ചെയ്യുന്നു എന്നൊക്കെയാണ് ഇതിലെ വിഷയം.  പുണ്യാളന്‍ അഗര്‍ബത്തീസും ഇതെവഴിക്ക് തന്നെയുള്ള സിനിമയാണ്. (പക്ഷെ അത് അവതരിപ്പിച്ച് വിജയിക്കുന്നതില്‍ അതിന്‍റെ സംവിധായകന്‍ വിജയിച്ചു).

ജവാന്‍ ഓഫ് വെള്ളിമല എന്ന പരാജയ ചിത്രത്തിന് ശേഷം തികച്ചും പുതിയനിര താരങ്ങളെവെച്ച് ഒരു സിനിമക്ക് ഇറങ്ങിത്തിരിച്ച അനൂപ്‌ കണ്ണന്‍ പ്രകടിപ്പിച്ച ധീരത സിനിമ മികച്ചതാക്കാന്‍ വേണ്ടി കാണിച്ചില്ല എന്നും പറയാം.  സിനിമയുടെ ഗതി മുഴുവന്‍ ഒരു ടെലി-ഷോയില്‍ (ഹോംലി മീല്‍സ്) മാത്രം കുരുങ്ങികിടക്കുന്നു എന്നതാണ് ഈ സിനിമയുടെ വലിയ ന്യൂനത.  മറ്റൊന്നും ഇതില്‍ കടന്നുവരുന്നില്ല.

പിന്നെ ആകെയുള്ള ആശ്വാസം പുതുതലമുറ സിനിമകളിലെ പോലെ മ്യൂട്ട് ചെയ്ത സംഭാഷണങ്ങള്‍ പച്ചത്തെറി തുടങ്ങിയവ ഇല്ലാതെ കണ്ടിരിക്കാം എന്നതാണ്.  ജീവിതത്തിനു ചില സന്ദേശങ്ങള്‍ നല്‍കുന്നു എങ്കിലും ഒരു സിനിമ എന്ന നിലയില്‍ ചിത്രം പരാജയപ്പെടാന്‍ മുന്‍പ് പറഞ്ഞ ചില കാര്യങ്ങള്‍ തന്നെ ധാരാളം.  എന്നിരുന്നാലും ശരിക്കും ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ചില സന്ദര്‍ഭങ്ങള്‍ അവിടെയുമിവിടെയും ഒക്കെ കാണാം.

അലന്‍ ആയിവന്ന വിപിന്‍ തന്നെയാണ് ആശയം ഒരുക്കിയിരിക്കുന്നത്.  കൂടെ അറിയുന്നവരും അല്ലാത്തവരുമായ ഒരുപാട് താരങ്ങള്‍.  എല്ലാവരും നല്ലരീതിയില്‍ തന്നെ അഭിനയിച്ചു.  കൂട്ടത്തില്‍ എടുത്ത്പറയേണ്ടുന്ന അഭിനയം നീരജ് മാധവ് തന്നെ.  പക്ഷെ അവസാനവും കഥാഗതിയും ഒക്കെ സ്ഥിരം ശൈലിയില്‍ തന്നെ!  ആ ക്വട്ടേഷന്‍ ടീമിലെ അംഗങ്ങള്‍ ഒക്കെ നല്ല അഭിനയം കാഴ്ചവെച്ചു.  നല്ല ചിരി സമ്മാനിക്കുന്ന ചില രംഗങ്ങള്‍ അവിടവിടെയുണ്ട്.  ഫിലിം എഡിറ്റ്‌ ചെയ്യുന്ന ബേസില്‍ എന്ന പയ്യന്‍ ഒക്കെ ചിരിപ്പിക്കുന്ന സംഗതികളാണ്.  യഥാര്‍ത്ഥ ജീവിതത്തില്‍ നമ്മള്‍ ചില ചാനലുകളില്‍ കാണുന്ന അവതാരകര്‍ക്ക് നല്ല കൊട്ട് കൊടുക്കുന്നുമുണ്ട്‌!

(torrent ഹിറ്റ്‌ അല്ലെങ്കില്‍ ഡി.വി.ഡി. ഹിറ്റ്‌ എന്നൊക്കെ ഇതിനെ വിളിച്ചാല്‍ എന്താ പറയുക നമ്മള്‍?!)

എന്‍റെ റേറ്റിംഗ്: 5/10