മാസ് എന്ന ലേബലില്‍ ഇറക്കുന്ന സിനിമകള്‍ പ്രേക്ഷകരെ ആഹ്ലാദിപ്പിക്കാന്‍ വേണ്ടി മാത്രം എടുക്കുന്നവ എന്ന് തീര്‍ത്തും പറയാന്‍ പറ്റില്ല എന്ന് കാട്ടിത്തരുന്ന തമിഴ് സിനിമയാണ് മുരുഗദോസ് സംവിധാനം ചെയ്ത ഇളയദളപതി വിജയ് ഡബിള്‍റോളില്‍ നായകനായി വന്ന കത്തി.
കല്‍ക്കത്ത ജയിലില്‍ തടവില്‍ കഴിയുന്ന ഒരു കുറ്റവാളിയായ കതിരേശന്‍ (വിജയ്-1) തടവ്ചാടിയ ഒരു സഹതടവുകാരനെ പിടിക്കാന്‍ അധികൃതരെ സഹായിക്കുന്നു. പക്ഷെ ഇതിനിടയില്‍ തന്ത്രപൂര്‍വ്വം അയാള്‍ തന്നെ ജയില്‍ ചാടുകയും ചെന്നൈയില്‍ എത്തി കൂട്ടുകാരന്‍ രവിയുടെ സഹായത്തോടെ രക്ഷപ്പെടാന്‍ രാജ്യം വിടാന്‍ തീരുമാനിക്കുകയും ചെയ്യുന്നു. ഇതിനിടയില്‍ കണ്ടുമുട്ടുന്ന പെണ്‍കുട്ടി അങ്കിത (സാമന്ത), തന്‍റെ തന്നെ രൂപത്തിലുള്ള ജീവാനന്ദം (വിജയ്-2) എന്നയാള്‍. ഈവക കൂടിച്ചേരലുകള്‍ നടക്കുന്നിടത്ത് കത്തിയുടെ കഥ വഴിതിരിയുകയാണ്.
സ്വന്തം ഭൂമിയില്‍ ജീവിക്കാനുള്ള അവകാശത്തിനുവേണ്ടി ഒരു ജനത നടത്തുന്ന പോരാട്ടങ്ങളില്‍ അയാള്‍ക്ക് (കതിരേശന്) പങ്കാളിയാവേണ്ടി വരുന്നു. കോര്‍പ്പറേറ്റു താല്‍പര്യങ്ങള്‍ ജനങ്ങളുടെ സ്വൈര്യജീവിതം തകര്‍ക്കുകയും അവരെ അവരുടെ അവകാശപ്പെട്ട ഭൂമിയില്‍നിന്നും ആട്ടിയോടിക്കുകയും ചെയ്യന്ന ഇതിവൃത്തമാണ് ഇവിടെ. പക്ഷെ സിനിമയും യാഥാര്‍ത്ഥ്യവും ഇപ്പോഴും മിക്ക സിനിമകളും തുടങ്ങുമ്പോള്‍ എഴുതിക്കാണിക്കുന്നപോലെ "യാദൃച്ഛികം" ആയി മാറ്റപ്പെടുന്നു. കോര്‍പ്പറേറ്റുകള്‍ക്ക് എതിരെ ഉയരുന്ന ശബ്ദങ്ങളെ എങ്ങിനെ ഇല്ലാതാക്കാമോ ആ വഴിക്കെല്ലാം അവര്‍ ശ്രമിക്കുമ്പോള്‍ നിലനില്‍പ്പിനായി ജനവും പോരാട്ടഭൂമിയിലേക്ക് നീങ്ങുന്നു.
തമിഴ് സിനിമയിലെ പതിവ് മസാല ചേരുവകള്‍ ഒക്കെയുണ്ടെങ്കിലും കത്തി ഉയര്‍ത്തുന്ന ചില കാലിക പ്രസക്തമായ ചോദ്യങ്ങള്‍ നമ്മുടെ സമൂഹ മനസ്സില്‍ അവശേഷിക്കും. അനാവശ്യമായി തിരുകി കയറ്റിയ നായികയോ, പാട്ടുകളോ തനിച്ചു നിന്ന് ഒരുപാട് പേരെ തല്ലിതകര്‍ക്കുന്ന നായകന്‍റെ വീരപരാക്രമാങ്ങളോ ഒന്നുംതന്നെ ആ ചോദ്യങ്ങളുടെ പ്രസക്തി ഇല്ലാതാക്കുന്നില്ല എന്ന് പറയാനാണ് ഞാനിഷ്ടപ്പെടുന്നത്. ആദ്യം ഇത് തുടക്കത്തില്‍ ശരിക്കും ഒരു "കത്തി"യായിട്ടാണ് തോന്നിയത് എങ്കിലും പുരോഗമിക്കുന്തോറും എന്നെ മുഴുവനായി ഈ സിനിമ കാണാന്‍ പ്രേരിപ്പിച്ചത് ചിലപ്പോള്‍ ആ കാലിക പ്രസക്തമായ ചോദ്യങ്ങളാവാം! അല്ലെങ്കില്‍ entertainment എന്ന് നമ്മള്‍ പറയുന്ന സംഘട്ടനങ്ങള്‍, പാട്ടുകള്‍, അതുമല്ലെങ്കില്‍ നല്ല രീതിയില്‍ ചെയ്ത പശ്ചാത്തല സംഗീതം ഇവയൊക്കെ ആകാം!!! തീര്‍ത്തുപറയാന്‍ എനിക്കും ആവുന്നില്ല. കണ്ടുനോക്കിയാല്‍ നിങ്ങള്‍ക്ക് ഒരുപക്ഷെ കഴിഞ്ഞേക്കും!
വിജയ് എന്ന മാസ് നടന്‍റെ കരിയറിലെ നല്ലൊരു വേഷമാണ് ഈ സിനിമയില്‍. രണ്ട് റോളുകളിലും വിജയ് നന്നായി തിളങ്ങി. സമന്തയുടെ ആ നായികാ കഥാപാത്രം ഇല്ലെങ്കിലും സിനിമ മികവു നിലനിര്‍ത്തുമായിരുന്നു എന്ന് നിസ്സംശയം പറയാം.
കാലാകാലങ്ങളില്‍ നിലവിലിരിക്കുന്ന സര്‍ക്കാരുകള്‍ രൂപപ്പെടുത്തി നടപ്പിലാക്കുന്ന നയങ്ങള്‍, അവയുടെ സ്വാധീനം, അതുകൊണ്ട് സമൂഹത്തില്‍ ഉണ്ടാകുന്ന പ്രതികരണങ്ങള്‍ പിന്നെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനങ്ങളുടെ നേര്‍ക്കുള്ള കടന്നുകയറ്റം - ഇവയെപ്പറ്റിയൊക്കെ ഈ സിനിമ കണ്ടുകൊണ്ടിരിക്കുമ്പോളോ അല്ലെങ്കില്‍ അതിനുശേഷമോ അല്‍പ്പം പ്രേക്ഷകന്‍റെ മനസ്സില്‍ ഒരു ചിന്ത രൂപപ്പെടുത്തി എടുക്കാന്‍ കഴിഞ്ഞാല്‍ അതായിരിക്കും ഈ സിനിമയുടെ യാതാര്‍ത്ഥ വിജയം!
എന്‍റെ റേറ്റിംഗ്: 7.5/10
കത്തി ഞാനും കണ്ടു. മെസേജ് കൊള്ളാം
മറുപടിഇല്ലാതാക്കൂകത്തി കണ്ടില്ല. കണ്ടിട്ട് കത്താം. :)
മറുപടിഇല്ലാതാക്കൂകണ്ടില്ല.
മറുപടിഇല്ലാതാക്കൂ:)
വിജയ് സിനിമകള്‍ പൊതുവേ ഇഷ്ടം അല്ല എനിക്ക്..പക്ഷെ ഈ സിനിമയിലെ മെസേജ് കൊള്ളാം...ഇനിയും റിവ്യൂ പോരട്ടെ ചേട്ടാ...
മറുപടിഇല്ലാതാക്കൂഈ ലേഖനംവും, അഭിപ്രായങ്ങളും വായിച്ചപ്പോൾ നല്ല സിനിമയാണെന്ന് മനസ്സിലായി. തീർച്ചയായും കാണും
മറുപടിഇല്ലാതാക്കൂവന്നു എന്നറിയണമെങ്കിൽ കമന്റില്ലാതെ കഴിയില്ലല്ലോ!
മറുപടിഇല്ലാതാക്കൂഅപ്പോ ഞാൻ വന്നു, വായിച്ചു. കൊള്ളാം.
അടുത്തത് ആമിർ ഖാന്റെ 'പി.കെ' ആയിക്കൊള്ളട്ടെ!
വിജയ് യുടെ കത്തിയില്ലാത്ത കത്തിയാണല്ലേ ഇത്
മറുപടിഇല്ലാതാക്കൂഇന്റര്വെല് വരെ സിനിമ കത്തിയായിട്ടാണ് ഫീല്‍ ചെയ്തത് ....പിന്നീട് വളരെ നന്നായി.
മറുപടിഇല്ലാതാക്കൂ