2012, ജൂൺ 26, ചൊവ്വാഴ്ച

മൂന്നാറിലേക്ക് 4 - മാട്ടുപ്പെട്ടി ഡാം.

മൂന്നാര്‍ യാത്ര മുന്‍ ഭാഗങ്ങള്‍ ഒന്ന്, രണ്ട്, മൂന്ന്.

ഉച്ചക്ക് 12 മണിക്ക് ചെക്ക്-ഔട്ട്‌ ചെയ്യണം. അതിനു മുന്പ് മൂന്നാറില്‍ നിന്നും അധികം ദൂരെയല്ലാത്ത ഏതെങ്കിലും സ്ഥലം കാണണം എന്ന് ഒരു ആശയം തോന്നി. homestay യിലെ ചേച്ചിയോട് പറഞ്ഞപ്പോള്‍ മാട്ടുപ്പെട്ടി ഡാം ചുരുങ്ങിയ സമയം കൊണ്ട് കണ്ടു തിരിച്ചു വരാന്‍ പറ്റിയ സ്ഥലം ആണെന്ന് പറഞ്ഞു. പെട്ടെന്ന് പോയി വരാന്‍ കഴിയുന്ന സ്ഥലമായതുകൊണ്ട് ഓട്ടോ പിടിച്ചാല്‍ മതിയെന്ന് തീരുമാനിച്ചു.  അതിന്‍പ്രകാരം തലേദിവസം പരിചയപ്പെട്ട ഓട്ടോഡ്രൈവര്‍ "ഭാഗ്യ"ത്തിനെ വിളിച്ചു. പറഞ്ഞുറപ്പിച്ചപോലെ രാവിലെ 9 മണിക്ക് തന്നെ ഭാഗ്യം എത്തി. മൂന്നാറില്‍ നിന്നും 13 കി.മീ. അകലെയാണ് മാട്ടുപ്പെട്ടി ഡാം.

പോകുന്ന വഴി ഒരു പുഷ്പ-സസ്യ ഉദ്യാനമുണ്ട്‌. നന്നായി പടം പിടിക്കാന്‍ അറിയാമെങ്കില്‍ അവിടെ ഒന്ന് കയറി പോകുന്നത് നന്നായിരിക്കും. നല്ലവണ്ണം അറിയില്ലെങ്കിലും അവിടെ കയറി കുറച്ചു പടം പിടിക്കണം എന്ന് ശ്രീമതിക്ക് ഭയങ്കര ആഗ്രഹം. അങ്ങിനെ അവിടെയും കയറി. ചെറിയ ഒരു ഫീ കൊടുത്തു അവിടെയും കയറി. ഞങ്ങളുടെ ചില പടങ്ങള്‍ ഭാഗ്യം എടുത്തു തന്നു. (മുന്നേ പറഞ്ഞുവല്ലോ ഞങ്ങള്‍ക്ക് ഈ പണി അത്ര വശമില്ലെന്ന്!). പക്ഷെ ഞങ്ങളും പിടിച്ചു ചില പടങ്ങള്‍.

അവിടെ നിന്നും തിരിച്ചിറങ്ങി മാട്ടുപ്പെട്ടിയിലെക്ക് യാത്ര തുടര്‍ന്നു. വീണ്ടും മൂന്നാറിലെ അവസാനിക്കാത്ത കുളിരണിഞ്ഞ കാഴ്ചകള്‍. ഓട്ടോയിലിരുന്നു ആവും വിധമൊക്കെ ക്ലിക്ക് ചെയ്തുകൊണ്ടിരുന്നു. പ്രഭാതത്തിന്റെ കുളിരില്‍ തേയിലത്തോട്ടങ്ങള്‍ നീണ്ടു നിവര്‍ന്നു കിടക്കുന്നു.


തേയിലതോട്ടത്തില്‍ പണിയെടുക്കുന്ന ഈ ചേച്ചി, ..........നമ്മുടെ മറ്റേ ടൂത്ത് പേസ്റ്റ് ആണ് പല്ലുതേക്കാന്‍ ഉപയോഗിക്കുന്നത്. ആ ചിരി കണ്ടില്ലേ!  (ചിത്രം താഴെ)ഇത് ഞങ്ങളുടെ ഡ്രൈവര്‍ ഭാഗ്യം.
ഭാഗ്യത്തിന്റെ കൂടെയുള്ള രസകരമായ വിവരണങ്ങള്‍ കേട്ടുകൊണ്ടുള്ള യാത്രയില്‍ അല്പം അരോചകമായി തോന്നിയത് ഡീസല്‍ ഓട്ടോയുടെ എഞ്ചിന്റെ ശബ്ദമാണ്. പോകുന്ന വഴിക്ക് ഒരു പ്രത്യേക മരമുണ്ട്. തേന്‍മരം എന്നാണു അതിനെ അവിടത്തുകാര്‍ വിളിക്കുന്നത്. അവിടെ നിര്‍ത്തി മുകളിലേക്ക് നോക്കിയപ്പോള്‍ തേനീച്ചകളുടെ ഒരു ജില്ല ആ മരചില്ലകള്‍ക്കിടയില്‍ കണ്ടു. ഇടക്ക് ആദിവാസികള്‍ ആ മരത്തില്‍ നിന്നും തേനെടുത്ത് കുപ്പിയിലാക്കി അതിന്റെ ചുവട്ടില്‍ വില്‍പ്പനക്കായി വെച്ചിരിക്കും എന്ന് ഭാഗ്യം പറഞ്ഞു. പക്ഷെ ആ സമയത്ത് ആരും അവിടെയുണ്ടായിരുന്നില്ല.


തേന്‍മരത്തിനടുത്ത് നിന്നും യാത്ര തുടര്‍ന്നു. ഇടതൂര്‍ന്നു നില്‍ക്കുന്ന വന്‍മരങ്ങളും നിവര്‍ന്നു കിടക്കുന്ന തേയിലത്തോട്ടങ്ങളും പിന്നിട്ടു ഭാഗ്യത്തിന്റെ ഡീസല്‍ വണ്ടി ചടപടാ ഒച്ചയുണ്ടാക്കിക്കൊണ്ട് കുതിച്ചു പാഞ്ഞു.
അല്‍പ്പസമയത്തിനു ശേഷം ഞങ്ങള്‍ മാട്ടുപ്പെട്ടി ഡാമിന് മുകളിലെത്തി. അവിടെ പ്രവേശന നിയന്ത്രണം ഒന്നും തന്നെ കണ്ടില്ല. ഞങ്ങളെ ഇങ്ങേതലക്കല്‍ ഇറക്കി ഡ്രൈവര്‍ മറുവശത്ത് കാണാം എന്നും പറഞ്ഞു അങ്ങോട്ട്‌ പോയി. ചെറിയ തിരക്കുണ്ട്‌. അങ്ങിങ്ങ് കൈകോര്‍ത്തു നീങ്ങുന്ന പ്രണയജോഡികള്. ഫോട്ടോ എടുത്തു കൊടുക്കുന്ന ആളുകള്‍. മധുരപലഹാരങ്ങളും മറ്റും വില്‍ക്കുന്ന തമിഴന്മാര്‍. നല്ല പ്രകൃതി മനോഹരമായ ഒരു സ്ഥലം. വെള്ളം നിറഞ്ഞു കിടക്കുന്ന തടാകത്തില്‍ കേരളീയ വിനോദ സഞ്ചാരകേന്ദ്രങ്ങളുടെ മുഖമുദ്രയായ പ്ലാസ്റ്റിക്ക്  മാലിന്യങ്ങള്‍ ധാരാളമായി കാണാം. തടാകത്തിനു അപ്പുറത്ത് തലയുയര്‍ത്തി നില്‍ക്കുന്ന മലനിരകള്‍. തടാകത്തിന്റെ അങ്ങേയറ്റത്ത് ബോട്ടിംഗ് ഉണ്ട്. സമയക്കുറവു കാരണം ആ പരിപാടി വേണ്ടെന്നു തീരുമാനിച്ചു. ഡാമിന് താഴ്ഭാഗത്ത് ഒരു കെട്ടിടം കാണാം. വര്‍ഷക്കാലത്ത് ഡാം നിറയുമ്പോള്‍ ഷട്ടറുകള്‍ തുറക്കുന്നത് ഇവിടെയാണെന്ന് തോന്നുന്നു. ഇനിയുള്ള കാഴ്ചകള്‍ വിവരിക്കുവാന്‍ വാക്കുകള്‍ ഇല്ലാത്തതുകൊണ്ട് താഴെയുള്ള ഫോട്ടോസ് മതിയാവും എന്ന് കരുതുന്നു.

‍ഞങ്ങള്‍ മുകളിലെ റോഡിലൂടെ മറുവശത്തേക്ക് ചെന്നു. അവിടെ കുറെ കടകള്‍ ഉണ്ട്. ചായ, പലഹാരങ്ങള്‍, കരകൌശല വസ്തുക്കള്‍ തുടങ്ങി ഒരു ടൂറിസ്റ്റ് കേന്ദ്രത്തില്‍ കിട്ടുന്ന ഒരുമാതിരി സാധനങ്ങളെല്ലാം അവിടെ ലഭ്യമാണ്. ഒരു പക്ഷെ അവയുടെ വിലനിലവാരം കാരണമാവാം കരകൌശല വസ്തുക്കളുടെ കടകളിലൊന്നും ആരെയും കാണാനില്ല.


കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും പറ്റിയ ചില പുതിയ ഡിസൈനുകളിലുള്ള മാലകളും വലകളും മറ്റും കുറച്ചു വാങ്ങി. പിന്നെ കുറച്ചു സ്വീറ്സും. പണം കൊടുത്തു കഴിഞ്ഞു "ഭാഗ്യത്തിനെ" അന്വേഷിക്കാന്‍ വേണ്ടി തിരിഞ്ഞതും തൊട്ടുപിന്നില്‍ അതാ മൂപ്പര്‍ വണ്ടിയുമായി നില്‍ക്കുന്നു. ഞങ്ങള്‍ തിരിച്ചു യാത്രയായി. വീണ്ടും മലകളുടെയും തേയില തോട്ടങ്ങളുടെയും നടുവിലൂടെ ഞങ്ങള്‍ ഹോംസ്റ്റേയിലേക്ക് തിരിച്ചു.  കാഴ്ചകളുടെ ഉത്സവത്തിന്റെ അവസാന ഭാഗവും ഞങ്ങള്‍ കണ്കുളിര്‍ക്കെ കണ്ടുകൊണ്ട്.
തിരികെയെത്തി ബാഗുകളും മറ്റും പാക്ക് ചെയ്തു യാത്രക്ക് തയ്യാറായി. 12 മണിക്ക് തന്നെ ചെക്ക്-ഔട്ട്‌ ചെയ്തു. പോരുന്ന സമയത്ത് അവിടത്തെ ചേച്ചിയെ കണ്ടില്ല. അവരുടെ മകനായിരുന്നു അവിടെയുണ്ടായിരുന്നത്. ഞങ്ങള്‍ സ്ഥിരം ഭക്ഷണം കഴിച്ചിരുന്ന സ്ഥലത്ത് നിന്നും ഉച്ചഭക്ഷണം കഴിച്ചു. മൂന്നാറിനെ വിട്ടു പോരാന്‍ തോന്നുന്നില്ല. മൂന്നു ദിവസത്തെ ബ്രേയ്ക്കിനു ശേഷം യഥാര്‍ത്ഥ ജീവിതത്തിലെ തിരക്കുകളിലേക്ക് മടങ്ങുകയാണ്.

ആയിടക്ക് മൂന്നാറില്‍ ഉദ്ഘാടനം ചെയ്യപ്പെട്ട മുസ്ലീം പള്ളി.

സമയം 1 :50 . എറണാകുളത്തേക്കു പോകാനുള്ള KSRTC ബസ്സ്‌ എത്തി. മൂന്നു ദിവസത്തെ മധുരിക്കുന്ന അനുഭവങ്ങള്‍ ഓര്‍ത്തുകൊണ്ട്‌ ഞങ്ങള്‍ വണ്ടിയിലിരുന്നു. ഇനി എന്നാണാവോ ഇതുപോലെ ഒരു യാത്ര? വ്യത്യസ്തമായ സ്ഥലങ്ങള്‍, ആളുകള്‍, സംസ്കാരങ്ങള്‍, ആചാരങ്ങള്‍ ഇവയെല്ലാം തേടി ഇനിയും പോകണം. ഓരോ മനുഷ്യനും സഞ്ചാരം ഇഷ്ടപ്പെടുന്നവരാണ്. യാത്രകളും യാത്രാവിവരണങ്ങളും ഇഷ്ടപ്പെടുന്ന എല്ലാവര്‍ക്കുമായി ഈ പോസ്റ്റ്‌ ഞാനിവിടെ സമര്‍പ്പിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങള്‍ താഴെ കമന്റു കോളം,ചാറ്റ്,ഇ-മെയില്‍ ഇതിലേതെങ്കിലും ഉപയോഗിച്ച് അറിയിക്കുമല്ലോ. മറ്റുവിഷയങ്ങളും ഈ ബ്ലോഗില്‍ സമയം പോലെ പോസ്റ്റ്‌ ചെയ്യാറുണ്ട്. അവ പോസ്റ്റ്‌ ചെയ്യുന്ന മുറക്ക് ഇ-മെയിലില്‍ ലഭിക്കുവാന്‍ സബ്സ്ക്രിപ്ഷന്‍ ബോക്സില്‍ നിങ്ങളുടെ ഇ-മെയില്‍ സമര്‍പ്പിച്ചാല്‍ മതി. (ഫ്രീയാ..ഞാന്‍ കാശ് വാങ്ങില്ല!). പോസ്റ്റുകള്‍ വായിച്ച എല്ലാവര്ക്കും നന്ദി പറയട്ടെ. മൂന്നാറിലേക്ക് എന്നല്ല ലോകത്ത് എവിടേക്ക് യാത്ര പോകുമ്പോഴും നന്നായി പ്ലാന്‍ ചെയ്താല്‍ യാത്ര വളരെ ആസ്വാദ്യകരവും ചെലവ്‌ ചുരുക്കിയുള്ളതുമാക്കാം. സാങ്കേതിക വിദ്യ വളരെയധികം പുരോഗമിച്ചിരിക്കുന്ന ഇക്കാലത്ത് നെറ്റില്‍ ഒന്ന് സേര്‍ച്ച്‌ ചെയ്താല്‍ എല്ലാ വിവരങ്ങളുംബുക്കിങ്ങും ലഭ്യമാണ്. പക്ഷെ ആ വിവരങ്ങളുടെ ആധികാരികത നമ്മള്‍ തന്നെ ഉറപ്പു വരുത്തണം എന്നത് പ്രത്യേകം എടുത്തു പറയട്ടെ. http://www.tripadvisor.com/ & http://yathrakal.com//പോലുള്ള സൈറ്റുകള്‍ വളരെ പ്രോയോജനം ചെയ്യുന്നു. നമ്മള്‍ തെരഞ്ഞെടുക്കുന്ന സ്ഥലങ്ങളെകുറിച്ച് വിവരങ്ങള്‍ നല്‍കുന്നതോടൊപ്പം അവിടെ ലഭ്യമായ താമസ - ഭക്ഷണ - വാഹന സൌകര്യങ്ങളെ കുറിച്ചും ഇത്തരം സൈറ്റുകള്‍ വിവരങ്ങള്‍ നല്‍കുന്നു.

കുറിപ്പ് : ഇത്തവണ വിവരണം കുറവും ചിത്രങ്ങള്‍ കൂടുതലുമാണ്. വാക്കുകള്‍ക്ക് പറയാനാവാത്തത് ചിത്രങ്ങള്‍ പറയട്ടെ എന്ന് കരുതി.

മുന്‍പ് അതിരപ്പിള്ളിക്ക്‌ പോയത് ഇവിടെ വായിക്കാം. ഭാഗം 1ഭാഗം 2.