2012, ജനുവരി 12, വ്യാഴാഴ്‌ച

മൂന്നാറിലേക്ക് - 1

കഴിഞ്ഞ വര്‍ഷത്തെ വെക്കേഷനില്‍ പോകാന്‍ പ്ലാന്‍ ചെയ്യുകയും പിന്നീട് പല സ്വകാര്യ കാരണങ്ങള്‍ കൊണ്ടു വേണ്ടെന്നു വച്ച മൂന്നാര്‍ യാത്ര ഇത്തവണ നടത്തണം എന്നുറപ്പിച്ചു തന്നെയാണ് നാട്ടിലെത്തിയത്. നാല് ദിവസത്തോളം വീട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ പറ്റാത്ത തരത്തിലുള്ള മഴ. സുലൈമാനിയും നല്ല കപ്പ പുഴുങ്ങിയതും കഴിച്ചു മഴ ആസ്വദിച്ചു വരാന്തയില്‍ ഇരിക്കുമ്പോള്‍ ഓര്‍ത്തു, ഈ സമയത്ത് തന്നെ വന്നത് വെറുതെയായില്ല! ചെയ്തു തീര്‍ക്കുവാനുള്ള കാര്യങ്ങള്‍ക്ക് അവധി കൊടുത്തു മഴ ആസ്വദിച്ചു പരമാവധി. കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞപോള്‍ മഴ തീര്‍ത്തും വിട്ടുനിന്നു. ഇനി യാത്രക്ക് സമയമായി - മനസ്സ് മന്ത്രിച്ചു. മൂന്നാര്‍ എന്നും മനസ്സിനെ വല്ലാതെ വശീകരിക്കുന്ന ഒരു പ്രതിഭാസമാണ്. വ്യക്തിപരമായ കടമകള്‍ ഒട്ടുമിക്കതും പൂര്ത്തീകരിച്ചതിനു ശേഷം യാത്ര ദിവസം തീരുമാനിച്ചു. സെപ്തംബര്‍ 25 ഞായര്‍. ശനിയാഴ്ച തന്നെ സഹോദരിയുടെ വീട്ടില്‍ തമ്പടിച്ചു. അവിടെ നിന്നും രാവിലെ യാത്ര പുറപ്പെടാനുള്ള സൌകര്യത്തിനു വേണ്ടിയാണ് അങ്ങിനെ ചെയ്തത്. രാവിലെ ടെലിവിഷനില്‍ കണ്ടത് ഒരു "ബ്രേക്കിംഗ് ന്യൂസ്"! ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ലോക്കല്‍ നേതാവിനെ കൊടുങ്ങല്ലൂരിനു സമീപം കുത്തിക്കൊന്നു. ഇന്ന് കൊടുങ്ങല്ലൂര്‍ ഹര്‍ത്താല്‍! ഹര്‍ത്താലിനെ എന്നും പിന്തുണച്ചിട്ടുള്ള എന്റെ ഒരു കാര്യം വന്നപ്പോള്‍ തെന്നെ പണി കിട്ടിയിരിക്കുന്നു! പിന്നാലെ സ്ക്രോളിംഗ് ന്യൂസ് ലോക്കല്‍ ചാനല വക. "ഹര്‍ത്താല്‍ കട കമ്പോളങ്ങള്‍ മാത്രം"! ഹാവൂ സമാധാനമായി!

രാവിലെ എട്ടുമണിക്ക് തന്നെ വീട്ടില്‍ നിന്നിറങ്ങി. ഞാനും ശ്രീമതിയും. ബസ്സ് (ഗൂഗിളിന്റെയല്ല കേട്ടോ! നമ്മുടെ സര്‍ക്കാരിന്റെ തന്നെ) മാര്‍ഗ്ഗമാണ് യാത്രക്ക് തെരഞ്ഞെടുത്തിരിക്കുന്നത്. ചെലവു പരമാവധി കുറയ്ക്കുക തന്നെ ലക്‌ഷ്യം. 

ഓട്ടോയില്‍ കൊടുങ്ങല്ലൂരിലെക്കും  പിന്നെ KSRTC വണ്ടിയില്‍ എറണാകുളതെക്കും യാത്ര. പത്തു മണിക്ക് എറണാകുളം KSRTC സ്റ്റാണ്ടില്‍, അരമണിക്കൂര്‍ ഇടവിട്ട്‌ മൂന്നാറിന് ബസ്സുണ്ട്. (ഇപ്പോള്‍  ഇതുള്‍പ്പെടെ പകല്‍ സമയ ദീര്‍ഘദൂര ബസ്സുകള്‍ വൈറ്റില ഹബ്ബിള്‍ നിന്നാണ്).  അടുത്ത വണ്ടിയില്‍ കയറിയിരുന്നു.  മുന്നാറില്‍ എത്തുന്ന സമയം കണ്ടക്ടരോട് ചോദിച്ചു. - മൂന്നു പതിനഞ്ചു.  ബസ്സ് ആലുവ - പെരുമ്പാവൂര്‍ - കോതമംഗലം വഴി ഹൈരെഞ്ചിലേക്ക് പ്രവേശിച്ചു.  നേര്യമംഗലം എന്ന സ്ഥലത്ത് നിന്നും കാടിന്റെ ഭംഗി കണ്ടു തുടങ്ങി. നല്ല വിശപ്പുണ്ട് രണ്ടാള്‍ക്കും.  മൂന്നാറില്‍ എത്താരായ സമയത്ത് ഒരു KSRTC വണ്ടി ആലുവ - കൊടുങ്ങല്ലൂര്‍ ബോര്‍ഡു വച്ച് മലയിറങ്ങുന്നു!  ഛെ! കൊടുങ്ങല്ലൂര്‍ നിന്നും വണ്ടി മൂന്നാറിനുണ്ടായിരുന്നിട്ടും അത് മനസ്സിലാക്കാതെ വെറുതെ എറണാകുളത്തിന് പോയി.  ഒരു മാതിരി വളഞ്ഞു മൂക്ക് പിടിക്കുന്ന ഇടപാട്! പറ്റിപ്പോയി, പോയ ബുദ്ധിയെ ആനയെക്കൊണ്ടു പിടിപ്പിച്ചാലും കിട്ടില്ലല്ലോ!.  (എറണാകുളം-ആലുവ ‍  KSRTC  എന്ക്വയരിയില്‍ വിളിച്ചു ചോദിച്ചിരുന്നു..മൂന്നാറിന് അവിടെ നിന്നും വണ്ടിയുണ്ടോ എന്ന്, പക്ഷെ മുറ്റത്തെ മുല്ലയായ കൊടുങ്ങല്ലൂരിലെ KSRTC ആപ്പീസിലെക്ക് ഒന്ന് വിളിക്കാന്‍ തോന്നിയില്ലല്ലോ!! മുറ്റത്തെ മുല്ലക്ക് അല്ലെങ്കിലും നമുക്ക് മണം തോന്നില്ലല്ലോ.) ബസ്സിലിരുന്നുകൊണ്ടു തന്നെ താമസം ബുക്കുചെയ്തിരിക്കുന്ന "തെരെസ്യന്‍ കോട്ടേജ്"ലേക്ക് വിളിച്ചു.  മെയിന്‍ ബസ് സ്റ്റാന്റിലിറങ്ങിയിട്ട്* ഒരു ഓട്ടോ വിളിച്ച് വന്നാല്‍ മതി എന്നു പറഞ്ഞു തന്നു.

ബസ്സില്‍ നിന്നുള്ള ദൃശ്യങ്ങള്‍


മൂന്നു മണി ആയപ്പോഴേക്കും മൂന്നാറിന്റെ സ്വന്തം തേയിലത്തോട്ടങ്ങള്‍ കണ്ടു തുടങ്ങി.  കാലാവസ്ഥ എയര്‍കണ്ടിഷന്‍ ആയി. തേയിലതോട്ടങ്ങള്‍ക്ക് നടുവിലൂടെ കേരളത്തിന്റെ തനത് ശൈലിയിലുള്ള തകര്‍ന്ന റോഡുകള്.  സര്‍ക്കാര്‍ വണ്ടി സാമാന്യം ഭേദമായി തന്നെ ഓരോ ഗട്ടരിന്റെയും  ‍ആഴം അളക്കുന്നു.  അതിന്റെ ഗമ ഡ്രൈവറുടെ മുഖത്തില്ല. (നമ്മുടെ KSRTC യുടെ കുഴപ്പം പ്രധാനമായും അതിന്റെ ബോഡി ബില്‍ഡിങ്ങിലാനെന്നു തോന്നുന്നു.  കാരണം, വണ്ടി നല്ല കരുത്ത്തോട് കൂടി തന്നെയാണ് പണിതിരിക്കുന്നത് പക്ഷെ, ഓടി തുടങ്ങിയാല്‍ ബോഡി മൊത്തം തുള്ളി വിറക്കും.  ദീര്‍ഘദൂര യാത്രക്ക് സുരക്ഷയെ കരുതി നല്ലൊരു ശതമാനം യാത്രക്കാര്‍ KSRTC  വണ്ടി തെരഞ്ഞെടുക്കുന്നു. എന്നാല്‍ അതില്‍ കയറി സുഖമായി യാത്ര ചെയ്യാമെന്ന് കരുതിയാല്‍ തെറ്റി! വണ്ടിയുടെ എഞ്ചിനും ബോഡിയും "ഞാന്‍ കൂടുതല്‍ വിറക്കും, യാത്രക്കരെ മൊത്തം വിറപ്പിക്കും" എന്ന മട്ടിലുള്ള തുള്ളിക്കളിയാണ്.  സര്‍ക്കാരും KSRTC ജീവനക്കാരും ഇത് ശ്രദ്ധിച്ചാല്‍ കുറച്ചു കൂടി നന്നായിരുന്നു).   മെയിന്‍ ബസ് സ്റ്റാന്റില്‍* ഇറങ്ങിയപ്പോഴേക്കും ഓട്ടോ-ടാക്സി ഡ്രെവര്‍മാര്‍ പൊതിഞ്ഞു..."സര്‍ ടാക്സി..ഓട്ടോ...ഹോംസ്റ്റേ..ഹോട്ടല്‍..സൈറ്റ് സീയിംഗ്.." ആളുകളെ കാന്‍വാസ് ചെയ്യാനുള്ള ശ്രമം.  രജനികാന്തിന്റെ "ബാഷ" സ്റ്റൈലില്‍ യുനിഫോമിട്ട തമിഴന്‍ ഓട്ടോ ഡ്രൈവര്‍മാര്‍. അവരുടേ വാമൊഴികളിലെ പ്രലോഭനങ്ങളെ അതിജീവിച്ച് ഞങ്ങള്‍ നടന്നു.  വിശന്നു വയര്‍ കത്തുന്നു.  എന്തെങ്കിലും കഴിച്ചിട്ട് തന്നെ കാര്യം.  കുറച്ചു നേരത്തെ തെരച്ചിലിനു ശേഷം ഭേദമെന്ന് തോന്നുന്ന ഒരു റെസ്റ്റോറന്റ് കണ്ടുപിടിച്ചു. (അതിന്റെ പേരു മറന്നുപോയി). ചോറും സാമ്പാറും തൈരും പപ്പടവും എല്ലാമുള്ള ഊണിനു നല്ല രുചി.  അവിടെ സപ്ലൈ ചെയ്യുന്ന ഒരാളും ചോദിച്ചു "സര്‍ റൂം വേണോ? ബുക്കിംഗ് ഇറുക്കാ"  തമിഴ്കലര്‍ന്ന മലയാളത്തിലുള്ള ചോദ്യം.  അയാളെ നിരാശരാക്കേണ്ടി വന്നു.  പുറത്തിറങ്ങി ഒരു ഓട്ടോ വിളിച്ചു.  ഒരു തമിഴന്‍ ഓട്ടോ ഡ്രൈവര്‍. പേര്‍ "ഭാഗ്യം"! സ്ഥലം പറഞ്ഞു, തെല്ലു സംശയിച്ചു നിന്ന അയാള്‍ക്ക് ഹോംസ്റ്റേയിലെ മാഡത്തിനെ വിളിച്ചു കണക്റ്റ് ചെയ്തു കൊടുത്തു.  സ്ഥലം മനസ്സിലാക്കിയ അയാള്‍ ഞങ്ങളേയും കൊണ്ടു കുതിച്ചു. ധന്യശ്രീ ഹോട്ടലിന്റെ അടുത്താണ്‌ ഹോംസ്റ്റേ.  തെരേസ്യന്‍ കോട്ടേജ് എന്ന ബോര്‍ഡ് അടുത്തെത്തിയാല്‍ കാണാം. 20 രൂപ വാടക വാങ്ങുമ്പോള്‍ ഭാഗ്യത്തിന്റെ ചോദ്യം "സാര്‍ റ്റുമാറോ എന്ന പ്രോഗ്രാം..വണ്ടി വേണമാ".  നാളെ പറയാമെന്നു പറഞ്ഞു ഭാഗ്യത്തിന്റെ നമ്പര്‍ മൊബൈലില്‍ ഫീഡ് ചെയ്തു.

മൂന്നാറിലെ പുലര്‍കാലം

തണുപ്പും ചൂടും അല്ലാത്ത ഒരു അന്തരീക്ഷം. നല്ല സുഖകരമായ കാലാവസ്ഥ.  ചുറ്റും മലനിരകളും അവിടവിടെ കോടമഞ്ഞിന്റെ ആവരണങ്ങളും.  മൂന്നാര്‍ ഒരു സംഭവം തന്നെ.  രണ്ടു ദിവസത്തെ വാടക മുന്‍‌കൂര്‍ കൊടുത്തു ചെക്ക്-ഇന്‍ ചെയ്തു.  മൂന്നാറിലും ചുറ്റിലും പോയി കാണാനുള്ള സ്ഥലങ്ങളുടെ ഒരു പട്ടിക ആ ചേച്ചി തന്നു.  മറയൂര്‍ വരെ പോകുവാനാണ് ഞങ്ങള്‍ തീരുമാനിച്ചത്.  പിറ്റേ ദിവസം കാഴ്ച കാണാന്‍ മറയൂരിലേക്ക്  പോകുവാന്‍ ഒരു വണ്ടി വേണമെന്ന് പറഞ്ഞത് പ്രകാരം രാവിലെ ഒരു വണ്ടിയും അവര്‍ ഏര്‍പ്പാടാക്കി തന്നു. തിരക്കിനിടയിലും ശ്രദ്ധിക്കാതിരിക്കാന്‍ കഴിയാത്ത ഒന്നുണ്ട്.  മൂന്നാറിലെ മലിനീകരണം.  എല്ലായിടത്തും പ്ലാസ്ടിക്ക് വസ്തുക്കള്‍ വലിച്ചെറിഞ്ഞിട്ടിരിക്കുന്നു.  മെയിന്‍ ബസ് സ്റ്റാന്ടിന്റെ* അടുത്ത് കൂടി ഒഴുകുന്ന ഒരു അരുവി(?) അതോ ആറോ..മൊത്തം മാലിന്യം അതിലാണ്‌ നിക്ഷേപിക്കുന്നത്. ജൈവ-മനുഷ്യ നിര്‍മ്മിതങ്ങളായ മൊത്തം മാലിന്യങ്ങളും വഹിച്ചു കൊണ്ട് വീര്‍പ്പുമുട്ടി അതൊഴുകുന്നു.  അതോടൊപ്പം മൂന്നാറില്‍ ടൂറിസം തഴച്ചു വളരുകയും ചെയ്യുന്നു. 

ഇന്റര്‍നെറ്റിലെ തെരച്ചില്‍ പരിപാടിയില്‍ കണ്ടെത്തിയ പേരാണ്‌ "തെരേസ്യന്‍ കോട്ടേജ്". ഒരു ദിവസം 800 രൂപ വാടക. ഡബിള്‍ റൂം വിത്ത് അറ്റാച്ച്‌ട് ബാത്ത് റൂം.  ചൂടുവെള്ളം പകലും രാത്രിയും. (ചൂടുവെള്ളം വരുന്നത് കുറച്ച് സ്പീഡ് കുറവിലാണെന്ന് മാത്രം!). നല്ല പതുപതുത്ത മെത്തയും ബ്ലാങ്കറ്റും. പിന്നെ ഒരു ടി.വി. (റിമോട്ട് കണ്ടില്ല!) ഒരു 2സീറ്റര്‍ ബെന്ച് പിന്നെ ഒരു ഡ്രസ്സിംഗ് ടേബിളും കണ്ണാടിയും.  റൂമിന്റെ അറ്റത്ത് ഒരു വാഷ്ബേസിന്‍. ടൈല്‍സിട്ട തറ. മുകളില്‍ തട്ടടിച്ച് നന്നായി പോളീഷ് ചെയ്തിരിക്കുന്നു.  ഇതാണ്‌ ഞങ്ങളുടെ റൂം.  800 രൂപക്ക് വലിയ കുഴപ്പമില്ല. വളരെ ആലോചനകള്‍ക്കു ശേഷമാണ്‌ "ഹോംസ്റ്റേ" താമസത്തിനു തെരഞ്ഞെടുത്തത്.  ഹോട്ടല്‍ - ലോഡ്ജ് ഇവ മിക്കവാറും വളരെ തിരക്കുള്ളതായിരിക്കും.  തന്നെയുമല്ല ആളുകള്‍ പലവിധം.  മദ്യപിക്കുന്നവരും മറ്റു ശല്യങ്ങള്‍ ഉണ്ടാക്കുന്നവരും എല്ലാവരും ഉണ്ടാകും.  പക്ഷെ ഒരു സാധാരണ ഹോംസ്റ്റേയില്‍ പരമാവധി 5 റൂമുകളേ ഉണ്ടാവൂ (എന്നാണ്‌ എന്റെ അറിവ്). അതുകൊണ്ട് തിരക്കും അതുമൂലമുള്ള ബുദ്ധിമുട്ടുകളും പരമാവധി കുറവായിരിക്കും.  പിന്നെ സാമ്പത്തിക വശം! അതാണ്‌ എന്നെപ്പോലുള്ളവര്‍ക്ക് പ്രധാനം.  എന്തായാലും 800 രൂപക്ക് മൊശമില്ല.

മൂന്നാറിലെ ഇനിയുള്ള യാത്രകള്‍ അടുത്ത പോസ്റ്റ്‌ വരെ കാത്തിരിക്കുക, കൂടുതല്‍ നല്ല ചിത്രങ്ങള്‍ക്കും.....

* മെയിന്‍ ബസ് സ്റ്റാന്റ് എന്ന് പറയുന്നത് ഒരു ബസ് സ്റ്റേഷന്റെ ലക്ഷണമില്ല. ഒരു ജങ്ങ്ഷന്‍.  അവിടെ വരികയും പോവുകയും ചെയ്യുന്ന ബസ്സുകള്‍ നിരത്തുന്നു.  KSRTC ക്ക് സ്വന്തമായി സ്ടാണ്ടുണ്ട്.

അതിരപ്പിള്ളിക്ക്‌ ഒരിക്കല്‍ നടത്തിയ യാത്ര ഇവിടെ ഞെക്കി വായിക്കാംഭാഗം ഒന്ന് & ഭാഗം രണ്ടു.

14 അഭിപ്രായങ്ങൾ:

  1. മൂന്നാറിലേക്ക് ഞാനും യാത്ര തുടങ്ങി ഈ പോസ്റ്റിലൂടെ ........അടുത്തതും പോരട്ടെ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. എഴുതി തുടങ്ങി..അധികം വൈകാതെ പ്രതീക്ഷിക്കാം. വായിച്ചതിന്‌ നന്ദിട്ടോ.

      ഇല്ലാതാക്കൂ
  2. ശരിക്കും കൊതിയാവണു അങ്ങനെയൊന്നു ചുറ്റിയടിക്കാന്‍..!

    മറുപടിഇല്ലാതാക്കൂ
  3. യാത്രകൾ കൂമ്പാരമാകട്ടെ. സ്ഥിരം മൂന്നാർ കാഴ്ചകൾ കഴിഞ്ഞാൽ കാണാത്ത മൂന്നാറിലേക്ക് ഇറങ്ങിച്ചെല്ലണം കേട്ടോ. സിബി മൂന്നാൽ എന്ന സുഹൃത്തിന് (ഫേസ്ബുക്കിൽ നോക്കൂ.)സഹായിക്കാൻ പറ്റും.

    മറുപടിഇല്ലാതാക്കൂ
  4. മൂന്നാറിലേക്കുള്ള യാത്ര കൊള്ളാല്ലോ,... ബാക്കി അങ്ങട് തുടരട്ടെയെന്ന്....

    മറുപടിഇല്ലാതാക്കൂ
  5. മൂന്നാറിലേക്കൊരു യാത്ര ഒപ്പം ബസ്സില്‍ (ഗൂഗിള്‍ ബസ്സല്ല-പ്രയോഗം കൊള്ളാം)
    കയറിയ ഒരു പ്രതീതി. നയനമനോഹരമായ കാഴ്ചകള്‍ ഒപ്പം ചിത്രങ്ങലുംദ്
    ഒരു കുറവ് തോന്നി, ഇത്ര മനോഹരമായ സ്ഥലത്ത് പോയിട്ടും ഇത്രയും ചിത്രങ്ങളെ കിട്ടിയുല്ലോ
    അതൊരു കുറവായി തോന്നി

    പക്ഷെ പിന്നൊരു ഒരു കാര്യം പറയാതെ പോകാന്‍ മനസ്സ് വരുന്നില്ല
    അക്ഷരങ്ങളുടെ തിളക്കവും വലുപ്പക്കുറവും പലരെയും ഇവിടെ നിന്നും അടുത്ത ബസ്സിലേക്ക് കേറാന്‍ നിര്‍ബന്ധിക്കും
    അതുകൊണ്ട് ഫോണ്ടിന്റെ തിളക്കം കുറയ്ക്കുക
    പിന്നെ എന്റെ ബ്ലോഗു സന്ദര്‍ശിച്ചതിനും നന്ദി
    വരിക കൂടുതല്‍ യാത്രാ വിവരങ്ങളുമായി
    വീണ്ടും വരാം

    മറുപടിഇല്ലാതാക്കൂ
  6. pls give dat homestay's contact no. My mail id is savinkothad@gmail.com

    മറുപടിഇല്ലാതാക്കൂ
  7. മനോഹര ചിത്രങ്ങള്‍.. വിവരണവും നന്നായിട്ടോ.. ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  8. നന്നായിട്ടുണ്ട് ...

    ഹോം സ്ടയുടെ അഡ്രെസ്സ് ഒന്ന് കിട്ടുമോ?

    മറുപടിഇല്ലാതാക്കൂ