2010, ഡിസംബർ 25, ശനിയാഴ്‌ച

കെ. കരുണാകരന്റെ വേര്‍പാട്.

കേരളരാഷ്ട്രീയത്തിലെ ഭീഷ്മാചാര്യനായിരുന്ന് മുന്‍മുഖ്യമന്ത്രി ശ്രീ. കെ. കരുണാകരന്റെ വേര്‍പാടില്‍ അതിയായി അനുശോചിക്കുന്നു. ഈയുള്ളവനു ഓര്‍മ്മ വെച്ച നാളുകളില്‍ കേരളത്തിലെ കോണ്‍ഗ്രസ്സ് എന്നാല്‍ കരുണാകരനായിരുന്നു. മറ്റു കഥാപാത്രങ്ങളെല്ലാം തികച്ചും അപ്രശസ്തരായിരുന്നു. ഇന്ദിര-രാജീവ് കാലഘട്ടത്തില്‍ അവരോടൊപ്പം ഉറച്ചു നിന്ന് കരുണാകരന്‍ പിന്നീട് വന്ന കോണ്ഗ്രസ്സ് നേതൃത്വങ്ങള്‍ക്ക് അനഭിമിതനാക്കപ്പെടുകയും ഒരു വേള തികച്ചും അവഗണിക്കപ്പെടുകയും ചെയ്തു. കരുണാകരന്റെ രാഷ്ട്രീയമായ ചില നിലപാടുകളോട് എതിര്‍പ്പ് തോന്നിയിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ ഭരണ വൈഭവത്തെ ബഹുമാനത്തോടെയാണു നോക്കി കണ്ടിട്ടുള്ളത്.
 
"നാടിന്റെ വികസനത്തില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച വ്യക്തി" എന്ന് മുഖ്യമന്ത്രിയെകൊണ്ട് പറയിപ്പിച്ചതിന്റെ കാരണം മറ്റെന്താണ്?  ആശ്രിതവല്‍സലനായ ആ നേതാവിന്റെ മുന്നോട്ടുള്ള പ്രയാണം എപ്പോഴോ തെറ്റായ വഴിയിലേക്ക് മാറിപ്പോയി.  ഏതുപ്രതിസന്ധിയിലും കൂടെ നിന്നിട്ടുള്ള "ഹൈക്കമാന്റ്" അദ്ദേഹത്തെ തികച്ചും അവഗണിക്കുന്നതുവരെയെത്തി കാര്യങ്ങള്‍.
മകന്‍ മുരളീധരന്റെ കോണ്‍ഗ്രസ്സ് പുനപ്രവേശം അദ്ദേഹത്തിന്റെ അന്ത്യാഭിലാഷമായിരുന്നിരിക്കണം. പക്ഷെ കെ.പി.സി.സിയുടെ അത്തളപിത്തള തവളാച്ചി കളികളില്‍ അദ്ദേഹത്തിനു അത് കണ്ടിട്ട് കണ്ണടക്കാന്‍ യോഗമുണ്ടായിരുന്നില്ല. തന്നെ വളര്‍ത്തികൊണ്ട് വന്ന ലീഡറുടെ ഈ ഒരു ആഗ്രഹം നടത്തിക്കൊടുക്കുവാന്‍ കെ.പി.സി.സി. പ്രസിഡണ്ട് എന്ന നിലയില്‍ കഴിഞ്ഞില്ലല്ലോ എന്നാലോചിട്ടാവാം രമേശ് ചെന്നിത്തലക്ക് ചാനലുകളോട് ലീഡറുടെ വേര്‍പാട് അറിയിച്ചപ്പോള്‍ കരച്ചില്‍ വന്നത്. ലീഡര്‍ക്കിട്ട് തരം കിട്ടുമ്പോഴൊക്കെ പണിതിരുന്ന ചില നേതാക്കന്മാരെയും ചാനലുകളില്‍ നിറഞ്ഞു നില്‍ക്കുന്നത് കണ്ടു. അതില്‍ ചിലര്‍ ആ ഭൌതിക ദേഹത്തെ അനുഗമിക്കുവാന്‍ തിക്കിതിരക്കുന്നതും കണ്ടു. 
 
ഒരു പ്രവാസി എന്ന നിലയില്‍ കെ. കരുണാകരന്റെ സംഭാവനകളെപറ്റി ഓര്‍ക്കുമ്പോള്‍ ആദ്യം ഓര്‍ക്കുന്നത് വര്‍ഷാവര്‍ഷം അവധിക്ക് പറന്നിറങ്ങുന്ന നെടുമ്പാശേരി അന്തര്‍ദേശീയ വിമാനത്താവളം തന്നെയാണ്.  എയര്‍പോര്‍ട്ടിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയപ്പോള്‍ അതിനെ എതിര്‍ത്ത് സമരം നയിച്ചവര്‍ പിന്നീട് നിയമസഭ വഴി "സിയാലിന്റെ" ഭരണ സമിതിയില്‍ വരെ എത്തിയിട്ടുണ്ടാകാം.  നൂറുമേനി വിളയുന്ന പാടങ്ങള്‍ നികത്തി എയര്‍പോര്‍ട്ട് എന്ന ഐ.എ.സു.കാരന്റെ ആശയത്തിനു ലീഡര്‍ തികഞ്ഞ പിന്തുണയാണ്‌ നല്കിയതെന്ന് അദ്ദേഹം എന്നും ഓര്‍ക്കുന്നു.
 
ജീവിച്ചിരിക്കുമ്പോള്‍ അദ്ദേഹത്തിനിട്ടു പണിതവര്‍ അദ്ദേഹത്തിന്റെ മരണത്തില്‍ അനുശോചിച്ച് നിറഞ്ഞു നില്ക്കുന്നു. കാരണം അവര്‍ക്കുമറിയാം ലീഡര്‍ക്ക് തുല്യം ലീഡര്‍ മാത്രമാണുള്ളതെന്ന്‌. അതിവേഗം ബഹുദൂരമോടുന്നവരും, മുരളി പറഞ്ഞപോലെ പൌഡര്‍കുട്ടപ്പന്മാരായി നടക്കുന്നവരും, ആദര്‍ശ ധീരന്മാരും(???!!!!), കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെ ഖദറിട്ട മാംസപിണ്ഡങ്ങളെന്നും, ഇക്കോണമി ക്ലാസില്‍ യാത്ര ചെയ്യുന്നവരെ കന്നുകാലികളെന്നും വിളിച്ചതുമായ നേതാക്കള്‍ക്കൊന്നും ഒരിക്കലും ഒരു ലീഡറാകാന്‍ കഴിയില്ല.

ശ്രീ. കെ. കരുണാകരന്റെ വേര്‍പാടില്‍ അനുശോചിക്കുന്നതോടൊപ്പം അദ്ദേഹത്തിനുവേണ്ടിയുള്ള പ്രാര്‍ത്ഥനയില്‍ കുടുംബാംഗങ്ങളോടൊപ്പം മനസ്സുകൊണ്ട് പങ്കുചേരുന്നു.

2010, നവംബർ 30, ചൊവ്വാഴ്ച

ആഗ്രഹിച്ചാല്‍ മതിയോ?!

നമ്മുടെ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന ചില നേതാക്കന്മാരും മറ്റും ഒരു കാര്യത്തിനെ പറ്റി പറയുമ്പോള്‍ "ഞാന്‍ ചോദിക്കാന്‍ ആഗ്രഹിക്കുകയാണ്" "ഞാന്‍ പറയാന്‍ ആഗ്രഹിക്കുകയാണ്" എന്നെല്ലാം വച്ചു കാച്ചുന്നത് കാണാം.  യഥാര്‍ത്ഥത്തില്‍ അവര്‍ക്ക് ഇങ്ങിനെ "ആഗ്രഹിക്കുന്നതിനു" പകരം പറയുകുകയോ ചോദിക്കുകയോ ചെയ്തുകൂടെ???!!!

2010, നവംബർ 15, തിങ്കളാഴ്‌ച

അപ്രതീക്ഷിതം ഈ അതിരപ്പിള്ളി-വാഴച്ചാല്‍ യാത്ര.. ഭാഗം - 2

തിരികെ അതിരപ്പിള്ളിക്ക് വച്ചു പിടിച്ചു.  ഇടക്ക് എത്തിയപ്പോള്‍ ഒരു ബൈക്ക് ഹെഡ് ലൈറ്റ് ദൂരെനിന്നു തന്നെ കത്തിച്ചു കാണിക്കുന്നു. വണ്ടി നിര്‍ത്തിയപ്പോള്‍ ആന്റോയുടെ അനുജനും അവന്റെ കൂട്ടുകാരനും.  ഇത് നേരത്ത് അറിഞ്ഞിരുന്നു എങ്കില്‍ എന്ന് ഞങ്ങള്‍ രണ്ട് പാര്‍ട്ടീസും പറഞ്ഞത് ഒരേ സ്വരത്തില്‍.  പെട്ടെന്ന് എവിടെ നിന്നോ ഒരു ഗാര്‍ഡ് പ്രത്യക്ഷപ്പെട്ടു.  അവിടെ നിര്‍ത്താന്‍ പാടില്ല എന്ന ബോര്‍ഡ് ചൂണ്ടിക്കാട്ടി വേഗം വണ്ടി വിട് മക്കളേ എന്നൊരു ഓര്‍ഡര്‍.  അനുസരിക്കുകയല്ലാതെ വഴിയുണ്ടായിരുന്നില്ല.  അവര്‍ വാഴച്ചാലിലേക്കും ഞങ്ങള്‍ തിരികെ അതിരപ്പിള്ളിയിലേക്കും തിരിച്ചു.

അതിരപ്പിള്ളിയിലെ തിരക്കിനു യാതൊരു കുറവുമില്ല. പ്രവേശന കവാടത്തില്‍ വിവരണങ്ങള്‍ പല പല ബോര്‍ഡുകളിലായി എഴുതി വച്ചിരിക്കുന്നു.  ഒരു ടിക്കറ്റ് കൌണ്ടര്‍ അവിടെയും ഉണ്ട്.  അരികെ വായ്നോട്ടത്തിലേര്‍പ്പെട്ടിരിക്കുന്ന പാണ്ടികള്‍.   പാണ്ടി സ്ലാംഗ് ഡയലോഗ് എവിടെയും അലയടിക്കുന്നു.  വണ്ടി ഒരിടത്ത് വച്ചതിനു ശേഷം പ്രവേശന കവാടത്തിലെ പരിശോധനയും കടന്ന് ഞങ്ങള്‍ അതിരപ്പിള്ളിക്കുള്ള കയറ്റം കയറാന്‍ തുടങ്ങി. കരിങ്കല്ലു പാകിയ വഴി.  ഹൈഹീല്‍ ചെരുപ്പിട്ട ചില തരുണികള്‍ (ചിത്രത്തിലില്ല) വീഴാതെ നടക്കാന്‍ പാടുപെടുന്നു.  കുറച്ചു ദൂരം കുത്തനെ കയറിയതിനു ശേഷം കുത്തനെ ഇറക്കം.  ഇവിടെയും മനുഷ്യന്‍ കഴിഞ്ഞാല്‍ കൂടുതല്‍ കുരങ്ങന്മാരെയാണ്‌ കാണുന്നത്.  ഒരു മരത്തിനു മുകളില്‍ നിന്നും വന്ന വാനര സൈനികന്‍ പാത്തും പതുങ്ങിയും ഞങ്ങളുടെ തൊട്ടു മുന്പില്‍ പോകുന്ന സംഘത്തിനു പിന്നാലെ വച്ചു പിടിക്കുന്നത് കണ്ടപ്പോള്‍ കൌതുകം തോന്നി.  പെട്ടെന്ന് അതിലൊരു കുട്ടിയുടെ കൈയിലുണ്ടായിരുന്ന "ഫ്രൂട്ടി" തട്ടിപ്പറിച്ചുകൊണ്ട് അടുത്ത മരത്തിലേക്ക് അവന്‍ ഒരൊറ്റ കയറ്റം.  അവര്‍മൊത്തം പകച്ച് നില്‍ക്കുന്നു.  അറിയാതെ ഞാന്‍ കാമറ മുറുകെ പിടിച്ചു.

ചെറുതും വലുതുമായ സംഘങ്ങളായി ആളുകള്‍ അങ്ങിങ്ങ് നീങ്ങിക്കൊണ്ടിരിക്കുന്നു. വെള്ളച്ചാട്ടത്തിന്റെ പതന സ്ഥലത്തേക്ക് കരിങ്കലല്‍ പാകിയ ഒരു ചെറിയ പാത കണ്ടു. നല്ല താഴ്ചയിലേക്ക് കുത്തനെ ഇറങ്ങുന്ന പാത്.  ഞാന്‍ തെല്ലൊന്നു സംശയിച്ച് നിന്നപ്പോള്‍ അന്തപ്പന്‍ പ്രോല്‍സാഹിപ്പിച്ചുകൊണ്ട് പറഞ്ഞു. "വാ ഇക്കാ..".  സംശയത്തെ മുകളില്‍ ഉപേക്ഷിച്ച് താഴേക്ക് ഇറക്കം തുടങ്ങി.  മലമ്പ്രദേശങ്ങളിലെ റോഡുകളെ ഓര്‍മ്മിപ്പിക്കുന്ന തരത്തിലുള്ളതുപോലെ താഴേക്ക് വളഞ്ഞു പുളഞ്ഞ് ഇറങ്ങുന്ന വഴി.  സൂക്ഷിച്ച് ഇറക്കം തുടങ്ങി.  ചിലര്‍ വൃക്ഷങ്ങളുടെ വേരുകളിലും മറ്റും പിടിച്ച് കുത്തനെ കയറുന്നു.  പൊണ്ണത്തടിയനായ ഒരു സായ്പ് ഈസിയായി കയറ്റം കയറിവരുന്നു.  ന്റമ്മോ എന്തൊരു സ്റ്റാമിന?!  മക്കളുടെയും കൊച്ചുമക്കളുടെയും കൂടെ വന്ന് അവരുടെ നിര്‍ബന്ധത്തിനു വഴങ്ങി കുറച്ചു ദൂരം ഇറക്കമിറങ്ങി "വിവരമറിഞ്ഞ" ചില അമ്മച്ചിമാര്‍ പറയുന്നത് കേട്ടു " ഹൊ.. ഇതാണെങ്കില്‍ വരേണ്ടായിരുന്നു".

ഇതൊന്നും കേട്ടതായി ഭാവിക്കാതെ ആന്റോ ഇറക്കം ഇറങ്ങുകയാണ്.  വീഴാതിരിക്കാന്‍ വളരെയധികം ശ്രദ്ധിക്കണം.  അവസാനം വെള്ളച്ചാട്ടം പതിക്കുന്ന സ്ഥലത്തെത്തി.  അതിന്റെ ഒരു ഭംഗി പറഞ്ഞറിയിക്കുക അസാധ്യം!  പാറകളിലേക്ക് അടിച്ചുവീണു ചിതറുന്ന വെള്ളത്തുള്ളികള്‍ ധൂളികളായി എല്ലായിടത്തും പരക്കുന്ന കാഴ്ച അതിമനോഹരം.  (കാമറക്കണ്ണുകള്‍ ഫോട്ടോയെടുക്കുമ്പോള്‍ മാത്രം തുറന്നു വക്കുവാന്‍ ശ്രദ്ധിക്കുക).  അവിടെയും ഒരുപാട് ആളുകള്‍ ഒറ്റക്കും കൂട്ടായും ഉണ്ട്.  വെള്ളച്ചാട്ടത്തിനടിയിലേക്ക് ആളുകള്‍ പോകുന്നത് ഒഴിവാക്കുവാന്‍ കയര്‍ കെട്ടി തിരിച്ചിരിക്കുന്നു, നിരീക്ഷിക്കാന്‍ ആളുകളുമുണ്ട്.  ചുറ്റും പ്രകൃതിയുടെ വന്യമായ സൌന്ദര്യം നിറഞ്ഞു നില്‍ക്കുന്നു.  അവിടെ കുറെ സ്നാപ്സ് എടുത്തു.  വെള്ളത്തില്‍ ഒലിച്ചു വന്ന ഒരു വലിയ മരത്തടി മുകളില്‍ നിന്ന് "ഇപ്പോ വീഴും" എന്ന നിലയില്‍ നില്‍ക്കുന്നു.  വെള്ളച്ചാട്ടത്തിനരികില്‍ പ്രണയ ചിത്രങ്ങള്‍ എടുക്കുന്ന ചില ഉത്തരേന്ത്യന്‍ കമിതാക്കളും ദമ്പതികളും.  തമിഴ് മക്കള്‍ എല്ലായിടത്തുമുണ്ട്. 



കുറെ നേരം വെള്ളച്ചാട്ടത്തിന്റെ അടിഭാഗത്ത് നിന്നു.  ഇത്രക്ക് മനോഹരമായ ഒരു വെള്ളച്ചാട്ടത്തിന്റെ അവസ്ഥ ഒരു ജലവൈദ്യുത പദ്ധതി വന്നാലെന്തായിരിക്കും എന്ന് ചിന്തിക്കാതിരുന്നില്ല.  കേന്ദ്ര മന്ത്രി ജയറാം രമേഷിനെ മനസ്സില്‍ സ്മരിച്ചു.  ഒരാളെങ്കിലും (അതും ഒരു രാഷ്ട്രീയക്കാരന്‍) അതിരപ്പിള്ളിക്ക് വേണ്ടി വാദിക്കുന്നുണ്ടല്ലോ!  വര്‍ത്തമാനകാലത്തിലെ വികസന വാദികളായ രാഷ്ട്രീയക്കാരുമായി താരതമ്യം ചെയ്യുമ്പോള്‍ ഇദ്ദേഹം ഒരു അപൂര്‍വ മനുഷ്യന്‍ തന്നെ സംശയമില്ല.  (ഞാന്‍ ഒരു കോങ്ക്രസ്സ്കാരനല്ല കേട്ടോ).  കുറച്ച് നേരത്തിനു ശേഷം തിരിച്ച് കയറാന്‍ തീരുമാനിച്ചു.  ശരിക്കും വിവരമറിഞ്ഞു എന്നുപറഞ്ഞാല്‍ അധികമാവില്ല.  നല്ല കഠിനം തന്നെ തിരിച്ചുള്ള കയറ്റം.  ഇടക്ക് ഞാന്‍ ഫോട്ടൊ എടുക്കാനെന്ന ഭാവത്തില്‍ അല്പം ഇരുന്നു. 



ഒരു വിധം മുകളില്‍ എത്തി.  അവിടെ ആളുകള്‍ക്ക് ഇരിക്കുവാന്‍ മുളയും ഓലയും മറ്റും ഉപയോഗിച്ച് നിര്‍മ്മിച്ച ചില ഷെഡുകള്‍ ഉണ്ട്.  അവിടെ നീണ്ടു നിവര്‍ന്ന് മലര്‍ന്നു കിടന്നു.  കൈയില്‍ ഭക്ഷണ പാക്കറ്റുകളിലില്ലാത്തതിനാലാവണം വാനരന്‍മാര്‍ ഞങ്ങളെ തീരെ മൈന്റ് ചെയ്തില്ല.  നേരത്തെയുണ്ടായ സംഭവം ഓര്‍മ്മയുണ്ടായതിനാല്‍ കാമറ ഭദ്രമാക്കി വച്ചു.  ആന്റോ കൊണ്ടു വന്ന ഇളം തണുപ്പുള്ള വെള്ളം കുടിച്ചപ്പോള്‍ ഒന്ന് ഉഷാറായി.  നല്ല വെയിലുണ്ട്.  തെളിഞ്ഞ അന്തരീക്ഷം.  രാവിലത്തെ മഴക്കോള്‌ കണ്ടപ്പോള്‍ ഇത്ര തെളിഞ്ഞ അന്തരീക്ഷം ഒരിക്കലും പ്രതീക്ഷിച്ചില്ല.  വെള്ളച്ചാട്ടത്തിന്റെ മുകള്‍ഭാഗത്തേക്ക് നടന്നു.  മുകളില്‍ നിന്നുള്ള ദൃശ്യവും എത്ര വര്‍ണ്ണിച്ചാലും മതിയാവില്ല.  അത്രക്ക് ഭംഗി. 







ഒരുപാട് നേരം ആസ്വദിച്ച് നിന്നു.  മുളകൊണ്ട് കെട്ടിയിരിക്കുന്ന കൈവരിയുടെ ബലത്തില്‍ അത്രക്ക് വിശ്വാസമില്ലാത്തതുകൊണ്ട് അതില്‍ നിന്നും കുറച്ച് അകലം പാലിച്ചു.  "എന്തിനാ വെറുതെ റിസ്കെടുക്കുന്നേ" എന്ന പരസ്യ വാചകം മനസ്സില്‍ മുഴങ്ങുന്നുണ്ടായിരുന്നു.  ഇടതുഭാഗത്ത് വെള്ളം ഒഴുകി വരുന്ന ചാലില്‍ ഒരുപാട് ആളുകള്‍ മുങ്ങി നിവര്‍ന്നുകൊണ്ട് തിമര്‍ക്കുകയാണ്.  ഇടക്കിടെ ഫുട്ബോള്‍ മാച്ചിനിടക്കുള്ള പോലെ വിസിലിന്റെ ശബ്ദം - ഗാര്‍ഡുമാരുടെ വക.  എന്നാലും ചില കേമന്‍മാര്‍ ഒരുപാട് മുന്നിലേക്ക് അതിക്രമിച്ച് കടന്നിരിക്കുന്നു.  ഇടക്കിടെ പത്രത്തിലും മറ്റ് മീഡിയാകളിലും കാണുന്ന "അതിരപ്പിള്ളിയില്‍ ***** കാണാതായി, അതിരപ്പിള്ളിയില്‍ **** മുങ്ങിമരിച്ചു" തുടങ്ങിയ വാര്‍ത്തകള്‍ മനസ്സിലേക്ക് കടന്നുവന്നു.  നല്ല വഴുക്കലുള്ള പറകളാണ്‌ അവിടെ.  ചിലയിടത്ത് നല്ല കുഴികളും ഉണ്ട്.  അതുകൊണ്ട് സാഹസം ഒഴിവക്കുന്നതാണ്‌ ബുദ്ധി.വെള്ളത്തില്‍ മുങ്ങിനിവരുന്ന വനിതകളുള്ളിടത്ത് കുറച്ച് തിരക്കനുഭവപ്പെടുന്നത് കാണുന്നുണ്ടായിരുന്നു.  ആയുധമേന്തിയ ദൈവങ്ങളെപ്പോലെ മൊബൈല്‍ കാമറ പിടിച്ച് നിന്നുകൊണ്ട് ദൃശ്യങ്ങള്‍ പകര്‍ത്തുന്നവര്‍ ഒരുപാടുണ്ട്.  ജീവനില്ലാത്ത ശരീരത്തെപ്പോലും മൊബൈലില്‍ പകര്‍ത്തുന്ന കാമറമാന്മാരുടെ സ്വന്തം നാടാണല്ലോ നമ്മുടെത്. 
വെയില്‍ കുറച്ച് തലക്കടിച്ചു തുടങ്ങിയപ്പോള്‍ ഒരു തരം അസ്വസ്ഥത അനുഭവപ്പെടാന്‍ തുടങ്ങി.  കൂടാതെ നല്ല വിശപ്പും.  തിരിച്ച് കയറാന്‍ തീരുമാനിച്ചു.  കുറച്ച് ക്ഷീണമൊക്കെയുണ്ടായിരുന്നു എങ്കിലും ഭക്ഷണ കാര്യമായതിനാല്‍ കാലുകളുടെ വേഗതയെ അത് തെല്ലും കുറവു വരുത്തിയില്ല.  മുന്പ് പറഞ്ഞ ഷെഡുകളില്‍ ചിലര്‍ ഭക്ഷണം കഴിക്കുന്നു.  അവിടെനിന്നും വല്ലതും അടിച്ചുമാറ്റാന്‍ തക്കം പാര്‍ത്ത് കുരങ്ങന്‍മാര്‍. 
സമയം 3:15.  ഞങ്ങള്‍ പ്രവേശന കവാടത്തിലെത്തി.  അങ്ങിങ്ങ് കാണുന്ന ഭക്ഷണശാലകളില്‍ ഭേദമെന്ന് തോന്നിയ ഒന്നില്‍ കയറി.  ഊണിന്റെ സമയമെല്ലാം കഴിഞ്ഞിരിക്കുന്നു.  അവസാനം ചോറും നന്നായി വെള്ളം ചേര്‍ത്ത സാമ്പാറും മുളകുപൊടിയാല്‍ സമൃദ്ധമായ അച്ചാറും മുന്നിലെത്തി.  ഇതാണെത്രെ ഊണ്.  എന്തായാലും വയറിന്റെ വിളി അവഗണിക്കാനാവില്ലല്ലോ.  ആന്റോക്ക് ഇതൊന്നും പുത്തരിയല്ല.  തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ സെയില്‍സിനു വേണ്ടി യാത്രചെയ്യുമ്പോള്‍ ഇതുപോലുള്ള ഊണ്‌ കഴിക്കാറുണ്ടെന്ന് അവന്‍ പറഞ്ഞപ്പോള്‍ സമാധാനമായി.  കൊണ്ടു വച്ച ഭക്ഷണം മുഴുവന്‍ കഴിക്കാന്‍ തോന്നിയില്ല.  വിശപ്പിനു തെല്ലൊരു ആശ്വാസം തോന്നിയപ്പോള്‍ എഴുന്നേറ്റു.  30 രൂപ.  എന്റെ അഭിപ്രായത്തില്‍ ഒരു 10 രൂപക്കേ ഉള്ളൂ!.  എന്തായാലും വിശപ്പിന്‌ അശ്വാസമായതിലോടെ ശരീരത്തിനും ഒരു ഉണര്‍വ് അനുഭവപ്പെട്ടു.

ശരീരത്തിനു കുറച്ച് ക്ഷീണം അനുഭവപ്പെട്ടു തുടങ്ങിയത് വീണ്ടും വണ്ടിയെടുത്തപ്പോഴാണ്.  എന്നാലും യാത്ര അതിയായി ആസ്വദിക്കാന്‍ കഴിഞ്ഞു.  വീട്ടിലേക്കെത്തുവാന്‍ ആന്റോക്ക് വലിയ തിടുക്കമൊന്നുമുണ്ടായില്ല.  വരുന്ന വഴിക്ക് ഒരു വാട്ടര്‍തീം  പാര്‍ക്ക് ഉണ്ട്.  വലിയ കവാടവും മറ്റും ദൂരെനിന്നും കാണാം.  ഒരു നിഗൂഡമായ കോട്ടപോലെ തോന്നിച്ചു അതിന്റെ നില്‍പ്പ്.  അവിടെ നിന്നും മൂന്നാര്‍, കൊച്ചി എയര്‍പോര്‍ട്ട് എന്നിവിടങ്ങളിലേക്ക് എളുപ്പവഴിയുണ്ട്.  മൂന്നാറിലേക്ക് ഒരു എണ്ണപ്പന തോട്ടത്തിനു നടുവിലൂടെയുള്ള വഴി.  തോട്ടത്തിലേക്ക് കടക്കുന്ന സ്ഥലത്ത് ഒരു സെക്യൂരിറ്റി പോസ്റ്റും.  നല്ല ഒരു ചേട്ടനായിരുന്നു ആ സമയത്ത് അവിടെ ഡ്യൂട്ടിക്കുണ്ടായിരുന്നത്.  അദ്ദേഹം ആ തോട്ടത്തിനെപറ്റിയും വഴിയെ പറ്റിയും എല്ലാം വിശദമായി പറഞ്ഞു തന്നു.  പക്ഷെ ഞങ്ങള്‍ക്ക് അങ്ങോട്ട് പോകാന്‍ തോന്നിയില്ല.  നേരം 5 മണിയാവാറായിരിക്കുന്നു.  അവിടെ ഒരു പാലമുണ്ട്.  ചാലക്കുടി പുഴ ആ പാലത്തിനടിയിലൂടെ ഒഴുകിവരുന്നു.  വളരെ മനോഹരമാണ്‌ ഇവിടവും.  വണ്ടി വഴിയിലൊതുക്കി കുരച്ചു നേരം അവിടെ നിന്നു. 
വീട്ടിലേക്ക് വച്ചുപിടിക്കാന്‍ നേരമായി.  ഇനിയെത്ര നാള്‍ അതിരപ്പിള്ളി എന്ന സുന്ദരിയെ ഇതുപോലെ കാണാന്‍ കഴിയും എന്നാണ്‌ മടങ്ങുമ്പോള്‍ ചിന്തിച്ചത്.  ജലവൈദ്യുത പദ്ധതി വന്നാല്‍ ഇവിടെ എന്താവുമോ എന്തോ?  എടുത്ത് പറയാവുന്ന കാര്യം നല്ല രീതിയിലുള്ള ചില പ്രതിഷേധ പ്രസ്ഥാനങ്ങള്‍ അങ്ങിങ്ങ് പ്രവര്‍ത്തിക്കുന്നുണ്ട്.  പണ്ട് ആളുകള്‍ക്ക് ഇത്രക്കും വിവരം വെക്കുന്നതിനു മുന്പ് ഡാമൊക്കെ ഉണ്ടാക്കിയപോലെ ഇന്നത്തെ കാലത്ത് അത്ര എളുപ്പമല്ല.  അതിരപ്പിള്ളിയില്‍ അണക്കെട്ട് പണിയാന്‍ കാണിക്കുന്നത്ര താല്‍പര്യം അങ്ങ് മുല്ലപ്പെരിയാറിന്റെ കാര്യത്തില്‍ പ്രകടിപ്പിച്ചിരുന്നുവെങ്കില്‍ എത്ര നന്നാവും.  999 വര്‍ഷത്തെ പാട്ടകരാറിന്റെ കാര്യത്തില്‍ കേരളം പാണ്ടികള്‍ക്ക് അടിപ്പെടുന്ന സമീപനമാണ്‌ തുടര്‍ന്നു പോരുന്നത്.  പാണ്ടികളാണെങ്കില്‍ കിട്ടാവുന്നതൊക്കെ കേരളത്തില്‍ നിന്നും അടിച്ചെടുക്കുകയും ചെയ്യുന്നു.  മുല്ലപ്പെരിയാറിലെയും മറ്റു ചില അണക്കെട്ടുകളിലെയും വെള്ളവും പിന്നെ പാലക്കാട് റെയില്‍വേ ഡിവിഷന്‍ വരെ എത്തി നില്‍ക്കുന്നു കാര്യങ്ങള്‍.  കേരളീയരുടെ അരിയും പച്ചക്കറികളും കാണിച്ച് ഭീഷണിപ്പെടുത്തി അവര്‍ കാര്യം നേടുന്നു.  എന്താ ചെയ്യാ???!!!
ഞങ്ങള്‍ കാടിറങ്ങുമ്പോള്‍ ചിന്തകള്‍ കാട് കയറുകയായിരുന്നു. വൈകുന്നേരമായതോടെ റോഡില്‍ തിരക്ക് തുടങ്ങി. എല്ലാവരും മടങ്ങുകയാണ്. ചാലക്കുടിയിലെ ഇന്ത്യന്‍ കോഫി ഹൌസിലെ ചായയും മസാലദോശയും കൂടി കഴിച്ചപ്പോള്‍ ഉണ്ടായിരുന്ന ക്ഷീണമെല്ലാം എവിടെയോ പോയ്മറഞ്ഞു. സാധാരണ ഒരു യാത്ര കഴിഞ്ഞാലുണ്ടാവാറുള്ള തലവേദന ഇത്തവണ ഇല്ലായിരുന്നു. ആദ്യാവസാനം ആസ്വദിച്ച് തന്നെ പോയി വന്നു. ആന്റോയെപോലെ ഒരു കൂട്ടുകാരനെ ഇത്തരം യാത്രകളില്‍ കിട്ടിയാല്‍ അതൊരു ഭാഗ്യം തന്നെ. അടുത്ത വെക്കേഷനില്‍ അതിരപ്പിള്ളി വഴി വാല്‍പ്പാറ-പൊള്ളാച്ചി ഒന്നു പോയി നോക്കാന്നാണ്‌ ഞങ്ങളുടെ ഇപ്പോഴത്തെ പ്ലാന്.
ഇനി അടുത്ത വെക്കേഷന്‍ വരെ (മിക്കവാറും അടുത്ത ചെറുപെരുന്നാളിനോ അതിനു ശേഷമോ) കാത്തിരിക്കുക. അതുവരെ വരണ്ടുണങ്ങിയ മരുക്കാഴ്ചകള്‍ കണ്ടുകൊണ്ട് കഴിച്ചുകൂട്ടുക തന്നെ. ദൈവത്തിന്റെയും നമ്മുടെയും സ്വന്തം നാടിനെ ഒരുപാടൊരുപാട് ഓര്‍ത്തുകൊണ്ട്....
 
സ്വകാര്യം:  (നെറ്റിനു സ്പീഡ് കുറവായതിനാല്‍ ഫോട്ടോസ് ചിലത് അപ്‌ലോഡ് ചെയ്യാന്‍ പറ്റിയിട്ടില്ല.  അടുത്തു തന്നെ ആ ഫോട്ടോസ് മാത്രം ഒരു പോസ്റ്റായി പ്രതീക്ഷിക്കാം.  എല്ലാവര്‍ക്കും ഈദ് മുബാറക്ക്).

2010, നവംബർ 3, ബുധനാഴ്‌ച

അപ്രതീക്ഷിതം ഈ അതിരപ്പിള്ളി-വാഴച്ചാല്‍ യാത്ര.. ഭാഗം - 1

ആസ്വാദ്യകരമായ ഒരുപാട് യാത്രാവിവരണ ബ്ലോഗുകള്‍ക്കിടയില്‍ എന്റെ ഈ എളിയ പോസ്റ്റ് എങ്ങിനെ സ്വീകരിക്കപ്പെടും എന്നറിയില്ല എന്നാലും എന്റെ ചെറിയ അതിരപ്പിള്ളി യാത്രയെ ഇവിടെ സമര്‍പ്പിക്കുന്നു.
നാട്ടില്‍ ഇത്തവണ ലീവിനു പോകുന്നതിനു മുന്പ് തന്നെ ഒരു യാത്ര പോകണം എന്ന്‌ ഒരുപാട് പ്ലാനിംഗ് ഒക്കെ നടത്തി. പക്ഷെ നാട്ടിലെത്തിയപ്പോള്‍ ആകെ സാഹചര്യങ്ങള്‍ മാറി മറഞ്ഞു. ഒരു പാട് പ്ലാന്‍ ചെയ്ത് ചെയ്ത് അവസാനം യാതൊരു പ്ലാനിങ്ങുമില്ലാതെ നടത്തിയ ഒരു അതിരപ്പിള്ളി യാത്ര.

ശ്രീമതിയെയും കൂട്ടി ഒരു യാത്രയാണ്‌ ഉദ്ദേശിച്ചിരുന്നതെങ്കിലും പല പല കാരണങ്ങള്‍ കൊണ്ട് ഒഴിവാക്കേണ്ടി വന്നു.  പകരം കിട്ടിയത് അന്തപ്പന്‍ എന്ന് ഞാന്‍ സ്നേഹത്തോടെ വിളിക്കുന്ന ആന്റോയെ. ആന്റോയുമായി ഒന്ന് എറണാകുളത്തിനു പോകണം എന്ന് പറഞ്ഞിരുന്നു.  പണ്ട് ഒന്നിച്ച് ജോലി ആവശ്യാര്‍ത്ഥം നടത്തിയിരുന്ന ട്രെയിന്‍ യാത്രയുടെ ഒരു ആവര്‍ത്തനം മനസ്സിലുണ്ടായിരുന്നു.  വീട്ടില്‍ നിന്നും എറണാകുളത്തേക്ക് എന്നും പറഞ്ഞാണ്‌ ഇറങ്ങിയത്.  കൊടുങ്ങല്ലൂര്‍ - ആനാപ്പുഴ - കൃഷ്ണന്‍കോട്ട വഴി മാളയിലേക്ക് (അവിടെയാണ്‌ ആന്റോയുടെ വീട്) കത്തിച്ചു വിട്ടു.  9 മണിക്ക് അവന്റെ വീട്ടില്‍.  അവിടെ എത്തിയപ്പോഴേക്കും ആകാശമെല്ലാം ഒരു വിധം തെളിഞ്ഞിരുന്നു.  എന്നാലും ഒരു മഴ എപ്പോ വേണമെങ്കിലും പ്രതീക്ഷിക്കാം എന്ന നില.  നമുക്കൊന്ന് അതിരപ്പിള്ളിക്ക് വിട്ടാലോ?  ആ നിര്‍ദ്ദേശത്തിനു മുന്പില്‍ എനിക്ക് എതിരഭിപ്രായമുണ്ടായിരുന്നില്ല. അവന്റെ സ്വരത്തില്‍ എല്ലാം "ഈസി"യായി തോന്നി.

 മഴവന്നാലൊരു രക്ഷക്ക് വേണ്ടി ജാക്കറ്റ് ഉണ്ടായിരുന്നു.  തലേന്ന് അടിച്ച 150 രൂപയുടെ പെട്രോളില്‍ അധികം ഒന്നും കത്തിയിട്ടില്ല.ഫുഡ് ഒക്കെ നമുക്ക് വഴിയില്‍ കിട്ടും എന്നും പറഞ്ഞുകൊണ്ട് ആന്റൊ മഴക്കോട്ടുമായെത്തി.  വണ്ടിയില്‍ കയറാന്‍ നേരത്ത് ചാവി അവന്റെ കൈയില്‍ കൊടുത്തപ്പോള്‍ ഒരു വല്ലാത്ത ചിരി ചിരിച്ചുകൊണ്ട് അവന്‍ പറഞ്ഞു "ഇക്കാ എനിക്ക് ഗിയറില്ലാത്ത വണ്ടി ഓടിക്കാനേ അറിയൂ".  ഞാന്‍ ചെറുതായി ഒന്ന് ഞെട്ടാതിരുന്നില്ല. കാരണം ഇത്ര ദൂരം വണ്ടിയോടിക്കുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം അതുവരെ സംഭവിച്ചിട്ടില്ല എന്നത് തന്നെ.  എന്തായാലും ഇറങ്ങി തിരിച്ചു, ഇനി പിന്‍മാറിയാല്‍ ശരിയാവില്ല. 9:20നു ഞങ്ങള്‍ മാളയില്‍ നിന്നു ചാലക്കുടിയിലേക്ക് യാത്ര തിരിച്ചു.  എന്റെ ബൈക്ക് ഹീറോ ഹോണ്ട പാഷന്‍ പ്രോ.

ചാലക്കുടി പിന്നിടുമ്പോഴും കണ്ണാടിയിലൂടെ മഴക്കോള്‌ നല്ല കറുത്ത നിറത്തില്‍ കാണാമായിരുന്നു.  പക്ഷെ മുന്നിട്ടിറങ്ങിയതല്ലേ, ഇനി പിന്മാറ്റമില്ല എന്ന് മനസ്സില്‍ ഇടക്കിടെ പറഞ്ഞുകൊണ്ടിരുന്നു.  കൂടാതെ എന്തിനും തയ്യാറായി അന്തപ്പനും!  ചാലക്കുടി ദേശീയപാതയെ മുറിച്ച് കടന്ന് അടുത്ത ജംഗ്ഷനില്‍ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് കുറച്ച് ദൂരം വടക്കോട്ട് പോയി വീണ്ടും അടുത്ത് ജംഗ്ഷനില്‍ നിന്ന് വലത്തോട്ടുള്ള വഴിയാണെന്ന് ഒരു തഴക്കം വന്ന ഗൈഡിനെപോലെ പിന്‍സീറ്റിലിരുന്നുകൊണ്ട് ആന്റോ വഴി പറഞ്ഞുകൊണ്ടിരുന്നു.  ഇടക്ക് ഞങ്ങളുടെ ടാങ്കും നിറച്ചപ്പോള്‍ ഒന്നുകൂടി ഉഷാറായി. 

ചാലക്കുടിയില്‍ നിന്നും അതിരപ്പിള്ളിക്കുള്ള വഴി നല്ല നിലവാരത്തിലുള്ളതാണ്‍ (ചുരുങ്ങിയ പക്ഷം കനത്ത മഴക്കാലം വരുന്നത് വരെയെങ്കിലും).  വഴിയിലുള്ള സ്ഥലങ്ങളെ കൂടുതല്‍ പരിഗണിച്ചില്ല, കാരണം എത്രയും വേഗം മഴ വരുന്നതിനു മുന്പ് അതിരപ്പിള്ളിയിലെത്തണം എന്ന ലക്ഷ്യം തന്നെ.കുറെ പോയികഴിഞ്ഞപ്പോള്‍ വഴിയുടെ സ്വഭാവം മാറിത്തുടങ്ങി.  വഴികാട്ടിയായിട്ടുള്ള സര്‍ക്കാര്‍ ബോര്‍ഡുകളില്‍ ദൂര സംഖ്യകള്‍ കുറഞ്ഞുകൊണ്ടിരുന്നു.  ഇടക്ക് ഒരു വെയിറ്റിംഗ് ഷെഡ് കണ്ടപ്പോള്‍ ഞാന്‍ പെട്ടെന്ന് വണ്ടി നിര്‍ത്തി.  കാരണം നടുവൊന്ന് നിവര്‍ത്തല്‍ അത്യാവശ്യമായിരുന്നു.  ഇതിനകം ബിസിനസ്സില്‍ ഒരു ചെറിയ മുതലാളിയായിക്കഴിഞ്ഞിരുന്ന അന്തപ്പന്‍  ഈ അവസരം അവന്റെ ഓഫീസിലേക്കും മറ്റും വിളിക്കാനായി ഉപയോഗിച്ചു.ആ പരിസരത്ത് ആകെ ഒരു വീട് കുറച്ചു മാറി.  പക്ഷെ ആരെയും സമീപത്തൊന്നും കണ്ടില്ല.  കുറച്ച് കഴിഞ്ഞപ്പോള്‍ എവിടെനിന്നോ ഒരു നായ വന്നിട്ട് ഞങ്ങളുടെ ബൈക്കിനെ ഒന്ന് നോക്കി.  പിന്നെ എന്റെ അടുത്തു വന്നു ശേഷം ആന്റോയുടെ അടുത്തും.  അവനെ അതിനെ വേണ്ടവിധം തൊട്ടു തലോടി കൈയിലുണ്ടായിരുന്ന ലൈസിന്റെ ഏതാനും കഷണങ്ങള്‍ കൊടുത്തപ്പോള്‍ മൂപ്പര്‍ക്ക് പെരുത്ത് ഹാപ്പി!  പക്ഷെ അവന്റെ ഒരു ഫോട്ടോ എടുക്കാന്‍ വേണ്ടി കാമറ എടുത്തതും ഒറ്റ ഓട്ടം വച്ചുകൊടുത്തത് വളരെ വിചിത്രമായി തോന്നി ഞങ്ങള്‍ക്കും!. 





യാത്രയുടെ ഒറ്റ ഇരുപ്പില്‍ അനുഭവപ്പെട്ടിരുന്ന മരവിപ്പിനു തെല്ലൊരു അശ്വാസം കിട്ടിയപ്പോള്‍ ഞങ്ങള്‍ യാത്ര തുടര്‍ന്നു.  കൂടുതല്‍ പോകുന്തോറും ജനവാസം കുറഞ്ഞു വരുന്നു.  വഴിയില്‍ വന്യമൃഗങ്ങള്‍ കുറുകെ കടക്കുന്ന സ്ഥലം എന്ന് എഴുതി പലയിടത്തും വച്ചിരിക്കുന്നു.  പക്ഷെ അത്രക്ക് "വന്യന്മാരെ"  ആരെയും വഴിക്ക് കണ്ടതുമില്ല.വലതു വശത്തുകൂടി അതിരപ്പിള്ളി വെള്ളച്ചാട്ടതില്‍ നിന്നും ഒഴുകി വരുന്ന ചാലക്കുടിപുഴ ഒഴുകുന്നു.  കുറച്ച് ചെന്നപ്പോള്‍ വെള്ളാച്ചാട്ടത്തിന്റെ മൂളല്‍ കേട്ടു തുടങ്ങി.  വഴിയില്‍ ഇടക്കും തലക്കും കാണുന്നത് തമിഴ്നാട്ടുകാരായ ടൂറിസ്റ്റുകളെയും വഹിച്ചുകൊണ്ടുള്ള വാഹനങ്ങള്‍ മാത്രമെന്ന് പറയാം.  ചാലക്കുടി കഴിഞ്ഞപ്പോള്‍ ഞങ്ങളെ ഒരുപാട് ഹോണടിച്ച് വിരട്ടി കടന്നുപോയ പാണ്ടി ബസ്സ് വഴിയില്‍ ടയറിലെ കാറ്റുപോയി കിടക്കുന്നു. കിട്ടിയ അവസരം മുതലാക്കി ഞാനും കണക്കിനു കൊടുത്തു നമ്മുടെ ഹോണ്‍.  നമ്മളാരാ....  അതിരപ്പിള്ളിക്ക് തൊട്ടു മുന്പായി പ്രവേശന കവാടമൊക്കെ വനംവകുപ്പുകാര്‍ ഒരുക്കിയിട്ടുണ്ട്. പ്രവേശന ഫീസ് 15 രൂപ/ഒരാള്‍ക്ക്.  ബൈക്കിന്‍ 5 രൂപ.  കാമറക്കും കൊടുക്കേണ്ടി വന്നു ഫീസ്.  (വിദേശികള്‍ക്ക് 50 രൂപയാണ്‌ പ്രവേശനത്തിന്).  അവിടെനിന്നും എത്തിയത് അതിരപ്പിള്ളിയുടെ പ്രവേശന കവാടത്തില്‍.  ഒരു ചെറിയ ഉല്‍സവം നടക്കുന്നത്പോലെയുള്ള സ്ഥലം.  ആകെപ്പാടെ ഒരു കലമ്പലുള്ള അന്തരീക്ഷം.  കളിപ്പാട്ടങ്ങളും നീന്തല്‍ സാമഗ്രികളും കൂടാതെ ഭക്ഷണവും മറ്റും വില്‍ക്കുന്ന കടകള്‍.  ഏതാനും ഹോട്ടലുകള്‍.  പാണ്ടി നാട്ടിലെ വാഹനങ്ങളാണ്‍ പാര്‍ക്ക് ചെയ്തിരിക്കുന്നതിലധികം.  പ്രവേശന കവാടത്തില്‍ യൂണിഫോമിട്ട പോലീസുകാര്‍ (അതോ വനം വകുപ്പോ?) പാസ് പരിശോധിച്ച് ആളുകളെ കടത്തി വിടുന്നു.  വണ്ടിയില്‍ നിന്നും ഇറങ്ങാതെ കുറച്ചുനേരം അതൊക്കെ നോക്കിയിരുന്നു.  വാഴച്ചാല്‍ വെള്ളച്ചാട്ടം കാണേണ്ടതുള്ളതുകൊണ്ട് നേരെ വിട്ടു.

വീണ്ടും മുന്നോട്ട് പോകുമ്പോള്‍ റോഡിന്റെ സ്വഭാവത്തിനു അല്പം മാറ്റം സംഭവിച്ചതായി കാണാം.  അവിടവിടെ പൊട്ടിപൊളിഞ്ഞ് ചില സ്ഥലങ്ങളില്‍ നമ്മുടെ നാട്ടിലെ പഞ്ചായത്ത് റോഡിനെക്കാളും മോശം.  തമിഴ്നാട്ടിലെ വാല്പാറ പൊള്ളാച്ചി എന്നിവിടങ്ങളില്‍ നിന്നും ചാലക്കുടിക്കും തിരിച്ചും ബസ്സ് സര്‍വ്വീസുണ്ട്.  അവരുടെയും നമ്മുടെയും സര്‍ക്കാര്‍ വക ശകടങ്ങള്‍ കിതച്ച് നീങ്ങുന്നുണ്ട് വല്ലപ്പോഴും.  ചില സ്ഥലങ്ങളില്‍ വൈല്‍ഡ്ലൈഫ് വാര്‍ഡന്മാര്‍ നിലയുറപ്പിച്ചിട്ടുണ്ട്.  അവിടെയൊന്നും പാര്‍ക്ക് ചെയ്യാന്‍ പാടില്ലെന്നുള്ള ബോര്‍ഡുകള്‍ ഇടക്കിടെ കാണാം.  എന്നാലും ചില "ദുരൂഹന്മാര്‍" അവരുടെ കണ്ണുവെട്ടിച്ച് ഇന്ഡിക്കയും, മാരുതിയും മറ്റും പാര്‍ക്ക് ചെയ്തിരിക്കുന്നു.  കാടിന്റെ വന്യമായ സൈലന്റ് മോഡിനെ കീറി മുറിക്കുന്നത് ഏതാനും ചില വാഹനങ്ങളുടെ ശബ്ദങ്ങളും പിന്നെ ചിവീടുപോലുള്ള ചില ജീവികളുടെ കലപിലകളും മാത്രം.  റോഡിന്റെ സൈഡിലൂടെ ചില നീരുറവകള്‍ ഒഴുകി വരുന്നുണ്ട്.












ഒരു ചെറിയ ഇറക്കം ഇറങ്ങുമ്പോള്‍ ഒരു വെള്ളച്ചാട്ടത്തിന്റെ ചെറിയ ബോര്‍ഡ്.  (ചാര്‍പ്പയോ അതൊ ചാപ്രയോ).  അവിടെ ചില ഉത്തരേന്ത്യന്‍ യാത്രികര്‍ നിന്ന് ഫോട്ടോയെടുക്കുന്നു.  അവരുടെ വായ് നോക്കി നമ്മുടെ നാടന്‍ സഞ്ചാരികളും.  കുറെയധികം കുരങ്ങന്മാരെയും അവിടെ കണ്ടു.  ഏതാനും കുരങ്ങന്‍മാര്‍ കലുങ്കിന്റെ കൈവരികളിലും മറ്റും ഇരിപ്പുറപ്പിച്ചിട്ടുണ്ടായിരുന്നു.  ഫോട്ടോ എടുക്കാന്‍ ശ്രമിച്ചപ്പോള്‍ അവരില്‍ ചിലര്‍ നന്നായി പോസ് ചെയ്തു തന്നു.  എന്നാല്‍ ഒരെണ്ണം ചാടി മാറിക്കളഞ്ഞു.  ഒരു വലിയ പാറയുടെ മുകളില്‍ നിന്നും ഹുംകാരത്തോടെ ചാടിതുള്ളി താഴേക്ക് കുതിക്കുന്ന വെള്ളച്ചാട്ടം.  കലുങ്കിനടിയിലൂടെ റോഡിനപ്പുറത്തേക്ക് അതിവേഗം ഒഴുകിപ്പോകുന്നു അത്.  നല്ല കുളിര്‍മ്മയുള്ള ഒരു അന്തരീക്ഷം.  ഹെല്‍മറ്റും കോട്ടും എല്ലാം മാറ്റി അല്പനേരം അവിടെ നിന്നു. ശുദ്ധവായു നന്നായി വലിച്ചുകയറ്റിയപ്പോളുണ്ട് അതിലേക്ക് നമ്മുടെ സഞ്ചാരികളുടെ വക സിഗരറ്റിന്റെ മണം.  അതോടെ അവിടത്തെ നില്പ് അവസാനിപ്പിക്കാന്‍ തീരുമാനിച്ചു.  വീണ്ടും വണ്ടിയെടുത്ത് മുന്നോട്ട് നീങ്ങി.  അല്പ ദൂരം പോയപ്പോഴേക്കും വാഴച്ചാല്‍ വെള്ളച്ചാട്ടത്തിന്റെ പ്രവേശന കവാടത്തിലെത്തി.  മറ്റിടങ്ങളില്‍ നിന്നും വ്യത്യസ്ഥമായി പരന്നൊഴുകുന്നതാണ്‌ വാഴച്ചാല്‍ വെള്ളച്ചാട്ടം.







വാഴച്ചാല്‍ വെള്ളച്ചാട്ടത്തിലേക്കുള്ള പ്രവേശന കവാടത്തിലും കാവലുണ്ട്.  അതിരപ്പിള്ളിയില്‍ നിന്നെടുത്ത ടിക്കറ്റ് തന്നെ മതി ഇതിനകത്തേക്കും കടക്കാന്‍.  തമിഴ്നാട്ടിലേക്ക് പോകുന്ന വാല്‍പ്പാറ റോഡിനു കുറുകെ ഒരു ചെക്ക്പോസ്റ്റ്.  അവിടെ വാഹനത്തെയും ആളുകളെയും കര്‍ശന പരിശോധനക്ക് വിധേയമാക്കുന്നുണ്ട്.  വാഴച്ചാല്‍ വെള്ളച്ചാട്ടത്തിനടുത്ത് ഒരുപാട് ആളുകള്‍ പ്രത്യേകിച്ച് ഫാമിലീസ് എത്തിയിട്ടുണ്ട്.  അതിരപ്പിള്ളിയില്‍ കണ്ടത്ത് അണ്ണന്മാരെയായിരുന്നെങ്കില്‍ ഇവിടെ നമ്മുടെ ചേച്ചിമാരെയും ചേട്ടന്മാരെയുമാണ്‌ കാണാന്‍ കഴിഞ്ഞത്.  വെള്ളച്ചാട്ടത്തിനടുത്ത് കൈവരി കെട്ടിനിര്‍ത്തിയിരിക്കുന്നയിടത്തു നിന്നും നോക്ക്.  ദൂരെ എവിടെയോ നിന്ന് പാറകളുടെ മുകളിലൂടെ ആര്‍ത്തലച്ച് വരുന്ന വാഴ്ച്ചാല്‍ പരന്നൊഴുകുന്നു.  ആ സംഗീതത്തിനു ഒരു പ്രത്യേക രസമുണ്ട്.  അവിടെ നിന്നും ചില ഫോട്ടോസ് എടുത്തു.  പിന്നെ വലത്തോട്ട് കൈവരികള്‍ക്കരികിലുള്ള വഴിയിലൂടെ നടത്തം തുടര്‍ന്നു.  എല്ലായിടത്തും ഗാര്‍ഡുമാരുണ്ട്.  തെളിഞ്ഞ വെള്ളം കണ്ടപ്പോള്‍ പ്രശ്നമില്ലാത്ത ഒരു സ്ഥലത്ത് (ഗാര്‍ഡിന്റെ അനുമതിയോടെ) ഇറങ്ങി കൈയും മുഖവും ഒന്നു കഴുകി.  "ഹാവൂ..ആകപ്പാടെ ഒരുന്മേഷം".  അതുവരെയുണ്ടായിരുന്ന ക്ഷീണമെല്ലാം എവിടേക്കോ പോയി.  വീണ്ടും കുറച്ചു നടന്നു. ഇടതുഭാഗത്ത് ചില വീടുകളും അതിനോടനുബന്ധിച്ച് ചെറിയ ചില പെട്ടിക്കടകളും.  കാട്ടു തേന്‍ മുതല്‍ ബഹുരാഷ്ട്ര കോളകമ്പനികളുടെ ഉല്‍പന്നങ്ങള്‍ വരെ അവിടെ വില്ക്കാന്‍ വച്ചിരിക്കുന്നു.  കടയിലിരിക്കുന്നവര്‍ ഒട്ടും തന്നെ "ഫ്രന്റ്ലി"യായി തോന്നിയില്ല.  വേണമെങ്കില്‍ വാങ്ങിയാല്‍ മതി എന്ന ഒരു മട്ട്.  ഇനി പ്രത്യേകിച്ചൊന്നും വാഴച്ചാലില്‍ ഉണ്ടെന്നു തോന്നുന്നില്ല.  (വല്ലതും വിട്ടുപോയോ ആവോ?!).  തിരികെ നടന്നു.  ഏതാനും ഫോട്ടോസ് കൂടി എടുത്തു.  വയര്‍ വിശന്നു തുടങ്ങിയിരുന്നു.  എന്നാലും അത്യാവശ്യം പിടിച്ചു നില്‍ക്കാവുന്ന നിലയിലായിരുന്നതുകൊണ്ട് ഒരു ചായയിലൊതുക്കി.  പ്രവേശന കവാടത്തിലെ ഒരു കെട്ടിടത്തില്‍ ഒരു ചായക്കട കം കൂള്‍ഡ്രിംഗ്സ് കട പ്രവര്‍ത്തിക്കുന്നുണ്ട്.  ചായകുടിച്ചു കുറച്ചു നേരം ഒന്നു റിലാക്സ് ആയി.  വാഴച്ചാലില്‍ വോഡഫോണിന്‌ റെയിഞ്ച് ഇല്ല.  അതുകൊണ്ട് ഫോണ്‍ മിണ്ടാതെ പോക്കറ്റില്‍ കിടക്കുന്നുണ്ടായിരുന്നു.  വാഴച്ചാല്‍ കഴിഞ്ഞതും ഒരു 10-15 മെസ്സേജ്. വീട്ടില്‍ നിന്നും നമ്മളെ ട്രാക്ക് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ കിട്ടിയിരുന്നില്ലല്ലോ, അതിന്റെ സൂചകങ്ങളായ മെസേജുകള്‍ ഒന്നിനുപുറകെ ഒന്നായി വന്നെത്തിയതാണ്.  അതിരപ്പിള്ളി ലക്ഷ്യമാക്കി യാത്ര തുടങ്ങി.
(തീര്‍ന്നിട്ടില്ല...തുടരും .....കാത്തിരിക്കുക).

2010, ഒക്‌ടോബർ 11, തിങ്കളാഴ്‌ച

അലിക്കാ.. താങ്കള്‍ ജനങ്ങളുടെ പ്രതിനിധിയാണ്.

ഒരുപാട് അനിശ്ചിതത്വത്തിനും വാദപ്രതിവാദ വിവാദങ്ങള്‍ക്കും വിരാമമിട്ട് മങ്കട എം.എല്‍.എ.  ശ്രീ. മഞ്ഞളാംകുഴി അലി തന്റെ സ്ഥാനമാനങ്ങള്‍ രാജിവച്ചിരിക്കുന്നു.  അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിനു ഒരു വര്‍ഷത്തില്‍ താഴെ മാത്രം ബാക്കിയുള്ള സമയത്ത് സ്ഥാന ത്യാഗം നടത്തുക വഴി താന്‍ ഉള്‍പെട്ട മുന്നണിക്ക് തന്നോട് ചെയ്ത(?!) ക്രൂരതകള്‍ക്ക് പകരം വീട്ടുവാന്‍ ത്രിതല ജനവിധിയുടെ സമയം തന്നെ തെരഞ്ഞെടുത്തത് അദ്ദേഹത്തിന്റെ മനസ്സിനേറ്റ മുറിവിന്റെ ആഴം വ്യക്തമാക്കുന്നു.  പച്ചപുതച്ചു കിടന്ന മലപ്പുറത്തിന്റെ രാഷ്ട്രീയ ബോധത്തെ ഒരു പരിധിവരെ ചെമ്പട്ട് പുതപ്പിക്കാന്‍ ശ്രീ. അലി വഹിച്ച പങ്ക് ചെറുതല്ല്.  

എന്നിട്ടും തനിക്ക് അര്‍ഹമായ പരിഗണന മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍ നിന്നും ഇടതു മുന്നണിയില്‍ നിന്നും കിട്ടിയില്ല എന്ന കരച്ചില്‍ ശ്രീ. അലി ഒരുപാട് തവണ നടത്തിയിട്ടുണ്ട്.  ഈ അവസരത്തില്‍ അദ്ദേഹത്തിന്റെ രാജി വേണമായിരുന്നോ എന്ന ഒരു ചോദ്യം സ്വഭാവികമായും ഏതെങ്കിലും വോട്ടര്‍ ചിന്തിച്ചാല്‍ നമുക്ക് കുറ്റപ്പെടുതാനാവില്ല. കാരണം, നിയമസഭാ തെരഞ്ഞെടുപ്പിനു ഇനി മാസങ്ങളുടെ അകലം മാത്രം.  അദ്ദേഹം ആ സാമാജിക സ്ഥാനം 5 വര്‍ഷം മുഴുവനാക്കിയിട്ട്, അന്തസ്സായി ഞാന്‍ ഇടതുമുന്നണി വിടുകയാണ്‌ എന്ന് പ്രഖ്യാപിച്ചിരുന്നു എങ്കില്‍ ഒരു പക്ഷെ അതൊരു രാഷ്ട്രീയ മര്യാദയാകുമായിരുന്നു.  അദ്ദേഹം ഒരു പാര്‍ട്ടിയിലും മെമ്പര്‍ അല്ല.  ഇടതു മുന്നണിക്ക് പിന്തുണ കൊടുക്കുന്ന ഒരു സാമാജികന്‍ മാത്രം.  കാര്യങ്ങള്‍ ഇങ്ങിനെയിരിക്കെ ഒരു പാര്‍ട്ടിയെയും പേടിക്കേണ്ട ആവശ്യമില്ല.  നേരെ മറിച്ച് അലിക്ക ഒരു പാര്‍ട്ടി മെമ്പറായിരിക്കുകയും ആ പാര്‍ട്ടി അദ്ദേഹത്തോടെ അരുതാത്തത് പ്രവര്‍ത്തിക്കുകയും ചെയ്താല്‍ അതില്‍ പ്രതിഷേധിക്കുകയും തുടര്‍ന്ന് അവരോട് ഒത്തുപോവാന്‍ പറ്റില്ല എന്ന് പരസ്യമായി പറഞ്ഞുകൊണ്ട് രാജിവെക്കുകയും ചെയ്യാം-ആരും എതിരു പറയുകയില്ല. കാരണം അദ്ദേഹത്തിന്റെ എം.എല്‍.എ. സ്ഥാനം പാര്‍ട്ടിയുടെ ഒരു ഔദാര്യമായിട്ടേ കാണാന്‍ പറ്റുമായിരുന്നുള്ളൂ.  സ്വാഭാവികമായും പാര്‍ട്ടിയെ ധിക്കരിക്കേണ്ടി വന്നാല്‍ പാര്‍ട്ടി മുഖേനെ കിട്ടിയ സ്ഥാനമാനങ്ങള്‍ തിരികെ കൊടുക്കേണ്ടത് ഒരു ധാര്‍മ്മികമായ കടമയാകും.

എന്നാല്‍ ഇവിടെ അദ്ദേഹം ഒരു സ്വതന്ത്ര ജനപ്രതിനിധിയാണ്.  അദ്ദേഹത്തെ പാര്‍ട്ടി പിന്തുണക്കുകയാണ്‌ ചെയ്തത്.  ആ നിലക്ക് പാര്‍ട്ടിയുമായി എന്തെങ്കിലും അസ്വാരസ്യങ്ങളുണ്ടെങ്കില്‍ തല്‍ക്കാലം രംഗം വഷളാക്കാതെ അടുത്ത നിയമസഭാ ജനവിധിവരെ കാത്ത് ഇപ്പോള്‍ എടുത്ത തീരുമാനം അന്നത്തെ സാഹചര്യത്തിനനുസരിച്ച് പ്രഖ്യാപിക്കുകയായിരുന്നു വേണ്ടിയിരുന്നത്.

എം.എല്‍.എ. സ്ഥാനത്തിനൊപ്പം താന്‍ കൈകാര്യം ചെയ്തിരുന്ന് മറ്റു സ്ഥനമാനങ്ങള്‍ അദ്ദേഹത്തിനു രാജിവക്കേണ്ടത് അനിവാര്യമായിരുന്നു. കാരണം അവയെല്ലാം മുന്നണിയിലംഗമായതുകൊണ്ട് കിട്ടിയതാണ്.  പക്ഷെ, ഒരു മണ്ഡലത്തിലെ ജനങ്ങള്‍ അദ്ദേഹത്തെ തെരഞ്ഞെടുത്തത് 5 വര്‍ഷത്തേക്കാണ്.  അതിനാല്‍ ആ 5 വര്‍ഷ കാലയളവില്‍ അദ്ദേഹം തനിക്ക് വോട്ടിട്ട് ജയിപ്പിച്ച ജനങ്ങളോട് കടപ്പെട്ടിരിക്കുന്നു.  മങ്കട എന്ന മണ്ഡലത്തിലെ ജനങ്ങള്‍ക്ക് എന്തെങ്കിലും ഒരു അത്യാവശ്യകാര്യത്തിനായി ഈ കാലയളവില്‍ തങ്ങളുടെ ജനപ്രതിനിധിയെ ആശ്രയിക്കേണ്ടി വന്നാല്‍ അവര്‍ ആരുടെ അടുത്തേക്ക് പോകും??!!  പാര്‍ട്ടി മെമ്പറായ ജനപ്രതിനിധി പാര്‍ട്ടിയോട് പിണങ്ങി രാജിവക്കേണ്ടി വന്നിട്ടാണ്‌ അത്തരം ഒരു സാഹചര്യം സംജാതമാകുന്നതെങ്കില്‍ വലിയൊരളവില്‍ അതിനുത്തരവാദി പാര്‍ട്ടിയാണെന്ന് നമുക്ക് നിസ്സംശയം പറയാം.  എന്നാല്‍ കേവലം "സര്‍വ്വതന്ത്ര സ്വതന്ത്ര"നായ അലിക്കാക്ക് രാജിവക്കേണ്ട വല്ല കാര്യവുമുണ്ടായിരുന്നോ?  ഒരുവേള അദ്ദേഹത്തിന്റെ മനസ്സില്‍ പാര്‍ട്ടിയെ ഒരു പാഠം പഠിപ്പിക്കണം ഈ തദ്ദേശ തിരഞ്ഞെടുപ്പ് കഴിയുമ്പോഴേക്ക് എന്ന് തോന്നിയിരിക്കാം.

ശ്രീ. അലിയുടെ രാജി രാഷ്ട്രീയ മര്യാദകളുടെ അളവുകോല്‍ വച്ച് വിലയിരുത്തേണ്ടത് കാലഘട്ടത്തിന്റെ അത്യാവശ്യമാണ്.  അല്ലാത്തപക്ഷം പോസ്റ്ററൊട്ടികുകയും ജയ് വിളിക്കുകയും തെരഞ്ഞെടുപ്പിന്റെ അന്ന് അനുസരണയോടെ പോയി വോട്ടിടുകയും ചെയ്യുന്ന പൊതുജനത്തിനു കഴുത എന്ന വിശേഷണം തലയില്‍ നിന്നും ചുമലില്‍ നിന്നും തട്ടിയിടുവാന്‍ കഴിയില്ല.

2010, ഒക്‌ടോബർ 6, ബുധനാഴ്‌ച

ഫോട്ടങ്ങള്‍

മഴയത്തെ ഒരു ചിത്രം. എടുക്കാന്‍ ശ്രമിച്ചപ്പോള്‍ ഇങ്ങിനെയായിപ്പോയി.

വണ്ട് ആ പൂവിനുള്ളില്‍ കയറുന്നതും നോക്കി കുറെ കാത്തിരുന്നു.  പിന്നെ ക്ഷമകെട്ട് ഒറ്റ ക്ലിക്ക്! അതാണ്‌ ഇത്.


കാലത്തിന്റെ തഴുകലേറ്റ്...

ഒഴുക്കും കുഞ്ഞോളവും

ഒരു തല്ലിപ്പൊളി കാമറയിലൂടെ ഞാന്‍ കണ്ടവയാണ്‌ മുകളിലെ ചിത്രങ്ങള്‍.

2010, സെപ്റ്റംബർ 1, ബുധനാഴ്‌ച

വിലക്കയറ്റത്തിനിടയിലെ ഉറക്കം


വിലക്കയറ്റത്തിന്റെ ചര്‍ച്ചക്കിടയില്‍ പ്രണാബ് മന്ത്രി മറുപടി പ്രസംഗം ആരംഭിച്ചപ്പോള്‍ ഒരു ബഹുമാന്യ അംഗം അരികത്തിരുന്നു ഉറങ്ങുന്ന രംഗം. ഇവര്‍ക്കാണ്‌ ഈയിടെ ശമ്പളം 300 ഇരട്ടി (അതോ അഞ്ഞൂറോ?) കൂട്ടി നല്കിയത്.

2010, ജൂൺ 20, ഞായറാഴ്‌ച

വീണ്ടും ചിത്രങ്ങള്‍...

പാരതന്ത്ര്യം മാനികള്‍ക്ക് മൃതിയേക്കാള്‍ ഭയാനകം..

വഴികാട്ടി.. - (ചെറായി ബീച്ച്).

വഴി വാണിഭം. - (ഫോര്‍ട്ട് കൊച്ചി).

ഫ്രെഷ് ഫിഷ് - ഫ്രം (ഫോര്‍ട്ട് കൊച്ചി).

അതിവേഗം ബഹുദൂരം - (ചെറായി ബീച്ചില്‍ നിന്നും).

തിരികെ മടങ്ങുവാന്‍ തീരത്തണയുവാന്‍ ഞാനും കൊതിക്കാറുണ്ടെന്നും... (ചെറായി ബീച്ചിനടുത്ത്).



ഈ മനോഹര തീരം.. (കൊച്ചി കുമ്പളങ്ങി പാലത്തില്‍ നിന്നും).
 

അസ്തമയം - (കൊച്ചി സുഭാഷ് പാര്‍ക്കില്‍ നിന്ന് കണ്ടത്).


അബുദാബി മറീന


കണ്ണാടി ചിത്രം - 1 - (കൊമ്പത്തുകടവു തച്ചപ്പിള്ളി പാലത്തിനടുത്ത് - പുത്തന്‍ചിറ)

കണ്ണാടി ചിത്രം - 2 സ്ഥലം അഴീക്കോട് (കൊടുങ്ങല്ലൂര്‍) ബീച്ച്



ഇരമ്പിയാര്‍ത്തു പെയ്ത ഒരു മഴയത്ത് ഒരു തുക്കടാ കാമറ വച്ചെടുത്ത ചിത്രം.കഴിഞ്ഞ തവണ മഴ തുടങ്ങിയപ്പോഴേക്കും ലീവ് തീര്‍ന്നു. ഇത്തവണ ജുലൈ 1നു ലീവ് തുടങ്ങും. നല്ല മഴ സീസനെ പറ്റി ഓര്‍ത്തപ്പോള്‍ എടുത്തു പോസ്റ്റിയത്.



നാട്ടില്‍ പോകുന്നതിനെ പറ്റി ഓര്‍ത്തപ്പോള്‍ സിസ്റ്റം മെമ്മറിയില്‍ തപ്പി കിട്ടിയ ചില ചിത്രങ്ങള്‍. ചുമ്മാ ഒരു രസത്തിന്‌ ക്ലിക്കിയതാണ്. സീരിയസ് പരിപാടിയൊന്നുമല്ല. അതുകൊണ്ട് തെറ്റുകുറ്റങ്ങള്‍ ധാരാളം കാണാം.

2010, ജൂൺ 17, വ്യാഴാഴ്‌ച

കേരളാ കഫെ

സിനിമ കാണല്‍ ഇഷ്ടമുള്ള ഒരു പരിപാടിയാണെങ്കിലും പ്രവാസത്തില്‍ കിട്ടുന്ന അവസരങ്ങള്‍ വളരെ കുറവാണ്. എങ്കിലും തിയറ്ററുകളെ ഒഴിവാക്കി പരമാവധി കിട്ടുന്ന സി.ഡി. കള്‍ കണ്ടു തീര്‍ക്കുകയാണ്‌ പതിവ്.


കേരളാ കഫെ എന്ന രഞ്ജിത്തിന്റെ "പരീക്ഷണ ചിത്ര"മാണ്‌ ഒടുവില്‍ കണ്ടത്. 10 ചെറു സിനിമകള്‍ അടങ്ങിയ കേരളാകഫെ എന്തുകൊണ്ടും മലയാള സിനിമയിലെ ഒരു നല്ല കാല്‍വയ്പാണ്. ഇതുപോലൊയുള്ള ഒരു സംരംഭം ലോകത്ത് എവിടെയോ നടന്നിട്ടുണ്ട് എന്ന് പറഞ്ഞു കേള്‍ക്കുന്നു. സത്യന്‍ അന്തിക്കാടിന്റെ ആമുഖത്തോട് കൂടിയാണ്‌ കേരളാ കഫെ തുടങ്ങുന്നത്.  സമഗ്രമായ ഒരു ആസ്വാദനമോ അവലോകനമോ ഈയുള്ളവന്‍ ഉദ്ദേശിക്കുന്നില്ല. അതിനുള്ള ത്രാണിയൊട്ടില്ല. എന്റെ മനസ്സില്‍ ഈ സിനിമയെ പറ്റി തോന്നിയ കാര്യങ്ങള്‍ ഒരിടത്ത് കുറിച്ചിടുന്നു. അത്ര മാത്രം..എല്ലാ നടീ നടന്മാരുടെയും കഥാപാത്രങ്ങളുടെയും പേര്‍ ഓര്‍ത്തെടുക്കാന്‍ ബുദ്ധിമുട്ട്ള്ളത്കൊണ്ടു ചിലതൊക്കെ വിട്ടുപോയേക്കാം..
-------------------------------------------------------------------------------------------------------------
 
സിനിമ # 1 - നൊസ്റ്റാള്‍ജിയ.
ദിലീപ്, നവ്യ, സുധീഷ്, ബാബു നമ്പൂതിരി തുടങ്ങിയവരാണ്‌ പ്രധാന കഥാപാത്രങ്ങള്‍. പ്രവാസിയായ ദിലീപ് നാട്ടിലേക്ക് അവധിക്ക് വരുന്നതിന്‌ മുന്പുള്ള കള്ളുകുടി പാര്‍ട്ടിയിലാണ്‌ ചിത്രം ആരംഭിക്കുന്നത്. വയലാറിന്റെ ഈ മനോഹര തീരത്ത് തരുമോ... എന്ന ഗാന ശകലം ഉദ്ദരിച്ച് നായകന്‍ തന്റെ നാടിനെ പുകഴ്ത്തി പറയുന്നതിനിടയില്‍ പഴയ കൂട്ടുകാരന്റെ (സുധീഷ്) ഫോണ്‍കോള്‍. സഹപാഠികളായിരുന്ന അവര്‍ കാലത്തിന്റെ അനിവാര്യതയില്‍ വേര്‍പെട്ടുപോയതും മറ്റും ഇവിടെ പരാമര്‍ശിക്കുന്നു. തനിക്കും കൂടി ഗള്ഫില്‍ (ദുബായ്) ഒരു ജോലി ദിലീപിന്റെ കാരുണ്യത്തില്‍ - അതാണ്‌ സുധീഷിന്റെ ലക്ഷ്യം പോരാത്തതിന്‌ എടുത്താല്‍ പൊന്താത്ത ബാധ്യതകളും. അടുത്ത സീനില്‍ എറണാകുളം നഗരത്തിലെ ഗട്ടറില്‍ വീഴുന്ന വണ്ടിയുടെ കുലുക്കത്തില്‍ ഞെട്ടിയുണരുന്ന നായകന്‍ കേരളത്തെയും അവിടത്തെ റോഡുകളെയും ഭരണകൂടത്തിന്റെ ആസൂത്രണമില്ലായ്മയെയും എല്ലാം വളരെ വൈകാരികമായി വിമര്‍ശിക്കുന്നു. 
 
പഴയ തറവാട് കൊടുത്തു കാശുവാങ്ങി അവിടെയുള്ള മാതാപിതാക്കളെ സഹോദരിയുടെ വീട്ടിലാക്കുകയാണ്‌ ദിലീപ് ഇദ്ദേശിക്കുന്നത്. ഇതു മുന്‍കൂട്ടി കണ്ട പിതാവ് ബാബു നമ്പൂതിരി വൃദ്ധസദനം എന്ന മാര്‍ഗ്ഗം തെരഞ്ഞെടുക്കുന്ന്. ഇതേപോലെ തന്നെ തന്റെ 2 പെണ്‍കുട്ടികളെയും അയാള്‍ കോണ്‍വെന്റില്‍ വന്‍തുക നല്‍കി ചേര്‍ക്കുന്നു. മറ്റുള്ളവരുടെ വേദനകളൊന്നും തന്നെ അയാള്‍ക്ക് പ്രശ്നമാവുന്നില്ല. എല്ലാറ്റിനും സ്വന്തമായ ന്യായാന്യായങ്ങള്‍.  കള്ളുകുടി പാര്‍ട്ടിക്കിടയില്‍ പുകഴ്ത്തിപറഞ്ഞ പഴയ കണക്കു മാഷ് ഒരു വിവാഹ ധനസഹായാഭ്യര്‍ത്ഥനയുമായി വന്നപ്പോള്‍ ഒന്നു കാണുവാന്‍ പോലും കൂട്ടാക്കാതെ സുധീഷിനെകൊണ്ടു അയാളെ ഒഴിവാക്കുന്നു. കൂട്ടുകാരന്‍ തന്നെ സാമ്പത്തികമായി സഹായിക്കുമെന്നും ഗള്‍ഫിലേക്ക് കൊണ്ടു പോകുമെന്നും ഉറച്ച് വിശ്വസിക്കുന്ന സുധീഷിനെ വിദഗ്ദമായി നായകന്‍ കബളിപ്പിച്ച് ഗള്‍ഫിലേക്ക് മടങ്ങുന്നു. ഗള്‍ഫിലെത്തിയ നായകനെ തന്റെ കാര്യം ഓര്‍മ്മിപ്പിക്കാന്‍ സുധീഷ് ഫോണില്‍ വിളിക്കുന്നെങ്കിലും ഫോണ്‍ എടുക്കാതെ കട്ടു ചെയ്യുന്നു ദിലീപ്.  
 
പ്രവാസി മലയാളിയെ ശരിക്കും അറിഞ്ഞു തന്നെ ആവിഷ്കരിക്കുകയും അത് നന്നായി ദിലീപ് അവതരിപ്പിക്കുകയും ചെയ്തിരിക്കുന്നു. സൂക്ഷിച്ചു നോക്കിയാല്‍ നമുക്കിടയിലും ഇതിലെ കഥാപാത്രങ്ങളെ കണ്ടുമുട്ടാന്‍ കഴിയും. ഒരു പഷെ നമ്മളിലും ഈ സിനിമയിലെ "ദിലീപ്" ഒളിഞ്ഞു കിടക്കുന്നുണ്ടാവാം..
-------------------------------------------------------------------------------------------------------------

സിനിമ # 2 - ഐലന്റ് എക്സ്പ്രസ്.
ശരിക്കും പറഞ്ഞാല്‍ ഒന്നും മനസ്സിലായില്ല ഇതു കണ്ടിട്ട്. അതുകൊണ്ട് അഭിപ്രായ പ്രകടനം ഉപേക്ഷിക്കുന്നു. പെരുമണ്‍ തീവണ്ടി അപകടത്തിലെ തീവണ്ടി ഓടിച്ചിരുന്ന ഡ്രൈവറായിരുന്നു രാജു അവതരിപ്പിച്ച കഥാപാത്രം എന്ന് മാത്രം മനസ്സിലായി.
-------------------------------------------------------------------------------------------------------------

സിനിമ # 3 ലളിതം ഹിരണ്‍മയം.

വിവാഹിതരുടെ കുടുംബ ജീവിതവും ഭര്‍ത്താവിന്റെ "മറ്റൊരു" സെറ്റപ്പുമാണ്‌ ഇവിടെ വിഷയം. ലളിത (ജ്യോതിര്‍മയി) സുരേഷ് ഗോപി ദമ്പതികള്‍ അവരെ മകള്‍, പിന്നെ സുരേഷിന്റെ കാമുകി ഹിരണ്‍മയി എന്നിവരാണ്‌ കഥാപാത്രങ്ങള്‍. വെള്ളമടിച്ച് വണ്ടിയോടിച്ച് ആശുപത്രിയിലായ സുരേഷ്ഗോപി ഭാര്യയോട് കുറ്റസമ്മതം നടത്തുന്നു - തനിക്ക് ഒരു കാമുകി ഉണ്ടെന്നും അവള്‍ തന്നില്‍ നിന്നും ഗര്‍ഭിണിയാണെന്നും. അവളെ ഉപേക്ഷിക്കരുതെന്ന് പറയുന്ന് ഭര്‍ത്താവ് ഉടനെ മരണപ്പെടുന്നു. പിന്നെ ഫ്ലാഷ് ബാക്ക് കഴിഞ്ഞു നമ്മള്‍ കാണുന്നത് രണ്ട് സ്ത്രീകളും പരസ്പര സഹകരണത്തോടെ ജീവിതയാത്രയില്‍ ഒന്നു ചേരാന്‍ വേണ്ടി തീരുമാനിക്കുന്നതും ലളിതയുമായി ചേരാന്‍ ഹിരണ്‌മയി വരുന്നതുമാണ്. ചിത്രം ഇവിടെ "ലളിതം ഹിരണ്മയം" ആകുന്നു.

ഈ സിനിമ സമകാലിക മലയാളി സമൂഹത്തിലെ ചില പ്രവണതകളെ കുറെയൊക്കെ വരച്ചുകാണിക്കുന്നുണ്ടോ എന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു.  വിവാഹേതര ബന്ധത്തിനെ വെള്ളപൂശാനുള്ള ഒരു ശ്രമം ഈ സിനിമയിലുടനീളം കാണാം. 
-------------------------------------------------------------------------------------------------------------

സിനിമ # 4 മൃത്യുഞ്ജയം

ഈ സിനിമയും മനസ്സിലാവാത്തതിനാല്‍ അതേപറ്റി എഴുതുന്നില്ല..
-------------------------------------------------------------------------------------------------------------

സിനിമ # 5 ഹാപ്പി ജേണി..(ശുഭയാത്ര)..

പേരുപോലെ ഹാപ്പിയായി തുടങ്ങുന്ന യാത്ര ജീവഭയത്താല്‍ മുഖരിതമാവുന്നു. ജഗതിയുടെ കഥാപാത്രം വിവാഹിതനും അന്യദേശത്ത് ജോലിചെയ്യുന്ന ഒരാളുമാണ്. ആഴ്ചയിലെ അവസാനം വീട്ടിലേക്കുള്ള അയാളുടെ യാത്രയാണ്‌ ഇവിടെ വിഷയം. ബസ് സ്റ്റാന്റില്‍ സ്ഥിരം കാണുന്ന സ്ത്രീകളെപറ്റി അയാളുടെ വര്‍ണ്ണനകളില്‍ നിന്നും അയാള്‍ ഏതു തരക്കാരനാണെന്ന് നമുക്ക് ഊഹിക്കാം. അങ്ങിനെ യാത്ര തുടങ്ങുന്നതിനു മുന്പ് ബര്‍ത്തില്‍ കണ്ട ബാഗിന്റെ ഉടമയായ സുന്ദരിപെണ്‍കുട്ടിയെ അയാള്‍ക്ക് സഹയാത്രികയായി കിട്ടുന്നു. ശൃംഗാരം നിറഞ്ഞ സംസാരം അവള്‍ക്ക് അത്രക്ക് പിടിക്കുന്നില്ലെങ്കിലും അയാളോട് അവള്‍ മുഷിഞ്ഞൊന്നും പറയുന്നില്ല. തെന്റെ ഏറ്റവും ലേറ്റസ്റ്റ് മൊബൈല്‍ അവളെ കാണിച്ച് അതുപോലൊന്നു വാങ്ങിക്കൂടെ എന്ന് ചോദിക്കുന്ന അവള്‍ പറയുന്ന മറുപടിയില്‍ (തന്റെ മൊബൈലിലെ കാള്‍ ബട്ടന്‍ അമര്‍ത്തിയാല്‍ എല്ലാം അതോടെ അവസാനിക്കും എന്ന്) അയാള്‍ ഞെട്ടുന്നു ശരിക്കും. ആ പെണ്‍കുട്ടിയുടെ സംസാരം ഒരു നക്സല്‍ ശൈലിയിലുമായിരുന്നു. അനങ്ങാനനുവദിക്കാതെ അയാളെ നിശ്ശബ്ദനാക്കുകയാണ്‍ ആ പെണ്കുട്ടി. 

തനിക്ക് വീടും കുടുംബവുമുണ്ട് ഇതിലെ യാത്രക്കാരെല്ലം പാവങ്ങളാണ്, എന്ന് കരഞ്ഞ് പറയുന്ന സമയത്ത് പെണ്‍കുട്ടിക്ക് ഇറങ്ങാനുള്ള സ്റ്റോപ്പ് എത്തുന്നു. അയാളെ ശരിക്കും വിഡ്ഡിയാക്കിയ സന്തോഷത്തില്‍ ഇറങ്ങുന്ന അവള്‍ പുറത്തെത്തി റ്റാറ്റാ പറയുമ്പോഴാന്‍ താന്‍ മണ്ടനാക്കപ്പെട്ടത് അയാള്ക്ക് മനസ്സിലാവുന്നത്. അവളെ കാത്ത് അവളുറ്റെ പിതാവ് കാത്തുനില്ക്കുന്നു. അവരുടെ സംസാരത്തില്‍ നിന്നും അവള്‍ മുന്‍പും ഇതുപോലത്തെ സാഹചര്യങ്ങള്‍ കൂളായി നേരിട്ടിട്ടുണ്ട് എന്ന് നമുക്ക് മനസ്സിലാക്കാം.

ബസ്സില്‍ മാത്രമല്ല ഒട്ടുമിക്ക യാത്രകളിലും പെണ്‍കുട്ടികള്‍ക്ക് നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകളെ നല്ല രീതിയില്‍ പ്രതീകവല്‍ക്കരിച്ചിരിക്കുന്നു ഇതില്‍. സാഹചര്യങ്ങളെ സധൈര്യം നേരിടാന്‍ സ്ത്രീകള്‍ക്ക് വ്യക്തമായ ഒരു സന്ദേശവും ഈ ചിത്രം നല്‍കുന്നു.
-------------------------------------------------------------------------------------------------------------

സിനിമ #  6 അവിരാമം

സിദ്ദീഖ്-ശ്വേതാ മേനോന്‍ പിന്നെ അവരുടെ കുട്ടികള്‍. ഇവരാണ്‌ ഇതിലെ കഥാപാത്രങ്ങള്‍. ബിസിനസുകാരനായ ഭര്‍ത്താവിന്റെ എടുത്താല്‍ പൊന്താത്ത അത്രയും കടങ്ങള്‍ അതിന്റെ പ്രതിസന്ധികള്‍ കുടുംബത്തോടുള്ള പ്രതിബദ്ധത ഇവയെല്ലാം വിഷയമായിരികുന്നു. കടം കയറി മൂക്കിനു മുകളിലെത്തിയ നായകന്‍ നായികയെയും കുട്ടികളെയും വീട്ടിലേക്ക് പറഞ്ഞയച്ച് ജീവിതം അവസാനിപ്പിക്കാനൊരുങ്ങുന്നു. പക്ഷെ ഏതോ ഒരുള്‍വിളി കേട്ടിട്ടെന്നവണ്ണം നായികയും കുട്ടികളും യാത്ര ഉപേക്ഷിച്ച് ഓടിയെത്തുമ്പോള്‍ നായകന്‍ കഴുത്തില്‍ കുരുക്കിട്ട് പാരച്യുട്ട് ചാടാനുള്ള തയ്യാറെടുപ്പിലായിരുന്നു. തുടര്‍ന്ന് ഭാര്യയെയും മക്കളെയും കെട്ടിപ്പിടിച്ച് നില്‍ക്കുന്ന സമയത്ത് കഥ അവസാനിക്കുന്നു.


ഒരു വേള കൈവിട്ടു പോകുമായിരുന്ന് ഒരു ജീവിതമാണ്‌ ഇവിടെ അവര്‍ക്ക് തിരിച്ച് കിട്ടുന്നത്. ഇന്നത്തെ ലോകത്ത് ഒരുവിധപ്പെട്ട മധ്യവര്‍ഗ്ഗത്തിന്റെ ജീവിത തത്രപ്പാടുകള്‍ നന്നായി വരച്ചിട്ടിരിക്കുന്നു ഈ സിനിമ. ജീവിതത്തിന്റെ അവസാന പടിയില്‍ ചവിട്ടി നിന്നിട്ടുപോലും നായക കഥാപാത്രം ഭാര്യയോടും മക്കളോടും യാതൊരു അപാകതകളും പ്രകടമാക്കുന്നില്ല, പക്ഷെ ശ്വേത അവതരിപ്പിച്ച ഭാര്യക്ക് ചിലതൊക്കെ മനസ്സിലാവുന്നുണ്ട്. ഈ ദമ്പതികള്‍ തമ്മില്‍ എത്രത്തോളം പരസ്പരമുള്ള ഒരു "അണ്ടര്‍സ്റ്റാന്റിംഗ്" ഉണ്ടായിരുന്നു എന്ന് അവരുടെ കോമ്പിനേഷന്‍ സീനുകള്‍ കാണിച്ചു തരുന്നു. ആധുനിക കാലഘട്ടത്തിലെ "കടം കയറി ആത്മഹത്യ" എന്ന വിഷയം എളുപ്പത്തില്‍ കൈകാര്യം ചെയ്തിരിക്കുന്നു ഈ ചെറു സിനിമ. 
-------------------------------------------------------------------------------------------------------------

സിനിമ # 7 സീസണ്‍

ശ്യാമപ്രസാദാണെന്നു (?!) തോന്നുന്നു സുരാജ് വെഞ്ഞാറമ്മൂട് നായകനായ സീസണ്‍ എടുത്തിരിക്കുന്നത്. അദ്ദേഹത്തിന്റെ ആദ്യ സിനിമകളിലെ ആ ടച്ച് പാടെ നഷ്ടപ്പെട്ടിരിക്കുന്നു എന്ന് പില്ക്കാല സിനിമകള്‍ തെളിയിച്ചിരിക്കുന്നു, ഈ സിനിമ അവയില്‍ അവസാനത്തേത് എന്നു മാത്രം പറയാം. സാമ്പത്തിക പ്രതിസന്ധിയുടെ പശ്ച്ചാത്തലത്തില്‍ തൊഴിലന്വേഷിച്ച് സായിപ്പും മദാമ്മയും നമ്മുടെ നാട്ടില്‍ (അതും കോവളത്ത്) എത്തുന്നു എന്ന ചിന്ത അല്പം ബാലിശമായിപ്പോയി. 
-------------------------------------------------------------------------------------------------------------

സിനിമ # 8 ബ്രിഡ്ജ്


കേരള കഫെയില്‍ എന്നെ ഏറ്റവുമധികം ആകര്‍ഷിച്ച ചിത്രം. അവഗണിക്കപ്പെടുന്ന വൃദ്ധജനങ്ങളെയാണ്‌ സംവിധായകന്‍ വിഷയമാക്കിയിരിക്കുന്നത്. സലിം കുമാറിന്റെ അമ്മയായ ശാന്താദേവി വാര്‍ദ്ധക്യത്തിന്റെ എല്ലാ അരിഷ്ടതകളും അനുഭവിക്കുന്ന ഒരു കഥാപാത്രമാണ്. സ്വതവേ കഷ്ടപ്പാടുകള്ക്കിടയില്‍ ജീവിക്കുന്ന സലീം കുമാര്‍ അമ്മയെ വളരെയധികം സ്നേഹിക്കുന്നു. എന്നാല്‍ ഭാര്യയായ കല്‍പനക്ക് അമ്മയെ എങ്ങിനെയെങ്കിലും ഒഴിവാക്കണം. അവരെ തീര്‍ത്തും അവഗണിക്കുകയാണ്‌ മരുമകള്‍. അവസാനം ഗതികെട്ട് അമ്മയെ ഒരു സിനിമാ ടാക്കീസില്‍ കൊണ്ടു ചെന്ന് ഉപേക്ഷിക്കുകയാണ്‌ മകന്‍.

ഇതേ സിനിമയില്‍ തന്നെ തന്റെ അരുമയായ പൂച്ചകുട്ടിയെ മകന്റെ അടുത്ത് നിന്നും നിഷ്കരുണം അടര്‍ത്തി മാറ്റുകയാണ്‌ ഒരു അച്ഛന്‍. അവസാനം ജ്വരം ബാധിച്ച് കിടക്കുന്ന മകനു പൂച്ച്കുട്ടിയെ കിട്ടിയാലേ ഭേദമാവൂ എന്ന തിരിച്ചറിവില്‍ അയാള്‍ പൂച്ചയെ ഉപേക്ഷിച്ച സ്ഥലത്ത് അതിനെ തിരക്കിയെത്തുന്നുവെങ്കിലും കണ്ടെത്താനാവുന്നില്ല. ചിത്രത്തിന്റെ അന്ത്യത്തില്‍ ആ പൂച്ച്കുട്ടിയും വൃദ്ധയായ അമ്മയും ഒരുമിക്കുന്നു. വളരെ ഹൃദയസ്പര്‍ശിയായ ഒരു രംഗമാണ്‌ ഇത്.
 
വര്‍ത്തമാനകലികാലത്തില്‍ ഇത്തരം വൃദ്ധരായ മാതാപിതാക്കളെ ഉപേക്ഷിക്കുന്ന ഒരു ട്രെന്റ് കൂടിവരുന്നു എന്ന് പത്ര വാര്‍ത്തകളിലൂടെയും മറ്റും നമ്മള്‍ അറിയുന്നു. എന്നാല്‍ അതിന്‌ വേണ്ടത്ര "സെന്‍സേഷണല്‍" പ്രാധ്യാന്യമോ ഒരു "സ്കൂപ്പ്" ഉണ്ടാക്കാനുള്ള കോപ്പോ ഇല്ലാത്തതിനാല്‍ ഇത്തരം വാര്‍ത്തകള്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടുകയാണ്‌ സംഭവിക്കുന്നത്. ഇന്നു ഞാന്‍ നാളെ നീ എന്ന ഒരു സന്ദേശവും ചിത്രം നല്‍കുന്നു. 
-------------------------------------------------------------------------------------------------------------
 
സിനിമ # 9 മകള്‍
 
മനുഷ്യകടത്ത് വിഷയമായ ഈ ചിത്രത്തില്‍ സമൂഹത്തില്‍ മാന്യതയുടെ മുഖംമൂടിയണിഞ്ഞു നടക്കുന്ന മാഫിയയെ ചിത്രീകരിച്ചിരിക്കുന്നു. എടുത്തുപറയാനുള്ള മേന്മകളൊന്നുമില്ലെങ്കിലും ഒറ്റ വാക്കില്‍ പറഞ്ഞാല്‍ "കൊള്ളാം".
-------------------------------------------------------------------------------------------------------------
 
സിനിമ # 10 പുറംകാഴ്ചകള്‍
 
സുന്ദരമായി ഒഴുകിക്കൊണ്ടിരുന്ന കഥക്ക് അവസാനം ഒരു "ട്വിസ്റ്റ്" സംഭവിക്കുകയാണ്. ഇടുക്കിയിലെ കുന്നിന്‍ ചെരിവുകളിലൂടെയുള്ള ഒരു ബസ് യാത്ര. യാത്രികര്‍ നമ്മുടെ ശ്രീനിവാസന്‍, മമ്മൂട്ടി പിന്നെ കാഴ്ചകാണുവാനിറങ്ങിയ കുറെ ചെറുപ്പക്കാര്‍. എല്ലാവര്‍ക്കും തങ്ങളുടെ ലക്ഷ്യങ്ങള്‍. മമ്മൂട്ടിയുടെ യാത്രികന്‍ ബസിന്റെ വേഗതയിലും ഇടക്കുള്ള നിര്‍ത്തലിലും മറ്റും അസ്വസ്ഥനാണ്. അതില്‍ പ്രതിഷേധവുമുണ്ട് പുള്ളിക്കാരന്. ബസ് ജീവനക്കാര്‍ "ഇതേതാ ഈ സാധനം", "ഇത് നമ്മളെത്ര കാണുന്നതാ" എന്നെല്ലാമുള്ള ഭാവത്തില്‍ വണ്ടിയോടിക്കുന്നു. ഇടക്ക് കയറുന്ന ചെറുപ്പക്കാര്‍ അടുത്ത ഫോട്ടോ പോയിന്റില്‍ വണ്ടി കുറച്ച് സ്നാപ്പെടുക്കാന്‍ വേണ്ടി നിര്‍ത്തിതരണം എന്നു ജീവനക്കാരോട് അഭ്യര്‍ത്ഥിക്കുകയും അവര്‍ അത് അംഗീകരിക്കുകയും ചെയ്യുന്നു. (യഥാര്‍ത്തതില്‍ അവിടെയുള്ള ബസ്സുകാര്‍ ഇതുപോലെ ചെയ്യുമോ???!!!) എന്നാല്‍ മമ്മൂട്ടിയുടെ കഥാപാത്രം അതിലും പ്രതിഷേധിക്കുന്നു. എന്നാല്‍ "താന്‍ ടാക്സി വിളിച്ചു പോ" എന്ന ലൈനില്‍ യുവ സംഘവും ബസ്സുകാരും. 
 
എന്നാല്‍ സ്റ്റോപ്പില്ലാത്ത ഒരു സ്ഥലത്ത് (ഒരു വളവില്‍) വണ്ടി നിര്‍ത്താന്‍ മമ്മൂട്ടിയുടെ യാത്രികന്‍ ആവശ്യപ്പെടുമ്പോള്‍ മറ്റുള്ളവര്‍ക്ക് അതിഷ്ടപ്പെടുന്നില്ല. എന്തായാലും ബസ്സ് വളവില്‍ നിര്‍ത്തുന്നു. വളവില്‍ കണ്ട വീട്ടിലേക്ക് അയാള്‍ ഓടിക്കയറുന്നു. വീടിനു പുറത്ത് ഒരു മരണമറിഞ്ഞെത്തിയ ജനക്കൂട്ടം. സ്വന്തം വീട്ടില്‍ നടന്ന ഒരു മരണത്തിനെ തുടര്‍ന്നുണ്ടായ മനസ്സിന്റെ സംഘര്‍ഷമായിരുന്നു അയാളുടെ അസ്വസ്ഥതക്ക് കാരണമെന്ന് അവസാനമാണ്‌ പ്രേക്ഷകര്‍ മനസ്സിലാക്കുന്നത്.
-------------------------------------------------------------------------------------------------------------
 
ബാക്കിപത്രം: ഇപ്പോള്‍ പുറത്തിറങ്ങുന്ന താര ബാഹുല്യവും മറ്റുമുള്ള ചിത്രങ്ങളെ വച്ച് നോക്കുമ്പോള്‍ പ്രശംസനീയമായ ഒരു നീക്കമാണ്‌ ഇതിന്റെ അണിയറ പ്രവര്‍ത്തകര്‍ നടത്തിയിരിക്കുന്നത്. ബ്രിഡ്ജ് എന്ന സിനിമ വേണമെങ്കില്‍ ഒരു 2 മണിക്കൂറിലേക്ക് നീട്ടി പരത്തിയെടുകാവുന്നതാണ്. താരങ്ങളും അണിയറപ്രവര്‍ത്തകരും സാംസ്കാരിക നായകരും രാഷ്ട്രീയക്കാരും തമ്മില്‍ സിനിമയുടെ പേരില്‍ നടത്തുന്ന തമ്മില്‍ തല്ലില്‍ മനം മടുത്തിരിക്കുന്നവര്‍ക്ക് ഒരു നീരുറവ പോലെയാണ്‌ ഇത്തരം പരീക്ഷണങ്ങള്‍. തീര്‍ച്ചയായും ഇതിനെ പ്രോല്‍സാഹിപ്പിക്കണം. കേവലം ബോക്സ് ഓഫീസ് വിജയം മാത്രം ലക്ഷ്യം ​വക്കുന്ന പ്രവണതയില്‍ നിന്നും മാറി നടക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഭാവുകങ്ങള്‍ കേരളാ കഫേയുടെ എല്ലാ പ്രവര്‍ത്തകര്‍ക്കും.
 









2010, ജൂൺ 13, ഞായറാഴ്‌ച

പ്രവാസികളുടെ പാസ്പോര്‍ട്ട് നാട്ടില്‍ പുതുക്കുമ്പോള്‍...


പ്രവാസികളുടെ അറിവില്ലായ്മയും പാസ്പോര്‍ട്ട് ഓഫീസുകളിലെ ജീവനക്കാരുടെ ഉത്തരവാദിത്തമില്ലായ്മയും കാരനം ഈയിടെയായി വളരെയധികം പ്രവാസികള്‍ കഷ്ടപ്പെടുന്നുണ്ട്. വിസയോട് കൂടിയ പാസ്പോര്‍ട്ട് കാലാവധി കഴിയുന്ന സമയത്ത് അവര്‍ നാട്ടിലാണെങ്കില്‍ പുതുക്കുവാന്‍ വേണ്ടി നാട്ടിലെ പാസ്പോര്‍ട് ഓഫീസിനെ സമീപിച്ച് പാസ്പോര്‍ട്ട് പുതുക്കുന്നു. എന്നാല്‍ കാലാവധി കഴിയുന്ന പാസ്പോര്‍ട്ടിലുള്ള വിസ പുതിയ പാസ്പോര്‍ട്ടിലേക്ക് മാറ്റുവാന്‍ അവര്‍ മറന്നുപോകുന്നു, അഥവാ പാസ്പോര്‍ട്ട് പുതുക്കുന്ന ഓഫീസിലെ ഉദ്യോഗസ്ഥരും ഇക്കാര്യം ശ്രദ്ധിക്കുന്നില്ല. ഇതൊന്നുമറിയാതെ വിമാനം കയറി ഗള്‍ഫിലെത്തുന്ന് ആളുകള്‍ വിസ കാലാവധി കഴിഞ്ഞ പാസ്പോര്‍ട്ടിലായിപ്പോയി എന്ന ഒറ്റക്കാരണം കൊണ്ട് അടുത്ത ഫ്ലെറ്റില്‍ തിരിച്ചയക്കപ്പെടുന്നു.

ഈപ്രശ്നം വളരെ ഗൌരവത്തോടെയാണ്‌ ഓരോ പ്രവാസികളും കാണേണ്ടത്. ഇതിന്റെ നിയമ വശങ്ങള്‍ -  വിസയുള്ള പാസ്പോര്‍ട്ട് (നാട്ടില്‍ വച്ച്)പുതുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ - അറിയുന്ന ബൂലോഗ സുഹൃത്തുക്കള്‍ ഒരു ബ്ലോഗായിട്ട് അവ പോസ്റ്റിട്ടാല്‍ അത് എല്ലാവര്‍ക്കും ഉപകാരമായിരിക്കും.

2010, ജൂൺ 8, ചൊവ്വാഴ്ച

വീണ്ടും ചില ചിത്രങ്ങള്‍..

2008 ലെ വെക്കേഷന്‍ സമയത്ത് തിരുവനന്തപുരത്തേക്കുള്ള യാത്രയില്‍ കണ്ടത്..


ഗള്‍ഫ് നാടുകളിലെ ഈന്തപ്പന ദൃശ്യം




മനുഷ്യനിര്‍മ്മിത പൂക്കള്‍




ഒറിജിനല്‍..(ചെമ്പരത്തിപൂ..)




ഈ കൈകളില്‍..