2010, ജൂൺ 17, വ്യാഴാഴ്‌ച

കേരളാ കഫെ

സിനിമ കാണല്‍ ഇഷ്ടമുള്ള ഒരു പരിപാടിയാണെങ്കിലും പ്രവാസത്തില്‍ കിട്ടുന്ന അവസരങ്ങള്‍ വളരെ കുറവാണ്. എങ്കിലും തിയറ്ററുകളെ ഒഴിവാക്കി പരമാവധി കിട്ടുന്ന സി.ഡി. കള്‍ കണ്ടു തീര്‍ക്കുകയാണ്‌ പതിവ്.


കേരളാ കഫെ എന്ന രഞ്ജിത്തിന്റെ "പരീക്ഷണ ചിത്ര"മാണ്‌ ഒടുവില്‍ കണ്ടത്. 10 ചെറു സിനിമകള്‍ അടങ്ങിയ കേരളാകഫെ എന്തുകൊണ്ടും മലയാള സിനിമയിലെ ഒരു നല്ല കാല്‍വയ്പാണ്. ഇതുപോലൊയുള്ള ഒരു സംരംഭം ലോകത്ത് എവിടെയോ നടന്നിട്ടുണ്ട് എന്ന് പറഞ്ഞു കേള്‍ക്കുന്നു. സത്യന്‍ അന്തിക്കാടിന്റെ ആമുഖത്തോട് കൂടിയാണ്‌ കേരളാ കഫെ തുടങ്ങുന്നത്.  സമഗ്രമായ ഒരു ആസ്വാദനമോ അവലോകനമോ ഈയുള്ളവന്‍ ഉദ്ദേശിക്കുന്നില്ല. അതിനുള്ള ത്രാണിയൊട്ടില്ല. എന്റെ മനസ്സില്‍ ഈ സിനിമയെ പറ്റി തോന്നിയ കാര്യങ്ങള്‍ ഒരിടത്ത് കുറിച്ചിടുന്നു. അത്ര മാത്രം..എല്ലാ നടീ നടന്മാരുടെയും കഥാപാത്രങ്ങളുടെയും പേര്‍ ഓര്‍ത്തെടുക്കാന്‍ ബുദ്ധിമുട്ട്ള്ളത്കൊണ്ടു ചിലതൊക്കെ വിട്ടുപോയേക്കാം..
-------------------------------------------------------------------------------------------------------------
 
സിനിമ # 1 - നൊസ്റ്റാള്‍ജിയ.
ദിലീപ്, നവ്യ, സുധീഷ്, ബാബു നമ്പൂതിരി തുടങ്ങിയവരാണ്‌ പ്രധാന കഥാപാത്രങ്ങള്‍. പ്രവാസിയായ ദിലീപ് നാട്ടിലേക്ക് അവധിക്ക് വരുന്നതിന്‌ മുന്പുള്ള കള്ളുകുടി പാര്‍ട്ടിയിലാണ്‌ ചിത്രം ആരംഭിക്കുന്നത്. വയലാറിന്റെ ഈ മനോഹര തീരത്ത് തരുമോ... എന്ന ഗാന ശകലം ഉദ്ദരിച്ച് നായകന്‍ തന്റെ നാടിനെ പുകഴ്ത്തി പറയുന്നതിനിടയില്‍ പഴയ കൂട്ടുകാരന്റെ (സുധീഷ്) ഫോണ്‍കോള്‍. സഹപാഠികളായിരുന്ന അവര്‍ കാലത്തിന്റെ അനിവാര്യതയില്‍ വേര്‍പെട്ടുപോയതും മറ്റും ഇവിടെ പരാമര്‍ശിക്കുന്നു. തനിക്കും കൂടി ഗള്ഫില്‍ (ദുബായ്) ഒരു ജോലി ദിലീപിന്റെ കാരുണ്യത്തില്‍ - അതാണ്‌ സുധീഷിന്റെ ലക്ഷ്യം പോരാത്തതിന്‌ എടുത്താല്‍ പൊന്താത്ത ബാധ്യതകളും. അടുത്ത സീനില്‍ എറണാകുളം നഗരത്തിലെ ഗട്ടറില്‍ വീഴുന്ന വണ്ടിയുടെ കുലുക്കത്തില്‍ ഞെട്ടിയുണരുന്ന നായകന്‍ കേരളത്തെയും അവിടത്തെ റോഡുകളെയും ഭരണകൂടത്തിന്റെ ആസൂത്രണമില്ലായ്മയെയും എല്ലാം വളരെ വൈകാരികമായി വിമര്‍ശിക്കുന്നു. 
 
പഴയ തറവാട് കൊടുത്തു കാശുവാങ്ങി അവിടെയുള്ള മാതാപിതാക്കളെ സഹോദരിയുടെ വീട്ടിലാക്കുകയാണ്‌ ദിലീപ് ഇദ്ദേശിക്കുന്നത്. ഇതു മുന്‍കൂട്ടി കണ്ട പിതാവ് ബാബു നമ്പൂതിരി വൃദ്ധസദനം എന്ന മാര്‍ഗ്ഗം തെരഞ്ഞെടുക്കുന്ന്. ഇതേപോലെ തന്നെ തന്റെ 2 പെണ്‍കുട്ടികളെയും അയാള്‍ കോണ്‍വെന്റില്‍ വന്‍തുക നല്‍കി ചേര്‍ക്കുന്നു. മറ്റുള്ളവരുടെ വേദനകളൊന്നും തന്നെ അയാള്‍ക്ക് പ്രശ്നമാവുന്നില്ല. എല്ലാറ്റിനും സ്വന്തമായ ന്യായാന്യായങ്ങള്‍.  കള്ളുകുടി പാര്‍ട്ടിക്കിടയില്‍ പുകഴ്ത്തിപറഞ്ഞ പഴയ കണക്കു മാഷ് ഒരു വിവാഹ ധനസഹായാഭ്യര്‍ത്ഥനയുമായി വന്നപ്പോള്‍ ഒന്നു കാണുവാന്‍ പോലും കൂട്ടാക്കാതെ സുധീഷിനെകൊണ്ടു അയാളെ ഒഴിവാക്കുന്നു. കൂട്ടുകാരന്‍ തന്നെ സാമ്പത്തികമായി സഹായിക്കുമെന്നും ഗള്‍ഫിലേക്ക് കൊണ്ടു പോകുമെന്നും ഉറച്ച് വിശ്വസിക്കുന്ന സുധീഷിനെ വിദഗ്ദമായി നായകന്‍ കബളിപ്പിച്ച് ഗള്‍ഫിലേക്ക് മടങ്ങുന്നു. ഗള്‍ഫിലെത്തിയ നായകനെ തന്റെ കാര്യം ഓര്‍മ്മിപ്പിക്കാന്‍ സുധീഷ് ഫോണില്‍ വിളിക്കുന്നെങ്കിലും ഫോണ്‍ എടുക്കാതെ കട്ടു ചെയ്യുന്നു ദിലീപ്.  
 
പ്രവാസി മലയാളിയെ ശരിക്കും അറിഞ്ഞു തന്നെ ആവിഷ്കരിക്കുകയും അത് നന്നായി ദിലീപ് അവതരിപ്പിക്കുകയും ചെയ്തിരിക്കുന്നു. സൂക്ഷിച്ചു നോക്കിയാല്‍ നമുക്കിടയിലും ഇതിലെ കഥാപാത്രങ്ങളെ കണ്ടുമുട്ടാന്‍ കഴിയും. ഒരു പഷെ നമ്മളിലും ഈ സിനിമയിലെ "ദിലീപ്" ഒളിഞ്ഞു കിടക്കുന്നുണ്ടാവാം..
-------------------------------------------------------------------------------------------------------------

സിനിമ # 2 - ഐലന്റ് എക്സ്പ്രസ്.
ശരിക്കും പറഞ്ഞാല്‍ ഒന്നും മനസ്സിലായില്ല ഇതു കണ്ടിട്ട്. അതുകൊണ്ട് അഭിപ്രായ പ്രകടനം ഉപേക്ഷിക്കുന്നു. പെരുമണ്‍ തീവണ്ടി അപകടത്തിലെ തീവണ്ടി ഓടിച്ചിരുന്ന ഡ്രൈവറായിരുന്നു രാജു അവതരിപ്പിച്ച കഥാപാത്രം എന്ന് മാത്രം മനസ്സിലായി.
-------------------------------------------------------------------------------------------------------------

സിനിമ # 3 ലളിതം ഹിരണ്‍മയം.

വിവാഹിതരുടെ കുടുംബ ജീവിതവും ഭര്‍ത്താവിന്റെ "മറ്റൊരു" സെറ്റപ്പുമാണ്‌ ഇവിടെ വിഷയം. ലളിത (ജ്യോതിര്‍മയി) സുരേഷ് ഗോപി ദമ്പതികള്‍ അവരെ മകള്‍, പിന്നെ സുരേഷിന്റെ കാമുകി ഹിരണ്‍മയി എന്നിവരാണ്‌ കഥാപാത്രങ്ങള്‍. വെള്ളമടിച്ച് വണ്ടിയോടിച്ച് ആശുപത്രിയിലായ സുരേഷ്ഗോപി ഭാര്യയോട് കുറ്റസമ്മതം നടത്തുന്നു - തനിക്ക് ഒരു കാമുകി ഉണ്ടെന്നും അവള്‍ തന്നില്‍ നിന്നും ഗര്‍ഭിണിയാണെന്നും. അവളെ ഉപേക്ഷിക്കരുതെന്ന് പറയുന്ന് ഭര്‍ത്താവ് ഉടനെ മരണപ്പെടുന്നു. പിന്നെ ഫ്ലാഷ് ബാക്ക് കഴിഞ്ഞു നമ്മള്‍ കാണുന്നത് രണ്ട് സ്ത്രീകളും പരസ്പര സഹകരണത്തോടെ ജീവിതയാത്രയില്‍ ഒന്നു ചേരാന്‍ വേണ്ടി തീരുമാനിക്കുന്നതും ലളിതയുമായി ചേരാന്‍ ഹിരണ്‌മയി വരുന്നതുമാണ്. ചിത്രം ഇവിടെ "ലളിതം ഹിരണ്മയം" ആകുന്നു.

ഈ സിനിമ സമകാലിക മലയാളി സമൂഹത്തിലെ ചില പ്രവണതകളെ കുറെയൊക്കെ വരച്ചുകാണിക്കുന്നുണ്ടോ എന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു.  വിവാഹേതര ബന്ധത്തിനെ വെള്ളപൂശാനുള്ള ഒരു ശ്രമം ഈ സിനിമയിലുടനീളം കാണാം. 
-------------------------------------------------------------------------------------------------------------

സിനിമ # 4 മൃത്യുഞ്ജയം

ഈ സിനിമയും മനസ്സിലാവാത്തതിനാല്‍ അതേപറ്റി എഴുതുന്നില്ല..
-------------------------------------------------------------------------------------------------------------

സിനിമ # 5 ഹാപ്പി ജേണി..(ശുഭയാത്ര)..

പേരുപോലെ ഹാപ്പിയായി തുടങ്ങുന്ന യാത്ര ജീവഭയത്താല്‍ മുഖരിതമാവുന്നു. ജഗതിയുടെ കഥാപാത്രം വിവാഹിതനും അന്യദേശത്ത് ജോലിചെയ്യുന്ന ഒരാളുമാണ്. ആഴ്ചയിലെ അവസാനം വീട്ടിലേക്കുള്ള അയാളുടെ യാത്രയാണ്‌ ഇവിടെ വിഷയം. ബസ് സ്റ്റാന്റില്‍ സ്ഥിരം കാണുന്ന സ്ത്രീകളെപറ്റി അയാളുടെ വര്‍ണ്ണനകളില്‍ നിന്നും അയാള്‍ ഏതു തരക്കാരനാണെന്ന് നമുക്ക് ഊഹിക്കാം. അങ്ങിനെ യാത്ര തുടങ്ങുന്നതിനു മുന്പ് ബര്‍ത്തില്‍ കണ്ട ബാഗിന്റെ ഉടമയായ സുന്ദരിപെണ്‍കുട്ടിയെ അയാള്‍ക്ക് സഹയാത്രികയായി കിട്ടുന്നു. ശൃംഗാരം നിറഞ്ഞ സംസാരം അവള്‍ക്ക് അത്രക്ക് പിടിക്കുന്നില്ലെങ്കിലും അയാളോട് അവള്‍ മുഷിഞ്ഞൊന്നും പറയുന്നില്ല. തെന്റെ ഏറ്റവും ലേറ്റസ്റ്റ് മൊബൈല്‍ അവളെ കാണിച്ച് അതുപോലൊന്നു വാങ്ങിക്കൂടെ എന്ന് ചോദിക്കുന്ന അവള്‍ പറയുന്ന മറുപടിയില്‍ (തന്റെ മൊബൈലിലെ കാള്‍ ബട്ടന്‍ അമര്‍ത്തിയാല്‍ എല്ലാം അതോടെ അവസാനിക്കും എന്ന്) അയാള്‍ ഞെട്ടുന്നു ശരിക്കും. ആ പെണ്‍കുട്ടിയുടെ സംസാരം ഒരു നക്സല്‍ ശൈലിയിലുമായിരുന്നു. അനങ്ങാനനുവദിക്കാതെ അയാളെ നിശ്ശബ്ദനാക്കുകയാണ്‍ ആ പെണ്കുട്ടി. 

തനിക്ക് വീടും കുടുംബവുമുണ്ട് ഇതിലെ യാത്രക്കാരെല്ലം പാവങ്ങളാണ്, എന്ന് കരഞ്ഞ് പറയുന്ന സമയത്ത് പെണ്‍കുട്ടിക്ക് ഇറങ്ങാനുള്ള സ്റ്റോപ്പ് എത്തുന്നു. അയാളെ ശരിക്കും വിഡ്ഡിയാക്കിയ സന്തോഷത്തില്‍ ഇറങ്ങുന്ന അവള്‍ പുറത്തെത്തി റ്റാറ്റാ പറയുമ്പോഴാന്‍ താന്‍ മണ്ടനാക്കപ്പെട്ടത് അയാള്ക്ക് മനസ്സിലാവുന്നത്. അവളെ കാത്ത് അവളുറ്റെ പിതാവ് കാത്തുനില്ക്കുന്നു. അവരുടെ സംസാരത്തില്‍ നിന്നും അവള്‍ മുന്‍പും ഇതുപോലത്തെ സാഹചര്യങ്ങള്‍ കൂളായി നേരിട്ടിട്ടുണ്ട് എന്ന് നമുക്ക് മനസ്സിലാക്കാം.

ബസ്സില്‍ മാത്രമല്ല ഒട്ടുമിക്ക യാത്രകളിലും പെണ്‍കുട്ടികള്‍ക്ക് നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകളെ നല്ല രീതിയില്‍ പ്രതീകവല്‍ക്കരിച്ചിരിക്കുന്നു ഇതില്‍. സാഹചര്യങ്ങളെ സധൈര്യം നേരിടാന്‍ സ്ത്രീകള്‍ക്ക് വ്യക്തമായ ഒരു സന്ദേശവും ഈ ചിത്രം നല്‍കുന്നു.
-------------------------------------------------------------------------------------------------------------

സിനിമ #  6 അവിരാമം

സിദ്ദീഖ്-ശ്വേതാ മേനോന്‍ പിന്നെ അവരുടെ കുട്ടികള്‍. ഇവരാണ്‌ ഇതിലെ കഥാപാത്രങ്ങള്‍. ബിസിനസുകാരനായ ഭര്‍ത്താവിന്റെ എടുത്താല്‍ പൊന്താത്ത അത്രയും കടങ്ങള്‍ അതിന്റെ പ്രതിസന്ധികള്‍ കുടുംബത്തോടുള്ള പ്രതിബദ്ധത ഇവയെല്ലാം വിഷയമായിരികുന്നു. കടം കയറി മൂക്കിനു മുകളിലെത്തിയ നായകന്‍ നായികയെയും കുട്ടികളെയും വീട്ടിലേക്ക് പറഞ്ഞയച്ച് ജീവിതം അവസാനിപ്പിക്കാനൊരുങ്ങുന്നു. പക്ഷെ ഏതോ ഒരുള്‍വിളി കേട്ടിട്ടെന്നവണ്ണം നായികയും കുട്ടികളും യാത്ര ഉപേക്ഷിച്ച് ഓടിയെത്തുമ്പോള്‍ നായകന്‍ കഴുത്തില്‍ കുരുക്കിട്ട് പാരച്യുട്ട് ചാടാനുള്ള തയ്യാറെടുപ്പിലായിരുന്നു. തുടര്‍ന്ന് ഭാര്യയെയും മക്കളെയും കെട്ടിപ്പിടിച്ച് നില്‍ക്കുന്ന സമയത്ത് കഥ അവസാനിക്കുന്നു.


ഒരു വേള കൈവിട്ടു പോകുമായിരുന്ന് ഒരു ജീവിതമാണ്‌ ഇവിടെ അവര്‍ക്ക് തിരിച്ച് കിട്ടുന്നത്. ഇന്നത്തെ ലോകത്ത് ഒരുവിധപ്പെട്ട മധ്യവര്‍ഗ്ഗത്തിന്റെ ജീവിത തത്രപ്പാടുകള്‍ നന്നായി വരച്ചിട്ടിരിക്കുന്നു ഈ സിനിമ. ജീവിതത്തിന്റെ അവസാന പടിയില്‍ ചവിട്ടി നിന്നിട്ടുപോലും നായക കഥാപാത്രം ഭാര്യയോടും മക്കളോടും യാതൊരു അപാകതകളും പ്രകടമാക്കുന്നില്ല, പക്ഷെ ശ്വേത അവതരിപ്പിച്ച ഭാര്യക്ക് ചിലതൊക്കെ മനസ്സിലാവുന്നുണ്ട്. ഈ ദമ്പതികള്‍ തമ്മില്‍ എത്രത്തോളം പരസ്പരമുള്ള ഒരു "അണ്ടര്‍സ്റ്റാന്റിംഗ്" ഉണ്ടായിരുന്നു എന്ന് അവരുടെ കോമ്പിനേഷന്‍ സീനുകള്‍ കാണിച്ചു തരുന്നു. ആധുനിക കാലഘട്ടത്തിലെ "കടം കയറി ആത്മഹത്യ" എന്ന വിഷയം എളുപ്പത്തില്‍ കൈകാര്യം ചെയ്തിരിക്കുന്നു ഈ ചെറു സിനിമ. 
-------------------------------------------------------------------------------------------------------------

സിനിമ # 7 സീസണ്‍

ശ്യാമപ്രസാദാണെന്നു (?!) തോന്നുന്നു സുരാജ് വെഞ്ഞാറമ്മൂട് നായകനായ സീസണ്‍ എടുത്തിരിക്കുന്നത്. അദ്ദേഹത്തിന്റെ ആദ്യ സിനിമകളിലെ ആ ടച്ച് പാടെ നഷ്ടപ്പെട്ടിരിക്കുന്നു എന്ന് പില്ക്കാല സിനിമകള്‍ തെളിയിച്ചിരിക്കുന്നു, ഈ സിനിമ അവയില്‍ അവസാനത്തേത് എന്നു മാത്രം പറയാം. സാമ്പത്തിക പ്രതിസന്ധിയുടെ പശ്ച്ചാത്തലത്തില്‍ തൊഴിലന്വേഷിച്ച് സായിപ്പും മദാമ്മയും നമ്മുടെ നാട്ടില്‍ (അതും കോവളത്ത്) എത്തുന്നു എന്ന ചിന്ത അല്പം ബാലിശമായിപ്പോയി. 
-------------------------------------------------------------------------------------------------------------

സിനിമ # 8 ബ്രിഡ്ജ്


കേരള കഫെയില്‍ എന്നെ ഏറ്റവുമധികം ആകര്‍ഷിച്ച ചിത്രം. അവഗണിക്കപ്പെടുന്ന വൃദ്ധജനങ്ങളെയാണ്‌ സംവിധായകന്‍ വിഷയമാക്കിയിരിക്കുന്നത്. സലിം കുമാറിന്റെ അമ്മയായ ശാന്താദേവി വാര്‍ദ്ധക്യത്തിന്റെ എല്ലാ അരിഷ്ടതകളും അനുഭവിക്കുന്ന ഒരു കഥാപാത്രമാണ്. സ്വതവേ കഷ്ടപ്പാടുകള്ക്കിടയില്‍ ജീവിക്കുന്ന സലീം കുമാര്‍ അമ്മയെ വളരെയധികം സ്നേഹിക്കുന്നു. എന്നാല്‍ ഭാര്യയായ കല്‍പനക്ക് അമ്മയെ എങ്ങിനെയെങ്കിലും ഒഴിവാക്കണം. അവരെ തീര്‍ത്തും അവഗണിക്കുകയാണ്‌ മരുമകള്‍. അവസാനം ഗതികെട്ട് അമ്മയെ ഒരു സിനിമാ ടാക്കീസില്‍ കൊണ്ടു ചെന്ന് ഉപേക്ഷിക്കുകയാണ്‌ മകന്‍.

ഇതേ സിനിമയില്‍ തന്നെ തന്റെ അരുമയായ പൂച്ചകുട്ടിയെ മകന്റെ അടുത്ത് നിന്നും നിഷ്കരുണം അടര്‍ത്തി മാറ്റുകയാണ്‌ ഒരു അച്ഛന്‍. അവസാനം ജ്വരം ബാധിച്ച് കിടക്കുന്ന മകനു പൂച്ച്കുട്ടിയെ കിട്ടിയാലേ ഭേദമാവൂ എന്ന തിരിച്ചറിവില്‍ അയാള്‍ പൂച്ചയെ ഉപേക്ഷിച്ച സ്ഥലത്ത് അതിനെ തിരക്കിയെത്തുന്നുവെങ്കിലും കണ്ടെത്താനാവുന്നില്ല. ചിത്രത്തിന്റെ അന്ത്യത്തില്‍ ആ പൂച്ച്കുട്ടിയും വൃദ്ധയായ അമ്മയും ഒരുമിക്കുന്നു. വളരെ ഹൃദയസ്പര്‍ശിയായ ഒരു രംഗമാണ്‌ ഇത്.
 
വര്‍ത്തമാനകലികാലത്തില്‍ ഇത്തരം വൃദ്ധരായ മാതാപിതാക്കളെ ഉപേക്ഷിക്കുന്ന ഒരു ട്രെന്റ് കൂടിവരുന്നു എന്ന് പത്ര വാര്‍ത്തകളിലൂടെയും മറ്റും നമ്മള്‍ അറിയുന്നു. എന്നാല്‍ അതിന്‌ വേണ്ടത്ര "സെന്‍സേഷണല്‍" പ്രാധ്യാന്യമോ ഒരു "സ്കൂപ്പ്" ഉണ്ടാക്കാനുള്ള കോപ്പോ ഇല്ലാത്തതിനാല്‍ ഇത്തരം വാര്‍ത്തകള്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടുകയാണ്‌ സംഭവിക്കുന്നത്. ഇന്നു ഞാന്‍ നാളെ നീ എന്ന ഒരു സന്ദേശവും ചിത്രം നല്‍കുന്നു. 
-------------------------------------------------------------------------------------------------------------
 
സിനിമ # 9 മകള്‍
 
മനുഷ്യകടത്ത് വിഷയമായ ഈ ചിത്രത്തില്‍ സമൂഹത്തില്‍ മാന്യതയുടെ മുഖംമൂടിയണിഞ്ഞു നടക്കുന്ന മാഫിയയെ ചിത്രീകരിച്ചിരിക്കുന്നു. എടുത്തുപറയാനുള്ള മേന്മകളൊന്നുമില്ലെങ്കിലും ഒറ്റ വാക്കില്‍ പറഞ്ഞാല്‍ "കൊള്ളാം".
-------------------------------------------------------------------------------------------------------------
 
സിനിമ # 10 പുറംകാഴ്ചകള്‍
 
സുന്ദരമായി ഒഴുകിക്കൊണ്ടിരുന്ന കഥക്ക് അവസാനം ഒരു "ട്വിസ്റ്റ്" സംഭവിക്കുകയാണ്. ഇടുക്കിയിലെ കുന്നിന്‍ ചെരിവുകളിലൂടെയുള്ള ഒരു ബസ് യാത്ര. യാത്രികര്‍ നമ്മുടെ ശ്രീനിവാസന്‍, മമ്മൂട്ടി പിന്നെ കാഴ്ചകാണുവാനിറങ്ങിയ കുറെ ചെറുപ്പക്കാര്‍. എല്ലാവര്‍ക്കും തങ്ങളുടെ ലക്ഷ്യങ്ങള്‍. മമ്മൂട്ടിയുടെ യാത്രികന്‍ ബസിന്റെ വേഗതയിലും ഇടക്കുള്ള നിര്‍ത്തലിലും മറ്റും അസ്വസ്ഥനാണ്. അതില്‍ പ്രതിഷേധവുമുണ്ട് പുള്ളിക്കാരന്. ബസ് ജീവനക്കാര്‍ "ഇതേതാ ഈ സാധനം", "ഇത് നമ്മളെത്ര കാണുന്നതാ" എന്നെല്ലാമുള്ള ഭാവത്തില്‍ വണ്ടിയോടിക്കുന്നു. ഇടക്ക് കയറുന്ന ചെറുപ്പക്കാര്‍ അടുത്ത ഫോട്ടോ പോയിന്റില്‍ വണ്ടി കുറച്ച് സ്നാപ്പെടുക്കാന്‍ വേണ്ടി നിര്‍ത്തിതരണം എന്നു ജീവനക്കാരോട് അഭ്യര്‍ത്ഥിക്കുകയും അവര്‍ അത് അംഗീകരിക്കുകയും ചെയ്യുന്നു. (യഥാര്‍ത്തതില്‍ അവിടെയുള്ള ബസ്സുകാര്‍ ഇതുപോലെ ചെയ്യുമോ???!!!) എന്നാല്‍ മമ്മൂട്ടിയുടെ കഥാപാത്രം അതിലും പ്രതിഷേധിക്കുന്നു. എന്നാല്‍ "താന്‍ ടാക്സി വിളിച്ചു പോ" എന്ന ലൈനില്‍ യുവ സംഘവും ബസ്സുകാരും. 
 
എന്നാല്‍ സ്റ്റോപ്പില്ലാത്ത ഒരു സ്ഥലത്ത് (ഒരു വളവില്‍) വണ്ടി നിര്‍ത്താന്‍ മമ്മൂട്ടിയുടെ യാത്രികന്‍ ആവശ്യപ്പെടുമ്പോള്‍ മറ്റുള്ളവര്‍ക്ക് അതിഷ്ടപ്പെടുന്നില്ല. എന്തായാലും ബസ്സ് വളവില്‍ നിര്‍ത്തുന്നു. വളവില്‍ കണ്ട വീട്ടിലേക്ക് അയാള്‍ ഓടിക്കയറുന്നു. വീടിനു പുറത്ത് ഒരു മരണമറിഞ്ഞെത്തിയ ജനക്കൂട്ടം. സ്വന്തം വീട്ടില്‍ നടന്ന ഒരു മരണത്തിനെ തുടര്‍ന്നുണ്ടായ മനസ്സിന്റെ സംഘര്‍ഷമായിരുന്നു അയാളുടെ അസ്വസ്ഥതക്ക് കാരണമെന്ന് അവസാനമാണ്‌ പ്രേക്ഷകര്‍ മനസ്സിലാക്കുന്നത്.
-------------------------------------------------------------------------------------------------------------
 
ബാക്കിപത്രം: ഇപ്പോള്‍ പുറത്തിറങ്ങുന്ന താര ബാഹുല്യവും മറ്റുമുള്ള ചിത്രങ്ങളെ വച്ച് നോക്കുമ്പോള്‍ പ്രശംസനീയമായ ഒരു നീക്കമാണ്‌ ഇതിന്റെ അണിയറ പ്രവര്‍ത്തകര്‍ നടത്തിയിരിക്കുന്നത്. ബ്രിഡ്ജ് എന്ന സിനിമ വേണമെങ്കില്‍ ഒരു 2 മണിക്കൂറിലേക്ക് നീട്ടി പരത്തിയെടുകാവുന്നതാണ്. താരങ്ങളും അണിയറപ്രവര്‍ത്തകരും സാംസ്കാരിക നായകരും രാഷ്ട്രീയക്കാരും തമ്മില്‍ സിനിമയുടെ പേരില്‍ നടത്തുന്ന തമ്മില്‍ തല്ലില്‍ മനം മടുത്തിരിക്കുന്നവര്‍ക്ക് ഒരു നീരുറവ പോലെയാണ്‌ ഇത്തരം പരീക്ഷണങ്ങള്‍. തീര്‍ച്ചയായും ഇതിനെ പ്രോല്‍സാഹിപ്പിക്കണം. കേവലം ബോക്സ് ഓഫീസ് വിജയം മാത്രം ലക്ഷ്യം ​വക്കുന്ന പ്രവണതയില്‍ നിന്നും മാറി നടക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഭാവുകങ്ങള്‍ കേരളാ കഫേയുടെ എല്ലാ പ്രവര്‍ത്തകര്‍ക്കും.
 









3 അഭിപ്രായങ്ങൾ: