2012, മാർച്ച് 5, തിങ്കളാഴ്‌ച

മൂന്നാറിലേക്ക് - 2 - മറയൂര്‍

മൂന്നാറിലേക്ക്  ഒന്നാം ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്കിയാല്‍ മതി.

പിറ്റേ ദിവസം രാവിലെ 8 മണിക്ക് മുന്‍പേ തന്നെ കുളിയും പ്രാതലും എല്ലാം കഴിച്ചു റെഡിയായി.  8 മണിക്കാണ് മറയൂരിലെക്ക് പോകുവാന്‍ വണ്ടി ബുക്ക്‌ ചെയ്തിട്ടുള്ളത്.  8 മണിക്ക് മുന്‍പേ തെന്നെ വണ്ടിയും ഡ്രൈവറും എത്തി.  ഷാജി എന്നാണു ഡ്രൈവറുടെ പേര്.  വണ്ടി ഒരു ടാറ്റ ഇന്‍ഡിക്ക.  ക്യാമറയും മറ്റും മറക്കാതെ എടുത്തോളാന്‍ പറഞ്ഞു.  പെട്ടെന്ന് തന്നെ ആള്‍ കമ്പനി ആയി.  പതിനഞ്ചിന് മേല്‍ വര്‍ഷമായി മൂന്നാറില്‍ വണ്ടിയോടിക്കാന്‍ തുടങ്ങിയിട്ട്.  ഇപ്പോള്‍ സ്വന്തമായി ഒരു ഹോംസ്റ്റെയും നടത്തുന്നു!  (അടുത്ത തവണ വരുമ്പോഴത്തെ താമസം അവിടെയവാമെന്നു ഇപ്പോള്‍ തന്നെ അഡ്വാന്‍സ് ബുക്കിംഗ്!).  മറയൂര്‍ റൂട്ടില്‍ വണ്ടി നീങ്ങി തുടങ്ങി.  രാവിലെ തന്നെ തേയില ഫാക്ടറികളില്‍ പ്രോസസിംഗ് തുടങ്ങി കഴിഞ്ഞു.  അതിന്റെ മണം അന്തരീക്ഷത്തില്‍ ഉണ്ട്.  മലകള്‍ക്കിടയിലൂടെ വളഞ്ഞുപുളഞ്ഞു പോകുന്ന റോഡിന്റെ നിലവാരം തീരെ മോശം.  കേരളത്തിന്റെ തനതു റോഡുകള്‍!  തെയിലതോട്ടങ്ങളില്‍ കൊളുന്തു നുള്ളുന്നവരുടെയും ചെടികള്‍ക്ക് മരുന്നടിക്കുന്നവരുടെയും ഒരു ദിവസം തുടങ്ങി കഴിഞ്ഞു.  മരുന്നടിക്കുന്ന യന്ത്രത്തിന്റെ മുരള്‍ച്ച മുഴങ്ങി കേള്‍ക്കുന്നു. എല്ലാം തമിഴ് വംശജര്‍.  തോട്ടങ്ങളിലേക്കുള്ള ട്രാക്ടര്‍ കം ട്രെയിലറുകള്‍ തലങ്ങും വിലങ്ങും പോകുന്നു.  ഇടയ്ക്കിടെ അന്യസംസ്ഥാന ബസ്സുകളും മറ്റു വാഹനങ്ങളും.  മൂന്നാറിന്റെ ഒരു ദിവസം സജീവമാകുന്നു.  പക്ഷെ മഞ്ഞിന്റെ മൂടുപടം വിട്ടകന്നിട്ടില്ല.  അതികം വേഗത്തിലല്ലാതെ പോകുന്ന കാറിലേക്ക് അല്പം തുറന്നു വച്ച ജാലകത്തിലൂടെ തണുപ്പ് അരിച്ചിറങ്ങുന്നു.  ആകപ്പാടെ നല്ല സുഖം, ഒരു ഫ്രെഷ്നെസ് അനുഭവപ്പെടുന്നു. 




മൂന്നാറില്‍ നിന്നും മറയൂര്‍ റൂട്ടില്‍ യാത്ര തുടര്‍ന്നു.  പശ്ചിമഘട്ടത്തിലെയും ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരമുള്ള കൊടുമുടി ആനമുടി ഈ റൂട്ടില്‍ യാത്രചെയ്യുമ്പോള്‍ കാണാം.  ഓരോ വളവുകള്‍ തിരിയുമ്പോഴും അത് കൂടുതല്‍ വ്യക്തമായിക്കൊണ്ടിരുന്നു.  ഇവിടെ ക്ലിക്കിയാല്‍ ആനമുടിയുടെ പ്രത്യേകതകള്‍ വിവരിക്കുന്ന വിക്കിപീഡിയ ലിങ്കിലേക്ക് പോകാം. 


ആനയുടെ മുഖത്തിനോടു കൊടുമുടിയുടെ ഒരു ഭാഗത്ത്തിനുള്ള സാമ്യം തന്നെയാണ് അതിനു  ആനമുടി എന്ന പേര് കിട്ടാന്‍ കാരണം.  ഇരവികുളം നാഷണല്‍ പാര്‍ക്ക് മേഖലയിലാണ് അത് സ്ഥിതിചെയ്യുന്നത്.  മറയൂരില്‍ നിന്നും തിരിച്ചു വരുമ്പോള്‍ ഇരവികുളം നാഷണല്‍ പാര്‍ക്ക് സന്ദര്‍ശിക്കുന്നതാണ് നല്ലത് എന്ന് ഡ്രൈവര്‍ പറഞ്ഞു.  കാരണം രാവിലെ മുതല്‍ വരയാടുകളെ കാണാന്‍ നല്ല തിരക്കായിരിക്കും.  ഒരുപാട് നേരം ക്യൂ നിന്ന് വേണം പ്രവേശന ടിക്കറ്റ് എടുക്കാന്‍.  മരയൂരിലെക്ക് പോകുന്ന വഴിക്ക് ആ തിരക്ക് കണ്ടുബോധിച്ചു.   ഒരു ബ്ലോക്ക് ബസ്റ്റര്‍ സിനിമ റിലീസിന്റെ അന്ന് കാണാന്‍ ക്യൂ നില്‍ക്കുന്ന ആരാധകരെയാണ് ഓര്‍മ്മ വന്നത്.  നാല് മണിയോടെ തിരക്ക് ഏറ്റവും കുറയുകയും എളുപ്പത്തില്‍ രാജമലയിലെ വരയാടുകളെ കണ്ടു മടങ്ങുകയും ചെയ്യാം.

മിക്കവാറും എല്ലാ വളവുകളിലും നിര്‍ത്തിയാല്‍ ഫോട്ടോ എടുക്കാന്‍ പറ്റിയ സ്ഥലങ്ങളാണ്.  അവിടെയെല്ലാം നിര്‍ത്തി ഫോട്ടോ എടുത്തു ഞങ്ങള്‍ യാത്ര തുടര്ന്നു.  ആന പോലുള്ള വന്യ മൃഗങ്ങള്‍ക്ക് പകരം കണ്ടത് റോഡരുകിലെ പുല്ലുമേയുന്ന നല്ല ജമണ്ടന്‍ പശുക്കളെയാണ്.  ഒരു വളവില്‍ കാര്‍ നിര്‍ത്തി ഞങ്ങളിറങ്ങി.  താഴെ ഒരു മരച്ചില്ലയില്‍ ഇരിക്കുന്ന കരിങ്കുരങ്ങ്!  യാത്രയില്‍ ആദ്യം കണ്ട വന്യ ജീവി.  എന്റെ കുഞ്ഞു ക്യാമറ അവനെ ഒട്ടൊന്നു കഷ്ടപ്പെട്ട് സൂം ചെയ്ത് അകത്താക്കി.  അവനിരിക്കുന്നതിനു താഴെ മരച്ചില്ലകള്‍ ഒടിയുന്ന ശബ്ദം!  "ആനയുണ്ടാവും, ഒച്ചയുണ്ടാക്കാതെ നില്ല്".  ഡ്രൈവര്‍ പറഞ്ഞതനുസരിച്ച് കുറേനേരം വെയിലുകൊണ്ടാത് ബാക്കി.  ഞങ്ങള്‍ യാത്ര തുടര്ന്നു. 



പോകുന്ന വഴിക്ക് ഒരു ചെറിയ ഒരു വെള്ളച്ചാട്ടം  - ലക്കോം ഫാള്‍സ് എന്നാണു സൂചക പലകയില്‍ എഴുതി വെച്ചിരിക്കുന്നത്.  മലമുകളിലെ ഏതോ ഉന്നതിയില്‍ നിന്നും ഉത്ഭവിച്ചു തുള്ളിച്ചാടി വരുന്നു അത്.  ചില വിദേശി ടൂറിസ്റ്റുകള്‍ അതിലിറങ്ങി വെള്ളം കൈയിലെടുത്ത്  തട്ടിക്കളിക്കുന്നു.  സൌമ്യത നിറഞ്ഞ ഗൌരവത്തിലാണ് അതൊഴുകുന്നത്.  എന്നാല്‍ നല്ല മഴയുള്ള സീസണില്‍ കാണേണ്ടത് തന്നെയാണ്.  പറഞ്ഞത് അവിടെ ഗാര്‍ഡായി നില്‍ക്കുന്ന ഒരു ചേട്ടന്‍.  ഏതാനും ചിത്രങ്ങള്‍ എടുത്ത് അവിടെ നിന്നും യാത്ര തുടര്ന്നു.  "ഈ തണുപ്പെല്ലാം ഇപ്പോ പോകും മറയൂരില്‍ ചൂടാ".  മലമടക്കുകള്‍ പിന്നിലാക്കി വണ്ടിയോടിക്കുമ്പോഴും  ഡ്രൈവര്‍ ഷാജിയേട്ടന്‍ തന്റെ അറിവിന്റെ ശകലങ്ങള്‍ ഞങ്ങള്‍ക്കായി നല്‍കിക്കൊണ്ടിരുന്നു.


 ഇളം വെയിലില്‍ സുന്ദരങ്ങളായ മലനിരകള്‍ അവയുടെ വടിവുകളിലൂടെ ഒലിച്ചിറങ്ങുന്ന നീര്ച്ച്ചാലുകളാല്‍ അതിസുന്ദരമായ കാഴ്ചയാണ്.


ചന്ദന മരങ്ങള്‍ക്ക് പ്രശസ്തമായ മറയൂരിലെക്ക് ഞങ്ങള്‍ പ്രവേശിക്കുകയായി.   കാലാവസ്ഥയില്‍ പ്രകടമായ വ്യത്യാസം അനുഭവപ്പെട്ടു.  മൂന്നാറിലെ കുളിര് വിട്ടകന്നുകഴിഞ്ഞു.  ഇപ്പോള്‍ ഒരു തരം ഇളംചൂടിന്റെ പോള്ളിച്ച അനുഭവപ്പെടുന്നുണ്ട്.  വനം വകുപ്പിന്റെ ഒരു ചെക്പോസ്റ്റും കഴിഞ്ഞു യാത്ര തുടര്‍ന്നു.  തിരിച്ചു വരുമ്പോള്‍ കര്‍ശനമായ പരിശോധന ഉണ്ടാകും എന്ന് ഷാജിയേട്ടന്‍ പറഞ്ഞു.  തെയിലതോട്ടങ്ങള്‍ക്ക് പകരം ഇപ്പോള്‍ റോഡിനിരുവശങ്ങളിലും ചന്ദന മരങ്ങളാണ്.  ചുറ്റിനും കമ്പിവേലി കെട്ടി സുരക്ഷിതമാക്കിയിരിക്കുന്നു.  ഇടയ്ക്കിടെ വനപാലകര്‍ ജീപ്പിലും ബൈക്കുകളിലുമായി കടന്നു പോകുന്നു.  ("പോകേണ്ടത് എന്തായാലും പോകും" എന്ന് വനം വകുപ്പില്‍ ജോലിചെയ്യുന്ന ഒരു സുഹൃത്ത് ഈയിടെ പറഞ്ഞത് ഓര്‍മ്മ വന്നു).  ചന്ദന മരങ്ങള്‍ക്കരികെ വണ്ടി നിര്‍ത്തി കുറെ ഫോട്ടോസ് എടുത്തു.  റോഡരുകില്‍ നില്‍ക്കുന്ന ഒരു ചന്ദന മരത്തിന്റെ കുറ്റിയില്‍ ഒരു കല്ലെടുത്ത്‌ ഉരച്ചു മണത്തു നോക്കാന്‍ പറഞ്ഞു ഷാജിയേട്ടന്‍.  ചന്ദനത്തിന്റെ മണം!  ഒരു കിലോക്ക് ലക്ഷങ്ങള്‍ വില വരുമത്രേ ചന്ദനത്തിന്.  ചന്ദന മരങ്ങള്‍ മറയൂരിലാനെങ്കിലും ചന്ദന ഫാക്ടറികള്‍ മൊത്തം പാലക്കാടാണ്.  "വന്യന്‍"മാരെ ആരെയെങ്കിലും കാണാന്‍ വേണ്ടി കുറെ കത്ത് നിന്ന് കണ്ണ് കഴച്ചത് മിച്ചം.  വീണ്ടും യാത്ര തുടര്‍ന്നു.  പറഞ്ഞ പോലെ കാലാവസ്ഥ വളരെ മാറിയിരിക്കുന്നു.  മഴ ഇവിടെ കുറവാണെന്ന് തോന്നുന്നു.  എന്നാല്‍ മഞ്ഞുവീഴ്ച വഴി കിട്ടുന്ന തണുപ്പ് വിവിധ കാര്‍ഷിക വിളകള്‍ക്ക് ഗുണമായി ഭാവിക്കുന്നു.  ഏത് തരം വിളകളും ഇവിടെ വിളയും.   കാര്‍ഷിക രംഗത്താണ് മറയൂരുകാര്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.  മറയൂരിലെ ജനതയുടെ കൈയില്‍ നിന്നും മുന്‍കാലങ്ങളില്‍ പുറംനാട്ടുകാര്‍ ചുളുവിലക്ക് കൈവശപ്പെടുത്തി തങ്ങളുടെതായ ഒരു ലോകം അവിടെ സ്ഥാപിച്ചു.  വിവിധ രംഗങ്ങളിലെ പ്രമുഖര്‍ക്കെല്ലാം അവിടെ ബിനാമി ഭൂമി ഉണ്ടെന്നാണ് പറയപ്പെടുന്നത്.  ടൂറിസം കമ്പനികളുടെ റിസോര്‍ട്ടുകളും മറ്റും ഉയര്‍ന്നു വരുന്നത് വഴിയില്‍ കാണാം.  വീടുകള്‍ വലുതല്ലെങ്കിലും ഒതുക്കമുള്ളതും സുന്ദരവുമാണ്. 

ഞങ്ങളുടെ ഡ്രൈവര്‍ ഷാജിയേട്ടന്‍ 


കരിമ്പിന്‍ നീര് ചൂടാക്കുന്നത് ഈ പാത്രതിലോഴിച്ചാണ്.

കുറെക്കൂടി മുന്നോട്ടു നീങ്ങിയപ്പോള്‍ മറയൂരിലെ ശര്‍ക്കര നിര്‍മ്മാണകേന്ദ്രങ്ങള്‍ കണ്ടുതുടങ്ങി.  കരിമ്പിന്‍ തോട്ടത്തില്‍ തഴച്ചു വളരുന്ന കരിമ്പിന്ചെടികള്‍.  റോഡിനരുകിലെ മരത്തണലില്‍ ഇരുന്നു പ്രഭാത ഭക്ഷണം കഴിക്കുന്ന ഏതാനും തൊഴിലാളികള്‍.  ഞങ്ങള്‍ വണ്ടി നിര്‍ത്തി അരികില്‍ കണ്ട ശര്‍ക്കര ഉണ്ടാക്കുന്ന കെട്ടിടത്തിലേക്ക് നടന്നു.  ഓലകൊണ്ട് മേഞ്ഞ ഒരു ചെറിയ ഷെഡ്‌.  പ്രായമായ രണ്ടുമൂന്നു സ്ത്രീതൊഴിലാളികള്‍ അവിടെയും ഇരുന്നു "സാപ്പിടുന്നു".  ശര്‍ക്കര ഉരുക്കുന്ന വലിയ ചട്ടി (ശരിക്കും പേരെന്താണെന്ന് അറിയില്ല!) ശൂന്യം.  ഇന്നത്തെ പണി തുടങ്ങാനിരിക്കുന്നതെയുള്ളൂ.  ഒരു ദിവസം നൂറ്റിയമ്പത് രൂപയാണ് അവരുടെ കൂലി.  തമിഴ് വംശജരാണ്‌ മിക്കവാറും തൊഴിലാളികള്‍.  സംഘടനയും യൂണിയന്‍ പ്രവര്‍ത്തനവും ഇവര്‍ക്കുണ്ടോ ആവോ?  കരിമ്പില്‍ നിന്നും യന്ത്രസഹായത്താല്‍ നീരെടുത്ത് അത് മേല്പറഞ്ഞ വലിയ ചട്ടിയിലോഴിച്ചു ചൂടാക്കിയാവണം ‍ ശര്‍ക്കര ഉണ്ടാക്കുന്നത്.  കാണണം എന്നുണ്ടായിരുന്നു.  പക്ഷെ യാത്ര ഒരുപാട് പോകാനുള്ളതുകൊണ്ടു വേണ്ടെന്നു വച്ചു.  മറയൂര്‍ ഗ്രാമ മധ്യത്തിലെത്തി.  അവിടെ ഒരു ആളും ബഹളവും ഒക്കെ കാണാനുണ്ട്.  കാര്‍ഷികോല്‍പ്പന്നങ്ങള്‍ വിവിധ തരത്തില്‍ പ്രദര്‍ശിപ്പിച്ചു വച്ചിട്ടുള്ള ഒരുപാട് കടകള്‍, ചെറുകിട തട്ടുകടകള്‍, ടെലഫോണ്‍ ബൂത്തുകള്‍ എന്ന് തുടങ്ങി അത്യാവശ്യ സര്‍വീസുകള്‍ എല്ലാമുള്ള സ്ഥലം.  ഉച്ചഭക്ഷണത്തിനായി ഒരു കൊള്ളാവുന്ന ഹോട്ടല്‍ കണ്ടുവച്ചു.  ഏറണാകുളത്തെക്കും ആലുവക്കും, പിന്നെ തമിഴ്നാട്ടിലെ ഏതോ സ്ഥലതെക്കുമൊക്കെയുള്ള ബസ്സുകള്‍ ആളെകാത്തു കിടക്കുന്നു.  ഞങ്ങള്‍ക്ക് വീണ്ടും മുന്നോട്ടു പോകണം.  മറയൂരിലെ മുനിയറകളാണ് ഞങ്ങള്‍ക്ക് കാണേണ്ടത്.   വീണ്ടും മുന്നോട്ടു.  കുറച്ചു ദൂരം കൂടി മുന്നോട്ടു പോയി ഒരു ബോര്‍ഡു കണ്ടു.  മറയൂര്‍ സര്‍ക്കാര്‍ വക ഹയര്‍സെക്കന്ററി സ്കൂള്‍.  അതിനു പിന്നിലാണ് മറയൂരില്‍ ഞങ്ങള്‍ തേടിവന്ന മുനിയറകള്‍ ഉള്ളത്.  ഗെയിറ്റിനു മുന്നില്‍ വണ്ടി പാര്‍ക്ക് ചെയ്ത് അകത്തേക്ക് നടന്നു.  സ്കൂളില്‍ ഉച്ചഭക്ഷണം പാചകം ചെയ്യുന്ന മണം.  ഇവിടെ മുനിയറകള്‍ ആര്‍ക്കും സന്ദര്‍ശിക്കാം, പ്രവേശനാനുമതി  ടിക്കറ്റ് കൌണ്ടര്‍ തുടങ്ങിയ ഒന്നും തന്നെ കണ്ടില്ല.  സ്കൂളിനു പുറകിലേക്ക് ഞങ്ങള്‍ നടന്നു.  പുറകിലെ വിശാലമായ മുറ്റം പാറയാണ്‌.  അതിനു മുകളില്‍ അതാ കാണുന്നു മുനിയറകള്‍.
വാലന്റൈന്‍ അടയാളങ്ങള്‍കൊണ്ട് അലംകൃതമായ സ്കൂളിന്റെ സൂചക ബോര്‍ഡ്.
മുനിയറകളില്‍ പൊട്ടിച്ചിതറിയ "വീര്യ"ത്തിന്റെ അവശിഷ്ടങ്ങള്‍

ചരിത്രാതീത കാലത്തെ ഈ ശേഷിപ്പുകള്‍ ഇന്ന് തികച്ചും അനാഥമായി കിടക്കുന്നു.  മൂന്നു വശത്തും നെടുകെ വച്ച വലിയ പാളികള്‍ക്ക്‌ മേലെ കുറുകെ വലിയ പരന്ന പാറ വച്ചിരിക്കുന്നു.   ജെ.സി.ബിയും ബുള്‍ഡോസറും ക്രെയിനുകളും ഒന്നും ഇല്ലാതിരുന്ന കാലഘട്ടത്തില്‍ ഇത്തരം ഭാരമേറിയ കല്ലുകള്‍ ഇതുപോലെ അടുക്കി വെക്കണമെങ്കില്‍ ലവരുടെ കായിക ബലം വെറുതെ ഒന്നു സങ്കല്‍പ്പിച്ചുനോക്കി.  വിശ്വസിക്കാന്‍ അല്‍പ്പം പ്രയാസം തോന്നും ഇന്നത്തെ തലമുറയ്ക്ക്.  സര്‍ക്കാര്‍ വക പള്ളിക്കൂടത്തിനു പിന്നില്‍ നില്‍ക്കുന്ന ഇവ സംരക്ഷിക്കാന്‍  ഔദ്യോഗിക തലത്തില്‍ ഒന്നും തന്നെ ചെയ്തു കാണുന്നില്ല.  (ഈയടുത്ത് ഒരു വാര്‍ത്ത കണ്ടിരുന്നു ഫെബ്രുവരിയില്‍ ഒരു പഠനം മുനിയറ അടിസ്ഥാനമാക്കി നടക്കുന്നുണ്ടെന്ന്.  പിന്നീട് അതെപറ്റി വാര്‍ത്തകള്‍ ഒന്നും ശ്രദ്ധയില്‍ പെട്ടിട്ടില്ല..).  ഞങ്ങള്‍ അവിടെ കണ്ട ഓരോ അറകളും പോയി നോക്കി.  ചരിത്രം രചിക്കുന്നതിന് മുന്‍പ് പൌരാണിക  മനുഷ്യന്‍ വാസസ്ഥലമായി ഉപയോഗിച്ചിരുന്നു അവിടെ പക്ഷെ ഇന്ന് ആധുനിക മനുഷ്യന്‍ അവിടെ വന്നിരുന്നു വീര്യം! നുകരാനും (മദ്യപാനം) അതിന്റെ കുപ്പികള്‍ എറിഞ്ഞുപൊട്ടിക്കാനും  ഉപയോഗിക്കുന്നു എന്ന വ്യത്യാസം.  അതിന്റെ അവശിഷ്ടങ്ങള്‍ തേടി വരുന്ന എലികള്‍ മുനിയറകളില്‍ കയറിയിറങ്ങുന്നു എന്നതിന് അവയുടെ
വിസര്‍ജ്യാവഷിഷ്ടങ്ങള്‍ സാകഷ്യം പറയുന്നു.

 ചിത്രത്തില്‍ ക്ലിക്കിയാല്‍ മലമുകളിലെ കുരിശു കാണാം.

ചുറ്റിനും നല്ല ഭംഗിയാണ് കാണാന്‍.  മലകളാല്‍ ചുറ്റപ്പെട്ട താഴ്വര.  മലകളെ വലംവെച്ചു കളിക്കുന്ന മേഘങ്ങള്‍.  താഴെ ഒരു കുരിശുപള്ളി കാണാം, ദൂരെ.  ഞങ്ങള്‍ നില്‍ക്കുന്നതിന്റെ അടുത്തുള്ള കുന്നിന്റെ മുകളില്‍ ഒരു
കുരിശും കാണാം.  മനുഷ്യന്റെ മതപരമായ അധിനിവേശത്തിന്റെ ഒരടയാളം.  അത്രയ്ക്ക് ഉയരെ ആള്‍താമസം പോലുമില്ലാത്ത എന്ന് തോന്നിക്കുന്ന സ്ഥലത്ത് ഒരു കുരിശിന്റെ ആവശ്യം എന്താണാവോ?  സ്കൂളിലെ കുട്ടികളില്‍ ചിലര്‍ നിസ്സംഗമായ ഒരു കൌതുകത്തോടെ ഞങ്ങളുടെ അടുത്തുകൂടി കടന്നു പോയി.  ക്ലാസ്റൂമിനകത്ത് നിന്നും നോക്കുന്ന വിദ്യാര്‍ത്ഥിനികള്‍ ഞങ്ങളെ നോക്കി എന്തോ പറഞ്ഞു ചിരിക്കുന്നു.    മുറ്റത്തെ പച്ചമരത്തിന്റെ തണലില്‍ ഗുരുകുല രീതിയില്‍ ഒരു ടീച്ചര്‍ ക്ലാസ് എടുക്കുന്നു.  എന്റെ കൈയിലെ ക്യാമറ കണ്ടപ്പോള്‍ കുട്ടികള്‍ക്ക് ഒരുത്സാഹം.  അവരെ നിരാശപ്പെടുത്തേണ്ട എന്ന് കരുതി ഒന്ന് ക്ലിക്കി.  കുട്ടികളും ടീച്ചറും എല്ലാം ഹാപ്പി!  ക്ലാസ് എടുക്കുന്നതിനു തടസ്സമാകാതിരിക്കാന്‍ വേഗം അവിടെനിന്നും മടങ്ങി.

 സ്കൂളിലെ ഉച്ചഭക്ഷണത്തിനായി ചോറ് വെന്തു വെള്ളം ഊറ്റാന്‍ വെച്ചിരിക്കുന്നു.  അതിന്റെ മണം മൂക്കിലടിച്ചപ്പോള്‍ വിശപ്പിന്റെ വിളി കലശലായി.  വെയിലിനു ചൂടും കൂടിയിരിക്കുന്നു.  നേരത്തെ മറയൂര്‍ ജംഗ്ഷനില്‍ കണ്ടുവെച്ച ഭക്ഷണശാലയെ മനസ്സില്‍ കണ്ടുകൊണ്ടു വേഗം കാറിലേക്ക് കയറി.

കുറിപ്പ് :  യാത്ര അടുത്ത ഭാഗത്തില്‍ തുടരും.  ഫോട്ടോസ് കുറച്ചധികം ആയിപ്പോയോ എന്നൊരു സംശയമില്ലാതില്ല.  അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ!  കൂടാതെ യാത്രകള്‍ ഡോട്ട് കോം സൈറ്റിലും ഈ ബ്ലോഗ്‌ പ്രസിദ്ധീകരിച്ചിട്ടുണ്ട്.  താഴെ യാത്രകള്‍ ഡോട്ട് കോമിന്റെ ചെറിയ ചിത്രത്തില്‍ ഞെക്കിയാല്‍  അവിടേക്ക് പോകാം.

മുന്‍പ് അതിരപ്പിള്ളിക്ക്‌ പോയ യാത്ര ഇവിടെ ഞെക്കി വായിക്കാം.  ഭാഗം 1 & ഭാഗം 2