2011, മാർച്ച് 26, ശനിയാഴ്‌ച

അയ്യേ സൌത്താഫ്രിക്ക!

"അങ്ങിനെ പവനായി ശവമായി", നാടോടിക്കാറ്റ് സിനിമയിലെ പ്രശസ്തമായ ഒരു സംഭാഷണ ശകലമാണിത്. ലോകകപ്പില്‍ നിന്ന് പുറത്തായ സൌത്താഫ്രിക്കയെയാണ്‌ ഉദ്ദേശിച്ചത്. മലപോലെ വന്നു. എലിപോലെ പോയി. ഇക്കൊല്ലവും സൌത്താഫ്രിക്ക പതിവു തെറ്റിച്ചില്ല. പടിക്കല്‍ കൊണ്ട് കലമുടച്ചു.

പ്രാരംഭ ഘട്ടത്തിലെ മല്‍സരങ്ങളിലെല്ലാം (ഇംഗ്ലണ്ടിനെതിരെ മാത്രം പരുങ്ങി) അത്യുഗ്രന്‍ പ്രകടനം കാഴ്ചവച്ച സ്മിത്തും സംഘവും ക്വാര്‍ട്ടര്‍ എന്ന കടമ്പ കടക്കാനാവാതെ നാട്ടിലേക്ക് മടങ്ങുമ്പോള്‍ പറയാവുന്നത് ഒരേ ഒരു വാക്ക്..അയ്യേ.....

പിന്‍കുറി:  സചിന്‍ ഈ ലോകകപ്പില്‍ നൂറാം സെഞ്ച്വറിയടിക്കില്ലെന്ന് പാക് നായകന്‍ അഫ്രീദി!!.. ---  മോനെ ഞങ്ങള്‍ക്ക് അതാണ്‌ വേണ്ടത്.  കുറഞ്ഞത് ഈ ലോകകപ്പ് കഴിയുന്നത് വരെയെങ്കിലും നൂറടിക്കരുത്.  വേണമെങ്കില്‍ 99 വരെ പൊയ്ക്കോ.  സച്ചിന്‍ 100 അടിച്ച ഏറ്റവും ഒടുവിലത്തെ 2 മല്‍സരങ്ങളില്‍ ഇന്ത്യക്ക് ജയിക്കാന്‍ കഴിഞ്ഞിട്ടില്ല.  (ആദ്യം ഇംഗ്ലീഷുകാരുമായി "ടൈ" പിന്നെ ആഫ്രിക്കക്കാരോട് തോല്‍വി!).  ഇനിയൊരു സെഞ്ച്വറി താങ്ങാനാവില്ല അഫ്രീദി മോനെ ഞങ്ങള്‍ കോടികള്‍ വരുന്ന് ഇന്ത്യക്കാര്‍ക്ക്.  സച്ചിന്റെ സെഞ്ച്വറി ബാക്കി നിര്‍ത്തിയിട്ട് വേണം ഞങ്ങള്‍ക്ക് വാങ്കടെയില്‍ കപ്പുയര്‍ത്താന്‍...(ചുമ്മാ..)

2011, മാർച്ച് 21, തിങ്കളാഴ്‌ച

സൌമ്യ വധം കേസ് വഴിതിരിയുമോ?!

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ എല്ലാവരുടെയും ശ്രദ്ധ വി.എസ്-പിണറായി-ചാണ്ടി-ചെന്നിത്തല കളിലേക്ക് മാറിയിരിക്കുകയാണല്ലോ. നാളുകള്‍ക്ക് മുമ്പ് മൃഗീയമായി (ട്രെയിന്‍ യാത്രക്കിടെ) വധിക്കപ്പെട്ട സൌമ്യയുടെ ഘാതകനെ പിടികൂടി ജയിലിലിട്ടിരിക്കുകയാണല്ലോ. ഈയടുത്ത ദിവസം ഇതുമായി ബന്ധപ്പെട്ട് ലീഗ് മുഖപത്രമായ ചന്ദ്രികയില്‍ ഒരു വാര്‍ത്ത വന്നിരിക്കുന്നു.



അറസ്റ്റിലായ ഗോഗിന്ദച്ചാമിക്ക് വേണ്ടി വക്കാലത്തെടുക്കുവാന്‍ മുംബൈ ഹൈക്കോടതിയിലെ പുലി(?)കളായ ചില അഭിഭാഷകര്‍ എത്തി അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നു. ചിത്രത്തില്‍ ക്ലിക്കിയാല്‍ വലുതായി കാണാം.  (ചന്ദ്രികയോട് ചോദിക്കാതെ എടുത്തതാണ്. നല്ലൊരു ഉദ്ദേശത്തിനായതിനാല്‍ റൈറ്റ്സ് ഒന്നും പ്രശ്നമാവില്ലെന്ന് കരുതുന്നു). കോടതികളുടെയും ന്യായാധിപന്‍മാരുടെയും അവരുടെ വിധികളുടെയും വിശ്വസനീയത തന്നെ ചോദ്യം ചെയ്യപ്പെടുന്ന ഇക്കാലത്ത് ഈ വാര്‍ത്ത പെട്ടെന്ന് വിഴുങ്ങാന്‍ നമുക്കാവുമോ?  മറ്റേതെങ്കിലും മാധ്യമത്തില്‍ ഇത് വന്നിട്ടുണ്ടൊ എന്നറിയില്ല.  എങ്കിലും ചന്ദ്രികക്ക് അഭിനന്ദനങ്ങള്‍!


പെണ്‍വാണിഭക്കാരെ കൈയാമം വച്ച് നടത്തിക്കുമെന്ന് ദിനംപ്രതി ഉരുവിടുന്ന സഖാവ്. വി.എസ്. ഈ വാര്‍ത്ത കണ്ടിട്ടുണ്ടോ ആവോ?

2011, മാർച്ച് 13, ഞായറാഴ്‌ച

ധോണി..ഇത് പറയാതെ വയ്യ.

ഇന്ത്യ-ദക്ഷിണാഫ്രിക്ക ലോകകപ്പ് മല്‍സരത്തെപറ്റിയാണെഴുതുന്നത്. കടലാസ് പുലികളായ ഇന്ത്യക്കാര്‍ ആഫ്രിക്കന്‍ കരുത്തിനു മുന്നില്‍ ഒരിക്കല്‍ കൂടി അടിയറവു പറഞ്ഞു. തങ്ങളുടെ ക്വാര്‍ട്ടര്‍ ബര്‍ത്ത് ഉറപ്പാക്കി കഴിഞ്ഞ ഇന്ത്യക്ക് ഇതൊരു പ്രെസ്റ്റീജ് ഇഷ്യൂ ഒന്നുമായിരുന്നില്ല. എന്നാല്‍ ആഫ്രിക്കക്കാര്‍ക്ക് ഇംഗ്ളണ്ടില്‍ നിന്നുമേറ്റ അപ്രതീക്ഷിത ഷോക്ക് ട്രീറ്റ്മെന്റില്‍ നിന്നുമൊരു മോചനം അതായിരുന്നു.

സച്ചിന്‍, സെവാഗ്, ഗംഭീര്‍ ത്രയങ്ങള്‍ എല്ലാം അതിമനോഹരമായി ചെയ്തു നിര്‍ത്തിയിടത്ത് നിന്നു പിന്നാലെ വന്നവര്‍ക്ക് ചെയ്ത് തീര്‍ക്കാനായില്ല. യൂസഫിനെ ഇന്നലെ നേരത്തെ ഇറക്കേണ്ടായിരുന്നു. യുവരാജ് കുറച്ചുകൂടി ഉത്തരവാദിത്തം കാണിക്കണമായിരുന്നു. യൂസഫ് പത്താനെ ഇറക്കിയതിനു പകരം വിരാട് കോഹ്‌ലി ആ സ്ഥാനത്ത് കുറച്ച് കംഫര്‍ട്ടബിള്‍ ആയേനെ. തുടര്‍ന്ന് യുവരാജ്, ധോണി. യൂസഫ് പത്താന്‍ 45 ഓവറിനു ശേഷമാണ്‌ വന്നിരുന്നതെങ്കില്‍ കുറച്ചുകൂടി റണ്‍സ് ഇന്ത്യക്ക് ബോര്‍ഡില്‍ കിട്ടിയേനെ.   വാലറ്റക്കാര്‍ക് ഒരു പ്രചോദനമായി മാറാന്‍ ഒരാളും ഉണ്ടായിരുന്നില്ല.  വല്ലവിധേനെയും ഒന്ന് വിക്കറ്റ് കൊടുത്തു പോവണം എന്ന ഭാവമായിരുന്നു ഇന്ത്യന്‍ വാലറ്റത്തിന്.
 
ഇന്ത്യന്‍ ബൌളിംഗില്‍ സഹീര്‍ മാത്രം മികച്ച് നിന്നു.  മുനാഫ് കുറച്ചൊക്കെ ഭംഗിയായി തുടങ്ങിയെങ്കിലും പിന്നീട് തകര്‍ന്നു.  നെഹ്റ സമ്പൂര്‍ണ്ണ പരാജമായിരുന്നു.  സ്പിന്നര്‍മാരില്‍ ഹര്‍ഭജന്റെ റോള്‍ ഏതാണ്ട് കഴിഞ്ഞ മട്ടാണ്.  വൈവിധ്യമില്ലാത്ത പന്തുകളില്‍ ബാറ്റ്സ്മാന്‍മാര്‍ വിക്കറ്റ് സമ്മാനിക്കുന്നത് അവരുടെ ശ്രദ്ധക്കുറവുകൊണ്ടു മാത്രമാണ്.  പിയൂഷ് ചൌളക്കും ഫലപ്രദമായി ഒന്നും പറ്റുന്നില്ല. 
 
പാര്‍ട്ട് ടൈമര്‍മാരെ ആശ്രയിച്ചാണ്‌ ഇന്ത്യന്‍ ബൌളിംഗ് നിലനില്‍ക്കുന്നത്. ഈ അവസരത്തിലാണ്‌ ചില "ആള്‍ട്ടര്‍നേറ്റ്" മാര്‍ഗ്ഗങ്ങളെ പറ്റി ധോണിയിലെ നായകന്‍ ചിന്തിക്കേണ്ടിയിരുന്നത്. സച്ചിന്‍, സെവാഗ്, ഗംഭീര്‍ ഇവരിലാര്‍ക്കെങ്കിലും ഒന്ന് വിശ്രമം നല്‍കാമായിരുന്നു. പകരം പുറത്ത് നില്‍ക്കുന്ന സുരേഷ് റെയ്നക്ക് ഒരു അവസരം നല്‍കേണ്ടതായിരുന്നു. ആഫ്രിക്കന്‍ പര്യടനത്തിലെ പരാജയം മൂലം ഒതുക്കപ്പെട്ട റെയ്നക്ക് ഇന്നലെ ഒരു അവസരം നല്‍കി നോക്കാമായിരുന്നു. കൂടാതെ ബൌളിംഗിലും റെയ്ന കുറച്ചൊക്കെ മികവ് കാണിക്കാറുമുണ്ട്. സ്പിന്‍ ഡിപ്പാര്‍ട്ട്മെന്റില്‍ ആര്‍. അശ്വിന്‍ എന്ന താരത്തിന്റെ "പൊട്ടെന്‍ഷ്യല്‍" എത്രയുണ്ടെന്ന് ഒന്നു ടെസ്റ്റ് ചെയ്യാമായിരുന്നു. ദക്ഷിണാഫ്രിക്കയെ സംബന്ധിച്ചിടത്തോളം അശ്വിന്‍ തികച്ചും ഒരു അപരിചിതന്‍ തന്നെയാവുമായിരുന്നു.

സീനിയര്‍ താരങ്ങള്‍ക്ക് അപ്രധാന മല്‍സരങ്ങളില്‍ വിശ്രമമനുവദിച്ച് പുതുമൊഖ താരങ്ങളിലെ കഴിവിനെ ഒന്നളന്നു നോക്കേണ്ടതായിരുന്നു. 

സീനിയര്‍ താരങ്ങളെ തൊട്ടു കളിക്കാന്‍ ഒരു പക്ഷെ ധോണിക്ക് അല്‍പ്പം പേടിയുണ്ടാവും. കാരണം അവരെല്ലാം മേല്‍ജാതിക്കാരാണല്ലോ (അവരുടെ കഴിവിനെ ഒരിക്കലും കുറച്ചു കാണുന്നില്ല). ക്യാപ്റ്റനെന്ന നിലയിലുള്ള തന്റെ പ്രാരംഭ കാലത്തെ ധോണി ഇന്ന് വിദൂരകാഴ്ചയില്‍ പോലും വരുന്നില്ല. അനുമോദനങ്ങളും ആദരവുകളും പതിയെ കല്ലേറുകള്‍ക്ക് വഴിമാറുകയാണെന്ന് തോന്നുന്നു.  മിസ്റ്റര്‍ കൂള്‍ ആയിരുന്ന ധോണി ഇപ്പോള്‍ മിസ്റ്റര്‍ കോള്‍ഡ് ആയിട്ടുണ്ടെന്നാണ്‌ കാണാന്‍ കഴിയുന്നത്.

ഇനി കരീബിയക്കാരുമായിട്ടുള്ള ഒരു മല്‍സരം കൂടി ബാക്കിയുണ്ട്. അതിലെങ്കിലും ധോണി കുറച്ച് പരീക്ഷണങ്ങള്‍ നടത്തിയാല്‍ നല്ലത്. അതു കഴിഞ്ഞാല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ നോക്കൌട്ടാണ്. ഇടി കിട്ടി പുറത്താവണോ അതോ ഇടിച്ച് വീഴ്ത്തി ജേതാവാകണോ എന്ന് അവിടെ തീരുമാനിക്കപ്പെടും.

ഇനി ആഫ്രിക്കന്‍ പക്ഷം നോക്കിയാല്‍ അവരുടെ ഭാഗത്ത് കാലിസാണ്‌ പരിചയ സമ്പന്നന്‍.  സച്ചിനെയോ സെവാഗിനെയൊ പോലുള്ള പ്രഗല്‍ഭമതികളവരുടെ നിരയില്‍ ഉണ്ടാവില്ല.  പക്ഷെ ഒരു കളി ജയിപ്പിക്കാനുള്ള ശേഷി അവരുടെ വാലറ്റത്തിനുണ്ടെന്ന് ഇന്നലത്തെ മല്‍സരം വ്യക്തമാക്കുന്നു.  ഹാഷിം ആംല എന്ന താടിക്കാരന്‍ - പണ്ട് അദ്ദേഹത്തിന്‌ അവസരം കിട്ടിയ നാളുകളില്‍ ക്രീസില്‍ ഒരുപാട് ബുദ്ധിമുട്ടിയാണ്‌ അല്‍പ്പസമയം ഉണ്ടായിരുന്നത്.  ഉടനെ ഔട്ടുമാവും. ആംലയുടെ കരിയറിന്റെ ആദ്യത്തില്‍ ഒട്ടും തിളക്കമുണ്ടായിരുന്നില്ല.  എന്നാല്‍ സ്മിത്തിലെ ക്യാപ്റ്റന്‍ ആംലയില്‍ വിശ്വാസമര്‍പ്പിച്ച് നല്‍കിയ പ്രോല്‍സാഹനം അദ്ദേഹത്തെ ഇന്നത്തെ ഒരു ഒന്നാന്തരം ലോകോത്തര കളിക്കാരനാക്കിയിരുന്നു.  ഏകദിനത്തിലും ടെസ്റ്റിലും കാലിസ് കഴിഞ്ഞാല്‍ അല്ലെങ്കില്‍ കാലിസോളം ആംലയും അവര്‍ക്ക് പ്രധാനി തന്നെ.  പിന്നീട് വരുന്ന ഡിവില്ലിയേഴ്സ്, ഡുമിനി, പുതുമുഖം ഡുപ്ളെസിസ് തുടങ്ങിയവരും നല്ല കളിക്കാരാണ്.  ഇന്ത്യയിലെ സ്ലോ പിച്ചില്‍ പോലും വേഗം കൊണ്ട് മികവ് കാട്ടാന്‍ സ്റ്റേയിനിനും കൂട്ടുകാര്‍ക്കുമാവുന്നു (അല്പം അടി കൊണ്ടിട്ടാണെങ്കിലും!).  സ്റ്റെയിനു പോലും ബാറ്റുകൊണ്ട് ഒരു പത്തിരുപത് റണ്‍സെങ്കിലും എടുത്ത് കൊണ്ട അടിക്ക് പ്രായശ്ചിത്തം ചെയ്യാന്‍ കഴിവുണ്ട്.  എന്നാല്‍ ഇന്ത്യന്‍ ബൌളര്‍മാര്‍ക്ക് ആകെ അറിയാവുന്നത് ഓടിവന്ന് അടിക്കാന്‍ പാകത്തിന്‌ പന്തെറിയലാണ്.  ബാറ്റിങ്ങിലെ അവരുടെ സമീപനം പാടെ മാറേണ്ടിയിരുക്കുന്നു.  ചിലര്‍ എങ്ങിനെ ഔട്ടാവാമെന്ന് ഗവേഷണം നടത്തുകയാണെന്ന് തോന്നിപ്പോകുന്നു. 

വാല്‍ക്കഷണം : ഗോപുമോനെ പറ്റി പറയാതിരുന്നത് മനപൂര്‍വ്വം തന്നെ. വെറുതെ എന്തിനാ...