ഇന്ത്യ-ദക്ഷിണാഫ്രിക്ക ലോകകപ്പ് മല്‍സരത്തെപറ്റിയാണെഴുതുന്നത്. കടലാസ് പുലികളായ ഇന്ത്യക്കാര്‍ ആഫ്രിക്കന്‍ കരുത്തിനു മുന്നില്‍ ഒരിക്കല്‍ കൂടി അടിയറവു പറഞ്ഞു. തങ്ങളുടെ ക്വാര്‍ട്ടര്‍ ബര്‍ത്ത് ഉറപ്പാക്കി കഴിഞ്ഞ ഇന്ത്യക്ക് ഇതൊരു പ്രെസ്റ്റീജ് ഇഷ്യൂ ഒന്നുമായിരുന്നില്ല. എന്നാല്‍ ആഫ്രിക്കക്കാര്‍ക്ക് ഇംഗ്ളണ്ടില്‍ നിന്നുമേറ്റ അപ്രതീക്ഷിത ഷോക്ക് ട്രീറ്റ്മെന്റില്‍ നിന്നുമൊരു മോചനം അതായിരുന്നു.
സച്ചിന്‍, സെവാഗ്, ഗംഭീര്‍ ത്രയങ്ങള്‍ എല്ലാം അതിമനോഹരമായി ചെയ്തു നിര്‍ത്തിയിടത്ത് നിന്നു പിന്നാലെ വന്നവര്‍ക്ക് ചെയ്ത് തീര്‍ക്കാനായില്ല. യൂസഫിനെ ഇന്നലെ നേരത്തെ ഇറക്കേണ്ടായിരുന്നു. യുവരാജ് കുറച്ചുകൂടി ഉത്തരവാദിത്തം കാണിക്കണമായിരുന്നു. യൂസഫ് പത്താനെ ഇറക്കിയതിനു പകരം വിരാട് കോഹ്‌ലി ആ സ്ഥാനത്ത് കുറച്ച് കംഫര്‍ട്ടബിള്‍ ആയേനെ. തുടര്‍ന്ന് യുവരാജ്, ധോണി. യൂസഫ് പത്താന്‍ 45 ഓവറിനു ശേഷമാണ് വന്നിരുന്നതെങ്കില്‍ കുറച്ചുകൂടി റണ്‍സ് ഇന്ത്യക്ക് ബോര്‍ഡില്‍ കിട്ടിയേനെ. വാലറ്റക്കാര്‍ക് ഒരു പ്രചോദനമായി മാറാന്‍ ഒരാളും ഉണ്ടായിരുന്നില്ല. വല്ലവിധേനെയും ഒന്ന് വിക്കറ്റ് കൊടുത്തു പോവണം എന്ന ഭാവമായിരുന്നു ഇന്ത്യന്‍ വാലറ്റത്തിന്.
ഇന്ത്യന്‍ ബൌളിംഗില്‍ സഹീര്‍ മാത്രം മികച്ച് നിന്നു. മുനാഫ് കുറച്ചൊക്കെ ഭംഗിയായി തുടങ്ങിയെങ്കിലും പിന്നീട് തകര്‍ന്നു. നെഹ്റ സമ്പൂര്‍ണ്ണ പരാജമായിരുന്നു. സ്പിന്നര്‍മാരില്‍ ഹര്‍ഭജന്റെ റോള്‍ ഏതാണ്ട് കഴിഞ്ഞ മട്ടാണ്. വൈവിധ്യമില്ലാത്ത പന്തുകളില്‍ ബാറ്റ്സ്മാന്‍മാര്‍ വിക്കറ്റ് സമ്മാനിക്കുന്നത് അവരുടെ ശ്രദ്ധക്കുറവുകൊണ്ടു മാത്രമാണ്. പിയൂഷ് ചൌളക്കും ഫലപ്രദമായി ഒന്നും പറ്റുന്നില്ല.
പാര്‍ട്ട് ടൈമര്‍മാരെ ആശ്രയിച്ചാണ് ഇന്ത്യന്‍ ബൌളിംഗ് നിലനില്‍ക്കുന്നത്. ഈ അവസരത്തിലാണ് ചില "ആള്‍ട്ടര്‍നേറ്റ്" മാര്‍ഗ്ഗങ്ങളെ പറ്റി ധോണിയിലെ നായകന്‍ ചിന്തിക്കേണ്ടിയിരുന്നത്. സച്ചിന്‍, സെവാഗ്, ഗംഭീര്‍ ഇവരിലാര്‍ക്കെങ്കിലും ഒന്ന് വിശ്രമം നല്‍കാമായിരുന്നു. പകരം പുറത്ത് നില്‍ക്കുന്ന സുരേഷ് റെയ്നക്ക് ഒരു അവസരം നല്‍കേണ്ടതായിരുന്നു. ആഫ്രിക്കന്‍ പര്യടനത്തിലെ പരാജയം മൂലം ഒതുക്കപ്പെട്ട റെയ്നക്ക് ഇന്നലെ ഒരു അവസരം നല്‍കി നോക്കാമായിരുന്നു. കൂടാതെ ബൌളിംഗിലും റെയ്ന കുറച്ചൊക്കെ മികവ് കാണിക്കാറുമുണ്ട്. സ്പിന്‍ ഡിപ്പാര്‍ട്ട്മെന്റില്‍ ആര്‍. അശ്വിന്‍ എന്ന താരത്തിന്റെ "പൊട്ടെന്‍ഷ്യല്‍" എത്രയുണ്ടെന്ന് ഒന്നു ടെസ്റ്റ് ചെയ്യാമായിരുന്നു. ദക്ഷിണാഫ്രിക്കയെ സംബന്ധിച്ചിടത്തോളം അശ്വിന്‍ തികച്ചും ഒരു അപരിചിതന്‍ തന്നെയാവുമായിരുന്നു.
സീനിയര്‍ താരങ്ങള്‍ക്ക് അപ്രധാന മല്‍സരങ്ങളില്‍ വിശ്രമമനുവദിച്ച് പുതുമൊഖ താരങ്ങളിലെ കഴിവിനെ ഒന്നളന്നു നോക്കേണ്ടതായിരുന്നു.
സീനിയര്‍ താരങ്ങളെ തൊട്ടു കളിക്കാന്‍ ഒരു പക്ഷെ ധോണിക്ക് അല്‍പ്പം പേടിയുണ്ടാവും. കാരണം അവരെല്ലാം മേല്‍ജാതിക്കാരാണല്ലോ (അവരുടെ കഴിവിനെ ഒരിക്കലും കുറച്ചു കാണുന്നില്ല). ക്യാപ്റ്റനെന്ന നിലയിലുള്ള തന്റെ പ്രാരംഭ കാലത്തെ ധോണി ഇന്ന് വിദൂരകാഴ്ചയില്‍ പോലും വരുന്നില്ല. അനുമോദനങ്ങളും ആദരവുകളും പതിയെ കല്ലേറുകള്‍ക്ക് വഴിമാറുകയാണെന്ന് തോന്നുന്നു. മിസ്റ്റര്‍ കൂള്‍ ആയിരുന്ന ധോണി ഇപ്പോള്‍ മിസ്റ്റര്‍ കോള്‍ഡ് ആയിട്ടുണ്ടെന്നാണ് കാണാന്‍ കഴിയുന്നത്.
ഇനി കരീബിയക്കാരുമായിട്ടുള്ള ഒരു മല്‍സരം കൂടി ബാക്കിയുണ്ട്. അതിലെങ്കിലും ധോണി കുറച്ച് പരീക്ഷണങ്ങള്‍ നടത്തിയാല്‍ നല്ലത്. അതു കഴിഞ്ഞാല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ നോക്കൌട്ടാണ്. ഇടി കിട്ടി പുറത്താവണോ അതോ ഇടിച്ച് വീഴ്ത്തി ജേതാവാകണോ എന്ന് അവിടെ തീരുമാനിക്കപ്പെടും.
ഇനി ആഫ്രിക്കന്‍ പക്ഷം നോക്കിയാല്‍ അവരുടെ ഭാഗത്ത് കാലിസാണ് പരിചയ സമ്പന്നന്‍. സച്ചിനെയോ സെവാഗിനെയൊ പോലുള്ള പ്രഗല്‍ഭമതികളവരുടെ നിരയില്‍ ഉണ്ടാവില്ല. പക്ഷെ ഒരു കളി ജയിപ്പിക്കാനുള്ള ശേഷി അവരുടെ വാലറ്റത്തിനുണ്ടെന്ന് ഇന്നലത്തെ മല്‍സരം വ്യക്തമാക്കുന്നു. ഹാഷിം ആംല എന്ന താടിക്കാരന്‍ - പണ്ട് അദ്ദേഹത്തിന് അവസരം കിട്ടിയ നാളുകളില്‍ ക്രീസില്‍ ഒരുപാട് ബുദ്ധിമുട്ടിയാണ് അല്‍പ്പസമയം ഉണ്ടായിരുന്നത്. ഉടനെ ഔട്ടുമാവും. ആംലയുടെ കരിയറിന്റെ ആദ്യത്തില്‍ ഒട്ടും തിളക്കമുണ്ടായിരുന്നില്ല. എന്നാല്‍ സ്മിത്തിലെ ക്യാപ്റ്റന്‍ ആംലയില്‍ വിശ്വാസമര്‍പ്പിച്ച് നല്‍കിയ പ്രോല്‍സാഹനം അദ്ദേഹത്തെ ഇന്നത്തെ ഒരു ഒന്നാന്തരം ലോകോത്തര കളിക്കാരനാക്കിയിരുന്നു. ഏകദിനത്തിലും ടെസ്റ്റിലും കാലിസ് കഴിഞ്ഞാല്‍ അല്ലെങ്കില്‍ കാലിസോളം ആംലയും അവര്‍ക്ക് പ്രധാനി തന്നെ. പിന്നീട് വരുന്ന ഡിവില്ലിയേഴ്സ്, ഡുമിനി, പുതുമുഖം ഡുപ്ളെസിസ് തുടങ്ങിയവരും നല്ല കളിക്കാരാണ്. ഇന്ത്യയിലെ സ്ലോ പിച്ചില്‍ പോലും വേഗം കൊണ്ട് മികവ് കാട്ടാന്‍ സ്റ്റേയിനിനും കൂട്ടുകാര്‍ക്കുമാവുന്നു (അല്പം അടി കൊണ്ടിട്ടാണെങ്കിലും!). സ്റ്റെയിനു പോലും ബാറ്റുകൊണ്ട് ഒരു പത്തിരുപത് റണ്‍സെങ്കിലും എടുത്ത് കൊണ്ട അടിക്ക് പ്രായശ്ചിത്തം ചെയ്യാന്‍ കഴിവുണ്ട്. എന്നാല്‍ ഇന്ത്യന്‍ ബൌളര്‍മാര്‍ക്ക് ആകെ അറിയാവുന്നത് ഓടിവന്ന് അടിക്കാന്‍ പാകത്തിന് പന്തെറിയലാണ്. ബാറ്റിങ്ങിലെ അവരുടെ സമീപനം പാടെ മാറേണ്ടിയിരുക്കുന്നു. ചിലര്‍ എങ്ങിനെ ഔട്ടാവാമെന്ന് ഗവേഷണം നടത്തുകയാണെന്ന് തോന്നിപ്പോകുന്നു.
വാല്‍ക്കഷണം : ഗോപുമോനെ പറ്റി പറയാതിരുന്നത് മനപൂര്‍വ്വം തന്നെ. വെറുതെ എന്തിനാ...
ക്രിക്കറ്റിനോട് താല്‍പര്യം മാത്രമാണുള്ളത്. കളത്തില്‍ നില്‍ക്കുന്നവരുടെ ബുദ്ധിമുട്ട് അവര്‍ക്കറിയാം. നമുക്ക് ഇവിടെയിരുന്ന് വിമര്‍ശിക്കാം..ഹല്ല പിന്നെ!.
മറുപടിഇല്ലാതാക്കൂ