2010, മാർച്ച് 24, ബുധനാഴ്‌ച

ചൂടുകാലത്തെ ചിന്തകള്‍

സസ്യ ശ്യാമള കോമള.............................. എന്നും മറ്റും കവികള്‍ പലതരത്തില്‍ കേരളത്തെ പറ്റി പുകഴ്ത്തിയിട്ടുള്ളത് ഇപ്പോള്‍ കുളിപ്പിച്ച് കുളിപ്പിച്ച് കുട്ടിയില്ലാതായി എന്ന മട്ടിലായിരിക്കുന്നു. ആഗോള താപനം എന്ന വാക്ക് കേവലം ചാനലുകളിലെ ചര്‍ച്ചകളില്‍ ഉയര്‍ന്നു കേള്‍ക്കുന്ന വാക്ക് എന്ന നിലയില്‍ നിന്നും മലയാളിയുടെ അനുഭവമായി മാറിയിരിക്കുന്നു. പണ്ട് മകരത്തിലെ മരം കോച്ചുന്ന തണുപ്പില്‍ കൊടുങ്ങല്ലൂരില്‍ നിന്നും സെക്കന്റ് ഷോ സിനിമ കഴിഞ്ഞു വന്ന സമയത്ത് പോലീസ് തടഞ്ഞു നിര്‍ത്തിയതും തണുത്ത് വിറക്കുന്നത് കണ്ടപ്പോള്‍ വിട്ടയച്ചതുമെല്ലാം ഒരു ഓര്‍മ്മ. കൊടുങ്ങല്ലൊരിലെ താലപ്പൊലി സമയത്തും നല്ല തണുപ്പായിരുന്നു. പിന്നീട് പരിസര പ്രദേശങ്ങളിലെ അമ്പലങ്ങളിലെ ഉല്‍സവങ്ങള്‍ കഴിഞ്ഞു വരുമ്പോളും "ന്റമ്മോ..എന്തൊരു തണുപ്പാടാ.." എന്നു പറഞ്ഞു കടലാസുകളും വഴിയില്‍ കാണുന്ന കത്തിക്കാന്‍ പറ്റുന്ന മറ്റു വസ്തുക്കളും കൂട്ടിയിട്ട് കത്തിച്ച് തീ കാഞ്ഞതുമെല്ലാം ഒരു ഓര്‍മ്മ മാത്രമാകുന്നു.

അന്നൊക്കെ മാര്‍ച്ച്-ഏപ്രില്‍-മെയ് മാസങ്ങളില്‍ പാടത്തും ഗ്രൌണ്ടിലും മറ്റും പൊരിവെയിലത്ത് T20 ക്രിക്കറ്റ് (അന്നു ഇരുപത് ഓവറായിരുന്നു ഞങ്ങള്‍ കളിച്ചിരുന്നത്) കളിച്ചു തിമര്‍ത്തപ്പൊഴൊന്നും ഈ പറയുന്നതു പോലെ ചൂട് അനുഭവപ്പെട്ടിട്ടില്ല. (കളി കഴിഞ്ഞു വീട്ടിലെത്തുമ്പോള്‍ വെയിലത്ത് കളിച്ചതിന്റെ പേരില്‍ വീട്ടുകാരില്‍ നിന്നും കിട്ടിയ അടിക്കായിരുന്നു ശരിക്കും ചൂട്).  ചൂട് തോന്നിയിട്ടുണ്ടെങ്കില്‍ തന്നെ ചാടിക്കുളിക്കാന്‍ ഒരുപാട് കുളങ്ങളും മറ്റും ധാരാളമായിട്ടുണ്ടായിരുന്നു അന്നു നാട്ടില്‍.  കളി കഴിഞ്ഞു വരുന്ന വഴി കക്കരി നട്ടിരിക്കുന്ന പാടത്ത് ഉടമസ്ഥന്‍ കാണാതെ നുഴഞ്ഞുകയറി ഇളം കായ്ക്കള്‍ പറിച്ച് തിന്നു ദാഹവും വിശപ്പും അല്പമൊന്നു ശമിപ്പിച്ചിരുന്നു.    എന്നാല്‍ ഈയിടെ നാട്ടില്‍ പോയപ്പോള്‍ ആ പാടവും തോടും കുളങ്ങളുമെല്ലാം മണ്ണിട്ടു നികത്തി അതിനു മേലെ കോണ്‍ക്രീറ്റ് മന്ദിരങ്ങള്‍ തീര്‍ത്തിരിക്കുന്നു. ചൂണ്ടയിടാനും, കാലിമേക്കാനും, ചീട്ടു കളിക്കാനും പ്രാഥമികാവശ്യ നിര്‍വ്വഹണത്തിനും മറ്റുമായി ആളുകള്‍ ഏത് നേരത്തും അവിടെ ഉണ്ടായിരുന്നു. പാടത്ത് ആടിനെയും പശുവിനെയും കെട്ടാന്‍ പോകുന്ന ചേച്ചിമാരെ പ്രതീക്ഷിച്ചു നില്ക്കുന്ന കാമുകന്മാരെയും അവിടെ കാണാമായിരുന്നു. എന്നാല്‍ ഇന്ന് എന്തിന്റേയോ സ്മാരകങ്ങളായി നില്‍ക്കുന്ന വീടുകളുടെ പോര്‍ച്ചില്‍ മൂടിയിട്ടിരിക്കുന്ന ഒരു കാര്‍ അല്ലെങ്കില്‍ ഒരു ബൈക്ക്, പിന്നെ മുറ്റത്ത് അലക്ഷ്യമായി മറിച്ചിട്ടിരുക്കുന്ന ഒരു കൊച്ചു സൈക്കിള്‍. കുഞ്ഞുങ്ങള്‍ അവിടെയുണ്ടെന്നുള്ളതിനു ഒരു തെളിവ്.

വികലമായ വികസന സങ്കല്പത്തിന്റെ ഇരയായി നമ്മുടെ കൊച്ചു കേരളം മാറിക്കഴിഞ്ഞു. വേനലിലെ 32-33 ഡിഗ്രിയില്‍ നിന്നിരുന്ന താപനില ഇപ്പോള്‍ 42 ഡിഗ്രിയിലേക്ക് കയറിയിരിക്കുന്നു. മഴമേഘങ്ങളെ ചാടിപ്പോവാതെ തടഞ്ഞു നിര്‍ത്തി മഴ് പെയ്യിക്കുന്ന മലകളും കുന്നുകളും ജെ.സി.ബി യന്ത്രം കൊണ്ടു നമ്മള്‍ നിരപ്പാക്കി കഴിഞ്ഞു..  വേനലിലും വീശിയിരുന്ന കുളിര്‍കാറ്റ് നമുക്ക് അന്യമായി. കേട്ടു കേള്‍വി മാത്രമുണ്ടായിരുന്ന സൂര്യാഘാതം എന്ന സംഭവം നമ്മുടെ നാട്ടിലും തുടങ്ങിക്കഴിഞ്ഞു.   പാടവും, കുളങ്ങളും, തോടുകളും, അരുവികളും എല്ലാം മണ്ണിട്ട് മൂടി ആവാസ വ്യവസ്ഥയെ ഒന്നാകെ തകിടം മറിക്കുന്ന വികസനത്തിനെ ഭരണ-പ്രതിപക്ഷ പാര്‍ട്ടികള്‍ കൊട്ടി ഘോഷിക്കുകയാണ്. നട്ടുച്ചക്ക് ഏ.സി. ഇട്ട പോലുള്ള തണുപ്പുണ്ടായിരുന്ന മൂന്നാറില്‍ ഇപ്പോള്‍ താപനില 36 വരുമെന്നാണു പറഞ്ഞു കേള്‍ക്കുന്നത്.

വരാനിരിക്കുന്ന (???) സ്മാര്‍ട്ട് സിറ്റിക്ക് വേണ്ടി എത്ര കുന്നുകളും മലകളും ഇടിച്ചു നിരത്താനിരിക്കുന്നു. അതിനിടയില്‍ ദേശീയപാതാ വികസനം എന്ന പേരില്‍ മറ്റൊരു മാരണം.ലക്ഷക്കണക്കിനു ആളുകളെ തെരുവിലിറക്കി അവരുടെ സ്വത്ത് വകകള്‍ തുഛമായ വിലക്ക് ഏറ്റെടുത്ത് ബി.ഓ.ടി കമ്പനിക്ക് കൈമാറി ദേശീയപാത വികസിപ്പിക്കാന്‍ ശ്രമിക്കുന്നത് നമ്മുടെ ജനപ്രധിനിധികള്‍ കണ്ടില്ലെന്ന് നടിക്കുന്നു. ഈ ഗൂഡനീക്കത്തിനു പിന്നിലും കോടികളുടെ അഴിമതി ഇല്ലെന്ന് പറയാന്‍ കഴിയുമോ? പുനരധിവാസം എന്ന ഓമനപ്പേരിട്ട് വിളിച്ച് ഒഴിപ്പിക്കപ്പെടുന്ന ആളുകള്‍ക്ക് നല്‍കുന്ന ഭൂമി വെറും ചതുപ്പില്‍ മണ്ണിട്ട് നികത്തിയതാണ്. ഇതിനെതിരെ പ്രധിഷേധ ശബ്ദമുയര്‍ത്തുന്നവരെ "വികസന വിരുദ്ധര്‍" എന്ന മുദ്ര കുത്തി ഒതുക്കുകയാണ്. 

ഇനി മഴക്കാലത്താണെങ്കില്‍ വെള്ളപ്പൊക്കത്തിന്റെ കളിയാണ്. പെയ്യുന്ന മഴയുടെ വെള്ളമെല്ലാം ഒലിച്ചു പോകാന്‍ സ്ഥലമില്ലാത്ത അവസ്ഥയാണ്. തോടും പാടവുമെല്ലാം നികത്തിയതിന്റെ ഫലം അനുഭവിക്കുക തന്നെ. നഗരങ്ങളില്‍ ചെറിയ ചാറ്റല്‍ മഴ പോലും വെള്ളക്കെട്ട് ഉണ്ടാക്കുന്നു. ഡ്രെയിനേജ് വേണ്ടവിധത്തില്‍ സംവിധാനം ചെയ്യാത്ത്തു മൂലമാണിത്. ആര്‍ക്കൊ വേണ്ടി പ്രവര്‍ത്തിക്കുന്ന വിവിധ വകുപ്പുകളും അതിന്റെ കെടുകാര്യസ്ഥതയും എല്ലാം പൌരന്റെ ജീവിതം ദുരിതമയമാക്കുന്നു.   കെട്ടിപ്പൊക്കുന്ന ബഹുനില ഫ്ലാറ്റുകളില്‍ മിക്കതിനും ഡ്രെയിനേജ് സൌകര്യമുണ്ടോ എന്ന് ആരും പരിശോധിക്കുന്നില്ല, അധവാ ഉണ്ടെങ്കില്‍ തന്നെ റിയല്‍ എസ്റ്റേറ്റ് മാഫിയ വച്ചു നീട്ടുന്ന ഗാന്ധി നോട്ടുകള്‍ക്ക് മുന്‍പില്‍ എന്തു പരിശോധന??!!

എവിടെയാണ്, നമുക്കെ തെറ്റിയിരിക്കുന്നത് ചിന്തിക്കേണ്ട സമയം വൈകിയിരിക്കുന്നു. ദുരന്തങ്ങളൊന്നായി വന്നു പതിച്ചുകൊണ്ടിരിക്കുന്നു. അത് തടയാനാകില്ല. അതിന്റെ ആഘാതം കുറക്കാനെങ്ങിനെ പറ്റും എന്ന് നമുക്ക് ചിന്തിക്കാമല്ലോ..