2015, മാർച്ച് 26, വ്യാഴാഴ്‌ച

ഞാന്‍ കണ്ട സിനിമ - ഇയ്യോബിന്റെ പുസ്തകം

അങ്ങിനെ വിമര്‍ശിച്ച് വിമര്‍ശിച്ച് സംവിധായകന്‍ അമല്‍ നീരദ് നന്നായിക്കൊണ്ടിരിക്കുന്നു എന്ന് ഈ സിനിമ കാണുന്ന ഒരാള്‍ ചിന്തിച്ചാല്‍ കുറ്റം പറയാനാവില്ല.  വിമര്‍ശിക്കാന്‍ വേണ്ടി അമല്‍ നീരദിന്‍റെ മറ്റേതൊരു സിനിമയെയും നമുക്ക് കീറി മുറിക്കാം പക്ഷെ ഈ സിനിമ അതില്‍ നിന്നെല്ലാം അല്‍പ്പം വ്യത്യസ്ഥത പുലര്‍ത്തുന്നു.  ഇങ്ങിനെയൊരു സിനിമ നിര്‍മ്മിക്കാന്‍ അമല്‍നീരദ്-ഫഹദ് ഫാസില്‍ കൂട്ടുകെട്ട് തയ്യാറായത് എന്തുകൊണ്ടും നല്ല കാര്യം തന്നെ.

ചൈനീസ് തേയില കിട്ടാതെയായപ്പോള്‍ സ്വന്തമായി തേയില നട്ടുപിടിപ്പിച്ചു ഉണ്ടാക്കിയെടുക്കാനുള്ള സായിപ്പിന്‍റെ ശ്രമം സാമൂഹികമായ പല മാറ്റങ്ങളും സമൂഹത്തില്‍ ഉണ്ടാക്കുന്നിടത്ത് നിന്നാണ് സിനിമ തുടങ്ങുന്നത്.  1900 മുതലുള്ള കേരളീയ ജീവിതമാണ് സിനിമയില്‍ പ്രതിപാദിക്കുന്നത്.  കേന്ദ്ര കഥാപാത്രം ഇയോബ് (ലാല്‍) അയാളുടെ മൂന്നു മക്കള്‍ - ദിമിത്രി (ചെമ്പന്‍), ഐവാന്‍(ജിനു ജോസഫ്) പിന്നെ ബ്രിട്ടീഷ് പട്ടാളത്തില്‍ സേവനമനുഷ്ഠിച്ചുകൊണ്ടിരിക്കുന്ന അലോഷി (ഫഹദ് ഫാസില്‍).  കാലത്തിന്‍റെ പ്രവാഹത്തില്‍ വന്ന മാറ്റങ്ങളിലൂടെ സായിപ്പന്മാര്‍ രംഗമൊഴിയുന്നിടത്ത് അവരുടെ കീഴിലുണ്ടായിരുന്ന നാടന്‍ സായിപ്പന്മാര്‍ സമൂഹത്തില്‍ മേല്‍കൈ നേടുകയാണ്‌.  അവരുടെ കഥ പറഞ്ഞുകൊണ്ടാണ് അമല്‍ നീരദ് സിനിമയൊരുക്കിയിരിക്കുന്നത്.

ഇയോബ് ആയി വരുന്ന ലാല്‍ തന്നെ ഇതിലെ താരം,  പിന്നെ ഫഹദ് - പകരം വെക്കാനാവാത്ത തരത്തില്‍ കൈയ്യടക്കം കാട്ടിയുള്ള അഭിനയം.  ഓരോ വാക്കിലും നോക്കിലും നിറഞ്ഞുനില്‍ക്കുന്ന ഭാവ പ്രകടനം.  അങ്ങിനെ പറഞ്ഞുവരുമ്പോള്‍ ഓരോ അഭിനേതാവും ഇതില്‍ മികച്ചു തന്നെ നില്‍ക്കുന്നു.  ചെമ്പന്‍ വിനോദ്, ജിനു, ഏതാനും സീനുകളില്‍ മാത്രം വരുന്ന റീനു, ലെന, അമല്‍ നീരദ് സിനിമകളിലെ സ്ഥിരം സാന്നിധ്യം വിനായകന്‍, സിനിമയുടെ കഥ പറയുന്ന സഖാവ് ടി.ജി. രവി, അദ്ദേഹത്തിന്‍റെ യൌവനകാലം അവതരിപ്പിക്കുന്ന ശ്രീജിത്ത് രവി, നാടകക്കാരനായി വരുന്ന ആഷിക് അബു, ഓരോ ചലനത്തിലും വില്ലത്തരം നിറഞ്ഞു നില്‍ക്കുന്ന അംഗൂര്‍ റാവുത്തര്‍ (ജയസൂര്യ), ജീവിത സാഹചര്യങ്ങള്‍ സൃഷ്ടിച്ചെടുത്ത ഒറ്റപ്പെടലിനുള്ളില്‍ വീര്‍പ്പുമുട്ടി കഴിയുന്ന മാര്‍ത്ത (ഇഷ ഷെര്‍വാണി) തുടങ്ങി ചെറുതും വലുതുമായ റോളുകള്‍ എല്ലാവരും ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു.  പിന്നെ പത്മപ്രിയയുടെ രാഹേല്‍.  എല്ലാം...

വാണിജ്യ ഘടകങ്ങള്‍ ഇതിലുണ്ടെങ്കിലും പ്രത്യയശാസ്ത്രപ്രരമായതും സാമൂഹിക പ്രസക്തിയുള്ളതുമായ പല സംഗതികളും നമ്മെ ഓര്‍മ്മപ്പെടുത്തുന്നുണ്ട് ഇയോബ് തന്‍റെ പുസ്തകത്തില്‍.  രക്തബന്ധങ്ങള്‍ പോലും മറന്നുകൊണ്ട് കൊന്നും, കൊലവിളിച്ചും, പിടിച്ചടക്കിയും എല്ലാം പഴയകാലത്ത് മനുഷ്യര്‍ നടത്തിയ തെരോട്ടങ്ങള്‍ ഇന്നും പുതിയ രൂപത്തില്‍ നമ്മള്‍ക്ക് സമൂഹത്തില്‍ പല വിധത്തില്‍ അനുഭവപ്പെടുന്നു.

ഈ സിനിമ വാണിജ്യപരമായി വിജയമായാലും അല്ലെങ്കിലും മലയാള സിനിമാ ചരിത്രത്തില്‍ എന്നും ഓര്‍ക്കപ്പെടുന്ന ഒന്നാണ്.  ആവിഷ്കാരത്തില്‍ അമല്‍ നീരദ് കാലികമായ മര്യാദകള്‍ കാണിച്ചിട്ടുണ്ട്.  തന്‍റെ മുന്‍ചിത്രങ്ങളില്‍ കണ്ട "സ്ലോമോഷന്‍" ഇഫക്റ്റ് നല്ലൊരു പരിധിവരെ ഒഴിവാക്കിയപ്പോള്‍ തോക്കുകളോടുള്ള പ്രണയത്തെ അദ്ദേഹം കൈവിടുന്നുമില്ല.  പഴയ കാലഘട്ടത്തിലെ വസ്ത്രധാരണം, രംഗപശ്ചാത്തലം, മറ്റു രീതികള്‍ ഒക്കെ ആവിഷ്കരിക്കുമ്പോള്‍ അതൊക്കെ പകര്‍ത്തുന്ന ക്യാമറവര്‍ക്കില്‍ നൂറു ശതമാനവും നീതി പുലര്‍ത്തിയിരിക്കുന്നു.  വസ്ത്രാലങ്കാരം നിര്‍വ്വഹിച്ച സമീര സനീഷ്, ക്യാമറ ചലിപ്പിച്ച അമല്‍ നീരദ്, മേക്കപ്പ്‌മാന്‍ മനോജ്‌, സെറ്റുകള്‍ ഒരുക്കിയ സാബു മോഹന്‍ തുടങ്ങി എല്ലാവരും അഭിനന്ദനം അര്‍ഹിക്കുന്നു.  പാട്ടുകള്‍ വലിയ മതിപ്പുളവാക്കുന്നില്ല എങ്കിലും അതിന്‍റെ ആവിഷ്കാരം പ്രത്യേകിച്ചും അതില്‍ അഭിനയിചിരിക്കുന്നവരുടെ പ്രകടനംകൊണ്ടും അതുള്‍ക്കൊള്ളുന്ന വിശാലമായ ക്യാമറ കാന്‍വാസ്കൊണ്ടും അതിമനോഹരമായിരിക്കുന്നു.  എടുത്തു പറയാവുന്ന മറ്റൊന്നാണ് BGM (പശ്ചാത്തല സംഗീതം).  ആക്ഷന്‍ രംഗങ്ങള്‍ ചിലത് അല്‍പ്പം അതിഭാവുകത്വം തോന്നിക്കുമെങ്കിലും അതിന്‍റെ ചിത്രീകരണ നിലവാരം ഉയര്‍ന്നു തന്നെ.

ന്യൂജനറേഷന്‍ സിനിമകളിലെ ചില പ്രേതബാഥകള്‍ ഇതിലും ചില സംഭാഷണങ്ങളുടെയും രംഗങ്ങളുടെയും രൂപത്തില്‍ കടന്നു വരുന്നു.  പക്ഷെ ചില ചടുലമായ ഫ്രെയിം-ടൂ-ഫ്രെയിം സന്നിവേശങ്ങള്‍ നല്ല നിലവാരം പുലര്‍ത്തി. രതിയുടെ ചില ബിംബങ്ങള്‍ ചില പ്രത്യേകതരം പ്രേക്ഷകര്‍ക്ക് അല്‍പ്പം ബുധിമുട്ടുണ്ടാക്കാം!  പക്ഷെ ആവിഷ്കരണത്തിലെ സത്യസന്ധത എടുക്കുമ്പോള്‍ അതൊന്നുമാല്ലാതാവുന്നു. അവിശ്വസനീയത അനുഭവപ്പെടുന്ന പലതും സിനിമയിലുണ്ട് എന്നത് അല്‍പ്പം കല്ലുകടിയും നല്‍കും.  പക്ഷെ മൊത്തത്തില്‍ സിനിമ എന്ന കലാരൂപം എന്ന നിലയില്‍ ആസ്വദിക്കുമ്പോള്‍ അമല്‍ നീരദ് എന്ന സംവിധായകന്‍ വളരെ ഗവേഷണം നടത്തി തന്നെ ചെയ്യുന്ന പ്രവൃത്തിയോടു പരമാവധി നീതിപുലര്‍ത്തി ചെയ്ത സിനിമയാണ് ഇയോബിന്‍റെ പുസ്തകം.

കണ്ടത് torrent ആയതുകൊണ്ടാകാം അമലാപോളിന്‍റെ ഒരു ഐറ്റം ഡാന്‍സ് ഉണ്ടെന്നു പറഞ്ഞിട്ട് കണ്ടില്ല!!!  നിരാശ അതില്‍ മാത്രം!

ഈ ചിത്രത്തിനു എന്‍റെ റേറ്റിംഗ്: 8.5/10