2009, ഏപ്രിൽ 27, തിങ്കളാഴ്‌ച

"ആദ്യ"അവസാനം!

അങ്ങിനെ പിന്നത്തെ ശനിയാഴ്ച്ചയിലേക്ക് കാത്തിരിക്കുന്നതിന്റെ ഇടയില്‍ ഞാന്‍ എന്റെ അമ്മാവനുമായി ബന്ധപ്പെട്ടപ്പോള്‍ ഒരു തരം നിഷേധ മനോഭാവത്തിലും എതിര്‍ ഗ്രൂപുകാരെ പ്രോത്സാഹിപ്പിച്ചു അവരെ പിന്താങ്ങുന്ന തരത്തിലുള്ള ഒരു സമീപനം ആണ് അയാളില്‍ നിന്നുണ്ടായത്. അവളുടെ ആളുകള്‍ എനിക്കെതിരെ സ്ത്രീ പീഡന കേസ് കൊടുക്കും എന്നും എന്നെയും ഉമ്മയെയും പിടിച്ചു അകത്തിടീക്കും, ജാമ്യം പോലും കിട്ടില്ല എന്നും വരെ അയാള്‍ "ദീര്‍ഘ ദൃഷ്ടി" കണ്ടു. (അത് പറയുമ്പോള്‍ അയാളുടെ മിഴികളില്‍ ഒരു പ്രത്യേക തിളക്കം ഉണ്ടായിരുന്നു). തന്റെ സഹോദരിയും മകനും ഇരുമ്പഴികള്‍ക്കുള്ളില്‍ ജാമ്യം പോലും കിട്ടാതെ കിടക്കുന്ന രംഗം അയാള്‍ ഒരു പാടു തവണ ഭാവനയില്‍ റീ-വൈന്റ്റ് ചെയ്തു കണ്ടിട്ടുണ്ടാകണം. എന്തായാലും അതിന് ഞാന്‍ പറഞ്ഞ മറുപടി അയാള്‍ ഒരിക്കലും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല "ഞങ്ങള്‍ ജാമ്യം കിട്ടാതെ അവിടെ കിടന്നോളാം അത് കണ്ടു നിങ്ങള്ക്ക് സമാധാനമായി ഉറങ്ങാന്‍ കഴിയുമെന്കില്‍ ഉറങ്ങിക്കോളൂ". ഈ വിവരം ഞാന്‍ വീട്ടില്‍ വന്നു പറഞ്ഞപ്പോള്‍ എന്റെ ഉമ്മ അയാളെ വിളിച്ചു എന്നിട്ട് ചോദിച്ചു "നീ .......തരവാട്ടുകാരനല്ലേ? .........അവരുടെ പാര്‍ട്ടി അല്ലല്ലോ?"
പിറ്റേ ദിവസം അവളുടെ ആളുകള്‍ എന്റെ മഹല്ല് കമ്മിറ്റിയിലേക്ക് അവരുടെ മഹല്ല് കമ്മിറ്റി വക ഒരു പരാതി ഉണ്ടാക്കിച്ചു കൊടുതയപ്പിച്ചു. അപ്പോഴാണ്‌ മഹല്ല് കമ്മിറ്റി ഇക്കാര്യം അറിയുന്നത്. എനിക്ക് തെറ്റ് പറ്റിയതും അവിടെയാണ്. ഇങ്ങിനെ ഒരു പ്രശ്നം ഉണ്ടായപ്പോള്‍ ആദ്യം അറിയിക്കെണ്ടിയിരുന്നത് അവരെ ആയിരുന്നു. കാരണം അവരുടെ അനുമതിയോടെ ആണല്ലോ വിവാഹം നടത്തിയത്, അപ്പോള്‍ സ്വാഭാവികമായും എന്റെന്കിലും പ്രശ്നങ്ങള്‍ ഉണ്ടായാല്‍ ആദ്യം അറിയിക്കേണ്ടത് അവരെയാണ്. അവിടെ എനിക്ക് തെറ്റ് സംഭവിച്ചു എന്ന് മനസ്സിലായി. എന്നാല്‍ കമ്മിറ്റിയില്‍ എനിക്ക് നേരിട്ടു പരിചയമില്ലാത്ത ആളുകളായിരുന്നു ഉണ്ടായിരുന്നത്. കൂടാതെ സ്വന്തം ആളുകളുടെ പിന്തുണയും ഉപദേശവും എനിക്ക് ഇക്കാര്യത്തില്‍ കിട്ടിയിരുന്നുമില്ലല്ലോ! എന്തായാലും പരാതി കിട്ടിയപ്പോള്‍ പള്ളിയിലെ കമ്മിറ്റി പ്രസിടെന്റും വേറെ രണ്ടു പേരും എന്റെ വീട്ടില്‍ വന്നു - ഒരു അന്വേഷണ കമ്മീഷന്‍ എന്നതരത്തിലുള്ള വസ്തുതാ അന്വേഷണത്തിനു. എന്റെ ഉമ്മ എല്ലാ കാര്യവും അവരോട് വിശദമായി പറഞ്ഞു കൊടുത്തു. അതിലെ പ്രസിടെന്റിനു കാര്യം എല്ലാം മനസ്സിലായി. ആരൊക്കെയാണ് എങ്ങിനെയൊക്കെ കളിക്കുന്നത് എന്നെല്ലാം അദ്ധേഹത്തിനു വേഗം പിടികിട്ടി. ഒരു ജനപ്രധിനിധി എന്നനിലയിലും ഒരു പള്ളി കമ്മിറ്റി ഭാരവാഹി എന്നനിലയിലും അദ്ദേഹം ഇത്തരം കാര്യങ്ങള്‍ ഒരു പാടു കൈകാര്യം ചെയ്തിട്ടുണ്ടായിരുന്നു. അയാള്‍ എന്റെ അമ്മാവനുമായി ബന്ധപ്പെടുകയും കാര്യങ്ങള്‍ സംസാരിക്കുകയും ചെയ്തു പക്ഷെ അയാള്‍ സ്വന്തം ബിസിനസ്സിനാണ് കൂടുതല്‍ വില കല്‍പ്പിച്ചത്. അദ്ദേഹം അതിന്‍പ്രകാരം അയാളെ "നാല് നല്ല വര്ത്തമാനം" പറയുകയും ചെയ്തു. അതിന്റെ ഫലമായി പിന്നത്തെ ശനിയാഴ്ചയിലെ "ചര്ച്ച" അയാളുടെ വീട്ടില്‍ നിന്നും മാറ്റുകയും അയാള്‍ സ്വയം ചര്‍ച്ചയില്‍ നിന്നും പിന്മാറുകയും ചെയ്തു. ഞങ്ങള്‍ ആകെ പ്രതിസന്ധിയിലായി. എന്നാല്‍ മഹല്ല് കമ്മിറ്റിയിലെ ആ നല്ല മനുക്ഷ്യന്‍ - തല്ക്കാലം നമുക്കു അദ്ധേഹത്തെ ഇക്ക എന്ന് വിളിക്കാം - മുന്‍കൈയെടുത്ത് ചുരുങ്ങിയ കാലയളവിനുള്ളില്‍ അവളുടെ ആളുകളുമായി സംസാരിക്കുകയും അതിന്‍ പ്രകാരം ചര്ച്ച ഇക്കയുടെ ഒരു ബന്ധു വീട്ടിലേക്ക് മാറുകയും ചെയ്തു. അദ്ദേഹം ഇത്രയൊക്കെ ചെയ്തു തന്നതിന്റെ കാരണം ഞങ്ങളുടെ ഭാഗത്തെ "ശരി" അദ്ധേഹത്തിനു ബോധ്യമായത് കൊണ്ടാണെന്ന് പിന്നീട് അദ്ദേഹം പറഞ്ഞു.
അങ്ങിനെ ചര്‍ച്ചാ സമയം അമ്മാവനെയും വരണം എന്ന് ഇക്ക വിളിച്ചു പറഞ്ഞു എങ്കിലും അയാള്‍ വന്നില്ല. എന്റെ ഭാഗത്ത് ഇക്ക മാത്രം. അദ്ദേഹം എല്ലാം കണ്ടറിഞ്ഞു ചെയ്തു തന്നു. അവര്‍ വന്നു കടലാസുകള്‍ എല്ലാം ഞാന്‍ നല്ല വക്കീലിന്റെ സഹായത്തോടെ ഞാന്‍ ശരിയാക്കിയിട്ടുണ്ടായിരുന്നു. ഞാനും അവളും സാക്ഷികളും ഒപ്പിട്ടു. അവള്‍ കാറില്‍ ഇരുന്നു, സ്വര്‍ണ്ണം വസ്ത്രം മറ്റു സാധന സാമഗ്രികള്‍ ഏറ്റുവാങ്ങി, അവര്‍ എന്റേത് എന്റെ വീട്ടില്‍ എത്തിച്ചു. ശേഷം "മൂന്നു മൊഴിയും" ഒറ്റയടിക്ക് ഞാന്‍ ചൊല്ലി. പറഞ്ഞു കേട്ട പോലെ ആകാശം ഭൂമി ഇവയൊന്നും കിടുങ്ങിയില്ല, വറ്റി വരണ്ടില്ല. എല്ലാം അറിയുന്നവന്‍ ദൈവം ആയതുകൊണ്ട് എനിക്ക് കുറ്റബോധം തീരെ തോന്നിയുമില്ല. എന്റെ ഭാഗം ദൈവതിനരിയമല്ലോ എന്ന് ഞാന്‍ സമാധാനിച്ചു.
അന്ന് ഒപ്പിട്ട "കരാര്‍" പ്രകാരം പരസ്പരം ആരോപണങ്ങള്‍, ചെളി വാരി എറിയുക, ഇല്ലാത്ത കാര്യങ്ങള്‍ അവകാശം ഉന്നയിക്കല്‍ എന്നിവ ഒന്നും പാടില്ലായിരുന്നു. പക്ഷെ അവര്‍ അത് എളുപ്പം തെറ്റിച്ചു. ഞാന്‍ അവളുടെ ആഭരണം എടുത്തു വിട്ടു തുടങ്ങി ഇവിടെ എഴുതാന്‍ പറ്റാത്ത തരത്തിലുള്ള പല ആരോപണങ്ങള്‍ അവര്‍ ഉന്നയിച്ചു. അപ്പോഴെല്ലാം എല്ലാം നല്ലതിന് എന്ന് കരുതി ഞാനും എന്റെ കുടുംഭവും സംയമനം പാലിച്ചു.
(എല്ലാം ചുരുക്കി എഴുതിയതാണ്. ഒരു പാടു കാര്യങ്ങള്‍ വിട്ടു പോയിട്ടുണ്ട്. ഞാന്‍ ഈ പോസ്റ്റിനു ശേഷം രണ്ടു ദിവസം കഴിഞ്ഞു നാട്ടില്‍ പോകുകയാണ്. അതുകൊണ്ടാണ് പെട്ടെന്ന് ഈ ബ്ലോഗ് തീര്‍ക്കാന്‍ തീരുമാനിച്ചത്. രണ്ടു വിവാഹം കഴിക്കേണ്ടി വന്നു എന്ന് പറഞ്ഞല്ലോ, അതില്‍ രണ്ടാമത്തേത് ഇതിന്റെ രണ്ടു വര്ഷം കഴിഞ്ഞായിരുന്നു, ഇടിവെട്ട് കൊണ്ടാവന് പാമ്പിന്റെ കടി കിട്ടിയത് പോലെ ആയിരുന്നു അടുത്തത്. സമയം കിട്ടുമ്പോള്‍ അതും ഈ ബ്ലോഗിന് തുടര്‍ച്ച ആയി വരുന്നതായിരിക്കും. തല്ക്കാലം ഞാന്‍ ഈ വിഷയം എവിടെ നിര്‍ത്തുകയാണ്, (സമയം പോലെ തുടരും) മറ്റു വിഷയങ്ങള്‍ - രാഷ്ട്രീയം-സാമൂഹികം- അതിലുള്ള ബ്ലോഗുകള്‍ എന്നില്‍ നിന്നും ഉണ്ടാവാം. കൂടാതെ ഒരു കാര്യം കൂടി, ഞാന്‍ എന്റെ ന്ജീവിതത്തിലെ ഒരു വഴിത്തിരിവിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. അതിനായി വളരെ നാളായി മനസ്സിനെ ശാന്തമാക്കി, ഉപദ്രവിച്ചവരെയും ഉപദ്രവങ്ങളെയും എല്ലാം മറന്നു കളയാന്‍ ശ്രമിക്കുകയാണ്. പരീക്ഷണ കാലഘട്ടം ഏതാണ്ട് അവസാനിച്ചു എന്ന് തന്നെ തോന്നുന്ന തരത്തില്‍ കാര്യങ്ങള്‍ സംഭവിച്ചു കൊണ്ടിരിക്കുന്നു. ഇനിയും കൂടുതല്‍ ഞാന്‍ എഴുതുന്നില്ല എല്ലാം നല്ല രീതിയില്‍ "സംഭവിക്കട്ടെ" എന്ന് പ്രാര്തിക്കുകയാണ്).

2009, ഏപ്രിൽ 22, ബുധനാഴ്‌ച

അവസാനത്തിനു മുന്പ്

ജീവിത കഥ തുടരുകയാണ്....(കഥയുടെ ആദ്യം മുതല്‍ താല്പര്യമുള്ളവര്‍ക്ക് വായിക്കാം)
അവളുടെ ആളുകള്‍ എന്റെ അമ്മാവനുമായി നിരന്തരം സമ്പര്‍ക്കം ഉണ്ടായിരുന്നു. ബിസിനസ് പരമായി ആയിരുന്നു ആദ്യ സമയത്ത് അതെന്കിലും പിന്നീട് അത് എനിക്കെതിരെയുള്ള പാര അതായി പരിണമിച്ചു. തനിക്ക് കൈവന്ന ബിസിനസ് നഷ്ടപ്പെടാതിരിക്കാന്‍ അയാളും അതിലൂടെ അയാളെ വശത്താക്കി എനിക്കെതിരെ വിജയിക്കാന്‍ അവരും ശ്രമിച്ചു. അങ്ങിനെ ചര്ച്ച ഒരു ഞായറാഴ്ച വച്ചു.
അന്ന് എന്റെ അമ്മാവന്‍, മൂത്താപ്പ, എന്റെ മുന്പ് ജോലി ചെയ്തിരുന്ന സ്ഥലത്തെ രണ്ടു മാനേജര്‍മാര്‍ എന്നിങ്ങനെയുള്ളവരാണ് എന്റെ ഭാഗത്ത് ഉണ്ടായിരുന്നത്. എന്നാല്‍ അവര്‍ രണ്ടു വണ്ടി നിറയെ ആളുകള്‍ ഉണ്ടായിരുന്നു. ഞങ്ങളുടെ നിസ്സഹായാവസ്ഥ അമ്മാവന്‍ അവര്ക്കു മനസ്സിലാകി കൊടുത്തിരുന്നത് കൊണ്ടു അവര്ക്കു കൂടുതല്‍ ആളുകളെ കൂട്ടി വരാനും സമ്മര്‍ദം പ്രയോഗികാനുംകഴിഞ്ഞു എന്ന് എടുത്തു പറയേണ്ടതുണ്ട്. അവര്‍ എത്തി ചര്ച്ച തുടങ്ങിയത് ചെളിവാരി എറിഞ്ഞു കൊണ്ടാണ്. ഞാനും എന്റെ കുടുംബവും ചെയ്യാത്തതും ചിന്തിക്കതതുമായ കാര്യങ്ങള്‍ എല്ലാം അവര്‍ ഞങ്ങള്‍ക്കെതിരെ പ്രയോഗിച്ചു. ഒരു യുദ്ധത്തില്‍ ജയിക്കാന്‍ എന്ത് ആയുധമാണ് പ്രയോഗിക്കേണ്ടത് എന്നത് വലിയ വിഷയമല്ലല്ലോ! കൂടാതെ ആക്രമമാണ് ഏറ്റവും വലിയ പ്രതിരോധം എന്നവര്‍ക്ക് അറിയാമായിരുന്നു, ഞങ്ങളുടെ ആളുകള്‍ക്ക് അറിയാമായിരുന്നിട്ടും അവര്‍ അറിയില്ല എന്ന് നടിച്ചു. കുറച്ചു എങ്കിലും എനിക്ക് വേണ്ടി വാദിച്ചത് എന്റെ മാനേജര്‍ സുഹൃത്തുക്കള്‍ ആയിരുന്നു. അവര്‍ പരിഗണിക്കപ്പെടേണ്ട യഥാര്‍ത്ഥ പ്രശ്നങ്ങള്‍ എന്താണെന്നു മനസ്സിലാക്കുകയാണ് വേണ്ടത് എന്ന് പ്രത്യേകം എടുത്തു പറഞ്ഞത് എതിര്‍ പാര്‍ട്ടിക്കാര്‍ വകവച്ചില്ല. അവര്ക്കു കുറെ ഒച്ച വച്ചു കാര്യം നടത്തുന്നതിലായിരുന്നു താത്പര്യം. അമ്മാവനും മറ്റും വായും പൊളിച്ചു മേലോട്ട് നോക്കിയിരുന്നു. അവളുടെ സഹോദരന്‍ ചെറുപ്പത്തിന്റെ പ്രസരിപ്പും എടുത്തു ചട്ട മനോഭാവവും കൊണ്ടും വളരെ പ്രകോപനപരമായി സംസാരിക്കുകയും അവസാനം എനിക്ക് അവനോടു "ഇറങ്ങി പോടാ പട്ടീ" എന്ന് പറയേണ്ടിയും വന്നു. പാര്‍ ലമെന്ററി അല്ലാത്ത എന്റെ ആ പ്രയോഗമാണ് എങ്ങും എത്താതെ നിന്ന ചര്‍ച്ചയെ വഴിതിരിച്ചു വിട്ടത്.
പെട്ടെന്ന് എല്ലാവരും എന്റെ "പട്ടീ" വിളി കെട്ട് ഞെട്ടി. ഞാനും അങ്ങിനെ വിളിക്കണം എന്ന് പ്ലാന്‍ ഒന്നും ചെയ്തിരുന്നില്ല, പക്ഷെ അപ്പോഴത്തെ നിസ്സഹായാവസ്ഥയില്‍ എനിക്ക് കിട്ടിയ ആയുധം അതായിരുന്നു. പറഞ്ഞ വാക്കും ഉപയോഗിച്ച ആയുധവും ഒരിക്കലും തിരിച്ചെടുക്കാന്‍ പറ്റില്ല എന്ന് അനുഭവിച്ചറിഞ്ഞത് അന്നായിരുന്നു. അവര്‍ ഇറങ്ങി പോകുകയാണ് ഞങ്ങള്‍ പിന്നെ വേണ്ടത് പോലെ ചെയ്തോളാം എന്നൊക്കെ പറഞ്ഞു പോകാന്‍ തുടങ്ങിയപ്പോള്‍ എന്റെ അമ്മാവന്‍ അവരോട് ചെന്നു കുറെ കുശുകുശുക്കലുകള്‍ നടത്തുന്നത് കണ്ടു. അവസാനം അയാള്‍ അടുത്ത ശനിയാഴ്ച എല്ലാം സോള്‍വ്‌ ആകാം എന്നും അയാളുടെ വീട്ടില്‍ വച്ചു എല്ലാവര്ക്കും കാണാം എന്നും പറഞ്ഞു. ഇതിനിടെ അവളെ നേരില്‍ കൊണ്ടു വന്നു "മൊഴിയെടുക്കല്‍" വേണം എന്ന് ചിലര്‍ വാദിച്ചു. അതിന്‍പ്രകാരം അവളെ കൊണ്ടു വന്നു. എനിക്ക് അവള്‍ ധരിച്ചു കാണാം തീരെ ഇഷ്ടമില്ലാത്ത ഒരു വസ്ത്രം -ലാച്ച- ധരിച്ചാണ് അവള്‍ വന്നത്. (അവളെ കൊണ്ടു അത് ധരിപ്പിച്ചു എന്നതാണ് ശരി, നേരത്തെ അവള്‍ക്കും ആ വസ്ത്രതിനോട് അത്ര വലിയ ഇഷ്ടം ഉണ്ടായിരുന്നില്ല എങ്കിലും എന്നോടുള്ള വിദ്വേഷം അവളില്‍ വീട്ടുകാര്‍ കുട്ത്തിവച്ചതിന്റെ ഫലമായി അവള്‍ ലാച്ച ഇഷ്ടപ്പെടുകയും അവളുടെ വീട്ടുകാര്‍ അത് ഒന്നല്ല മൂന്നെണ്ണം വാങ്ങി നല്കുകയും ചെയ്തു എന്നെ തോല്‍പ്പിക്കാന്‍. അപ്പോള്‍ ഞാന്‍ അവളോട്‌ പറഞ്ഞത് എന്റെ മുന്നില്‍ അതിട്ടു വരുന്നത് എനിക്ക് ഇഷ്ടമല്ല എന്നായിരുന്നു.) എന്തായാലും എന്നെ ധിക്കരിക്കാന്‍ കിട്ടിയ അവസാന അവസരം അവള്‍ പാഴാക്കിയില്ല! അവളും അവളുടെ "കദന കഥ" ആവും വണ്ണം വിവരിച്ചു. കൂടാതെ ഒരു കരച്ചിലും. ഞാനുമായുള്ള ജീവിതത്തില്‍ ഒരിക്കലും കാണാത്ത ആ കരച്ചില്‍ അവിടെ നിന്നു വന്നു എന്നത്ഇന്നും എനിക്കറിയില്ല. എന്തായാലും എല്ലാവരും തങ്ങളുടെ റോള്‍ ഭങ്ങിയായി കൈകാര്യം ചെയ്തു. ഞാനും എന്റെ കുടുംഭവും പരാജിതരായി.

2009, ഏപ്രിൽ 15, ബുധനാഴ്‌ച

തീരുന്നതിനു മുന്പ്

എന്റെ കഥയിലേക്ക് തിരിച്ചു വരാം. അവള്‍ വീട്ടിലേക്ക് പോയതിനു ശേഷം ഞാന്‍ വിളിക്കാന്‍ പോയില്ല. ഫോണ്‍ ചെയ്തതുമില്ല. അവള്‍ എന്റെ മനസ്സില്‍ നിന്നും ഔട്ട് ആയിരുന്നു. അല്ലെങ്കിലും ഇതുപോലെ ഒരു പെണ്ണിനെ എന്തിന്റെ പേരിലാണ് ചുമക്കേണ്ടത്‌? സ്നേഹത്തിന്റെ ഒരു കണികയെങ്കിലും എന്നോടും എന്റെ കുടുബത്തിനും നേര്‍ക്ക് അവളില്‍ ഉണ്ടായിരുന്നു എങ്കില്‍ ഞാന്‍ ഇങ്ങിനെ തീരുമാനിക്കുകയില്ലയിരുന്നു. അങ്ങിനെ ഒന്നു അവളില്‍ ഉണ്ടായിരുന്നു എങ്കില്‍ തന്നെയും നായ്മുഖനും അവരുടെ ബന്ധുക്കളും ചേര്ന്നു അതെല്ലാം ഇല്ലാതാക്കി എന്നും വേണമെന്കില്‍ പറയാം. സ്വന്തം ഭര്‍ത്താവിനെ തഴഞ്ഞു വാപ്പ കൊണ്ടു വരുന്ന "ഇതിലും നല്ല ചെക്കനെ" കാത്തിരിക്കുന്ന ഒരു പെണ്ണിനെ എങ്ങിനെ വര്‍ണ്നിക്കണം എന്നെനിക്കറിയില്ല. ഗര്‍ഭിണിയായാല്‍ അതിനെ തന്നിഷ്ടപ്രകാരം ഇല്ലാതാക്കും എന്ന് പറയുന്ന ഒരു ഭാര്യയെ ഏതൊരു ആണിനാണ് ഉള്‍ക്കൊള്ളാന്‍ കഴിയുക?!
അവള്‍ വീട്ടില്‍ പോയിട്ട് ഇങ്ങോട്ടും വിളിച്ചില്ല. എന്റെ ഉമ്മ അവളെ ഒന്നു രണ്ടു തവണ ഫോണ്‍ ചെയ്തിരുന്നു, അപ്പോഴെല്ലാം നല്ലരീതിയില്ലനു സംസാരിച്ചത്. എന്നാല്‍ എന്റെ സഹോദരി അവളെ വിളിച്ചപോള്‍ അവളില്‍ നിന്നും അവളുടെ ഉമ്മ ഫോണ്‍ പിടിച്ചെടുത്ത് സംസാരിക്കുകയും "ഇനി അവളെ നിങ്ങളുടെ വീട്ടിലേക്ക് അയക്കുന്നില്ല" എന്ന് പറഞ്ഞു ഫോണ്‍ കട്ട് ചെയ്യുകയും ചെയ്തു. ഇത്രയൊക്കെ ആയിട്ടും നായ്മുഖണോ അവര്ക്കു വേണ്ടപ്പെട്ട ആരെന്കിലുമോ ഞാനുമായോ എന്റെ വീടുമായോ ബന്ധപ്പെട്ടില്ല. എന്തൊക്കെ പ്രശ്നങ്ങളുണ്ടായാലും ആദ്യം ബന്ധപ്പെട്ട് കാര്യങ്ങള്‍ അന്വേഷിക്കെണ്ടിയിരുന്നത് എന്നോടായിരുന്നു. പക്ഷെ അതുണ്ടായില്ല. പകരം എന്റെ ഒരു അമ്മാവന്‍ (ഒരു വന്‍ ബിസിനസ്സുകാരന്‍) വഴി അവര്‍ ശ്രമിച്ചു. കൂട്ടത്തില്‍ പറയട്ടെ എന്റെ അമ്മാവന്‍ പെന്കൊന്തന്മാരില്‍ പ്രൊഫഷണല്‍ ഡിഗ്രീ കിട്ടുമോ എന്ന് ശ്രമിക്കുന്ന ഒരാളാണ്. അയാള്‍ സാമ്പത്തികമായി വളരെ ഉയര്ന്ന നിലയിലുമാണ്. അയാള്‍ക്ക്‌ ഞങ്ങളെ പണ്ടു മുതലേ തന്നെ അത്ര ഇഷ്ടമല്ല. അയാള്‍ക്ക്‌ അടുത്ത പട്ടണത്തില്‍ ഒരു അലൂമിനിയം ഐറ്റംസ് വില്‍ക്കുന്ന ഒരു കടയുണ്ട്. ആ കടയില്‍ നിന്നും നായ്മുഖന്റെ ബന്ധുക്കള്‍ ചില സാധനങ്ങള്‍ വാനാഗം എന്ന് നേരത്തെ അവര്‍ തമ്മില്‍ ധാരണ ഉണ്ടായിരുന്നത് കൊണ്ടു അമ്മാവന് എന്റെ കാര്യത്തില്‍ എന്റെ പക്ഷം പിടിക്കാന്‍ ഒരു മടി. കാരണം എന്റെ പക്ഷം പിടിച്ചാല്‍ അയാളുടെ ബിസിനെസ്സ് പോകും. അവരുടെ പക്ഷം പിടിച്ചാല്‍ നല്ല ബിസിനെസ്സ് കിട്ടുകയും ചെയ്യും- ഒരു നല്ല ബിസിനെസ്സുകാരന്‍ എപ്പോഴും എടുക്കേണ്ട ഒരു നിലപാട്.
അങ്ങിനെ അവളുടെ ആളുകള്‍ അയാളുമായി ഈ പ്രശ്നം സംസാരിച്ചപ്പോള്‍ അയാള്‍ എന്റെ വലിയുംമയുടെ ഭര്‍ത്താവിനെ ഞാനുമായി സംസാരിക്കാന്‍ ചുമതല കൊടുത്ത് തടിയൂരി. അവളുടെ ആളുകള്‍ ദിവസവും അമ്മാവനുമായി സംസാരിക്കും അയാള്‍ അത് മൂതാപ്പയുമായും മൂത്താപ്പ അത് ഞാനുമായും... ഇങ്ങിനെ ഫോണ്‍ ബില്‍ ഒരുപാടു എല്ലാവര്‍ക്കുമായി. എന്റെ അമാവന്‍ കോന്തന്‍ എന്നെയോ എന്റെ ഉമ്മയെയോ വിളിച്ചു സംസാരിക്കാനുള്ള സന്മനസ്സു കാണിച്ചില്ല. അത് കൊണ്ടു തന്നെ ഞാനും അയാളുമായി ബന്ധപ്പെട്ടില്ല. അങ്ങിനെ മൂതാപ്പയുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ഒടുവില്‍ ഒരു ദിവസം അവര്‍ വീട്ടില്‍ ചര്‍ച്ചക്ക് വരാം എന്ന് സമ്മതിച്ചു. അതിന് അവര്‍ ചില വ്യവസ്ഥകള്‍ വച്ചു..
  1. അവളുടെ ആഭരണങ്ങള്‍ എന്റെ വീട്ടില്‍ ഉള്ളത് എത്രയും പെട്ടെന്ന് അവര്ക്കു കിട്ടണം.
  2. അവളെ എന്റെ വീട്ടിലേക്ക് പറഞ്ഞയക്കില്ല
  3. ഞാന്‍ അവളെ കാണണം എങ്കില്‍ അങ്ങോട്ട് പോകണം
  4. കുറെ നാള്‍ ഞങ്ങളെ തമ്മില്‍ അകറ്റി നിര്‍ത്തണം, അങ്ങിനെ അകന്നു നിന്നാല്‍ സ്നേഹം ഉണ്ടാകും! (ഈ ആശയം കണ്ടു പിടിച്ചവനു നോബല്‍ സമ്മാനം കിട്ടാതെ പോയി)

ഇങ്ങിനെ ഒരുപാടു നടക്കാത്ത കാര്യങ്ങള്‍.. മൂത്താപ്പ ഒരു തന്ത്രശാലി ആയിരുന്നത് കൊണ്ടു കൂടുതല്‍ വിശദമായി ചര്‍ച്ചയില്‍ പറയാം എന്ന് നിര്‍ദേശിച്ചു. അങ്ങിനെ ചര്‍ച്ചക്കുള്ള ദിവസം ഒരു ഞായറാഴ്ച (ജൂണ്‍ മാസത്തില്‍) നിശ്ചയിച്ചു. അവിശ്വാസ പ്രമേയ ചര്ച്ച പാര്‍ലമെന്റില്‍ നടക്കുന്നത് പോലെ തോന്നി എനിക്ക്..

അത് അടുത്ത ബ്ലോഗില്‍...

2009, ഏപ്രിൽ 13, തിങ്കളാഴ്‌ച

എം എല്‍ എ സ്ഥാനാര്‍ത്തികളെ തോല്‍പ്പിക്കുക!

അങ്ങിനെ അഖിലേന്ത്യാ വോട്ടു കുത്തല്‍ മഹോല്‍സവം കേരള എഡിഷന്‍ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ നടക്കും. പാവം ജനം മഴയായാലും വെയിലായാലും ക്യൂ നിന്നു തങ്ങളുടെ "അവകാശം" വിനിയോഗിക്കുന്നു.
ഈ അവസരത്തില്‍ വോട്ടര്‍മാരോട് ഒരു അപേക്ഷ.. എം എല്‍ എ സ്ഥാനാര്തികള്‍ക്ക് ഒരിക്കലും വോട്ട് ചെയ്യരുത്. അവര്‍ ഏത് പാര്‍ട്ടിക്കാര്‍ അയാളും ശരി, അവരെ വോട്ട് ചെയ്തു വിജയിപ്പിക്കരുത്. കാരണം, അവര്‍ പാര്‍ലമെന്റില്‍ എത്തിയാല്‍ അവര്‍ നിലവില്‍ കൈയാളുന്ന എം എല്‍ എ സ്ഥാനം രാജി വക്കേണ്ടി വരും. അപ്പോള്‍ അവരുടെ നിയമസഭ മണ്ഡലത്തില്‍ ഒഴിവു വരുന്ന സ്ഥാനത്തേക്ക് വീണ്ടും തെരഞ്ഞെടുപ്പ് നടത്തേണ്ടി വരും. നമ്മള്‍ അഞ്ചു വര്‍ഷത്തേക്ക് തെരഞ്ഞെടുത്തവര്‍ എന്തടിസ്ഥാനതിലായാലും ശരി പാര്‍ലമെന്റിലേക്ക് മല്‍സരിക്കുന്നത് അനുവദിച്ചു കൂടാ. വെറുതെ ഒരു ഉപതെരഞ്ഞെടുപ്പ് എന്തിന് നമ്മള്‍ സ്വയം ഏറ്റുവാങ്ങണം? ആ തെരഞ്ഞെടുപ്പിന്റെ ചെലവു അനാവശയമായിരിക്കും. ഇന്നത്തെ അവസ്ഥയില്‍ ലോക സാമ്പത്തിക മാന്ദ്യവും മറ്റും കണക്കിലെടുക്കുമ്പോള്‍ ഇതു നീതീകരിക്കുവാന്‍ കഴിയില്ല. കൂടാതെ പാര്‍ടികള്‍ അവര്ക്കു പകരം നല്ല ഒരു സ്ഥാനാര്‍ഥിയെ കണ്ടെതെണ്ടിയിരുന്നു. പാര്‍ടികളും എം എല്‍ എ മാറും ചെയ്യുന്നത് ജനങ്ങലോടുള്ള ചതിയാണ്. അതുകൊണ്ട് നമ്മള്‍ അത് തിരിച്ചറിഞ്ഞു ആ എം എല്‍ എ സ്ഥാനര്തികളെ തോല്‍പ്പിക്കുവാന്‍ വോട്ടു രേഖപ്പെടുത്തുക. ജയ് ഹിന്ദ്‌!

2009, ഏപ്രിൽ 4, ശനിയാഴ്‌ച

ഏതാണ് നമ്മുടെ മുന്നണി?

തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തുന്നതിന് മുന്പ് പ്രിയ വോട്ടര്‍മാരെ നിങ്ങള്‍ നിങ്ങളോട് തന്നെ ഒരു ചോദ്യം ചോദിച്ചാല്‍ നല്ലത്.
ഒരു പാടു പാര്‍ട്ട്ടികള്‍, സ്ഥനാര്തികള്‍. അധ്വാനിക്കുനവരുടെ പാര്‍ട്ട്ടിയെന്ന ലേബലില്‍ വന്നു മുതലാളിതതിലേക്ക് പോകുന്ന ഇടതു മുന്നണി, പണ്ടേ മുതല്‍ കുത്തക മുതലാളിമാര്‍ക്ക് വേണ്ടി നില കൊള്ളുന്ന കോണ്ഗ്രസ്, ഹിന്ദുക്കള്‍ക്ക് വേണ്ടി മാത്രമുള്ള ബി.ജെ.പി, ദളിത് പിന്നോക്കങ്ങളുടെ ലാലു-പാസ്വാന്‍-മുലായം-മായാവതി തുടങ്ങിയ പാര്‍ട്ടികള്‍, അഴിമതിയില്‍ മുങ്ങിക്കുളിച്ച ജയലളിത പോലുള്ളവരുടെ പാര്‍ടികള്‍, സിനിമ താര പദവി നഷ്ടപെട്ട ചിലരുടെ പാര്‍ട്ടികള്‍, പ്രാദേശിക വാദികളുടെ പാര്‍ടികള്‍, മുസ്ലിംകളുടെ പേരില്‍ കുറെ ആളുകള്‍ക്ക് ഇടക്കിടെ യോഗം ചേര്ന്നു കോഴിബിരിയാണി കഴിക്കാനുള്ള ലീഗ്......ഹമ്മോ വയ്യ!

ചോദ്യം: എന്നും പ്രത്യക്ഷ പരോക്ഷ നികുതികള്‍ ചുമലിലേറ്റി കാലാകാലങ്ങളിലെ ജനവിരുദ്ധ നയങ്ങളുടെ ഇരകളായി ജീവിക്കേണ്ടി വരുന്ന ഇത്തരം പാര്‍ട്ടികളെയും അവയുടെ നേതാക്കളെയും സഹിച്ചു ജീവിക്കുന്ന സാധാരണക്കാരന്റെ പാര്‍ട്ടി / മുന്നണി ഏതാണ്?

ഉത്തരം ബ്ലോഗന്മാരെല്ലാം കൂടി കണ്ടു പിടിക്കുക.

2009, ഏപ്രിൽ 2, വ്യാഴാഴ്‌ച

പത്രധര്‍മം ജനത ദള്‍ സ്റ്റൈല്‍!

തെരഞ്ഞെടുപ്പ് കാലത്തെ മലയാള പത്രങ്ങള്‍ വായിക്കതിരിക്കുകയാണ് ഭേദം. കാരണം സാമൂഹിക സാമകാലിക പ്രശ്നങ്ങളില്‍ നിന്നെല്ലാം ഒളിച്ചോടി കേവലം കുറെ നേതാക്കന്മാരുടെ യഥാര്‍ത്ഥ നിറം മറച്ചു വച്ചു കൊണ്ടും ഇല്ലാത്ത ഗുണഗണങ്ങള്‍ ഉണ്ടെന്നു കൊട്ടി ഘോഷിച്ചു കൊണ്ടും പേജ് നിറക്കാന്‍ ഓരോ പത്രവും മത്സരിച്ചു കൊണ്ടിരിക്കുകയാണ്. മനോരമ എന്ന മുത്തശി പത്രം സി. പി. എം എന്ന ഒറ്റ എതിരാളിയെ മുന്നില്‍ നിര്‍ത്തിയാണ് യുദ്ധം ചെയ്യുന്നത്. അവരെ സംബന്ധിച്ചിടത്തോളം ആ ഒരു പാര്‍ടിയെ എങ്ങിനെ താറടിച്ചു കാണിക്കാം എന്ന ഒറ്റ ചിന്തയും പ്രവര്തിയുമുള്ളൂ അവര്‍ക്കെന്നു തോന്നും വിധത്തിലാണ് റിപ്പോര്‍ട്ടുകള്‍ കൊടുക്കുന്നത്. സി.പി.എം. ഭരണത്തിലായാലും പ്രതിപക്ഷതായാലും അവരെ വെറുതെ വിടില്ല പത്ര മുത്തശ്ശി. സാധാരണ ഏതെങ്കിലും ഒരു ഭാഗം പിടിചെഴുതുന്നവര്‍ തങ്ങള്‍ അനുകൂലിക്കുന്നവര്‍ ഭരണത്തില്‍ വന്നാല്‍ എതിരാളികളെ കുറെയൊക്കെ കണ്ടില്ലെന്നു നടിക്കും. അവര്‍ തിരിച്ചു ഭരണത്തില്‍ വരുന്നത് വരെ കാത്തിരിക്കും. എന്നാല്‍ മനോരമ ഇതില്‍ നിന്നെല്ലാം വളരെ വ്യത്യസ്തമായിരിക്കുന്നു.
ഇപ്പോള്‍ മനോരമക്ക് കൂട്ടായി ഇതാ രണ്ടാമത്തെ പ്രചാരമുള്ള മാതൃഭൂമി എത്തികഴിഞ്ഞു. കോഴിക്കോട് സീറ്റ് കിട്ടാത്തതില്‍ ഹതാശനായ വീരന്‍ എന്ത് വിലകൊടുത്തും പകവീട്ടുവാന്‍ ഇറങ്ങി തിരിച്ചിരിക്കുന്നു. (ഏഷ്യാനെറ്റ് ചാനലും കൂടെയുണ്ട് കേട്ടോ!) അവര്‍ക്ക് മദനിയും പിണറായിയുടെ ലാവ്ലിനും ഇപ്പോള്‍ മുഖ്യവിഷയമാണ്. ഈ അവസരത്തില്‍ ഒന്നോര്‍ത്തു നോക്കുക, വീരന് കോഴിക്കോട് സീറ്റ് കിട്ടുകയും അവര്‍ ഇടതു മുന്നനിയായി തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുകയും ചെയ്തിരുന്നു എങ്കില്‍ മദനി - പിണറായി എന്നിവര്‍ക്കെതിരെ ഇപ്പോള്‍ കാണിക്കുന്ന ആവേശം ഉണ്ടാകുമായിരുന്നോ? ഉത്തരം തീര്ച്ചയായും ഇല്ല! എന്നാണു. അധികാരത്തിനു പുറത്തു നില്ക്കുന്ന സമയത്ത് ഒരാളുടെ അല്ലെങ്കില്‍ ഒരു പാര്‍ട്ടിയുടെ കൊള്ളരുതായ്മകളെ പിന്തുണക്കുകയും അധികാരം കിട്ടില്ലെന്ന് കാണുകില്‍ അവര്‍ മോശക്കാരാവുകയും ചെയ്യുന്ന ഈ അവസ്ഥക്ക് പൊതുജനം എന്തെങ്കിലും ഒരു പേര്‍ പറയണം. അവരെ നമ്മള്‍ തിരിച്ചറിയണം. ഓര്‍ക്കുക, കോഴിക്കോട് സീറ്റ് കിട്ടിയിരുന്നു എങ്കില്‍ വീരന്‍ എപ്പോള്‍ മേല്പ്പറഞ്ഞ വ്യക്തികളെ വെള്ളപൂശാന്‍ ബക്കറ്റില്‍ വെള്ളചായവുമായി ഓടി നടക്കുന്നുണ്ടാകുമായിരുന്നു. ഈ അവസരത്തില്‍ ചില മുഖങ്ങള്‍ മനസ്സില്‍ തെളിയുന്നു - നിറം മാറുന്ന ഓന്ത്, കിട്ടാത്ത മുന്തിരിക്ക് ചാടുന്ന കുറുക്കന്‍... എന്നിവര്‍.....

2009, ഏപ്രിൽ 1, ബുധനാഴ്‌ച

വഴിത്തിരിവ്‌

എന്റെ കഥ തുടരുകയാണ് സഹജരെ. ഈ മാസം അവസാനം ഞാന്‍ അവധിക്കു പോകുന്നതിനു മുന്പ് രണ്ടാം വിവാഹത്തിന്റെ കഥ തീര്‍ക്കണം എന്നാണ് ഞാന്‍ പ്ലാന്‍ ചെയ്തിരുന്നത്. പക്ഷെ മറ്റുള്ളവരുടെ കീഴിലുള്ള ജോലി ആയതു കൊണ്ടും സ്വന്തമായി സിസ്റ്റം (റൂമില്‍) ഇല്ലാത്തതു കൊണ്ടും പ്ലാന്‍ ചെയ്തപോലെ നടക്കാറില്ല എന്നതാണ് സത്യം.
എന്റെ സാമ്പത്തിക നില ഇപ്പോഴത്തെ ആഗോള മാന്ധ്യതിനെക്കളും രൂക്ഷമായിരുന്നു അന്ന്. അവള്ക്ക് അതില്‍ യാതൊരു ആശന്കയും ഉണ്ടായിരുന്നില്ല. എന്നെ എങ്ങിനെയെങ്കിലും ഒഴിവാക്കി "വാപ്പ കൊണ്ടു വരുന്ന പുതിയ ചെക്കനെ" സ്വപ്നം കണ്ടു കാണണം, അറിയില്ല. എന്തായാലും ഞാന്‍ രണ്ടും ഞാന്‍ എന്റെ ഒന്നു രണ്ടു തലമുതിര്‍ന്ന കാരണവന്മാരോട് വിഷയം സംസാരിച്ചു അതിന്‍പ്രകാരം അവര്‍ അവളുമായി അവര്‍ സംസാരിചെന്കിലും അത് വെറും അധരവ്യായാമം എന്നതിലുപരി യാതൊരു ഫലവും തന്നില്ല. അവള്‍ എല്ലാം മിണ്ടാതിരുന്നു കേള്‍ക്കുകയും തിരിച്ചു ഒന്നും തെന്നെ പ്രതികരിക്കാതിരിക്കുകയും ചെയ്തു. (നമ്മുടെ മുന്‍പത്തെ ഒരു പ്രധാനമന്ത്രിയെ പോലെ ഒരു തരം മൌനം). അവസാനം ഞാന്‍ തന്നെ നേരിട്ടു വിഷയം അവതരിപ്പിക്കാന്‍ തീരുമാനിച്ചു.
ജോലി കഴിഞ്ഞു വന്നു ഭക്ഷണശേഷം ആവാം ചര്‍ച്ച എന്ന് ഞാന്‍ കരുതി. കാരണം നല്ല വിശപ്പുണ്ടായിരുന്നു. ചര്‍ച്ച കാരണം എന്തെങ്കിലും ഉടക്ക് സംഭവിച്ചാല്‍ പിന്നെ ഭക്ഷണത്തിനോടുള്ള ഇഷ്ടം പോകും. അതോഴിവാക്കം എന്ന് കരുതി. ഭക്ഷണ വേളയില്‍ ഞങ്ങള്‍ രണ്ടും മൌനത്തിന്റെ അകലം സൂക്ഷിച്ചിരുന്നു. അവസാനം ഞാന്‍ വിഷയം എടുത്തിട്ട്. "നിന്റെ കുറച്ചു സ്വര്‍ണ്ണം തരണം, വീട് വീണ്ടെടുക്കണം, ദുബായിലേക്ക് ഒരു വിസ ശരിയാക്കാന്‍ നോക്കണം. ഒരു നല്ല നിലയായിക്കഴിഞ്ഞാല്‍ എല്ലാം നമുക്ക് ഇതില്‍ കൂടുതലായി തിരിചെടുക്കമല്ലോ". പറഞ്ഞു തുടങ്ങിയത് നല്ലനിലയിലായിരുന്നു എങ്കിലും അവളുടെ ഉള്ളില്‍ ഒതുക്കി വച്ചിരുന്ന എല്ലാ ദേഷ്യവും പുറത്തു ചാടിയത് പെട്ടെന്നായിരുന്നു.
"ആര് പറഞ്ഞു നിങ്ങളോട് എന്നെ കെട്ടാന്‍, എനിക്ക് തന്ന സ്വര്‍ണ്ണം എന്റെ വാപ്പ കഷ്ടപ്പെട്ട് ഉണ്ടാക്കിയതാ, അതെനിക്ക് ഉള്ളതാ, അല്ലാതെ നിങ്ങളുടെ കടം വീട്ടുവാനുല്ലതല്ല. എന്റെ ഉമ്മയും വാപ്പയും പറഞ്ഞിട്ടുണ്ട് കൊടുക്കരുതെണ്ണ്‍". അവള്‍ ആഞ്ഞടിക്കുകയായിരുന്നു. അത്തരം ഒരു ഭാവം അവളില്‍ ഞാന്‍ ആദ്യമായി കാണുകയായിരുന്നു.
പിന്നെ അങ്ങോട്ടും ഇങ്ങോട്ടും വാക്കുകള്‍ കൊണ്ടുള്ള ഫയറിംഗ് നടന്നു. ഞാനും അത് വരെ മനസ്സില്‍ സൂക്ഷിച്ചതൊക്കെ നാവിലൂടെ വെളിവാക്കി. അവസാനം ഞാന്‍ പറഞ്ഞു "എന്റെ ഭാര്യയായി നിനക്കു ജീവിക്കണം എന്നുന്ടെന്കില്‍ എന്റെ പ്രശ്നങ്ങള്‍ നിന്റെതും കൂടിയായി കണ്ടു പരിഹരിക്കാന്‍ നിന്നാലായത് ചെയ്തേ പറ്റൂ. അല്ലെങ്കില് ബന്ധം തുടര്‍ന്ന് കൊണ്ടു പോകുന്നതില്‍ അര്‍ത്ഥമില്ല."
അവളുടെ മറുപടി പെട്ടെന്നായിരുന്നു "എങ്കില്‍ ഞാന്‍ വീട്ടില്‍ പൊയ്ക്കോളാം നിങ്ങള്‍ക്ക് എന്നെ വേണമെന്നുന്ടെകില്‍ അങ്ങോട്ട് വാ" ഒരു തരം വെല്ലുവിളി ആയിട്ടാണ് എനിക്ക് അത് ഫീല്‍ ചെയ്തത്. മുന്പ് എപ്പോഴെങ്കിലും അവളുടെ ബന്ധുക്കള്‍ അവളുടെ മനസ്സിലേക്ക് കുത്തിവെച്ച തിരക്കഥ ആയിരിക്കാം ആ വെല്ലുവിളിക്ക് പിന്നിലെ ചേതോവികാരം.
വിട്ടു കൊടുക്കാന്‍ ഞാനും തയ്യാറായിരുന്നില്ല. "നീ പോകുന്നെന്കില്‍ പൊയ്ക്കോ പക്ഷെ ഞാന്‍ നിന്നെ തേടി അവിടെ വരും എന്നത് നിന്റെയും ആളുകളുടെയും സ്വപ്നം മാത്രമായിരിക്കും. അങ്ങിനെ വരനമെന്കില്‍ ഞാന്‍ വേറെ ഒരു വാപ്പാക്ക് ജനിക്കേണ്ടി വരും" വാക്കുകളില്‍ അറിയാതെ മൂര്‍ച്ച കൈവന്നു.
അങ്ങിനെ അന്ന് രാത്രി ആകെ ടെന്‍ഷന്‍ ആയിരുന്നു. ഞാന്‍ വേറെ മുറിയില്‍ പോയി കിടന്നുറങ്ങി. എങ്കിലും കുറെ കഴിഞ്ഞപ്പോള്‍ ഞാന്‍ ചെന്നു നോക്കി, സുഖമായി ഉറങ്ങുന്നു. തിരികെ ഞാന്‍ വന്നു കിടന്നു എപ്പോഴോ ഉറങ്ങി.
പിറ്റേ ദിവസം പുലര്‍ന്നു. പ്രാതല്‍ സമയത്ത് അവള്‍ ചായ കൊണ്ടു വന്നു. ഞാന്‍ തന്നെ അടുക്കളയില്‍ പോയി സ്വന്തം എടുത്തു കഴിച്ചു. എല്ലാം കണ്ടും കെട്ടും കരഞ്ഞു കലങ്ങിയ കണ്ണുകളുമായി എന്റെ ഉമ്മ അവിടെ ഇരിക്കുന്നു. അത് കണ്ടപ്പോള്‍ എനിക്കും പിടിച്ചു നില്‍ക്കാനായില്ല. കണ്ണുകള്‍ ഈറനണിഞ്ഞു. ഉമ്മയെ സമാധാനിപ്പിച്ചു കൊണ്ടു ഞാന്‍ പറഞ്ഞു "ഇവളെ പറഞ്ഞു വിടേണ്ട സമയമായിഇനി വയ്യ"
"പടച്ചവനെ ഇവളെ കല്യാണം കഴിച്ചത് കൊണ്ടല്ലേ എന്റെ മോന് ഇതെല്ലം അനുഭവിക്കേണ്ടി വന്നത്" അടക്കി പിടിച്ച അവരുടെ സങ്കടം പുറത്തു വരികയാണ്.
"എന്നാലും നീ പറഞ്ഞു വരുന്നത്?" അവര്‍ ചോദിച്ചു.
"അതെ ഉമ്മാ, നമ്മളെ വേണ്ടാത്ത നമ്മുടെ നന്മ ആഗ്രഹിക്കാത്ത ഒരു പെണ്ണിനെ നമുക്കു വേണോ?"
"എന്നാലും മോനേ"
ഞാന്‍ അതിന് മറുപടി പറഞ്ഞില്ല. കഴിഞ്ഞ രാത്രി നടന്ന സംഭവങ്ങല്‍ക്കെല്ലാം ഒരു മൂകസാക്ഷിയായിരുന്നു അവര്‍. അവര്‍ അതിലൊന്നും ഇടപെടുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. അതുകൊണ്ട് തന്നെ ബന്ധം വേര്‍പെടുത്തുന്നു എന്നറിഞ്ഞപ്പോള്‍ അയല്‍വാസികള്‍ക്ക് അതൊരു അത്ഭുതമായിരുന്നു.
"എന്നാലും ഒരു ബന്ധം വേര്‍പ്പെടുതമെന്നൊക്കെ പറഞ്ഞാല്‍ ...?" ഉമ്മാടെ ഈ ചോദ്യത്തിന് ഞാന്‍ മറുപടി കൊടുക്കാതെ എട്ടു മുപ്പതഞ്ഞിനുള്ള ബസ്സിനായി വേഗം വീട്ടില്‍ നിന്നിറങ്ങി. മനസ്സു നീറുകയായിരുന്നു.
അന്ന് വൈകുന്നേരം ഞാന്‍ വീട്ടിലേക്ക് വിളിച്ചപോള്‍ അവളുടെ സഹോദരന്‍ വന്നിട്ടുണ്ടായിരുന്നു. ഞാന്‍ പെട്ടെന്ന് തന്നെ ഫോണ്‍ വച്ചു. അന്ന് വീട്ടിലേക്ക് പോയതാണ് അവള്‍. പിന്നെ മടങ്ങി വന്നിട്ടില്ല. അതിന് ശേഷം എനിക്കെതിരെ ആരോപണങ്ങളുടെ ഒരു പെരുമഴക്കാലം ആയിരുന്നു. അതെല്ലാം അടുത്ത ബ്ലോഗില്‍.

ഹാപ്പി ഏപ്രില്‍ ഫൂള്‍!

പ്രിയ ബ്ലോഗന്മാരെ ബ്ലോഗികളെ ബ്ലോഗുകളിലൂടെ യാത്ര ചെയ്യുന്ന സന്ചാരികളെ. എല്ലാവര്ക്കും എന്റെ "ഏപ്രില്‍ ഫൂള്‍ ആശംസകള്‍". മണ്ടന്മാരായവര്‍ക്കും മണ്ടന്മാര്‍ ആയിക്കൊണ്ടിരിക്കുന്നവര്‍ക്കും മണ്ടന്മാര്‍ ആകാനിരിക്കുന്നവര്‍ക്കും ആശംസകള്‍

ശെടാ! മറന്നു. നേരം വെളുത്തു ഇത്രയും ആയപ്പോഴാ ഏപ്രില്‍ ഫൂള്‍ ആശംസിക്കുന്നത്?
സോറി, ഞമ്മള് ലേശം വൈകി! (സഹമുറിയനായ ഒരു വടകരക്കാരന്റെ കാക്കയുടെ സ്ഥിരം ഡയലോഗ്)