2013, ഓഗസ്റ്റ് 31, ശനിയാഴ്‌ച

യാത്രകള്‍

തുടരെ രണ്ടാമത്തെ പോസ്റ്റും യാത്രാസംബന്ധിയയാത് മനപ്പൂര്‍വ്വം തന്നെയാണ്.  യാത്രകള്‍ മനുഷ്യ ചരിത്രത്തോളം പഴക്കമുള്ളതാണ്.  തന്നിലെ "തന്നെ" അടുത്തറിയാന്‍വേണ്ടി മനുഷ്യന്‍ യാത്രകള്‍ നടത്തുന്നു.  മനുഷ്യന്‍ മാത്രമല്ല പക്ഷികളും മൃഗങ്ങളും എല്ലാം യാത്രകള്‍ നടത്തുന്നു.

ചെറുപ്പകാലത്ത് വാപ്പയുടെ കൈപിടിച്ചോ അദ്ധേഹത്തിന്റെ സൈക്കിളില്‍ മുന്നില്‍ ഇരുന്നോ ആണ് എന്റെ യാത്രകളുടെ സ്മരണകള്‍ ആരംഭിക്കുന്നത്.  അതോടൊപ്പം ഉമ്മയുടെ കൂടെ അമ്മാവന്മാരുടെ വീടുകളിലേക്ക് നടത്തിയ യാത്രകളും സ്മരണീയമാണ്.  ഇന്നത്തെപ്പോലെ യാത്രാസൗകര്യങ്ങള്‍ തീരെ വികസിച്ചിട്ടില്ലാത്ത ഒരു കാലമായിരുന്നു അന്ന്.  പല ബസ്സുകള്‍ മാറിക്കയറിയുള്ള യാത്രകള്‍..  കൊടുങ്ങല്ലൂരില്‍ ബസ്സ്‌ കാത്ത് നില്‍ക്കുമ്പോള്‍ സ്ഥിരം കാണാറുള്ള പഴയ നിക്കര്‍ധാരി പോലീസുകാരന്റെ മുഖം ഇന്നും മനസ്സില്‍ ഡിലീറ്റ് അവാതെയുണ്ട്.  അതിരാവിലെ പോലീസ് മൈതാനിയില്‍ നിന്നും പുറപ്പെടുന്ന പച്ച നിറമുള്ള തിരുവനന്തപുരം ബോര്‍ഡ് വെച്ച എക്സ്പ്രസ്സ് കെ.എസ്.ആര്‍.ടി.സി. ബസ്സില്‍ ഒരു യാത്രപോകണം എന്നുള്ളത് ഒരു ആശയായി ഏറെനാള്‍ മനസ്സില്‍ കിടന്നു.

ചെറുപ്പത്തില്‍ പനിവരുമ്പോഴാണ് മറ്റൊരു യാത്ര.  കൊടുങ്ങല്ലൂരിലെ ഒരു പ്രശസ്ത ഡോക്ടറെ കാണിക്കാന്‍ വേണ്ടി വാപ്പയും ഉമ്മയുമായി ബസ്സില്‍ പോയിരുന്നത് മറ്റൊരു യാത്ര.  കൊടുങ്ങല്ലൂര്‍ അമ്പലനടയിലെ കച്ചവടക്കാരില്‍ നിന്നും എന്റെ ഇഷ്ടകളിപ്പാട്ടമായ കാര്‍ ഒരെണ്ണം എനിക്ക് കിട്ടിയിരിക്കും ആ യാത്രകളിലാണ്.  മസാലദോശയോടും നെയ്‌റോസ്റ്റിനോടും  ഇഷ്ടം തോന്നിയതും.

പിന്നെയുള്ള യാത്രകള്‍ എറണാകുളം ജില്ലയിലെ കാഞ്ഞിരമറ്റം എന്ന സ്ഥലത്തെ പള്ളിയിലെ നേര്ച്ചക്ക് പോയിരുന്നതായിരുന്നു.  അതിരാവിലെയുള്ള ആദ്യബസ്സില്‍ അഴിക്കോട്-മുനമ്പം ഫെറി കടന്നു വൈപ്പിന്‍ മുനമ്പം റൂട്ടില്‍ ബസ്സിലും വീണ്ടും വൈപ്പിന്‍-എറണാകുളം ഫെറി കടന്നും പിന്നെ എറണാകുളത്ത് നിന്നും കോട്ടയം ഭാഗത്തേക്കുള്ള ബസ്സില്‍ യാത്ര.  ആയാത്രകള്‍ ഞാന്‍ വളരെയധികം ആസ്വദിച്ചിരുന്നു.  കൊല്ലത്തിലൊരിക്കല്‍ നമ്മുടെതായ ലോകത്തിനപ്പുറത്തെ ലോകത്തേക്ക് പോകാന്‍ ആ നേര്‍ച്ച സമയം വരുന്നതും കാത്തിരിക്കുമായിരുന്നു.  സ്ഥിരം കണ്ടുമടുത്ത പരിസരങ്ങളില്‍ നിന്നും വ്യത്യസ്തമായി പുതിയ ആളുകള്‍, സ്ഥലങ്ങള്‍, സംസാരരീതികള്‍, ആചാരങ്ങള്‍, ഭൂപ്രകൃതികള്‍ തുടങ്ങി എല്ലാറ്റിനോടും ഒരുതരം "ക്രെയ്സ്" തുടങ്ങിയത് ആയാത്രകളിലാണെന്ന് ഉറപ്പിച്ചു പറയാം.  ഒരിക്കല്‍ എറണാകുളം നഗരത്തില്‍ വഴി തെറ്റി പുറപ്പെട്ടിടത്ത് തന്നെ തിരിച്ചെത്തിയത് മറക്കാനാവാത്ത ഒരു അനുഭവമാണ്.  എറണാകുളം നഗരം അന്നേ എന്റെ മനസ്സിനെ കീഴടക്കിയിരുന്നു.  പില്‍ക്കാലത്ത് അവിടെ ജോലി ചെയ്യുമ്പോള്‍ കിട്ടുമായിരുന്നിട്ടും നഷ്ടപ്പെടുത്തിയ പ്രണയം ഇന്നും മനസ്സില്‍ ചെറിയ ഒരു നോവ്‌ സമ്മാനിക്കുന്നു.

ഉമ്മയുടെ ബന്ധുക്കള്‍ എല്ലാം അകലെയയിരുന്നത്കൊണ്ട് അവരുടെ വീടുകളിലെ കല്യാണങ്ങള്‍ക്കും മറ്റും പോകാന്‍ ഇടക്കിടെ യാത്ര തരപ്പെടുമായിരുന്നു.  കല്യാണത്തിന് വരന്റെയോ വധുവിന്റെയോ കൂടെ പോകുമ്പോഴും അത് ദീര്‍ഘയാത്ര ആയാല്‍ മാത്രം കൂടെപോകും. അല്ലെങ്കില്‍ കൂടെപോകാതെ കൂട്ടുകാരുമൊത്ത് കളിച്ചു തിമര്‍ക്കും.  ഈ യാത്രകളില്‍ ഒന്നില്‍പോലും ക്ഷീണം തോന്നിയിട്ടില്ല എന്നത് പലര്‍ക്കും ഒരു അതിശയമായിരുന്നു.  കാരണം ഞാന്‍ "കുട്ടി"യാണല്ലോ!  കൂടെയുള്ള സഹയാത്രികര്‍ പ്രായഭേദമന്യേ തലവേദന, ശര്‍ദ്ദി, തലകറക്കം തുടങ്ങിയ കലാരൂപങ്ങളില്‍ പ്രകടനം നടത്തുമ്പോള്‍ ഞാന്‍ തികച്ചും ശാന്തനായി പുറത്തേക്ക കൌതുകത്തോടെ നോക്കിയിരിക്കുന്നത് പലര്‍ക്കും അത്ഭുതമായിരുന്നു.

കുട്ടിക്കാലത്ത് സ്കൂളില്‍നിന്നും പിന്നീട് കോളേജില്‍ നിന്നും പോയിട്ടുള്ള വിനോദയാത്രകളില്‍ ഒന്നില്‍പോലും പങ്കുചേരാന്‍ കഴിയാത്തത് നല്‍കിയ സങ്കടം തെല്ലൊന്നുമല്ല മനസ്സിനെ തളര്‍ത്തിയിട്ടുള്ളത്.  കാരണം സാമ്പത്തികം തന്നെ.  പോകാന്‍ കഴിയാത്ത ഞങ്ങള്‍ ദരിദ്രവാസികള്‍ തമ്മില്‍ പരസ്പരം ആശ്വാസവചനങ്ങള്‍ കൈമാറിയത് ഇന്നും ഓര്‍മ്മിക്കുന്നു.  പോയിവന്നവരുടെ അനുഭവ വിവരണങ്ങള്‍ പലപ്പോഴും അസഹനീയമായിരുന്നു.  ഉള്ളതും ഇല്ലാത്തതും കലര്‍ത്തി അവരുടെ വര്‍ണ്ണനകള്‍ പലപ്പോഴും ക്ലാസ്സിലെ സമാധാനപരമായ അന്തരീക്ഷത്തെ ചെറിയ തോതില്‍ കലക്കി മറിക്കുമായിരുന്നു.  "വലുതാവുമ്പോ തനിക്ക് പോവാന്‍ പറ്റുട്ടോ" എന്ന് സമാധാനിപ്പിച്ച കൂട്ടുകാരിയുടെ വാക്കുകള്‍ അന്നത്തെ അവസ്ഥയില്‍ ഒരു കുളിര്‍മഴയായിരുന്നു.

കുറച്ചുകൂടി മുതിര്‍ന്നപ്പോള്‍ അടുത്തുള്ള ലൈബ്രറിയിലെ മെമ്പര്‍ഷിപ്പ് എടുത്തത്‌ ജീവിതത്തിലെ മറ്റൊരു വഴിത്തിരിവായിരുന്നു.  അവിടത്തെ സഞ്ചാര സാഹിത്യങ്ങള്‍ ഒട്ടുമിക്കതും വായിച്ചു കഴിയുമ്പോള്‍ എന്‍റെ മനസ്സും അതെഴുതിയ മഹാനുഭാവരുടെ കൂടെ ഒരു യാത്ര കഴിഞ്ഞു വന്നതായി സങ്കല്പ്പിക്കുമായിരുന്നു. യാത്രാവിവരണ രംഗത്തെ കുലപതി എസ്.കെ. പൊറ്റെക്കാടിന്റെ കൃതികളും എന്‍റെ മനസ്സില്‍ യാത്രാഭ്രമം വളര്‍ത്താന്‍ സഹായകമായി എന്നത് ഒരു സത്യമാണ്.

ഹൈസ്കൂളില്‍ പഠിക്കുന്ന സമയത്ത് തമിഴ്നാട്ടിലേക്ക് ഒരു ടൂര്‍ പോയതാണ് പിന്നീട് എടുത്തു പറയാവുന്ന യാത്രാനുഭവം.  അമ്മാവന്റെ കൂടെയായിരുന്നു അത്.  നാലുദിവസത്തെ യാത്രയും ശരിക്കും ആസ്വദിച്ചു തന്നെ പോയി. പിന്നീട് അവരുടെ കൂടെ തന്നെ കൊടൈക്കനാല്‍ പ്ലാന്‍ ചെയ്ത് അവസാനം മൂന്നാര്‍-തേക്കടി ആയി പരിണമിച്ച യാത്ര.  ഹൈറേഞ്ചിന്റെ ഭംഗി ആദ്യമായി അടുത്ത് കാണുന്നത് അന്നാണ്.  അന്ന് മനസ്സില്‍ കുറിച്ചിട്ടിരുന്നു വീണ്ടും മൂന്നാര്‍ കാണാന്‍ പോകണം എന്ന്.  അങ്ങിനെ രണ്ടുവര്‍ഷം മുന്‍പ് അതും സംഭവിച്ചു. അതിനും മുന്‍പ് അതിരപ്പിള്ളിയിലെക്ക് അപ്രതീക്ഷിതമായി ഒരു യാത്രപോയതും അവിസ്മരണീയമായ ഒരു അനുഭവമാണ്.

ജീവിതം ഉത്തരവാദിത്തത്തിന്‍റെ ലോകത്തേക്ക് കടന്നപ്പോള്‍ അനിവാര്യമായ പ്രവാസി യാത്ര തുടങ്ങിയത് മാളയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന കെ.എസ്.ആര്‍/......ടി.സി. ബസ്സിലായിരുന്നു.  അന്ന് കൈപിടിച്ച് യാത്ര പറയുമ്പോള്‍ ഞാന്‍ ഒരിക്കലും കരുതിയില്ല ഇനി ഒരു കൂടിക്കാഴ്ച ഞങ്ങള്‍ തമ്മില്‍ ഉണ്ടാവില്ല എന്ന്!  രണ്ടുവര്‍ഷം കഴിഞ്ഞു തിരിച്ചുവരുന്ന സമയമായപ്പോഴേക്കും അദ്ദേഹം ഞങ്ങളെ വിട്ടു പോയിരുന്നു.  കൊളംബോ വഴി റിയാദിലേക്ക് എത്തുന്നത് വരെയുള്ള യാത്ര ശരിക്കും ആസ്വദിച്ചു തന്നെയാണ് പോയത്.  അവിടെ എത്തിക്കഴിഞ്ഞു പ്രവാസത്തിന്‍റെ യഥാര്‍ത്ഥ മുഖം അടുത്തറിഞ്ഞ്‌ തുടങ്ങിയപ്പോള്‍ ആസ്വദിച്ചു ചെയ്ത ആ യാത്രയെ കുറച്ചൊക്കെ വെറുക്കുകയും ചെയ്തിരുന്നു.  തുടര്‍ന്ന് ഉമ്രക്കും ഹജ്ജിനും വേണ്ടി ചെയ്ത യാത്രകള്‍..!  ഇനി ഒരു അവസരം കിട്ടിയില്ലെങ്കിലോ എന്നുള്ള ചിന്ത മനസ്സില്‍ കയറി വന്നപ്പോള്‍ ആ വഴിക്കും പോയി വന്നു.  അങ്ങിനെ ജീവിതത്തില്‍ വളരെ ചെറുപ്പത്തിലേ ആഗ്രഹിച്ച ആ യാത്ര രണ്ടുതവണയായി അനുഭവിച്ചു.  ഇന്നത്തെപ്പോലെ ഓണ്‍ലൈന്‍ സൌകര്യങ്ങള്‍ ഇല്ലാത്ത അന്നത്തെ യാത്രാനുഭവാങ്ങല്‍ പലതും പിന്നീട് മറവിക്ക് വിട്ടുകൊടുക്കേണ്ടി വന്നു.

യാത്രയെക്കുറിച്ച് പറയുമ്പോള്‍ ഒരിക്കലും ഒഴിവാക്കാന്‍ പറ്റാത്ത ഒരു സംഗതിയാണ് ശ്രീ. സന്തോഷ്‌ ജോര്‍ജ്ജ് കുളങ്ങര എന്ന മലയാളി ഒറ്റക്ക് ഇതുവരെ എഴുപതിലധികം നടത്തിയ സഞ്ചാരം.  ഏഷ്യാനെറ്റ് ടി.വി. ന്യൂസ് ചാനലിലെ സ്ഥിരം പരിപാടിക്ക് ലോകമാകമാനം ലക്ഷക്കണക്കിന്‌ പ്രേക്ഷകരുണ്ട്.  കൂടാതെ സഞ്ചാരം വെബ്സൈറ്റ് വഴിയും ഇതിലൂടെ എല്ലാ ആഴ്ചയും പുതിയ എപ്പിസോഡുകള്‍ അപ്പ്ലോഡ് ചെയ്യുകയും ചെയ്യുന്നു. www.sancharam.com

യു.എ.ഇ. പ്രവാസം തുടങ്ങിയതും പെട്ടെന്നുള്ള ഒരു യാത്രയിലായിരുന്നു.  തലക്കുമീതെ തീര്‍ത്താല്‍ തീരാത്ത പ്രശ്നങ്ങളുമായി "റാംജിറാവു" സ്റ്റൈലില്‍ ആയിരുന്നു ആ യാത്ര.  ജീവിതം അതിജീവനത്തിന്‍റെ പാഠശാലകൂടിയാണെന്ന് അറിഞ്ഞത് ഈ യാത്രയിലാണ്.  എത്രയൊക്കെ തിക്താനുഭവങ്ങള്‍ ഉണ്ടായിട്ടുകൂടി യാത്രയോടുള്ള ആ ആസക്തി ഇന്നും യാതൊരു കുറവുമില്ലാതെ അടുത്ത യാത്രക്കായി പ്രലോഭിപ്പിക്കുന്നു.  ഇനി ഇതാ ഈ മുപ്പത്തി ഒന്നാം തിയതി ഒരിക്കല്‍ കൂടി വെക്കേഷന്‍ യാത്ര.  (അതെ ഇന്ന് വൈകീട്ട് വീണ്ടും ഒരു യാത്രക്ക് ഒരുങ്ങുകയാണ്.  വാര്‍ഷിക അവധിയാത്ര.  ഈ കുറിപ്പ് എന്‍റെ മനസ്സില്‍ തോന്നിയത് അതേപോലെ പകര്‍ത്തിയതാണ്.  ആര്‍ക്കെങ്കിലും ബോറിംഗ് തോന്നിയിട്ടുണ്ടെങ്കില്‍ മുന്‍‌കൂര്‍ ക്ഷമാപണം!).
  



2013, ഓഗസ്റ്റ് 24, ശനിയാഴ്‌ച

യാത്രക്കാരുടെ ശ്രദ്ധക്ക്!..................

നമ്മള്‍ നാട്ടിലേക്കും തിരിച്ചും യാത്രചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട "ഏതാനും" ചില കാര്യങ്ങള്‍ ഇവിടെ കുറിച്ചുകൊള്ളട്ടെ. "ഏതാനും" എന്ന് എഴുതാന്‍ കാരണം എന്‍റെ അറിവിന്‌ അപ്പുറത്തുള്ള കാര്യങ്ങള്‍ വിട്ടുപോയിട്ടുണ്ടെങ്കില്‍ ചൂണ്ടിക്കാണിക്കണം എന്ന് അഭ്യര്‍ഥിക്കാന്‍ കൂടിയാണ്.  ഇവിടെ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ എന്‍റെ എളിയ നിരീക്ഷണത്തിന്‍റെ പരിധിയില്‍ വന്നിട്ടുള്ളവയാണ്.  വരുമ്പോഴും പോകുമ്പോഴും ഉള്ള സാഹചര്യങ്ങള്‍ക്കനുസരിച്ച് അവ വ്യത്യസ്തമായിരിക്കും.  അതാതുകാലത്തെ നിയമങ്ങളും അവയെ ചിലപ്പോള്‍ അപ്രസക്തമാക്കിയേക്കാം.
  1. ടിക്കറ്റും പാസ്പോര്‍ട്ടും - പോകാനുള്ള വ്യഗ്രതയില്‍ ഇവ വെക്കുന്ന സ്ഥലം മറന്നു പരക്കം പായുന്ന പലരെയും കണ്ടിട്ടുണ്ട്.  അതൊഴിവാക്കാന്‍ അവ നോക്കിയാല്‍ എളുപ്പത്തില്‍ കിട്ടുന്ന സ്ഥലത്ത് ഭദ്രമായി വെക്കുക.  കൊണ്ടുപോകാന്‍ ഉദ്ദേശിക്കുന്ന ഹാന്‍ഡ്‌ബാഗിനുള്ളിലോ ലാപ്ടോപ്പ് ബാഗിനകത്തോ സൂക്ഷിക്കുന്നതാണ് കൂടുതല്‍ നല്ലത്. 
  2. ലഗേജ് ആണ് യാത്രികര്‍ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം.  ടിക്കറ്റ് എടുക്കുന്ന സമയത്ത് ഏജന്‍സിയില്‍ അതേക്കുറിച്ച് തിരക്കി ഉറപ്പ് വരുത്തുക.  സാധാരണയായി മുപ്പത് കിലോ ബാഗേജ് + ഏഴു കിലോ ഹാന്‍ഡ്‌ ബാഗേജ് ഒരുമാതിരി എയര്‍ലൈന്‍സുകളും അനുവദിക്കാറുണ്ട്.  എന്നാല്‍ നമ്മുടെ സ്വന്തം സര്‍ക്കാര്‍ വിമാനക്കമ്പനി എയറിന്ത്യ എക്സ്പ്രസ്സ് അതിപ്പോള്‍ ഇരുപത് + ഏഴു ആക്കി കുറച്ചിരിക്കുന്നു. സ്വന്തം നിലക്ക് ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് എയര്‍ലൈന്‍ വെബ്സൈറ്റില്‍ എത്ര കിലോ ബാഗേജ് അനുവദിച്ചിട്ടുണ്ട് എന്ന് നോക്കി മനസ്സിലാക്കേണ്ടതാണ്.  അവ്യക്തത ഉണ്ടെങ്കില്‍ ഏതെങ്കിലും ട്രാവല്‍ എജന്സിയിലോ എയര്‍ലൈന്‍ ഓഫീസിലെ തന്നിരിക്കുന്ന നമ്പരില്‍ ബന്ധപ്പെട്ടു ഉറപ്പു വരുത്തുക. (ലാപ്ടോപ് കൊണ്ടുപോകുന്നത്തിനു വിലക്കൊന്നും ഇല്ല.  ഒരുമാതിരിപ്പെട്ടവര്‍ ലാപ്ടോപ്പ് ബാഗില്‍ സാധനങ്ങള്‍ നിറച്ചും കൊണ്ട് പോകാറുണ്ട്). ബാഗേജ് ചില സമയങ്ങളില്‍ കുറച്ചു കൂടിയാലും എയര്‍ലൈനുകള്‍ ശ്രദ്ധിക്കാറില്ല.  എന്നാല്‍ അത് എല്ലായ്പ്പോഴും നടന്നെന്നും വരില്ല.  അതുകൊണ്ട് തൂക്കം അനുവദനീയമായ അളവില്‍ നിലനിര്‍ത്തുക. ഹാന്‍ഡ്ബാഗിലും അധികം തിരുകി കയറ്റാതെ നോക്കുക.  തൂക്കം കൂടിയിട്ടുണ്ട് എന്ന് ഉറപ്പുണ്ടെങ്കില്‍ അധികം കെട്ടാനുള്ള പൈസയും കൈയില്‍ വെക്കുക.  അത് പലപ്പോഴും നമ്മുടെ പരിധിക്ക് പുറത്തായിരിക്കും എന്നതിനാല്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം.  ചിലപ്പോള്‍ അധികതുക കെട്ടാന്‍ തയ്യാറായാല്‍പോലും എയര്‍ലൈന്‍ സ്റ്റാഫ് വഴങ്ങില്ല.  അധികം വന്ന സാധനങ്ങള്‍ പുറത്തെടുത്ത് ഒഴിവാക്കലാണ് അപ്പോള്‍ നമ്മുടെ മുന്നിലുള്ള ഒരേയൊരു വഴി.  ലഗേജ് ഇല്ലാതെ യാത്രചെയ്യുന്ന മറ്റുള്ളവരുടെ കൈയ്യില്‍ കൊടുത്ത് നോക്കാം, എന്നാല്‍ മിക്കവാറും അവര്‍ കൊണ്ടുപോകാന്‍ തയ്യാറാവില്ല എന്നുകൂടി അറിഞ്ഞിരിക്കുക.  ലഗേജ് കൌണ്ടറിൽ കൊടുത്ത് കഴിഞ്ഞാൽ പിന്നെ അത് നമ്മൾ ചെന്ന് ചേരുന്ന എയർപോർട്ടിൽ കിട്ടും.  ട്രാൻസിറ്റ് ഉള്ള എയർപോർട്ടിൽ ലഗേജ് കിട്ടില്ല.  അവസാന ലക്ഷ്യസ്ഥാനത്ത് മാത്രമേ കിട്ടൂ.  ഇടക്ക് കഴിക്കേണ്ട അവശ്യ മരുന്നുകളും മറ്റും ഡോക്ടർ നല്കിയ കുറിപ്പ് ഉണ്ടെങ്കിൽ അതും അടക്കം ഹാൻഡ്‌ ബാഗേജിൽ വെക്കുക.  യു.എ.ഇ. എയർപോർട്ടുകളിൽ ലഗേജ് ചെക്ക് ചെയ്യുന്ന സമയത്ത് പാറ്റക്കും മറ്റും അടിക്കുന്ന മരുന്ന് അകത്തുണ്ടെങ്കിൽ ലഗേജ് തുറപ്പിച്ചു നീക്കം ചെയ്യിപ്പിക്കുന്നതാണ്. (അനുഭവം ഗുരു!). 
  3. ഫ്ലൈറ്റിന്റെ തിയതിയും സമയവും നല്ലവണ്ണം അറിഞ്ഞിരിക്കുക.  രാത്രി പന്ത്രണ്ട് മണിക്ക് ശേഷം ഉള്ള ഫ്ലൈറ്റില്‍ ടിക്കറ്റ് എടുക്കുന്ന യാത്രക്കാര്‍ റിപ്പോര്‍ട്ടിംഗ് സമയം തലേ ദിവസത്തെ രാത്രി സമയമായിരിക്കും ടിക്കറ്റില്‍ കാണിച്ചിരിക്കുക എന്ന് ഓര്‍ക്കുക.  കുറച്ചു കൂടി തെളിച്ചു പറയാം: നമ്മള്‍ ഇരുപത്തി അഞ്ചാം തിയതി നാട്ടില്‍ പോകുന്നു എന്ന് കരുതുക.  ഫ്ലൈറ്റ് സമയം രാത്രി രണ്ടുമണി ആണെങ്കില്‍ അത് 02:00 എന്നായിരിക്കും കാണിച്ചിരിക്കുക.  അതായത് ഫ്ലൈറ്റ് ഇരുപത്തി അഞ്ചിന് വെളുപ്പിനു രണ്ടു മണിക്കാണ്. നമ്മള്‍ ഇരുപത്തി നാലിന് രാത്രി പതിനൊന്നു മണിക്ക് എയര്‍പ്പോര്‍ട്ടില്‍ റിപ്പോര്‍ട്ട് ചെയ്യണം.  ഫലത്തില്‍ ഇരുപത്തി അഞ്ചിന് രാത്രി പതിനൊന്നിനു നിങ്ങള്‍ എയര്‍പോര്‍ട്ടില്‍ എത്തിയാല്‍ ഫ്ലൈറ്റ് നഷ്ടമായിട്ടുണ്ടാകും.ബുദ്ധിമുട്ട്, ധനനഷ്ടം ഇവ ഫലം!  (നമ്മള്‍ വിളിച്ചു പറഞ്ഞതിന്‍പ്രകാരം നാട്ടിലുള്ളവരും ബുദ്ധിമുട്ടും എന്നുകൂടി അറിയുക).
  4. ഇനി എയര്‍പ്പോര്‍ട്ടില്‍ എത്തിച്ചേരുന്നത് - മൂന്നു മണിക്കൂര്‍ മുന്‍പെങ്കിലും അന്തര്‍ദേശീയ യാത്രക്കായി എയര്‍പ്പോര്‍ട്ടില്‍ എത്തിച്ചേരണം എന്നതാണ് നിയമം.  ഒരു മണിക്കൂര്‍ മുൻപ്  ബോര്‍ഡിംഗ് കൌണ്ടര്‍ പൂട്ടി എയര്‍ലൈന്‍ സ്റ്റാഫ് സ്ഥലം വിടും.  വീട്ടില്‍ നിന്നും വിട്ടുപോരാനുള്ള മടികൊണ്ട് പലരും ഒരുപാട് വൈകാറുണ്ട്.  എയര്‍പോര്‍ട്ട് എത്ര അടുത്താണെങ്കിലും കുറച്ചു സമയം മുന്‍കൂട്ടി കണ്ടു പുറപ്പെടുക.  മുന്‍കൂട്ടി പ്രവചിക്കാന്‍ പറ്റാത്ത കാരണങ്ങളാല്‍ (അപകടം, പോകുന്ന വണ്ടിയുടെ തകരാര്‍, കാലാവസ്ഥ, ട്രാഫിക് ബ്ലോക്ക്..) എയര്‍പ്പോട്ടില്‍ എത്തിച്ചേരാന്‍ നമ്മള്‍ വൈകിയാല്‍ ആകെ പ്രശ്നമാകും എന്നുകൂടി അറിയുക.  സമയത്തിന് മുന്പ് എയര്‍പോര്‍ട്ടില്‍ എത്തിയാല്‍ കുറച്ചു സമയം പുറത്ത് നമുക്ക് വേണ്ടപ്പെട്ടവരോട് സംസാരിച്ചു നില്‍ക്കാവുന്നതുമാണ്.  എയര്‍പോര്‍ട്ടിനു പുറത്ത് വെച്ചിരിക്കുന്ന ടെലിവിഷന്‍ സ്ക്രീനുകളില്‍ ഫ്ലൈറ്റ് സ്റ്റാറ്റസ് ചെക്ക് ചെയ്ത് ഉറപ്പുവരുത്തുക.
  5. എയര്‍പോര്‍ട്ടില്‍ എത്തിയാല്‍ നമ്മള്‍ക്ക് അകത്തേക്ക് കടക്കണം എങ്കില്‍ ടിക്കറ്റും പാസ്പോര്‍ട്ടും കാണിച്ചേ തീരു.  (ആഭ്യന്ത യാത്രക്ക് ടിക്കറ്റും ഒരു തിരിച്ചറിയല്‍ രേഖയും മതിയാവും).  ഉത്തരേന്ത്യക്കാരായ സി. ഐ.എസ്.എഫുകാരായിരിക്കും മിക്കവാറും പ്രവേശന കവാടത്തില്‍ ഉണ്ടാവുക.  അവര്‍ക്ക് ടിക്കറ്റും പാസ്പോര്‍ട്ടും കാണിച്ചു കൊടുത്ത് ബോധ്യപ്പെടുത്തി അകത്തു പ്രവേശിക്കാം.  ഗള്‍ഫ് രാജ്യങ്ങളിലും പോലീസ് ഇതുപോലെ ഉണ്ടാകും.  അവര്‍ക്കും ഇതൊക്കെ കാണിച്ചു കൊടുക്കണം.
  6. ബാഗേജ് സ്കാന്‍ - ചില എയര്‍പോര്‍ട്ടുകളില്‍ അകത്തു കടന്നാല്‍ ഉടന്‍ ബാഗേജ് എക്സ്റേ മെഷീനില്‍ ഇട്ടു പരിശോധിക്കും.  നമ്മുടെ പഴ്സ്, വാച്ച്, ബെല്‍റ്റ്‌, മൊബൈല്‍ (സ്വിച്ചോഫ്‌ ചെയ്ത്) തുടങ്ങിയ എല്ലാം അതിനായി തരുന്ന തളികയില്‍ വെച്ച് എക്സ്റേ മെഷീനിലൂടെ കടത്തി വിടുക.  അപ്പുറത്ത് ഒരു ഓഫീസര്‍ ഇതെല്ലാം മോണിട്ടര്‍ വഴി കാണുന്നുണ്ടാവും. അയാള്‍ എന്തെങ്കിലും സംശയം പ്രകടിപ്പിച്ചാല്‍ വ്യക്തമായ മറുപടി കൊടുക്കുക. തപ്പിതടഞ്ഞുള്ള മറുപടി അവര്‍ക്ക് കൂടുതല്‍ ചോദ്യം ചെയ്യാന്‍ പ്രേരണ നല്‍കുകയും അതുവഴി നമുക്ക് പലവിധ ബുദ്ധിമുട്ടുകളും ഉണ്ടാവുകയും ചെയ്യും.  (ലഗേജ് തുറന്നു കാണിക്കാന്‍ പറഞ്ഞാല്‍ യാതൊരു എതിര്‍പ്പും കൂടാതെ അനുസരിക്കുക).  കൊച്ചി എയര്‍പോര്‍ട്ടില്‍ ഇപ്പോള്‍ ബോര്‍ഡിംഗ് പാസ്സിന് മുന്നേ ബാഗേജ് സ്കാന്‍ ഇല്ല.  നമ്മൾക്ക് ബോർഡിംഗ്  കിട്ടിയതിനു ശേഷമായിരിക്കും അവിടെ സ്കാനിംഗ്.  അതിൽ മൊട്ടുസൂചി പോലും എടുത്തു കാണിക്കും എന്നാണു അറിയാൻ കഴിഞ്ഞത്.
  7. ഇനി ബോര്‍ഡിംഗ് പാസ്.- നമ്മുടെ ഫ്ലൈറ്റ് നമ്പര്‍, റൂട്ട് ഇവ പ്രദര്‍ശിപ്പിച്ചിരിക്കുന്ന കൌണ്ടറില്‍ ചെല്ലുക.  (ഇക്കോണമി-ബിസിനസ് ക്ലാസ്സുകള്‍ക്ക്‌ പ്രത്യേകം കൌണ്ടര്‍ കാണും).  പാസ്പോര്‍ട്ടും ടിക്കറ്റും കാണിക്കുക.  അവര്‍ ചെക്ക് ചെയ്തതിനു ശേഷം ലഗേജ് വെയിംഗ് മെഷീനില്‍ വെക്കാന്‍ പറയും.  നമ്മള്‍ എത്ര കണക്ക് കൂട്ടിയാലും ശരിയായ തൂക്കം അതിനോട് അനുബന്ധിച്ചുള്ള ഡിസ്പ്ലേ സ്ക്രീനില്‍ കാണാന്‍ കഴിയും.  ചിലപ്പോള്‍ ഹാന്‍ഡ്‌ ബാഗും വെക്കാന്‍ പറയും.  യാതൊരു എതിര്‍പ്പും കൂടാതെ വെക്കുക.  കൂടുതല്‍ കണ്ടാല്‍ നല്ലവണ്ണം പറഞ്ഞുനോക്കുക.  കൂടുതല്‍ ബാഗേജ് ഉണ്ടെങ്കില്‍ ചില സമയത്ത് കടത്തി വിടും എങ്കിലും ചിലപ്പോള്‍ അത് നടപ്പില്ല.  ആവശ്യപ്പെട്ടാല്‍ എക്സസ് ബാഗേജിന്റെ ചാര്‍ജ്ജ് അതിനായുള്ള കൌണ്ടറില്‍ അടച്ചിട്ടു വന്നാലേ ബോര്‍ഡിംഗ് പാസ് കിട്ടൂ.  ബാഗേജ് ഓക്കെയാണെങ്കില്‍   പാസ്പോര്‍ട്ട് ബോര്‍ഡിംഗ് പാസ്സോട് കൂടി തിരിച്ചു തരും. കൂടെ ഒരു എമ്പാര്‍ക്കെഷന്‍‍   ഹാന്‍ഡ്‌ ബാഗേജിന് ടാഗ് തരും.  തന്നില്ലെങ്കില്‍ ചോദിച്ചു വാങ്ങുക. സെക്യൂരിറ്റി ചെക്ക് സമയത്ത് ആവശ്യം വരും. (മുന്‍പ് ബാഗേജ് സംബന്ധമായി പറഞ്ഞ  കാര്യങ്ങള്‍ ഇതോടു കൂട്ടി വായിക്കുക).
  8. ഇനി നമ്മുടെ കൈയിൽ  ഉള്ള ഇന്ത്യന്‍/വിദേശ കറന്‍സി എയർപോർട്ടിൽ ഉള്ള ബാങ്കുകളുടെയും മറ്റു ധനകാര്യ സ്ഥാപനങ്ങളുടെയും കൌണ്ടറിൽ കൊടുത്തു നമുക്കാവശ്യമുള്ള ഇന്ത്യന്‍/വിദേശ കറൻസി  മാറ്റിവാങ്ങാവുന്നതാണ് .
  9. ഇനി എമിഗ്രേഷന്‍ ചെക്കിംഗ് ആണ്.  യു.എ.ഇ. എയര്‍പോര്‍ട്ടുകളില്‍‍ ഇത് പാസ്പോര്‍ട്ട് കണ്ട്രോള്‍ എന്നായിരിക്കും എഴുതിവെച്ചിരിക്കുക.  നാട്ടില്‍ എംബാർക്കെഷൻ കാർഡ് പൂരിപ്പിച്ചു വേണം കൌണ്ടറിൽ ചെല്ലാൻ.  അവിടെ പാസ്പോര്ട്ടും എംബാർക്കെഷൻ കാര്‍ഡും (ബോർഡിംഗ്  പാസ് ചോദിച്ചാല്‍) അതും കൊടുക്കുക.  അവർ ചോദിക്കുന്ന ചോദ്യത്തിന് മറുപടി വിറയൽ കൂടാതെ കൊടുക്കുക.  എന്തെങ്കിലും പരുങ്ങൽ ഉണ്ടാകുന്ന പക്ഷം ചോദ്യങ്ങളുടെ ഒരു പെരുമഴ തന്നെ ഉണ്ടാകും.  അതുകൊണ്ട് കഴിഞ്ഞ തവണ വന്നുപോയ ദിവസം ഒക്കെ ഒന്ന് ഓർത്തുവെക്കുന്നത് നല്ലതാണ്. അവരുടെ ചോദ്യങ്ങൾക്ക്  സംശയമില്ലാതെ മറുപടി കൊടുക്കുക.    പരിഹസിക്കുന്ന തരത്തിലുള്ള ചില കമൻറുകളും ചോദ്യങ്ങളും ഉണ്ടായാൽ പോലും സംയമനം പാലിച്ചുകൊണ്ട്‌ നേരിടുക.  മറുപടി പറയാൻ ബുദ്ധിമുട്ടുള്ള കാര്യങ്ങൾക്ക് ഒരു പുഞ്ചിരിയാണ് നല്ല മറുപടി. ഉദ്യോഗസ്ഥരോട്  സൌഹൃദം സ്ഥാപിക്കാന്‍ ശ്രമിക്കാതിരിക്കലാണ് ബുദ്ധി.  എമിഗ്രേഷന്‍ കൌണ്ടറുകളില്‍ നില്‍ക്കുമ്പോള്‍ മൊബൈല്‍ ഉപയോഗം (എത്ര അത്യാവശ്യം ആണെങ്കില്‍ പോലും) ഒഴിവാക്കുക.  യു.എ.ഇ. എയര്‍പോര്ട്ടുകളില്‍ ഇത് എഴുതിവെച്ചിട്ടുണ്ട്.  ലംഘിച്ചാല്‍ ചിലപ്പോള്‍ "പണി" ചോദിച്ചു വാങ്ങലാകും.
  10. ഇനിയുള്ളത് സെക്യൂരിറ്റി ചെക്കിങ്ങ് ആണ്.  അവിടേക്ക് എത്തുന്നതിനു മുൻപ്  നമ്മുടെ ബോർഡിംഗ് പാസും പാസ്പോർട്ടും ഒന്നുരണ്ടു സ്ഥലത്ത് കൂടി ചെക്ക് ചെയ്യും.  സെക്യൂരിറ്റി ചെക്കിങ്ങിൽ ഹാൻഡ്‌ ബാഗ്, ലാപ്ടോപ്പ്, വാച്ച്, പെഴ്സ്  ഇതെല്ലാം എക്സ്റേ മെഷീനിലൂടെ കടത്തിവിടും.  കൊച്ചി എയർപോർട്ടിൽ ലാപ്ടോപ്പ് ബാഗിൽ നിന്നും പുറത്തെടുത്ത് പ്രത്യേകം സ്കാൻ .ചെയ്യിക്കേണ്ടി വരും.  മെറ്റൽ ഡിറ്റ ക്റ്റർ വഴി നമ്മളെയും കടത്തി വിടും.  അപ്പുറത്ത്  നമ്മുടെ സാധനങ്ങൾ വീണ്ടെടുത്ത് കഴിഞ്ഞാൽ പിന്നെ ഡിപ്പാർച്ചർ ലോഞ്ചിലേക്ക് നീങ്ങാം.  
  11. ഡിപ്പാർച്ചർ ലോഞ്ചിൻറെ  നമ്പർ നമ്മുടെ ബോര്‍ഡിംഗ് പാസ്സിൽ ഗെറ്റ് നമ്പര് എന്നതിന് നേരെ കാണാം. അവിടെ നമ്മൾ പോകുന്ന ഫ്ലൈറ്റ് നമ്പർ, റൂട്ട് എന്നിവ പ്രദർശിപ്പിച്ച സ്ഥലത്ത് നമുക്കായി ഒരുക്കിയ ഇരിപ്പിടങ്ങളിൽ ഇരിക്കുക.  കുറെ കഴിയുമ്പോൾ ബോർഡിംഗ് കൌണ്ടർ അടച്ചതിനു ശേഷം ആ സ്റ്റാഫ് ഇവിടെയുള്ള കൌണ്ടറിൽ വന്നു വീണ്ടും നമ്മുടെ ബോർഡിംഗ് പാസ് ചെക്ക് ചെയ്ത് ഫ്ലൈറ്റിൻറെ  സമയമാവുമ്പോൾ മുൻപറഞ്ഞ  ഗേറ്റിലൂടെ വിമാനത്തിലേക്ക് കടത്തി വിടും.  ഓവർ സൈസ് ഉള്ള ട്രോളിബാഗ് പോലുള്ള ഹാൻഡ് ബാഗേജ് ചില സമയത്ത് വിമാനത്തിൽ കയറുന്നതിനു മുൻപ്  വാങ്ങി വെക്കും. അവ ലഗേജില്‍ കൊണ്ടുപോയ്ക്കൊള്ളും.
ഇനി വിമാനത്തില്‍ കയറി കഴിഞ്ഞാല്‍ ചെയ്യേണ്ട കാര്യങ്ങള്‍ ചിലതുണ്ട്.  അത് എനിക്ക് മുന്‍പേ പലരും പല പോസ്റ്റുകളിലൂടെയും വ്യക്തമാക്കിയിട്ടുള്ളതാണ്. നമുക്ക് അറിയാവുന്ന പാലിക്കേണ്ട കാര്യങ്ങള്‍ നമ്മള്‍ പാലിക്കുക.  ഏതെങ്കിലും കാര്യത്തെക്കുറിച്ച് നമുക്ക് അറിവില്ലെങ്കില്‍ സഹായാത്രികരോടോ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോടോ മറ്റോ ചോദിക്കുന്നതിനു യാതൊരുവിധ അപകര്‍ഷതാബോധവും തോന്നരുത്.  കാരണം  അറിവില്ലായ്മ ആരുടേയും കുറ്റമല്ല എങ്കിലും ചിലപ്പോള്‍ അവിചാരിതമായ പല ബുദ്ധിമുട്ടുകള്‍ക്കും കാരണമാകും എന്ന് മനസ്സിലാക്കുക.  അറിവ് എവിടെനിന്നായാലും നേടിയെടുക്കാന്‍ ശ്രദ്ധിക്കുകയും  ഒരു ശീലമാക്കുകയും ചെയ്യുക.

ഇനി ഒരു വെബ്സൈറ്റ് നിങ്ങള്‍ക്കായി പരിചയപ്പെടുത്താം.http://www.flightradar24.com/24.47,54.37/7  ലോകത്ത് തത്സമയം പറന്നുകൊണ്ടിരിക്കുന്ന വിമാനങ്ങളെ നമ്മുടെ കമ്പ്യൂട്ടര്‍/മൊബൈല്‍ ഫോണ്‍ വഴി അവയുടെ ഗതിവിഗതികള്‍ അറിയാനുള്ള ഒരു സൈറ്റ്.  (എല്ലാ വിമാനങ്ങളെയും കിട്ടില്ല.  എങ്കിലും ഒരുമാതിരിയൊക്കെ കിട്ടും, പ്രത്യേകിച്ച് നമുക്ക് മലയാളികള്‍ക്ക് വേണ്ടതെല്ലാം മിക്കവാറും ഉണ്ട്).  ഫ്ലാഷ് പ്ലെയര്‍ നന്നായി പ്രവര്‍ത്തിക്കുന്ന ബ്രൌസര്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.  ഒരുപരിധിവരെ ഇന്‍റര്‍നെറ്റ് സൌകര്യമുള്ളവര്‍ക്ക് തങ്ങളുടെ ഫ്ലൈറ്റ് സ്റ്റാറ്റസ് അറിയാന്‍ ഇത് സഹായിക്കും.  മറ്റൊരു സൈറ്റ്. http://planefinder.net/ പക്ഷെ ഇതില്‍ ഫ്ലൈറ്റുകളുടെകവറേജ് കുറവാണ്.

അപ്പോള്‍ എല്ലാവര്ക്കും ശുഭയാത്ര...........