2010, നവംബർ 15, തിങ്കളാഴ്‌ച

അപ്രതീക്ഷിതം ഈ അതിരപ്പിള്ളി-വാഴച്ചാല്‍ യാത്ര.. ഭാഗം - 2

തിരികെ അതിരപ്പിള്ളിക്ക് വച്ചു പിടിച്ചു.  ഇടക്ക് എത്തിയപ്പോള്‍ ഒരു ബൈക്ക് ഹെഡ് ലൈറ്റ് ദൂരെനിന്നു തന്നെ കത്തിച്ചു കാണിക്കുന്നു. വണ്ടി നിര്‍ത്തിയപ്പോള്‍ ആന്റോയുടെ അനുജനും അവന്റെ കൂട്ടുകാരനും.  ഇത് നേരത്ത് അറിഞ്ഞിരുന്നു എങ്കില്‍ എന്ന് ഞങ്ങള്‍ രണ്ട് പാര്‍ട്ടീസും പറഞ്ഞത് ഒരേ സ്വരത്തില്‍.  പെട്ടെന്ന് എവിടെ നിന്നോ ഒരു ഗാര്‍ഡ് പ്രത്യക്ഷപ്പെട്ടു.  അവിടെ നിര്‍ത്താന്‍ പാടില്ല എന്ന ബോര്‍ഡ് ചൂണ്ടിക്കാട്ടി വേഗം വണ്ടി വിട് മക്കളേ എന്നൊരു ഓര്‍ഡര്‍.  അനുസരിക്കുകയല്ലാതെ വഴിയുണ്ടായിരുന്നില്ല.  അവര്‍ വാഴച്ചാലിലേക്കും ഞങ്ങള്‍ തിരികെ അതിരപ്പിള്ളിയിലേക്കും തിരിച്ചു.

അതിരപ്പിള്ളിയിലെ തിരക്കിനു യാതൊരു കുറവുമില്ല. പ്രവേശന കവാടത്തില്‍ വിവരണങ്ങള്‍ പല പല ബോര്‍ഡുകളിലായി എഴുതി വച്ചിരിക്കുന്നു.  ഒരു ടിക്കറ്റ് കൌണ്ടര്‍ അവിടെയും ഉണ്ട്.  അരികെ വായ്നോട്ടത്തിലേര്‍പ്പെട്ടിരിക്കുന്ന പാണ്ടികള്‍.   പാണ്ടി സ്ലാംഗ് ഡയലോഗ് എവിടെയും അലയടിക്കുന്നു.  വണ്ടി ഒരിടത്ത് വച്ചതിനു ശേഷം പ്രവേശന കവാടത്തിലെ പരിശോധനയും കടന്ന് ഞങ്ങള്‍ അതിരപ്പിള്ളിക്കുള്ള കയറ്റം കയറാന്‍ തുടങ്ങി. കരിങ്കല്ലു പാകിയ വഴി.  ഹൈഹീല്‍ ചെരുപ്പിട്ട ചില തരുണികള്‍ (ചിത്രത്തിലില്ല) വീഴാതെ നടക്കാന്‍ പാടുപെടുന്നു.  കുറച്ചു ദൂരം കുത്തനെ കയറിയതിനു ശേഷം കുത്തനെ ഇറക്കം.  ഇവിടെയും മനുഷ്യന്‍ കഴിഞ്ഞാല്‍ കൂടുതല്‍ കുരങ്ങന്മാരെയാണ്‌ കാണുന്നത്.  ഒരു മരത്തിനു മുകളില്‍ നിന്നും വന്ന വാനര സൈനികന്‍ പാത്തും പതുങ്ങിയും ഞങ്ങളുടെ തൊട്ടു മുന്പില്‍ പോകുന്ന സംഘത്തിനു പിന്നാലെ വച്ചു പിടിക്കുന്നത് കണ്ടപ്പോള്‍ കൌതുകം തോന്നി.  പെട്ടെന്ന് അതിലൊരു കുട്ടിയുടെ കൈയിലുണ്ടായിരുന്ന "ഫ്രൂട്ടി" തട്ടിപ്പറിച്ചുകൊണ്ട് അടുത്ത മരത്തിലേക്ക് അവന്‍ ഒരൊറ്റ കയറ്റം.  അവര്‍മൊത്തം പകച്ച് നില്‍ക്കുന്നു.  അറിയാതെ ഞാന്‍ കാമറ മുറുകെ പിടിച്ചു.

ചെറുതും വലുതുമായ സംഘങ്ങളായി ആളുകള്‍ അങ്ങിങ്ങ് നീങ്ങിക്കൊണ്ടിരിക്കുന്നു. വെള്ളച്ചാട്ടത്തിന്റെ പതന സ്ഥലത്തേക്ക് കരിങ്കലല്‍ പാകിയ ഒരു ചെറിയ പാത കണ്ടു. നല്ല താഴ്ചയിലേക്ക് കുത്തനെ ഇറങ്ങുന്ന പാത്.  ഞാന്‍ തെല്ലൊന്നു സംശയിച്ച് നിന്നപ്പോള്‍ അന്തപ്പന്‍ പ്രോല്‍സാഹിപ്പിച്ചുകൊണ്ട് പറഞ്ഞു. "വാ ഇക്കാ..".  സംശയത്തെ മുകളില്‍ ഉപേക്ഷിച്ച് താഴേക്ക് ഇറക്കം തുടങ്ങി.  മലമ്പ്രദേശങ്ങളിലെ റോഡുകളെ ഓര്‍മ്മിപ്പിക്കുന്ന തരത്തിലുള്ളതുപോലെ താഴേക്ക് വളഞ്ഞു പുളഞ്ഞ് ഇറങ്ങുന്ന വഴി.  സൂക്ഷിച്ച് ഇറക്കം തുടങ്ങി.  ചിലര്‍ വൃക്ഷങ്ങളുടെ വേരുകളിലും മറ്റും പിടിച്ച് കുത്തനെ കയറുന്നു.  പൊണ്ണത്തടിയനായ ഒരു സായ്പ് ഈസിയായി കയറ്റം കയറിവരുന്നു.  ന്റമ്മോ എന്തൊരു സ്റ്റാമിന?!  മക്കളുടെയും കൊച്ചുമക്കളുടെയും കൂടെ വന്ന് അവരുടെ നിര്‍ബന്ധത്തിനു വഴങ്ങി കുറച്ചു ദൂരം ഇറക്കമിറങ്ങി "വിവരമറിഞ്ഞ" ചില അമ്മച്ചിമാര്‍ പറയുന്നത് കേട്ടു " ഹൊ.. ഇതാണെങ്കില്‍ വരേണ്ടായിരുന്നു".

ഇതൊന്നും കേട്ടതായി ഭാവിക്കാതെ ആന്റോ ഇറക്കം ഇറങ്ങുകയാണ്.  വീഴാതിരിക്കാന്‍ വളരെയധികം ശ്രദ്ധിക്കണം.  അവസാനം വെള്ളച്ചാട്ടം പതിക്കുന്ന സ്ഥലത്തെത്തി.  അതിന്റെ ഒരു ഭംഗി പറഞ്ഞറിയിക്കുക അസാധ്യം!  പാറകളിലേക്ക് അടിച്ചുവീണു ചിതറുന്ന വെള്ളത്തുള്ളികള്‍ ധൂളികളായി എല്ലായിടത്തും പരക്കുന്ന കാഴ്ച അതിമനോഹരം.  (കാമറക്കണ്ണുകള്‍ ഫോട്ടോയെടുക്കുമ്പോള്‍ മാത്രം തുറന്നു വക്കുവാന്‍ ശ്രദ്ധിക്കുക).  അവിടെയും ഒരുപാട് ആളുകള്‍ ഒറ്റക്കും കൂട്ടായും ഉണ്ട്.  വെള്ളച്ചാട്ടത്തിനടിയിലേക്ക് ആളുകള്‍ പോകുന്നത് ഒഴിവാക്കുവാന്‍ കയര്‍ കെട്ടി തിരിച്ചിരിക്കുന്നു, നിരീക്ഷിക്കാന്‍ ആളുകളുമുണ്ട്.  ചുറ്റും പ്രകൃതിയുടെ വന്യമായ സൌന്ദര്യം നിറഞ്ഞു നില്‍ക്കുന്നു.  അവിടെ കുറെ സ്നാപ്സ് എടുത്തു.  വെള്ളത്തില്‍ ഒലിച്ചു വന്ന ഒരു വലിയ മരത്തടി മുകളില്‍ നിന്ന് "ഇപ്പോ വീഴും" എന്ന നിലയില്‍ നില്‍ക്കുന്നു.  വെള്ളച്ചാട്ടത്തിനരികില്‍ പ്രണയ ചിത്രങ്ങള്‍ എടുക്കുന്ന ചില ഉത്തരേന്ത്യന്‍ കമിതാക്കളും ദമ്പതികളും.  തമിഴ് മക്കള്‍ എല്ലായിടത്തുമുണ്ട്. 



കുറെ നേരം വെള്ളച്ചാട്ടത്തിന്റെ അടിഭാഗത്ത് നിന്നു.  ഇത്രക്ക് മനോഹരമായ ഒരു വെള്ളച്ചാട്ടത്തിന്റെ അവസ്ഥ ഒരു ജലവൈദ്യുത പദ്ധതി വന്നാലെന്തായിരിക്കും എന്ന് ചിന്തിക്കാതിരുന്നില്ല.  കേന്ദ്ര മന്ത്രി ജയറാം രമേഷിനെ മനസ്സില്‍ സ്മരിച്ചു.  ഒരാളെങ്കിലും (അതും ഒരു രാഷ്ട്രീയക്കാരന്‍) അതിരപ്പിള്ളിക്ക് വേണ്ടി വാദിക്കുന്നുണ്ടല്ലോ!  വര്‍ത്തമാനകാലത്തിലെ വികസന വാദികളായ രാഷ്ട്രീയക്കാരുമായി താരതമ്യം ചെയ്യുമ്പോള്‍ ഇദ്ദേഹം ഒരു അപൂര്‍വ മനുഷ്യന്‍ തന്നെ സംശയമില്ല.  (ഞാന്‍ ഒരു കോങ്ക്രസ്സ്കാരനല്ല കേട്ടോ).  കുറച്ച് നേരത്തിനു ശേഷം തിരിച്ച് കയറാന്‍ തീരുമാനിച്ചു.  ശരിക്കും വിവരമറിഞ്ഞു എന്നുപറഞ്ഞാല്‍ അധികമാവില്ല.  നല്ല കഠിനം തന്നെ തിരിച്ചുള്ള കയറ്റം.  ഇടക്ക് ഞാന്‍ ഫോട്ടൊ എടുക്കാനെന്ന ഭാവത്തില്‍ അല്പം ഇരുന്നു. 



ഒരു വിധം മുകളില്‍ എത്തി.  അവിടെ ആളുകള്‍ക്ക് ഇരിക്കുവാന്‍ മുളയും ഓലയും മറ്റും ഉപയോഗിച്ച് നിര്‍മ്മിച്ച ചില ഷെഡുകള്‍ ഉണ്ട്.  അവിടെ നീണ്ടു നിവര്‍ന്ന് മലര്‍ന്നു കിടന്നു.  കൈയില്‍ ഭക്ഷണ പാക്കറ്റുകളിലില്ലാത്തതിനാലാവണം വാനരന്‍മാര്‍ ഞങ്ങളെ തീരെ മൈന്റ് ചെയ്തില്ല.  നേരത്തെയുണ്ടായ സംഭവം ഓര്‍മ്മയുണ്ടായതിനാല്‍ കാമറ ഭദ്രമാക്കി വച്ചു.  ആന്റോ കൊണ്ടു വന്ന ഇളം തണുപ്പുള്ള വെള്ളം കുടിച്ചപ്പോള്‍ ഒന്ന് ഉഷാറായി.  നല്ല വെയിലുണ്ട്.  തെളിഞ്ഞ അന്തരീക്ഷം.  രാവിലത്തെ മഴക്കോള്‌ കണ്ടപ്പോള്‍ ഇത്ര തെളിഞ്ഞ അന്തരീക്ഷം ഒരിക്കലും പ്രതീക്ഷിച്ചില്ല.  വെള്ളച്ചാട്ടത്തിന്റെ മുകള്‍ഭാഗത്തേക്ക് നടന്നു.  മുകളില്‍ നിന്നുള്ള ദൃശ്യവും എത്ര വര്‍ണ്ണിച്ചാലും മതിയാവില്ല.  അത്രക്ക് ഭംഗി. 







ഒരുപാട് നേരം ആസ്വദിച്ച് നിന്നു.  മുളകൊണ്ട് കെട്ടിയിരിക്കുന്ന കൈവരിയുടെ ബലത്തില്‍ അത്രക്ക് വിശ്വാസമില്ലാത്തതുകൊണ്ട് അതില്‍ നിന്നും കുറച്ച് അകലം പാലിച്ചു.  "എന്തിനാ വെറുതെ റിസ്കെടുക്കുന്നേ" എന്ന പരസ്യ വാചകം മനസ്സില്‍ മുഴങ്ങുന്നുണ്ടായിരുന്നു.  ഇടതുഭാഗത്ത് വെള്ളം ഒഴുകി വരുന്ന ചാലില്‍ ഒരുപാട് ആളുകള്‍ മുങ്ങി നിവര്‍ന്നുകൊണ്ട് തിമര്‍ക്കുകയാണ്.  ഇടക്കിടെ ഫുട്ബോള്‍ മാച്ചിനിടക്കുള്ള പോലെ വിസിലിന്റെ ശബ്ദം - ഗാര്‍ഡുമാരുടെ വക.  എന്നാലും ചില കേമന്‍മാര്‍ ഒരുപാട് മുന്നിലേക്ക് അതിക്രമിച്ച് കടന്നിരിക്കുന്നു.  ഇടക്കിടെ പത്രത്തിലും മറ്റ് മീഡിയാകളിലും കാണുന്ന "അതിരപ്പിള്ളിയില്‍ ***** കാണാതായി, അതിരപ്പിള്ളിയില്‍ **** മുങ്ങിമരിച്ചു" തുടങ്ങിയ വാര്‍ത്തകള്‍ മനസ്സിലേക്ക് കടന്നുവന്നു.  നല്ല വഴുക്കലുള്ള പറകളാണ്‌ അവിടെ.  ചിലയിടത്ത് നല്ല കുഴികളും ഉണ്ട്.  അതുകൊണ്ട് സാഹസം ഒഴിവക്കുന്നതാണ്‌ ബുദ്ധി.വെള്ളത്തില്‍ മുങ്ങിനിവരുന്ന വനിതകളുള്ളിടത്ത് കുറച്ച് തിരക്കനുഭവപ്പെടുന്നത് കാണുന്നുണ്ടായിരുന്നു.  ആയുധമേന്തിയ ദൈവങ്ങളെപ്പോലെ മൊബൈല്‍ കാമറ പിടിച്ച് നിന്നുകൊണ്ട് ദൃശ്യങ്ങള്‍ പകര്‍ത്തുന്നവര്‍ ഒരുപാടുണ്ട്.  ജീവനില്ലാത്ത ശരീരത്തെപ്പോലും മൊബൈലില്‍ പകര്‍ത്തുന്ന കാമറമാന്മാരുടെ സ്വന്തം നാടാണല്ലോ നമ്മുടെത്. 
വെയില്‍ കുറച്ച് തലക്കടിച്ചു തുടങ്ങിയപ്പോള്‍ ഒരു തരം അസ്വസ്ഥത അനുഭവപ്പെടാന്‍ തുടങ്ങി.  കൂടാതെ നല്ല വിശപ്പും.  തിരിച്ച് കയറാന്‍ തീരുമാനിച്ചു.  കുറച്ച് ക്ഷീണമൊക്കെയുണ്ടായിരുന്നു എങ്കിലും ഭക്ഷണ കാര്യമായതിനാല്‍ കാലുകളുടെ വേഗതയെ അത് തെല്ലും കുറവു വരുത്തിയില്ല.  മുന്പ് പറഞ്ഞ ഷെഡുകളില്‍ ചിലര്‍ ഭക്ഷണം കഴിക്കുന്നു.  അവിടെനിന്നും വല്ലതും അടിച്ചുമാറ്റാന്‍ തക്കം പാര്‍ത്ത് കുരങ്ങന്‍മാര്‍. 
സമയം 3:15.  ഞങ്ങള്‍ പ്രവേശന കവാടത്തിലെത്തി.  അങ്ങിങ്ങ് കാണുന്ന ഭക്ഷണശാലകളില്‍ ഭേദമെന്ന് തോന്നിയ ഒന്നില്‍ കയറി.  ഊണിന്റെ സമയമെല്ലാം കഴിഞ്ഞിരിക്കുന്നു.  അവസാനം ചോറും നന്നായി വെള്ളം ചേര്‍ത്ത സാമ്പാറും മുളകുപൊടിയാല്‍ സമൃദ്ധമായ അച്ചാറും മുന്നിലെത്തി.  ഇതാണെത്രെ ഊണ്.  എന്തായാലും വയറിന്റെ വിളി അവഗണിക്കാനാവില്ലല്ലോ.  ആന്റോക്ക് ഇതൊന്നും പുത്തരിയല്ല.  തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ സെയില്‍സിനു വേണ്ടി യാത്രചെയ്യുമ്പോള്‍ ഇതുപോലുള്ള ഊണ്‌ കഴിക്കാറുണ്ടെന്ന് അവന്‍ പറഞ്ഞപ്പോള്‍ സമാധാനമായി.  കൊണ്ടു വച്ച ഭക്ഷണം മുഴുവന്‍ കഴിക്കാന്‍ തോന്നിയില്ല.  വിശപ്പിനു തെല്ലൊരു ആശ്വാസം തോന്നിയപ്പോള്‍ എഴുന്നേറ്റു.  30 രൂപ.  എന്റെ അഭിപ്രായത്തില്‍ ഒരു 10 രൂപക്കേ ഉള്ളൂ!.  എന്തായാലും വിശപ്പിന്‌ അശ്വാസമായതിലോടെ ശരീരത്തിനും ഒരു ഉണര്‍വ് അനുഭവപ്പെട്ടു.

ശരീരത്തിനു കുറച്ച് ക്ഷീണം അനുഭവപ്പെട്ടു തുടങ്ങിയത് വീണ്ടും വണ്ടിയെടുത്തപ്പോഴാണ്.  എന്നാലും യാത്ര അതിയായി ആസ്വദിക്കാന്‍ കഴിഞ്ഞു.  വീട്ടിലേക്കെത്തുവാന്‍ ആന്റോക്ക് വലിയ തിടുക്കമൊന്നുമുണ്ടായില്ല.  വരുന്ന വഴിക്ക് ഒരു വാട്ടര്‍തീം  പാര്‍ക്ക് ഉണ്ട്.  വലിയ കവാടവും മറ്റും ദൂരെനിന്നും കാണാം.  ഒരു നിഗൂഡമായ കോട്ടപോലെ തോന്നിച്ചു അതിന്റെ നില്‍പ്പ്.  അവിടെ നിന്നും മൂന്നാര്‍, കൊച്ചി എയര്‍പോര്‍ട്ട് എന്നിവിടങ്ങളിലേക്ക് എളുപ്പവഴിയുണ്ട്.  മൂന്നാറിലേക്ക് ഒരു എണ്ണപ്പന തോട്ടത്തിനു നടുവിലൂടെയുള്ള വഴി.  തോട്ടത്തിലേക്ക് കടക്കുന്ന സ്ഥലത്ത് ഒരു സെക്യൂരിറ്റി പോസ്റ്റും.  നല്ല ഒരു ചേട്ടനായിരുന്നു ആ സമയത്ത് അവിടെ ഡ്യൂട്ടിക്കുണ്ടായിരുന്നത്.  അദ്ദേഹം ആ തോട്ടത്തിനെപറ്റിയും വഴിയെ പറ്റിയും എല്ലാം വിശദമായി പറഞ്ഞു തന്നു.  പക്ഷെ ഞങ്ങള്‍ക്ക് അങ്ങോട്ട് പോകാന്‍ തോന്നിയില്ല.  നേരം 5 മണിയാവാറായിരിക്കുന്നു.  അവിടെ ഒരു പാലമുണ്ട്.  ചാലക്കുടി പുഴ ആ പാലത്തിനടിയിലൂടെ ഒഴുകിവരുന്നു.  വളരെ മനോഹരമാണ്‌ ഇവിടവും.  വണ്ടി വഴിയിലൊതുക്കി കുരച്ചു നേരം അവിടെ നിന്നു. 
വീട്ടിലേക്ക് വച്ചുപിടിക്കാന്‍ നേരമായി.  ഇനിയെത്ര നാള്‍ അതിരപ്പിള്ളി എന്ന സുന്ദരിയെ ഇതുപോലെ കാണാന്‍ കഴിയും എന്നാണ്‌ മടങ്ങുമ്പോള്‍ ചിന്തിച്ചത്.  ജലവൈദ്യുത പദ്ധതി വന്നാല്‍ ഇവിടെ എന്താവുമോ എന്തോ?  എടുത്ത് പറയാവുന്ന കാര്യം നല്ല രീതിയിലുള്ള ചില പ്രതിഷേധ പ്രസ്ഥാനങ്ങള്‍ അങ്ങിങ്ങ് പ്രവര്‍ത്തിക്കുന്നുണ്ട്.  പണ്ട് ആളുകള്‍ക്ക് ഇത്രക്കും വിവരം വെക്കുന്നതിനു മുന്പ് ഡാമൊക്കെ ഉണ്ടാക്കിയപോലെ ഇന്നത്തെ കാലത്ത് അത്ര എളുപ്പമല്ല.  അതിരപ്പിള്ളിയില്‍ അണക്കെട്ട് പണിയാന്‍ കാണിക്കുന്നത്ര താല്‍പര്യം അങ്ങ് മുല്ലപ്പെരിയാറിന്റെ കാര്യത്തില്‍ പ്രകടിപ്പിച്ചിരുന്നുവെങ്കില്‍ എത്ര നന്നാവും.  999 വര്‍ഷത്തെ പാട്ടകരാറിന്റെ കാര്യത്തില്‍ കേരളം പാണ്ടികള്‍ക്ക് അടിപ്പെടുന്ന സമീപനമാണ്‌ തുടര്‍ന്നു പോരുന്നത്.  പാണ്ടികളാണെങ്കില്‍ കിട്ടാവുന്നതൊക്കെ കേരളത്തില്‍ നിന്നും അടിച്ചെടുക്കുകയും ചെയ്യുന്നു.  മുല്ലപ്പെരിയാറിലെയും മറ്റു ചില അണക്കെട്ടുകളിലെയും വെള്ളവും പിന്നെ പാലക്കാട് റെയില്‍വേ ഡിവിഷന്‍ വരെ എത്തി നില്‍ക്കുന്നു കാര്യങ്ങള്‍.  കേരളീയരുടെ അരിയും പച്ചക്കറികളും കാണിച്ച് ഭീഷണിപ്പെടുത്തി അവര്‍ കാര്യം നേടുന്നു.  എന്താ ചെയ്യാ???!!!
ഞങ്ങള്‍ കാടിറങ്ങുമ്പോള്‍ ചിന്തകള്‍ കാട് കയറുകയായിരുന്നു. വൈകുന്നേരമായതോടെ റോഡില്‍ തിരക്ക് തുടങ്ങി. എല്ലാവരും മടങ്ങുകയാണ്. ചാലക്കുടിയിലെ ഇന്ത്യന്‍ കോഫി ഹൌസിലെ ചായയും മസാലദോശയും കൂടി കഴിച്ചപ്പോള്‍ ഉണ്ടായിരുന്ന ക്ഷീണമെല്ലാം എവിടെയോ പോയ്മറഞ്ഞു. സാധാരണ ഒരു യാത്ര കഴിഞ്ഞാലുണ്ടാവാറുള്ള തലവേദന ഇത്തവണ ഇല്ലായിരുന്നു. ആദ്യാവസാനം ആസ്വദിച്ച് തന്നെ പോയി വന്നു. ആന്റോയെപോലെ ഒരു കൂട്ടുകാരനെ ഇത്തരം യാത്രകളില്‍ കിട്ടിയാല്‍ അതൊരു ഭാഗ്യം തന്നെ. അടുത്ത വെക്കേഷനില്‍ അതിരപ്പിള്ളി വഴി വാല്‍പ്പാറ-പൊള്ളാച്ചി ഒന്നു പോയി നോക്കാന്നാണ്‌ ഞങ്ങളുടെ ഇപ്പോഴത്തെ പ്ലാന്.
ഇനി അടുത്ത വെക്കേഷന്‍ വരെ (മിക്കവാറും അടുത്ത ചെറുപെരുന്നാളിനോ അതിനു ശേഷമോ) കാത്തിരിക്കുക. അതുവരെ വരണ്ടുണങ്ങിയ മരുക്കാഴ്ചകള്‍ കണ്ടുകൊണ്ട് കഴിച്ചുകൂട്ടുക തന്നെ. ദൈവത്തിന്റെയും നമ്മുടെയും സ്വന്തം നാടിനെ ഒരുപാടൊരുപാട് ഓര്‍ത്തുകൊണ്ട്....
 
സ്വകാര്യം:  (നെറ്റിനു സ്പീഡ് കുറവായതിനാല്‍ ഫോട്ടോസ് ചിലത് അപ്‌ലോഡ് ചെയ്യാന്‍ പറ്റിയിട്ടില്ല.  അടുത്തു തന്നെ ആ ഫോട്ടോസ് മാത്രം ഒരു പോസ്റ്റായി പ്രതീക്ഷിക്കാം.  എല്ലാവര്‍ക്കും ഈദ് മുബാറക്ക്).

4 അഭിപ്രായങ്ങൾ:

  1. ചിത്രങ്ങളെല്ലാം ഉഷാറായിട്ടുണ്ട്...

    മറുപടിഇല്ലാതാക്കൂ
  2. രണ്ട് പോസ്റ്റുകളും വായിച്ചു.. ഒരിക്കൽ കൂടി ആ വഴിയൊക്കെ യാത്ര ചെയ്ത അനുഭവം... ഫോട്ടോസും അടിപൊളി.. വാൽ‌പ്പാറ വഴി പൊള്ളാച്ചിയിലേയ്ക്കുള്ള യാത്ര എത്രയും പെട്ടെന്ന് സാധ്യമാവട്ടെ..

    മറുപടിഇല്ലാതാക്കൂ
  3. നന്ദി..@ശ്രീ..& ജിമ്മി..വന്നതിനും വായിച്ചതിനും കമന്റിയതിനും.

    മറുപടിഇല്ലാതാക്കൂ
  4. ഒരു പാട് വര്‍ഷങ്ങള്‍ക്കു മുന്നേ പോയതാണ് ആതിരപല്ലിയില്‍ .

    ഫോട്ടോസോക്കെ കണ്ടപ്പോള്‍ ഒരിക്കല്‍ കൂടി പോകാന്‍ ഒരു ആഗ്രഹം ..!

    മറുപടിഇല്ലാതാക്കൂ