2010, ഡിസംബർ 25, ശനിയാഴ്‌ച

കെ. കരുണാകരന്റെ വേര്‍പാട്.

കേരളരാഷ്ട്രീയത്തിലെ ഭീഷ്മാചാര്യനായിരുന്ന് മുന്‍മുഖ്യമന്ത്രി ശ്രീ. കെ. കരുണാകരന്റെ വേര്‍പാടില്‍ അതിയായി അനുശോചിക്കുന്നു. ഈയുള്ളവനു ഓര്‍മ്മ വെച്ച നാളുകളില്‍ കേരളത്തിലെ കോണ്‍ഗ്രസ്സ് എന്നാല്‍ കരുണാകരനായിരുന്നു. മറ്റു കഥാപാത്രങ്ങളെല്ലാം തികച്ചും അപ്രശസ്തരായിരുന്നു. ഇന്ദിര-രാജീവ് കാലഘട്ടത്തില്‍ അവരോടൊപ്പം ഉറച്ചു നിന്ന് കരുണാകരന്‍ പിന്നീട് വന്ന കോണ്ഗ്രസ്സ് നേതൃത്വങ്ങള്‍ക്ക് അനഭിമിതനാക്കപ്പെടുകയും ഒരു വേള തികച്ചും അവഗണിക്കപ്പെടുകയും ചെയ്തു. കരുണാകരന്റെ രാഷ്ട്രീയമായ ചില നിലപാടുകളോട് എതിര്‍പ്പ് തോന്നിയിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ ഭരണ വൈഭവത്തെ ബഹുമാനത്തോടെയാണു നോക്കി കണ്ടിട്ടുള്ളത്.
 
"നാടിന്റെ വികസനത്തില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച വ്യക്തി" എന്ന് മുഖ്യമന്ത്രിയെകൊണ്ട് പറയിപ്പിച്ചതിന്റെ കാരണം മറ്റെന്താണ്?  ആശ്രിതവല്‍സലനായ ആ നേതാവിന്റെ മുന്നോട്ടുള്ള പ്രയാണം എപ്പോഴോ തെറ്റായ വഴിയിലേക്ക് മാറിപ്പോയി.  ഏതുപ്രതിസന്ധിയിലും കൂടെ നിന്നിട്ടുള്ള "ഹൈക്കമാന്റ്" അദ്ദേഹത്തെ തികച്ചും അവഗണിക്കുന്നതുവരെയെത്തി കാര്യങ്ങള്‍.
മകന്‍ മുരളീധരന്റെ കോണ്‍ഗ്രസ്സ് പുനപ്രവേശം അദ്ദേഹത്തിന്റെ അന്ത്യാഭിലാഷമായിരുന്നിരിക്കണം. പക്ഷെ കെ.പി.സി.സിയുടെ അത്തളപിത്തള തവളാച്ചി കളികളില്‍ അദ്ദേഹത്തിനു അത് കണ്ടിട്ട് കണ്ണടക്കാന്‍ യോഗമുണ്ടായിരുന്നില്ല. തന്നെ വളര്‍ത്തികൊണ്ട് വന്ന ലീഡറുടെ ഈ ഒരു ആഗ്രഹം നടത്തിക്കൊടുക്കുവാന്‍ കെ.പി.സി.സി. പ്രസിഡണ്ട് എന്ന നിലയില്‍ കഴിഞ്ഞില്ലല്ലോ എന്നാലോചിട്ടാവാം രമേശ് ചെന്നിത്തലക്ക് ചാനലുകളോട് ലീഡറുടെ വേര്‍പാട് അറിയിച്ചപ്പോള്‍ കരച്ചില്‍ വന്നത്. ലീഡര്‍ക്കിട്ട് തരം കിട്ടുമ്പോഴൊക്കെ പണിതിരുന്ന ചില നേതാക്കന്മാരെയും ചാനലുകളില്‍ നിറഞ്ഞു നില്‍ക്കുന്നത് കണ്ടു. അതില്‍ ചിലര്‍ ആ ഭൌതിക ദേഹത്തെ അനുഗമിക്കുവാന്‍ തിക്കിതിരക്കുന്നതും കണ്ടു. 
 
ഒരു പ്രവാസി എന്ന നിലയില്‍ കെ. കരുണാകരന്റെ സംഭാവനകളെപറ്റി ഓര്‍ക്കുമ്പോള്‍ ആദ്യം ഓര്‍ക്കുന്നത് വര്‍ഷാവര്‍ഷം അവധിക്ക് പറന്നിറങ്ങുന്ന നെടുമ്പാശേരി അന്തര്‍ദേശീയ വിമാനത്താവളം തന്നെയാണ്.  എയര്‍പോര്‍ട്ടിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയപ്പോള്‍ അതിനെ എതിര്‍ത്ത് സമരം നയിച്ചവര്‍ പിന്നീട് നിയമസഭ വഴി "സിയാലിന്റെ" ഭരണ സമിതിയില്‍ വരെ എത്തിയിട്ടുണ്ടാകാം.  നൂറുമേനി വിളയുന്ന പാടങ്ങള്‍ നികത്തി എയര്‍പോര്‍ട്ട് എന്ന ഐ.എ.സു.കാരന്റെ ആശയത്തിനു ലീഡര്‍ തികഞ്ഞ പിന്തുണയാണ്‌ നല്കിയതെന്ന് അദ്ദേഹം എന്നും ഓര്‍ക്കുന്നു.
 
ജീവിച്ചിരിക്കുമ്പോള്‍ അദ്ദേഹത്തിനിട്ടു പണിതവര്‍ അദ്ദേഹത്തിന്റെ മരണത്തില്‍ അനുശോചിച്ച് നിറഞ്ഞു നില്ക്കുന്നു. കാരണം അവര്‍ക്കുമറിയാം ലീഡര്‍ക്ക് തുല്യം ലീഡര്‍ മാത്രമാണുള്ളതെന്ന്‌. അതിവേഗം ബഹുദൂരമോടുന്നവരും, മുരളി പറഞ്ഞപോലെ പൌഡര്‍കുട്ടപ്പന്മാരായി നടക്കുന്നവരും, ആദര്‍ശ ധീരന്മാരും(???!!!!), കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെ ഖദറിട്ട മാംസപിണ്ഡങ്ങളെന്നും, ഇക്കോണമി ക്ലാസില്‍ യാത്ര ചെയ്യുന്നവരെ കന്നുകാലികളെന്നും വിളിച്ചതുമായ നേതാക്കള്‍ക്കൊന്നും ഒരിക്കലും ഒരു ലീഡറാകാന്‍ കഴിയില്ല.

ശ്രീ. കെ. കരുണാകരന്റെ വേര്‍പാടില്‍ അനുശോചിക്കുന്നതോടൊപ്പം അദ്ദേഹത്തിനുവേണ്ടിയുള്ള പ്രാര്‍ത്ഥനയില്‍ കുടുംബാംഗങ്ങളോടൊപ്പം മനസ്സുകൊണ്ട് പങ്കുചേരുന്നു.

1 അഭിപ്രായം:

  1. ആരും കമ്മന്റിട്ടില്ലാത്ത ഈ പോസ്റ്റിനു കമ്മന്റിടല്‍ കര്‍മം ഞാന്‍ നിര്‍വഹിക്കുന്നു. "ജാലകം"ത്തില്‍ രജിസ്റ്റര്‍ ചെയ്‌താല്‍ കൂടുതല്‍ വായനക്കാരെ ആകര്‍ഷിക്കാം..
    എന്റെ ബ്ലോഗിലെ കമ്മന്റ് വഴി അന്വേഷിച്ചു എത്തിയതാണ്. പക്വമായി തന്നെ എഴുതിയിരിക്കുന്നു...ആശംസകള്‍..!

    മറുപടിഇല്ലാതാക്കൂ