2012, ജനുവരി 28, ശനിയാഴ്‌ച

പരാജയം സമ്പൂര്‍ണ്ണം!

4-0  തോല്‍വി വഴങ്ങി ഇന്ത്യന്‍ ടെസ്റ്റ്‌ ക്രിക്കറ്റ് ടീം നാണം കെട്ടു.  വിരാട് കോഹ്ലി എന്ന പയ്യന്‍ ഉണ്ടായിരുന്നില്ലെങ്കില്‍ നാലാം ദിവസം തന്നെ ഇന്ത്യ കളി അവസാനിപ്പിക്കുമായിരുന്നു. ഫോളോ ഓണിനു നിര്‍ബന്ധിക്കുന്നതിന് പകരം തങ്ങളുടെ ബൌളര്‍മാര്‍ക്ക് വിശ്രമം അനുവദിച്ച മൈക്കല്‍ ക്ലാര്‍ക്കിനെയും നമുക്ക് സ്തുതിക്കാം.  അല്ലെങ്കില്‍ ഒരു ഇന്നിങ്ങ്സ് പരാജയം നേരത്തെ സംഭവിച്ചേനെ.  (പണ്ട് സ്റ്റീവ് വോ ഇന്ത്യയെ ഫോളോ ഓണ്‍ ചെയ്യാന്‍ വിട്ടതിനു കൊല്‍ക്കത്തയില്‍ കനത്ത വില നല്‍കിയത് അവരെ ഇപ്പോഴും വേട്ടയാടുന്നുണ്ട്‌.  അതില്‍പിന്നെ എതിരാളികളെ കംഗാരുക്കള്‍ ഫോളോ ഓണിനു വിട്ടിട്ടില്ല എന്നാണറിവ്).

ഒരു പൊളിച്ചു പണിക്ക് (അഴിച്ചു പണിയല്ല) സമയമായിരിക്കുന്നു.  ക്രിക്കറ്റിലെ ദൈവങ്ങള്‍ എന്ന് വിളിക്കുന്ന പ്രതിരൂപങ്ങളെ കൈവിട്ട് പുതു തലമുറയെ ടീമിലേക്ക് പ്രവേശിപ്പിക്കാന്‍ സമയമായി.  സച്ചിന്‍, ദ്രാവിഡ്, ലക്ഷ്മണ്‍, ഗംഭീര്‍, ധോണി ഗംഭീര്‍ പിന്നെ സെവാഗ് തുടങ്ങിയവരെല്ലാം തിണ്ണമിടുക്ക് കാട്ടാന്‍ നാട്ടില്‍ ഫോമിലാവും എന്നല്ലാതെ വിദേശത്ത ഒരു വേഗതയുള്ള പിച്ചില്‍ ചെന്നാല്‍ മുട്ട് വിറച്ചു ഔട്ട്‌ ആകുന്ന കാഴ്ചകളാണ് സമീപ കാലത്ത് കാണുന്നത്.  അടിയന്തിര പ്രാധാന്യത്തോടെ ചില നടപടികള്‍ തുടങ്ങി വെച്ചാലെ ഇന്ത്യന്‍ ക്രിക്കറ്റിനെ രക്ഷിക്കാന്‍ കഴിയൂ.

ഐ.പി.എല്ലില്‍ നിന്നാണ് തുടങ്ങേണ്ടത്.  കുട്ടിക്രിക്കറ്റ് വന്ന കാലം മുതലാണ്‌ ഇന്ത്യന്‍ ക്രിക്കറ്റിന്റെ ശനിദശ തുടങ്ങിയത് എന്ന് വേണമെങ്കില്‍ പറയാം.  ഒരു ദിവസം 90 ഓവറുകള്‍ ടെസ്റ്റില്‍ കളിക്കേണ്ട സ്ഥാനത്ത് മണിക്കൂറുകള്‍ക്കുള്ളില്‍ ഇരുപത് ഓവറുകളില്‍ കളിയും കഴിഞ്ഞു കൈ നിറയെ പണവുമായി മടങ്ങാന്‍ പറ്റിയാല്‍ പിന്നെ ആരാണ് ടെസ്റിന് വേണ്ടി മേലനങ്ങുക?  ഇന്ത്യന്‍ ടീമിലെ ഒട്ടുമിക്ക താരങ്ങളും ഐ.പി.എല്ലിനായി മാനസിക തയ്യാറെടുപ്പുകള്‍ തുടങ്ങി കഴിഞ്ഞു എന്ന് വേണം കരുതാന്‍.  എതിര്‍ ടീമിന്റെ ഇരുപത് വിക്കറ്റുകള്‍ വീഴ്ത്താന്‍ പഞ്ച ദിന മത്സരങ്ങളില്‍ ഇന്ത്യക്ക് കഴിയുന്നില്ല.  ബൌളര്‍മാരെല്ലാം ലക്ഷ്യബോധമില്ലാതെ എറിയുന്നു. 

അടുത്ത ഘട്ടം നടപടി ക്രിക്കറ്റ് സെലക്ഷന്‍ കമ്മറ്റിയില്‍ നിന്നാണ് തുടങ്ങേണ്ടത്.  ശ്രീകാന്തിനെ ആദ്യം മാറ്റണം.  എവിടെ പര്യടനത്തിനു പോയാലും തന്റെ സ്വന്തക്കാരായ ചില താരങ്ങളെ ടീമില്‍ തിരുകി വെക്കുവാന്‍ ടിയാന്‍ പ്രത്യേകം ശ്രദ്ധിക്കുന്നു.  ഈ തോല്‍വിയിലും അക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. 

വയസ്സന്‍ താരങ്ങള്‍ക്ക് ഒരു സ്വയം വിരമിക്കല്‍ പദ്ധതി ഏര്‍പ്പെടുത്തണം.  ടെസ്റ്റിലും ഏകദിനത്തിലും ടീം തെരഞ്ഞെടുക്കുമ്പോള്‍ ഐ.പി.എല്‍ ഒരിക്കലും അടിസ്ഥാനമാക്കരുത്.  സീനിയര്‍ താരങ്ങളെ കമന്ററി പോലുള്ള മേഖലകളിലേക്ക് (ഉദാ. രവി ശാസ്ത്രി, സഞ്ജയ്‌ മഞ്ജരേക്കാര്‍..) തിരിച്ചു വിട്ടു പുനരധിവസിപ്പിക്കണം.  കൂടാതെ മുഴുവന്‍ സമയ രാഷ്ട്രീയക്കാര്‍ ബി.സി.സി.ഐ.യിലേക്ക് മത്സരിച്ചു ജയിക്കുന്ന പ്രവണത അവസാനിപ്പിക്കണം.

ഇത്രയെങ്കിലും ക്രിക്കറ്റിനെ കുറച്ചു ഇഷ്ടപ്പെടുന്ന ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നു.  അതിവിടെ കുറിച്ച് കൊള്ളുന്നു.


5 അഭിപ്രായങ്ങൾ:

 1. ചെറുപ്പത്തിൽ ക്രികറ്റ് കളിക്കാറുണ്ടായിരുന്നു..
  ഇപ്പോൾ കളിയും കണലുമില്ല :)

  മറുപടിഇല്ലാതാക്കൂ
 2. ഇപ്പോള്‍ കളിയേക്കാള്‍ പ്രധാനം പണമായല്ലോ

  മറുപടിഇല്ലാതാക്കൂ
 3. ചിത്രങ്ങളെല്ലാം നന്നായിട്ടുണ്ട്

  മറുപടിഇല്ലാതാക്കൂ
 4. അവസാന പോസ്റ്റിന്റെ കമന്റിടാന്‍ നോക്കുകയായിരുന്നു, ഇവിടെ ആയിപ്പോയി :)

  മറുപടിഇല്ലാതാക്കൂ