മുല്ലപ്പെരിയാര്‍ ഡാമിന് പകരം വരുന്ന പുതിയ ഡാമിന്റെ നിയന്ത്രണം കേരളവും തമിഴ്നാടും കൂടി സംയുക്തമായി ഏറ്റെടുക്കണം എന്നുള്ളതിന്റെ യുക്തി ഒരു സാമാന്യ മലയാളിക്ക് ഒരിക്കലും മനസ്സിലാവില്ല. നമ്മുടെ മണ്ണില്‍ നമ്മുടെ ചെലവില്‍ ഡാം പണിത് അതിലെ വെള്ളം മുഴുവന്‍ അണ്ണാച്ചികള്‍ക്ക് നല്‍കികൊള്ളാം എന്ന് ഉമ്മന്‍ചാണ്ടിയും മാണിയും ഒക്കെ എന്തെങ്കിലും നേര്ച്ച നേര്ന്നിട്ടുണ്ടോ? 999 കൊല്ലത്തെ കരാര്‍ മാറ്റി പുതിയ ഒന്ന് ഉണ്ടാക്കുന്ന കാര്യമൊന്നും ഇവരൊന്നും മിണ്ടിയിട്ടില്ല ഇതുവരെ എന്നുള്ളത് ആശങ്കയ്ക്ക് വക നല്‍കുന്നു.
വിഷയം ഇത്തരത്തിലൊരു വഴിത്തിരിവിലെത്തി നില്‍ക്കുന്ന അവസരത്തില്‍ ഇത് എവിടെ വെച്ചാണ് വഴി തിരിഞ്ഞത് എന്ന് നമുക്ക് ചിന്തിക്കേണ്ടിയിരിക്കുന്നു. മുല്ലപ്പെരിയാര്‍ സമരം കൊടുമ്പിരികൊണ്ടിരിക്കുന്ന സമയത്ത് ജയലളിത പുറത്തെടുത്ത ബ്ലാക്മെയില്‍ തന്ത്രമാണ് ഇവിടെ വഴിത്തിരിവായത്. മുല്ലപ്പെരിയാറിലെ വെള്ളമുപയോഗിച്ച് കൃഷി ചെയ്യുന്ന തമിഴ്നാട്ടിലെ ജില്ലകളിലുള്ള മലയാളി നേതാക്കന്മാരുടെ കൃഷി ഭൂമിയെപറ്റി എല്ലാ വിവരങ്ങളും പുറത്ത് വിടും എന്ന് അവര്‍ ഒരു പത്ര സമ്മേളനം നടത്തി പ്രഖ്യാപിക്കുകയുണ്ടായി. ഈ ഭീഷണി കൊള്ളേണ്ട കേന്ദ്രങ്ങളില്‍ കൊണ്ടപ്പോള്‍ എല്ലാം വഴിതിരിഞ്ഞു. ഉടന്‍ സമര മുഖത്ത്തുണ്ടായിരുന്നവരെല്ലാം പ്രധാന മന്ത്രിയെ കണ്ടു കൂടിയാലോചന എന്ന നടക്കാത്ത കാര്യത്തിനു മുന്നില്‍ നിശബ്ദരായി.
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തീര്‍ത്തും നിഷേധാത്മകമായ നിലപാട് സ്വീകരിച്ചിട്ടുള്ളത് തമിഴ്നാടാണ്. പുതിയ ഡാം എന്നാ ആശയത്തെ പറ്റി അവര്‍ ചിന്തിക്കുന്നുപോലുമില്ല. രാജഭരണ കാലത്തെ ഒരു പിഴവിന് കനത്ത വില നാം കൊടുത്തുകൊണ്ടിരിക്കുകയാണ്. പറ്റിയ പിഴവ് തിരുത്തുവാന്‍ ഉത്തരവാദിത്തപ്പെട്ട ഒരു ഭരണാധികാരിയും മനസ്സ് വെക്കുന്നില്ല. നമ്മുടെ മുഖ്യമന്ത്രി ഔദ്യോഗികമായി അയച്ച കത്തുകള്‍ക്ക് ഒരു മറുപടി തമിഴ്നാട് മുഖ്യമന്ത്രിയുടെയും മറ്റു ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല എന്നുള്ളത് ഒരു വസ്തുതയാണ്. ഇടതും വലതും ഈ വിഷയം പിറവം തെരഞ്ഞെടുപ്പില്‍ വോട്ടാക്കി മാറ്റാന്‍ പറ്റുമോ എന്നുള്ള ഗവേഷണത്തിലാണ്.
വിഷയം കത്തിനിന്ന സമയത്ത് കേരളത്തില്‍ തമിഴന്മാരുടെ നേരെ ആക്രമങ്ങള്‍ ഉണ്ടായി എന്ന കള്ളപ്രചാരണങ്ങള്‍ തമിഴ്നാട്ടില്‍ എമ്പാടും ഉണ്ടായി. ഇതിന്റെ ഫലമായി മലയാളികള്‍ അവിടെ ആക്രമിക്കപ്പെടുകയും അവരുടെ വസ്തു വകകള്‍ കൊള്ളയടിക്കപ്പെട്ടു അവര്‍ക്ക് പലായനം ചെയ്യേണ്ടിയും വന്നു. തമിഴന്മാരുടെ നേരെയുള്ള ആക്രമണം അവസാനിപ്പിക്കാന്‍ ജയലളിത ഉള്‍പ്പെടെയുള്ള നേതാക്കന്മാര്‍ നമ്മുടെ മുഖ്യമന്ത്രിക്ക് കത്ത്തയച്ചുകൊണ്ട് ആവശ്യപ്പെടുകയുമുണ്ടായി. ഒരു തമിഴ് പത്രത്തില്‍ കേരളത്തില്‍ നിന്നും തമിഴ്നാടിലെക്ക് രക്ഷപ്പെട്ട് ഓടിപ്പോകുന്ന തമിഴ് സ്ത്രീകളെ മലയാളികള്‍ മാനഭംഗം നടത്തി എന്ന് വരെ വാര്‍ത്ത വന്നു. അതാണ് മലയാളികളുടെ നേരെ ഇത്രയധികം ആക്രമണങ്ങള്‍ നടക്കാന്‍ ഒരു കാരണം. ഈ വാര്ത്തക്കെതിരെ ഉത്തരവാദപ്പെട്ടവര്‍ യാതൊരു പ്രതികരണവും നടത്തികണ്ടില്ല. മാധ്യമങ്ങളുടെ മേലെ പ്രസ് കൌണ്‍സില്‍ എന്നൊരു സ്ഥാപനം ഇതൊന്നും അറിഞ്ഞ മട്ടുപോലും കാണിച്ചില്ല.
999 വര്‍ഷത്തെ കരാര്‍ അസാധുവാക്കുവാന്‍ വല്ല വഴിയും ഉണ്ടോ എന്ന് ആരും ചിന്തിച്ചിട്ടില്ല. സ്വതന്ത്ര ഇന്ത്യയില്‍ ഈ കരാറിന്റെ പ്രസക്തി കാലാകാലങ്ങളില്‍ മാറി വന്ന സര്‍ക്കാരുകളുടെ കാര്യമാണ് പറഞ്ഞത്. എന്നാല്‍ ഈ വൈകിയ വേളയിലെങ്കിലും അത് ആലോചിക്കേണ്ടിയിരിക്കുന്നു. പുതിയ ഡാം എന്ന ആശയത്തെ അണ്ണന്മാര്‍ എതിര്‍ക്കുന്നതിന്റെ കാരണം പുതിയ കരാറും അതിന്‍പ്രകാരം ഉണ്ടാക്കേണ്ടി വരും എന്നുള്ള വസ്തുതയാണ്. പുതിയ കരാര്‍ ഉണ്ടാക്കിയാല്‍ ആയിരക്കണക്കിന് കോടി രൂപ വര്‍ഷാവര്‍ഷം കേരളത്തിന്റെ കീശയിലേക്ക് കപ്പമായി നല്‍കേണ്ടിയും വരും. അപ്പോള്‍ പുതിയ ഡാമിനെ എതിര്‍ക്കുക തന്നെ വഴി! അതിനായി അവര്‍ ഏതറ്റം വരെയും പോകും എന്നുള്ളത് ഇതിനകം വ്യക്തമായി കഴിഞ്ഞു.
കേന്ദ്ര സര്‍ക്കാരിന്റെ കാര്യം നോക്കുക. കേരള നേതാക്കന്മാര്‍ കാണാന്‍ ചെല്ലുമ്പോള്‍ അവര്‍ക്ക് പ്രധാനമന്ത്രിയുടെ അടുത്തേക്ക് എത്തുവാന്‍ ഒരു പാട് കടമ്പകളും കടക്കണം കൂടാതെ ദില്ലിയിലെ മഞ്ഞും കൊള്ളണം. എന്നിട്ടോ കേരളത്തിന്റെ ആവശ്യങ്ങള്‍ നേരാംവണ്ണം കേള്‍ക്കുക പോലും ചെയ്യാതെ വേഗം സ്ഥലം വിട്ടോളാന്‍ പറയുകയും ചെയ്യുന്നു. ഇതേ പ്രധാനമന്ത്രി തമിഴ്നാട്ടില്‍ ചെന്ന് ജയലളിതയുടെ പൊന്നാടയും ഏറ്റുവാങ്ങി കരുണാനിധിയെ കണ്ടപ്പോള്‍ ഡാമില്‍ സുരക്ഷക്കായി കേന്ദ്ര സേനയെ വിന്യസിക്കുന്ന ഉറപ്പും ഏതാണ്ട് നല്‍കി. നോക്കുക, പക്ഷഭേദം കൂടാതെ എല്ലാവരെയും ഒരേപോലെ കണ്ടു ഭരിക്കും എന്ന് പ്രതിജ്ഞ ചെയ്തു അധികാരമേറ്റ ഒരു ഭരണാധികാരി ചെയ്തത്.
തമിഴന്റെ പഴം പച്ചക്കറി ഉപരോധം പൊളിഞ്ഞു പാളീസായത് നമ്മള്‍ കണ്ടതാണ്. അവര്‍ അയക്കുന്നത് നിര്‍ത്തിയപ്പോള്‍ കര്‍ണ്ണാടകത്തില്‍ നിന്നും മഹാരാഷ്ട്രയില്‍ നിന്നുമൊക്കെ പച്ചക്കറികള്‍ കേരളത്തിലേക്ക് വന്നു. പ്രചരിപ്പിച്ച പോലെ ക്രിസ്തുമസ് പ്രമാണിച്ചു വില കയറിയുമില്ല.
ഇനി നമ്മള്‍ ചെയ്യേണ്ടത് 999 വര്‍ഷത്തെ കരാര്‍ റദ്ദു ചെയ്തു ഡാം ഡീ കമ്മീഷന്‍ ചെയ്യാന്‍ ഒരു നിയമസഭയില്‍ നിയമം 140 എമ്മെല്ലെമാരും ഒറ്റക്കെട്ടായി പാസ്സാക്കി ചീഫ് സെക്രട്ടരിയെകൊണ്ട് ഉത്തരവ് ഗസറ്റില്‍ പബ്ലിഷ് ചെയ്യലാണ്. തമിഴ്നാട്ടിലെ നേതാക്കന്മാര്‍ ശരവേഗത്തില്‍ ദില്ലിക്ക് വച്ച് പിടിക്കുകയും പ്രധാനമന്ത്രി, ചിദംബരം, ജയലളിത, കരുണാനിധി തുടങ്ങി വൈകോയും വിജയകന്തുമെല്ലാം കേരള സര്‍ക്കാരിന്റെ കാലു പിടിക്കാന്‍ തിരുവനന്തപുരത്തെക്കു പാഞ്ഞു വരുന്നത് നമുക്ക് കാണാന്‍ കഴിയും. കാരണം വെള്ളം നമ്മുടെ ആവശ്യമല്ല, അത് തമിഴ്നാടിന്റെ ആവശ്യമാണല്ലോ. (തമിഴ്നാട്ടില്‍ കൃഷി ചെയ്യുന്ന മലയാളി ഭൂവുടമകളുടെയും ആവശ്യമെന്ന് വേണമെങ്കില്‍ പറയാം). തമിഴന്റെ സമ്മര്‍ദ്ധ തന്ത്രം അതെ നാണയത്തില്‍ നമുക്ക് എന്തുകൊണ്ട് തിരിച്ചു പ്രയോഗിച്ചുകൂട?
അവസരോചിതമായ ഒരു നല്ല ലേഖനം..
മറുപടിഇല്ലാതാക്കൂ