2018, ഏപ്രിൽ 26, വ്യാഴാഴ്‌ച

അലയന്‍സ് അറീനയില്‍ കളി വേറെയാണ്.

ആദ്യ സെമിഫൈനലില്‍ ലിവര്‍പൂള്‍ കോച്ചിന്‍റെ സബ്സ്റ്റിറ്റ്യൂഷന്‍ തീരുമാനങ്ങളാണ് റോമക്ക് തിരിച്ചു വരാന്‍ വീഥിയോരുക്കിയത് എങ്കില്‍ ഇന്നലെ ബയേണ്‍ മ്യൂണിക്കിനെതിരെ റയല്‍ തിരിച്ചു വന്നത് സിദാന്‍ അസെന്‍സിയോയെ ഇറക്കിയതാണ്. മത്സരപരിചയങ്ങളുടെ തഴമ്പിന്‍റെ ധാരാളിത്തം വേണ്ടുവോളം ഉണ്ടെങ്കിലും ഇന്നലെ ബെയിലും, ബെന്‍സിമയും സൈഡ് ബെഞ്ചിലായിരുന്നു കളി തുടങ്ങിയപ്പോള്‍.
ചാമ്പ്യന്‍സ് ലീഗില്‍ എന്നും മികച്ച ഫോമില്‍ കളിച്ചിട്ടുള്ള #CR7 ഇന്നലെ നിഴലില്‍ ഒതുങ്ങിപ്പോയി. ക്രിസ്ത്യനോക്ക് പന്ത് കിട്ടാനുള്ള വഴികള്‍ ഇന്നലെ കുറവായിരുന്നു. നിര്‍ഭാഗ്യം കൊണ്ടാണ് ബയേണ്‍ ഇന്നലെ വിജയിക്കാത്തത് എന്ന് നിസ്സംശയം പറയാം. അവരുടെ നിര്‍ഭാഗ്യം റയലിന്‍റെ ഭാഗ്യവും. അപൂര്‍വ്വം അവസരങ്ങളില്‍ മാത്രമാണ് റൊണാള്‍ഡോക്ക് ബോള്‍ ലഭിച്ചത്. ഷൂട്ട്‌ ചെയ്ത് വലയില്‍ കയറ്റിയ ഒന്ന് ഓഫ് സൈഡിലും പോയി!
നല്ലൊരു പ്രതിരോധ നിര ഇല്ലാത്തത് റയല്‍ മാഡ്രിഡ്‌ ഇനിയെങ്കിലും ചിന്തിച്ചിട്ടുണ്ടോ എന്ന് സംശയമാണ്. പരുക്കന്‍ കളിയുടെ ഉസ്താദ് റാമോസ് മാത്രം വിചാരിച്ചാല്‍ പ്രതിരോധത്തില്‍ കാര്യങ്ങള്‍ സുഗമമാവില്ല. കൂട്ടിനുണ്ടായിരുന്ന മറ്റൊരു ആശാന്‍ പെപ്പെ ടീം വിടുകയും ചെയ്തത് റാമോസും ടീമും നല്ലവണ്ണം മിസ്സ്‌ ചെയ്യുന്നുണ്ടാവണം. പിന്നെയുള്ള മഴ്സേലോക്ക് പിടിപ്പത് പനിയുമുണ്ട്. ആക്രമിക്കുകയും പ്രതിരോധിക്കുകയും ഒരേ സമയത്ത് ചെയ്യേണ്ടി വരുമ്പോള്‍ പാളിച്ചകള്‍ സ്വാഭാവികം. പക്ഷെ മഴ്സേലോക്ക് ഇന്നലെ നല്ല ദിവസമായിരുന്നു. കളിയുടെ അവസാന ഘട്ടത്തില്‍ ഇറങ്ങിയ ബെന്സിമക്ക് ഫിനിഷിങ്ങിലെ പ്രശ്നംകൊണ്ട് സ്കോര്‍ ചെയ്യാന്‍ പറ്റിയതുമില്ല.
ബയേണിനു ആദ്യം തന്നെ റോബന്‍ പരിക്ക് പറ്റി പുറത്ത് പോയത് വലിയ തിരിച്ചടി തന്നെയായിരുന്നു. ഈ പ്രായത്തിലും നല്ല ചില നീക്കങ്ങള്‍ നടത്തിയ റിബറിക്ക് ഭാഗ്യമില്ലാതെപോയപ്പോള്‍ ഉറപ്പായിരുന്നു ഗോളവസരങ്ങള്‍ നഷ്ടമായത് ഒന്നിലേറെ തവണ. ആക്രമണമായിരുന്നു ഇന്നലെ ബയേണിന്‍റെ പ്രധിരോധം. ഗോള്‍മുഖത്തെ കൂട്ടപ്പൊരിച്ചില്‍ പല അവസരങ്ങളും അവര്‍ക്ക് നഷ്ടമായത് ചെറിയ വ്യത്യാസത്തിലാണ്. ബയേണ്‍ നിരയില്‍ ഹമിസ് റോഡ്രിഗസ് ഇന്നലെ നല്ല ഫോമിലായിരുന്നു. ബയേണ്‍ മുന്നേറ്റ നിരക്ക് പന്ത് കിട്ടിയിരുന്നത് ഹാമിസിന്‍റെ കാലുകളില്‍ നിന്നുള്ള അളന്നു മുറിച്ചുള്ള പാസ്സുകളില്‍ ആയിരുന്നു. കളിയുടെ സ്റ്റാറ്റിസ്റ്റിക്സ് എടുത്ത് നോക്കിയാലും ബയേണ്‍ - റയല്‍ വ്യത്യാസം അടുത്തറിയാം.
അടുത്തയാഴ്ച ബെര്‍ണബ്യൂവില്‍ രണ്ടാം പാദ അങ്കം കുറിക്കുമ്പോള്‍ റയലിന് രണ്ട് എവേ ഗോളുകളുടെ മുന്‍തൂക്കം ഉണ്ടെങ്കിലും, ബയേണിനു റയലിനെ മറികടക്കാന്‍ ഗോള്‍ വഴങ്ങതെയുള്ള വലിയ മാര്‍ജിന്‍ വിജയം തന്നെ അത്യാവശ്യമാണ്!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ