2015, ഫെബ്രുവരി 26, വ്യാഴാഴ്‌ച

ഞാന്‍ കണ്ട സിനിമ - വര്‍ഷം

മമ്മൂട്ടി എന്ന മലയാളിയുടെ സ്വകാര്യ(!) അഹങ്കാരമായ നടന്‍റെ 2014ല്‍  പുറത്തിറങ്ങിയ സിനിമയാണ് രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്ത വര്‍ഷം-നിര്‍മ്മിച്ചത് മമ്മൂക്കയുടെ സ്വന്തം നിര്‍മ്മാണ കമ്പനി പ്ലേഹൌസ്.  ഇറങ്ങിയപ്പോള്‍ മുതല്‍ ഇതൊരു കണ്ണീര്‍ സിനിമയാണ് എന്നാണു കേള്‍ക്കാന്‍ കഴിഞ്ഞത്.  ആ ഒരു ധാരണ വെച്ചുതന്നെയാണ് കണാനുമിരുന്നത്.

രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്ത തൊട്ടുമുന്‍പത്തെ ചിത്രം "പുണ്യാളന്‍ അഗര്‍ബത്തീസ്" പറഞ്ഞതില്‍ നിന്നും വ്യത്യസ്ഥമായ ഒരു പശ്ചാത്തലം ഇതിനുണ്ട് എങ്കിലും രണ്ടിലും ജീവിതം നേരിടുന്ന പ്രതിസന്ധികള്‍ തന്നെ വിഷയം.  കഥയുടെയും കഥാനായകന്‍റെയും ജീവിത പശ്ചാത്തലം വരച്ചുകാണിക്കാന്‍ വേണ്ടി സംവിധായകന്‍ ആദ്യമേ നടത്തുന്ന ശ്രമങ്ങള്‍ അല്‍പ്പം അരോചകത്വം പകര്‍ന്നതായിട്ടാണ് എനിക്ക് തോന്നിയത്.  തീര്‍ത്തും ബാലിശമായ കാര്യങ്ങള്‍ പോലും അല്‍പ്പം വലിച്ചു നീട്ടി.  പക്ഷെ ഒരു പ്രത്യേക ട്വിസ്റ്റ്‌ കഴിയുമ്പോള്‍ മുതല്‍ സിനിമ മാറുകയാണ്.  അവിടം മുതലാണ്‌ ശരിക്കും നമുക്ക് വര്‍ഷത്തിന്‍റെ പെയ്ത്ത് അറിയുന്നത്.

ആനന്ദ് ഗ്രൂപ്പ് തലവന്‍ വേണുഗോപാല്‍ (മമ്മൂട്ടി) പിന്നെ അയാളുടെ ഭാര്യ നന്ദിനി (ആശാ ശരത്ത്).  മനോരമ ന്യൂസ് മേക്കര്‍ തെരഞ്ഞെടുപ്പിനായി നോമിനേഷന്‍ ലഭിച്ചിട്ടുള്ള വേണുവിന്‍റെ അഭിമുഖത്തോടെയാണ് കഥ തുടങ്ങുന്നത്.  ബിസിനസ്സിനു വേണ്ടി അരുതാത്ത പലതും ചെയ്യുന്ന അല്ലെങ്കില്‍ വിട്ടുവീഴ്ചയില്ലാത്ത മനോഭാവം പ്രകടിപ്പിക്കുന്ന ഒരു വ്യക്തിയെയാണ് നമ്മള്‍ വേണുവില്‍ കാണുന്നത്.  അല്‍പ്പം ഭാരമുള്ള പൊങ്ങച്ചസഞ്ചി കൊണ്ടുനടക്കുന്ന ഭാര്യയും അതിനനുസരിച്ച ഒരു ഭര്‍ത്താവും. അവരുടെ ചുറ്റുപാടുകള്‍.  ഇതിനിടയില്‍ ഒരു പ്രത്യേക സന്ദര്‍ഭത്തില്‍ വ്യക്തിജീവിതത്തില്‍ ഉണ്ടാകുന്ന ഒരു അനുഭവം വേണുവില്‍ വരുത്തുന്ന മാറ്റം.  അവസാനം ജനോപകാരപ്രദമായ ചില കാര്യങ്ങള്‍ക്ക് മുന്നിട്ടിറങ്ങിയപ്പോള്‍ പല തലങ്ങളില്‍നിന്നും നേരിടേണ്ടി വരുന്ന പ്രതിസന്ധികള്‍!

ആദ്യ ഘട്ടത്തിലെ ചില ബോറടികള്‍ ഒഴിച്ച് നിര്‍ത്തിയാല്‍ പിന്നീട് സിനിമ കൂടുതല്‍ വൈകാരിക മുഹൂര്‍ത്തങ്ങള്‍ പ്രേക്ഷകനു നല്‍കുന്നു.  മമ്മൂട്ടി എന്ന മനുഷ്യന്‍ വേണുവായി ഇതില്‍ ജീവിക്കുകയായിരുന്നു.  അത്രക്ക് മികവു പറയാന്‍ ഇല്ലെങ്കിലും ആശാ ശരത്തിന്‍റെ ഭാര്യാവേഷവും നല്ല നിലവാരം പുലര്‍ത്തി. മമ്മൂട്ടിക്ക് ചേര്‍ന്ന ഒരു ജോഡിയാണ് ആശ.  കൂടാതെ സുനില്‍ സുഗദ (ശംഭു) പിന്നെ ടി.ജി. രവിയുടെ വില്ലന്‍ കഥാപാത്രം (പീറ്റര്‍).  ബാക്കിയുളവര്‍ എല്ലാം മികവു കാട്ടി എന്നേ പറയുന്നുള്ളൂ.  കാരണം മമ്മൂട്ടിയുടെ തകര്‍പ്പന്‍ പെര്‍ഫോമന്‍സ് അവരെയെല്ലാം നിഷ്പ്രഭമാക്കി!!  മേന്മയുള്ള കഥാപാത്രം കിട്ടിയത് മമ്മൂട്ടിയുടെ ജേഷ്ടന്‍ ആയി വന്ന ഹരീഷ് പെരടിക്കാണ്.  കൂടാതെ മമ്ത മോഹന്‍ദാസും കിട്ടിയ റോള്‍ ഭംഗിയാക്കി.

ഒരുപാട് പ്രതീക്ഷകളോടെ മക്കളുടെ അഭിരുചികളും താല്പര്യങ്ങളും മനസ്സിലാക്കാതെ വളര്‍ത്തി പഠിപ്പിക്കുന്ന മാതാപിതാക്കള്‍ തീര്‍ച്ചയായും വര്‍ഷം കണ്ടിരിക്കേണ്ടതാണ്.  സെന്‍ടിമെന്‍റ്സ് കൂടിപ്പോയി എന്ന് ചിലര്‍ ഒക്കെ വിമര്‍ശനം ഉന്നയിച്ചേക്കാം അതില്‍ ശരിയുമുണ്ട്.  അത്രകണ്ട് ചില സന്ദര്‍ഭങ്ങളില്‍ ഒരു കരച്ചില്‍ നിലവാരത്തിലേക്ക് സിനിമ പോകുന്നുമുണ്ട്.

അതിവേഗം ആഗോളവല്‍ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഇന്നത്തെ സമൂഹത്തില്‍ എടുത്തു പറയാവുന്ന മറ്റൊരു കാര്യം നമ്മുടെ ബഹുസ്വര സമൂഹത്തില്‍ ഈ സിനിമ അതിന്‍റെ തന്നെ ഒരു പകര്‍പ്പാണ് കാണിക്കുന്നത്.  ചെറുമീനുകളെ മൊത്തം വിഴുങ്ങുന്ന വന്‍ മത്സ്യങ്ങളുടെ കുത്തക വിപണിയുടെ ഒരു നേര്‍ക്കാഴ്ചയത്രേ വര്‍ഷം. സാമ്പത്തിക തലത്തില്‍ നോക്കിയാല്‍ ഒരു പരിധിവരെ ജനോപകാരപ്രദമായ ചെറുകിട-ഇടത്തരം സംരംഭങ്ങളെ കടപുഴക്കി തങ്ങളുടെ നിലനില്‍പ്പ്‌ ഭദ്രമാക്കി വിപണിയില്‍ നിലകൊള്ളുന്നതിനുവേണ്ടി എന്ത് ഹീനമാര്‍ഗ്ഗവും സ്വീകരിച്ച്ചുകൊണ്ടും ഭരണ-ഉദ്യോഗസ്ഥ കൂട്ടുകെട്ടുകള്‍ ഉണ്ടാക്കിയെടുത്ത് അരങ്ങുവാഴുന്ന  കോര്‍പ്പറേറ്റു സ്ഥാപനങ്ങളെ ഈ സിനിമക്ക് തൂലിക ചാലിപ്പിച്ചവര്‍ ഒരുവേള മനസ്സില്‍ കുടിയിരുത്തിയിട്ടുണ്ടാകും തീര്‍ച്ച! 

ഹൃദയത്തെ സ്പര്‍ശിക്കുന്ന ചില മുഹൂര്‍ത്തങ്ങള്‍ ഈ സിനിമയില്‍ ഉണ്ട്.  ശംഭു സാറിന്‍റെ കാന്‍സര്‍ രോഗിയായ മകന്‍റെ മുന്നില്‍ വെച്ച് തന്‍റെ മകനെ ആ കുട്ടിയുമായി കൂട്ടുകൂടുന്നതും കളിക്കുന്നതും വിലക്കിയ വേണു മകനെ കൂട്ടി നടന്നകലുമ്പോള്‍ നോക്കി നില്‍ക്കുന്ന ശംഭു സാറിന്‍റെ മുഖം നമ്മള്‍ ഒരിക്കലും മറക്കില്ല.

മനസ്സിന്‍റെ ആര്‍ദ്രത അഭിനയിച്ചു ഫലിപ്പിക്കുന്നതില്‍ മമ്മൂട്ടി എന്ന നടന്‍ ചിലപ്പോഴൊക്കെ ഒരു വിസ്മയമായി തീരുന്നത് തെല്ലൊരു അഭിമാനത്തോടെ പ്രേക്ഷകരായി നമുക്ക് കണ്ടിരിക്കാം.  ചില രംഗങ്ങളില്‍ വല്ലാതെ "ഓവര്‍" ആക്കിയതോഴിച്ചാല്‍ പടത്തിലെ വൈകാരിക മുഹൂര്‍ത്തങ്ങള്‍ കണ്ടിറങ്ങുന്ന പ്രേക്ഷകര്‍ കണ്ണ് തുടക്കുന്നു എങ്കില്‍ നമുക്ക് അവരെ കുറ്റം പറയാന്‍ പറ്റില്ല തന്നെ!  സിനിമയെ മൊത്തം നോക്കുമ്പോള്‍ മികച്ചതൊന്നും അല്ലെങ്കിലും സകുടുംബം കണ്ടിരിക്കാവുന്ന ഒരു സിനിമ.

വാല്‍ക്കഷണമായി ഒരു കാര്യം കൂടി പറഞ്ഞു നിര്‍ത്താം.  ചിത്രത്തിന്‍റെ തുടക്കത്തിന്റെ ആമുഖത്തില്‍ മനോരമ ന്യൂസ് മേക്കറിനെ തെരഞ്ഞെടുക്കാന്‍ പോകുന്നതിന്‍റെ ഒരു ഗീര്‍വാണം അവതാരകന്‍ കാച്ചിവിടുന്നുണ്ട്.  അത് പ്രകാരം സിനിമാ സെലിബ്രിറ്റികളെയോ രാഷ്ട്രീയ നേതാക്കളെയോ അല്ല തെരഞ്ഞെടുക്കാന്‍ വേണ്ടി പ്രേക്ഷകരോട് ആവശ്യപ്പെട്ടുകൊണ്ട് അവതരിപ്പിക്കുന്നത്.  പക്ഷെ ഈ ഗീര്‍വാണം യഥാര്‍ത്ഥത്തില്‍ ഈയിടെ നടന്നപ്പോള്‍ ഇന്ത്യയുടെ യശസ്സ് ലോകം മുഴുവന്‍ ഉയര്‍ത്തിയ ശാസ്ത്രജ്ഞനെ കൈവിട്ടു മനോരമക്കാര്‍ തെരഞ്ഞെടുത്തത് കേവലം ഒരു സില്‍മാ നടിയെയാണ് എന്നത് വിരോധാഭാസം എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു (അത് പ്രേക്ഷകരാണ് SMS വഴി തെരഞ്ഞെടുത്തത് എന്ന് അവരുടെ പെടലിക്ക് വെച്ച് രക്ഷപ്പെടുകയുമാകാം, SMSന്‍റെ പൈസ പെട്ടിയില്‍ വീണിട്ടുമുണ്ടാകും)!!! 

എന്‍റെ റേറ്റിംഗ്: 6/10

6 അഭിപ്രായങ്ങൾ:

  1. സെന്റിമെന്റ് ചിത്രങ്ങള്‍ ഇഷ്ടപ്പെടാറില്ല. എന്നാലും ഇതൊന്ന് കാണണം

    മറുപടിഇല്ലാതാക്കൂ
  2. സത്യസന്ധമായ ഒരു റിവ്യൂ.... അഭിനന്ദനങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  3. മമ്മുക്കയുടെ അഭിനയം കൈമോശം വന്നു പോയിട്ടില്ല എന്ന് ഓർമ്മപ്പെടുത്തിയ സിനിമയാണ് വർഷം. കുറെ കാലങ്ങളായി മമ്മുക്കയിൽ നിന്ന് കാണാൻ സാധിക്കാതിരുന്ന ഭാവാഭിനയങ്ങൾ കാണാൻ സാധിച്ചു അതുമല്ലെങ്കിൽ അദ്ദേഹത്തിന് പെർഫോം ചെയ്യാൻ പാകത്തിലുള്ള കുറെ നല്ല ഇമോഷണൽ സീനുകൾ ഉൾപ്പെടുത്താൻ രഞ്ജിത്ത് ശങ്കറിന് സാധിച്ചു എന്ന് പറയാം. ഈ സീനുകൾ ഇല്ലായിരുന്നെങ്കിൽ ഈ സിനിമ എന്താകുമായിരുന്നു എന്നറിയില്ല. കാരണം കഥയൊക്കെ അത്രമേൽ ഊഹിക്കാവുന്നതും കണ്ടു മറന്നതുമാണ്. ബിജിബാലിന്റെ സംഗീതത്തിനും പശ്ചാത്തല സംഗീതത്തിനും ഈ സിനിമയുടെ വിജയത്തിന് മേൽ നല്ലൊരു പങ്കുണ്ട്.

    ടി.ജി രവിയുടെ വില്ലൻ വേഷം ഭയങ്കര സംഭവമാകും എന്നൊക്കെ കരുതിയത് വെറുതെയായി. കുറേ കഥാപാത്രങ്ങൾ നല്ലവരോ ചീത്തവരോ എന്ന് മനസിലാക്കാൻ പറ്റാത്ത വിധം വന്നു പോകുന്നുണ്ട്. ഹരീഷ് പേരടി ചെയ്ത ഏട്ടൻ കഥാപാത്രം വളരെയേറെ നന്നായി തോന്നി. സജിതാ മഠത്തിലിന്റെ സംസാര ശൈലി വളരെ ടൈപ്പ് ആയി മാറിക്കൊണ്ടിരിക്കുന്നത് കൊണ്ടാണെന്ന് തോന്നുന്നു. ഏതു കഥാപാത്രം ചെയ്താലും ഷട്ടർ സിനിമയിലെ കഥാപാത്രത്തിന്റെ മാനറിസങ്ങൾ മാത്രമാണ് അവരിൽ നിന്ന് വരുന്നത്. ക്ലൈമാക്സിലെക്ക് എത്തുമ്പോഴേക്കും നാടകീയതകൾ പലതും അരങ്ങേറുന്നുണ്ടെങ്കിലും കണ്ണ് നനയിക്കും വിധം സിനിമ വളരെ ടച്ചിംഗ് ആയിരുന്നു പലയിടങ്ങളിലും. അവിടെയൊക്കെയും മമ്മുക്ക എന്ന നടന്റെ അഭിനയ മികവ് നല്ലത് പോലെ കാണാൻ സാധിച്ചു. അത് തന്നെയാണ് ഈ സിനിമയുടെ പ്രധാന പ്ലസ് പോയിന്റ് . ഈ സിനിമ ഇഷ്ടപ്പെട്ടു പോകുന്നതും അത് കൊണ്ട് തന്നെ.

    മറുപടിഇല്ലാതാക്കൂ
  4. വർഷം കണ്ടില്ല - കണ്ടിട്ട് തീരുമാനിക്കാം

    മറുപടിഇല്ലാതാക്കൂ
  5. ഒറ്റ മക്കളുള്ള ഇന്നത്തെ ന്യൂക്ലിയർ
    ഫേമിലികളിൽ സംഭവിക്കുന്ന കഥ
    ഞാൻ കണ്ടിരുന്നു, ഞങ്ങളുടെ നാടിന്റെ
    പാശ്ചാത്തലമായത് കൊണ്ടാകം പടം ഇഷ്ട്ടപ്പെടുകയും ചെയ്തു...

    മറുപടിഇല്ലാതാക്കൂ