ഒരു KSRTC അനുഭവം! തിയതി 09.04.2019. ബസ്സ് RPC101 KL15A763. ജോലി സംബന്ധമായ ഒരു ആവശ്യത്തിന് തിരുവനന്തപുരം സന്ദർശിച്ചു തിരിച്ചു പോരുകയാണ്. തലസ്ഥാനത്തു നിന്ന് കൊല്ലം, ആലപ്പുഴ, തോപ്പുംപടി വഴി എറണാകുളം സ്റ്റാന്റ്, ഇടപ്പിള്ളി, പറവൂർ കൊടുങ്ങല്ലൂർ, ഗുരുവായൂർ, കോഴിക്കോട് പോകുന്ന വണ്ടി. പുറപ്പെടൽ സമയം 16:15. പകൽ സമയത്തെ തിരക്ക് പിടിച്ച കാര്യങ്ങൾ പൂർത്തീകരിച്ചു ഉച്ചഭക്ഷണം വൈകി കഴിച്ച് അവസാനം 16:00 ന് എന്റെ സുഹൃത്ത് മധുവേട്ടൻ തമ്പാനൂരിൽ കൊണ്ട് വിട്ടു. 16:15ന് സമയം കാണിച്ച വണ്ടി പിടിക്കണം എന്ന ലക്ഷ്യം.
കൗണ്ടറിൽ ചോദിച്ചപ്പോൾ നേരെ മുൻപിലുള്ള റാമ്പിൽ വരുമെന്ന് പറഞ്ഞു. പറഞ്ഞ സമയം കഴിഞ്ഞ് ചോദിച്ചപ്പോളും ഇപ്പൊ വരും. കാൻസൽ അല്ല എന്ന് ആ സർ ക്ഷമയോടെ അറിയിച്ചു. ഇതിനിടയിൽ ആരോടൊക്കെയോ ഫോണിലും നേരിട്ടും കൊടുങ്ങല്ലൂർ വഴി പോകുന്ന ആ വണ്ടിയെ അന്വേഷിക്കുന്നു. സമയം 17:00നോട് അടുക്കുന്നു. ഒരുപാട് വണ്ടികൾ ആ റാമ്പിൽ വന്നുപോയി! 17:00ന് 5 മിനിറ്റ് ബാക്കിയുള്ളപ്പോൾ മേല്പറഞ്ഞ വണ്ടി വന്നപ്പോൾ റാമ്പ് ഒഴിവില്ല. ഹോണടി, കണ്ടക്ടർ വന്ന് മറ്റേ ബസ്സിലെ ഡ്രൈവറെ കുറെ വഴക്ക് ഒക്കെ പറഞ്ഞു ഓടിച്ചുവിട്ടു. നമ്മുടെ വണ്ടി റാമ്പിൽ കയറി. ഞാനും പത്തിൽ താഴെ യാത്രക്കാരും കയറി. കൃത്യം 17:00ന് വണ്ടി എടുത്തു. കണ്ടക്ടർക്ക് എന്തോ ഒരു പന്തികേട് ആദ്യമേ ഫീൽ ചെയ്തിരുന്നു. ഡ്രൈവറോടും എന്തോ തർക്കിക്കുന്നത് കേട്ടു.
224 രൂപ കൊടുങ്ങല്ലൂർ ടിക്കറ്റ് ചില്ലറയായി തന്നെ കൊടുത്തു. ഇതിനിടയിൽ വണ്ടി സിറ്റിയിലെ ഏതൊക്കെയോ സ്റ്റോപ്പുകളിൽ നിർത്തുകയും സ്ത്രീകൾ അടക്കം ഏതാണ്ട് സിറ്റിങ് ഫുൾ ആയി. ഹെഡ്‌സെറ്റിൽ പാട്ടു കേൾക്കുകയും അത്യാവശ്യം ചില വാട്സ്ആപ് മെസേജുകൾ അയക്കുകയും ചെയ്യുന്നത് കാരണം പുറകിൽ നിന്നും ചില്ലറയുടെ പേരിൽ കേട്ട ചില കശപിശ ശ്രദ്ധിച്ചില്ല. കുറച്ചു കഴിഞ്ഞ് ഇയാൾ മുൻപിൽ കയറിയ ഒരു പെൺകുട്ടിയെ കണ്ടക്ടർ സീറ്റിൽ നിന്ന് എഴുനേൽപ്പിക്കുകയും ലേഡീസ് സീറ്റിലേക്ക് മാറ്റിയിരുത്തുകയും ചെയ്തു. ചില്ലറ ആ കുട്ടിയുടെ കൈയ്യിൽ ഉണ്ടായില്ല. ഇനി മേലാൽ ചില്ലറ ഇല്ലാതെ വണ്ടിയിൽ കയറരുത് എന്ന് ആവർത്തിച്ച് പറഞ്ഞുകൊണ്ട് കുറച്ചു കഴിഞ്ഞ് ബാക്കി നൽകി. വണ്ടി അങ്ങിനെ കൊല്ലം സ്റ്റാന്റിൽ എത്താൻ തിരിഞ്ഞെന്നു തോന്നുന്നു, പോലീസ് വണ്ടി സൈഡാക്കിയിട്ട് കൈകാണിക്കുന്നു. എന്തൊക്കെയോ പറഞ്ഞുകൊണ്ട് ഡ്രൈവർ വണ്ടിയൊതുക്കി ഓഫ് ചെയ്തു.
ഒന്നു രണ്ടു സ്ത്രീകൾ ഇറങ്ങി പോലീസിനോട് കണ്ടക്ടറെ ചൂണ്ടി എന്തോ പറയുന്നുണ്ട്. കൂട്ടത്തിലെ SI മുന്നോട്ട് വന്ന് കണ്ടക്ടറെ വിളിച്ച് അയാളുടെ പേരും മറ്റും കുറിച്ചെടുക്കുന്നു, ടാഗ് നോക്കി. പെട്ടെന്ന് കണ്ടക്ടർ ഞാനാരാണ് എന്ന് നിങ്ങൾക്ക് അറിയാമോ എന്നൊക്കെ ചൂടായി പറയുകയും ചോദിക്കുകയും ഒക്കെ ചെയ്യുന്നുണ്ട്. അസാമാന്യ കലിപ്പിൽ മൂന്നു കൂട്ടരും. ഡ്രൈവർ വണ്ടിയിൽ തന്നെ ഇരുന്നു. പിന്നേ ഇറങ്ങി മാറി നിന്ന് രംഗം കാണുന്നു. 15 മിനിറ്റ് കഴിഞ്ഞ് വണ്ടി എടുക്കുന്നു. ഇതിൽ സ്ത്രീകൾ പറയുന്നത് കണ്ടക്ടർ അവരോട് തർക്കത്തിനിടയിൽ അശ്ലീലമായ ഭാഷയിൽ സംസാരിച്ചു, കൂടാതെ കാണിച്ചു തരാം നിനക്കൊക്കെ, മിണ്ടാതെ ഇരുന്നോണം എന്നൊക്ക പറഞ്ഞു എന്നാണ്. അങ്ങനെ കുറച്ചു കഴിഞ്ഞ് വണ്ടി കൊല്ലം സ്റ്റാൻഡിൽ എത്തി. അപ്പോൾ ആ പരാതിക്കാരികൾ ഇതാ അവിടെയും. ഇത്തവണ ഭർത്താക്കന്മാരും പിന്നെ ആരൊക്കെയോ ഉണ്ട്. സംഗതി വീണ്ടും സീൻ!
ഓഫീസിൽ വെളുത്ത ഷർട്ട് ഇട്ട ഒരു സാർ കാര്യങ്ങൾ ചോദിക്കുന്നു, കണ്ടക്ടറും, പരാതിക്കാരുടെ ഭാഗവും തമ്മിൽ ഇപ്പോൾ അടി വീഴും എന്ന നിലയിൽ! വെള്ളഷർട്ട് ഇട്ട സാർ കണ്ടക്ടർ ബാഗും, മെഷീനും ഒക്കെ വാങ്ങിക്കുന്നു, അയാളെ വേറൊരു മുറിയിലേക്ക് കൊണ്ടുപോകുന്നു, പൈസ എണ്ണുന്നു, ഏതാനും രൂപ കുറവ് എന്താണെന്നു ഒക്കെ ചോദിക്കുന്നു. കണ്ടക്ടറും പരാതിക്കാരും വീണ്ടും സംഘർഷം തുടരുന്നു. ഇതിനിടയിൽ അര – മുക്കാൽ മണിക്കൂറിൽ അധികം ആയി. ഞാൻ ആ ഡിപ്പോ സാറിനോട് വണ്ടി പോകുമോന്നു ചോദിച്ചപ്പോൾ 5 മിനിറ്റ് എന്ന് സന്തോഷത്തോടെ മറുപടി. കുറച്ച് ഫോര്മാലിറ്റിസ് ഉണ്ടെന്നു. ഒരുപാട് തവണ ചോദിക്കുന്നവരോടൊക്കെ ഈ 5 മിനിറ്റ് അദ്ദേഹം പറഞ്ഞുകൊണ്ടിരുന്നു! ഇതിനിടയിൽ വീണ്ടും ഓഫീസിലേക്ക്! ഇതിനിടയിൽ എറണാകുളം, ആലപ്പുഴ സ്ഥലങ്ങൾക്ക് ഉള്ളിലുള്ള കുറെ ടിക്കറ്റുകാർ കയറി, പക്ഷെ ബസുമായി ബന്ധപ്പെട്ടുള്ള പ്രശ്നം അറിഞ്ഞു അവരൊക്കെ ഇറങ്ങി നിന്ന് ഏതൊക്കെയോ വണ്ടികളിൽ പോയി!വീണ്ടും പോലീസ് ടീം എത്തി. പിന്നെയും പോർവിളി, സംഘർഷം… ഇതിനിടയിൽ കണ്ടക്ടറെ മാറ്റി പുതിയ ആളെ കിട്ടുമോന്നുള്ള അന്വേഷണം, no രക്ഷ! വെള്ളഷർട്ട് സാർ ഇതിനിടെ ബസ്സിൽ വന്ന് എന്നോടും സംഭവങ്ങൾ ചോദിച്ചു. പേരും ഫോൺ നമ്പറും വാങ്ങി. അറിയാവുന്ന കാര്യങ്ങൾ പറഞ്ഞുകൊടുത്തു. അങ്ങിനെ 21:07 ആയപ്പോൾ വണ്ടി എടുത്തു. ഇതിനിടയിൽ ചില ഫോട്ടോസ് എടുക്കുന്നതിനിടയിൽ എന്റെ ഫോൺ ചാർജ്ജ് തീർന്നു ഓഫായി! പെട്ടു! ഏതാണ്ട് 7 മണിക്ക് കൊല്ലം വന്ന് പോകേണ്ട വണ്ടിയാണ്. അതേ ക്രൂവിനെ വെച്ച് തന്നെ മുന്നോട്ട്.. ഡ്രൈവർ ഇതുവഴി ആദ്യമാണ്, വഴി അറിയില്ല.. അത് വേറൊരു ട്വിസ്റ്റ്! ഇതിനിടയിൽ ഒരു വനിതാ കണ്ടക്ടർ ഡ്യൂട്ടി കഴിഞ്ഞ് കൊല്ലത്തിനു ശേഷമുള്ള ഏതോ ഡിപ്പോയിൽ നിന്ന് കയറിയിരുന്നു. മുന്പിലായിരുന്ന കണ്ടക്ടർ അവരോട് പാസ്സ് കാണിക്കാൻ നിങ്ങൾ മുന്നോട്ട് വന്ന് കാണിക്കണമെന്ന് പറഞ്ഞു, അതിന്റെ പേരിൽ യാത്രക്കാർ ഏറ്റുപിടിക്കുന്നു, അവസാനം സോറി പറഞ്ഞു. കരച്ചിലിന്റെ വക്കിലെത്തിയ ആ ചേച്ചിക്ക് ഇറങ്ങുന്ന സ്ഥലം കഴിഞ്ഞ് ഒരു കിലോമീറ്ററോളം കഴിഞ്ഞാണ് കണ്ടക്ടർ നിർത്തി കൊടുത്തത്.ചില പോയിന്റുകളിൽ നിന്നെല്ലാം ആളുകൾ കയറി. സ്ഥിരം യാത്ര ചെയ്യുന്ന ഒരു ചേട്ടൻ കയറേണ്ട സെന്ററുകൾ എത്തുമ്പോൾ വഴി പറഞ്ഞു കയറ്റിച്ചുകൊണ്ടിരുന്നു. ആലപ്പുഴ കഴിഞ്ഞ് ചേർത്തല ഡിപ്പോയിലേക്ക് തിരിയേണ്ട വഴി പിന്നിട്ടപ്പോൾ കണ്ടക്ടർക്ക് ബോധം വന്നു! ഓ നമ്മള് ചേർത്തല കേറുന്ന വഴി കഴിഞ്ഞു! പിന്നെ ഏതോ ഒരു വഴിയിലൂടെ ചേർത്തല സ്റ്റാന്റഡിൽ വീണ്ടും തിരിച്ചിറങ്ങി! അരൂർ എത്തിയപ്പോൾ നേരെ റൈറ്റ് പൊക്കോ.. എന്ന് കണ്ടക്ടർ! യാത്രക്കാർ ഒറ്റ സ്വരത്തിൽ ലെഫ്റ്റ് ലെഫ്റ്റ്… വണ്ടിയുടെ അധിപനായ കണ്ടക്ടറുടെ കല്പന പ്രകാരം ടോൾ പ്ലാസയിൽ എത്തിയപ്പോൾ വീണ്ടും കണ്ടക്ടർക്ക് ബോധവും ബോധ്യവും! U ടേൺ എടുത്ത് തിരികെ തോപ്പുംപടി വഴി എംജി റോഡ്. Ekm സ്റ്റാൻഡിലേക്ക് തിരിയുന്ന പോയിന്റ് ഒരു ചേട്ടൻ ആവർത്തിച്ച് പറഞ്ഞു. പക്ഷേ ബസ്സ് മാധവ ഫാർമസി വഴി, കച്ചേരിപ്പടി നോർത്ത് പാലത്തിനരികെ, ഉടൻ വീണ്ടും കണ്ടക്ടർ നമുക്ക് u turn എടുക്കണം. പകൽ സമയത്ത് എങ്ങാനും ആയിരുന്നുവെങ്കിൽ ബസ്സ് കൊച്ചി സിറ്റി പോലീസ് കസ്റ്റഡിയിൽ കിടന്നേനെ!
വീണ്ടും കച്ചേരിപ്പടി, ചിറ്റൂർ റോഡ് വഴി സ്റ്റാൻഡ്! പാവം ഡ്രൈവർ! അവിടെ കുറെ ആളുകൾ കയറി. ഇതിനിടയിൽ ഒരു റിസർവേഷൻ പാസഞ്ചർ വിളിച്ചു ഇടപ്പിള്ളി ഉണ്ടെന്നു പറഞ്ഞപ്പോൾ “നിങ്ങൾ ഓട്ടോ പിടിച്ച് സ്റ്റാൻഡിൽ വാ, അല്ലെങ്കിൽ കലൂർ വരൂ” എന്നൊക്കെ പറയുന്നത് കേട്ടു. അയാൾ കയറിയോ ആവോ. 10 മിനിട്ടിനു ശേഷം പത്മ വഴി വീണ്ടും കച്ചേരിപ്പടി കലൂർ വഴി മുന്നോട്ട്. ഇടപ്പള്ളിയിൽ നിന്ന് ഏതാനും പേര് കയറി. വരാപ്പുഴ ചിലർ ഇറങ്ങി. “പറവൂർ സ്റ്റാൻഡ് പോകുമോ” എന്ന് ഒരാൾ ചോദിച്ചപ്പോൾ കേട്ട ഭാവം ഇല്ലാതെ കണ്ടക്ടർ. പറവൂർ സ്റ്റാണ്ടിലേക് തിരിയുന്ന സ്ഥലം കഴിഞ്ഞു മുന്നോട്ട് പോകാൻ തുടങ്ങിയപ്പോൾ വീണ്ടും കണ്ടക്ടർക്ക് ബോധം വന്നു. റിവേഴ്‌സ് എടുത്ത് തിരിച്ചു നേരെ സ്റ്റാൻഡിൽ!
പിന്നെ കൊടുങ്ങല്ലൂർ TKSപുരം. ക്ഷമകെട്ട യാത്രക്കാർ ബൈപ്പാസിൽ നിന്ന് നേരെ നേരെ എന്ന് പറയുന്നു. കണ്ടക്ടർക്ക് no ബോധം. വഴി പറഞ്ഞുകൊണ്ട് മുന്പിലിരുന്ന ചേട്ടനും സൈലന്റ് അതോ പുള്ളിയുടെ ബാറ്ററിയും തീർന്നോ ആവോ?! കൊടുങ്ങല്ലൂർ പള്ളി, അമ്പലം ഒക്കെ കൂടി പോകാറാണ് പതിവെന്ന് കണ്ടക്ടർ ഇടക്ക് പറഞ്ഞു, പക്ഷെ ഇത്തവണ ആരും അത് മൈന്റ് ചെയ്തില്ല. ബൈപാസ് സിഗ്നലുകൾ പിന്നിട്ട് ചന്തപ്പുരയിൽ എത്തി. ഞാനും വേറൊരാളും അവിടെയിറങ്ങി. സമയം 02:30. ഓട്ടോ പിടിച്ച് വീട്ടിലെത്തിയപ്പോൾ 02:55!!! സംഭവബഹുലമായ ഒരു ആനവണ്ടി സവാരിക്ക് സമാപ്തി! ആ ബസ്സ് കോഴിക്കോട് എപ്പോൾ എത്തിയോ ആവോ? കണ്ടക്ടർക്ക് എന്തായാലും തിരിച്ചു ചെല്ലുമ്പോൾ ഒരു സ്വീകരണം കൊടുക്കണം. PWD അവാർഡ് മിക്കവാറും റെഡിയായിരിക്കും!