2010 മാർച്ച് 24, ബുധനാഴ്‌ച

ചൂടുകാലത്തെ ചിന്തകള്‍

സസ്യ ശ്യാമള കോമള.............................. എന്നും മറ്റും കവികള്‍ പലതരത്തില്‍ കേരളത്തെ പറ്റി പുകഴ്ത്തിയിട്ടുള്ളത് ഇപ്പോള്‍ കുളിപ്പിച്ച് കുളിപ്പിച്ച് കുട്ടിയില്ലാതായി എന്ന മട്ടിലായിരിക്കുന്നു. ആഗോള താപനം എന്ന വാക്ക് കേവലം ചാനലുകളിലെ ചര്‍ച്ചകളില്‍ ഉയര്‍ന്നു കേള്‍ക്കുന്ന വാക്ക് എന്ന നിലയില്‍ നിന്നും മലയാളിയുടെ അനുഭവമായി മാറിയിരിക്കുന്നു. പണ്ട് മകരത്തിലെ മരം കോച്ചുന്ന തണുപ്പില്‍ കൊടുങ്ങല്ലൂരില്‍ നിന്നും സെക്കന്റ് ഷോ സിനിമ കഴിഞ്ഞു വന്ന സമയത്ത് പോലീസ് തടഞ്ഞു നിര്‍ത്തിയതും തണുത്ത് വിറക്കുന്നത് കണ്ടപ്പോള്‍ വിട്ടയച്ചതുമെല്ലാം ഒരു ഓര്‍മ്മ. കൊടുങ്ങല്ലൊരിലെ താലപ്പൊലി സമയത്തും നല്ല തണുപ്പായിരുന്നു. പിന്നീട് പരിസര പ്രദേശങ്ങളിലെ അമ്പലങ്ങളിലെ ഉല്‍സവങ്ങള്‍ കഴിഞ്ഞു വരുമ്പോളും "ന്റമ്മോ..എന്തൊരു തണുപ്പാടാ.." എന്നു പറഞ്ഞു കടലാസുകളും വഴിയില്‍ കാണുന്ന കത്തിക്കാന്‍ പറ്റുന്ന മറ്റു വസ്തുക്കളും കൂട്ടിയിട്ട് കത്തിച്ച് തീ കാഞ്ഞതുമെല്ലാം ഒരു ഓര്‍മ്മ മാത്രമാകുന്നു.

അന്നൊക്കെ മാര്‍ച്ച്-ഏപ്രില്‍-മെയ് മാസങ്ങളില്‍ പാടത്തും ഗ്രൌണ്ടിലും മറ്റും പൊരിവെയിലത്ത് T20 ക്രിക്കറ്റ് (അന്നു ഇരുപത് ഓവറായിരുന്നു ഞങ്ങള്‍ കളിച്ചിരുന്നത്) കളിച്ചു തിമര്‍ത്തപ്പൊഴൊന്നും ഈ പറയുന്നതു പോലെ ചൂട് അനുഭവപ്പെട്ടിട്ടില്ല. (കളി കഴിഞ്ഞു വീട്ടിലെത്തുമ്പോള്‍ വെയിലത്ത് കളിച്ചതിന്റെ പേരില്‍ വീട്ടുകാരില്‍ നിന്നും കിട്ടിയ അടിക്കായിരുന്നു ശരിക്കും ചൂട്).  ചൂട് തോന്നിയിട്ടുണ്ടെങ്കില്‍ തന്നെ ചാടിക്കുളിക്കാന്‍ ഒരുപാട് കുളങ്ങളും മറ്റും ധാരാളമായിട്ടുണ്ടായിരുന്നു അന്നു നാട്ടില്‍.  കളി കഴിഞ്ഞു വരുന്ന വഴി കക്കരി നട്ടിരിക്കുന്ന പാടത്ത് ഉടമസ്ഥന്‍ കാണാതെ നുഴഞ്ഞുകയറി ഇളം കായ്ക്കള്‍ പറിച്ച് തിന്നു ദാഹവും വിശപ്പും അല്പമൊന്നു ശമിപ്പിച്ചിരുന്നു.    എന്നാല്‍ ഈയിടെ നാട്ടില്‍ പോയപ്പോള്‍ ആ പാടവും തോടും കുളങ്ങളുമെല്ലാം മണ്ണിട്ടു നികത്തി അതിനു മേലെ കോണ്‍ക്രീറ്റ് മന്ദിരങ്ങള്‍ തീര്‍ത്തിരിക്കുന്നു. ചൂണ്ടയിടാനും, കാലിമേക്കാനും, ചീട്ടു കളിക്കാനും പ്രാഥമികാവശ്യ നിര്‍വ്വഹണത്തിനും മറ്റുമായി ആളുകള്‍ ഏത് നേരത്തും അവിടെ ഉണ്ടായിരുന്നു. പാടത്ത് ആടിനെയും പശുവിനെയും കെട്ടാന്‍ പോകുന്ന ചേച്ചിമാരെ പ്രതീക്ഷിച്ചു നില്ക്കുന്ന കാമുകന്മാരെയും അവിടെ കാണാമായിരുന്നു. എന്നാല്‍ ഇന്ന് എന്തിന്റേയോ സ്മാരകങ്ങളായി നില്‍ക്കുന്ന വീടുകളുടെ പോര്‍ച്ചില്‍ മൂടിയിട്ടിരിക്കുന്ന ഒരു കാര്‍ അല്ലെങ്കില്‍ ഒരു ബൈക്ക്, പിന്നെ മുറ്റത്ത് അലക്ഷ്യമായി മറിച്ചിട്ടിരുക്കുന്ന ഒരു കൊച്ചു സൈക്കിള്‍. കുഞ്ഞുങ്ങള്‍ അവിടെയുണ്ടെന്നുള്ളതിനു ഒരു തെളിവ്.

വികലമായ വികസന സങ്കല്പത്തിന്റെ ഇരയായി നമ്മുടെ കൊച്ചു കേരളം മാറിക്കഴിഞ്ഞു. വേനലിലെ 32-33 ഡിഗ്രിയില്‍ നിന്നിരുന്ന താപനില ഇപ്പോള്‍ 42 ഡിഗ്രിയിലേക്ക് കയറിയിരിക്കുന്നു. മഴമേഘങ്ങളെ ചാടിപ്പോവാതെ തടഞ്ഞു നിര്‍ത്തി മഴ് പെയ്യിക്കുന്ന മലകളും കുന്നുകളും ജെ.സി.ബി യന്ത്രം കൊണ്ടു നമ്മള്‍ നിരപ്പാക്കി കഴിഞ്ഞു..  വേനലിലും വീശിയിരുന്ന കുളിര്‍കാറ്റ് നമുക്ക് അന്യമായി. കേട്ടു കേള്‍വി മാത്രമുണ്ടായിരുന്ന സൂര്യാഘാതം എന്ന സംഭവം നമ്മുടെ നാട്ടിലും തുടങ്ങിക്കഴിഞ്ഞു.   പാടവും, കുളങ്ങളും, തോടുകളും, അരുവികളും എല്ലാം മണ്ണിട്ട് മൂടി ആവാസ വ്യവസ്ഥയെ ഒന്നാകെ തകിടം മറിക്കുന്ന വികസനത്തിനെ ഭരണ-പ്രതിപക്ഷ പാര്‍ട്ടികള്‍ കൊട്ടി ഘോഷിക്കുകയാണ്. നട്ടുച്ചക്ക് ഏ.സി. ഇട്ട പോലുള്ള തണുപ്പുണ്ടായിരുന്ന മൂന്നാറില്‍ ഇപ്പോള്‍ താപനില 36 വരുമെന്നാണു പറഞ്ഞു കേള്‍ക്കുന്നത്.

വരാനിരിക്കുന്ന (???) സ്മാര്‍ട്ട് സിറ്റിക്ക് വേണ്ടി എത്ര കുന്നുകളും മലകളും ഇടിച്ചു നിരത്താനിരിക്കുന്നു. അതിനിടയില്‍ ദേശീയപാതാ വികസനം എന്ന പേരില്‍ മറ്റൊരു മാരണം.ലക്ഷക്കണക്കിനു ആളുകളെ തെരുവിലിറക്കി അവരുടെ സ്വത്ത് വകകള്‍ തുഛമായ വിലക്ക് ഏറ്റെടുത്ത് ബി.ഓ.ടി കമ്പനിക്ക് കൈമാറി ദേശീയപാത വികസിപ്പിക്കാന്‍ ശ്രമിക്കുന്നത് നമ്മുടെ ജനപ്രധിനിധികള്‍ കണ്ടില്ലെന്ന് നടിക്കുന്നു. ഈ ഗൂഡനീക്കത്തിനു പിന്നിലും കോടികളുടെ അഴിമതി ഇല്ലെന്ന് പറയാന്‍ കഴിയുമോ? പുനരധിവാസം എന്ന ഓമനപ്പേരിട്ട് വിളിച്ച് ഒഴിപ്പിക്കപ്പെടുന്ന ആളുകള്‍ക്ക് നല്‍കുന്ന ഭൂമി വെറും ചതുപ്പില്‍ മണ്ണിട്ട് നികത്തിയതാണ്. ഇതിനെതിരെ പ്രധിഷേധ ശബ്ദമുയര്‍ത്തുന്നവരെ "വികസന വിരുദ്ധര്‍" എന്ന മുദ്ര കുത്തി ഒതുക്കുകയാണ്. 

ഇനി മഴക്കാലത്താണെങ്കില്‍ വെള്ളപ്പൊക്കത്തിന്റെ കളിയാണ്. പെയ്യുന്ന മഴയുടെ വെള്ളമെല്ലാം ഒലിച്ചു പോകാന്‍ സ്ഥലമില്ലാത്ത അവസ്ഥയാണ്. തോടും പാടവുമെല്ലാം നികത്തിയതിന്റെ ഫലം അനുഭവിക്കുക തന്നെ. നഗരങ്ങളില്‍ ചെറിയ ചാറ്റല്‍ മഴ പോലും വെള്ളക്കെട്ട് ഉണ്ടാക്കുന്നു. ഡ്രെയിനേജ് വേണ്ടവിധത്തില്‍ സംവിധാനം ചെയ്യാത്ത്തു മൂലമാണിത്. ആര്‍ക്കൊ വേണ്ടി പ്രവര്‍ത്തിക്കുന്ന വിവിധ വകുപ്പുകളും അതിന്റെ കെടുകാര്യസ്ഥതയും എല്ലാം പൌരന്റെ ജീവിതം ദുരിതമയമാക്കുന്നു.   കെട്ടിപ്പൊക്കുന്ന ബഹുനില ഫ്ലാറ്റുകളില്‍ മിക്കതിനും ഡ്രെയിനേജ് സൌകര്യമുണ്ടോ എന്ന് ആരും പരിശോധിക്കുന്നില്ല, അധവാ ഉണ്ടെങ്കില്‍ തന്നെ റിയല്‍ എസ്റ്റേറ്റ് മാഫിയ വച്ചു നീട്ടുന്ന ഗാന്ധി നോട്ടുകള്‍ക്ക് മുന്‍പില്‍ എന്തു പരിശോധന??!!

എവിടെയാണ്, നമുക്കെ തെറ്റിയിരിക്കുന്നത് ചിന്തിക്കേണ്ട സമയം വൈകിയിരിക്കുന്നു. ദുരന്തങ്ങളൊന്നായി വന്നു പതിച്ചുകൊണ്ടിരിക്കുന്നു. അത് തടയാനാകില്ല. അതിന്റെ ആഘാതം കുറക്കാനെങ്ങിനെ പറ്റും എന്ന് നമുക്ക് ചിന്തിക്കാമല്ലോ..




2010 ഫെബ്രുവരി 23, ചൊവ്വാഴ്ച

അബുദാബി കാഴ്ചകള്‍ (തുടര്‍ച്ച)..

മറ്റൊരു അസ്തമയ ചിത്രം. (മുകളില്‍)


മറ്റൊരു ചിത്രം

പ്രത്യേകിച്ച് ഒരു സാങ്കേതിക ജ്ഞാനവുമില്ലതെ എടുക്കുന്ന ചിത്രങ്ങളാണ്. ഒരുപാട് അപാകതകള്‍ കാണാന്‍ കഴിയും എനിക്ക് കഴിയാത്തതും അതാണ്. പറഞ്ഞു തന്നാല്‍ ഉപകാരം തപാലിലോ ഈ-മെയിലിലോ അയച്ചു തരാം..

2010 ഫെബ്രുവരി 21, ഞായറാഴ്‌ച

അബുദാബിയിലെ ചില കാഴ്ചകള്‍

ഒരു വെള്ളിയാഴ്ച ദിവസം വൈകീട്ട് നടക്കാനിറങ്ങിയപ്പോള്‍ കണ്ട ചില കാഴ്ചകള്‍.

***********************************************************************

ഇത് മറീനാ മാളിന്റെ അടുത്ത് നിന്ന് നോക്കുമ്പോള്‍ കാണുന്ന അബുദാബി.


പണ്ട് സുനാമി വന്നപ്പോ റോഡിലുറച്ചുപോയ ഒരു ചെറു ബോട്ട് 2 ബംഗാളികള്‍ ചേര്‍ന്ന് ഒരു വണ്ടിയില്‍ കെട്ടിവലിച്ച് കൊണ്ടുപോകാന്‍ നോക്കുന്നു. ഹമ്പടാ!!! (above)

അവസാനം സംഗതി ഏതാണ്ട് തീര്‍ന്നു (താഴെ)



അസ്തമയം


2010 ഫെബ്രുവരി 15, തിങ്കളാഴ്‌ച

കുരുന്നു സ്റ്റാര്‍ സിംഗര്‍ കഴിഞ്ഞു.

കുരുന്നുകളുടെ സ്റ്റാര്‍ സിംഗര്‍ റിയാലിറ്റി ഷോയുടെ സീസണ്‍-1 ല്‍ ഒന്നാം സമ്മാനം കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്ന കുഞ്ഞു വിഷ്ണു പുറകിലായിപ്പോയി. വിജയിയെ എന്തായാലും അനുമോദിക്കുന്നു. (ജോലി കഴിഞ്ഞു റൂമിലെത്താന്‍ വൈകിയതിനാലും സംഗീതത്തെ പറ്റി കൂടുതല്‍ അവഗാഹമില്ലാത്തനിനാലും പാട്ടുകളെപറ്റി കൂടുതല്‍ പറയുന്നില്ല. മൂന്നു പാട്ടുകളാണ്, കാണാന്‍ കഴിഞ്ഞത്.)പക്ഷെ ഒരു കാര്യത്തില്‍ അല്പം പ്രതിഷേധമുണ്ട്. ഒന്നാം സമ്മാനം 50 ലക്ഷം രൂപയുടെ(?!) ഫ്ലാറ്റ്. പിന്നെയുള്ള സമ്മാനങ്ങള്‍ എല്ലാം തന്നെ വളരെ കുറവായിപ്പോയി. ചുരുങ്ങിയത് ഒരു 25-20-15 ലെവലില്‍ എങ്കിലും അതു നല്കണമായിരുന്നു. കാരണം ഒന്നര വര്‍ഷത്തോളമായി ഇവര്‍ തൊണ്ട കീറാന്‍ തുടങ്ങിയിട്ട്. അപ്പോള്‍ അധ്വാനത്തിനുള്ള ന്യായമായ പ്രതിഫലം ഈ കുട്ടികള്ക്ക് കൊടുക്കണമായിരുന്നു എന്നാണ്, എന്റെ എളിയ അഭിപ്രായം.


പരിപാടി കണ്ടിടത്തോളം നന്നായിരുന്നു. ചില കാര്യങ്ങള്‍ ഒഴികെ - രഞ്ജിനി ഹരിദാസിന്റെ കൂതറ ഡയലോഗുകള്‍, അട്ടഹാസങ്ങള്‍, കൂകല്‍. ഇവള്‍ക്ക് കൂച്ചുവിലങ്ങിടെണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
 
 
സ്വകാര്യം: ഞങ്ങളുടെ റൂമിലെ സംഭാഷണത്തില്‍ നിന്ന്....
 
ഒരുവന്‍: ടേയ്. ലവള്‍ (രഞ്ജിനി) മുന്‍ മിസ് കേരളയാണെടെയ്..

മറ്റൊരുവന്‍: ഓ തന്നെ??!! ഫയങ്കരം കേട്ടാ..ലവള്‍ എങ്ങനെ അതടിച്ചെടുത്തെടേയ്?

വേറൊരുവന്‍ (ഒരു ബുദ്ധിജീവി): ജഡ്ജസായി വല്ല മൂപ്പില്‍സുകളുമായിരിക്കും അവിടെയുണ്ടായിരുന്നത്.

2010 ഫെബ്രുവരി 9, ചൊവ്വാഴ്ച

താക്കറെക്ക് ആര്‍ മണി കെട്ടും.

പാണ്ടന്‍ നായ പല്ലു കൊഴിഞ്ഞു എങ്കിലും ശൌര്യത്തിനു ഒട്ടും കുറവില്ല. ബൊംബെ എന്ന ഇന്നത്തെ മുംബൈ ഇത്രക്ക് കുട്ടിച്ചോറാക്കിയതിന്റെ ക്രെഡിറ്റ് ബാല്‍താകാറെ എന്ന മനുഷ്യനും അയാളുടെ ശിവസൈന്യത്തിനും മാത്രം അവകാശപ്പെട്ടതാണ്. മുംബൈ ഭീകരാക്രമണ സമയത്ത് ശിവ്-നവ നിര്‍മ്മാണ്‍ സേനകളെ മഷിനോട്ടക്കാര്‍ക്ക് പോലും കണ്ടുപിടിക്കാനാകുമായിരുന്നില്ല. അല്ലെങ്കിലും അവരുടെ ശൌര്യമെല്ലാം പാവപ്പെട്ട ഉത്തരേന്ത്യക്കാര്‍ക്കും മുസ്ലിംകള്‍ക്കും പിന്നെ മൊത്തതില്‍ പറഞ്ഞാല്‍ മഹാരാഷ്ട്രക്കാരല്ലാത്ത് ആളുകള്ക്കും നേരെയാണ്. ഇതിനെല്ലാം ഒത്താശ ചെയ്ത് കൊടുക്കുന്നത് കൊണ്‍ഗ്രസ്സ്-എന്‍.സി.പി സംസ്ഥാന സര്‍ക്കാരും പിന്നെ കേന്ദ്രത്തിലെ യു.പി.എ. സര്‍ക്കാരുമാണ്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം ഇന്നലെ നമ്മുടെ ശരദ് പവാര്‍ജി കാണിച്ചു തന്നു. ഐ.പി.എല്‍ മല്‍സരങ്ങള്‍ മുടക്കം കൂടാതെ നടത്തുവാന്‍ താക്കറെയുടെ കാലുപിടിക്കുവാന്‍ പവാര്‍ ഇന്നലെ സേനാമുഖ്യന്റെ വീട്ടില്‍ ചെന്നിരിക്കുന്നു. ഒരു ജനാധിപത്യ-മതേതര(????!!!!) ഭരണഘടന നിലവിലുള്ള ഇന്ത്യാ മഹാരാജ്യത്ത് ഒരു ക്രിക്കറ്റ് കളി നടത്തുവാന്‍ വേണ്ടി അതിന്റെ സംഘാടകര്‍ക്ക് ഒരു ക്രിമിനല്‍ സംഘ തലവന്റെ കാല്‍ക്കല്‍ വീഴേണ്ടിവന്നു എന്നുള്ളത് എല്ലാ ഭാരതീയര്‍ക്കും ഒരേ പോലെ നാണക്കേടുണ്ടാക്കുന്നു. താക്കറെയുടെ വിരട്ടലിനു മറുപടിയായി ഒരു സര്‍ക്കാരിന്റെ നിലയില്‍ നിന്നുള്ള പ്രതികരണം ഇതുവരെ കോണ്‍ഗ്രസ്സ് സര്‍ക്കാറിന്റെ പക്കല്‍ നിന്നും ഉണ്ടായിട്ടില്ല. "മല്‍സരങ്ങള്‍ക്ക് എല്ലാ സുരക്ഷയും നല്‍കും" എന്ന ഒരു അഴകൊഴംബന്‍ ഉറപ്പ് മാത്രമാണ്, ആഭ്യന്തര മന്ത്രി ചിദംബരം നല്കിയത്. സങ്കുചിത ആശയങ്ങള്‍ അടിസ്ഥാനമാക്കി വര്‍ഗ്ഗീയതയും മറ്റെല്ലാ തരത്തിലുമുള്ള വിദ്വേഷങ്ങളും പരത്തുന്ന താകാറെയും സൈന്യങ്ങളെയും മര്യാദ പഠിപ്പിക്കും എന്ന് ഉത്തരവാദിത്തമുള്ള ഒരു കേന്ദ്രമന്ത്രിയും പറഞ്ഞു കേട്ടില്ല! (പേടിച്ചിട്ടാകാം!)

ഇന്ത്യ എന്ന മഹാരാജ്യത്ത് ജീവിക്കുന്ന ഏതൊരു പൌരനും ഏതു സ്ഥലത്ത് താമസിക്കുവാനും യാത്ര ചെയ്യാനും ജോലിചെയ്യാനും ഉള്ള സ്വാതന്ത്ര്യം ഭരണഘടന നമുക്ക് ഉറപ്പ് തരുന്നു (എല്ലാം നിയമത്തിനു വിധേയം). എന്നാല്‍ അത് കേവലം ചില ക്രിമിനല്‍ സംഘങ്ങളുടെ ഭീഷണിക്ക് വഴങ്ങി അടിയറ വക്കുക എന്നത് ഭാരതത്തിനും ഭാരത പൌരന്മാര്‍ക്കും വല്ലാത്ത നാണക്കേടാണുണ്ടാക്കുക. 

100 വര്‍ഷത്തിലധികം പഴക്കമുള്ള ഇന്ത്യാരാജ്യത്തിന്റെ സ്വാതന്ത്ര്യലബ്ധിയില്‍ നിര്‍ണ്ണായക പങ്കുവഹിച്ചിട്ടുള്ള കോണ്ഗ്രസ്സ് ഈ വിഷയത്തില്‍ ഏറെ പരാചയപ്പെട്ടിടത്താണ്, അതിന്റെ യുവ നേതാവ് രാഹുല്‍ വിജയക്കൊടി പാറിച്ചത്. മുംബൈയില്‍ കാലുകുത്തിക്കില്ല എന്ന വെല്ലുവിളി സധൈര്യം ഏറ്റെടുത്ത അദ്ധേഹം സേനയുടെ അഭിമാനത്തിന്റെ വിരിമാറില്‍ കയറിനിന്ന് ഇന്ത്യന്‍ ഭരണഘടനയുടെയും പൌരന്മാരുടെയും അന്തസ്സ് ഉച്ചത്തില്‍ വിളിച്ച് പറഞ്ഞു.

രാഹുലിനെ മുന്പ് വിമര്‍ശിച്ചിട്ടുള്ള ഈയുള്ളവന്‍ ഇത്തരുണത്തില്‍ അദ്ദേഹത്തിന്, അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകള്‍ നല്‍കുന്നു. മലപ്പുറം ഭാഷയില്‍ "ഓനാണ്, ആങ്കുട്ടി" അല്ലെങ്കില്‍ തിരോന്തരം ഭാഷയില്‍ "തള്ളേ ലവന്‍ പുലിയാണ്, കേട്ടാ" എന്നുകൂടി പറയട്ടെ.

വര്‍ഗ്ഗീയതയും സങ്കുചിത പ്രാദേശികവാദവും ഉയര്‍ത്തുന്ന ശിവ-നവ നിര്‍മ്മാണ സേനകളോട് ഒരു വാക്ക് - നിങ്ങളുടെ സംഘടിത ശക്തി മുംബൈ നഗരത്തിലെ അവശത അനുഭവിക്കുന്ന ജനവിഭാഗങ്ങള്‍ക്ക് എന്തെങ്കിലും തരത്തിലുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചുകൂടെ?