2013, മാർച്ച് 11, തിങ്കളാഴ്‌ച

Qasr al Hosn Festival - Abu Dhabi-ഒന്നാം ഭാഗം


അബുദാബിയുടെയും UAE യുടെയും  ചരിത്രത്തിലെ നിര്‍ണ്ണായകമായ സ്ഥാനം അലങ്കരിക്കുന്ന അല്‍ ഹോസന്‍ കൊട്ടാരം (Qasr Al Hosn) അതിന്റെ ഇരുനൂറ്റി അമ്പതു വര്ഷം പിന്നിട്ടത് വളരെ വിപുലമായ പരിപാടികളോടെ ആഘൊഷിച്ചു.  യു.എ.ഇ ഭരണകൂടത്തിലെ മുന്‍നിര നേതാക്കള്‍ പങ്കെടുത്തു തുടക്കം കുറിച്ച പരിപാടികള്‍ ഫെബ്രുവരി ഇരുപത്തി എട്ടുമുതല്‍ മാര്‍ച്ച് ഒന്‍പതു വരെ നീണ്ടുനിന്നു.  കഴിഞ്ഞ വെള്ളിയാഴ്ച ദിവസം ഒരു സുഹൃത്തുമായി അവിടം സന്ദര്‍ശിക്കാന്‍ കഴിഞ്ഞു.  കൊച്ചിന്‍ ബിയനാലെ നഷ്ടമായതില്‍
വിഷമിച്ചിരിക്കുന്ന സമയത്താണ് അത്രത്തോളം വരില്ലെങ്കിലും വേറൊരു പശ്ചാത്തലത്തില്‍ നടക്കുന്ന
ഈ ഫെസ്റിവല്‍ അബുദാബിയില്‍ നടത്തപ്പെടുന്നത്.  

എന്റെ പഴയ താമസ സ്ഥലത്ത് നിന്നുമുള്ള കാഴ്ച.

പ്രവേശന ഫീസ്‌ 10 ദിര്‍ഹം ആയിരുന്നു. 10 ദിര്‍ഹം കൊടുത്തപ്പോള്‍ പ്രവേശന കവാടത്തില്‍ നിന്നും ഒരു റിസ്റ്റ് ബാന്റ് കെട്ടിതന്നു.   പുറത്തു കടക്കുന്നത് വരെ അത് കൈയില്‍ കെട്ടണം.




ഏതാനും സ്റ്റാളുകള്‍




പഴയ കാലത്തെ അബുദാബി പോലീസും അവരുടെ വാഹനവും.   (സംഗതി ലാന്റ് റോവര്‍ ആണ് കേട്ടോ!)....

പഴയകാല പോലീസ് സ്റ്റേഷനും പൊലീസുകാരും...


ഇന്നാട്ടിലെ പരമ്പരാഗത നൃത്തം...

ബാക്കി ചിത്രങ്ങള്‍ അടുത്ത ഭാഗത്തില്‍.

2013, മാർച്ച് 6, ബുധനാഴ്‌ച

വര്‍ണ്ണങ്ങള്‍ വാരി വിതറി ആകാശപക്ഷികള്‍

അബുദാബി പഴയ എയര്‍പോര്‍ട്ടില്‍ നടന്നു വരുന്ന എയര്‍ എക്സ്പോയിലെ അഭ്യാസ പ്രകടനങ്ങളുടെ ഏതാനും ചിത്രങ്ങള്‍.  വിവരണം എഴുതി ബോറടിപ്പിക്കുന്നില്ല.   അഭിപ്രായങ്ങള്‍ പോസ്റ്റുമല്ലോ. 
















 

2013, ഫെബ്രുവരി 27, ബുധനാഴ്‌ച

ചിന്താ വിഷയം - മാതാപിതാക്കളെ സംരക്ഷിക്കുമ്പോള്‍....

രണ്ടുവര്‍ഷം മുന്‍പ്  ഒരു വെക്കേഷന്‍ സമയം.  വീട്ടിലെത്തിയാല്‍ നമ്മെ അന്വേഷിച്ചു വരുന്ന ബന്ധുക്കളുടെയും കൂട്ടുകാരുടെയും മറ്റു മിത്രങ്ങളുടെയും എല്ലാം വീടുകളില്‍ സൌകര്യമനുസരിച്ച് പോകുക എനിക്ക് ഏറെ ഇഷ്ടമുള്ള കാര്യമാണ്.  എന്‍റെ മാതാവും  സഹധര്‍മ്മിണിയും എല്ലാം ഇതില്‍ സന്തോഷമുള്ളവരുമാണ്.  എന്‍റെ അമ്മായി അതായത് വാപ്പയുടെ സഹോദരി ഒരു റിട്ടയേഡ് ടീച്ചറാണ്.   എനിക്ക് ഓര്‍മ്മവെച്ച സമയത്ത് അവര്‍ റിട്ടയര്‍ ആയി പെന്‍ഷന്‍ വാങ്ങുന്നുണ്ട്.   ആ പെന്‍ഷന്‍ കാശ് കിട്ടിയാല്‍ അത് തന്‍റെ മക്കള്‍ക്കും പേരക്കുട്ടികള്‍ക്കും മറ്റും പലവിധത്തിലുള്ള സാധനങ്ങളായും പൈസയായും മറ്റും കൊണ്ട് ചെന്ന് കൊടുക്കുക അവരുടെ ഒരു ഹോബിയാണ്.  ഇന്നിപ്പോള്‍ പ്രായം ഒരുപാടു ആയിരിക്കുന്നു.  ഓര്‍മ്മ വളരെ കുറവ്.  വാര്‍ദ്ധക്യസഹചമായ അസുഖങ്ങള്‍ പലതും അലട്ടുന്നുണ്ടെങ്കിലും  എഴുന്നേറ്റ് കുറെയൊക്കെ നടക്കാന്‍ കഴിയുന്നുണ്ട്.  

ഇനി കാര്യത്തിലേക്ക് വരാം.  എന്‍റെ ഉമ്മാക്ക് ഒരു ആഗ്രഹം. അമ്മായിയെ കണ്ടിട്ട് ഒരുപാട് നാളായി, എല്ലാരും മനുഷ്യന്മാരല്ലേ, മരിച്ചു പോകുന്നതിനു മുന്‍പ് അമ്മായിയെ ഒന്ന് കാണണം. എനിക്കും പോകണം എന്നുണ്ടായിരുന്നത്കൊണ്ട് ഒരു ഞായറാഴ്ച ഒരു ടാക്സി ഏര്‍പ്പാട് ചെയ്ത് ഞങ്ങള്‍ അവരുടെ വീട്ടില്‍ ചെന്നു. അവരുടെ മക്കള്‍ എല്ലാം ഒരു വിധം സെറ്റില്‍ ചെയ്തിരിക്കുന്നു. വില്ലെജ്മാനായി റിട്ടയര്‍ ചെയ്ത ഇളയ മകനും അദ്ധേഹത്തിന്റെ ഭാര്യയും മക്കളുമാണ് അവിടെ താമസം. ഒരുപാട് കാലത്തിനു ശേഷം അമ്മായിയെ കണ്ടപ്പോള്‍ അത് വളരെ വൈകാരികമായിരുന്നു.  പഴയ പ്രസരിപ്പിന്റെ ഒരു വെള്ളിവെളിച്ചം ആ മുഖത്ത് കാണുന്നുണ്ടെങ്കിലും ശാരീരിക അവശതകള്‍ നല്ലപോലെയുണ്ട്.  ആ കുടുംബം ആ ഉമ്മയെ എത്ര നന്നായിട്ടാണ് സംരക്ഷിക്കുന്നത്. മരുമകളും മകനും ആ ഉമ്മയോട് എത്ര സ്നേഹത്തോടെയാണ് ഇന്നും പെരുമാറുന്നത്.  വാര്‍ദ്ധക്യത്തില്‍ തങ്ങള്‍ക്ക് "ഭാരമാകുന്ന" രക്ഷിതാക്കളെ പലരും ഒരു ബാധ്യത ആയിട്ടാണല്ലോ കാണുന്നത്.  കുടുംബപരവും അല്ലാത്തതുമായ ആവശ്യങ്ങള്‍ക്ക് മുതിര്‍ന്നവര്‍ പുറത്തുപോകുമ്പോള്‍ ഹയര്‍ സെക്കണ്ടറി ക്ലാസില്‍ പഠിക്കുന്ന പേരക്കുട്ടി അവിടെ വെല്ലിമ്മാക്ക് കൂട്ടിരിക്കുന്നു. എല്ലാവര്ക്കും പോകേണ്ട ആവശ്യമാണെങ്കില്‍ അവിടെ അവര്‍ ഉമ്മാനെയും കൊണ്ട് പോകുന്നു. ആ ഉമ്മ കാരണമുള്ള ബുദ്ധിമുട്ടുകള്‍ എല്ലാം അവര്‍ വളരെ ഈസിയായി നേരിടുന്നു. ഞങ്ങളെ അമ്മായിക്ക് തിരിച്ചറിയാന്‍ കുറെ സമയമെടുത്തു.   സൌഹൃദ സംഭാഷണങ്ങള്‍ക്കും ലഘുഭക്ഷണത്തിനും ശേഷം ഞങ്ങള്‍ അവിടെ  ഇറങ്ങി.

വണ്ടി കുറെ ഓടിയപ്പോഴാണ് ഉമ്മാക്ക് വേറൊരു ആഗ്രഹം!.   പുള്ളിക്കാരത്തിയുടെ സഹോദരി (ഞങ്ങളുടെ മൂത്തുമ്മ) ആ വഴിയിലോരിടത്താണ് താമസിക്കുന്നത്. ആയകാലത്ത് ഒരുപാട് ദ്രോഹങ്ങള്‍ പലതരത്തിലും ഉമ്മാക്ക് വ്യക്തിപരമായും പിന്നെ ഞങ്ങള്‍ക്ക് കുടുംബപരമായി മൊത്തത്തിലും ചെയ്തിട്ടുണ്ട് അവര്‍.   പലവിധ കാരണങ്ങളാലും സാഹചര്യങ്ങളാലും പരസ്പരം ബന്ധപ്പെടാറില്ല. ഇന്നിപ്പോള്‍ അവരുടെ ആരോഗ്യസ്ഥിതി കുറച്ചു മോശമാന്നെന്നും
ആശുപത്രിയില്‍ കുറെ നാള്‍ കിടന്നു എന്നെല്ലാം ആരോ പറഞ്ഞു അറിഞ്ഞിട്ടു  അവരെയും ഒന്ന് കാണണം എന്ന് ഉമ്മ പറഞ്ഞപ്പോള്‍ ആദ്യം ഒന്ന് ആലോചിച്ചു എങ്കിലും ഞാന്‍ മറുത്തൊന്നും പറഞ്ഞില്ല.  കാരണം നമ്മള്‍ അവരുടെ ആവശ്യങ്ങള്‍ നിറവേറ്റി കൊടുക്കാന്‍ ചുമതലപ്പെട്ടവരാണല്ലോ.  അങ്ങിനെ അവിടെയും കയറാമെന്ന് വെച്ചു.  (സാധാരണ ഒരാളോട് ഇഷ്ടക്കേട് തോന്നിയാല്‍ പിന്നെ അവരുടെ തിരുമുന്‍പില്‍ ഒരിക്കലും ഞാന്‍ പോവാറില്ല).

അവരുടെ മക്കള്‍ എല്ലാം സെറ്റില്‍ ചെയ്തുകഴിഞ്ഞു.  മൂത്ത രണ്ടു പെണ്മക്കള്‍ - ഒരാള്‍ +2 അധ്യാപിക.  രണ്ടാമത്തെയാള്‍ UAEയിലെ ഒരു പ്രശസ്ത സ്കൂളില്‍ അധ്യപിക. മൂത്തമകന്‍ ബഹറിനില്‍.  രണ്ടാമത്തെ മകന്‍ കുവൈറ്റില്‍.  ഇളയ മകന്‍ ഒരു ശ്രീലങ്കക്കാരിയെ കെട്ടി കുവൈറ്റില്‍.  ഞങ്ങള്‍ ചെന്നപ്പോള്‍ അവിടെ മൂത്താപ്പ മാത്രം.  മൂത്തുമ്മ അകത്ത് കിടക്കുകയാണ്.  എഴുന്നേറ്റ് നില്‍ക്കാന്‍ തീരെ വയ്യ.  എങ്കിലും ഞങ്ങളെ കണ്ടപ്പോള്‍ മൂത്താപ്പയുടെ സഹായത്താല്‍ എഴുന്നേറ്റ് നിന്നു.  പ്രാഥമിക കാര്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ ഒരാളുടെ സഹായം ഇല്ലാതെ പറ്റില്ല.  സംസാരം മക്കളില്‍ എത്തി. മൂത്തമകന്‍ മാനസികമായി കുറച്ചു അകന്നിരുന്നു എങ്കിലും ഇടക്ക് നാട്ടില്‍ വരുമ്പോള്‍ വരാറുണ്ട്.  രണ്ടാമന്‍ നാട്ടില്‍ വല്ലപ്പോഴും വന്നാല്‍ ഭാര്യവീട്ടിലായിരിക്കും.   ഇടക്ക് ഒരാഴ്ച വന്നു നിന്നാലായി.  മൂന്നാമന്‍റെ ശ്രീലങ്കന്‍ വൈഫിനു ഇവിടെ ബോറിംഗ് ആയതു കാരണം കൊച്ചിയില്‍ ഒരു ഫ്ലാറ്റ് തന്നെ വാങ്ങി അവിടെക്കാണ്  വരുന്നത്. ചിലപ്പോള്‍ രണ്ടോ മൂന്നോ ദിവസം വന്നു നിന്നാലായി.

അന്നന്നത്തെ ഭക്ഷണവും മറ്റും തയ്യാറാക്കാനും പണികള്‍ക്കുമായി ഒരു സ്ത്രീ രാവിലെ വന്നു ഉച്ചയോടെ തിരിച്ചു പോകും.  ചെറിയ ക്ലാസില്‍ പഠിച്ച കുഞ്ചിയമ്മയുടെയും അഞ്ചു മക്കളുടെയും കഥ ഞാന്‍ ഓര്‍ത്തു.  കാരണം അഞ്ചാമന്‍ ഓമന കുഞ്ചു ആണ് എന്ന തരത്തില്‍ വളര്‍ത്തി വലുതാക്കിയതാണ് അവനെ.  ഇളയ മകനായതുകൊണ്ട് എല്ലാതരം ആനുകൂല്യങ്ങളും പറ്റി മാതാപിതാക്കളുടെ പൊന്നോമന മകനായി വളര്‍ന്ന അവന്‍ അവസാന കാലത്ത് അവര്‍ക്ക് തണലാവേണ്ടത്തിനു പകരം സ്വന്തം ഇഷ്ടവും സുഖവും നോക്കി ഒരു അന്യരാജ്യക്കാരിയെ കെട്ടി അവളുടെ ചൊല്‍പ്പടിക്ക് നടക്കുന്നു.    മക്കള്‍ അന്വേഷിച്ചില്ല എന്ന് നാട്ടുകാര്‍ പറയുന്നത് ഒഴിവാക്കാനും പിന്നെ രക്ഷിതാക്കള്‍ പറയാതിരിക്കാനും വേണ്ടി ഇടയ്ക്കു വന്നു കണ്ണില്‍ പൊടിയിടാന്‍ ഒരു താമസം.  അവരുടെ വീട് ഇരിക്കുന്ന സ്ഥലവും അതോടു ചേര്‍ന്ന് ഏതാനും പീടികമുറികളും ഉള്ളതു ഏതാണ്ട് രണ്ടു കൊടിക്കടുത്തു വരും എന്ന വസ്തുതയാണ് അവരെ ഇടക്ക് ഈ കണ്ണില്‍ പൊടിയിടലിനു പ്രേരിപ്പിക്കുന്നത് എന്ന് ഞങ്ങളുടെ ബന്ധുക്കളില്‍ ചിലര്‍ പറഞ്ഞത് ഞാന്‍ ഓര്‍ത്തു.

ഇവിടെ രണ്ടു വീടുകളിലെയും അവസ്ഥ നമുക്ക് ചിന്തനീയമാണ്.  സ്വന്തം മാതാപിതാക്കളെ സംരക്ഷിക്കുന്ന കാര്യത്തിലും "പുറം കരാര്‍" കൊടുക്കുന്ന മക്കളുള്ള ഈ ഉദാരവല്‍കൃത കാലത്ത് സംരക്ഷണം കിട്ടിയാല്‍ തന്നെ വലിയ കാര്യം.  ആദ്യത്തെ വീട്ടില്‍ ഒരു അധ്യാപികയുടെ മക്കളാണ് അവര്‍.  അവരെ ആ ഉമ്മ നല്ല രീതിയിലാണ് വളര്‍ത്തിയത്.  അത് അവര്‍ക്ക് ഉപകാരപ്പെടുകയും ചെയ്യുന്നു.  എന്നാല്‍ രണ്ടാമത്തെ വീട്ടില്‍ സാമാന്യ വിദ്യാഭ്യാസത്തിനു പകരം "അസാമാന്യ" വിദ്യാഭ്യാസം തന്നെയും, കൂടാതെ കിട്ടാവുന്ന ഭൌതിക സൌകര്യങ്ങള്‍ മുഴുവന്‍ കൊടുത്തു വളര്‍ത്തികൊണ്ട് വന്നവരാണ് കക്ഷികള്‍.  (പഴയ കാലത്ത് ആ കുടുംബവും വളരെ പരിതാപകരമായ അവസ്ഥയിലായിരുന്നു). 

മൂത്തുമ്മാടെ വീട്ടില്‍ നിന്ന് യാത്ര പറഞ്ഞിറങ്ങുന്ന സമയത്ത് എന്റെ മനസ്സ് ആലോചിക്കുകയായിരുന്നു ഇതാരുടെ കുഴപ്പം എന്ന്?  മക്കളുടെയോ അതോ അവരെ വളര്‍ത്തി വലുതാക്കിയ രക്ഷിതാക്കളുടെയോ?  ആ മക്കളില്‍ ചിലരുടെ ഫേസ്ബുക്ക് പേജില്‍ അവരുടെ മക്കളുമായി കളിച്ച് അര്‍മാദിക്കുന്ന ചിത്രങ്ങള്‍ കണ്ടത് ഞാന്‍ ഓര്‍ത്തു.  ഈ മക്കളും അവരുടെ മാതാപിതാക്കളെ ഇമ്മാതിരിയാണോ നോക്കാന്‍ പോകുന്നത്?  കാലം മറുപടി പറയട്ടെ.  ഗള്‍ഫ് രാജ്യങ്ങളില്‍ ഉന്നതമായ ജോലിയിലിരിക്കുന്ന ഇവര്‍ക്ക് പണം ഒരു പ്രശ്നമേയല്ല.  പക്ഷെ മനുഷ്യത്വം എന്നത് പൈസ കൊടുത്താല്‍ കിട്ടുന്നതല്ലല്ലോ! ഇന്ന് ശാരീരിക അവശതകള്‍ ഉണ്ടായ കാലത്ത് പാവം അവരുടെ ഭര്‍ത്താവ് ഇല്ലായിരുന്നെങ്കില്‍ എന്താകുമായിരുന്നു?  പാവം മൂത്താപ്പ - അദ്ദേഹം ആരോടും പരിഭവമില്ലാതെ നല്ല ഉന്മേഷവാനായി മറ്റുള്ളവരുടെ മുന്നില്‍ പ്രത്യക്ഷ്യപ്പെടുമ്പോള്‍ നീറിപ്പുകയുന്ന നെഞ്ചകം ഒളിപ്പിച്ചു പിടിക്കാന്‍ കഷ്ടപ്പെടുന്നത് ആ മുഖത്ത് നിന്നും വായിച്ചെടുക്കാം.

"മാതാവിന്റെ കാലടിയിലാണ് സ്വര്‍ഗ്ഗം" എന്നും "മാതാപിതാഗുരു ദൈവം" എന്നൊക്കെയാണല്ലോ നമ്മള്‍ കേട്ടിട്ടുള്ള തിരുവചനങ്ങള്‍. സ്വത്ത് മുഴുവന്‍ തട്ടിയെടുത്തു മാതാപിതാക്കളെ മുറിയിലിട്ട് പൂട്ടുകയും, പശുത്തൊഴുത്തില്‍ ഉപേക്ഷിക്കുകയും ഉറുമ്പരിക്കാന്‍ പോലും ഇടയാക്കുകായും ചെയ്യുന്ന മക്കളുള്ള ഇന്നത്തെ കാലത്ത് ഇവര്‍ക്ക് അങ്ങിനെയൊന്നും സംഭവിച്ചില്ലല്ലോ എന്നോര്‍ത്ത് സമാധാനിച്ചു.  അല്ലാതെന്തു ചെയ്യാന്‍??!!

(എന്‍റെ സ്വന്തം അനുഭവങ്ങളാണ് ഇവിടെ കുറിക്കുന്നത്. ഇതില്‍ പറഞ്ഞിരിക്കുന്ന ആളുകള്‍ എല്ലാം ജീവിച്ചിരിക്കുന്നവര്‍ തന്നെയാണ്. പ്രശ്നങ്ങള്‍ ഉണ്ടാക്കാതിരിക്കാന്‍ വേണ്ടി പേരുകള്‍ വിട്ടുകളയുന്നു. എന്‍റെ മനസ്സിന് തോന്നിയ കാര്യങ്ങള്‍ കുറിചിട്ടപ്പോള്‍ സാഹിത്യപരമായ ഭംഗിയൊന്നും കാണാന്‍ കഴിയില്ല - ക്ഷമിക്കുമല്ലോ.. അഭിപ്രായങ്ങള്‍ കമന്‍റുകളുടെ രൂപത്തില്‍ കൊടുക്കുമല്ലോ).

2013, ജനുവരി 27, ഞായറാഴ്‌ച

സര്‍ക്കാരേ നട്ടെല്ല് പണയം വെക്കരുതേ, പ്ലീസ്...

ഇന്ത്യന്‍ ഭരണഘടന അനുസരിച്ച് തെരഞ്ഞെടുക്കപ്പെടുന്ന സംസ്ഥാന സര്‍ക്കാരിന് നേതൃത്വം കൊടുക്കുന്ന ആള്‍ (മുഖ്യമന്ത്രി) ഉള്‍പ്പെടെയുള്ള മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചൊല്ലുമ്പോള്‍ സ്വജനപക്ഷപാതം, ജാതിമത പരിഗണന എന്നിവ അനുസരിച്ച് ഒരു സര്‍ക്കാര്‍ കാര്യവും ചെയ്യില്ല എന്നോ മറ്റോ അര്‍ത്ഥം വരുന്ന ഒരു വാചകം ഉണ്ടെന്നാണ് തോന്നുന്നത്.  എന്നാല്‍ അതനുസരിച്ച് ഭരണം നടത്തുന്നുണ്ടോ എന്ന് കാര്യക്ഷമമായി നിരീക്ഷിക്കുവാന്‍ പറ്റിയ ഒരു സംവിധാനം ജനാധിപത്യ ഇന്ത്യയില്‍ നിലവിലുണ്ടോ?  ഉണ്ടെങ്കില്‍ അത് പ്രവര്‍ത്തിക്കാതെ തുരുമ്പെടുത്തു കിടക്കുന്നു എന്ന് വേണം കരുതാന്‍.

കേരളത്തിലെ സര്‍ക്കാരിനെ സംബന്ധിച്ച് പറയുകയാണെങ്കില്‍ ഇപ്പോള്‍ നായര്‍ സര്‍വ്വീസ് സൊസൈറ്റി എന്ന ഒരു സംഘടനക്കു മുന്നില്‍ മുട്ട് വിറയ്ക്കുന്ന കാഴ്ചയാണ് കാണുന്നത്.  അതിന്റെ നേതൃസ്ഥാനത്ത് ഇരിക്കുന്ന വ്യക്തിക്ക് ജനാധിപത്യ മതേതര തത്വങ്ങള്‍ക്ക് ഊന്നല്‍ കൊടുത്തുകൊണ്ടുള്ള ഇന്ത്യന്‍ ഭരണഘടനയില്‍ വിശ്വാസമുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.  അദ്ധേഹത്തിന്റെ ഏറ്റവും പുതിയ പ്രസ്താവന പ്രകാരം കെ.പി.സി.സി. അധ്യക്ഷനും എമ്മെല്ലെയുമായ രമേശ്‌ ചെന്നിത്തലയെ ഭൂരിപക്ഷ സമുദായ പ്രതിനിധിയായി സംസ്ഥാന സര്‍ക്കാരിന്റെ നേതൃസ്ഥാനത്ത് പ്രതിഷ്ഠ നടത്തിയില്ലെങ്കില്‍ സര്‍ക്കാരിനെ താഴെയിറക്കും എന്നാണു അദ്ദേഹം വെച്ച് കാച്ചിയിരിക്കുന്നത്. 
ലീഗിന് ഒരു ചവറു മന്ത്രിയെ കിട്ടിയ അന്നുമുതല്‍ തുടങ്ങിയതാണ്‌ ഇദ്ദേഹത്തിന്റെ ഹാലിളക്കം.  അന്ന് മുതല്‍ ഇന്ന് വരെ തന്റെ പ്രസ്താവനകളില്‍ മിക്കപ്പോഴും പ്രത്യക്ഷത്തിലും പരോക്ഷമായും മുസ്ലീം വിരോധം പ്രകടിപ്പിക്കാന്‍ പണിക്കര്‍ നായര്‍ ശ്രദ്ധിക്കുന്നു.  പരമാവധി സാമുദായിക വിഘടനം നടത്തി കേരളത്തിലെ സാമൂഹിക അന്തരീക്ഷം ചളമാക്കാന്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുന്ന ചില ശക്തികള്‍ക്ക് അറിഞ്ഞോ അറിയാതെയോ കീഴ്പ്പെട്ടിരിക്കുകയാണോ ഇദ്ദേഹം എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
ഇത്രക്ക് പ്രകോപനപരമായ പ്രസ്താവനകള്‍ ഇറക്കിയിട്ടും ഭരണ നേതൃത്വത്തിലുള്ള ഉത്തരവാദപ്പെട്ട ആളുകള്‍ മൌനം പാലിക്കുന്നു.  പണിക്കര്‍ക്ക് തന്നെ ശാസിക്കാന്‍ അധികാരമുണ്ട്‌ എന്ന തരത്തിലുള്ള ആഭ്യന്തര മന്ത്രിയുടെ പ്രസ്താവന ഇത്തരക്കാരുടെ നട്ടെല്ല് എന്തുപയോഗിച്ചാണ് ഉണ്ടാക്കിയിരുക്കുന്നത് എന്ന് കാണിക്കുന്നു.
എന്ത് നാണംകെട്ടും ഭരണത്തില്‍ തൂങ്ങി നില്‍ക്കും എന്ന് തീരുമാനിച്ചുറപ്പിച്ച മുഖ്യമന്ത്രി നല്ല ഒരു മറുപടി പോലും പറയുന്നില്ല.  ശ്രദ്ധാകേന്ദ്രം രമേശ്‌ ആവട്ടെ ഒരുതരം ആവണക്കെണ്ണയില്‍ ചവിട്ടിയ പോലെയുള്ള പ്രതികരണമാണ് പണിക്കരുടെ ഇതേ അര്‍ത്ഥത്തിലുള്ള പ്രസ്താവനക്ക് അടക്കം നല്‍കിയിട്ടുള്ളത്.
ഇത്തരം സാമുദായിക ഓലപ്പാമ്പുകളെ അര്‍ഹിക്കുന്ന പരിഗണന നല്‍കി അടക്കിയിരുത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ഭരണത്തില്‍ കടിച്ചുതൂങ്ങി കിടക്കുന്നതില്‍എന്തെങ്കിലും അര്‍ത്ഥം ഉണ്ടോ എന്ന് ബന്ധപ്പെട്ടവര്‍ ചിന്തിക്കേണ്ടിയിരിക്കുന്നു.  ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളില്‍ നിന്നും വഴുതിമാറി ഇത്തരം വേണ്ടാത്ത കാര്യങ്ങള്‍ പൊതുസമൂഹത്തില്‍ ചര്‍ച്ച ചെയ്യുന്നത് നാടിനും ജനങ്ങള്‍ക്കും അത്ര നല്ലതല്ല എന്നുകൂടി ഈ അവരസരത്തില്‍ കുറിക്കട്ടെ.

2013, ജനുവരി 26, ശനിയാഴ്‌ച

നാം എങ്ങോട്ട്?!!!

തിരക്കിട്ട ജീവിത യാത്രയിലും മനസ്സിനെ മഥിക്കുന്ന ചില ചിന്തകള്‍ ഇവിടെ കുറിചിടുകയാണ്.

എന്റെയൊക്കെ കുട്ടിക്കാലത്ത് നടന്നിരുന്ന അല്ലെങ്കില്‍ സംഭവിച്ചിരുന്ന കാര്യങ്ങ ളെക്കാള്‍ വളരെ ആശങ്കയുളവാക്കുന്ന പലതും ഇന്നത്തെ സമൂഹത്തില്‍ നടക്കുന്നു അല്ലെങ്കില്‍ സംഭവിക്കുന്നു.  ധാര്‍മ്മികതയോ മനുഷ്യത്വമൊ തൊട്ടുതീണ്ടിയിട്ടില്ലാത്ത നമുക്ക് ഉള്‍ക്കൊള്ളാന്‍ തന്നെ പ്രയാസമായിട്ടുള്ള കാര്യങ്ങള്‍.  ആരാണ് ഉത്തരവാദികള്‍ പ്രകൃതിയോ, മനുഷ്യനോ അതോ ഇതുരണ്ടിനെയും കീഴടക്കി നിര്‍ത്തുന്ന ഭരണകൂടമോ?  അതുമല്ലെങ്കില്‍ ഏവരെയും ഒരു ചട്ടക്കൂട്ടില്‍ പരിപാലിക്കേണ്ട നിയമ-നീതി പാലന വ്യവസ്ഥിതിയോ??!!...

പൊതുമുതല്‍ കട്ടുമുടിക്കുന്നതിന്റെ കണക്ക് നാള്‍ക്കുനാള്‍ കൂടി വന്നിട്ട് കോടതിക്ക് പോലും ആ സംഖ്യ എത്രയെന്നു വായിക്കാന്‍ പ്രയാസപ്പെടേണ്ടി വന്നിരിക്കുന്നു.  കുറ്റം ചെയ്തെന്നു വ്യക്തമായ കേസുകളില്‍ പോലും ശിക്ഷിക്കപ്പെടാതെ വെറുതെ വിടപ്പെടുകയോ അല്ലെങ്കില്‍ ജയിലഴികള്‍ക്ക് പിന്നില്‍ തങ്ങളുടെ സ്വാധീനം ഉപയോഗിച്ച് സുഖകരമായി ഉണ്ടും ഉറങ്ങിയും നാളുകള്‍ തള്ളിനീക്കുകയോ അതുമല്ലെങ്കില്‍ "ആരോഗ്യപരമായ" കാരണങ്ങള്‍ നിരത്തി ജാമ്യം നേടി പുറത്തു വരുന്ന കുറ്റവാളികള്‍.  ഇതിനിടയിലും ഇനിയും തെളിയിക്കപെടെണ്ട കുറ്റത്തിന്റെ പേരില്‍ അര്‍ഹമായ ചികിത്സപോലും നിഷേധിക്കപ്പെട്ടു ചിലര്‍.  അതിന്റെ പിന്നിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാന്‍ ഇറങ്ങിതിരിച്ച മാധ്യമപ്രവര്‍ത്തകയെപോലും പിടികൂടി അകത്തിടുവാന്‍ വ്യഗ്രത കാട്ടുന്ന നിയമപാലന വ്യവസ്ഥ.

സമൂഹത്തിലെ മൂല്യങ്ങള്‍ എന്നേ പോയ്മറഞ്ഞു എന്ന് സംശയിക്കേണ്ട ഗതികേടിലാണ് ഞാനും 
നിങ്ങളും ഉള്‍പ്പെടുന്ന സമൂഹം.  അമ്മയെയും പെങ്ങളെയും തിരിച്ചറിയാന്‍ വയ്യാത്ത നമ്മുടെ സ്വന്തം നാട്ടില്‍ സ്വന്തം പിതാക്കന്മാരാല്‍ പോലും കുഞ്ഞുങ്ങള്‍ പീഡിപ്പിക്കപ്പെടുകയും കച്ചവടം ചെയ്യപ്പെടുകയും ചെയ്യുന്നു.  സാങ്കേതികവിദ്യ വികസിച്ചു വരുന്തോറും അതിന്റെ നല്ലവശങ്ങള്‍ക്ക് പകരം ദൂഷ്യങ്ങള്‍ സമൂഹത്തില്‍ അതിവേഗം ഇടംപിടിക്കുന്നു.  ഏതൊരു പീഡനത്തിന്റെയും അന്വേഷണം ചെന്നെത്തുന്നത് മൊബൈലിലോ കമ്പ്യൂട്ടര്‍ അല്ലെങ്കില്‍ ഇന്റര്‍നെറ്റിലോ  ആണ്.  സാങ്കേതികവിദ്യ വ്യക്തികള്‍ക്കും സമൂഹത്തിനും എങ്ങിനെ പ്രയോജനപ്പെടുത്തണം എന്നകാര്യത്തില്‍ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കാന്‍ ഉത്തരവാദിത്തപ്പെട്ട ഒരു സംവിധാനം നമ്മുടെ ഇടയില്‍ ഉണ്ടോ? (ആര്‍ക്കറിയാം!). ഉണ്ടെങ്കില്‍ അവര്‍ ഉറക്കം നടിച്ചു കിടക്കുന്നു.

ജനങ്ങളുടെ ജീവിതം നാള്‍ക്കുനാള്‍ ദുരിതപൂരിതമാകുന്നു.  അവശ്യസാധനങ്ങളുടെ വില റോക്കറ്റ്‌ പോലെ പുതിയ ഉയരങ്ങള്‍ താണ്ടുമ്പോള്‍ സര്‍ക്കാരുകള്‍ അത് വികസനത്തിന്റെ ലക്ഷണമാക്കി കാണിച്ചു സമൂഹത്തെ കൊഞ്ഞനം കുത്തുന്നു.  മുപ്പതു രൂപക്ക് ഒരു പൌരനു ഒരു ദിവസം ജീവിക്കാം എന്ന് പറയുന്ന ആസൂത്രണ "വിദഗ്ദന്" വാണരുളുന്ന ആപ്പീസില്‍ ടിയാനുല്പ്പെടെയുള്ള വേന്ദ്രന്മാര്‍ക്ക് ഒന്നിരും രണ്ടിനും പോകാന്‍ പാവം പൌരന്മാര്‍ കൊടുക്കുന്ന നികുതിപ്പണത്തില്‍ നിന്നും മുപ്പത്തിഅഞ്ചു ലക്ഷത്തോളം രൂപ ചെലവഴിച്ചു ടോയ്ലറ്റ് നവീകരിച്ചു എന്ന വാര്‍ത്ത നമ്മുടെ നാട്ടിലെ കുത്തഴിഞ്ഞ വ്യവസ്ഥയെ സൂചിപ്പിക്കുന്നു.  സകല വിലനിയന്ത്രണവും കുത്തകകമ്പനികള്‍ക്കും അവരുടെ മുതലാളിമാര്‍ക്കും വിട്ടുകൊടുത്തു കേവലം കാഴ്ചക്കാര്‍ മാത്രമായി സര്‍ക്കാര്‍ നിലകൊള്ളുന്നു.  അറുപതു ശതമാനത്തിലധികം ആളുകള്‍ക്ക് ഇന്ത്യയില്‍ കക്കൂസ് ഇല്ല എന്ന് കണക്കുകള്‍ സൂചിപ്പിക്കുമ്പോള്‍ ഭരിക്കുന്ന പാര്‍ട്ടിക്ക് ഭാവിയിലെ അനന്തരാവകാശിയെ അരിയിട്ടു വാഴിക്കാനാണ് ശ്രദ്ധ.

കരയും കരയിലെ മണ്ണും മലകളും കുന്നും ഇടിച്ചു നിരത്തി കുളങ്ങളും തോടുകളും നീര്‍ച്ചാലുകളും മറ്റും നികത്തി അവിടെ റിയല്‍ എസ്റ്റെറ്റ് സംസ്കാരം പച്ചപിടിക്കുന്നു.  മുന്‍പെങ്ങും ഇല്ലാത്ത തരത്തില്‍ ഭൂമാഫിയയും മണല്മാഫിയയും തഴച്ചു വളരുന്നു.  ജില്ലാ കളക്ടറെ വരെ അപായപ്പെടുത്താന്‍ ശ്രമിക്കുന്നിടം വരെ കാര്യങ്ങള്‍ എത്തി നില്‍ക്കുന്നു.  ക്രമസമാധാനം
പാലിക്കേണ്ട പാലിക്കാന്‍ ചുമതലയുള്ള പോലീസ് തന്നെ അത് ലംഘിക്കാന്‍ ഇറങ്ങിത്തിരിക്കുംപോള്‍ സാധാരണ ജനം പകച്ചു നില്‍ക്കുകയാണ്.
മാലിന്യനിര്‍മ്മര്‍ജ്ജനതിന്റെ പേരില്‍ നടത്തുന്ന ഭരണ-പ്രതിപക്ഷ വടംവലികള്‍ക്കിടയില്‍ കേരളത്തിലെ  പട്ടണങ്ങളും ഗ്രാമങ്ങളും ചീഞ്ഞുനാറുന്നു.

വളര്‍ത്തി വലുതാക്കിയ മാതാപിതാക്കളെ ഒരു വിഭാഗം മക്കള്‍ തള്ളിക്കളയുന്നു.  തങ്ങള്‍ക് കിട്ടാനുള്ള ഭൌതികമായ കാര്യങ്ങള്‍ എല്ലാം നേടിയെടുത്ത ശേഷം ജീവിത സായന്തനത്തില്‍ അവരെ കേവലം പുഴുവരിക്കുന്ന സാഹചര്യങ്ങളിലേക്ക് തള്ളിവിടുന്നു.  

കൃഷിയും കാര്‍ഷികവൃത്തിയും ഏതാണ്ട് മലയാള മണ്ണിനോട് വിടപറഞ്ഞു കഴിഞ്ഞു.  എന്തിനും ഏതിനും നമുക്ക് അന്യസംസ്ഥാന വസ്തുക്കള്‍ അതിര്‍ത്തി കടന്നു വരുന്നു.  കേരളം അന്യസംസ്ഥാന തൊഴിലാളികളുടെ ഗള്‍ഫ് ആയി മാറിയിരിക്കുന്നു.  അതുയര്‍ത്തുന്ന സാമൂഹിക പ്രത്യാഘാതങ്ങളും ചില്ലറയല്ല.  വന്നുവന്ന് അന്യസംസ്ഥാനക്കാരനായ ബണ്ടിചോര്‍ വരെ തലസ്ഥാനത്ത് കയറി നിരങ്ങിയിട്ടു നമ്മള്‍ തരിച്ചു നില്‍ക്കുകയാണ്.  ബണ്ടിയെ തേടി കര്‍ണ്ണാടകയില്‍ പോയ കേരളാ പോലീസ് വെറും വണ്ടിയുമായി തിരികെ പോന്നു. 

എല്ലാറ്റിനും ഉപരിയായി കേരളീയ സമൂഹത്തില്‍ ഒരു തരം  അസഹിഷ്ണുത വളര്‍ന്നു വരുന്നു എന്നുള്ളത്  അത്യന്തം ഗൌരവത്തോടെ കാണേണ്ട സംഗതിയാണ്.   സമുദായത്തിന്റെ പേരില്‍ ആനുകൂല്യങ്ങള്‍ പറ്റുന്ന ഒരു പാര്‍ട്ടിയുടെ പേരില്‍ കേരള മുസ്ലീങ്ങളെ പ്രതിക്കൂട്ടില്‍ നിര്‍ത്തുവാനുള്ള ശ്രമം പ്രതിഷേധാര്‍ഹമാണ്.  കമലഹാസന്റെ പടത്തിനെതിരെ നടത്തുന്ന പ്രതിഷേധവും അക്രമ പ്രവര്‍ത്തനങ്ങളും ബിജു മേനോന്‍ - കുഞ്ചാക്കോ ബോബന്‍ ടീം അഭിനയിച്ച റോമന്‍സ് എന്ന ചിത്രത്തിനെതിരെ വന്നിരിക്കുന്ന കേസും ഇത്തരം അസഹിഷ്ണുതക്ക് മികച്ച ഉദാഹരണങ്ങള്‍ തന്നെ. 

ആകെ മൊത്തം കൂട്ടി നോക്കിയാല്‍ ഒട്ടും ആശാവഹമല്ല നമ്മുടെ കേരളത്തിന്റെ സാമൂഹിക ഭാവി.  എന്തും ഒരു കച്ചവട കണ്ണിലൂടെ കാണുന്ന പ്രവണത നാള്‍ക്കുനാള്‍ ഏറിവരുന്നു.  അവിടെ മനുഷ്യത്വം എന്ന ഒന്ന് നമുക്ക് കൈമോശം വരുന്നു.  പകരം അവിടെ മൃഗീയത കൊടികുത്തി വാഴാനോരുങ്ങുന്നു.  അത് നമ്മള്‍ കണ്ണ് തുറന്നു കാണണം. അതിനെതിരെ നാം ഓരോരുത്തരും സ്വയം ബോധവാന്മാരാവണം.  വൈകിയുദിക്കുന്ന വിവേകവും കിട്ടുന്ന നീതിയും ഒരിക്കലും ഗുണം ചെയ്യില്ല എന്നോര്‍ക്കുക.
   

ഫിനിഷിംഗ് ലൈന്‍:
ബ്ലോഗ്‌ എഴുതി തുടങ്ങിയിട്ട് നാലുവര്‍ഷം പൂര്‍ത്തിയായി. സ്വന്തം അനുഭവം പകര്‍ത്തി തുടങ്ങിവെച്ചു പിന്നീട് അത് മറ്റു പല വിഷയങ്ങളിലേക്കും തിരിഞ്ഞു. ഇതിനിടയില്‍ ഒരു രണ്ടു യാത്രാവിവരണങ്ങളും എഴുതാന്‍ കഴിഞ്ഞു. എന്നാല്‍ കുറെ നാളായി എവിടെയോ ഒരു സ്തംഭനാവസ്ഥ ഉണ്ടായിരിക്കുന്നു. ആവുന്ന തരത്തില്‍ അതിനെ അതിജീവിക്കാന്‍ ശ്രമിച്ചു വരുന്നു...(വീണ്ടും വധം തുടങ്ങി, സഹിക്കുമല്ലോ...).