2011, ഡിസംബർ 11, ഞായറാഴ്‌ച

കേന്ദ്രത്തിനും കേരളത്തിനും വലിപ്പിക്കാനറിയാം അല്ലേ?!

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഒരു പോസ്റ്റ് ഇടുവാന്‍ സാങ്കേതികമായി ആ വിഷയത്തെ പറ്റിയുള്ള പരിമിത അറിവ് ഒരു തടസ്സമായി നില്‍ക്കുന്നു.  എന്നാല്‍ ഈയുള്ളവന്റെ പിന്തുണ മറ്റു ബ്ലോഗ് പോസ്റ്റുകളിലും ഓണ്‍ലൈന്‍ പത്രങ്ങളിലും കമന്റുകളായി ഇട്ടുപോരുന്നു. 

രാഷ്ട്രീയക്കരെല്ലാം ചേര്‍ന്നു മുല്ലപ്പെരിയാറിനും ഇടുക്കി ഡാമിനും ഇടയിലുള്ള ജനങ്ങളെ മാത്രമല്ല ദുരിതം നേരിടേണ്ടി വന്നേക്കാവുന്ന മൊത്തം ജനങ്ങളെ മണ്ടന്മാരാക്കനുള്ള കളികളാണു നടത്തിക്കൊണ്ടിരിക്കുന്നത്.  കോടതിയില്‍ സര്‍ക്കാര്‍ വക വക്കീല്‍ മേലാളന്റെ (എ.ജി) പ്രസ്താവനയും തുടര്‍ന്ന് ഭരണ-പ്രതിപക്ഷ ഭേദമന്യേ ഉള്ള കള്ളനും പൊലീസ് കളിയും ഇപ്പോള്‍ മുതലെടുപ്പിനായി നിരാഹാര മഹാമഹവും!!.

കേരളത്തിലെ നേതാക്കന്‍മാര്‍ ഏതാണ്ട് ഒറ്റക്കെട്ടായി ഈ വിഷയത്തില്‍ അണിനിരക്കുമ്പോള്‍ കേരളത്തില്‍ നിന്നും കേന്ദ്രമന്ത്രിമാരായി പോയിട്ടുള്ള ചിലര്‍ ഇപ്പോഴും വേറെ ഏതോ ലോകത്ത് ബോധമില്ലാതെയിരിക്കുകയാണെന്ന് പറയാതെ വയ്യ.  ഈ അടുത്ത ദിവസം രക്ഷാമന്ത്രിയായ ധര്‍മ്മപുത്രര്‍(?) പറഞ്ഞതാണു തമാശ "കേന്ദ്രത്തിനു സംസ്ഥാനത്തോട് കല്‍പ്പിക്കാന്‍ കഴിയില്ല" എന്ന്.  പിന്നെ എന്താണാവോ നിങ്ങളെക്കൊണ്ടു പറ്റുന്നത്?  തമിഴ്നാട് അതാരു ഭരിച്ചാലും ന്യായവും അന്യായവും ആയ മാര്‍ഗ്ഗങ്ങളിലൂടെയെല്ലാം അവര്‍ ലക്ഷ്യമിട്ടത് നേടിയെടുക്കുക തന്നെ ചെയ്യും.  മുന്‍കാല ചരിത്രവും ഇപ്പൊഴത്തെ ചരിത്രവും പരിശോധിച്ചാല്‍ അതു മനസ്സിലാവും.  അതിനു കേന്ദ്രമന്ത്രിമാരും, എം.പി.മാരും സംസ്ഥാനത്തെ ഭരണ-പ്രതിപക്ഷവുമെല്ലാം ഒറ്റക്കെട്ടാണ്.

ജയലളിത എന്ന വനിത പ്രതിപക്ഷ അവര്‍ മുഖ്യമന്ത്രിയുടെയോ പ്രതിപക്ഷ നേതാവിന്റെയോ ആരുടെ വേഷമിട്ടു വന്നു നിന്നാലും കരുണാനിധിക്കും, മന്‍മോഹനും ആന്‍റ്റണിക്കും എല്ലാം മുട്ടിടിക്കും. ജയലളിത ഇടഞ്ഞാല്‍ ഒരു ആന ഇടഞ്ഞതിനു സമമാണ്. അവര്‍ ഇക്കഴിഞ്ഞ ദിവസം മലയാളികള്‍ക്ക് മാധ്യമങ്ങള്‍ മുഖേന ഒരു കത്ത് പ്രസിദ്ധീകരിച്ചു. നന്നായി ഹോംവര്‍ക്ക് ചെയ്ത് തയ്യാറാക്കിയതാണത് എന്നതില്‍ സംശയമില്ല. എന്നാല്‍ ഈ ജയലളിതാപരാക്രമങ്ങള്‍ കണ്ട് ആകെ അന്തം വിട്ടു നില്‍ക്കുകയാണ്‌ മലയാളികളും അവരുടെ നേതാക്കളും. ആകെ പറ്റുന്നത് കുറെ പ്രസ്ഥാവനാ ഗീര്‍വാണങ്ങള്‍ കത്തിച്ചു വിടുക. അതും പോരാഞ്ഞു നിരാഹാരം കിടക്കുക. കേന്ദ്രത്തിലും ഹൈക്കമാന്റിലും നിര്‍ണ്ണായക(??????!!!!!!) സ്വാധീനമുണ്ടെന്നു പറയുന്ന ആളുള്‍പ്പെടുന്ന മന്ത്രിമാര്‍ ഈ വിഷയം അറിഞ്ഞ മട്ടില്ല. ഒരാള്‍ പറയുന്നത് ഞാന്‍ കേരളത്തിന്റെ മാത്രം മന്ത്രിയല്ലെന്ന്! പിന്നെ ആരാണാവോ താങ്കളെ തെരഞ്ഞെടുത്ത് വിടുന്നത്? മറ്റൊരാള്‍ പറയുന്നത് കേന്ദ്രത്തിനു കല്‍പ്പിക്കാനാവില്ലെന്ന്!


രാഷ്ട്രീയ കോമരങ്ങളായ നിങ്ങള്‍ക്ക് പിന്നെ എന്താണാവോ അറിയുന്നത്?  നൂറ്റാണ്ടു പിന്നിട്ട ഒരു അണക്കെട്ടും അതിന്റെ കാക്കത്തൊള്ളായിരം കൊല്ലത്തേക്കുള്ള കരാറും കാലഹരണപ്പെട്ടതാണെന്നും പ്രഖ്യാപിച്ച് അത് ഡീകമ്മീഷന്‍ ചെയ്യാനുള്ള ഒരു നിയമം പാസ്സാക്കാന്‍ പറ്റിയില്ലെങ്കില്‍ പിന്നെ കേരള നിയമസഭയും അവിടെയുള്ള 140 അംഗങ്ങളും എന്തിനാണെന്ന് നമ്മള്‍ ചോദിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
 
 

1 അഭിപ്രായം: