2009, ഡിസംബർ 28, തിങ്കളാഴ്‌ച

എയര്‍ ഇന്ത്യയുടെ ക്രൂര വിനോദങ്ങള്‍. ഒരു തുടര്‍കഥ..



ആയിരങ്ങള്‍ നഷ്ടത്തിന്റെ പട്ടികയില്‍ എഴുതിക്കൂട്ടിയിട്ടും പോരാ പോരാ എന്ന് മുറവിളി കൂട്ടുന്ന എയര്‍ ഇന്ത്യ മനേജ്മെന്റും തൊഴിലാളികളും വീണ്ടും ജനദ്രോഹ നടപടികളിലേക്ക് കടക്കുകയാണ്. ഇക്കഴിഞ്ഞ ക്രിസ്മസ് തലേന്ന് മുതല്‍ വിമാനം റദ്ദക്കല്‍ എന്ന ക്രൂരവിനോദം ഒരു ചെറിയ ഇടവേളക്ക് ശേഷം അവര്‍ പുനരാനംഭിച്ചിരിക്കുന്നു. യൂറോപ്പിലേക്കും അമേരിക്കയിലെക്കും മറ്റുമുള്ള സര്‍വീസുകള്‍മൂലമുണ്ടാവുന്ന വന്‍ നഷ്ടം നികത്തിക്കൊടുക്കുന്ന ഗള്‍ഫ് സെക്ടര്‍ യാത്രക്കാരോട് എന്നത്തെയും പോലെ ചിറ്റമ്മ നയമാണ്. ഗള്‍ഫ് യാത്രക്കാരോട് എന്ത് അനീതി കാണിച്ചാലും ആരും ചോദിക്കനും പറയാനും ഉണ്ടാവില്ല എന്ന ധൈര്യത്തിലാണ്, നമ്മുടെ ദേശീയ വിമാനകമ്പനി ഈ കളി കളിക്കുന്നത്. ആണ്ടില്‍ പലകുറി ഗള്‍ഫില്‍ സന്ദര്‍ശനം നടത്തി (പിരിവിനും മറ്റും) താരങ്ങള്‍ ചമയുന്ന രാഷ്ട്രീയക്കാരെ അവിടെയെങ്ങും കാണില്ല.

സാങ്കേതികമായി എയര്‍ ഇന്ത്യ ചാര്‍ട്ടേര്‍സ് ലിമിറ്റഡ് എന്ന ഒരു കമ്പനിയാണ്, സര്‍വീസുകള്‍ നിയന്ത്രിക്കുന്നത്. ഗള്‍ഫ് മലയാളികളില്‍ നല്ലൊരു ശതമാനം പേരും നാമമാത്ര ശമ്പളത്തിനും മറ്റ് ആനുകൂല്യങ്ങള്‍ക്കും വേണ്ടി തൊഴിലെടുക്കുന്ന ദരിദ്ര നാരായണന്മാരാണ്. അവരാണ്, എയര്‍ ഇന്ത്യയിലെ യാത്രക്കാരില്‍ ഭൂരിഭാഗവും. ചില കാലങ്ങളില്‍ ഇതുപോലെയുള്ള സര്‍വീസ് പ്രശ്നങ്ങള്‍ ഉണ്ടായപ്പോള്‍ "എയര്‍ ഇന്ത്യയെ ബഹിഷ്കരിക്കുക" എന്ന ഒരു മുദ്രാവാക്യം ഉയര്‍ന്നു കേട്ടിരുന്നു എങ്കിലും കാലക്രമത്തില്‍ അത് ഉയര്‍ത്തിയവര്‍ തന്നെ വിഴുങ്ങുകയായിരുന്നു. പ്രവസിമലയാളികള്‍ക്ക് അതില്ല, ഇതില്ല മറ്റേതില്ല..എന്നൊക്കെ മുറവിളി കൂട്ടുന്ന രാഷ്ട്രീയപാര്‍ട്ടികള്‍ ഈ പ്രശ്നം വരുമ്പോള്‍ ഓടിയൊളിക്കുന്നു.  ഒരുമാതിരിപെട്ട രാഷ്ട്രീയപാര്‍ട്ടികള്‍ക്കൊക്കെയും ഗള്‍ഫില്‍ പോഷകസംഘടനയും കൂടാതെ സ്വന്തം നിലക്കുള്ള നൂറുകണക്കിനു സംഘടനകളും മിക്ക ഗള്‍ഫ് രാജ്യങ്ങളിലും പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും അതെല്ലാം ചില തല്‍പരകക്ഷികള്‍ക്ക് അഴകിയ രാവണന്‍ സ്റ്റൈലില്‍ "ഷോ" നടത്താന്‍ വേണ്ടിമാത്രമായി അധ:പതിച്ചിരിക്കുന്നു.  പ്രവാസികള്‍ക്ക് വേണ്ടി ഒരു വകുപ്പും മന്ത്രിയും കേന്ദ്രത്തിലും കേരളത്തിലും നമുക്കുണ്ട്. (വയലാര്‍ രവി & വി.എസ്.), പക്ഷെ എന്തുപ്രവാസികാര്യമാണ്, അവര്‍ നിര്‍വഹിക്കുന്നത് എന്ന് നോക്കിയാല്‍ വാ പൊളിച്ചിരിക്കാനേ നമുക്കു കഴിയൂ.  ഈ നേതാക്കള്‍ ഗള്‍ഫിലേക്ക് വരുന്നതും പോകുന്നതും ഏത് ഫ്ലൈറ്റിലാണെന്ന് ആരും ചിന്തിക്കുന്നില്ല. അതെല്ലാം സര്‍ക്കാര്‍ ചെലവാക്കുന്ന ഗള്‍ഫ് മലയാളിയുടെ ചോരയും നീരും അലിഞ്ഞുചേര്‍ന്നിട്ടുള്ള നികുതിപ്പണത്തിലൂടെയാണെന്ന് ആരും ചിന്തിക്കുന്നില്ല.  എയര്‍ഇന്ത്യ എക്സ്പ്രസില്‍ 1998 ഏപ്രില്‍ മാസം യാത്ര ചെയ്തിട്ടുള്ള ഒരു അനുഭവം മാത്രമേ എനിക്കുള്ളൂ. അന്ന് തന്നെ ജീവനക്കാരുടെ യാത്രക്കാരോടുള്ള മനോഭാവം കണ്ടറിഞ്ഞു. ചില പ്രത്യേക യാത്രക്കാര്‍ക്ക് ലഗേജിലും മറ്റും അനാവശ്യ ആനുകൂല്യങ്ങള്‍ നല്കുന്നത് അന്ന് ശ്രദ്ദയില്‍ പെട്ടു. ക്ലാസ് വിവേചനമില്ലാത്ത എയര്‍ ഇന്ത്യാ എക്സുപ്രസില്‍ നിന്നും പല തല്പരകക്ഷികളും അനാവശ്യ അനര്‍ഹ ആനുകൂല്യങ്ങള്‍ കൈപറ്റുന്നു.  ഓണ്‍ബോര്‍ഡില്‍ ഇവര്‍ പെരുമാറുന്നത് അനവസരത്തില്‍ തങ്ങളുടെ മുന്നില്‍ കൈനീട്ടിവരുന്ന ഭിക്ഷക്കാരോടെന്ന പോലെയാണ്.  വിദ്യാഭ്യാസപരമായി പിന്നോക്കം നില്‍ക്കുന്ന ചില യാത്രികര്‍ എമ്പാര്‍ക്കേഷന്‍ കാര്‍ഡ് പൂരിപ്പിക്കാനും മറ്റും അവരോട് സഹായം ചോദിച്ചാല്‍ ആ തിരുമുഖം ഒന്നു കാണെണ്ടതു തന്നെ. (തങ്ങളുടെ അടുത്ത് ബലം പിടിച്ചിരിക്കുന്ന സഹയാത്രികരോട് ചോദിക്കുന്നതിലും ഭേദം കാബിന്‍ ക്രൂവിന്റെ ദുര്‍മുഖം കാണലാണ്, ഒരു കണക്കിനു നല്ലത്).

കാര്യങ്ങള്‍ ഇങ്ങിനെയൊക്കെയായിട്ടും മലയാളിമക്കള്‍ എയര്‍ഇന്ത്യ(എക്സ്പ്രസ്സ്)യെ തന്നെ പ്രണയിക്കുന്നു. അതിലൊരുകാരണം നേരിട്ടുള്ള അതിന്റെ സര്‍വീസു തന്നെ. മറ്റുരാജ്യങ്ങളുടെ ഫ്ലൈറ്റൂകളില്‍ പോയാല്‍ ആ രാജ്യങ്ങളില്‍ ചെന്ന് കണക്ഷനു കാത്ത് കിടക്കുന്നത് ഒഴിവാക്കാം. നാട്ടിലേക്ക് തിരിക്കുന്നവര്‍ എത്രയും പെട്ടെന്ന് തങ്ങളുടെ പ്രിയപ്പെട്ടവരുടെ അടുത്ത് എത്തിപ്പെടാനാണല്ലോ പ്രഥമ പരിഗണന നല്‍കുക.  എന്നെ തല്ലെണ്ട ഞാന്‍ നന്നാവില്ല എന്ന് എയര്‍ ഇന്ത്യ പറയുമ്പോള്‍, ഞങ്ങളെ തല്ലണ്ട ഞങ്ങള്‍ നന്നാവില്ല എന്ന് നമ്മള്‍ യാത്രക്കാരും പറയുന്നു. നമ്മള്‍ എത്രയൊക്കെ അപമാനങ്ങള്‍ സഹിച്ചാലും എയര്‍ ഇന്ത്യ എന്ന അഹങ്കാരിയായ പ്രണയിനിയെ കൈവിടാന്‍ തയ്യാറാവുന്നില്ല.

നമ്മുടെ സിവില്‍ ഏവിയേഷന്‍ മന്ത്രാലയം ഈ വിഷയത്തില്‍ തീര്‍ത്തും കണ്ണടക്കുകയാണ്. മുന്‍പ് ഇന്ത്യന്‍ എയര്‍ലൈന്‍സും എയര്‍ ഇന്ത്യ ലിമിറ്റഡും സര്‍വീസ് നടത്തിയിരുന്ന മിക്കവാറും ഗള്‍ഫ് സെക്ടറുകളില്‍ അവര്‍ എയര്‍ ഇന്ത്യ എക്സ്പ്രസ്സിനെ കുടിയിരിത്തിയിരിക്കുന്നു. ഇതിന്റെ പിന്നിലെ ദുരുദ്ദേശം പകല്‍പോലെ വ്യക്തമാണ്. ഗള്‍ഫ് മലയാളിയെ കൊള്ള ചെയ്യുക. കൊള്ളക്കാര്‍ക്കും പിടിച്ചുപറിക്കാര്‍ക്കും അല്പം മാന്യതയുണ്ട്. കാരണം അവരുടെ തൊഴില്‍ അതാണ്, അവര്‍ നിലനില്പ്പിനു വേണ്ടിയാണ്, അതു ചെയ്യുന്നത്. അവര്‍ തോക്ക്, കത്തി മറ്റു മാരകായുധങ്ങള്‍ എന്നിവ കാണിച്ച് ഭീഷണിപ്പെടുത്തിയാണ്, കൊള്ള ചെയ്യുന്നത്. പക്ഷെ ഇന്ത്യാ ഗവണ്‍മെന്റും സിവില്‍ ഏവിയേഷന്‍ വകുപ്പും, എയര്‍ഇന്ത്യയും എല്ലാം ചില നിയമങ്ങള്‍ക്കു പുറത്താണ്, കൊള്ളചെയ്യാന്‍ ഇറങ്ങിതിരിക്കുന്നത്. ഇവര്‍ നിയമം കാണിച്ച് നമ്മളെ കൊള്ള ചെയ്യുന്നു. ഇതില്‍ ഏതാണ്, മാന്യത എന്ന് യാത്രക്കാരായ നമ്മള്‍ ആലോചിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

6 കേന്ദ്രമന്ത്രിമാരടക്കം ഇരുപതിലധികം എംപിമാര്‍ നമ്മുടെ ചെലവില്‍ പാര്‍ലമെന്റില്‍ കയറിയിറങ്ങുന്നുണ്ട്. എന്നാല്‍ ഇവരാരും തന്നെ ഗള്‍ഫ് യാത്രാ പ്രശ്നത്തെ മൈന്‍ഡ് ചെയ്യുന്നില്ല എന്നത് പൊറുക്കാന്‍ പാടില്ലാത്ത വലിയ ഒരു അപരാധം തന്നെയാണ്.  തങ്ങള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങല്‍ എണ്ണിവാങ്ങി തങ്ങള്‍ പ്രതിനിധാനം ചെയ്യുന്നവരുടെ പ്രാഥമിക അവകാശങ്ങള്‍ പോലും ചവിട്ടി മെതിക്കാന്‍ ഇവര്‍ക്ക് യാതൊരു മനസാക്ഷിക്കുത്തുമില്ല. പാര്‍ലമെന്റില്‍ ചോദ്യം ചോദിക്കാന്‍ എഴുതിക്കൊടുത്തിട്ട് ചോദ്യോത്തര വേളയില്‍ ദില്ലി തെരുവുകളില്‍ വായ്നോക്കാന്‍ ഇറങ്ങുന്ന എംപിമാരില്‍ നിന്നും നമ്മള്‍ക്ക് എന്തെങ്കിലും കൂടുതല്‍ പ്രതീക്ഷിക്കാന്‍ പറ്റുമോ?  മന്ത്രിസ്ഥാനം കിട്ടിയപ്പോഴേക്കും കാസര്‍ഗോഡ് നിന്നും അനന്തപുരിയിലേക്ക് യാത്ര നടത്തിയ തീവണ്ടിമന്ത്രി ഓരൊ ആഴ്ചയും ഓരൊ തീവണ്ടി എന്ന കണക്കിനു ഫ്ലാഗ് ഓഫ് ചെയ്ത് ടൂത്ത്പേസ്റ്റിന്റെ പരസ്യത്തിലെന്ന പോലെ ചിരിച്ചു നില്‍ക്കുന്ന പടം പത്രത്തിലും മറ്റും നിറയുന്നു. എന്നാല്‍ കൂടുതല്‍ തീവണ്ടിയോടിക്കുന്നതിലല്ല, ഉള്ള തീവണ്ടികളിലെ സൌകര്യങ്ങള്‍ നേരാംവണ്ണം നല്‍കുന്നതിലും കൂടുതല്‍ ആളെ ഉള്‍ക്കൊള്ളാന്‍ വേണ്ടി ബോഗികളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിലുമാണു ശ്രദ്ധിക്കേണ്ടത് എന്ന സത്യം മൂപ്പര്‍ വിസമരിക്കുന്നു (യാത്രക്കാര്‍ക്ക് തെന്നി വീഴാന്‍ ചില സ്റ്റേഷനുകളില്‍ മിനുസമുള്ള മാര്‍ബിള്‍ ഇട്ടുകൊടുക്കുന്നുണ്ട്.). ഈ അവസരത്തില്‍ തീവണ്ടികാര്യം പറയാന്‍ കാരണം മൂപ്പര്‍ പണ്ട് വിദേശ സഹമന്ത്രിയായിരുന്നല്ലോ, ആണ്ടില്‍ 12 മാസവും ക്രിത്യമായ ഇടവേളകളില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ഉടനീളം സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിയിരുന്ന അഴകിയരാവണന്മാരില്‍ ഒരാളാണ്, അദ്ദേഹം. അതിനാല്‍ കുറെയൊക്കെ പ്രശ്നങ്ങള്‍ അദ്ദേഹത്തിനു മുന്നിലും എത്തിക്കാണും എന്നത് 3 തരം.

നമ്മുടെ മാധ്യമ സിണ്ടിക്കേറ്റുകള്ക്കു ഈ പ്രശ്നങ്ങള്‍ തല്‍ക്കാലത്തെ ഒരു ഫ്ലാഷ് അല്ലെങ്കില്‍ ബ്രേക്കിങ്ങ് ന്യൂസില്‍ ഒതുക്കാനാണു താല്പര്യം. അവര്‍ മദനിയുടെയും അയാളുടെ പെണ്ണുമ്പിള്ളയുടെയും പിന്നെ മറ്റു ചില സംഭവങ്ങളുടെയും വ്യക്തികളുടെയും പുറകെ മണപ്പിച്ചു നടക്കുന്നു. 

ഈ അവസരത്തില്‍ ഇത്തരം സര്‍വ്വീസ് മുടങ്ങലുകളെ പറ്റി വിശദമായ അന്വേഷണമാണു വേണ്ടത്. ക്രിസ്മസ് ന്യൂ ഇയര്‍ അവധി എടുത്ത് വിദേശി വൈമാനികര്‍ സ്ഥലം വിട്ടതാണ്, പ്രശ്നത്തിന്റെ കാരണമെന്ന് അധികാരികള്‍ പറയുമ്പോള്‍ വിദേശികള്‍ പറത്തുന്ന വിദേശ വിമാനങ്ങള്‍ യാതൊരു മുടക്കവും കൂടാതെ വന്നു പോകുന്നു. ഇനി ഒരു വേള അവരെ സഹായിക്കാന്‍ വേണ്ടി നമ്മുടെ ആളുകള്‍ അവരുമായി ഒത്തുകളിക്കുകയാണോ എന്നും അന്വേഷിച്ച് കണ്ടെത്തേണ്ടിരിക്കുന്നു. അല്ലെങ്കിലും പണ്ടുമുതല്‍ ഒത്തുകളിയില്‍ ഭാരതീയര്‍ മോശമല്ലല്ലോ!!!!


1 അഭിപ്രായം: