പ്രവാസവുമായി ബന്ധപ്പെട്ട ബ്ലൊഗ് എഴുതുമ്പോള്‍ പലതും പലര്‍ക്കും വിഷയീഭവിക്കാറുണ്ട്. ഒറ്റപ്പെടല്‍, മാനസിക വ്യാപാരങ്ങള്‍, എന്നിവയെല്ലാം. പക്ഷെ ന്യൂനപക്ഷമായ ചില മനോരോഗികളെ കുറിച്ച് എഴുതാതിരിക്കാന്‍ വയ്യ. അതുകൊണ്ടു മാത്രം ഇതെഴുതുന്നു. ഒരാള്‍ തന്റെ കീഴില്‍ വന്നാല്‍ അയാള്‍ എന്നെന്നേക്കും തന്റെ കീഴില്‍ തന്നെ കഴിഞ്ഞു കൊള്ളണം എന്ന് ആഗ്രഹിക്കുന്ന ചില വിഷമനസ്സുള്ളവരെ പറ്റിയാണു പറഞ്ഞു വരുന്നത്.
ഇത്തരക്കാര്‍ പഴയകാലത്ത് തല്സ്ഥാപനങ്ങളില്‍ കീഴാള ജോലിയിലായിരിക്കും കയറിക്കൂടിയിട്ടുണ്ടാവുക. പക്ഷെ കാര്യങ്ങള്‍ പെട്ടെന്ന് ഗ്രഹിച്ചെടുക്കാനുള്ള ഒരു "പവര്‍" അവര്‍ക്കുണ്ടാവും. അതുപയോഗിച്ചു പരമാവധി സ്വായത്തമാക്കിയെടുക്കും. പാദസേവയുടെയും സ്തുതിപാടലിന്റേയും ഫലമായി ഒരവസരം കിട്ടുമ്പോള്‍ അവര്‍ കുറച്ചു കൂടി നല്ല ഒരു പൊസിഷനില്‍ എത്തിപ്പെടുന്നു.വ്യക്തിപരമായി എനിക്ക് ഇത്തരം കാര്യങ്ങളോടൊന്നും യാതൊരു എതിര്‍പ്പുമില്ല. പക്ഷെ മറ്റുള്ളവരുടെ നിഴലില്‍ കഴിഞ്ഞ ഇവര്‍ ഗ്രഹണ സമയത്ത് വിഷം വച്ച നീര്‍ക്കൊലികളായി മറ്റുള്ളവരുടെ അത്താഴം മുടക്കുവാന്‍ ഒരു കടി കടിക്കുവാന്‍ തക്കം പാര്‍ത്തിരിക്കുന്നു. ഇതിനോടാണ്‍ എനിക്ക് എതിര്‍പ്പ്.
മൂക്കില്ലാ രാജ്യത്ത് രാജാവായ ഈ മുറിമൂക്കന്മാര്‍ തനിക്കു കീഴില്‍ ഒരാള്‍ വന്നു പണിയെടുത്തു തുടങ്ങുമ്പൊളാണ്‍ തങ്ങളുടെ തനി സ്വഭാവം കാണിക്കാന്‍ തുടങ്ങുന്നത്. പ്രത്യേകിച്ചും അവര്‍ സാങ്കേതികമായും അക്കാദമിക്കലായും തങ്ങളേക്കാള്‍ കുറെ മുന്നിലാണെന്ന് കാണുമ്പോള്‍ !
ഒരേ കാബിനില്‍ മുഖാമുഖം ഇരുന്നു ഒരേ ജോലി ചെയ്യുന്ന ഇവര്‍ മനസ്സുകൊണ്ടു മറ്റവനെ തെറിപറയുകയും തരം കിട്ടിയാല്‍ പാര വക്കുകയും ചെയ്യുന്നു. മേല്പറഞ്ഞ കുല്സിത മാര്‍ഗ്ഗങ്ങളിലൂടെ നേടിയെടുത്ത തങ്ങളുടെ സ്ഥാനം ലവന്‍ തട്ടി തെറിപ്പിക്കുമോ എന്ന ഒരു ഭയം അവരെ പിടികൂടാന്‍ അധികം താമസമില്ല. കൂടാതെ ലവന്റെ കഴിവുകളില്‍ ത്രിപ്തിപ്പെട്ട ആരെങ്കിലും ലവനെകൊണ്ടു എന്തെങ്കിലും ജോലി ചെയ്യിക്കാന്‍ കൂടെക്കൂടെ വരികയൊ, ലവനുമായി ഇടപഴകുകയോ ചെയ്യുന്നത് കൂടി കണ്ടാല്‍ പിന്നെ പറയുകയും വേണ്ട. പിന്നെ മറ്റുള്ളവരുടെ മുന്നില്‍ ലവനെ തരം താഴ്ത്തി കാണിക്കുവാനായിരിക്കും അവരുടെ വ്യഗ്രത. ലവന്‍ ആദ്യം ഒന്നും അറിയാത്ത വട്ടപൂജ്യമായിരുന്നു, ഇപ്പോള്‍ "ഓവര്‍ സ്മാര്‍ട്ട്" ആവാന്‍ ശ്രമിക്കുന്നു എന്നും മറ്റും പറഞ്ഞു നടക്കുന്നു.ലവന്റെ കഴിവുകള്ക്കുള്ള അംഗീകാരമായി വല്ല കമ്പ്യൂട്ടര്‍ അപ്ഗ്രേഡിങ്ങോ മറ്റോ സ്ഥാപനത്തിന്റെ മേലധികാരികളില്‍ നിന്നും ഉണ്ടായാല്‍ പിന്നെ പരസ്പരം മിണ്ടാതെ, ഉരിയാടാതെ നടക്കുന്നു. അതെസമയം വിഷവ്യാപനം തടസ്സമേതുമില്ലാതെ നടത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.
ഇത്തരക്കാരെ എങ്ങിനെ നേരെയാക്കാം എന്നു ചില അവസരങ്ങളിലെങ്കിലും ഞാന്‍ ആലോചിച്ചിട്ടുണ്ട്. പക്ഷെ പിന്നീട് എപ്പോഴോ അത് എന്റെ ദൌത്യം അല്ല എന്ന സത്യം മനസ്സിലാക്കി പിന്മാറുകയാണുണ്ടായത്.
നമ്മള്‍ നമ്മുടെ കക്കൂസ് ക്ലീന്‍ ചെയ്യാറുണ്ട്, പക്ഷെ സെപ്റ്റിക് ടാങ്ക് ക്ലീന്‍ ചെയ്യാന്‍ ശ്രമിക്കാറില്ല, അതില്‍ സാധാരണ ഗതിയില്‍ ആര്‍ക്കും താല്പര്യം ഉണ്ടാകാറില്ലല്ലോ!
പ്രവാസ ജീവിതത്തില്‍ കാണുന്ന ചില ഇരുകാലി ജീവികളുടെ കഥയാണു് മേല്പറഞ്ഞത്, ആരെയും വിഷമിപ്പിക്കാന്‍ ഒരു താല്പര്യവും ഇല്ല. ആര്‍ക്കെങ്കിലും തങ്ങളാണു് മേല്പറഞ്ഞ വിഷലിപ്തമായ മനസ്സുള്ള ആള്‍ എന്നു തോന്നിയാല്‍ ദയവായി മുഖം ഒന്നു മിനുക്കിയ ശേഷം കണ്ണാടിയില്‍ നോക്കുക
എല്ലായിടത്തും എല്ലാക്കാലത്തും ഉണ്ടാകില്ലേ മാഷേ ഇങ്ങനെ കുറച്ചു പേരെങ്കിലും ?
മറുപടിഇല്ലാതാക്കൂ