2014, നവംബർ 3, തിങ്കളാഴ്‌ച

ഞാന്‍ കണ്ട സിനിമ - മുന്നറിയിപ്പ്!

നമ്മുടെ നാട്ടില്‍ ഒരു ചൊല്ലുണ്ട് - വേലിയില്‍ കിടക്കുന്ന പാമ്പിനെ എടുത്ത് തോളത്തിട്ടാല്‍...!!  അതാണ്‌ ഈ സിനിമയിലെ ഹൈലൈറ്റ് എന്ന് എനിക്ക് തോന്നി ഈ പടം കണ്ടപ്പോള്‍.  തന്‍റേതായ ഒരു ലോകത്ത് അടങ്ങിയൊതുങ്ങി കഴിയുന്ന ഒരു വിഷജന്തുവിനെ പുറത്തെടുത്ത് അതിനെ തന്‍റെ വഴിക്ക് നടത്താന്‍ ശ്രമിച്ചപ്പോള്‍ കഥാനായികക്ക് നേരിടേണ്ടിവന്ന ദുരന്തമാണ് ചിത്രത്തിന്‍റെ പ്രമേയം. മംഗ്ലീഷ് എന്ന മാസ് കൂതറ സിനിമയില്‍നിന്നും മുന്നറിപ്പ് എന്ന ക്ലാസ് പടത്തില്‍ എത്തുമ്പോള്‍ മമ്മൂട്ടിയുടെ അഭിനയശേഷിയുടെ വേറൊരു തലത്തിലേക്ക് നമ്മള്‍ പ്രേക്ഷകര്‍ സഞ്ചരിക്കുകയാണ്. 


കൊലപാതകക്കേസില്‍ ശിക്ഷാകാലാവധി കഴിഞ്ഞിട്ടും വിട്ടുപോകാതെ ജയിലില്‍ തന്നെ താമസിക്കുന്ന സി.കെ. രാഘവന്‍ എന്ന വ്യക്തിയുടെ കഥയാണ് ഇത്. (ഇങ്ങിനെ ഇത്തിള്‍കണ്ണി പോലെ ജയിലില്‍ കൂടാന്‍ പറ്റുമോ എന്നൊന്നും ചോദിക്കരുത്!). അടുത്ത് വിരമിക്കാനിരിക്കുന്ന ജയില്‍ മേധാവിയുടെ (നെടുമുടി വേണു) ജീവചരിത്രക്കുറിപ്പുകള്‍ എഴുതാന്‍ നിയോഗിക്കപ്പെട്ട അഞ്ജലി അറക്കല്‍ (അപര്‍ണ്ണ ഗോപിനാഥ്) എന്ന ഫ്രീലാന്‍സ് മാധ്യമ പ്രവര്‍ത്തക ഇതിനിടയില്‍ സി.കെ. രാഘവന്‍ എന്ന ജയില്‍ പുള്ളിയെ യാദൃശ്ചികമായി കാണുന്നു.  അയാളുടെ വിവരങ്ങള്‍ അറിഞ്ഞ അഞ്ജലി ജയിലറുടെ കഥ ഉപേക്ഷിച്ചു രാഘവന്‍റെ പുറകെ പോകുകയാണ്.  രാഘവനെകൊണ്ട് അയാളുടെ കഥ എഴുതിച്ച് അത് ഒരു നല്ല ടൈറ്റില്‍ കൊടുത്ത് പുസ്തകമാക്കി സെന്‍സേഷന്‍ ഉണ്ടാക്കുകയാണ് അഞ്ജലിയുടെ ലക്‌ഷ്യം.  അതിനായി അവള്‍ പ്രസിദ്ധീകരണ രംഗത്തെ ചില വന്‍തോക്കുകളുടെ കൈയ്യില്‍ നിന്നും മുന്‍‌കൂര്‍ തുക കൈപ്പറ്റുകയും ചെയ്യുന്നു.

രാഘവനെകൊണ്ട് ആത്മകഥ എഴുതിക്കാന്‍ തീരുമാനിക്കുന്ന അഞ്ജലി അയാളെ ജയിലില്‍ നിന്ന് ഇറക്കി കൊണ്ടുവരുന്നു.  രാഘവന്‍ എന്ന വ്യക്തിയെ നമ്മള്‍ കൂടുതല്‍ മനസ്സിലാക്കുന്നത് ഇവിടം മുതലാണ്‌. തന്‍റേതായ ഒരുലോകത്ത് തന്‍റേതായ ന്യായാന്യായങ്ങള്‍ക്ക് വിധേയമായിട്ടാണ് അയാളുടെ ജീവിതം.  അതിനു തടസ്സം നിന്നിട്ടുള്ളവരെ അയാള്‍ കൊന്നുകളഞ്ഞു.  ലോക കാര്യങ്ങളില്‍ താല്പര്യം ഉണ്ടെന്നു തോന്നുന്ന സംഭാഷണങ്ങള്‍ പക്ഷെ പിന്നീടുള്ള കഥാഗതിയില്‍ സ്വാധീനം ചെലുത്തുന്നുമില്ല.  പുറത്തിറങ്ങുന്ന രാഘവന്‍ പക്ഷെ സമകാലിക ലോകത്തെ ജീവിതത്തില്‍ ഒരുതരം പുറംതിരിയല്‍ നടത്തുന്നു.  പക്ഷെ ചില പ്രത്യേക കാഴ്ചകള്‍ അയാളെ അസ്വസ്ഥനുമാക്കുന്നു.

മറുവശത്ത് രാഘവനെകൊണ്ട് ഒരു വരി പോലും എഴുതിക്കാനാകാതെ പറഞ്ഞ സമയപരിധി അടുക്കുന്തോറും അഞ്ജലിയുടെ മേല്‍ സമ്മര്‍ദ്ദം മുറുകുന്നു.  അതിന്‍റെ പര്യവസാനം വളരെ ദുരന്തപൂരിതമാകുന്നു.  നമ്മള്‍ ഒരു വ്യക്തിയുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തി അയാളെ നമ്മുടെ വഴിക്ക് കൊണ്ടുവരുന്ന സ്വാര്‍ത്ഥതയാണ് അഞ്ജലിയിലൂടെ കാണുന്നത്.  സ്വാര്‍ത്ഥത അംഗീകരിച്ചുകൊടുക്കുവാന്‍ രാഘവന്‍ തയ്യാറുമല്ല.  അയാളുടെ ഭൂതകാല ചരിത്രം പോലീസ് ഭാഷ്യത്തില്‍ പറയുന്നപോലെയേ സിനിമയില്‍ തുടര്‍ന്നും കാണുന്നുള്ളൂ.  രാഘവന്‍ എന്ന വ്യക്തിക്ക് അവള്‍ യാതൊരു സ്ഥാനവും പ്രാധാന്യവും കൊടുക്കുന്നില്ല.  തന്‍റെ ലക്ഷ്യപ്രാപ്തിക്ക് വേണ്ടിയുള്ള ഒരു ഉപകരണമായിട്ടാണ് അഞ്ജലി രാഘവനെ കാണുന്നതും അയാളോട് പെരുമാറുന്നതും.  സ്വാതന്ത്ര്യത്തിനു തന്‍റേതായ നിര്‍വ്വചനവും സക്ഷാല്‍ക്കാരവും കല്‍പ്പിച്ചു ജീവിക്കുന്ന രാഘവന് ഇതൊക്കെ അസഹനീയവും!

സി.കെ. രാഘവനായി മമ്മൂട്ടി ഒരു വല്ലാത്ത അഭിനയം തന്നെയാണ് കാഴ്ചവെച്ചിരിക്കുന്നത്.  അയാളുടെ ഓരോ ചലനങ്ങളിലും വാക്കുകളിലും അയാളില്‍ കുടികൊള്ളുന്ന ക്രൂരത ശ്രദ്ധിച്ചു നോക്കിയാല്‍ കാണാം.  രാഘവന്‍റെ കണ്ണുകളിലെ നോട്ടം തന്നെ ശ്രദ്ധിച്ചു നോക്കിയാല്‍ അതില്‍ ഒളിഞ്ഞിരിക്കുന്ന ക്രൂരത നമുക്ക് കാണാം. മനസ്സിലെ ക്രൂരത ചില അര്‍ത്ഥവ്യാപ്തിയുള്ള വാക്കുകളില്‍ പൊതിഞ്ഞാണ് രാഘവന്‍ സൂക്ഷിക്കുന്നത്.  അവസാന രംഗത്തെ രാഘവന്‍റെ കണ്ണുകളില്‍ കാണുന്ന ഭാവം!  അതിനെ ഇവിടെ പകര്‍ത്താന്‍ വാക്കുകളില്ല!!!

വാദ്യഘോഷങ്ങളും ഫാന്‍സ്‌ എന്ന മണ്ടശിരോമണികളുടെ അലമ്പും ഇല്ലാതെ നമുക്ക് ആസ്വദിച്ചു കാണാവുന്ന ഒരു സിനിമയാണ് മുന്നറിയിപ്പ്.  സ്ക്രീനില്‍ മമ്മൂട്ടി എന്ന നടനെ നമ്മള്‍ കാണുന്നില്ല.  പകരം അവിടെ സി.കെ. രാഘവനും അഞ്ജലിയും ഒക്കെയാണ്.  അഞ്ജലി അറക്കല്‍ ആയിവന്ന അപര്‍ണ്ണയും നല്ല നീതിബോധം തന്‍റെ കഥാപാത്രത്തോട് കാട്ടി.  അതിഥിതാരമായി എത്തുന്ന പ്രിത്വിരാജ്‌ അടക്കം വേറെ പലരും ഇതില്‍ അഭിനയിച്ചിട്ടുണ്ട്.  പക്ഷെ ഓരോരുത്തരെയായി എടുത്ത് നോക്കിയാല്‍ എല്ലാവരിലും ഓരോ വൈവിധ്യം നിറഞ്ഞിരിക്കുന്നു.  സിനിമയുടെ തുടക്കത്തില്‍ വാഹന പരിശോധന നടത്തുന്ന പോലീസ് സീനടക്കം ചുരുക്കം ചില സീനുകള്‍ ഒഴിവാക്കാമായിരുന്നു.

ദയ എന്ന സിനിമക്ക് ശേഷം ശ്രീ. വേണു സംവിധാനം ചെയ്ത ഈ ചിത്രം എന്തുകൊണ്ടും മലയാള സിനിമയിലെ മികച്ച സിനിമയായി എണ്ണപ്പെടും എന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ട.

എന്‍റെ റേറ്റിംഗ്: 9/10

12 അഭിപ്രായങ്ങൾ:

  1. ഞാൻ സിനിമ കാണാറില്ല. അതിനാൽ എനിക്ക് അഭിപ്രായമൊന്നുമില്ല.
    പക്ഷേ കഥ ഇത്രയും വിശദീകരിച്ച് പറയുന്നതിനോട് ഞാൻ ചെറിയ വിമർശം പ്രകടിപ്പിക്കുന്നു. കാരണം ഒരു വലിയ സമൂഹത്തിന്റെ നാളുകളായുള്ള പരിശ്രമവും, ഒരാളുടെ ഭീമമായ സാമ്പത്തിക വിനിയോഗവുമാണെല്ലോ സിനിമ. ആകയാൽ കഥ വിവരിക്കുന്നതിൽ അൽപ്പം കൂടി പിശുക്ക് കാണിക്കാം.

    മറുപടിഇല്ലാതാക്കൂ
  2. ഒരു പൂർണത ഇല്ലാത്ത എന്നാൽ വളരെയേറെ പ്രതീക്ഷ നല്കുന്ന ചിത്രം.. ആരംഭശൂരത കണ്ടാൽ വൻ പ്രതീക്ഷ തോന്നുമെങ്കിലും അപ്പാടെ നിരാശപെടുത്തുന്ന ഒരു അവസാനം.. പൂർണതയില്ലാത്ത നിഘൂടമായ ഭൂതവുമുള്ള നായകനും വ്യക്തത തീരെ ഇല്ലാത്ത കഥ സന്ദർഭങ്ങളും ഒരു നല്ല സിനിമ ആകാവുന്ന ഒന്നിനെ ഒരു രസംകൊല്ലി ആക്കി അവസാനപ്പിച്ചു.. ചിത്രത്തിന്റെ പേരിനോട് ഒരു പുലബന്ധം പോലുമില്ലാത്ത ഒരു ക്ലൈമാക്സ്‌ ചിത്രത്തിന്റെ രസച്ചരട് പൊട്ടിച്ചു..

    മറുപടിഇല്ലാതാക്കൂ
  3. Good review.. പടം കണ്ടിട്ടില്ല, കാണണം

    മറുപടിഇല്ലാതാക്കൂ
  4. ഒരു കഥയായിരുന്നെങ്കിൽ സിനിമയേക്കാൾ ആസ്വദിയ്ക്കാമായിരുന്നു എന്നാണെനിയ്ക്ക്‌ തോന്നിയത്‌.

    Shaji KS Pandalam പറഞ്ഞതു പോലെ കഥ ഇത്ര വ്ശദമാക്കാതെ അവലോകനം ചെയ്യുകയാണേൽ ഇനി കണാനിരിയ്ക്കുന്നവരുടെ സസ്പെൻസ്‌ നഷ്ടപ്പെടില്ല എന്ന് എനിയ്ക്കും അഭിപ്രായമുണ്ട്‌.

    മറുപടിഇല്ലാതാക്കൂ
  5. അത്രയൊന്നും ഇഷ്ടം തോന്നാത്ത ഒരു സിനിമ. വലിയ പ്രതീക്ഷയോടെയാണ് കാണാനിരുന്നത്. ഒടുവിൽ നിരാശപ്പെടുത്തി...... ഇവിടുത്തെ റേറ്റിങ്ങ് അൽപ്പം കൂടുതലാണ്....

    മറുപടിഇല്ലാതാക്കൂ
  6. കാണാന്‍ പോകുന്നു. അതുകൊണ്ട് റിവ്യൂ ഇപ്പോള്‍ വായിക്കുന്നില്ല. കണ്ടിട്ട് വായിക്കാം

    മറുപടിഇല്ലാതാക്കൂ
  7. എൻതോ എനിക്ക് ദഹിച്ചില്ല

    മറുപടിഇല്ലാതാക്കൂ
  8. Good review .. ഒറ്റ നോട്ടത്തിൽ പ്രേക്ഷകനെ കബളിപ്പിക്കുന്ന സിനിമയായി വിലയിരുത്താൻ തോന്നിപ്പിക്കുകയും യഥാർത്ഥത്തിൽ മലയാളി പ്രേക്ഷകന് പരിചയമില്ലാത്ത കഥന രീതിയിലൂടെ കഥ പറഞ്ഞു ചിന്തിപ്പിക്കുന്ന ഒരു വ്യത്യസ്ത സിനിമ എന്ന് പറയിപ്പിക്കുകയും ചെയ്യുന്ന സിനിമ. ചില്ലറ സീനുകളിലെ ഇഴച്ചിലുകൾ ഒഴിവാക്കി നോക്കിയാൽ ഇത് വരെ ആരും പറയാത്ത രീതിയിൽ കഥ പറഞ്ഞ ഒരു സസ്പെന്സ് ത്രില്ലർ സിനിമ എന്ന് നിസ്സംശയം പറയാം.
    My rating 7/10

    മറുപടിഇല്ലാതാക്കൂ
  9. അടുത്ത കാലത്ത് കണ്ട ഏറ്റവും മികച്ച സിനിമകളിൽ ഒന്ന്.. ഐഎഫ് എഫ് കെയിൽ പ്രദർശിപ്പിച്ചിരുന്നു ഈ സിനിമയും... മമ്മൂക്ക ക്ക് ഏറെ കാലത്തിന് ശേഷം കിട്ടിയ ഒരു നല്ല സിനിമ, വേണു അന്താരാഷ്ട നിലവാരത്തിലേക്കുയർത്തിയ ഒരു സിനിമऽ/

    മറുപടിഇല്ലാതാക്കൂ