2014, നവംബർ 6, വ്യാഴാഴ്‌ച

ഞാന്‍ കണ്ട സിനിമ - വിക്രമാദിത്യന്‍

ഒരുപാട് നല്ല ചേരുവകള്‍ ഉണ്ടായിട്ടും പ്രതീക്ഷിച്ചതിനു വിപരീതമായി പോയ ഒരു കലാസൃഷ്ടി എന്നുവേണേല്‍ വിക്രമാദിത്യന്‍ എന്ന ഈ സിനിമയെ നമുക്ക് വിലയിരുത്താം.  ഗുപ്ത സാമ്രാജ്യത്തിലെ ഏറ്റവും പ്രശസ്തനും ബഹുമുഖപ്രതിഭയുമായ ചന്ദ്രഗുപ്തന്‍ രണ്ടാമന്‍ എന്ന രാജാവാണ് ചരിത്രത്തിലെ വിക്രമാദിത്യന്‍ എന്ന പേരില്‍ അറിയപ്പെടുന്നതെങ്കില്‍ ഈ സിനിമയില്‍ വിക്രമനും (ഉണ്ണി മുകുന്ദന്‍) ആദിത്യനും (ദുല്‍ഖര്‍) രണ്ടുപേരാണ്.  

ഒരേ ദിവസം ഏതാണ്ട് ഒരേ സമയത്ത് ജനിക്കുന്ന വിക്രവും ആദിത്യനും പരസ്പരം മത്സരിക്കുന്നവരാണ്.  അവര്‍ക്കിടയില്‍ വരുന്ന പെണ്‍കുട്ടി ദീപിക (നമിത പ്രമോദ്).  രണ്ടുപേര്‍ക്കും അല്‍പ്പം സോഫ്റ്റ്‌ കോര്‍ണര്‍ അവളില്‍ ഉണ്ടെങ്കിലും അവള്‍ക്ക് അല്‍പ്പം കൂടുതല്‍ ഇഷ്ടം ആദിത്യനോടാണ്.  ഒരു പ്രത്യേക സാഹചര്യത്തില്‍ അച്ഛന്‍ മരണപ്പെടുന്ന വിക്രമന്‍ ഏതാണ്ട് അച്ഛന്റെ ലൈനില്‍ തന്നെയാണ് പോകുന്നത്.  (അതെന്താണെന്ന് പറയൂല!) പോലീസുകാരനായ വാസുദേവ ഷേണായ് (അനൂപ്‌ മേനോന്‍) തന്‍റെ മകന്‍ വിക്രമനെ ഒരു പോലീസുകാരന്‍ ആക്കാനുള്ള പരിശ്രമത്തിലാണ്.  പരസ്പരം മത്സരിക്കുന്ന വിക്രമനും ആദിത്യനും ഇക്കാര്യത്തിലും വ്യത്യസ്ഥത പുലര്‍ത്തുന്നില്ല.  ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തില്‍ അവര്‍ക്കിടയില്‍ വരുന്ന തടസ്സങ്ങളും അത് എങ്ങിനെ അവര്‍ അതിജീവിക്കുന്നു എന്നതുമാണ്‌ സിനിമ കാണിച്ചു തരുന്നത്.

ഇതില്‍ ഒന്നാമത് ന്യൂനതയായി പറയാവുന്നത് ലോജിക്ക് ഇല്ലായ്മ തന്നെയാണ്.  നല്ല ഒരു കഥ ഉണ്ടെങ്കിലും കഥാഗതിയും അതിലെ സംഭവ ബഹുലതയും ഒക്കെ തമ്മില്‍ അവിടവിടെ കണ്ണികള്‍ മുറിഞ്ഞുപോയാല്‍ പിന്നെ പറഞ്ഞിട്ട് കാര്യമില്ല..  ഇക്ബാല്‍ കുറ്റിപ്പുറം പൂര്‍ണ്ണമായും ഇതില്‍ ഏകാഗ്രത കാണിച്ചിരുന്നോ എന്നൊരു സംശയം വിലയിരുത്തുന്ന നമുക്ക് തോന്നിയാല്‍ തെറ്റ് പറയാന്‍ കഴിയില്ല.  തുല്യ പങ്ക് ലാല്‍ ജോസിനും ഉണ്ട്.  ലാല്‍ ജോസ് എന്‍റെ ഇഷ്ടസംവിധായകരില്‍ ഒരാളാണ് (പണ്ട് എറണാകുളം നഗരത്തില്‍ ട്രാഫിക് ബ്ലോക്കില്‍ വെച്ച് അദ്ദേഹത്തിന്‍റെ കാര്‍ കണ്ടു.  ഞങ്ങള്‍ വിഷ് ചെയ്തപ്പോള്‍ ഗ്ലാസ് തുറന്നു കൈപിടിച്ച് അഭിവാദ്യം ചെയ്തത് കൊണ്ടൊന്നും അല്ലാട്ടോ!). ഈ സിനിമ പോസ്റ്റ്‌ പ്രോഡക്ഷന്‍ നടത്തി റിലീസ് ചെയ്യിക്കേണ്ട ലാല്‍ജോസ് അന്ന് ലോക യാത്രയിലായിരുന്നു എന്നതാണ് അദ്ദേഹത്തിനു ഈ സിനിമയോട് ഉണ്ടായിരുന്ന പ്രതിബദ്ധതയില്‍ നമുക്ക് സംശയം ജനിപ്പിക്കുന്നത്!

ഈ അവലോകനത്തില്‍ ആദ്യം അല്പം ചരിത്രം പറയാന്‍ കാരണം - ചരിത്രത്തില്‍ വിക്രമാദിത്യന്‍ എന്നറിയപ്പെടുന്ന രാജാവ് ഒരു സംഭവമായിരുന്നു എങ്കില്‍ ഈ സിനിമ വിക്രമാദിത്യന്‍ ഒന്നുമല്ലാതെ പോകുന്നു എന്ന സങ്കടമാണ്.  അതും ലാല്‍ ജോസ് എന്ന സംവിധായകന്‍റെ പടം!

സാമ്പത്തിക വിജയമാണ് ഒരു സിനിമയുടെ വിജയം എന്ന് നമ്മള്‍ കരുതുന്നു എങ്കില്‍ ഈ സിനിമ വിജയചിത്രങ്ങളുടെ കൂട്ടത്തില്‍ എണ്ണാന്‍ കഴിയും.  പക്ഷെ വേണ്ടാത്ത ചില വലിച്ചു നീട്ടലുകളും അതിഭാവുകത്വം നിറഞ്ഞ സന്ദര്‍ഭങ്ങളും ഈ സിനിമ കാണുമ്പോള്‍ അല്‍പ്പം മടുപ്പ് നമുക്ക് സമ്മാനിക്കും.  

പക്ഷെ എടുത്ത് പറയാവുന്ന മനസ്സിനെ സ്പര്‍ശിക്കുന്ന ചുരുക്കം ചില സന്ദര്‍ഭങ്ങള്‍ നല്ല ഭംഗിയായി  അഭിനേതാക്കള്‍ കേമമാക്കി എന്ന് പറയാതെ വയ്യ.  ദുല്‍ഖര്‍, ഉണ്ണി, അനൂപ്‌ മേനോന്‍, ലെന, ജോയ് മാത്യു, നമിത പ്രമോദ്, പിന്നെ ആ കള്ളന്‍ കുഞ്ഞുണ്ണിയായി വന്ന നടന്‍ അങ്ങിനെ എല്ലാവരും.  പക്ഷെ ആദ്യം പറഞ്ഞപോലെ വിഭവങ്ങള്‍ ഒക്കെ ഉണ്ടായിരുന്നു പക്ഷെ അത് പാകപ്പെടുത്തി എടുക്കുന്നതില്‍ ഉത്തരവാദിത്തമുള്ളവര്‍ പരാജയപ്പെട്ടു.  ഈ സിനിമയുടെ കുഴപ്പവും അത് തന്നെ!

എന്‍റെ റേറ്റിംഗ്: 4.5/10

7 അഭിപ്രായങ്ങൾ:

 1. ലോജിക് ഇല്ലായ്മ എവിടെ ആയിരുന്നു ഭായ്??

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. സദാ പോലീസ്, സിവില്‍ സര്‍വീസ് പോലീസ് - ഇവരുടെ ഉദ്യോഗലബ്ധി പിന്നെ ട്രെയിനിംഗ് അവസാനം ചര്ജ്ജെടുക്കല്‍. അവസാനം ഒന്ന് ആലോചിച്ചു നോക്കൂ രാകേഷ്. ആകപ്പാടെ...

   ഇല്ലാതാക്കൂ
 2. കണ്ടു, എനിക്കിഷ്ടപ്പെട്ടില്ല

  മറുപടിഇല്ലാതാക്കൂ
 3. അനൂപ്‌ മേനോന്റെ കരിയറിലെ ഒരു മികച്ച വേഷം .. പുതുമകൾ ഒന്നും പ്രതീക്ഷിക്കാതെ ഒരു വിനോദത്തിനായി മാത്രം കണ്ടിരിക്കാവുന്ന ഭേദപ്പെട്ട സിനിമ.
  My rating 6.2/10

  മറുപടിഇല്ലാതാക്കൂ
 4. അഭിനേതാക്കള്‍ കൊള്ളാം..പടം കണ്ടിരിക്കാം...ഒരു ഗുംമ്മും ഇല്ലാത്ത പടം..

  മറുപടിഇല്ലാതാക്കൂ
 5. ഞാൻ പ്രതീക്ഷിച്ചിരുന്നതിനേക്കാൾ നന്നായി എന്നാണെനിയ്ക്ക്‌ തോന്നിയത്‌.

  മറുപടിഇല്ലാതാക്കൂ
 6. കണ്ടിട്ടില്ല..... ഇനി കാണുന്നുമില്ല.....

  മറുപടിഇല്ലാതാക്കൂ