2014, ഒക്‌ടോബർ 25, ശനിയാഴ്‌ച

ഞാന്‍ കണ്ട സിനിമ - അപ്പോത്തിക്കരി

ചികിത്സാരംഗത്തെ അനാരോഗ്യ പ്രവണതകള്‍ പല മുന്‍കാല സിനിമകളിലും നമ്മള്‍ കണ്ടിട്ടുണ്ടെങ്കിലും അവ ഇത്രയും തനിമയോടെ ചിത്രീകരിച്ചിരിക്കുന്ന വേറെ സിനിമകള്‍ ഉണ്ടോ എന്ന് സംശയമാണ് (ഞാന്‍ കാണാത്തതാവാം! എങ്കില്‍ അങ്ങ് ക്ഷമിക്ക്).  പണ്ടുകാലത്ത് ഡോക്ടര്‍ എന്ന വാക്കിന് പകരം ഉപയോഗിച്ചിരിക്കുന്ന അപ്പോത്തിക്കരി എന്ന ഈ ചിത്രത്തിന്‍റെ പേരില്‍ നിന്നുതന്നെ തുടങ്ങാം, ഗംഭീരം!

"സ്റ്റെംസെല്‍ പ്രിസര്‍വേഷന്‍" എന്ന പേരില്‍ നടക്കുന്ന ഒരു തട്ടിപ്പിന് ചികിത്സാ രംഗത്തെ തട്ടിപ്പുകള്‍ അറിയാത്ത ഒരു (മുസ്ലീം) കുടുംബം ഇരയാക്കപ്പെടുന്ന ഭാഗത്തോടെയാണ് ഈ സിനിമ തുടങ്ങുന്നത്.  അപ്പോത്തിക്കരി എന്ന പേരില്‍ അറിയപ്പെടുന്ന മള്‍ട്ടിസ്പെഷ്യാലിറ്റി ഹോസ്പിറ്റലും അതിലെ ഡോക്ടര്‍മാരും മറ്റു ജീവനക്കാരും അവിടെ ചികിത്സ തേടിയെത്തുന്ന സാധാരണക്കാരായ മനുഷ്യരും അവര്‍ നേരിടേണ്ടി വരുന്ന "പരീക്ഷണങ്ങളും" വളരെ നല്ലരീതിയില്‍ ഇതില്‍ ആവിഷ്കരിച്ചിരിക്കുന്നു.  മേല്‍വിലാസം എന്ന നാടക ശൈലിയില്‍ ഉള്ള സിനിമയുടെ സ്വാധീനം ഈ സിനിമയിലും കാണാമെങ്കിലും അത് ഇവിടെ ചേരില്ല എന്ന് ആരും പറയാന്‍ ഇടയില്ല.  മുന്‍സിനിമയില്‍നിന്ന് പാഠം പഠിച്ച് നല്ല ഹോംവര്‍ക്കും ചെയ്താണ് ശ്രീ. മാധവ് രാമദാസന്‍ ഈ സിനിമക്ക് ഇറങ്ങിത്തിരിച്ചത് എന്ന് കഥാന്ത്യത്തില്‍ നമുക്ക് തോന്നും.  


അപ്പോത്തിക്കരി ആശുപത്രിയിലെ ന്യൂറോ വിഭാഗം തലവന്‍ ഡോ. വിജയ്‌ നമ്പ്യാര്‍ (സുരേഷ്ഗോപി), അയാളുടെ ഭാര്യ ഡോക്ടര്‍ നളിനി (അഭിരാമി), ആശുപത്രിയിലെ അവസാനവാക്ക് ഡോ. ശങ്കര്‍ വാസുദേവ് (രാഘവന്‍) പിന്നെ മറ്റു ഡോക്ടര്‍മാര്‍ (എല്ലാവരുടെയും പേര് പറയാന്‍ പരിമിതികള്‍ ഉണ്ട്), അവിടെ ചികിത്സ തേടിയെത്തുന്ന സുബിന്‍ (ജയസൂര്യ) അയാളുടെ അച്ഛന്‍ ജോസഫ്, അമ്മ ക്ലാര, സഹോദരന്‍, കാമുകി ഡെയ്സി  (ഇന്ദ്രന്‍സ്, സീമ.ജി.നായര്‍, നീരജ് മാധവ്, മീരാനന്ദന്‍) പിന്നെ ആസിഫ് അലിയുടെ പ്രതാപന്‍, തുടങ്ങി പ്രധാനപ്പെട്ടതും അല്ലാത്തതുമായ ഒരുപാട് കഥാപാത്രങ്ങള്‍ ഇതില്‍ ഉണ്ട് അവരെല്ലാം ഈ സിനിമയുടെ അവിഭാജ്യ ഘടകങ്ങളുമാണ്.

കനത്ത ചികിത്സാ ചെലവു താങ്ങാനാവാതെ വരുമ്പോള്‍ ആശുപത്രി മാനേജ്മെന്‍റ് ചികിത്സാസഹായം എന്ന അവരുടെ ചിലന്തിവലയിലേക്ക് രോഗികളെ ആകര്‍ഷിച്ച് മരുന്ന് പരീക്ഷണങ്ങള്‍ക്ക് വിധേയമാക്കുന്നതാണ് ചിത്രത്തിന്‍റെ പ്രമേയം.  ആ പരീക്ഷണങ്ങള്‍കൊണ്ട് ജീവിതം തന്നെ വഴിമാറി അസാധ്യമായിത്തീര്‍ന്നു വേദന തിന്നുന്ന അല്ലെങ്കില്‍ മരിച്ചുപോയ കഥാപാത്രങ്ങളാണ് ജയസൂര്യ, ആസിഫ് അലി, കവിതാ നായര്‍ (സാബിറ) തുടങ്ങിയവര്‍ ജീവന്‍ നല്‍കിയ കഥാപാത്രങ്ങള്‍.  ഡോ. വിജയ്‌ മരുന്ന് പരീക്ഷണങ്ങള്‍ക്ക് എതിരാണെങ്കിലും ഒരുപരിധിക്ക് അപ്പുറം  അയാളും ആ പരീക്ഷണത്തിനു നേതൃത്വം കൊടുക്കാന്‍ വിധിക്കപ്പെടുകയാണ്.  അതിന്‍റെയൊക്കെ കുറ്റബോധം വിഭ്രാന്തികള്‍ അയാളില്‍ ഉണ്ടാക്കുകയും തുടര്‍ന്ന്‍ ഒരു അപകടത്തില്‍ അങ്ങേയറ്റം ഗുരുതരമായ അവസ്ഥയില്‍ താന്‍ ജോലി ചെയ്യുന്ന അപ്പോത്തിക്കരിയില്‍ പ്രവേശിപ്പിക്കപ്പെടുന്നു.  മറ്റുള്ളവരില്‍ മരുന്ന് പരീക്ഷണം നടത്തിയ ഡോക്ടറുടെ ശരീരത്തില്‍ അതേ മരുന്നുകള്‍ കുത്തിവെച്ചു പരീക്ഷണം നടത്താന്‍ ആശുപത്രി മാനേജ്മെന്‍റ് യാതൊരു മടിയും കാണിക്കുന്നില്ല!  

മരുന്ന് പരീക്ഷണം ജീവിതം മാറ്റിമറിച്ച സുബിന്‍റെ വീക്ഷണത്തില്‍ കഥപറയുന്ന ശൈലിയും അതിന്‍റെ നല്ല ആവിഷ്കാരവും ആസ്വാദകരില്‍ നല്ല ഒരു ഇഷ്ടം ജനിപ്പിക്കും.  ബോറടിയും ഇല്ല.  ചില സന്ദര്‍ഭങ്ങളില്‍ അല്‍പ്പം നാടകീയതക്ക് വേണ്ടി വലിച്ചു നീട്ടലും ഇഴചിലും അനുഭവപ്പെടുന്നത് കാര്യമാക്കാനും വേണ്ടിയില്ല.

പ്രമേയം, അതിനോട് ഇതിന്‍റെ മുന്നിലും പിന്നിലും പ്രവര്‍ത്തിച്ചവര്‍ കാണിച്ച ആത്മാര്‍ത്ഥത ഇവയെല്ലാം ഈ സിനിമയെക്കുറിച്ച് പറയുമ്പോള്‍ എടുത്ത് പറയെണ്ടുന്ന വസ്തുതകളാണ്. സുരേഷ്ഗോപി ശരിക്കും ആ കഥാപാത്രമായി ജീവിക്കുകയായിരുന്നു, പിന്നെ ജയസൂര്യ, ആസിഫ്, ഇന്ദ്രന്‍സ്, സീമ ജി. നായര്‍ തുടങ്ങി എല്ലാവരും. ഇന്ദ്രന്‍സ് ചെയ്തിട്ടുള്ള ഇതുവരെയുള്ള ഏറ്റവും നല്ല കഥാപാത്രം ഇതിലെ ജോസഫ് ആണ്.  ആസിഫ് അലിക്കും മീരാ നന്ദനും മുഖത്ത് ഭാവം വരില്ല എന്നാരും ഇനി പറയില്ല.  തിരിച്ചുവരവില്‍ അഭിരാമിക്ക് കിട്ടിയ മികച്ച കഥാപാത്രമാണ് ഇതിലെ ഡോ. നളിനി.  ഒരു നല്ല ഭാര്യ, അമ്മ റോളുകളില്‍ അവര്‍ ശരിക്കും തിളങ്ങി.

നമ്മുടെ ഭരണകൂടങ്ങള്‍ വലിയ ശ്രദ്ധകൊടുക്കാത്ത ഒരു മേഖലയാണ് ആരോഗ്യ മേഖല.  അതിലെ മരുന്ന് പരീക്ഷണങ്ങള്‍ പ്രത്യേകിച്ചും!.  ബഹുരാഷ്ട്ര കുത്തക മരുന്ന് കമ്പനികളുടെ ലാഭക്കൊതിയും അവക്ക് ചൂട്ടുപിടിക്കുന്ന ചികിത്സാ സ്ഥാപനങ്ങളും ഇവരെയെല്ലാം നിരീക്ഷിക്കാതെ കയറൂരിവിട്ടു നോക്കിയിരിക്കുന്ന ഭരണകൂടങ്ങളും.  ചിത്രം കണ്ടിറങ്ങുന്ന പ്രേക്ഷകര്‍ ഇങ്ങിനെ ചിന്തിച്ചാല്‍ നമുക്ക് കുറ്റം പറയാനാവില്ല.

ശാസ്ത്രം ഇത്രയും പുരോഗമിച്ചിട്ടും, മനുഷ്യന്‍ നിസ്സഹായന്‍ ആകുമ്പോള്‍ അവസാനം വിശ്വാസങ്ങളിലും അനുഷ്ഠാനങ്ങളിലും അഭയം പ്രാപിക്കുന്നതും ഈ സിനിമയില്‍ കാണാം.  കൂടുതല്‍ പറഞ്ഞു കുളമാക്കുന്നില്ല.  സുരേഷ്ഗോപിക്ക് ഒരു സംസ്ഥാന അവാര്‍ഡ് ഈ സിനിമയിലെ കഥാപാത്രത്തിന്‍റെ പിന്‍ബലത്തില്‍ കിട്ടിയാല്‍ ഏറ്റവും സന്തോഷിക്കുന്നവരില്‍ ഞാനും ഉണ്ടാകും എന്ന് മാത്രം പറയട്ടെ.  ഈ സിനിമ നിര്‍മ്മിച്ചിരിക്കുന്നത് രണ്ടു ഡോക്ടര്‍മാര്‍ ആണെന്നത് കൂടി ചേര്‍ത്ത് പറയുന്നു.

എന്‍റെ റേറ്റിംഗ് 9.95/10

10 അഭിപ്രായങ്ങൾ:

 1. ഈ സിനിമ കണ്ടില്ല.. ഇറങ്ങിയ സമയത്താണ്.. ആഫ്രിക്കയ്ക്ക് പോകേണ്ടി വന്നത്.. എല്ലാവരും പറഞ്ഞു നല്ല പടം ആണെന്ന് തിരിച്ചു പോയിട്ട് വേണം കാണാന്‍..

  മറുപടിഇല്ലാതാക്കൂ
 2. സിനിമ കണ്ടിരുന്നു, പലപ്പോഴും ഇഴച്ചിൽ അനുഭവപ്പെടുന്നുണ്ടെങ്കിലും 'നല്ല സിനിമ' എന്ന് ഒറ്റ വാക്കിൽ പറയാം

  വേദന തിന്നു ജീവിയ്ക്കുന്ന കഥാപാത്രം ആണോ, ആസിഫ്‌ അലിയുടേത്‌? വേദന തിന്നു ജീവിച്ച്‌ അവസാനം മരിച്ചു പോയതല്ലേ?

  മറുപടിഇല്ലാതാക്കൂ
 3. സി.ഡി കടയിൽ നിന്ന് ഇന്നലെ വാങ്ങാതെ പോന്നത് കഷ്ടമായെന്ന് ഇപ്പോൾ തോന്നുന്നു. ഈ അവലോകനം വായിച്ചതോടെ സി.ഡി വാങ്ങണമെന്നു തീരുമാനിച്ചു

  മറുപടിഇല്ലാതാക്കൂ
 4. നല്ലൊരു അവലോകനം
  ഇനി എന്തായാലും ഈ സിനിമ കാണണം.
  നന്ദി ഇക്കാ.
  തുടരൂ

  മറുപടിഇല്ലാതാക്കൂ
 5. ഒരു നെഗറ്റീവ് റിവ്യൂ വായിച്ച്, കാണാതെ മാറ്റി വെച്ച സിനിമയാണ് ഇത്. നിങ്ങൾ എന്നെ കമ്മ്യൂണിസ്റ്റ്‌ ആക്കി. ഛെ! ഛെ! നിങ്ങൾ എന്നെ കണ്‍ഫ്യൂഷനിസ്റ്റ് ആക്കി. പിന്നെ, ലോക ക്ലാസ്സിക്കുകൾക്ക് പോലും 9.5 നു മുകളിൽ റേറ്റിങ്ങ് ഇല്ല എന്നാണറിവ്. അതുകൊണ്ട് സിനിമ കാണാതെ തന്നെ ഞാൻ പ്രഖ്യാപിക്കുന്നു, ഇത് ഇത്തിരി കൂടിപ്പോയി!

  മറുപടിഇല്ലാതാക്കൂ
 6. good movie ..excellent script and direction ... amazing performances of indrans, jayasurya, suresh gopi etc ..My rating is 8.5/ 10 .. A must watch movie

  മറുപടിഇല്ലാതാക്കൂ