2011, ജൂൺ 14, ചൊവ്വാഴ്ച

എണ്ണപ്പാട വികസനത്തിലെ അംബാനി തട്ടിപ്പുകള്‍.

സ്വകാര്യ പെട്രോളിയം കമ്പനികളെ യു.പി.എ. സര്‍ക്കാര്‍ "വഴിവിട്ട്" സഹായിച്ചതായി കംട്രോളര്‍ & ഓഡിറ്റര്‍ ജനറല്‍ (സി.എ.ജി) റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. മുകേഷ് അംബാനിയുടെ റിലയന്‍സ് അടക്കമുള്ള സ്വകാര്യ എണ്ണ കമ്പനികളെ ഇന്ത്യാ ഗവണ്‍മെന്റ് പൊതു ഖജനാവിന്‌ നഷ്ടമുണ്ടാക്കിക്കൊണ്ട് സഹായിച്ചതായാണ്‌ പുറത്ത് വന്ന വാര്‍ത്തകള്‍ നല്‍കുന്ന സൂചന.

കൃഷ്ണാ-ഗോദാവരി തടത്തിലെ എണ്ണ നിക്ഷേപം പുറത്തെടുക്കാന്‍ നിയമിക്കപ്പെട്ടത് മുകേഷിന്റെ റിലയന്‍സ് ആണ്. പൊതുമുതല്‍ കൊള്ള ചെയ്ത് സ്വകാര്യ കുത്തക മുതലാളിമാര്‍ ലാഭമെടുക്കുന്നതിന്റെ പത്ര വാര്‍ത്തകള്‍ ഇവിടെ (മാതൃഭൂമി) വായിക്കാം. മനോരമ വാര്‍ത്ത ഇവിടെയും മാധ്യമത്തിന്റെ റിപ്പോര്‍ട്ട് ഇവിടെയും ക്ലിക്കിയാല്‍ വായിക്കാം.
 
അധികാര ദുര്‍വിനിയോഗത്തിന്റെ കാര്യത്തില്‍ ഇതുവരെ കേട്ടുവന്ന ആരോപണങ്ങളെയൊക്കെ വെല്ലുവിളിക്കുന്ന തരത്തിലുള്ള പുതിയ തരം ആരോപണങ്ങള്‍ ആഴ്ചകണക്കിനു പുറത്തു വന്നുകൊണ്ടിരിക്കുന്നു. ബലഹീനനായ പ്രധാനമന്ത്രി ഇതെല്ലാം കേട്ടിട്ടും യാതൊരു കുലുക്കവുമില്ലാതെ നിലകൊള്ളുന്നു. അഴിമതി തടയാന്‍ തന്റെ കൈയില്‍ മാന്ത്രിക വടിയൊന്നുമില്ലെന്നാണ്‌ ടിയാന്റെ വാദം. അഥവാ പ്രധാനമന്ത്രിയെ അദ്ദേഹത്തിന്റെ നിഷ്ക്രിയതയുടെ പേരില്‍ ആരെങ്കിലും വിമര്‍ശിച്ചാല്‍ അവര്‍ എന്തോ അതിഭയങ്കരമായ അപരാധം ചെയ്യുന്ന മട്ടിലാണ്‌ കോണ്‍ഗ്രസ്സിലെ ചില നേതാക്കളും വക്താക്കളൂം പ്രതികരിക്കുന്നത്.

എണ്ണക്കമ്പനികള്‍ക്ക് വില സ്വന്തം നിലക്ക് നിശ്ചയിക്കാനുള്ള അധികാരം നല്‍കിയത് തന്നെ ഇപ്പോള്‍ വെളുക്കാന്‍ തേച്ചത് പാണ്ടായ പോലെയാണ്. 3-4 വര്‍ഷം മുന്‍പ് നാട്ടില്‍ പോയപ്പോള്‍ റിലയന്‍സിന്റെ പമ്പുകള്‍ പൂട്ടിയിട്ടിരിക്കുകയായിരുന്നു.  ഭാരത സര്‍ക്കാരിന്റെ വിലക്കനുസരിച്ച് നാട്ടുകാര്‍ക്ക് എണ്ണ നല്‍കിയാല്‍ തങ്ങള്‍ക്ക് നഷ്ടമാവും എന്ന ന്യായത്തിലായിരുന്നു അത്.  അന്ന് പെട്രോള്‍ ഏകദേശം 50-51 രൂപയിലായിരുന്നു കേരളത്തില്‍.  പൂട്ടിയിട്ട റിലയന്‍സ് പമ്പില്‍ കാണപ്പെട്ട അവസാന വില നിലവാരം 56-57 രൂപയിലായിരുന്നു.  ഇതിനിടയിലൊക്കെ കാലാകാലങ്ങളായി പൊതു-സ്വകാര്യ മേഖലാഭേദമന്യേ എല്ലാ കമ്പനികളും വില നിയന്ത്രണത്തിലുള്ള കുത്തകക്ക് വേണ്ടി നടത്തുന്ന മുറവിളികള്‍ മുഴങ്ങുന്നുണ്ടായിരുന്നു.  ബി.ജെ.പി മുന്നണി ഭരിച്ചിരുന്നപ്പോഴും സര്‍ക്കാര്‍ എണ്ണ വില നിയന്ത്രണം എടുത്ത് കളയും എന്ന് ഉരുവിട്ടിരുന്നുവെങ്കിലും പൊതുജനത്തെ ഭയന്നാകാം അതിനു മുതിര്‍ന്നില്ല.  പിന്നീട് വന്ന ഒന്നാം യു.പി.എ. സര്‍ക്കാരിന്‌ നിര്‍ണ്ണായ പിന്തുണ കൊടുത്തിരുന്നത് ഇടതുപക്ഷമായിരുന്നത് കൊണ്ട് ഇക്കാര്യത്തില്‍ "റിസ്ക്" എടുക്കുവാന്‍ അവര്‍ തയ്യാറായില്ല.  ഇടതന്മാര്‍ പാലം വലിക്കുമോ എന്ന പേടി ഊണിലും ഉറക്കത്തിലും സര്‍ക്കാരിനെ അലട്ടിയിരുന്നു.  2009ലെ പൊതു തെരഞ്ഞെടുപ്പില്‍ ഇടതന്മാരുമായി പിണങ്ങി മറ്റു പല പ്രാദേശിക പാര്‍ട്ടികളുമായി ചേര്‍ന്ന് അധികാരത്തില്‍ തുടരാന്‍ കഴിഞ്ഞത് എന്തു ജനദ്രോഹവും ചെയ്യുവാനുള്ള ഒരു ലൈസന്‍സ് അവര്‍ക്ക് കിട്ടിയതു പോലെയായി.  ഇതിനിടയില്‍ വീണ്ടും എണ്ണ വില നിയന്ത്രണ വിഷയം കമ്പനികള്‍ ഉന്നയിച്ചു കൊണ്ടിരുന്നു.  വില നിയന്ത്രണം എടുത്ത് കളയുമെന്ന ഊഹാപോഹങ്ങള്‍ക്കിടയില്‍ മുകേഷ് അംബാനി നേരിട്ട് പ്രധാനമന്ത്രിയെ കണ്ടു.  എണ്ണവില പ്രശ്നം ഉന്നയിക്കുകയും ചെയ്തു.  ഒരു രണ്ടാഴ്ച കഴിഞ്ഞപ്പോഴേക്കും സര്‍ക്കാര്‍ പ്രഖ്യാപനം വന്നു. പെട്രോള്‍ വില നിയന്ത്രണം സര്‍ക്കാരില്‍ നിന്നുമെടുത്ത് കളഞ്ഞു.  ഡീസല്‍ മണ്ണെണ്ണ ഗ്യാസ് വിലകള്‍ സര്‍ക്കാര്‍ തന്നെ കൈകാര്യം ചെയ്യും-അതും തല്‍ക്കാലത്തേക്ക്.  പൊതുജനമെന്ന കഴുതകളുടെ മേല്‍ അതൊരു ടെസ്റ്റ് ഡോസായിരുന്നു.  ഏറെ കഴിയാതെ പെട്രോള്‍ വില കമ്പനികള്‍ തോന്നിയപോലെ കൂട്ടാന്‍ തുടങ്ങി.  വിലനിയന്ത്രണം എടുത്തു കളഞ്ഞ ശേഷം പ്രധാനമന്ത്രി പ്രതികരിച്ചത് "കുറെകഴിയുമ്പോള്‍ ജനങ്ങള്‍ക്ക് ഇതൊരു ശീലമായിക്കോളും" എന്നാണ്.  ശരിയാണ്‌ ഇടക്കിടെ നല്ല അടി കിട്ടിയാല്‍ ആദ്യമൊക്കെ വേദന തോന്നുമെങ്കിലും പിന്നീട് അതിനെയും സഹിക്കാന്‍ പഠിക്കും പൊതുജനം എന്നായിരിക്കാം അദ്ദേഹം ഉദ്ദേശിച്ചത്.

ഇത്രയും പറഞ്ഞത് രാജ്യത്തെ വ്യവസായ-ബിസിനസ് ലോബി സര്‍ക്കാരിനുമേല്‍ എത്രകണ്ട് സ്വാധീനവും സമ്മര്‍ദ്ദവും ചൊലുത്തുന്നുണ്ട് എന്ന് വ്യക്തമാക്കാനാണ്.  75 ശതമാനം ആളുകളും 20 രൂപ പ്രതിദിന വരുമാനം മാത്രം നേടുന്ന ഒരു ജനാധിപത്യ മതേതര രാജ്യമാണ്‌ നമ്മുടെ ഇന്ത്യ!  ഭരണഘടനാനുസൃതമായി പക്ഷഭേദമില്ലാതെ പ്രവര്‍ത്തിക്കും എന്ന് സത്യം ചെയ്ത് അധികാരത്തിലേറുന്ന ഭരണവര്‍ഗ്ഗം എത്രകണ്ട് സ്വജന പക്ഷപാതം കാണിക്കാമെന്നുള്ളതിന്റെ ഉദാഹരണമാണ്‌ ഇപ്പോള്‍ സി.എ.ജി പുറത്ത് വിട്ടിരിക്കുന്ന റിപ്പോര്‍ട്ട്.  മുന്‍ യു.പി.എ. സര്‍ക്കരില്‍ ആദ്യകാലത്ത് പെട്രോളിയം വകുപ്പ് കൈകാര്യം ചെയ്തിരുന്ന മണിശങ്കരയ്യരെ അദ്ദേഹം ഇറാനില്‍ നിന്നും പാക്കിസ്ഥാന്‍ വഴി ഇന്ത്യയിലേക്ക് പൈപ്പ് ലൈനിലൂടെ പ്രകൃതി വാതകം കൊണ്ടു വരാനുള്ള ആശയത്തെയും പദ്ധതിയേയും പിന്തുണച്ചതിന്റെ പേരില്‍ രാവുക്കു രാമാനം നഗരവികസന വകുപ്പിലേക്ക് സ്ഥലം മാറ്റി ഒതുക്കി ഇപ്പോഴത്തെ മന്ത്രി മുരളി ദേവ്റയെ പ്രതിഷ്ഠിച്ചത് ഇതിനോട് കൂട്ടിവായിക്കേണ്ടതാണ്.  ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന റിപ്പോര്‍ട്ട് ശരിയാണെങ്കില്‍ കളിച്ചത് മന്ത്രിയും റിലയന്‍സ് അടക്കമുള്ള എണ്ണ ലോബികളും തന്നെ.  സര്‍ക്കാരിന്റെ തലവനായ പ്രധാനമന്ത്രി ഇതൊന്നുമറിഞ്ഞില്ലന്ന് ഇനി പറയാന്‍ കഴിയുമോ?

ഈ ചൂഷക വര്‍ഗ്ഗങ്ങള്‍ക്ക് നികുതി നല്‍കുകയും ചുമന്നു നടുവൊടിയുകയും ചെയ്യുന്ന നമ്മള്‍ എന്ന പൊതു ജനത്തിന്റെ കണ്ണില്‍ പൊടിയിടുന്ന പ്രസ്ഥാവനകള്‍ക്കായി കാത്തിരിക്കാം.

2 അഭിപ്രായങ്ങൾ: