2011, ജൂൺ 9, വ്യാഴാഴ്‌ച

മുടിയും വിശ്വാസികളും.

അന്ത്യപ്രവാചകന്‍ മുഹമ്മദ് (സ) നബിയുടെ മുടിയാണെന്ന് പറഞ്ഞ് കാന്തപുരം അബൂബക്കര്‍ മുസലിയാര്‍ കാത്തു സൂക്ഷിച്ചിരിക്കുന്ന സംഗതിയുടെ പേരില്‍ സുന്നികള്‍ തമ്മില്‍ അടി മൂത്തിരിക്കുകയാണ്. അതില്‍ കക്ഷി ചേരാനായി സമുദായത്തിലെ പ്രബലരും അല്ലാത്തവരും മുന്നോട്ട് വന്നുകൊണ്ടിരിക്കുന്നു.

ഒരു മുടിയുടെ പേരില്‍ മുസ്ലീം സമുദായത്തില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ഇവരൊക്കെ വിചാരിച്ചിട്ട് ഒരു പരിധി വരെ നടന്നു. ഈ മുടിയുടെ ആധികാരികത വ്യക്തമാക്കുവാന്‍ കാന്തപുരം മതിയായ രേഖകള്‍ ഹാജരാക്കിയിട്ടില്ല. എന്നാല്‍ മുടി വ്യാജമാണെന്ന് വ്യക്തമാക്കുന്ന ചില രേഖകളുമായി എതിര്‍ വിഭാഗം രംഗം കൊഴുപ്പിക്കുന്നു. ഇതില്‍ പാണക്കാട് ഹൈദരലി തങ്ങള്‍ തന്നെയും എതിരഭിപ്രായം കാന്തപുരത്തിനെതിരെ പ്രകടിപ്പിക്കുകയുണ്ടായി.

ഈ സാഹചര്യത്തില്‍ പ്രസ്തുത മുടിയുടെ ആധികാരികത(?!) ഉറവിടം എന്നിവയെ സംബന്ധിച്ച കാര്യങ്ങള്‍ ശാസ്ത്രീയമായി തെളിയിക്കപ്പെടേണ്ടതുണ്ട്.  പ്രവാചക തിരുമേനി (സ) ജീവിച്ചിരുന്നത് നൂറ്റാണ്ടുകള്‍ക്ക് മുന്‍പായതുകൊണ്ട് അവിടുത്തെ തിരുശേഷിപ്പെന്ന് പറഞ്ഞ് കൊണ്ടുവന്ന് ഹാജരാക്കിയ സാധനം അതെന്തുതന്നെയായാലും ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കി സത്യാവസ്ഥ വിശ്വാസികളെ ബോധ്യപ്പെടുത്തേണ്ടതാണ്.  അല്ലാത്ത പക്ഷം അത് പാവം വിശ്വാസികള്‍ തമ്മിലുള്ള ഏറ്റുമുട്ടലുകളിലേക്ക് നയിക്കുകയും കേരളത്തിലെ ഒരു ക്രമസമാധാന പ്രശ്നമായി മാറുകയും ചെയ്യുന്ന അവസ്ഥ അതി വിദൂരമല്ല.  ഇത്തരത്തില്‍ ഒരു സംഭവം എറണാകുളം ജില്ലയില്‍ ഒരു മന്ത്രി സന്നിധനായിരുന്ന യോഗത്തില്‍ പോലുമുണ്ടായി.  വിശ്വാസികളുടെ തമ്മിലടികണ്ട് പുരോഹിത വര്‍ഗ്ഗം ഊറിച്ചിരിച്ചുകൊണ്ട് പിന്നണിയിലിരിക്കുകയുള്ളൂ.  മുടിയുടെ വാണിജ്യപരമായ സാധ്യതകള്‍ തിരിച്ചറിഞ്ഞ പണ്ഡിത ശൈഖുനമാര്‍ക്ക് അല്ലാതെന്തുചെയ്യാന്‍ കഴിയും.  അവര്‍ക്ക് വേണ്ടത് മതത്തിന്റെ പേരില്‍ ഭിന്നതയുണ്ടാക്കുക അതുവഴി തങ്ങളുടെ ബിസിനസ് താല്‍പര്യങ്ങള്‍ സംരക്ഷിക്കുക.  അല്ലെങ്കില്‍ കേരളത്തില്‍ എത്ര സഹോദരിമാര്‍ കല്യാണപ്രായം കഴിഞ്ഞ് പലവിധ കാരണങ്ങളാല്‍ വീടുകളില്‍ നില്‍ക്കുന്നു, എത്ര കുടുംബങ്ങള്‍ സ്വന്തമായി ഒരു തുണ്ട് ഭൂമിയോ വീടോ ഇല്ലാതെ കഷ്ടപ്പെടുന്നു, പലവിധ വ്യാധികള്‍ മൂലം എത്ര അബാല വൃദ്ധം ജനങ്ങള്‍ കഷ്ടപ്പെടുന്നു, തുടങ്ങി എത്രയോ പ്രശ്നങ്ങള്‍ മുസ്ലീങ്ങളും അല്ലാത്തവരുമായ ജനവിഭാഗങ്ങള്‍ അഭിമുഖീകരിക്കുന്നു.  മനസ്സു വച്ചാല്‍ ഇതിനെല്ലാം ഒരു പരിധിവരെ പരിഹാരം ജാതിമത-ഗ്രൂപ്പ് ഭേദമന്യേ ഒന്നിച്ചു നിന്നു പ്രവര്‍ത്തിച്ചാല്‍ കണ്ടെത്താവുന്നതേയുള്ളൂ.  അതിനു പകരം എവിടെന്നോ (അബുദാബിയില്‍!) കൊണ്ടു വന്ന ഒരു മുടി വച്ച് പൂജിക്കാന്‍ വേണ്ടി 40 കോടി ചെലവിട്ട് ഒരു പള്ളി നിര്‍മ്മിക്കാന്‍ പോകുന്നു. മുടിപൂജക്കാര്‍ ഒന്ന് മനസ്സിലാക്കുക തിരുനബി (സ) തങ്ങളെ നമ്മള്‍ നമ്മുടെ മനസ്സില്‍ വച്ചിട്ട് അതിയായി സ്നേഹിക്കുകയും അദ്ധേഹത്തിന്റെ ചര്യകള്‍ (സുന്നത്തുകള്‍) കഴിയാവുന്നത്ര പിന്‍പറ്റുകയുമാണ്‌ വേണ്ടത്. "അല്ലാഹുവല്ലാതെ ഒരു ആരാധ്യനില്ല, നിശ്ചയം മുഹമ്മദ് (സ) അല്ലാഹുവിന്റെ ദൂതരാണ്" എന്ന് നമ്മള്‍ ആരാധനയിലും അല്ലാതെയും മനസ്സിലുറപ്പിച്ച് ഊരുവിടുന്നതിന്‌ ഒരു വിലയുമില്ലാത്ത അവസ്ഥ വരരുത്.

മുസ്ലീം സമുദായത്തില്‍ എത്രയോ അനാരോഗ്യ പ്രവണതകള്‍ നിലനില്‍ക്കുന്നു. മദ്യം, മയക്കുമരുന്ന്, സ്ത്രീധനം, വ്യഭിചാരം, മായം ചേര്‍ക്കല്‍ നടത്തിയുള്ള കച്ചവടം തുടങ്ങി എത്രയെത്ര അനാശാസ്യങ്ങള്‍ ഈ പണ്ഡിത ശ്രേഷ്ഠര്‍ അറിഞ്ഞും അറിയാതെയും നില നില്‍ക്കുന്നു. ഇതിനെതിരെ ചെറുവിരലു പോലുമനക്കാത്ത മത നേതൃത്വം വിശ്വാസികളുടെ മതവിശ്വാസത്തെ ചൂഷണം ചെയ്ത് ബിസിനസ്സ് ചെയ്യാനായി ഇറങ്ങിത്തിരിച്ചിരിക്കുകയാണ്.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ