2011, ജൂൺ 4, ശനിയാഴ്‌ച

ഈ പിള്ള ഇതെന്തിന്റെ പുറപ്പാടാ?!

തന്റെ മന്ത്രിസഭയിലും മറ്റും അഴിമതി നടത്തുന്നവരെയും മറ്റും വച്ചുപൊറുപ്പിക്കില്ലെന്ന് പ്രഖ്യാപിച്ച് ഭരണം നടത്തുന്ന ശ്രീ. ഉമ്മന്‍ ചാണ്ടിയെ ആരും സംശയിക്കില്ല. പക്ഷെ അദ്ദേഹത്തെ വെട്ടിലാക്കുന്ന ഒരു ആവശ്യം ആര്‍. ബാലകൃഷ്ണപിള്ളയെന്ന അദ്ദേഹത്തിന്റെ മുന്നണിയിലെ പ്രമുഖനും മുന്‍മന്ത്രിയുമായ ആളില്‍ നിന്നുമുണ്ടായിരിക്കുന്നു. പണ്ട് കരുണാകരനെ ഏതോക്കെ തരത്തില്‍ മന:സ്സമാധാനം കൊടുത്തില്ല ആ തരത്തിലെല്ലാം നമ്മുടെ കുഞ്ഞൂഞ്ഞിനും വരാനിരിക്കുന്ന ദിനങ്ങള്‍ ആവുമെന്നാണ്‌ കാര്യങ്ങളുടെ പോക്ക് കണ്ടിട്ട് തോന്നുന്നത്.

അഴിമതി കേസില്‍ ശിക്ഷിക്കപ്പെട്ട് ജയില്‍ ശിക്ഷ അനുഭവിക്കുന്ന ശ്രീ പിള്ള സര്‍ക്കാരിന്റെ മുമ്പാകെ തന്റെ ശിക്ഷ റദ്ദാക്കാന്‍ ഗവര്‍ണ്ണറോട് ശുപാര്‍ശ ചെയ്യണമെന്നാവശ്യമാണ്‌ ഉന്നയിച്ചിരിക്കുന്നത്. ബാലകൃഷ്ണപിള്ളക്ക് സുപ്രീം കോടതി ശിഷ വിധിച്ചതും അതിനെ തുടര്‍ന്നുണ്ടായ കോലാഹലങ്ങളും നമ്മള്‍ അത്ര പെട്ടെന്ന് മറക്കില്ല.  അഴിമതിയില്‍ ശിക്ഷിക്കപെട്ട തങ്ങളുടെ നേതാവിന്‌ "ഗംഭീര സ്വീകരണം" നല്‍കിക്കൊണ്ടായിരുന്നു യു.ഡി.എഫും വിശിഷ്യാ കോണ്‍ഗ്രസ്സും പ്രതികരിച്ചത്.  ആ യോഗത്തില്‍ മേലേക്കിടയിലുള്ള നേതാക്കന്‍മാര്‍ മുതല്‍ ഞാഞ്ഞൂലുകള്‍ വരെ വി.എസ്. അച്ചുതാനന്ദനാണ്‌ പിള്ളയെ ജയിലിലടച്ചത് എന്ന മട്ടില്‍ വളരെ പ്രകോപനപരമായി പ്രസ്ഥാവനകള്‍ നടത്തുകയുണ്ടായി.  സിന്‍ഡിക്കേറ്റ് മാധ്യമങ്ങളില്‍ നല്ലൊരു പങ്കും ഇതിനെ മഹത്വവല്‍ക്കരിച്ചു.  എന്നാല്‍ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനുണ്ടായിരുന്ന(?!) അല്ലെങ്കില്‍ ഉണ്ടാവുമായിരുന്ന മേല്‍ക്കൈ ഇല്ലാതാക്കി ഇപ്പോഴത്തെ "ദയനീയ വിജയ"ത്തിലെത്തിച്ചത് യുഡിഎഫിന്റെയും അതിന്റെ നേതാക്കന്മാരുടെയും പക്കല്‍ നിന്നുമുണ്ടായ ഈ നീക്കമായിരുന്നു.  അവസാനം റിവ്യൂ ഹര്‍ജിയും തള്ളിപ്പോയി ജയില്‍ ഉറപ്പായപ്പോള്‍ മാധ്യമങ്ങള്‍ ഈ വിഷയം ഒരു മൂലക്കൊതുക്കി.  തെറ്റു ചെയ്തയാളെ ശിക്ഷിച്ച ഇന്ത്യന്‍ നീതി പീഠത്തിന്റെ മഹത്വത്തിനെ വാഴ്ത്താന്‍ ഒരാളുമുണ്ടായില്ല.  ഇത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ദയനീയ മുഖമാണ്‌ കാണിക്കുന്നത്.  അല്ലെങ്കില്‍ കുഞ്ഞാലിക്കുട്ടിയെപോലുള്ളവര്‍ ഇത്രക്ക് മൃഗീയ ഭൂരിപക്ഷത്തിന്‌ ജയിക്കില്ലല്ലോ!  ഉത്തരേന്ത്യയിലും മറ്റും പറഞ്ഞു കേട്ടിട്ടുള്ള കാര്യങ്ങള്‍ പലതും നമ്മുടെ ദൈവത്തിന്റെ സ്വന്തം നാട്ടിലും സംഭവിക്കുന്നതിന്റെ മുന്നോടിയായി നമുക്കിതിനെയൊക്കെ കാണാം.

ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ കേട്ടുകേള്‍വിയില്ലാത്ത ഒരാവശ്യത്തിന്‌ എന്തിനാണ്‌ പിള്ളയദ്ധേഹം സര്‍ക്കാരിനു മേലെ സമ്മര്‍ദ്ദം ചൊലുത്തുന്നത്?  കോടതി ശിക്ഷിച്ചാല്‍ ജയിലില്‍ കിടക്കുമെന്ന് മുന്പ് വിണ്‍വാക്കു പറഞ്ഞ പിള്ളയെ ആ വാക്കുകള്‍ വീണ്ടും ഓര്‍മ്മിപ്പിച്ച് ആശ്വസിപ്പിക്കുകയാണ്‌ ഉമ്മന്‍ചാണ്ടിയെന്ന മുഖ്യമന്ത്രി ചെയ്യേണ്ടത്. 

ഇപ്പോള്‍ തന്നെ ഒരു തടവുകാരന്‌ ഒരു വര്‍ഷത്തെ ശിക്ഷാ കാലാവധിക്കുള്ളില്‍ ലഭിക്കേണ്ട 45 ദിവസത്തെ പരോള്‍ പിള്ളക്ക് ലഭിച്ചു കഴിഞ്ഞു.  അതും തുടര്‍ച്ചയായി ചുരുങ്ങിയ കാലം കൊണ്ട്.  ഇത്തരുണ്ടത്തില്‍ നമ്മള്‍ ഒരു സാധാരണ തടവുകാരനായിരുന്നു ഇപ്രകാരം പരോള്‍ അപേക്ഷ നല്‍കിയിരുന്നുവെങ്കില്‍ എന്തു നടപടിയാണ്‌ ബന്ധപ്പെട്ടവരില്‍ നിന്നുമുണ്ടാവുമായിരുന്നത് എന്ന് ചിന്തിക്കണം.  ശ്രീ. പിള്ള യു.ഡി.എഫി.ന്റെ ഒരു നേതാവും, ഒരു മന്ത്രിയുടെ പിതാവുമൊക്കെയാണ്.  ഒരു സാധാരണ തടവുകാരന്റെ അവകാശങ്ങള്‍ ഏതൊക്കെ ഏമാന്‍മാരുടെ ചവിട്ടിമെതിക്കലുകള്‍ക്ക് വിധേയമായിട്ടായിരിക്കും പാസ്സാവുക.  അതും എത്ര ദിവസത്തേക്ക്?  എന്നാല്‍ ഭരണമുന്നണിയില്‍ നിര്‍ണ്ണായക സ്വാധീനമുള്ള ഇദ്ദേഹം അതു മുതലെടുക്കാനുള്ള പുറപ്പാടിലാണെന്നതില്‍ സംശയം വേണ്ട.  അല്ലെങ്കില്‍ തന്നെ കിട്ടിയ വകുപ്പ് വേണ്ടെന്ന് വച്ച് വനം വകുപ്പ് സ്വന്തം മകനു വാങ്ങിക്കൊടുത്തപ്പോള്‍ തന്നെ പല കേന്ദ്രങ്ങളില്‍ നിന്നും സംശയങ്ങളുയര്‍ന്നു കഴിഞ്ഞു.

തുടക്കത്തില്‍ തന്നെ കുഞ്ഞാലിക്കുട്ടിയും ലീഗും സര്‍ക്കാര്‍ വകുപ്പുകള്‍ ഹൈജാക്ക് ചെയ്തു.  അതും പോരാഞ്ഞ് വകുപ്പുകള്‍ വെട്ടിമുറിച്ച് പാണക്കാട്ടെ കോഴിബിരിയാണി പോലെ പങ്കുവെച്ചു കഴിഞ്ഞു.  മാണിസാറും തന്നാലാവും വിധമെല്ലാം ശ്രമിക്കുന്നുണ്ട്.  കൂടാതെ  മകള്‍ക്ക് മെഡിക്കല്‍ കോളേജ് പ്രവേശനം കിട്ടിയതുമായി ബന്ധപ്പെട്ട് മന്ത്രിയാവുന്നതിനു മുന്‍പ് തന്നെ ഇപ്പോഴത്തെ ആരോഗ്യ മന്ത്രി ശ്രമിക്കുകയും അതു വഴി ഏതാനും സാധാരണ വിദ്യാര്‍ത്ഥികള്‍ക്ക് പഠനാവസരം നിഷേധിക്കപ്പെടുകയും ചെയ്തു എന്ന് പറഞ്ഞു കേള്‍ക്കുന്നു.  യു.ഡി.എഫ് അധികാരത്തിലെത്തുകയും താന്‍ ജയിക്കുകയും ചെയ്താല്‍ താന്‍ തന്നെ ആരോഗ്യ മന്ത്രിയാവും എന്ന നിലക്കായിരുന്നു അദ്ദേഹം കാര്യങ്ങള്‍ നീക്കിയത് എന്ന് പറഞ്ഞ് കേള്‍ക്കുന്നു.  ഇതെല്ലാം ശരിയാണെങ്കില്‍ ബഹുമാനപ്പെട്ട മുഖ്യമന്ത്രി നിശ്ശബ്ദനായിരിക്കരുത്. 

അനാവശ്യ സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാന്‍ അദ്ദേഹത്തിനു കഴിയണം.  അദ്ദേഹം കേരളത്തിന്റെ മുഖ്യമന്ത്രിയാണ്.  അല്ലാതെ കോണ്‍ഗ്രസ്സിന്റെയോ യു.ഡി.എഫിന്റെയോ മാത്രമല്ല.  തനിക്ക് അല്ലെങ്കില്‍ തങ്ങളുടെ മുന്നണിക്ക് വോട്ടിട്ടവന്റെയും മറിച്ച് കുത്തിയവന്റെയും താല്‍പര്യങ്ങളെയും വികാരങ്ങളെയും ഒരു നല്ല ഭരണകര്‍ത്താവ് അറിയണം അവയോട് അനുഭാവം പ്രകടിപ്പിക്കണം.  അല്ലാതെ പരമ്പരാഗത് കോണ്‍ഗ്രസ്സ് ശൈലിയില്‍ "മുന്നണി സംവിധാനത്തില്‍ ഇതൊക്കെ സ്വാഭാവികം" എന്ന് പറഞ്ഞൊഴിഞ്ഞ തന്റെ സഹപ്രവര്‍ത്തകന്റെ തലത്തിലേക്ക് അധ:പതിക്കും. 

അതുകൊണ്ട് ശ്രീ. പിള്ളയുടെ അപേക്ഷ (അങ്ങിനെയൊന്ന് ഔദ്യോഗികമായി) സര്‍ക്കാരിന്റെ മുന്നില്‍ വന്നാല്‍ അത് നിഷ്കരുണം തള്ളിക്കളയുകയാണ്‌ ബഹു. കേരളാ മുഖ്യമന്ത്രി ചെയ്യേണ്ടത്.  ഇന്ത്യന്‍ ഭരണഘടന പ്രകാരം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്ത മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നും മറിച്ചൊരു നടപടി ഉണ്ടവില്ലെന്ന് നമുക്ക് പ്രതീക്ഷിക്കാം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ