2011, ഓഗസ്റ്റ് 14, ഞായറാഴ്‌ച

ഇംഗ്ലീഷുകാര്‍ വീണ്ടും ഇന്ത്യ കീഴടക്കി!.

(പേടിക്കേണ്ട ക്രിക്കറ്റിലാ...)

ഇംഗ്ലീഷുകാരില്‍ നിന്നും സ്വാതന്ത്ര്യം നേടിയതിന്റെ വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ ക്രിക്കറ്റില്‍ ഇന്ത്യയുടെ ഒന്നാം റാങ്ക് അവര്‍ക്ക് "ടീം ഇന്ത്യ" അടിയറ വച്ചിരിക്കുന്നു. ലോകോത്തര "പുലി"കളായ ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാര്‍ ഒന്നടങ്കം ഉത്തരവാദിത്തമില്ലാതെ കളിച്ച് ഒന്നു പൊരുതാന്‍ പോലുമാവാതെ കീഴടങ്ങി. (ദ്രാവിഡിന്റെ ചെറുത്തുനില്പ് മറക്കുന്നില്ല).

പേസ് ബൌളിങ്ങിനെയും സ്വിങ്ങിനെയും നന്നായി തുണക്കുന്ന വിക്കറ്റുകളില്‍ എങ്ങിനെ ബാറ്റ് ചെയ്യണമെന്ന് ഇനിയും പഠിക്കേണ്ടിയിരുക്കുന്നു നമ്മുടെ ടീം. (അവര്‍ മുട്ടിനും അരക്കും ഇടയില്‍ പന്തിനെ കുത്തിയുയര്‍ത്തുന്ന ഇന്ത്യന്‍ വിക്കറ്റുകളില്‍ സംഹാര രൂപികളായി താണ്ഡവമാടും!).

പരിക്കേറ്റ കളിക്കാരും അവരുടെ സ്ഥാനത്ത് റീപ്ലേസ്മെന്റില്‍ വരുന്ന കളിക്കാരും (നമ്മുടെ ഗോപുമോന്‍ തന്നെ!) എല്ലാം ചേര്‍ന്ന് ആകെ കുട്ടിച്ചോറാക്കി. മൂലകാരണം ഈ പരാജയത്തിനു നാം തേടുകയാണെങ്കില്‍ അത് ഐ.പി.എല്ലില്‍ ചെന്നു നില്‍ക്കും.  ആവശ്യത്തിലധികം പണവും മദ്യ-മദിരാക്ഷി ലഭ്യതയുമെല്ലാം ചേര്‍ന്ന് ഐ.പി.എല്ലിനെ ആകര്‍ഷകമാക്കിയപ്പോള്‍ ആ തീയിലേക്ക് വന്നു വീഴുന്ന ഈയലുകളായി താരങ്ങള്‍. തുടര്‍ച്ചയായ മല്‍സരങ്ങളില്‍ ക്ഷീണിതരാകുന്ന താരങ്ങള്‍ക്ക് മതിയായ വിശ്രമ സമയം അടുത്ത അന്താരാഷ്ട്ര ഷോഡ്യൂളിനു മുന്നേ ലഭിക്കുന്നില്ല. പരിക്കുണ്ടെങ്കിലും അത് മറച്ച് വച്ച് അടുത്ത മല്‍സരത്തിനിറങ്ങുന്നവരും ഉണ്ട്. (സഹീര്‍-സെവാഗ് ഉദാഹരണം).

ഐ.പി.എല്‍ ടെസ്റ്റ് - ഏകദിനങ്ങളെ കൊല്ലുമെന്ന് ആരൊക്കെയോ വിലപിച്ചത് നാം ഓര്‍ക്കുന്നുണ്ടാവും.  ഐ.പി.എല്ലിന്റെ നീരാളികൈകളില്‍ നിന്ന് "ക്രിക്കറ്റിലെ ദൈവങ്ങള്‍" എന്ന് നാം വിളിക്കുന്ന താരങ്ങള്‍ പോലും മുക്തരല്ല.  ബൌണ്‍സ് ചെയുന്ന പന്ത് കളിക്കാനറിയാത്തവരാണ്‌ ഇന്ത്യന്‍ കളിക്കാരെന്ന് ഒരിക്കല്‍ കൂടി പര്യടനം തെളിയിച്ചു. റെയ്ന, യുവരാജ് തുടങ്ങിയവര്‍ ഉദാഹരണം. ബൌളിങ്ങിലെ കാര്യം കട്ടപ്പൊക. സഹീര്‍ പോയപ്പോള്‍ ഭാരം ചുമലിലേറ്റിയ പ്രവീണും, ഇഷാന്തും തീരെ മങ്ങിപ്പോയി. ഗോപുമോന്റെ കാര്യം പറയുകയും വേണ്ട. ഹര്‍ഭജന്‍ ഒരു പല്ലുകൊഴിഞ്ഞ സിംഹമായിക്കഴിഞ്ഞു. പകരം വന്നയാളും തഥൈവ! പാര്‍ട്ട്-ടൈമര്‍മാര്‍ ഒന്നിനും കൊള്ളത്തുമില്ല.

മറിച്ച് ഇംഗ്ളീഷ് നിരയില്‍ എല്ലാം ചിട്ടയായിട്ടായിരുന്നു നീങ്ങിയിരുന്നത്. സ്ടോസും കുക്കും ഒരാള്‍ പരാജയപ്പെട്ടാല്‍ മറ്റൊരാള്‍ തിളങ്ങും. പിന്നെ പീറ്റേഴ്സണ്‍, ദ്രാവിഡ് സ്റ്റൈലില്‍ കളിക്കുന്ന് ബെല്‍, ട്രോറ്റ്, മോര്‍ഗന്‍, നല്ലൊരു വിക്കറ്റ് കീപ്പറും ബാറ്റ്സ്മാനുമായ പ്രയര്‍, ബൌളിങ്ങിലും ബാറ്റിങ്ങിലും ഒരുപോലെ തിളങ്ങുന്ന (ഇവരല്ലേ ഓള്‍ റൌണ്ടര്‍!) ബ്രെസ്നാന്‍, ബ്രോഡ്, പിന്നെ നല്ല ലൈനിലും ലെങ്ത്തിലും പന്തെറിയുന്ന ആന്‍ഡേഴ്സണ്‍ ഇവരെല്ലാം നല്ല നിലവാരമുള്ള കളിയാണു കാഴ്ചവച്ചത്.  ഗ്രെയം ​സ്വാന്‍ എന്ന അവരുടെ സ്പിന്നറ്, സ്പിന്നിനെതിരെ രാജാക്കന്മാരാണെന്ന് അവകാശപ്പെടുന്ന ഇന്ത്യന്‍ നിരയെ ശരിക്കും വെള്ളം കുടിപ്പിക്കുക തന്നെ ചെയ്തു. 
 
പരിക്കു പറ്റി ഒരാള്‍ പുറത്തുപോയാല്‍ ആ വിടവ് നികത്തുന്ന "ബാക്ക് - അപ്പ്" ഇംഗ്ളണ്ട് കരുതിവച്ചിട്ടൂണ്ട്. അതിനുദാഹരണമാണ്‌ ട്രെംലറ്റ് പുറത്തു പോയപ്പോള്‍ വന്ന ബ്രെസ്നാന്‍ ട്രോറ്റ് പുറത്തുപോയപ്പോള്‍ വന്ന മോര്‍ഗന്‍ തുടങ്ങിയവര്‍. സ്റ്റീവന്‍ ഫിന്‍ എന്ന മഗ്രാത്തിനെ അനുസ്മരിപ്പിക്കുന്ന ഒരു ബൌളര്‍ പിന്‍നിരയില്‍ ഉണ്ട്. ഇന്ത്യയാണെങ്കിലോ സെവാഗ് പോയപ്പോള്‍ വന്നയാള്‍ ഠിം!. ഗംഭീര്‍ പോയപ്പോള്‍ വരാനാളില്ല! ദ്രാവിഡിനു ഓപ്പണിംഗ് ചുമതല. ധോണി ഇടക്ക് ഗ്ളൌസും പാഡും ദ്രാവിഡിന്‍ നല്‍കി ബൌളറുമാവുന്നു. സഹീറിനു പകരം വന്ന ഗോപുമോന്‍ ഒരു 3 വിക്കറ്റ് വീഴ്ത്തിയപ്പോ എന്തായിരുന്നു പുകില്‍. കൈകളിലെ ചരടുകളില്‍ കുടിയിരുത്തിയ മൂര്‍ത്തികളൊന്നും തന്നെ അവരെ തുണക്കുന്നില്ല.

മറിച്ച് ഇംഗ്ളീഷ് ബൌളര്‍മാരെ നോക്കുക. ഓരോ പോയിന്റും കണ്ടറിഞ്ഞ് അവര്‍ എറിയുന്നു. വിക്കറ്റ് വീഴ്ത്തുകയും ചെയ്യുന്നു. അവര്‍ സ്വന്തം നാടിന്റെ അനുകൂല സാഹചര്യം മുതലെടുക്കുകയാണെന്ന് വേണമെങ്കില്‍ ചിലര്‍ക്ക് വാദിക്കാം.  ഒരു യാഥാര്‍ത്ഥ കളിക്കാരന്‍ ഏതൊരു സാഹചര്യത്തിലും തിളങ്ങുന്നവനാകണം! അതിവിടെ പ്രസക്തമാണ്.
 
പുള്‍ഷോട്ട്:  സച്ചിന്‍ ചിലപ്പോള്‍ നൂറാമത് ശതകം അടുത്ത ടെസ്റ്റില്‍ അടിക്കും, അല്ലെങ്കില്‍ നാട്ടിലെത്തിയാലുള്ള പരമ്പരയില്‍ തീര്‍ച്ച!  (അതങ്ങിനെയാ..!!!)

2 അഭിപ്രായങ്ങൾ:

  1. അടുത്ത കൊല്ലം ഇങ്ങോട്ട് വരട്ടെ, കാണിച്ച് കൊടുക്കുന്ന്ണ്ട്.

    മറുപടിഇല്ലാതാക്കൂ
  2. ഓരോ പന്തും പമ്പരം പോലെ തിരിയുന്ന പിച്ചുകള്‍ നമുക്ക് ഉണ്ടാക്കണം. അല്ല പിന്നെ!!

    മറുപടിഇല്ലാതാക്കൂ