2014, ജൂലൈ 31, വ്യാഴാഴ്‌ച

ഞാന്‍ കണ്ട സിനിമ: തെഗിഡി

1. തെഗിഡി (തമിഴ്)
നിരീക്ഷണത്തില്‍ നല്ല പാടവം കൈമുതലായുള്ള ക്രിമിനോളജി ബിരുദധാരി വെട്രി (അശോക്‌ ശെല്‍വന്‍) ഒരു ഡിറ്റക്ടീവ് ആകുക എന്ന ജീവിതാഭിലാഷം പൂര്ത്തീകരിക്കുവാനുള്ള പരിശ്രമത്തിലാണ്.  അയാളുടെ ആത്മാര്‍ത്ഥ സുഹൃത്ത് നമ്പി (കാലി വെങ്കട്ട്)യുടെ കൂടെ ചെന്നെയില്‍ വെട്രി താമസമാക്കുന്നു.   സാന്ദര്‍ഭികമായി അയാള്‍ക്ക് ഒരു പ്രൈവറ്റ് ഡിറ്റക്ടീവ് ഏജന്‍സിയില്‍ ജോലി ലഭിക്കുകയും അതിന്‍റെ ഭാഗമായി ചിലരെ നിരീക്ഷിക്കുവാന്‍ അയാള്‍ നിയോഗിക്കപ്പെടുകയും ചെയ്യുന്നു.  ഓരോ ജോലിയും പൂര്‍ത്തീകരിച്ചു പുതിയ ജോലിയിലേക്ക് അയാള്‍ എളുപ്പം നിയുക്തനാക്കപ്പെടുന്നു.  ഇതിനിടയില്‍ സുന്ദരിയായ മധുശ്രീ (ജനനി അയ്യര്‍) എന്ന പെണ്‍കുട്ടിയെയും നിരീക്ഷിക്കാന്‍ നിയോഗിക്കപ്പെടുന്നു.  നിരീക്ഷണം അവസാനം പ്രണയത്തില്‍ ചെന്ന് നില്‍ക്കുന്നു. നമ്പിയുടെ സഹായത്താല്‍ പ്രണയ സാക്ഷാല്‍ക്കാരത്തിനായി ശ്രമിക്കുന്ന വെട്രി ഏറ്റെടുത്ത ജോലിയില്‍ നിന്ന് ഇടക്ക് വ്യതിചലിക്കുന്നു. ഇതിനിടയില്‍ അപ്രതീക്ഷിതമായ ഞെട്ടിപ്പിക്കുന്ന ചില സംഭവങ്ങള്‍.

താന്‍ ആരെയൊക്കെ നിരീക്ഷിച്ചുവോ അവര്‍ക്കെല്ലാം അപമൃത്യു സംഭവിക്കുന്നു. ഇതില്‍ രണ്ടുപേര്‍ കൊല്ലപ്പെടുന്നത് വെട്രിയുടെ കണ്മുന്നില്‍ അതും അവരുടെ ജീവന്‍ രക്ഷിക്കാന്‍ അയാള്‍ ശ്രമിക്കുന്നതിനിടയില്‍!  ഈ സംഭവങ്ങളുടെ ഗതി നിരീക്ഷിച്ച വെട്രി അടുത്ത ഇര തന്റെ പ്രനയഭാജനമായ മധുശ്രീ ആയിരിക്കും എന്ന് മനസ്സിലാക്കുന്നു.  തുടര്‍ന്ന് അവളുടെയും തന്റെയും കൂട്ടുകാരന്റെയും ജീവന്‍ അപകടത്തിലാണെന്ന് മനസ്സിലാക്കുമ്പോള്‍ അതില്‍ നിന്ന് രക്ഷപ്പെടാനുള്ള നീക്കങ്ങളാണ് ഈ ചിത്രത്തിന്‍റെ ഇതിവൃത്തം. 

ചെറിയ ഞെട്ടലുകള്‍ ഒക്കെ പ്രേക്ഷകരില്‍ ഉണ്ടാക്കുന്ന ഈ സിനിമ, നമ്മള്‍ക്ക് ഊഹിക്കാവുന്ന തരത്തിലുള്ള സംഭവങ്ങള്‍ വരുന്നതോടെ പിന്നീട് ഒരു അയഞ്ഞ മോഡിലാണ് നീങ്ങുന്നത്.  യഥാര്‍ത്ഥ വില്ലന്‍ ആരെന്നു നമുക്ക് ഊഹിക്കാന്‍ പറ്റുന്നു.  നായികാ നായകന്മാരുടെയും അവരുടെ കൂട്ടുകാരന്റെയും അഭിനയം കൊള്ളാം.  എന്നാലും ഒരു പോരായ്മ ഫീല്‍ ചെയ്യുന്ന മൂവി.  ഒരു രണ്ടാം ഭാഗത്തിന് കൂടി സ്കോപ്പ് ഇട്ടുകൊണ്ടാണ് കഥ അവസാനിക്കുന്നത്.  അപ്പോഴും ഒരു ചെറിയ നിഗൂഡത ചൂഴ്ന്നു നില്‍ക്കുന്നു.  എടുത്ത് പറയാന്‍ ഒന്നുമില്ല എന്ന് തോന്നുന്നത്കൊണ്ട് സാങ്കേതിക-ഗാന-സംഗീത വിഭാഗങ്ങളെ ഒഴിവാക്കുന്നു.
എന്‍റെ റേറ്റിംഗ്: 6/10

4 അഭിപ്രായങ്ങൾ:

  1. കണ്ടിരിക്കാവുന്ന ഒരു ത്രില്ലര്‍ സിനിമ. ആദ്യ പകുതിയുടെ മേന്മ രണ്ടാം പകുതിയില്‍ കിട്ടിയില്ല. ലോജിക്കില്ലായ്മകള്‍ സിനിമയില്‍ ഇടക്കിടക്കിടക്ക് വന്നു പോകുന്നുണ്ട് എന്നതൊഴിച്ചാല്‍ ബാക്കിയെല്ലാം നന്നായിട്ടുണ്ട്. വലിയൊരു സസ്പെന്‍സിലേക്ക് കഥ പോകുന്ന പോലെ ഒരു പ്രതീതി ഉണ്ടാക്കിയെടുക്കുകയും അവസാനം ചില്ലറ ക്ലീഷേ ന്യായീകരണങ്ങള്‍ കൊണ്ട് വില്ലനെ നമ്മുടെ മുന്നില്‍ കൊണ്ടിരുത്തുകയും ചെയ്യുന്നുണ്ട് സിനിമ. കഥാവസാനം ആരായിരിക്കും വില്ലന്‍ എന്ന ചോദ്യം നമ്മുടെ മനസ്സില്‍ രൂപപ്പെടുത്താന്‍ സിനിമക്ക് സാധിക്കുന്നുണ്ട് എങ്കിലും നമ്മുടെ മനസ്സില്‍ തന്നെ വന്നു പോകുന്ന രണ്ട് ചോയ്സുകളില്‍ ഒരാള്‍ തന്നെയായിരിക്കും വില്ലനായി വരുന്നത് എന്നതൊരു പോരായ്മയാണ്. എന്തായാലും സിനിമ ബോറടിപ്പിക്കില്ല എന്നത് ഗ്യാരണ്ടി. രണ്ടാം ഭാഗത്തിനുള്ള സ്കോപ് സിനിമയുടെ അവസാനം ഉണ്ടാക്കുന്നുണ്ട് എന്നത് കൊണ്ട് കൂടുതല്‍ മുന്‍ വിധികള്‍ വേണ്ടതില്ല . ഒരു പക്ഷെ രണ്ടാം ഭാഗത്തില്‍ ആണെങ്കിലോ മെയിന്‍ സസ്പെന്‍സും വിശദീകരണങ്ങളും. അങ്ങിനെയും ആശ്വസിക്കാം.

    my rating 6.5/10

    മറുപടിഇല്ലാതാക്കൂ
  2. സിനിമ കണ്ടിട്ടില്ല. സിനിമയെക്കുറിച്ചുള്ള വിലയിരുത്തലിന് നല്ലൊരു അനുബന്ധമായി പ്രവീൺ ശേഖറിന്റെ കമന്റും വായിച്ചു .....

    മറുപടിഇല്ലാതാക്കൂ