അനുകൂലമായോ പ്രതികൂലമായോ എഴുതിയാല്‍ ഫാന്‍സുകാര്‍ വഴിയിലിട്ടു തല്ലുന്ന ഇക്കാലത്ത് ഒരു മുന്‍കൂര്‍ ജാമ്യം: ഞാന്‍ ഒരു നടന്റെയും ഫാന്‍ അല്ല. ഒരു സിനിമ കേവലം വിനോദോപാധി എന്നതിനപ്പുറം നമുക്ക് ഓര്‍മ്മയുടെ മണിച്ചെപ്പില്‍ സൂക്ഷിക്കാന്‍ എന്തെങ്കിലും നല്‍കും എന്ന ശുഭപ്രതീക്ഷ വെച്ച് പുലര്‍ത്തുന്ന ഒരാളാണ് ഞാന്‍. ഇത്രയും മുഖവുര. ഇനി വിഷയത്തിലേക്ക് അതായത് ഞാന്‍ ഒടുവില്‍ കണ്ട സിനിമ - അതിലേക്ക്...
മോസയിലെ കുതിരമീനുകള്‍.
ലക്ഷദ്വീപ് കൂടി പശ്ചാത്തലമായ സിനിമകള്‍ ഇറങ്ങിയിട്ടുണ്ടോ എന്ന് അറിയില്ല. പക്ഷെ ഇത് ഭൂരിഭാഗവും അവിടെവെച്ചു ചിത്രീകരിച്ച ഒന്നാണ്. ആസിഫ് അലിയും സണ്ണി വെയ്നും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അലസജീവിതത്തിന്റെ കൈയ്യിലിരിപ്പ്‌കൊണ്ട് ജയിലില്‍ എത്തുന്ന അലെക്സ് ആണ് അസിഫലിയുടെ കഥാപാത്രം. പിതാവിന്റെ പതിനാലാമത്തെ സന്താനം. ജയില്‍ അയാള്‍ക്ക് പുതിയ ഒരു അനുഭവമായിരുന്നു. ചോദിക്കാനും പറയാനും ആരുമില്ലാതെ (ഒരു അങ്കിളിനെ ആ റോളില്‍ കാണിക്കുന്നുണ്ട്. പിന്നീട് കണ്ടില്ല) വിലസിയുരുന്ന ആള്‍ക്ക് പണി കിട്ടിയത് ജയില്‍ ജീവിതത്തിന്‍റെ രൂപത്തില്‍. അവിടെന്നു രക്ഷപ്പെടാനുള്ള ശ്രമം തുടങ്ങുന്നു കഥാനായകന്‍. രണ്ടു പ്രാവശ്യം ശ്രമിച്ചിട്ട് നടക്കാത്ത ജയില്‍ചാട്ടം മൂന്നാമത് നടക്കുന്നു. ശ്രമത്തിനിടയില്‍ ഇടക്ക് ഡ്രൈനേജ് ഹോളില്‍ പെട്ടപ്പോള്‍ അയാള്‍ ദൈവത്തെ ആത്മാര്‍ത്തമായി വിളിച്ചു കേഴുമ്പോള്‍ മുന്നില്‍ പ്രത്യക്ഷപ്പെടുന്നത് അലി (സണ്ണി വെയ്ന്‍). അയാളും ജയിലില്‍ നിന്ന് ചാടി വരികയാണ്.
തുടര്‍ന്നു രണ്ടാളുടെയും ജീവിതം മാറി മറിയുന്നു. ജയിലില്‍ നിന്ന് പുറത്ത് വന്നതിനു ശേഷം അലി അലെക്സിനെ ഒഴിവാക്കുന്നതിനായി ശ്രമിക്കുന്നു. തന്‍റേതായ ഏതോ ഒരു ലക്ഷ്യത്തിനു വേണ്ടിയുള്ള ഒരു യാത്രാവഴിയിലാണ്പ അലി. പ്രത്യേകിച്ച് ഒരു ലക്ഷ്യവും ഇല്ലാത്ത തന്റെ ജീവിതത്തിന്‍റെ മുന്നോട്ടുള്ള ഗതിക്ക് അലി കൂടിയേ തീരൂ അലക്സിന്. അവിടെ നിന്ന് സിനിമ ലക്ഷദ്വീപിന്റെ പശ്ചാത്തലത്തിലേക്ക് മാറുകയാണ്. രണ്ടു പെണ്‍കുട്ടികള്‍ കൂടി അവരുടെ ജീവിതത്തിലേക്ക് വരുന്നു. ഡീനയും(ജനനി അയ്യര്‍) ഇസയും (സ്വാതി റെഡഡി). ആരാണ് അലി, അലെക്സിനു എന്താണ് അലിയെകൊണ്ട് കാര്യം?, ഈ രണ്ടു പെണ്‍കുട്ടികള്‍ ആരാണ്. ഇതൊക്കെയാണ് കഥാസാരം.
ഇതില്‍ സ്വാര്‍ത്ഥതയും നിസ്വാര്‍ത്ഥതയും അടക്കിവാഴുന്ന പ്രണയമുണ്ട്. ആ പ്രണയത്തിന്‍റെ വൈകിയുള്ള സാക്ഷാല്‍ക്കാരം. വാഗ്ദാനപാലനത്തിനായി ജീവിക്കുന്ന കഥാപാത്രങ്ങള്‍. മനോഹരമായ ലക്ഷദ്വീപ് ഒരുക്കുന്ന അത്ഭുതക്കാഴ്ചകള്‍ നിറയെയുള്ള ഈ സിനിമ നല്ല സിനിമകളുടെ കൂട്ടത്തില്‍ തന്നെ പെടുത്തണം. മനുഷ്യജീവിതത്തിന്റെ അപ്രതീക്ഷിതമായ ഗതിമാറിയുള്ള ഒഴുക്ക് നല്ല രീതിയില്‍ സ്പഷ്ടമായി ഇതില്‍ കാണിച്ചിരിക്കുന്നു. സംവിധായകന്‍ അജിത് പിള്ള നല്ലൊരു വാഗ്ദാനം തന്നെ. ഈ സിനിമയുടെ ചിത്രീകരണവേളയിലെ വാര്‍ത്തകള്‍ക്കപ്പുറം ഒന്നും കേട്ടിരുന്നില്ല. ഇറങ്ങിയത് അറിഞ്ഞതുമില്ല. സൂപ്പര്‍ നടന്മാരുടെ ആവര്‍ത്തിച്ചുള്ള വളിപ്പ് സിനിമകള്‍ക്കിടയില്‍ എന്തുകൊണ്ടും ഇത്തരം സിനിമകള്‍ക്ക് സ്ഥാനത്തിനു അര്‍ഹതയുണ്ട്. പക്ഷെ എന്തുകൊണ്ട് ഇവ തിരസ്കരിക്കപ്പെടുന്നു? ചിന്തിക്കേണ്ടിയിരിക്കുന്നു.
നെടുമുടിവേണു, നിഷാന്ത് സാഗര്‍, ജോജോ, പി.ബാലചന്ദ്രന്‍, ചെമ്പന്‍ വിനോദ് തുടങ്ങി പേര് ഓര്‍മ്മിക്കുന്നതും അറിയാത്തവരുമായ ഒരുപാട് പേര്‍ കഥാപാത്രങ്ങളായി വന്നു പോകുന്നു. മനോഹരങ്ങളായ ചില സംഭാഷണ ശകലങ്ങള്‍ ഈ സിനിമയില്‍ പലയിടത്തും കാണാം. കോട്ടയം സ്ലാങ്ങിനോട് സാമ്യതയുള്ളതത്രേ ലക്ഷദ്വീപ് സ്ലാങ്ങ്! ആസിഫിന് അഭിനയിക്കാന്‍ അറിയില്ല എന്നാരാ പറഞ്ഞത്? നല്ല റോളുകള്‍ കൊടുത്താല്‍ നമ്മള്‍ പ്രതീക്ഷിച്ച റിസള്‍ട്ട് ആ ചെറുപ്പക്കാരനില്‍ നിന്നും തീര്‍ച്ചയായും കിട്ടും. പിന്നെ സണ്ണിവെയ്ന്‍ - അന്നയും റസൂലും, പിന്നെ നീലാകാശം.... ഈ ചിത്രങ്ങളില്‍ കാഴ്ചവെച്ചപോലെ തന്നെ മികച്ച അഭിനയം അലിയുടെ വേഷത്തില്‍ സണ്ണി തകര്‍ക്കുന്നു. തീര്‍ച്ചയായും മലയാള സിനിമക്ക് ഒരു നല്ല പ്രതിഭ തന്നെ ഈ ചെറുപ്പക്കാരന്‍. (കഴിഞ്ഞ ഒന്നുരണ്ടു വര്‍ഷങ്ങള്‍ നോക്കിയാല്‍ എന്നെ ഏറെ ആകര്‍ഷിച്ചിട്ടുള്ള വിരലിലെണ്ണാവുന്ന അഭിനേതാക്കളില്‍ ഒന്ന് സണ്ണിയാണ്). പരിമിതമായ അഭിനയ സാഹചര്യങ്ങളിലും സ്വാതി റെഡഡിയും ജനനി അയ്യരും മികച്ചുനില്‍ക്കുന്നു. സംഗീതവിഭാഗം എനിക്ക് ഇഷ്ടപ്പെട്ടില്ല. പക്ഷെ ക്യാമറ - അതിമനോഹരം എന്നത് മിതമായ ഒരു വാക്ക് മാത്രം. കല്ലുകടിക്കുന്ന ചില മുഹൂര്‍ത്തങ്ങള്‍ ഇതിലും ഉണ്ട്. അവയൊക്കെ ഒഴിച്ച് നിര്‍ത്തിയാല്‍ ഒരു OK മൂവി.
എന്‍റെ റേറ്റിംഗ്: 7.5/10
എന്‍റെ റേറ്റിംഗ്: 7.5/10
മോസയിലെ കുതിരമീനുകളെ പറ്റി നല അഭിപ്രായം നേരത്തെ തന്നെ കേട്ടിരുന്നു ,കാണാന്‍ പറ്റിയില്ല ,ഡിവിഡി കിട്ടുമോ എന്നു നോക്കട്ടെ
മറുപടിഇല്ലാതാക്കൂനല്ല സിനിമ.
മറുപടിഇല്ലാതാക്കൂ(അണ്ടര്‍വാട്ടര്‍ സീനുകളൊക്കെ ഇത്രയും ഭംഗിയായി മലയാളസിനിമയിലും വരുന്നു എന്നത് ചെറിയ കാര്യമല്ല.)
നല്ല സിനിമയും...നല്ല റിവ്യൂവും...പിന്നെ ആരെയും പേടിക്കേണ്ട ഭായ്....തല്ലാന്‍ വരുന്ന ഫാന്സുകാരെ നമുക്കും നേരിടാം...
മറുപടിഇല്ലാതാക്കൂസിനിമ കണ്ടിട്ടില്ല - ഈ റിവ്യൂ സിനിമ കാണാൻ പ്രേരിപ്പിക്കുന്നു
മറുപടിഇല്ലാതാക്കൂvisuals ആണ് ഈ സിനിമയുടെ എല്ലാമെല്ലാം. പിന്നെ മികച്ചു നിന്നത് പ്രശാന്ത് പിള്ളയുടെ സംഗീതം. അത് സിനിമക്ക് അനുയോജ്യമായി ഓരോ സീനിലും വന്നു പോയ്ക്കൊണ്ടേയിരുന്നു. ഇത് രണ്ടുമില്ലായിരുന്നെങ്കിൽ ഈ സിനിമയെ ഒരു വട്ട പൂജ്യമായി വിലയിരുത്തേണ്ടി വരുമായിരുന്നു.
മറുപടിഇല്ലാതാക്കൂമികച്ച ഒരു കഥാ- തിരക്കഥ എന്നൊന്നും അവകാശപ്പെടാനാകില്ല എങ്കിലും ഉള്ള സംഗതികളെ വളരെ മനോഹരമായി അവതരിപ്പിക്കാൻ അജിത് പിള്ളൈക്ക് സാധിച്ചു. കഥാപാത്രങ്ങളും അവരുടെ സംഭാഷണങ്ങളുമൊക്കെ നന്നായിരുന്നു. നല്ല ടൈമിംങ്ങോടെയുള്ള ഡയലോഗ് ഡെലിവറിയായിരുന്നു സണ്ണിവെയ്ന്റെ. കൂട്ടത്തിൽ മികച്ചു നിന്നതും സണ്ണി തന്നെ. അസിഫ് അലി ടൈപ് വേഷങ്ങൾ ചെയ്ത് ചെയ്ത് നശിക്കുമോ എന്ന ഭയത്തെ ഈ സിനിമ ഒന്ന് കൂടി കൂട്ടിത്തരുന്നുണ്ട്. കള്ളും കഞ്ചാവും ധൂർത്തടിയും ഇല്ലാത്ത അസിഫ് അലി കഥാപാത്രങ്ങൾ വരും കാലങ്ങളിൽ ഒരുപാട് പ്രതീക്ഷിക്കുന്നു. നടക്കുമോ എന്തോ. കഥാ സന്ദർഭങ്ങളിൽ ഇടക്കിടക്ക് ലോജിക്കില്ലായ്മകൾ കടന്നു വരുന്നുണ്ടെങ്കിലും അത് കൊണ്ടൊന്നും ആസ്വാദന ഭംഗം സംഭവിക്കുന്നില്ല എന്നതാണ് ഈ സിനിമയുടെ പ്രത്യേകത. ചില്ലറ പോരായ്മകൾക്കിടയിലും പല പല കാരണങ്ങൾ കൊണ്ട് ഈ സിനിമയെ നമ്മൾ അറിയാതെ ഇഷ്ട്ടപ്പെട്ടു പോകുക തന്നെ ചെയ്യും.
my rating- 6.5 /10