2014, ജൂലൈ 26, ശനിയാഴ്‌ച

മാധ്യമങ്ങള്‍ നാറാണത്ത് ഭ്രാന്തന്മാരോ അതോ തെരുവ് നായ്ക്കൂട്ടങ്ങളോ?!

മലമുകളിലേക്ക് കല്ലുരുട്ടികയട്ടി അത് താഴേക്ക് തള്ളിയിട്ടു രസിച്ചിരുന്ന പന്തിരുകുലത്തിലെ ഭ്രാന്തനെ നമുക്ക് വെറുതെ വിടാം.  ഇന്ന് അതിലും വലിയ ഭ്രാന്തന്മാരെ നമുക്ക് മാധ്യമങ്ങളുടെയും അതിന്‍റെ പ്രവര്‍ത്തകരുടെയും  രൂപത്തില്‍ കാണാന്‍ കഴിയുന്നു.  സമൂഹത്തിനു നന്മയുണ്ടാക്കുന്ന പ്രവൃത്തികള്‍ ചെയ്യുന്നില്ല എന്നത്പോട്ടെ, വിദ്വേഷ പ്രചരണം നടത്തുന്നതില്‍നിന്നും ഒഴിഞ്ഞു നിന്നുകൂടെ?  ഇത് ഭ്രാന്ത് അല്ലെങ്കില്‍ എന്താണ്.  എല്ലാവിധ വര്‍ഗ്ഗീയതയും ഉണ്ടാക്കുന്നത് ചില താല്‍പ്പര കക്ഷികളും അവര്‍ക്ക് ചൂട്ടുപിടിക്കുന്ന ഏതാനും മാധ്യമ ഭ്രാന്തന്മാരുമാണ്.  വര്‍ഗ്ഗീയതയുടെ വിത്ത് വിതച്ച് അതിനെ മുളപ്പിച്ചു വെള്ളവും വളവും കൊടുത്ത് വളര്‍ത്തി അത് (സാമുദായിക സംഘര്‍ഷങ്ങളുടെ രൂപത്തില്‍) ഫലം തരുമ്പോള്‍ അയ്യോ ദേ വര്‍ഗ്ഗീയത, ദേ കലാപം എന്നൊക്കെ പറഞ്ഞു നിലവിളിക്കുന്ന ഈ ഭ്രാന്തമാരെ നിലക്ക് നിര്‍ത്താന്‍ ആരെങ്കിലും മുന്നിട്ടിറങ്ങണം.  അല്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടു പോകുന്ന തരത്തിലാണ് സംഗതികള്‍.

ബന്ധപ്പെട്ടവര്‍ക്ക് ഇല്ലാത്ത പ്രശ്നങ്ങള്‍ കുത്തിപ്പൊക്കി എടുക്കുവാന്‍ വ്യഗ്രത ഇവര്‍ക്കാണ്.  ചിന്താശേഷിയില്ലാത്ത മനുഷ്യമനസ്സുകളെ വാഷ് ചെയ്ത് ക്രിമിനല്‍ ചിന്ത അതില്‍ നിറക്കുവാന്‍ ഇത്തരം വാര്‍ത്തകള്‍കൊണ്ട് കഴിയും.

ഈയിടെയായി തെരുവ് നായ്ക്കളുടെ ആക്രമണം കൂടിവരുന്നതായി വിവിധ മാധ്യമങ്ങള്‍ പ്രാധാന്യപൂര്‍വ്വം റിപ്പോര്‍ട്ട് നമുക്ക് തരുന്നുണ്ട്.  തെരുവ് നായ്ക്കള്‍ അക്രമാസക്തരാവുന്നത് വളരെ പെട്ടെന്നാണ്.  അതുപോലെ തന്നെ ഇന്നത്തെ ചില മാധ്യമപ്രവര്‍ത്തകരിലും ഈ പ്രവണത കണ്ടുവരുന്നുണ്ട്.  സൈക്കിളിലും, ബൈക്കിലും പിന്നെ കാല്‍നടയായും പോകുന്ന നിരപരാധികളെ ചാടിവീണ് ഉപദ്രവിക്കുന്ന തെരുവ് നായ്ക്കളെ പോലെ തന്നെയാണ് ഈ വക വാര്‍ത്തകള്‍ പടച്ചുവിടുന്ന മാധ്യമപ്രവര്‍ത്തകരും എന്നാണു എന്‍റെ വ്യക്തിപരമായ അഭിപ്രായം.  പക്ഷെ ഇവിടെ നമ്മള്‍ മനസ്സിലാക്കെണ്ടുന്ന വസ്തുത നായ്ക്കളുടെ കടിയെല്‍ക്കുന്ന വ്യക്തികള്‍ക്കും സമൂഹത്തിനും ഉണ്ടാകുന്ന ദുരിതമാണ്.  ആയിരങ്ങള്‍ മുടക്കി എടുക്കുന്ന വേദനാജനകമായ കുത്തിവെപ്പും തുടര്‍ന്ന് വരുന്ന പരീക്ഷനകാലവും എല്ലാം കടിയെല്‍ക്കുന്നവര്‍ സഹിക്കണം.  അതുപോലെതന്നെയാണ് വര്‍ഗ്ഗീയത അറിഞ്ഞുകൊണ്ട് പടച്ചുവിട്ടു സാമുദായിക ധ്രുവീകരണം ഉണ്ടാക്കുന്നതും തുടര്‍-സംഘര്‍ഷങ്ങളിലേക്ക് വഴിവെക്കുന്നതുമെല്ലാം.  എല്ലാം കൈവിട്ടുപോകാന്‍ കേവലം അലസതയോ വിവരക്കേടോ മതിയാവും.

ജനാധിപത്യത്തിന്റെ നാലാം തൂണായി വര്‍ത്തിക്കേണ്ട പത്രസ്ഥാപനങ്ങളും അതിന്‍റെ പ്രവര്‍ത്തകരും കേവലം ക്ഷണിക നേട്ടങ്ങള്‍ മാത്രം മുന്നില്‍കണ്ട് ഇത്തരം വാര്‍ത്ത ഉണ്ടാക്കല്‍ മാത്രം ചെയ്യുന്നത് അങ്ങേയറ്റം ഖേദകരം തന്നെ.  

(മാധ്യമപ്രവര്‍ത്തകര്‍ എന്ന് ഉപയോഗിച്ചത് അവരും അവരുടെ മാനേജ്മെന്റും എന്ന വിശാലമായ അര്‍ത്ഥത്തില്‍ വായിക്കാന്‍ താല്പര്യപ്പെടുന്നു).

5 അഭിപ്രായങ്ങൾ:

  1. ദേശീയപ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട മഹത്തായ പാരമ്പര്യമുള്ള നമ്മുടെ മാധ്യമങ്ങൾ ഇന്ന് മുതലാളിത്തത്തിന്റെ കാവൽനായ്കളായി മാറിയിരിക്കുന്നു. മത-രാഷ്ട്രീയ വിഷയങ്ങളിലും, ഇക്കിളി വാർത്തകളിലും ഇടപെട്ട് മൃദുലമനസ്സുകളെ ഇളക്കിവിട്ട് അവർ ചോര ഊറ്റിക്കുടിക്കുന്നു. സ്കൂൾ അധ്യാപകൻ വിദ്യാർത്ഥിയെ ശിക്ഷിച്ചത് പൊടിപ്പും തൊങ്ങലും വെച്ച് വലിയ വാർത്തയാക്കുകയും, കള്ളനോട്ടടി വാർത്തയാക്കാതിരിക്കുകയും ചെയ്ത മലയാളത്തിലെ വലിയ ദേശീയസമരപാരമ്പര്യമുണ്ടെന്ന് മേനിനടിക്കുന്ന ഒരു പത്രത്തിന്റെ എഡിറ്ററോട് ഇതിന്റെ കാരണം തിരക്കിയപ്പോൾ പത്രത്തിന് ഓരോ വിഷയത്തിലും ചില നിലപാടുകൾ എടുക്കേണ്ടതുണ്ട് എന്നായിരുന്നു ഈ പ്രതികരണം എഴുതുന്ന ആൾക്ക് ലഭിച്ച മറുപടി.

    പത്രങ്ങളും ടെലിവിഷനും പലരുടേയും പക്ഷത്താണ്. എന്തുതന്നെയായലും അവർ രാജ്യതാൽപ്പര്യത്തോ ജനപക്ഷത്തോ അല്ല. .....

    മറുപടിഇല്ലാതാക്കൂ
  2. വളരെ സത്യം. തെരുവുനായ്ക്കളെക്കാള്‍ അപകടകാരികളാണ് കാവല്‍നായ്ക്കളായി പ്രവര്‍ത്തിക്കേണ്ട ഈ മാധ്യമങ്ങളിലെ ചിലത്.

    മറുപടിഇല്ലാതാക്കൂ
  3. പ്രസക്തമാണ് ചിന്ത.കുറച്ചു കൂടി സമഗ്രം ആക്കാമായിരുന്നു ..

    മറുപടിഇല്ലാതാക്കൂ
  4. പത്ര മാധ്യമം വെറും കച്ചവട തൽപ്പര്യങ്ങളിൽ ഒതുങ്ങി കിടക്കുന്നു എന്ന വസ്തുത തികച്ചും ശരിയായ പ്രയോഗമാണെന്നു കരുതുന്നു, ഒരു ശരിക്കുമേൽ 1000 തെറ്റ് കൊണ്ട് മൂടിയ അവസ്ഥ ആണ് ഇന്ന് കാണുന്നത്, ചില സമയങ്ങളിൽ മാനസികനില വരെ തെറ്റി പോകുമെന്ന് തോന്നിയിട്ടുണ്ട് ഇവരുടെ പോക്ക് കണ്ട്.വളരെ മനോഹരമായ ചിന്തയ്ക്ക് കൂപ്പ്കയ് , ഇതിലും മേല പരാമര്ശിച്ചാലും ഇവരുടെ രോമത്തിൽ പോലും എൽക്കില്ല, വിഷ ജന്തുക്കൾ ....

    മറുപടിഇല്ലാതാക്കൂ